സ്വന്തം ലേഖകന്‍:
ഇസ്ലാമബാദ് : കാന്‍സറിനു കാരണമാകുന്നു എന്ന കാരണത്താല്‍ ഹോട്ടലുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന അജിനോമോട്ടോയ്ക്ക് പാകിസ്ഥാന്‍ നിരോധനമേര്‍പ്പെടുത്തി . പാക്കിസ്ഥാന്‍ സുപ്രീംകോടതിതിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.. അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അതിനാല്‍ രാജ്യത്ത് ഇവയുടെ വില്‍പന, ഇറക്കുമതി, കയറ്റുമതി എന്നിവ നിരോധിക്കുന്നുവെന്നും കോടതി ഉത്തരവിട്ടു.
പാക്കിസ്ഥാനില്‍ ചൈനീസ് ഉപ്പ് എന്ന പേരിലും അറിയപ്പെടുന്ന അജിനോമോട്ടോ (മോണോസോഡിയം ഗ്ലൂട്ടാമേറ്റ്) ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോള്‍ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്നതാണ്. ഇവ ആരോഗ്യത്തിന് അപകടമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ചൈനയില്‍ നിന്നാണ് അജിനോമോട്ടോ മറ്റ് രാജ്യങ്ങളില്‍ വിപണിയില്‍ എത്തുന്നത്.
പാക്ക് ചീഫ് ജസ്റ്റിസ് മിയാന്‍ സഖീബ് നിസാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അജിനോമോട്ടോ ഉപ്പ് ഉപയോഗത്തിനെതിരെയുള്ള കേസിന്റെ വാദം കേട്ടത്. പ്രശ്നം പരിഹരിക്കാന്‍ പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസിയോട് കാബിനറ്റില്‍ ഈ വിഷയം ചര്‍ച്ച നടത്താന്‍ ജസ്റ്റിസ് നിസാര്‍ അറിയിച്ചു.
കിഴക്കന്‍ പഞ്ചാബ്, വടക്ക് പടിഞ്ഞാറന്‍ ഖൈബര്‍ പക്തൂണ്‍ഖ്വ, തെക്കന്‍ സിന്ധ് എന്നി മൂന്ന് പ്രവിശ്യകളില്‍ നേരത്തെ അജീനൊമൊട്ടോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നടത്തിയ പഠനങ്ങളുടെയും , പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ജനുവരിയില്‍ പഞ്ചാബ് ഫുഡ് അതോറിറ്റി ‘ചൈനീസ് ഉപ്പ്’ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
അജിനോമോട്ടോയുടെ വില്‍പന , ഇറക്കുമതി, കയറ്റുമതി എന്നിവ നിരോധനം അനുസരിക്കാതെ നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: മേഘാലയ തെരെഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലൊതുങ്ങിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി നേതൃത്വം. നാഗാലാന്റിലും ത്രിപുരയിലും വന്‍ മുന്നേറ്റം നടത്തിയ ബിജെപിക്ക് പക്ഷേ മേഘാലയില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചില്ല. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുത്തക ഭരണം നടത്താമെന്ന പാര്‍ടി അജണ്ടയുടെ ഭാഗമായി മേഘാലയിലും ഭരണം പിടിക്കാനുള്ള തന്ത്രം മെനയുകയാണ് ബിജെപി. അതെസമയം സര്‍ക്കാരുണ്ടാക്കാനുള്ള അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.
ആകെയുള്ള 60 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത് 59 സീറ്റുകളിലേക്കാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ്. എന്‍.പി.പി-19, യു.ഡി.പി-6, പി.ഡി.എഫ്-4, എച്ച്.എസ്.പി.ഡി-2, എന്‍.സി.പി-1, കെ.എച്ച്.എന്‍.എ.എം-1, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് മേഘാലയയിലെ സീറ്റുകള്‍. കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 31 സീറ്റുകളാണ്. സ്വതന്ത്രരെ കൂട്ടു പിടിച്ച് ഭരണം സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ 19 സീറ്റുകളില്‍ വിജയിച്ചിട്ടുള്ള എന്‍പിപിയെയും മറ്റു ചെറു പാര്‍ട്ടികളെയും കൂട്ട്പിടിച്ച് ഭരണം കൈക്കലാക്കാനുള്ള നീക്കം ബിജെപി തുടങ്ങി കഴിഞ്ഞു.
ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഇതേ അവസ്ഥ മേഘാലയിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. അതേ സമയം ഭരണം പിടിക്കാന്‍ ഏതു കുതിരക്കച്ചവടത്തിനും തയ്യാറാവുന്ന പാര്‍ടിയാണ് ബിജെപിയെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. എന്തായാലും ആരും ഭരിക്കുമെന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.
