കാലാവധി തീരുന്നതിന് മുൻപ് വാഹന വായ്പ അടച്ചു തീർത്തതിന് പ്രീ-ക്ലോഷർ ചാർജായി ഈടാക്കിയ തുക പലിശ സഹിതം എച്ച്.ഡി.എഫ്.സി ബാങ്ക് തിരികെ നല്‍കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
കടമ്പനാട് ചിത്രാലയത്തില്‍ ഷിബു നല്‍കിയ ഹർജിയിലാണ് കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർത്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
കാർ വാങ്ങുന്നതിനായി 2017 ല്‍ അടൂർ എച്ച്.ഡി.എഫ്.സി ശാഖയില്‍ നിന്ന് ഷിബു 33,36,000 രൂപ ഓട്ടോ പ്രീമിയം ലോണ്‍ എടുത്തിരുന്നു. പ്രതിമാസം 52,514 രൂപ പ്രകാരം 92 തവണകളായിട്ടാണ് തിരിച്ചടവ് നിശ്ചയിച്ചിരുന്നത്. അടുത്ത വർഷം വരെ തിരിച്ചടവിന് കാലാവധി ഉണ്ടായിരുന്നു. എന്നാല്‍, 2023 ല്‍ ഷിബു ശേഷിച്ച തുകയും പലിശയും സഹിതം 21,53,247 രൂപ അടച്ച് വായ്പ തീർത്തു. കൂടുതല്‍ തുക ഈടാക്കിയെന്ന് സംശയം തോന്നിയ ഷിബു ബാങ്കില്‍ ചെന്നപ്പോള്‍ 73,295 രൂപ പ്രീ-ക്ലോഷർ ചാർജ് ഈടാക്കിയെന്ന് വ്യക്തമായി.
ഇതിനെതിരേയാണ് ഷിബു ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതിക്കാരന്റെയും എതിർകക്ഷിയായ ബാങ്കിന്റെയും വാദങ്ങള്‍ കേട്ട കമ്മിഷൻ റിസർവ് ബാങ്ക് മാർഗ നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ബാങ്ക് പ്രീ-ക്ലോഷർ ചാർജ് ഈടാക്കിയതെന്ന് കണ്ടെത്തി. തുടർന്ന് നിയമ വിരുദ്ധമായി ഈടാക്കിയ 73,295 രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ചേർത്ത് 88,925 രൂപ ഷിബുവിന് എച്ച്.ഡി.എഫ്.സി നല്‍കണമെന്ന് കമ്മിഷൻ ഉത്തരവിടുകയായിരുന്നു.
അന്യസംസ്ഥാന സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ ജ്യോതിഷ് കുമാർ (29), എറണാകുളം തലക്കോട് പൈനുങ്കൽപാറ ഭാഗത്ത് കൊല്ലേവേലിച്ചിറ വീട്ടിൽ പ്രശാന്ത് കെ.പി (29), മാടപ്പള്ളി പെരുമ്പനച്ചിറ പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ പ്രസാദ് പി.കെ (53) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
21 ആം തീയതി പുലർച്ചെ 04.15 മണിയോടുകൂടി ജ്യോതിഷ് കുമാറിന്റെ വീടിന്റെ അടുക്കള വശത്ത് ഉദ്ദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന അന്യസംസ്ഥാനസ്വദേശി കയ്യിൽ കത്തിയുമായി കാണപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ഇയാളെ മൺവെട്ടി, ഭരണി, തടിക്കഷണം തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുകയും , ഇതില്‍ പരിക്കുപറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം തീയതി പുലർച്ചെ ഇയാള്‍ മരണപ്പെടുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്.എച്ച്.ഓ അനൂപ് ജിയുടെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ബിൻസൺ കോണിക്കൽ
അയർക്കുന്നം-മറ്റക്കരയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഏഴാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂൺ 29 ശനിയാഴ്ച്ച ബർമിംഗ്ഹാമിൽ നടക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാ-കായിക -വിനോദ പരിപാടികളുമായി രാവിലെ 9 .30 മുതൽ വൈകിട്ട് 6.30 വരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒത്തുചേരുന്നത്.
