Latest News

തിരുവനന്തപുരം : ഇന്ത്യയിലാദ്യമായി വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ യുവതിയ്ക്ക് നേരെ ഒരു സംഘത്തിന്റെ വധഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം വണ്ടൂരില്‍ ജുമാ നിസ്ക്കാരത്തിന് നേതൃത്വം നല്‍കിയ ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജാമിദ ടീച്ചര്‍ക്ക് നേരെയാണ് സോഷ്യല്‍ മീഡിയ വഴി വധഭീഷണിയുണ്ടായത്. എന്നാല്‍ തിരിച്ചടികള്‍ തിരിച്ചറിവുകള്‍ക്കുള്ള പാഠമാണെന്നും തന്റെ ഉദ്യമത്തില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് ടീച്ചറുടെ പ്രതികരണം.

തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവനോടെ കത്തിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. താന്‍ ഇസ്ലാമിനെ അവഹേളിച്ചെന്നും ഇനി ജീവിക്കാന്‍ അവകാശമില്ലെന്നും ചിലര്‍ ഭീഷണിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ തനിക്ക് ഭയമില്ല. എന്നാല്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൂടി ഭീഷണി മുഴക്കുന്നവര്‍ ഭീരുക്കളാണെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെടാനില്ലെന്നും ടീച്ചര്‍ വ്യക്തമാക്കി. സ്ത്രീകള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത് വരും ദിവസങ്ങളില്‍ മറ്റിടങ്ങളലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു.

എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന ജുമുഅ നമസ്കാരങ്ങള്‍ക്ക് പുരുഷന്മാരാണു നേതൃത്വം നല്‍കാറുള്ളത്. എന്നാല്‍ ആ രീതി തെറ്റിച്ചാണ് ജാമിദ നമസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. അമേരിക്കയിലെ നവോത്ഥാന മുസ്ലീം വനിതാ നേതാവ് ആമിന വദൂദ് ആണ് ഇതിനു മുമ്പ് ജുമാമസ്കാരത്തിന് നേതൃത്വം നല്‍കിയ ആദ്യ വനിത.

വിവാഹം സ്വര്‍ഗത്തില്‍ വച്ചാണ് നടക്കുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സ്വര്‍ഗത്തിലും ഭുമിയിലും അല്ലാതെ കടലിനടിയിലും വിമാനത്തിലും വച്ചു മിന്നു കെട്ടി ചിലര്‍ ഈ പതിവ് തെറ്റിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈയിടെ വിമാനത്തിൽ പോപ്പ് ഫ്രാൻസിസ് ഒരു വിവാഹം ആശീർവദിച്ചിരുന്നു. എന്നാല്‍ യുഎസിലെ കലിഫോര്‍ണിയയിലുള്ള ദമ്പതികള്‍ ലെവൽ വേറെയാണ്. ദാമ്പത്യം സാഹസിക യാത്രയാണെന്ന് മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ഇവര്‍ സഞ്ചരിച്ചത്.

കലിഫോര്‍ണിയ സ്വദേശികളായ റയാന്‍ ജെങ്ക്‌സും കിമ്പര്‍ലി വെഗ്ലിനും മിന്നു ചാര്‍ത്തിയത് അക്ഷരാര്‍ഥത്തില്‍ വായുവില്‍ വച്ചാണ്. ഭൂമിയില്‍ നിന്ന് 400 അടി ഉയരത്തില്‍ അമേരിക്കയിലെ ഉടാഗിലുള്ള മോബ് ഗര്‍ത്തത്തിന് കുറുകെ കെട്ടിനിര്‍ത്തിയ വലയിലായിരുന്നു ചടങ്ങ്. ആശിര്‍വദിക്കാന്‍ എത്തിയ വൈദികനും അടുത്ത ബന്ധുക്കളും ജീവന്‍ പണയം വച്ച് വിവാഹത്തില്‍ പങ്കെടുത്തെന്നു വേണം പറയാന്‍. എന്തായാലും ദമ്പതികളുടെ മുന്നോട്ടുള്ള ജീവിതം ഇതിലും വലിയ സാഹസം ആകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയിലാകും വിവാഹത്തിന് എത്തിയവര്‍ പിരിഞ്ഞത്.