വാഷിങ്ടണ്‍: വൈറ്റ് ഹൗസിനു മുന്നില്‍ വെച്ച് യുവാവ് സ്വയം വെടിവെച്ചു മരിച്ചു. വൈറ്റ് ഹൗസിന് മുന്നില്‍ വന്‍ ജന തിരക്കുള്ള സമയത്താണ് ഇയാള്‍ സ്വയം വെടിയുതിര്‍ത്തത്. വിനോദ സഞ്ചാരികള്‍ക്കൊന്നും സംഭവത്തില്‍ പരിക്കേറ്റിട്ടില്ല. ഇയാളെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഉടന്‍ തന്നെ ബന്ധുക്കളെ വിവരം അറിയിക്കുമെന്നും പോലീസ് വക്താവ് അറിയിച്ചു.
പ്രദേശിക സമയം 11.46 ഓടെ ഇയാള്‍ വൈറ്റ് ഹൗസിന്റെ വടക്കുഭാഗത്തെ മതിലിന് അടുത്ത് എത്തുകയും കയ്യില്‍ കരുതിയിരുന്ന കൈത്തോക്ക് ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയുമായിരുന്നു. ഇയാള്‍ സ്വയം വെടിവെച്ചയുടന്‍ അടുത്തുണ്ടായിരുന്ന മെഡിക്കല്‍ സം?ഘം പാഞ്ഞെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ ദിവസവും നൂറ് കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. പരിശോധനയ്ക്കായി നിരവധി സുരക്ഷ ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസിനും സമീപ പ്രദേശങ്ങളിലും ഉണ്ടെങ്കിലും കൊല്ലപ്പെട്ട വ്യക്തിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇയാള്‍ നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി സ്വയം വെടിവെച്ചു മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാന കമ്മറ്റി പിരിച്ചുവിടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദേശീയ നേതൃത്വത്തിന്റെ പുതിയ നിലപാട് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവില്‍ ചെങ്ങന്നൂരില്‍ ബിജെപിക്ക് അമിത പ്രതീക്ഷയ്ക്ക് വകയുള്ള മണ്ഡലമല്ല. എന്നാല്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.
അതേസമയം ചെങ്ങന്നൂരില്‍ അതീവ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാന കമ്മറ്റിയില്‍ നിലവില്‍ തുടരുന്ന എല്ലാ നേതാക്കളെയും തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കുന്നു. അവസാനം കഴിഞ്ഞ ബിജെപി കമ്മറ്റി യോഗത്തില്‍ അമിത് ഷായുടെ ഭീഷണി വലിയ ചര്‍ച്ചയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല.
പി ശ്രീധരന്‍ പിള്ളയാണ് ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. നേരത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെചൊല്ലി തര്‍ക്കം നിലനിന്നിരുന്നെങ്കിലും അവസാന നറുക്ക് പി ശ്രീധരന്‍ പിള്ളയ്ക്ക് ലഭിക്കുകയായിരുന്നു. തോറ്റാല്‍ കേരളത്തില്‍ കേന്ദ്ര നേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് തീരൂമാനം.
ദുബായിലെ ഹോട്ടൽ മുറിയിൽ ഫെബ്രുവരി 24നു രാവിലെ നടി ശ്രീദേവി മുംബൈയിലുള്ള ഭർത്താവ് ബോണി കപൂറിനോടു ഫോണിൽ പറഞ്ഞു ‘പപ്പാ, അയാം മിസിങ് യു’. വൈകുന്നേരം ദുബായിലേക്കു താൻ വരുന്നുണ്ടെന്നു പറയാതെയാണു ബോണി ഫോൺ വച്ചത്. ഒരു ‘സർപ്രൈസ്’ ആകട്ടെയെന്നു കരുതി. പക്ഷേ, ആ പകൽ അവസാനിക്കുമ്പോഴേക്കും ശ്രീദേവി വിടപറയുമെന്ന് ആരറിഞ്ഞു!
ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചു ബോണി കപൂർ ഇതാദ്യമായി ഉള്ളുതുറന്നത് ഉറ്റ സുഹൃത്തും ചലച്ചിത്രവ്യാപാര വിദഗ്ധനുമായ കോമൾ നാഹ്ടയോട്. മുംബൈയിൽനിന്നു 3.30 നുള്ള വിമാനം പിടിച്ച ബോണി ദുബായ് സമയം 6.20 നു ഹോട്ടൽ മുറിയിലെത്തി. ഡൂപ്ലിക്കേറ്റ് താക്കോൽ കയ്യിലുണ്ടായിരുന്നതുപയോഗിച്ചു മുറി തുറന്നപ്പോൾ ശ്രീദേവി പറഞ്ഞത് ‘പപ്പാ’ വരുമെന്ന് അറിയാമായിരുന്നെന്നാണ്.
പിന്നെ അരമണിക്കൂറോളം സംസാരിച്ചിരുന്നു. മകൾ ജാൻവിക്കുവേണ്ടി ഷോപ്പിങ് നടത്താൻ തീരുമാനിച്ചിരുന്ന ശ്രീദേവിയോട് അതു മാറ്റിവയ്ക്കാനും പകരം മറ്റൊരിടത്ത് അത്താഴത്തിനു പോകാമെന്നും പറഞ്ഞതു ബോണിയാണ്. ഒന്നു കുളിക്കട്ടെ എന്നു പറഞ്ഞു ബാത് റൂമിൽ കയറിയ ശ്രീദേവി 20 മിനിറ്റു കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നപ്പോൾ, വിളിച്ചു നോക്കി. അപ്പോൾ സമയം എട്ട്.
