ജമ്മുവില്‍ മരിച്ച ജവാന്‍ സാം എബ്രഹാമിന്‍റെ അമ്മയുടെ കണ്ണീരിന് മുന്നില്‍ തേങ്ങിക്കരഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരജവാന്‍റെ അമ്മയായ സാറാമ്മയുടെ നെഞ്ചുപൊട്ടുന്ന വേദന കണ്ടാണ് കളക്ടറും കരഞ്ഞത്. പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലാണ് സാം എബ്രഹാം വീരമൃത്യു വരിച്ചത്.
മകനെ സംബന്ധിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടെ സാറാമ്മ കരയുകയായിരുന്നു. ഇത് കണ്ടാണ് കളക്ടറും വികാരഭരിതയായത്. പിന്നീട് അമ്മയെ ആശ്വസിപ്പിച്ചു. അമ്മ ധൈര്യമായിരിക്കണം. മകന് വേണ്ടി ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും ടി. വി. അനുപമ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ധീരജവാന്‍റെ വീട്ടിലെത്തിയ കളക്ടര്‍ അച്ഛന്‍ എബ്രഹാമിനെ ആശ്വസിപ്പിച്ചു. പിന്നീട് അമ്മയുടെ അടുത്തെത്തി.
ജമ്മുവില്‍ മരിച്ച ജവാൻ സാം എബ്രഹാമിന്‍റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും. രാത്രി 8 മണിയോടെ തിരുവനന്തപുരത്തെത്തിക്കും. നാളെ രാവിലെ മാവേലിക്കരയിലേക്ക് കൊണ്ടുപോകും. സാം എബ്രഹാം പഠിച്ച ബിഷപ്പ് ഹോഡ്ജസ് സ്കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും..
കൊച്ചി: വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ നടക്കുന്ന ജനകീയ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരി, അനന്തു രാജഗോപാല്‍ ആശ എന്നിവരെയാണ് രാമമംഗലം പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ സമരത്തില്‍ പങ്കെടുത്ത 7 ഓളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്തവരെ രാമമംഗലം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരിയും അനന്തു രാജഗോപാല്‍ ആശയും മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് പൊലീസ് ആരോപിച്ചു. എന്നാല്‍ ന്യൂസ് പോര്‍ട്ട് എന്ന ഓണ്‍ലെന്‍ പത്രത്തിന്റെ എഡിറ്ററും റിപ്പോര്‍ട്ടറുമാണ് അറസ്റ്റ് ചെയ്യപ്പെട്ട അഭിലാഷും അനന്തുവും.
വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ ദലിത് ഭൂ അവകാശമുന്നണിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സമരം ചെയ്യുന്നവരെ മാവോയിസ്റ്റാക്കാന്‍ പൊലീസ് ശ്രമമുണ്ടെന്ന് നേരത്തെ സമര സ്മിതി ആരോപിച്ചിരുന്നു. പുലര്‍ച്ചെ 5.30 വന്‍ പൊലീസ് സന്നാഹവുമായി എത്തിയ റവന്യൂ അധികാരികള്‍ സമര പന്തല്‍ പൊളിച്ചു മാറ്റിയിരുന്നു.
കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രൊബേഷണണി എസ്‌ഐ ഗോപകുമാറിനെ(40) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശിയാണ്. ജനുവരി ആദ്യം കടവന്ത്ര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജോലി സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. രാവിലെ മുറി തുറക്കാതിരുന്നതിനെത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും പോലീസെത്തി പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഗോപകുമാറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
തിരുവനന്തപുരം: കെ.എം മാണി ബാര്‍ കോഴ വിവാദത്തിലായിരുന്ന സമയത്ത് നടത്തിയ ബജറ്റ് അവതരണം തടയനായി നിയസഭയില്‍ നടന്ന കയ്യാങ്കളിയുടെ പേരിലെടുത്ത കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. മുന്‍ എം.എല്‍.എ.വി ശിവന്‍കുട്ടിയാണ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. കേസില്‍ ഇ.പി ജയരാജന്‍, ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന കെ.ടി ജലീല്‍, സി.കെ സദാശിവന്‍ കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് മറ്റു പ്രതികള്‍.
ബജറ്റവതരണം തടയനായി നിയസഭയില്‍ നടന്ന കയ്യാങ്കളിയില്‍ ഏതാണ്ട് രണ്ട് ലക്ഷം രൂപയോളം നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വി. ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, സി.കെ സദാശിവന്‍ കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. കേസ് പിന്‍വലിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തിന് നിയമവകുപ്പില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. കേസ് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
2015 മാര്‍ച്ച് 13ന് ബജറ്റ് അവതരണം തടയാന്‍ നടത്തിയ കയ്യാങ്കളിയില്‍ രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതുകൊണ്ട് കേസ് പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാര്‍ പിന്‍വലിച്ചാലും കോടതി സ്വീകരിച്ചാല്‍ മാത്രമേ വിഷയം തീര്‍പ്പാകൂ.