ഇത്തവണത്തെ സംഗമത്തെ നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. മുൻവർഷങ്ങളിലെ പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിന് പുറമേ വൈകുന്നേരം ലഘു ഭക്ഷണവും നൽകുന്നതാണ്.
കഴിഞ്ഞ ആറ് സംഗമങ്ങളുടെയും വിജയനിറവിൽ ഏഴാമത് സംഗമവും നവ്യമായ വിവിധ പരിപാടികൾ ഉൾപ്പെടുത്തി പ്രൗഢോജ്വലമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകർ നടത്തിവരുന്നത്
അയർക്കുന്ന-മറ്റക്കര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവർക്കും ഈ പ്രദേശങ്ങളിൽ വിവാഹബന്ധങ്ങൾ ആയി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതം സംഗമത്തിൽ പങ്കെടുക്കവന്നതാണെന്നും ഈ പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന മുഴുവനാളുകളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡണ്ന്ന്റ് മേഴ്‌സി ബിജു പാലകുളത്തിൽ, സെക്രട്ടറി ബിൻസൺ കോണിക്കൽ, ട്രഷറർ മോളി ടോം എന്നിവർ അറിയിച്ചു.
അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നും മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയിൽ പുതുതായി വിവിധ തരം ജോലികൾക്കായി എത്തിച്ചേർന്നവരുടെ കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹ ബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുകെയിലെ സംഗമങ്ങളില്‍ അയര്‍ക്കുന്നം മറ്റക്കര സംഗമം എക്കാലവും മികവുറ്റതായിരുന്നു. പ്രവര്‍ത്തന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇത്തവണത്തെയും സംഗമം വേറിട്ടു നില്‍ക്കുമെന്നതില്‍ സംശയമില്ലെന്നും ഇനിയും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
സംഗമ വേദിയുടെ വിലാസം:
St. Chad’s Church Hall,Hollyfield Road,
Sutton Coldfield, Birmingham, B75 7SN
Date & Time: 29/6/2024, 9.30 am to 6.30 pm.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mercy Biju: 07952444693
Binson Konickal: 07748151592
Molly Tom: 07429624185
Shajimon Mathew: 07588597149
കനത്ത മഴയ്ക്കിടെ തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്.
സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെയാണ് നിലത്ത് വീണത്. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല.
മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും മുഴുവന്‍ മണ്ഡലങ്ങളും ചണ്ഡീഗഡ് സീറ്റിലും ഉത്തർപ്രദേശിലും ബംഗാളിലും ബിഹാറിലും, ജാര്‍ഖണ്ഡിലും ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളിലും ഉൾപ്പടെ 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ശനിയാഴ്ച ജനങ്ങൾ വിധിയെഴുതും. ശനിയാഴ്ചത്തെ പോളിംഗ് അവസാനിക്കുന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടവും പൂർത്തിയാകും. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുന്പോൾ കോൺഗ്രസ് ബിജെപി നേതാക്കൾ വാക്പോരും കടുപ്പിക്കുകയാണ്.
ബംഗാളിൽ തൃണമൂൽ സർക്കാർ ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകി മുസ്ലിംകൾക്കു വിട്ടുകൊടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൂൺനാലിന് മോദിയും അമിത്ഷായും തൊഴിൽരഹിതരാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇന്ന് വൈകുന്നേരം അഞ്ചിന് പരസ്യ പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാനായി കന്യാകുമാരിയിലെത്തും.
അനീഷ് ജോർജ്
ലണ്ടൻ: ബോൺ മൗത്തിനെ സംഗീത മഴയിൽ കുളിരണിയിക്കാൻ മഴവിൽ സംഗീതം പതിനൊന്നാം വർഷവും എത്തുന്നു. ജൂൺ 15ന് ബോൺമത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ അരങ്ങേറുന്ന സംഗീത-നൃത്ത സന്ധ്യയെ അവിസ്മരണീയമാക്കുവാൻ 40തിലധികം പ്രതിഭകളുടെ ഏഴുമണിക്കൂർ നീളുന്ന കലാപരിപാടികളാണ് കലാസ്വാദകർക്ക് വേണ്ടി മുഖ്യ സംഘാടകരും ഗായകരുമായ അനീഷ് ജോർജിന്റെയും ടെസ്‌മോൾ ജോർജിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.
