Latest News

തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ച സിഖ് യുവാവിനെ നൈറ്റ് ക്ലബില്‍ നിന്നും ബലമായി പുറത്താക്കി. മാന്‍സ്ഫീല്‍ഡിലെ റഷ് എന്നറിയപ്പെടുന്ന നൈറ്റ് ക്ലബ് അധികൃതരാണ് തലപ്പാവ് കാരണം യുവാവിനെ ഇറക്കി വിട്ടത്. ഇന്നലെ രാത്രിയാണ് അമ്രിഖ് സിങ് എന്ന 22 കാരനെ വംശീയമായി അധിക്ഷേപിച്ച പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയായ അമ്രിഖ് തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് എഴിതിയതോടെയാണ് വിഷയം പുറം ലോകമറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ഒരു ബാര്‍ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബാറിലെത്തിയ അമ്രിഖ് തനിക്ക് ആവശ്യമുള്ള ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ചങ്ങാതിമാരോട് സംസാരിച്ചു നില്‍്ക്കുന്നതിനിടയില്‍ ബാര്‍ ജീവനക്കാരനായ ഒരാള്‍ സമീപിച്ച് തലപ്പാവ് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടു. തലപ്പാവ് തന്റെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും അഴിച്ചുമാറ്റുന്നത് വിശ്വാസത്തിനെതിരാണെന്നും അമ്രിഖ് ജീവനക്കാരനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അമ്രിഖിന്റെ വിശദീകരണത്തില്‍ തൃപ്തനാവാതെ ബാറില്‍ നിന്ന് പുറത്തു പോവാന്‍ ആവശ്യപ്പെട്ട് ഇയാള്‍ യുവാവിനെ ബലമായി ഇറക്കി വിടുകയായിരുന്നു.

ബാര്‍ ജീവനക്കാരനോട് സംസാരിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്താണ് അമ്രിഖ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തലപ്പാവിനെ പാദരക്ഷകളുമായി താരതമ്യപ്പെടുത്തി അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ജീവനക്കാരന്റെ ശബ്ദം അമ്രിഖ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ വ്യക്തമായി കേള്‍ക്കാം. തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ചതിനാണ് ഞാന്‍ പുറത്താക്കപ്പെടുന്നത്. ക്ലബിന്റെ നിയമങ്ങള്‍ അനുസരിച്ച് തലപ്പാവ് ധരിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറഞ്ഞത്. ആദ്യഘട്ടത്തില്‍ ഏതാണ്ട് 30 മിനിറ്റോളം എനിക്ക് ക്ലബില്‍ തുടരാന്‍ കഴിഞ്ഞിരുന്നു അതിനു ശേഷമാണ് ജീവനക്കാരന്‍ വന്ന പുറത്താക്കിയത്. തലപ്പാവ് സ്റ്റൈലിനായി ഉപയോഗിക്കുന്നതല്ലെന്നും മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും പൊതു ഇടങ്ങളില്‍ തലപ്പാവ് ധരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ട് എന്നടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു പക്ഷേ അംഗീകരിക്കപ്പെട്ടില്ല. സുഹൃത്തുക്കള്‍ക്കിടയില്‍ നിന്ന് ബലമായിട്ടാണ് എന്നെ പുറത്താക്കിയത് അമ്രിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്റെ പൂര്‍വ്വികര്‍ ബ്രിട്ടിഷ് സൈന്യത്തിന് വേണ്ടി പടപൊരുതിയിട്ടുള്ളവരാണ്. ഞാനും എന്റെ മാതാപിതാക്കളും ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്നവരാണ്. രാജ്യത്തിന്റെ എല്ലാ മുല്ല്യങ്ങളെയും ബഹുമാനിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ പൊതുയിടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത് എന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അമ്രിഖ് പറയുന്നു. ബാറിലേക്ക് വീണ്ടും സമീപിച്ചെങ്കിലും തലപ്പാവ് കാരണം ഭാവിയില്‍ പ്രവേശനം അനുവദിക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അമ്രിഖ് കൂട്ടിച്ചേര്‍ത്തു. നോട്ടിംഗ്ഹാമിലെ ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് അമ്രിഖ് സിങ്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും തലപ്പാവ് അഴിപ്പിക്കുന്നത് തങ്ങളുടെ സ്ഥാപനത്തിന്റെ പ്രൈവസിയുടെ ഭാഗമല്ലെന്നും അമ്രിഖിനെ ഇറക്കി വിട്ട ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായും റഷ് ബാര്‍ ലേബര്‍ കൗണ്‍സിലര്‍ സോണ്യാ വാര്‍ഡ് ട്വീറ്റ് ചെയ്തു.

ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ട നിലയില്‍ 54 കൈപ്പത്തികള്‍ കണ്ടെത്തി. സൈബീരിയന്‍ തീരത്തു നിന്ന് മത്സ്യ തൊഴിലാളികളാണ് ബാഗ് ആദ്യമായി കാണുന്നത്. ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാഗിന് മുകളിലായി ഒരു കൈപ്പത്തി ശ്രദ്ധയില്‍പ്പെട്ട മത്സ്യ തൊഴിലാളികള്‍ ആദ്യം അതൊരു മരത്തടിയാണെന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ ബാഗ് തുറന്നു നോക്കിയപ്പോഴാണ് മനുഷ്യ കൈപ്പത്തിയാണെന്ന് മനസ്സിലായത്.

കൂട്ടകൊലപാതകത്തിന് ശേഷം കൈകള്‍ വെട്ടിമാറ്റി ഉപേക്ഷിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി കൈപ്പത്തികള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സിറിഞ്ചുകളും കോട്ടണ്‍ തുണികളും സമീപ പ്രദേശത്ത് നിന്നായി കണ്ടെടുത്തിട്ടുണ്ട്.

റഷ്യന്‍ അന്വേഷണ ഏജന്‍സിയാണ് ഇപ്പോള്‍ കേസ് കൈകാര്യം ചെയ്യുന്നത്. മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നുമാണെ ഈ ശരീര ഭാഗങ്ങള്‍ ഉപേക്ഷിക്കപ്പെട്ടത് സംശയമുണ്ട്. ഈ വിഷയങ്ങള്‍ അന്വേഷിച്ചു വരികയാണ്. കൈകളുടെ ചിത്രങ്ങള്‍ സൈബീരിയന്‍ ടൈംസാണ് പുറത്തു വിട്ടിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ധനികനായ മലയാളി എം.എ യൂസഫലിയെന്ന് റിപ്പോര്‍ട്ട്. ഫോബ്‌സ് മാസികയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ആഗോള ധനികരുടെ പട്ടികയില്‍ 388ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്. ഏകദേശം 32,500 കോടി രൂപയാണ് എം.എ യൂസഫലി ചെയര്‍മാനായിട്ടുള്ള ലുലു ഗ്രൂപ്പിന്റെ ആസ്തി. രാജ്യത്തിന് പുറത്തും അകത്തുമായി നിരവധി സ്ഥാപനങ്ങളാണ് ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ലുലുവിന്റെ ഏറ്റവും കൂടുതല്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ നിലനില്‍ക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്.

ഏതാണ്ട് 2000 കോടി രൂപ മുതല്‍ മുടക്കില്‍ ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ പുതിയ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനിരിക്കുകയാണ് ലുലു. അതി സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് രവി പിള്ളയാണ്. ഏതാണ്ട് 25,300 കോടി രൂപയുടെ ആസ്തിയാണ് രവി പിള്ളയ്ക്ക് സ്വന്തമായുള്ളത്. ഇരുവരും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനേക്കാളും സമ്പന്നരാണ് എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. ലോക റാങ്കിങ്ങില്‍ 572ാം സ്ഥാനത്താണ് രവി പിള്ള.