ജമ്മു: അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടരുന്ന ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. പൂഞ്ച് ജില്ലയിലെ മാങ്കോക്കില്‍ വെച്ച് വെടിയേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ സി.കെ റോയിയാണ് മരണപ്പെട്ടത്. പൂഞ്ചില്‍ ഇപ്പോഴും പാക് സൈനികര്‍ കനത്ത ആക്രമണം തുടരുകയാണ്. ഇന്ത്യ തിരിച്ചടിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍്ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ആഴ്ചയില്‍ നടന്ന വിവിധ ആക്രമണങ്ങളിലായി 40 ഓളം ഗ്രാമീണര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം പൂഞ്ചില്‍ നടന്ന വെടിവെപ്പില്‍ ആലപ്പുഴ മാവേലിക്കര സ്വദേശിയായ ഒരു മലയാളി ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പൂഞ്ചിലെ ചില മേഖലകളിലും രജൗരി മേഖലയിലെ സുന്ദര്‍ബനിയിലുമാണ് പ്രധാനമായും പാക് ആക്രമണം നടക്കുന്നത്.
അതേ സമയം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക് നടപടിക്കെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെ വിളിച്ചുവരുത്തിയാണ് വിദേശ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഈ വര്‍ഷം നിരവധി തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്താല്‍ കരാര്‍ ലംഘനം നടത്തിയിരിക്കുന്നത്. ആക്രമണങ്ങളെ തുടര്‍ന്ന് ഏതാണ്ട് ഒന്‍പതിനായിരം ഗ്രാമവാസികളെയാണ് സൈന്യം മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ആക്രമണം നടക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചാവിഷയമാണ് ഇപ്പോള്‍ ഭാവനയുടെ വിവാഹം. മെഹന്തി രാവിന്റെ ചിത്രങ്ങള്‍ ഇതിനാലകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ഭാവനയുടെ സ്വന്തം നാടായ തൃശൂരില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.
നീണ്ട നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും കന്നഡ നിര്‍മ്മാതാവായ നവീനും വിവാഹിതരാവുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയ ജീവീതം ആരംഭിച്ച ഭാവന ചെറിയ കാലംകൊണ്ട് തന്നെ കന്നട തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയായി മാറുകയായിരുന്നു. ഭാവനയുടെ സഹോദരനാണ് മെഹന്തി രാവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
വിവാഹത്തിനുശേഷം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരിക്കും റിസപ്ഷന്‍. സിനിമ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ചണ്ഡീഗഡ്: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതി കൊണ്ടുവരാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതിയെക്കുറിച്ച് ആലോചിക്കുന്നത്.
നേരത്തെ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസിന്റെ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ തുടരുന്ന പ്രതിഷേധത്തിനിടെ വീണ്ടും കൂട്ട ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്തത് ഖട്ടര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വര്‍ദ്ധിച്ചു വരുന്ന പീഡന സംഭവങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പരാജയപ്പെടുന്നതായി പ്രതിപക്ഷം ആരോപിച്ചു.
ഒരാഴ്ചയ്ക്കിടെ ഒന്‍പത് പേരാണ് ഹരിയാനയില്‍ മാത്രം കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ഏഴുവയസ്സുകാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായിരുന്നു. ഫരീദാബാദില്‍ യുവതിക്കൊപ്പം കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
ബല്‍ഗാം: രാത്രിയുടെ മറവില്‍ ലക്ഷ്വറി കാറുകള്‍ കത്തിക്കുന്നത് ഹോബിയാക്കിയ ഡോക്ടര്‍ പിടിയില്‍. കര്‍ണാടകയിലെ ബെല്‍ഗാമിലാണ് സംഭവം. ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പാത്തോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ബ്ലഡ് ബാങ്ക് തലവനുമായ ഡോ.അമിത് വി. ഗെയ്ക്ക്‌വാദ് ആണ് പിടിയിലായത്. വലിയ വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ആഡംബര വാഹനങ്ങളായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. ജാദവ് നഗറിലെ വിവാന്ത അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തിക്കുന്നതിനിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു.
മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ച് നഗരത്തില്‍ കറങ്ങി നടന്ന് ആഢംബര കാറുകള്‍ കണ്ടുപിടിക്കും. പിന്നീട് നീളമുള്ള വടിയില്‍ തുണിചുറ്റി മണ്ണെണ്ണയില്‍ മുക്കി കത്തിച്ച ശേഷം ബോണറ്റിനുള്ളിലേക്ക് കാട്ടി കത്തിക്കുകയായിരുന്നു ഇയാളുടെ രീതി. കലബുര്‍ഗിയില്‍ താമസിക്കുന്ന ഇയാള്‍ അടുത്തിടെ 11 കാറുകള്‍ കത്തിച്ചതായി വ്യക്തമായി. എംഎല്‍എയുടെ സഹോദരന്റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു കാര്‍ ഉള്‍പ്പെടെയുള്ളവ ഇയാള്‍ കത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഇത് കൂടാതെ വിവിധ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ഇയാള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ നോക്കിയാണ് ‘ഓപ്പറേഷന്‍’. ബിംസില്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് സഹപ്രവര്‍ത്തകരുമായി കാര്യമായ ബന്ധങ്ങളില്ലായിരുന്നുവെന്നും വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
കോട്ടയം: കേരള ജനതയെ ഞെട്ടിച്ച വീട് കൊള്ളയടികൾക്ക് ശേഷം കള്ളൻമാരുടെ വിളയാട്ടം ട്രെയിനിലും. വിശ്വസ്തരായി അഭിനയിച്ചു ട്രെയിന്‍ യാത്രക്കിടയില്‍ ചായയില്‍ മയക്കുമരുന്ന് നല്കി ബോധരഹിതരാക്കി അമ്മയെയും മകളെയും കൊള്ളയടിച്ചു. പിറവം അഞ്ചല്‍പ്പെട്ടി നെല്ലിക്കുന്നേല്‍ പരേതനായ സെബാസ്റ്റ്യെന്റ ഭാര്യ ഷീലാ സെബാസ്റ്റ്യന്‍ (60), മകള്‍ ചിക്കു മരിയ സെബാസ്റ്റ്യന്‍ (24) എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഇരുവരുടെയും പത്തരപവന്‍ സ്വര്‍ണം, രണ്ട് മൊബൈല്‍ ഫോണുകള്‍, കൈയിലുണ്ടായിരുന്ന 18,000 രൂപ, നഴ്സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍, മുത്തുകള്‍ എന്നിവയെല്ലാമാണ് നഷ്ടമായത്. കോട്ടയത്ത് അബോധാവസ്ഥയില്‍ ട്രെയിനില്‍ കണ്ടെത്തിയ ഇവരെ റെയില്‍വേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
സെക്കന്‍ഡറാബാദില്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ മകള്‍ ചിക്കു ഐഇഎല്‍ടിഎസിന് പഠിക്കുകയാണ്. മകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനാണ് കഴിഞ്ഞദിവസം ഇരുവരുംയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ശബരി എക്സ്പ്രസിന്റെ എസ് 8 കംന്പാര്ട്ട്മെന്റിലാണ് ഇരുവരും കയറിയത്. ആലുവക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളില്‍ ഇതരസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവര്‍ പൊലീസിനു മൊഴി നല്കി. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും ഇതരസംസ്ഥാന സംഘം അമ്മക്കും മകള്‍ക്കും ട്രെയിനില്‍നിന്നും ചായ വാങ്ങി നല്‍കിയിരുന്നു. ട്രെയിന്‍ സേലത്തുനിന്നും പുറപ്പെട്ട ശേഷം ശനിയാഴ്ച രാവിലെയാണ് ചായ വാങ്ങി നല്‍കിയത്.
ചായ കുടിച്ച് അല്പസമയത്തിനു ശേഷം ഇരുവരും അബോധാവസ്ഥയിലായി. ശനിയാഴ്ച വൈകീട്ട് ട്രെയിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്താറായപ്പോള്‍ രണ്ടുപേര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ടിടിഇയാണ് കണ്ടെ ത്തിയത്. തുടര്‍ന്ന് വിവരം പോലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചു. റെയില്‍വേ പൊലീസ് എത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നടന്‍ മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാന്‍ ആര്‍.എസ്.എസ് നീക്കം. രാജ്യസഭയില്‍ കലാരംഗത്തു നിന്നും 2018 ല്‍ വരുന്ന ഒഴിവിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുക.
ഇതു സംബന്ധിച്ച നിര്‍ദ്ദേശം മോഹന്‍ലാലുമായി ആശയവിനിമയം നടത്തിയ ശേഷം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് വ്യക്തമാക്കി. നിലവില്‍ കലാരംഗത്ത് നിന്നും നോമിനേറ്റഡ് ചെയ്യപ്പെട്ട പ്രമുഖ ബോളിവുഡ് നടി രേഖയുടെ കാലാവധി 2018 ഏപ്രില്‍ 26നു കഴിയും. ഈ ഒഴിവിലേക്ക് മോഹന്‍ ലാലിനെ പരിഗണിക്കാനാണ് നീക്കം.