യുകെ മലയാളികൾക്ക് അവിസ്മരണീയമായ സംഗീത വിരുന്ന് സമ്മാനിക്കുന്ന യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളിൽ ഒന്നാണ് മഴവിൽ സംഗീതം. ഇക്കഴിഞ്ഞ 10 വർഷവും മികച്ച സംഗീത-നൃത്ത ഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നർത്തകരും ഹാസ്യ കലാപ്രതിഭകളുമെല്ലാം വേദിയിൽ എത്തുമ്പോൾ യുകെയിൽ ഇന്നുവരെ ദർശിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കലാവിരുന്നായി മാറ്റുവാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത് .
യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്മോൾ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ഭാഗമായി എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ നാദ വിസ്മയം തീർക്കുവാൻ എത്തുന്നത് .
യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ ഗാനങ്ങൾ ആലപിക്കുന്നത്. അതോടൊപ്പം തന്നെ വൈവിധ്യമാർന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും ഹാസ്യ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോൾ യുകെ മലയാളികളുടെ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കലാസായാഹ്നത്തിനാണ് മഴവിൽ സംഗീതം തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്
ഇന്ത്യൻ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകൾക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയിൽ ആലപിക്കും.
യുകെയിലെ കലാസാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്.
യുകെയിലെ ലൈഫ് ലൈൻ പ്രൊട്ടക്ട് ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ.
അനീഷ് ജോർജ്ജ്, ടെസ്മോൾ ജോർജ്,ഷിനു സിറിയ്ക്ക്, ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റി എണ്ണയിട്ട യന്ത്രം പോലെയാണ് ഇത്തവണത്തേയും മഴവിൽ സംഗീതത്തിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നത്.
ആലാപനം തപസ്യ ആക്കിയവരെയും നൃത്തചുവടുകള്‍ കൊണ്ട് സംഗീത വേദികളെ ധന്യമാക്കുന്ന എല്ലാ കലാകാരന് മാരെയും അതോടൊപ്പം തന്നെ ഏഴഴകിലുള്ള വർണ്ണക്കൂട്ടുകൾ ചാലിച്ച മഴവിൽ സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം:
Barrington Theatre, Penny’s walk,
Ferndown, Bournmouth, BH22 9TH
കൂടുതൽ വിവരങ്ങൾക്ക്:
Aneesh George: 07915 061105
Shinu Cyriac : 07888659644
Danto Paul: 07551 192309
Sunil Raveendran:
07427 105530
ലോകകേരള സഭയുടെ നാലാം പതിപ്പിന്റെ ക്രമീകരണങ്ങളുടെ അവലോകനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന യോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി ഡോ.വി വേണു, നോർക്ക റൂട്‌സ് റസിഡന്റ് വൈസ്‌ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഡോ. കെ വാസുകി തുടങ്ങിയവർ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംബന്ധിച്ചു. പുതിയ കാലത്തെ കുടിയേറ്റം, പ്രവാസലോകത്തിലെ സ്ത്രീ പ്രശ്‌നങ്ങൾ എന്നീ പ്രമേയങ്ങൾക്ക് പ്രത്യേക പ്രധാന്യം നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
പ്രതിനിധികൾക്കാവശ്യമായ സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കും. കലാപരിപാടികൾ, പ്രചാരണ പരിപാടികൾ എന്നിവ അനുബന്ധമായി നടത്താനും യോഗത്തിൽ ധാരണയായി. നാലാം ലോകകേരള സഭയുടെ ഭാഗമായി നടപ്പിലാക്കുന്ന ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോഞ്ചിംങ്ങ്, കേരളാ മൈഗ്രേഷന്‍ സര്‍വ്വേ പ്രകാശനം, വിവിധ വിഷയധിഷ്ഠിത സമ്മേളനങ്ങൾ എന്നിവയും യോഗം വിലയിരുത്തി.