[ot-video]

A post shared by Kimberly Weglin (@_kimw_) on

[/ot-video]

പാലം കടക്കുവോളം നാരായണ നാരായണ… പാലം കടന്നാൽ കൂരായണ… എന്ന പഴമൊഴി ഏറ്റവും ചേരുന്നത് രാഷ്ട്രീയ അവസരവാദികൾക്കാണ് (ഇപ്പോൾ ഇത്തരക്കാർ മാത്രമാണ് കൂടുതൽ ഉള്ളത് എന്നത് ഒരു സത്യം) എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകാൻ വഴിയില്ല.  ഇന്നത്തെ കേരളത്തിൽ കേവലം ഒരു വാര്‍ഡ് മെംബര്‍ വരെ ബെന്‍സിലും ഓടിയിലും ഇന്നോവയിലും മാത്രം സഞ്ചരിക്കുമ്പോള്‍ സൈക്കിള്‍ ഔദ്യോഗിക വാഹനമാക്കി ഗ്രാമീണതയിൽ ഒരു പഞ്ചായത്ത് പ്രസിഡന്റ്. സാധാരണ അഴിമതിയും ധൂര്‍ത്തും മറ്റ് കൊള്ളരുതായ്മകളും മാസപ്പടിയും വാങ്ങിക്കലും മറ്റും നടത്തിയാണ് ചെറുതും വലുതുമായ നേതാക്കള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറ്. എന്നാല്‍ ‘മാത്തച്ചന്‍ പാമ്പാടി’ എന്നറിയപ്പെടുന്ന പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് തോമസ് ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്. സൈക്കിളാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം എന്നതാണത്.

അതേ, സൈക്കിള്‍ ഹാന്റിലിന് മുകളില്‍ ഒരു ബോര്‍ഡും. ചുവപ്പില്‍ വെള്ള അക്ഷരങ്ങള്‍ ‘പ്രസിഡന്റ് , ഗ്രാമപഞ്ചായത്ത് പാമ്പാടി’ എന്ന്. റോഡിലൂടെയും ഇടവഴികളിലൂടെയും അതങ്ങനെ സഞ്ചരിക്കും. വെളുക്കുമ്പോള്‍ മുതല്‍ ഇരുട്ട് കനക്കുന്നത് വരെ. നാട്ടിലെ പ്രശ്‌നങ്ങളിലൊക്കെ ഇടപെടും. പരിഹാരം കാണും. പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ വാഹനപണിമുടക്കും മറ്റ് പ്രതിഷേധ പരിപാടികളും കേരളമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ അരങ്ങ് തകര്‍ക്കുമ്പോഴാണ് ഉയര്‍ന്നുവരുന്ന പെട്രോള്‍ വിലയോടുള്ള പ്രതിഷേധമായി ഫിലിപ്പോസിന്റെ ഈ സൈക്കിള്‍ യാത്ര.

എന്നാല്‍ ഇതുമാത്രമല്ല വേറെയുമുണ്ട് ഫിലിപ്പോസിന്റെ സൈക്കിള്‍ പ്രേമത്തിനുള്ള കാരണങ്ങള്‍. ചെറുപ്പം മുതലേ സൈക്കിള്‍ ഓടിക്കാന്‍ ഇഷ്ടമായിരുന്നു. പക്ഷേ പതിനേഴാമത്തെ വയസ്സില്‍ കോളജില്‍ പോകുമ്പോഴാണ് സ്വന്തമായൊരു സൈക്കിള്‍ വാങ്ങുന്നത്. പിന്നെ സ്ഥിരം കോളജില്‍ പോകുന്നതും വരുന്നതുമെല്ലാം സൈക്കിളിന്മേലായിരുന്നു. ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും. സിഎംഎസ് കോളേജില്‍ ഫിസിക്‌സായിരുന്നു പഠിച്ചതെങ്കിലും പിന്നീട് പൊതു പ്രവര്‍ത്തനത്തിലേക്ക് പൂര്‍ണമായും മാറി. പതിയെ സൈക്കിളും വീടിന്റെ പിന്നാമ്പുറത്തേയ്ക്ക് മാറ്റപ്പെട്ടു.