അകത്തുനിന്നു പൂട്ടാത്ത വാതിൽ തുറന്നു നോക്കിയപ്പോൾ ബാത് ടബ്ബിൽ ശരീരം മുഴുവനും വെള്ളത്തിൽ മുങ്ങി ശ്രീദേവി അനക്കമില്ലാതെ കിടക്കുന്നതു കണ്ടെന്നാണു ബോണി കപൂർ സുഹൃത്തിനോടു വെളിപ്പെടുത്തിയത്.
പ്രണവ് രാജ്
ആലപ്പുഴ : ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ അഗീകരിക്കാന്‍ മടികാട്ടിയിരുന്ന കേരള ജനത മാറി തുടങ്ങിയിരിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ് ഇന്നലെ ചെങ്ങന്നൂരില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സജീവ പ്രവര്‍ത്തകരുടെ സമ്മേളനം വ്യക്തമാക്കുന്നത് . യാതൊരു നാണക്കേടും കൂടാതെ ആം ആദ്മി പാര്‍ട്ടിയുടെ വെള്ളനിറമുള്ള തൊപ്പിയും അണിഞ്ഞ് , കൊടികളുമേന്തി , അഭിമാനപൂര്‍വം കെജരിവാളിന് സിന്ദാബാദും വിളിച്ചുകൊണ്ട് തികഞ്ഞ അച്ചടക്കത്തോടെ ആയിരങ്ങളാണ് രാത്രി വൈകുവോളം നടന്ന ഈ സമ്മേളനത്തില്‍ അണിനിരന്നത് . മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെല്‍ഹിയില്‍ ഉദിച്ചുയര്‍ന്ന ആം ആദ്മി പാര്‍ട്ടി എന്ന നേരിന്റെ രാഷ്ട്രീയത്തെ കേരള ജനതയും നെഞ്ചിലേറ്റിയിരിക്കുന്നു എന്നാണ് ഇന്നലെ ചെങ്ങന്നൂരില്‍ നടന്ന ആം ആദ്മി സമ്മേളനവും , റാലിയും സൂചിപ്പിക്കുന്നത്. ചെങ്ങന്നൂരില്‍ നടന്ന സമ്മേളനം അക്ഷരാർത്ഥത്തിൽ കേരളത്തെ ഞെട്ടിച്ചു എന്ന് തന്നെ പറയേണ്ടി വരും.
ഡെല്‍ഹിയിലെ പോലെ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ ആദ്യമൊക്കെ പരിഹസിച്ച് തള്ളിയ മലയാളിയും അവസാനം ഈ രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണ് ഈ സമ്മേളനം തെളിയിക്കുന്നത് . ദേശീയ രാഷ്ട്രീയത്തിലെ പോലെ കേരളത്തിലെ എല്ലാ മുന്നണികളെയും കേരള ജനതയും മടുത്തു കഴിഞ്ഞു എന്നതാണ് ഈ ജനക്കൂട്ടം നല്‍കുന്ന സന്ദേശം . അതുകൊണ്ടാണ് മൂന്ന് വര്‍ഷം മുന്‍പ് ഡെല്‍ഹിയില്‍ തുടങ്ങിയ ഒരു പാര്‍ട്ടിക്ക് വേണ്ടി കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്രയധികം ആളുകള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണവും മുടക്കി , ചെങ്ങന്നൂര്‍ എന്ന ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി എല്ലാ ആവശ്യങ്ങളെയും മാറ്റിവച്ച് ഈ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത് . അതിനര്‍ത്ഥം അഴിമതിയും , കൊലപാതകവും , കാലഹരണപ്പെട്ട പ്രത്യേയ ശാസ്ത്രങ്ങളും , കുത്തഴിഞ്ഞ ജീവിത രീതികളും കൈമുതലാക്കിയ കേരളത്തിലെ കപട രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രതികരിക്കാന്‍ ജനം തീരുമാനമെടുത്തു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് .
ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ സജീവ പ്രവര്‍ത്തകരുടെ ഈ സമ്മേളനം ഉത്ഘാടനം ചെയ്തത് രാജ്യസഭ എം പി യായ ശ്രീ. സഞ്ജയ് സിംഗ് ആയിരുന്നു . തന്റെ കന്നിപ്രസംഗത്തിലൂടെ തന്നെ രാജ്യസഭയെ വിറപ്പിച്ച ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എം പിയായ സഞ്ജയ് സിംഗിനെ കാണുവാനും , പ്രസംഗം കേള്‍ക്കുവാനുമായി കുഞ്ഞ് കുട്ടികള്‍ മുതല്‍ പ്രായമായവരും , സ്ത്രീകളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരിലെ രാഹുൽ ബേബി നഗറില്‍ എത്തിച്ചേര്‍ന്നത് . കോണ്ഗ്രസ്സിന്റെയും , ബിജെപിയുടെയും , കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെയും അഴിമതിയെയും , കുടുംബ രാഷ്ട്രീയത്തെയും വിമര്‍ശിച്ച സഞ്ജയ് സിംഗ് സി പി എം പിന്തുടരുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നും പറഞ്ഞു . ബി ജെ പിയെ ഇല്ലാതാക്കാന്‍ വടിവാളെടുക്കുന്ന കമ്മൂണിസ്റ്റുകാരന്‍ അതിനുപകരം ആം ആദ്മി പാര്‍ട്ടിയുടെ വെള്ള തൊപ്പി ധരിച്ചാല്‍ മതിയെന്നും , ഈ വെള്ള തൊപ്പിയിലൂടെയാണ് ഞങ്ങള്‍ ഡെല്‍ഹിയിലെ ബി ജെ പി യെ ഇല്ലാതാക്കിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു .
സഞ്ജയ് സിംഗിന്റെ വരവ് കേരളത്തിലെ ആം ആദ്മി അണികളില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയിരുന്നത് . കൊടിതോരണങ്ങള്‍ കൊണ്ടും , ഫ്ലെക്സ് ബോര്‍ഡുകള്‍ കൊണ്ടും ചെങ്ങന്നൂര്‍ നഗരത്തെ മോടിപിടിപ്പിച്ച ആം ആദ്മികള്‍ സഞ്ജയ് സിംഗിന് ഗംഭീര സ്വീകരിണമാണ് ഒരുക്കിയത് . ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഈ സമ്മേളനം വിജയിപ്പിക്കുവാന്‍ ദിവസങ്ങളായി പ്രവര്‍ത്തിച്ചത് . കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ അനേകം സജീവ പ്രവര്‍ത്തകരാണ് ഈ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി നേരത്തെ തന്നെ ചെങ്ങന്നൂരില്‍ എത്തിയിരുന്നത് .
കേരളത്തിലെ എല്ലാ തട്ടിലുമുള്ള ആളുകള്‍ പങ്കെടുത്ത പൊതുയോഗത്തില്‍ ഹിന്ദിയില്‍ പ്രസംഗിച്ച സഞ്ജയ് സിംഗിന്റെ പ്രസംഗത്തെ കൈയ്യടികളോടും , സിന്ദാബാദ് വിളികളോടുമാണ് ജനം എതിരേറ്റത് . തുടക്കത്തില്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി കേള്‍പ്പിച്ചുകൊണ്ടിരുന്ന സഞ്ജയ് സിംഗിന്റെ ഹിന്ദിയിലുള്ള പ്രസംഗം അവസാനമായപ്പോള്‍ യാതൊരു പരിഭാഷയുടെയും ആവശ്യമില്ലാതെ തന്നെ ജനം കൈയ്യടിച്ച് സ്വീകരിച്ചു കൊണ്ടിരുന്നു . കേരളത്തിലെ ഈ ദുഷിച്ച വ്യവസ്ഥകളെ മാറ്റി മറിക്കുവാന്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി എന്ന നേരിന്റെ രാഷ്ട്രീയം ഇവിടെയും വളര്‍ന്നു വരണം എന്ന ആഗ്രഹം പങ്കെടുക്കാനെത്തിയ ഓരോ പ്രവര്‍ത്തകരിലും പ്രകടമായിരുന്നു . കഴിഞ്ഞ കാലങ്ങളില്‍ ഒന്നും കാണാത്ത വീറും വാശിയുമാണ് ഈ സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരില്‍ പ്രകടമായത് .
എല്ലാം തികഞ്ഞവര്‍ എന്ന് സ്വയം അഹംങ്കരിക്കുന്ന , സാക്ഷര കേരളത്തിലെ പ്രബുദ്ധ മലയാളി ജനതയും ആം ആദ്മി പാർട്ടിയെ അഗീകരിച്ചിരിക്കുന്നു എന്നാണ് ഈ ജനപങ്കാളിത്തത്തില്‍ നിന്ന് മനസ്സിലാകുന്നത് . ഇവിടെയും ഒരു വ്യക്തമായ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്നുവെന്നാണ് ഈ സമ്മേളനം നല്‍കുന്ന സൂചന . കേരളത്തിലെ 140 മണ്ഡലങ്ങളിൽ നിന്നായി പങ്കെടുത്ത ആം ആദ്മി പാര്‍ട്ടിയുടെ ഈ സജീവ പ്രവര്‍ത്തകര്‍ കേരളത്തില്‍ ഒരു പുതു രാഷ്ട്രീയ ചരിത്രം രചിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് മടങ്ങിയത് . സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ലോകം മുഴുവനിലുമുള്ള പ്രവാസികളായ പതിനായിരക്കണക്കിന് ആം ആദ്മി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലൂടെ ഈ സമ്മേളനം നേരില്‍ കാണുന്നുണ്ടായിരുന്നു .