വട്ടവടയിൽ 40 ആടുകളെ കാട്ടുനായ്ക്കൂട്ടം കടിച്ചു കൊന്നു . ചിലന്തിയാർ സ്വദേശി കനകരാജിന്റെ ആടുകളെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ നായ്ക്കൂട്ടം ആക്രമിച്ചത്.
26 ആടുകൾക്ക് കടിയേറ്റുവെന്നാണ് വനം വകുപ്പിന്റെ കണക്ക്. കാട്ടുനായ്ക്കൂട്ടം ആക്രമിച്ചപ്പോൾ നാലു ഭാഗത്തേക്കും ആടുകൾ ചിതറി ഓടിയെന്നും വെള്ളത്തിലും മറ്റും വീണാണ് നാല്പതോളം ആടുകൾ ചത്തതെന്നും കർഷകൻ പറയുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവം വിശദമായി പരിശോധിച്ച ശേഷം നഷ്ടപരിഹാരമടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടി. ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 178 ആയി. ആരോഗ്യ വകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നെത്തിയ സംഘമാണ് ഹോട്ടലില്‍ എത്തി തെളിവുകള്‍ ശേഖരിച്ചത്.
ശനിയാഴ്ച രാത്രി പെരിഞ്ഞനത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ച് അര്‍ദ്ധരാത്രിയോടെ പനിയും വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥത പ്രകടിപ്പിച്ചവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും, ഫുഡ് ആൻഡ് സേഫ്റ്റിയും പരിശോധന നടത്തി ഹോട്ടല്‍ അടച്ചു പൂട്ടി.
ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്തെന്ന് വ്യക്തമാകൂ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഇത് സംബന്ധിച്ച് കയ്പമംഗലം പോലീസിലും, പെരിഞ്ഞനം പഞ്ചായത്തിലും റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും കണ്ട് വിവരങ്ങളും അന്വേഷിച്ചറിഞ്ഞു. ഹോട്ടലധികൃതർക്കെതിരെ നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വിമാനത്തിനുള്ളില്‍ പരാക്രമം കാട്ടി ഓടുകയും ഫ്‌ളൈറ്റ് അറ്റന്‍ഡറെ ഇടിച്ച് വീഴ്ത്തുകയും ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍. ഓസ്ട്രേലിയന്‍ ആഭ്യന്തര വിമാനത്തിലെ യാത്രക്കാരനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച (മെയ് 28) പെര്‍ത്തില്‍ നിന്നും മെല്‍ബണിലേക്കുള്ള വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് സംഭവം. ഇതേതുടര്‍ന്ന് വിമാനം തിരിച്ചിറക്കി.
നഗ്‌നനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് ഓടിയ യാത്രക്കാരന്‍ വിമാനം തിരിച്ചിറക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് അറ്റന്‍ഡറെ ഇടിച്ചിടുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം പെര്‍ത്തിലേക്ക് തന്നെ തിരിച്ചിറക്കിയതായി വിര്‍ജിന്‍ ഓസ്ട്രേലിയ എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തിരിച്ചിറക്കിയ വിമാനത്തില്‍ നിന്നും യാത്രക്കാരനെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് വൈദ്യ പരിശോധനക്ക് അയയ്ക്കുകയും ചെയ്തു.
വിമാനത്തില്‍ വച്ച് യാത്രക്കാരന്‍ എങ്ങനെയാണ് വസ്ത്രങ്ങള്‍ അഴിച്ച് മാറ്റിയതെന്ന കാര്യം വ്യക്തമല്ല. ജൂണ്‍ 14ന് പെര്‍ത്ത് കോടതിയില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് സമന്‍സ് അയക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. യാത്രക്കിടെയുണ്ടായ പ്രശ്നത്തില്‍ ക്ഷമാപണം നടത്തുകയാണെന്നും എയര്‍ലൈന്‍ പറഞ്ഞു.