കെഎസ് യു വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി. ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റും പാമ്പാടി പഞ്ചായത്ത് പ്രസിഡന്റുമാണ്. തന്റെ പൊതു പ്രവര്‍ത്തനം ഓഫീസ് സമയം കൊണ്ട് അവസാനിപ്പിക്കാന്‍ ഫിലിപ്പോസ് തയ്യാറല്ല. ഗവണ്‍മെന്റ് ഡ്രൈവര്‍ അഞ്ച് മണിയാകുമ്പോള്‍ പോകും. ഡ്രൈവിംഗ് അറിയാത്തതുകൊണ്ട് തന്നെ മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടി വരും. അത് അത്ര എളുപ്പമല്ല. സമയവും നഷ്ടമാണ്. അതുകൊണ്ട് തന്നെ സ്വന്തമായി പോകാന്‍ സൈക്കിള്‍ മതിയെന്ന് ഫിലിപ്പോസ് തീരുമാനിച്ചു.

‘സൈക്കിള്‍ കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഇന്ധനലാഭമാണ് പ്രധാനം. എനിക്ക് വേണ്ടി പഞ്ചായത്തിന്റെ പണം കൂടുതല്‍ ചിലവഴിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അഴിമതിയില്ലാത്ത ഒരു പഞ്ചായത്താവണം എന്റേത് എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. എന്തിനാണ് ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഓഡി കാറൊക്കെ വാങ്ങുന്നത്?’ ഫിലിപ്പോസ് ചോദിക്കുന്നു. നേതാവെന്നാല്‍ ജനങ്ങള്‍ക്ക് മാതൃക കൂടിയാവണം. ആ നിലയില്‍ ഫിലിപ്പോസ് യഥാര്‍ത്ഥ നേതാവു തന്നെയാണ്. നാട്ടുകാരും സമ്മതിക്കുന്നു. അഴിമതി നടത്തിയും ആഢംബരം കാട്ടിയും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് മാത്തച്ചന്‍ പാമ്പാടി എന്ന പഞ്ചായത്ത് പ്രസിഡന്റ്.

കോയമ്പത്തൂര്‍: പാര്‍ക്കില്‍ പ്രവേശിക്കണമെങ്കില്‍ പാസെടുത്താല്‍ മാത്രം പോരെന്നാണ് കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി ബൊട്ടാനിക്കല്‍ ഗാര്‍ഡന്റെ പുതിയ നിബന്ധന. തിരിച്ചറിയല്‍ രേഖകളോ ആധാര്‍ കാര്‍ഡോ ഒന്നും ഇവിടെ വിലപ്പോവില്ല. വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ യുവതീയുവാക്കള്‍ക്ക് പ്രവേശനമനുവദിക്കാനാകൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ക്കിലെത്തുന്ന യുവതീയുവാക്കള്‍ അനാശ്വാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാലാണത്രേ ഈ പുതിയ നിബന്ധനയെന്നാണ് സര്‍വകലാശാല വിശദീകരിക്കുന്നത്. ക്യാംപസിലെ വിദ്യാര്‍ത്ഥികളും അനാശ്വാസ്യപ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലും സര്‍വകലാശാല നടത്തിയിട്ടുണ്ട്. പാര്‍ക്കില്‍ പാലിക്കേണ്ട നിയമങ്ങള്‍ പലയിടത്തായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍ എഴുതിവെക്കുകയും തിരിച്ചറിയല്‍ എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതുകൊണ്ടും പ്രയോജനമില്ലാത്ത സാഹചര്യത്തിലാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് പ്രൊഫസറായ എം.കണ്ണന്‍ വ്യക്തമാക്കുന്നത്. ഈ പുതിയ നിബന്ധന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പാര്‍ക്കിലെത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും പ്രൊഫസര്‍ പറഞ്ഞു. സര്‍വകലാശാല ക്യാമ്പസില്‍ എത്തുന്നവര്‍ക്ക് ഉള്ളില്‍ കടക്കണമെങ്കില്‍ കവാടത്തില്‍ തങ്ങളുടെ പേരും വിലാസവും ഫോണ്‍ നമ്പറും നല്‍കണമെന്ന വിചിത്രമായ ആചാരവും ഇവിടെയുണ്ട്.