കേരളത്തിൽ ആം ആദ്മി പാര്‍ട്ടിയുണ്ടോ , സംഘടനാ സംവിധാനമുണ്ടോ, നേതാവുണ്ടോ , പ്രവര്‍ത്തകരുണ്ടോ എന്ന് ഒക്കെയുള്ള പഴകിയ പരിഹാസ വാക്കുകൾക്ക് മറുപടി നല്‍കുന്ന തരം സമ്മേളനമായിരുന്നു ചെങ്ങന്നൂരിലെ സജീവ പ്രവര്‍ത്തകരുടെ ഈ ഒത്തുചേരല്‍ . എന്തായാലും ആം ആദ്മി പാര്‍ട്ടിയുടെ ഈ വളര്‍ച്ച വളരെയധികം ആശങ്കയോടാണ് കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നതെന്ന് ഉറപ്പാണ് . വരാൻ പോകുന്ന ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പായിരിക്കും ആം ആദ്മി പാർട്ടിയുടെ കേരള നിയമസഭയിലേക്കുള്ള ആദ്യ മത്സരം.
ഇന്നത്തെ സാഹചര്യത്തില്‍ ചെങ്ങന്നൂരിനെ ഇളക്കി മറിച്ച് കൊണ്ട് ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ ഈ സജീവ പ്രവര്‍ത്തകര്‍ ഒത്തൊരുമയോടെ നിന്ന് ഒരു പ്രചരണം നടത്തിയാല്‍ അത് തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി മാറും എന്നതില്‍ ഒരു തര്‍ക്കവുമില്ല . ഇന്ത്യന്‍ തലസ്ഥാന നഗരിയെ പിടിച്ചുകുലുക്കിയ ആം ആദ്മി പാർട്ടിയുടെ ചൂൽ വിപ്ലവത്തിനായി കേരളവും കാത്തിരിക്കുന്നു എന്നാണ് ഈ സമ്മേളനം സൂചിപ്പിക്കുന്നത് .
ചെങ്ങന്നൂരില്‍ നടന്ന റാലിയുടെ ദൃശ്യങ്ങള്‍ കാണുക
ഡെല്‍ഹിയിലും പഞ്ചാബിലും വിജയിച്ച തന്ത്രമാണ് ആംആദ്മി പാർട്ടി കേരളത്തിലും പരീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ അവിടുത്തെ വോട്ടർമാരെ പങ്കെടുപ്പിച്ച് അഭിപ്രായ രൂപീകരണത്തിന് ആയിരിക്കും പ്രഥമ പരിഗണന നല്‍കുന്നത് . ആം ആദ്മി പാർട്ടി കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ ആദ്യമായി എത്തിയതും ആലപ്പുഴ ജില്ലയിൽ നിന്നായിരുന്നു. ആർത്തുങ്കൽ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ആദ്യമായി പാർട്ടി അക്കൗണ്ട് തുറന്നത്. അതേ ജില്ലയിലെ ചെങ്ങന്നൂരില്‍ നിന്ന് തന്നെ ഒരു ആം ആദ്മി എം എല്‍ എ യെ സംസ്ഥാന അസംബ്ലിയിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ച വളരെ വേഗത്തിലാകും എന്നുറപ്പാണ് .
പ്രണവ് രാജ്
അഗര്‍ത്തല : യെച്ചൂരി താങ്കളും , താങ്കള്‍ നേതൃത്വം നല്‍കുന്ന കമ്മൂണിസ്റ്റ് പാര്‍ട്ടിയും ഇത് അനുഭവിക്കണം , ഈ തോല്‍വി നിങ്ങള്‍ വിലയ്ക്ക് വാങ്ങിയതാണ് . ഇങ്ങനെ പറയുന്നത് മറ്റ് ആരുമല്ല . വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് മുകളില്‍ ത്രിപുരയില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി ജയിക്കണം എന്ന ആഗ്രഹിച്ച ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് .
സത്യത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കാര്യത്തില്‍ ഈ വിമര്‍ശനം ശരിക്കും യോജിച്ചത് തന്നെയല്ലേ ? . ജനാധിപത്യ ഇന്ത്യയില്‍ സാധാരണ ജനം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കണ്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു സി പി എം . പക്ഷെ ഈ പാര്‍ട്ടി രാജ്യത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ എടുത്ത പല ആനമണ്ടത്തരങ്ങളാണ് ഇന്ന് ഈ പാര്‍ട്ടിയെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന് പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ല .
കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യം മുഴുവന്‍ വളരാന്‍ എന്നൊക്കെ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടോ അന്നൊക്കെ കാലത്തിന് യോജിക്കാത്ത വെറും വരട്ട് പ്രത്യേയശാസ്ത്ര ചര്‍ച്ചകളില്‍ കുടുക്കി , തെറ്റായ തീരുമാനങ്ങളിലൂടെ അവര്‍ തന്നെ സ്വയം ഈ പാര്‍ട്ടിയെ നശിപ്പിച്ചിട്ടുണ്ട് . അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രത്യേയശാസ്ത്ര ചര്‍ച്ചയിലൂടെ ജ്യോതി ബാസുവിനെ കമ്മൂണിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രിയാക്കാതിരുന്നത് . ജ്യോതി ബാസു ഇന്ത്യന്‍ പ്രധാനമന്ത്രിയാകണം എന്ന് രാജ്യം മുഴുവനും ആഗ്രഹിച്ചപ്പോഴും ഇതേ പ്രത്യേയശാസ്ത്ര ചര്‍ച്ചയിലെ , തെറ്റായ തീരുമാനത്തിലൂടെ സ്വയം ആ നല്ല അവസരത്തെ ഇല്ലാതാക്കിയത് കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് .