ജെംസ് എജ്യൂക്കേഷന്‍ ഗ്രൂപ്പ് തലവന്‍ സണ്ണി വര്‍ക്കി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ള മലയാളി ധനികര്‍. 15,600 കോടിയുടെ ആസ്തിയുള്ള സണ്ണി വര്‍ക്കിയുടെ ബിസിനസ് കേന്ദ്രങ്ങള്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. ക്രിസ് ഗോപാലകൃഷ്ണന്റെ സമ്പാദ്യം 11,700 കോടി രൂപയാണ്. ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍, വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍, ജോയ് ആലുക്കാസ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, വിഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരാണ് ആദ്യ പത്തില്‍ ഉല്‍പ്പെടുന്ന മറ്റു മലയാളി കോടീശ്വരന്മാര്‍.

ബെയ്ജീംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിന് ഇനി രാജ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി തുടരാം. ഇതു സംബന്ധിച്ച ഭരണഘടനാ ഭേദഗതിക്ക് ചൈനീസ് പാര്‍ലമെന്റ് അംഗീകാരം നല്‍കി. നേരത്തെ ഒരു വ്യക്തിക്ക് രണ്ട്പ്രാവശ്യത്തില്‍ കൂടുതല്‍ പ്രസിഡന്റ് പദത്തില്‍ തുടര്‍ച്ചയായി തുടരാന്‍ പാടില്ലെന്ന് നിയമം നിലവിലുണ്ടായിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്തിരിക്കുന്നത്.

ഞായറാഴ്ച ചൈനയുടെ പാര്‍ലമെന്റായ ചൈനീസ് പീപ്പീള്‍സിന്റെ സമ്മേളനത്തിലാണ് രാജ്യത്തിന്റെ ഗതിയെ മാറ്റിമറിക്കുന്ന സുപ്രധാന തീരുമാനമുണ്ടായത്. വേട്ടെടുപ്പില്‍ 2958 പേര്‍ ഷീയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 2 അംഗങ്ങള്‍ എതിര്‍ത്തു. മൂന്ന് പേര്‍ വേട്ടെടുപ്പില്‍ നിന്ന വിട്ടു നിന്നു. തുടര്‍ച്ചയായി അധികാരം നിലനിര്‍ത്താന്‍ ഷീയെ സഹായിക്കുന്ന പുതിയ ഭേദഗതി ചൈനയില്‍ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023 ല്‍ ഷീ ജിന്‍ പിംഗിന്റെ ഭരണ കാലാവധി അവസാനിക്കാരിക്കെയാണ് പാര്‍ലമെന്റ് പുതിയ തീരുമാനവുമായി രംഗത്തു വന്നിരിക്കുന്നത്. 2013ല്‍ വീണ്ടും പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഷീ ജിന്‍ പിംഗ് സൈന്യത്തിന്റെ നേതൃത്വ സ്ഥാനവും കൂടി ഏറ്റെടുത്തിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഷീ ജിന്‍ പിംഗിന്റെ തത്വങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് പുതിയ പരിഷ്‌കാരങ്ങള്‍ നടത്തിയിരുന്നു. മാവോ സെ തൂങ്ങിന്റെ അധികാര കാലഘട്ടത്തിന് ശേഷം മറ്റൊരു പ്രസിഡന്റ് ഇതാദ്യമായാണ് ചൈനയെ ആജീവനാന്ത കാലം ഭരിക്കാന്‍ പോകുന്നത്.

കൊച്ചി: നടി ആക്രമിച്ച കേസിന്റെ വിചാരണ നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവിശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇപ്പോള്‍ തുടരുന്ന കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ അപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.

കേസില്‍ അടുത്ത ബുധനാഴ്ച്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി ദിലീപ് രംഗത്തു വന്നിരിക്കുന്നത്. നേരത്തെ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും ദൃശ്യങ്ങളുടെ എഴുതി തയ്യാറാക്കിയ വിവരങ്ങളും തനിക്ക് പരിശോധിക്കാന്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി നടന്‍ സമര്‍പ്പിച്ചിരുന്നു. ഇരു ഹര്‍ജികളും ഒരേ സമയത്ത് തന്നെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച്ച വിചാരണ നടപടികള്‍ ആരംഭിക്കുന്ന സമയത്ത് മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതീവ പ്രാധ്യാന്യമര്‍ഹിക്കാത്ത ചില സിസിടിവി ദൃശ്യങ്ങളും രേഖകളും കോടതി ഉത്തരവിനെ തുടര്‍ന്ന് നേരത്തെ പോലീസ് ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലാപാടിലാണ് അന്വേഷണ സംഘം.