ഇതോടൊപ്പം തന്നെ കായിക രംഗത്ത് നിന്നുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബിസിനസ്സ് രംഗത്തു നിന്നുള്ള അനി ആഗ എന്നിവരുടെ രാജ്യസഭയിലെ കാലാവധിയും അവസാനിക്കും. മറ്റു നോമിനേറ്റഡ് അംഗങ്ങളായ നരേന്ദ്ര ജാദവ്, മേരി കോം, സ്വപ്ന ദാസ് ഗുപ്ത, രൂപ ഗാംഗുലി, സാംബാജി രാജെ, സുരേഷ് ഗോപി ,സുബ്രമണ്യം സ്വാമി എന്നിവര്‍ക്ക് 2022 വരെ കാലാവധിയുണ്ട്. നിയമ രംഗത്ത് നിന്നുള്ള കെ.ടി.എസ് തുളസിക്ക് 2020 വരെയാണ് കാലാവധി.
നിലവില്‍ സുരേഷ് ഗോപിയെ കേരളത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നോമിനേറ്റഡ് ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ പരിഗണിക്കാന്‍ അതൊന്നും തടസ്സമല്ലന്നാണ് ആര്‍.എസ്.എസ് നിലപാട്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരില്‍ പ്രമുഖ സ്ഥാനമാണ് നിരവധി തവണ ദേശീയ പുരസ്‌കാരം നേടിയ ലാലിന് ഉള്ളത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് പോലും ഇന്നുവരെ ഒരു ദേശീയ അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഓര്‍ക്കണമെന്നും ആര്‍.എസ്.എസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ താല്‍പ്പര്യപ്രകാരമുള്ള പരിഗണനയല്ല, മറിച്ച് അര്‍ഹതക്കുള്ള അംഗീകാരമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്നും മോഹന്‍ലാലിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ നിലപാട് സ്വീകരിക്കുകയുള്ളുവെന്നും ബി.ജെ.പി കേന്ദ്രങ്ങളും വെളിപ്പെടുത്തി.
ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വ ശാന്തി ട്രസ്റ്റിന്റെ രക്ഷാധികാരിയായി കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ തിരഞ്ഞെടുത്തിരുന്നു. കേരളത്തിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് പി.ഇ.ബി മേനോന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാപ്രമുഖ് വിനോദ് സംവിധായകന്‍ മേജര്‍ രവി എന്നിവരും പങ്കെടുത്തിരുന്നു.
മുമ്ബ് സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ ഡയറക്ടറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചതിനു ശേഷം വിവാദം ഭയന്ന് പിന്‍വാങ്ങിയ ലാല്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ തലപ്പത്ത് എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്ബരപ്പിച്ചിരുന്നു. കൈരളി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത മമ്മുട്ടിയും മുതിര്‍ന്ന സി.പി.ഐ.എം നേതാക്കളും നിര്‍ബന്ധിച്ചിട്ട് പോലും ലാല്‍ അന്ന് കൈരളിയെ കൈവിടുകയായിരുന്നു.
ഈ സംഭവം ഓര്‍മ്മയിലുള്ളതിനാല്‍ രൂക്ഷമായ പ്രതികരണമാണ് സി.പി.എം അണികള്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയകളിലൂടെ നടത്തി വരുന്നത് മോഹന്‍ലാലിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കുമെന്ന പ്രചരണം വരെ ഇപ്പോള്‍ വ്യാപകമാണ്.
ഇതിനെതിരെ പ്രത്യാക്രമണവുമായി സംഘ പരിവാര്‍ പ്രവര്‍ത്തകരും സജീവമാണ്. മുകേഷിനും ഇന്നസെന്റിനുമെല്ലാം പരസ്യമായി രാഷ്ട്രീയമാകാമെങ്കില്‍ മോഹന്‍ലാലിനും ആകാമെന്നതാണ് അവരുടെ നിലപാട്.
ഒരു ട്രസ്റ്റിന്റെ രക്ഷാധികാരി ആയതിന് ‘കാവി കണ്ട തീവ്രവാദികളെ ‘പോലെ പ്രതികരിക്കരുതെന്ന മറുപടിയും ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. അതേ സമയം സോഷ്യല്‍ മീഡിയകളില്‍ ചേരിതിരിഞ്ഞ പോര് നടക്കുമ്‌ബോഴും ഇതു സംബന്ധമായി ഒരു പരസ്യ പ്രതികരണത്തിനും മോഹന്‍ലാല്‍ ഇതുവരെ തയ്യാറായിട്ടില്ല.