അതിലും ഗുരുതരമായ തെറ്റ് തന്നെയാണ് ത്രിപുര ഇലക്ഷന്റെ ഫലം വിലയിരുത്തുമ്പോള്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്നത് . ശരിക്കും വിലയ്ക്ക് വാങ്ങിയ തോല്‍വി തന്നെയാണ് . ഏതു പാർട്ടിക്ക് വോട്ട് ചെയ്താലും ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ആയിരക്കണക്കിന് വോട്ടിംഗ് മെഷീനുകള്‍ രാജ്യവ്യാപകമായി പിടിക്കപ്പെടുന്നതിന് ഈ പാര്‍ട്ടി സാക്ഷ്യം വഹിച്ചതാണ് . ലോകം മുഴുവനും ചവറ്റ് കൊട്ടയില്‍ ഉപേക്ഷിച്ച ഇത്തരം മെഷീനുകള്‍ ഇന്ത്യന്‍ ജനാധിപത്യം ഇല്ലാതാക്കികൊണ്ടിരിക്കുന്നു എന്ന് ഈ പാര്‍ട്ടി മനസ്സിലാക്കിയതുമാണ് . പലതരത്തിലൂടെ ഈ മെഷീനുകളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ , വോട്ടിംഗ് നടക്കുന്ന സമയത്തും , അതിന് ശേഷവും കൃത്രിമമായി മാറ്റി മറിക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതുമാണ് . എന്നിട്ടും ഇതെല്ലാം അറിഞ്ഞുകൊണ്ട് ഇത്രയധികം തട്ടിപ്പുകള്‍ നടത്തി പിന്‍വാതിലിലൂടെ വിജയങ്ങള്‍ നേടിയെടുത്ത ബി ജെ പി സര്‍ക്കാരിന്റെ വാക്കുകളെ വിശ്വാസത്തിലെടുത്ത് , ഇതേ മെഷീനുകളിലൂടെ ഈ തെരഞ്ഞെടുപ്പിനെ നേരിട്ട സി പി എം എല്ലാ അര്‍ത്ഥത്തിലും ഈ തോല്‍വി വിലയ്ക്ക് വാങ്ങിയത് തന്നെയാണ് .
പതിവ് പോലെ പ്രത്യേയശാസ്ത്ര ചര്‍ച്ചയിലെ തെറ്റ് ത്രിപുര ഇലക്ഷനിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടിക്ക് തുറന്ന് സമ്മതിക്കേണ്ടിയും വന്നു . അതുകൊണ്ടാണ് വോട്ടിംഗ് മെഷീന്റെ പ്രവർത്തനത്തിൽ സംശയം പ്രകടിപ്പിച്ച് സിപിഐ (എം) കേന്ദ്രനേതൃത്വം രംഗത്തെത്തിയതും . ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്ന പലയിടങ്ങളിലും തെറ്റായി പ്രവർത്തിച്ച അനേകം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളും , വി വി പാറ്റ് മെഷീനുകളും കണ്ടെത്തിയതായി യെച്ചൂരിക്ക് തന്നെ പരാതി ഉന്നയിക്കേണ്ടിയും വന്നു . പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയി കഴിഞ്ഞിരുന്നു . ഇത് തന്നെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിക്കുന്ന തിരുത്താന്‍ പറ്റാത്ത തെറ്റുകളും .
മോഡിയുടെ ഭരണത്തെ മഹാഭൂരിപക്ഷം ഇന്ത്യന്‍ ജനതയും വെറുക്കുമ്പോഴും , ബി ജെ പിയുടെ ത്രിപുരയിലെ വോട്ട് 1.5 ശതമാനത്തില്‍ നിന്ന് 5 വർഷം കൊണ്ട് 50 ശതമാനമായെങ്കില്‍ അതിന്റെ കാരണം കോണ്ഗ്രസ് വോട്ടുകള്‍ മാത്രമല്ല മറിച്ച് വോട്ടിംഗ് മെഷീനിലെ തട്ടിപ്പും കാരാണമാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത പ്രത്യേയശാസ്ത്ര നേതാക്കളായി മാറി സി പി എം നേതൃത്വം . സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും തയ്യാറെടുണമെന്ന് വിഎസ് അച്ചുതാനന്ദന്‍ ഇന്ന് വിളിച്ച് പറഞ്ഞു . ശരിക്കും സി പി എമ്മിന് വൈകി ഉദിച്ച പ്രത്യേയശാസ്ത്ര ബുദ്ധി എന്ന് തന്നെ വേണം അച്ചുതാനന്ദന്റെ ഇന്നത്തെ അഭിപ്രായത്തെ വിളിക്കാന്‍ .