കോഴിക്കോട്: മോഹന്‍ലാലിനും പി.ടി.ഉഷയ്ക്കും കാലിക്കറ്റ് സര്‍വലാശാലയുടെ ഡിലിറ്റ് ബിരുദം. ചലച്ചിത്ര, കായിക മേഖലകളില്‍ ഇരുവരും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ആദരസൂചകമായി ഡിലിറ്റ് ബിരുദം നല്‍കിയത്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ വെച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം ബിരുദം സമ്മാനിച്ചു.

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.കെ.മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇക്കാലം വര ഒപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്കുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച ഡി ലിറ്റ് ബരുദമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ കരിയറിന്റെ വളര്‍ച്ചക്കൊപ്പം നിന്ന കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന ബിരുദം വളര്‍ത്തമ്മ നല്‍കുന്ന ആദരവാണെന്നായിരുന്നു പി.ടി ഉഷ പറഞ്ഞത്.

കൊച്ചി, പദ്മ ജംഗ്ഷനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാളെ തിരിഞ്ഞുനോക്കാതെ വഴിയാത്രക്കാര്‍ പോയ സംഭവത്തില്‍ ജനങ്ങള്‍ മനോഭാവം മാറ്റണമെന്ന് ജയസൂര്യ. ഫേസ്ബുക്ക് ലൈവിലാണ് താരം ഈ അഭ്യര്‍ത്ഥന നടത്തിയത്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാതെ നാം ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ജയസൂര്യ പറഞ്ഞു. പരിക്കേറ്റ സജിയെ ആശുപത്രിയിലെത്തിച്ച സ്ത്രീക്കു മുന്നില്‍ പുരുഷസമൂഹം തലകുനിക്കുന്നതായും ജയസൂര്യ വ്യക്തമാക്കി. ഒരു സ്ത്രീയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകള്‍ ദൈവമായി മാറുന്നുവെന്നും ജയസൂര്യ പറഞ്ഞു.

ശനിയാഴ്ച വൈകിട്ടാണ് പദ്മ ജംഗ്ഷനിലെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് വീണ് തൃശൂര്‍ സ്വദേശിയായ സജി ആന്റോയ്ക്ക് പരിക്കേറ്റത്. ഏറെ നേരം റോഡില്‍ കിടന്ന ഇയാളെ സഹായിക്കാന്‍ വഴിയാത്രക്കാര്‍ തയ്യാറായില്ല. ഒടുവില്‍ ഹൈക്കോടതി അഭിഭാഷകയായ അഡ്വ.രഞ്ജിനിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാഹനങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍ ഒരു കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ഇവര്‍ സജിയെ ആശുപത്രിയിലാക്കിയത്. ഗുരുതരമായി പരിക്കേറ്റ സജിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അപകടം നടന്ന സമയത്ത് അതിനു സമീപം ഒരു ജീപ്പും ഓട്ടോറിക്ഷയുമുണ്ടായിരുന്നിട്ടും അതിലുണ്ടായിരുന്നവര്‍ സഹായിക്കാന്‍ തയ്യാറായില്ല. പലരോടും താന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടും ആരും തയ്യാറായില്ലെന്ന് അഡ്വ.രഞ്ജിനി പറഞ്ഞു. സജി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

https://www.facebook.com/Jayasuryajayan/videos/979540818866265/

കൊച്ചി: അപകടത്തില്‍പ്പെട്ട് നിസഹായാവസ്ഥയില്‍ കിടക്കുന്നവരെ തിരിഞ്ഞുനോക്കാതെ പോകുന്നവരെ കുറ്റം പറയാന്‍ മലയാളി എന്നും മുന്നിലുണ്ട്. എന്നാല്‍ കണ്‍മുന്നില്‍ അങ്ങനെയൊരു സംഭവമുണ്ടായാല്‍ തിരിഞ്ഞുനോക്കാതെ പോകുന്നതില്‍ മലയാളിയും വ്യത്യസ്തരല്ലെന്ന് തെളിയിക്കുന്നതാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. പദ്മ ജംഗ്ഷനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണ തൃപ്രയാര്‍ സ്വദേശി സജി ആന്റോ (46) എന്നയാള്‍ക്കാണ് ദുരനുഭവം നേരിടേണ്ട് വന്നത്. വഴിയാത്രക്കാര്‍ പലരും ഇയാളെ കടന്നു പോയപ്പോള്‍ ചിലര്‍ നോക്കി നിന്നതല്ലാതെ ആശുപത്രിയിലേക്ക് മാറ്റാനോ സഹായിക്കാനോ തയ്യാറായില്ല. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