ജനാധിപത്യ പ്രക്രിയ തകർന്നു കഴിഞ്ഞുവെന്ന് നിയമപാലകരായ ജഡ്ജിമാര്‍ വരെ തെരുവിലിറങ്ങി പറഞ്ഞിട്ടും ഈ പ്രത്യേയശാസ്ത്രക്കാര്‍ക്ക് മാത്രം മനസ്സിലായില്ല . വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്താൻ പറ്റുമെന്ന് പലതവണ തെളിവ് സഹിതം ഡെല്‍ഹി നിയമസഭയില്‍ കെജരിവാള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചതാണ് . അതുകൊണ്ടാണ് സാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്ന വിദേശ രാജ്യങ്ങളിൽ പോലും ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു . കേന്ദ്രഭരണ പ്രദേശമായ ഡെൽഹിയിൽ തന്റെ പരിമിതമായ അധികാരം ഉപയോഗിച്ച് അദ്ദേഹം ബാലറ്റ് പേപ്പറിന് വേണ്ടി പൊരുതി . പക്ഷെ അന്ന് അദ്ദേഹത്തെ പിന്തുണക്കാൻ സി പി എം അടക്കം ഒരു പ്രതിപക്ഷ പാർട്ടികളും മുന്നോട്ട് വന്നില്ലെന്ന് മാത്രമല്ല ഐ ഐ ടിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദമെടുത്ത ആ മനുഷ്യനെ സാങ്കേതികവിദ്യ വശമില്ലാത്തവൻ എന്ന് പറഞ്ഞ് അവഹേളിക്കുകയാണുണ്ടായത് .
ഈ പോരാട്ടം തനിക്കൊറ്റയ്ക്ക് വിജയിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം , ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നു വന്നാലല്ലാതെ ജനാധിപത്യം ജയിക്കില്ലെന്നും അന്ന് പറഞ്ഞിരുന്നു . ഇതൊരു പൊതുവായ വിഷയമാണെന്നും , പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഭിന്നതകൾ മറന്നുകൊണ്ട് ബാലറ്റ് പേപ്പറിന് വേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അപേക്ഷിച്ചിരുന്നു . പക്ഷെ കെജരിവാളിന്റെ കൂടെ നില്‍ക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ചായയും കുടിച്ച് മടങ്ങിയതിന്റെ ഫലമാണ് ഇന്ന് സി പി എം വിലയ്ക്ക് വാങ്ങിയ ഈ തകര്‍ച്ച . എന്നാല്‍ ഇന്നത്തെ ത്രുപുരയിലെ അനുഭവം കൊണ്ടെങ്കിലും കെജരിവാളിനെപ്പോലെ പ്രായോഗികമായി ചിന്തിക്കാന്‍ സി പി എമ്മിനും , രാജ്യത്തെ മറ്റ് പാര്‍ട്ടികള്‍ക്കും കഴിയുന്നില്ലെങ്കില്‍ ജനാധിപത്യ ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുന്നത് ഇരുണ്ടയുഗത്തെയായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല .
കഴിഞ്ഞദിവസം അന്തരിച്ച തൃപുര മന്ത്രിയായിരുന്ന സി.പി.എം സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കൃഷ്ണപുര്‍ മണ്ഡലത്തില്‍ മത്സരിച്ച ഫിഷറീസ്, സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ഖഗേന്ദ്ര ജമതിയ (64) ആണ് പരാജയപ്പെട്ടത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി അതുല്‍ ദേബബര്‍മ 16,730 വോട്ടുകള്‍ നേടിയാണ് ജമതിയെ പരാജയപ്പെടുത്തിയത്. ജമതിയയ്ക്ക് 14,735 വോട്ട് മാത്രമെ കിട്ടിയുള്ളൂ. 397 വോട്ട് നേടി കോണ്‍ഗ്രസിലെ സരതല്‍ ജമതിയ മൂന്നാം സ്ഥാനത്തെത്തി.
രക്താര്‍ബുദത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ചയായിരുന്നു ജമതിയയുടെ അന്ത്യം. കഴിഞ്ഞ മാസം 19ന് അഗര്‍ത്തലയിലെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ജമതിയയെ പിന്നീട് എയിംസിലേക്കു മാറ്റുകയായിരുന്നു.ജമതിയ വിജയിക്കാത്തതിനാല്‍ കൃഷ്ണപുര്‍ മണ്ഡലത്തില്‍ ഉപതരിഞ്ഞെടുപ്പ് വേണ്ടിവരില്ല.
പ്രണവ് രാജ്
അഗര്‍ത്തല : ത്രിപുര , നാഗാലാന്‍ഡ് , മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തുമ്പോള്‍ , പട്ടിക്ക് എല്ലിൻ കഷണം നൽകി തൃപ്തിപ്പെടുത്തുന്നതുപോലെ കോൺഗ്രസിന് മേഘാലയ നല്‍കി ബി ജെ പി തൃപ്തിപ്പെടുത്തുമോ എന്ന് മാത്രമാണ് ഇനിയും അറിയേണ്ടത് .
കഴിഞ്ഞ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡെല്‍ഹിക്ക് പുറത്തേയ്ക്ക് ആം ആദ്മി പാര്‍ട്ടി വളരുന്നത് തടയാന്‍ പഞ്ചാബ് എന്ന എല്ലിന്‍ കഷണം കോണ്ഗ്രസിന് നല്കികൊണ്ടായിരുന്നു ബി ജെ പി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ വന്‍ ക്രമക്കേടുകള്‍ നടത്തി ജയിച്ചു വന്നത് . അടുത്ത ലോകസഭ ഇലക്ഷന്‍ വരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെപ്പറ്റി പരാതി ഉന്നയിക്കാതിരിക്കാനായിരുന്നു കോണ്ഗ്രസ് ഈ എല്ലിന്‍ കഷണം വാങ്ങി ബിജെപിയ്ക്ക് മുന്നില്‍ വാലാട്ടി നിന്നതും .
കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ ത്രിപുരയിലെ പത്ത് സീറ്റുകളില്‍ വിജയിച്ച കോണ്ഗ്രസ് ഇപ്രാവശ്യം ഒരു സീറ്റ് പോലും നേടാനാവാതെ വട്ടപൂജ്യത്തിലേയ്ക്ക് എത്തിയിരിക്കുന്നു . ത്രിപുരയിൽ കോണ്ഗ്രസ്സിന്റെ വോട്ടിംഗ് ശതമാനം 36 ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിലേയ്ക്ക് കുറഞ്ഞു . കോണ്ഗ്രസ് നേതാക്കളെല്ലാം ലക്ഷങ്ങള്‍ വാങ്ങി ബി ജെ പി യില്‍ എത്തി ചേര്‍ന്നു . ശരിക്കും ബി ജെ പി യുടെ ” ബി ടീം ” തന്നെയായിരുന്നു ഇപ്രാവശ്യം ത്രിപുരയിലെ കോണ്ഗ്രസ് . ചുരുക്കത്തില്‍ കോണ്ഗ്രസ്സിന്റെ റെക്കോര്‍ഡ് തോല്‍വിയാണ് ഇപ്രാവശ്യം ത്രിപുരയിലുണ്ടായത് .
ആര്‍ക്കും വിലയ്ക്ക് വാങ്ങാവുന്നവര്‍ ആയി കോണ്ഗ്രസ് എം എല്‍ എ മാര്‍ മറി . അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ഇതേ രീതിയിലുള്ള വില്‍പ്പന നടക്കും . ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയധികം തരംതാണ ഒരു പ്രസ്ഥാനമായി കോൺഗ്രസ് അധപതിച്ചു . ബി ജെ പി യുടെ ചാക്കിന്റെ കനം കൂടിയാല്‍ കേരളത്തിലും കോണ്‍ഗ്രസ്സുകാര്‍ അത് വാങ്ങി ബി ജെ പി യില്‍ ചേരാന്‍ തയ്യാറാകും . ഇന്നത്തെ കോണ്‍ഗ്രസ്സ് എം എല്‍ എ മാര്‍ , എം പിമാര്‍ നാളത്തെ ബി ജെ പി എം എല്‍ എ അല്ലെങ്കില്‍ എം പി ആയി മാറുന്ന തരംതാണ രാഷ്ട്രീയമാണ് ഇന്ത്യ മുഴുവനിലും നടക്കുന്നത് . അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചന്തയില്‍ നല്ല വിലക്ക് വില്‍ക്കുന്ന ഒരുപാട് കോണ്‍ഗ്രസ്സ് നേതാക്കളെ ബി ജെ പിക്ക് ലഭിക്കും എന്നാണ് ഇപ്രാവശ്യത്തെ ത്രിപുര തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് .
ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു യുവസേനയുടെ കര്‍ണാടക സ്ഥാപക അംഗമാണ് അറസ്റ്റിലായിരിക്കുന്ന കെ ടി നവീന്‍ എന്ന നവീന്‍കുമാര്‍. കഴിഞ്ഞ മാസം 18ന് ബംഗുളുരു സിറ്റി ക്രൈംബ്രാഞ്ച് അനധികൃതമായി ആയുധം കൈവശം വെച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ബംഗളൂരു എസ്‌ഐടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൗരി ലങ്കേഷ് വധത്തിലെ ഇയാളുടെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് കേസില്‍ ഇയാളെ മുഖ്യ പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തി.
ബംഗുളുരു മജസ്റ്റിക് ബസ്റ്റാന്റില്‍ വെച്ച് നാടന്‍ തോക്കും വെടിയുണ്ടകളുമായി പിടിയിലായ ഇയാള്‍ക്ക് തീവ്ര ഹിന്ദു സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അജ്ഞാത സംഘം വെടിവെച്ചു കൊല്ലുന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.
കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ നവീന്‍കുമാര്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായിട്ടാണ് വിവരം. കേസില്‍ വരും നാളുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് ഇതുവരെ പോലീസ് കണ്ടെടുത്തിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.