വഴിയാത്രക്കാരിയായ ഹൈക്കോടതി അഭിഭാഷക, രഞ്ജിനിയാണ് ഒടുവില്‍ ഇയാള്‍ക്ക് സഹായമായത്. ഇവര്‍ പലരെയും സഹായത്തിന് വിളിച്ചെങ്കിലും ആരും മുന്നോട്ടു വരാന്‍ തയ്യാറായില്ല. പിന്നീട് ഒരു വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഇവര്‍ സജിയെ ആശുപത്രിയിലാക്കിയത്. പിന്നീട് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ശനിയാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവമുണ്ടായത്. പദ്മ ജംഗ്ഷനിലെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്നാണ് ഇയാള്‍ വീണത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ തട്ടി ഇയാള്‍ താഴെ വീഴുന്നതും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ പിന്നിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒട്ടേറെയാളുകള്‍ സമീപത്തുണ്ടായിരുന്നിട്ടും ആരും സഹായത്തിന് മുന്നോട്ടു വരാന്‍ തയ്യാറായില്ല.

അതേസമയം, സജി ഏറെ നേരം റോഡില്‍ കിടന്നില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്. പെട്ടെന്നുണ്ടായ സംഭവത്തില്‍ ആളുകള്‍ പ്രതികരിക്കാന്‍ വൈകിയതാണ്. അധികം വൈകാതെതന്നെ അഭിഭാഷക രക്ഷക്കെത്തിയിരുന്നുവെന്നും പോലീസ് സംഘം എത്തുന്നതിനു മുമ്പുതന്നെ സജിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും പോലീസ് അറിയിച്ചു.

കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബുവിനെതിരായ കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്ന് വിജിലന്‍സ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അന്വേഷണം നടന്നു വരുന്നത്.

അന്വഷണം വേഗത്തില്‍ നടന്നു വരികയാണെന്ന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡി.ജി.പി ലോകനാഥ് ബെഹ്‌റ കോടതിയെ അറിയിച്ചു. നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ അന്തിമാന്വേഷണ റിപ്പോര്‍ട്ട് എന്ന് സമര്‍പ്പിക്കാനാവുമെന്ന് വിശദീകരിക്കണമെന്ന് കോടതി പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ അന്ന് മറുപടി നല്‍കിയെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ബാബു നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

തൃശൂര്‍: ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ മോഷണം. റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇടശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. 20 കിലോ സ്വര്‍ണ്ണവും 6 ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു. നാലുകോടി രൂപ മൂല്യമുള്ളതാണ് സ്വര്‍ണ്ണം. ശനിയാഴ്ചക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ കരുതുന്നത്.

ശനിയാഴ്ച രാത്രി ജ്വല്ലറി അടച്ചതിനു ശേഷം ഇന്ന് രാവിലെയാണ് തുറന്നത്. അപ്പോളാണ് മോഷണം നടന്ന വിവരം അറിയുന്നത്. കടയില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം ബുദ്ധിമുട്ടാകും. കടയുടെ പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികൾ വിളിച്ച യോഗത്തിൽ സംഘര്‍ഷം. കർദ്ദിനാളിനെ അനുകൂലിച്ചെത്തിയ ഒരുവിഭാഗം യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഒരു വിഭാഗം പ്രതിഷേധക്കാർ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം കൂട്ടിയിട്ട് കത്തിച്ചു . കർദ്ദിനാളിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് പത്രം കത്തിച്ചത്. പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി.

Copyright © . All rights reserved