കൊച്ചി: സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ടീസര്‍ പുറത്തിറങ്ങി. സൗബിന്റെ പെണ്ണ് കാണല്‍ ചടങ്ങാണ് ടീസറില്‍ ആവിശ്കരിച്ചരിക്കുന്നത്. ചിത്രം മാര്‍ച്ച് 23 ന് പുറത്തിറങ്ങും. സൗബിന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.

നവാഗതനായ സക്കറിയ എഴുതി സംവിധാനം ചെയ്യുന്ന സിനമയില്‍ സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ റോബിന്‍സണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലപ്പുറത്തിന് സെവന്‍സ് ഫുട്‌ബോള്‍ സംസ്‌ക്കാരത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.മലപ്പുറം കോഴിക്കോട് ഭാഗങ്ങളില്‍ ചിത്രീകരിച്ചരിക്കുന്ന ചിത്രം ഒരു ഫുട്‌ബോള്‍ ക്ലബ് മാനേജരുടെ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിസിന് വേണ്ടി സമീര്‍ താഹിറും ഷൈജു ഖാദിലുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷഹബാസ് അമന്‍, അന്‍വര്‍ അലി, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് റെക്സ് വിജയന്‍ സംഗീതം നല്‍കിയിരിക്കുന്നു.

തൃശൂര്‍: ആന പ്രേമികളുടെ പ്രിയങ്കരനായ തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തോളം നീണ്ടു നിന്ന ചികിത്സ ഫലിക്കാതെ വന്നതോടെയാണ് ശിവസുന്ദര്‍ ചെരിഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി തൃശ്യൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് ശിവസുന്ദറാണ്.

ആന പ്രേമികളുടെ ഹരമായിരുന്ന തിരുവമ്പാടി ശിവസുന്ദറിനെ 2003ലാണ് വ്യവസായിയായ ടി. എ. സുന്ദര്‍മേനോന്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുന്നത്. ഏതാണ്ട് 15 വര്‍ഷത്തോളം തിരുവമ്പാടി വിഭാഗത്തിന് തലയെടുപ്പ് ശിവസുന്ദറായിരുന്നു. നിരവധി പേരാണ് അവസാനമായി ആനയെ കാണാന്‍ എത്തികൊണ്ടിരിക്കുന്നത്.

ആനകളുടെ നേതൃത്വത്തില്‍ ശിവസുന്ദറിന് ആദരാഞ്ജലികളര്‍പ്പിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയോടെ കോടനാട് നിര്‍വഹിക്കും.

സൗദി അറേബ്യയിലേക്ക് യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങും. സൗദി സൈന്യത്തെ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ യുദ്ധവിമാനങ്ങള്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട കരാര്‍ ബ്രിട്ടീഷ് കമ്പനിയുമായി ഒപ്പുവച്ചു. സൗദി സൈന്യം യമനില്‍ ആക്രമണം നടത്തുന്നു എന്ന് കാണിച്ച് നിരവധി ബ്രിട്ടീഷ് സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ ആയുധ കാരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

ബ്രിട്ടന്‍ സൗദി അറേബ്യയ്ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യമാണ് ഇതിലൂടെ തെളിയുന്നത്. സൗദി സൈന്യത്തില്‍ ഭരണകൂടം വന്‍ അഴിച്ചുപണി നടത്തിയതിന് പിന്നാലെയാണ് സേനയെ ശക്തിപ്പെടുത്തുന്ന കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. പുതിയ യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത് സൗദി സൈന്യത്തിന് കരുത്തേകുമെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ… ബ്രിട്ടനിലെ പ്രമുഖ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ബിഎഇ സിസ്റ്റവുമായിട്ടാണ് സൗദി അറേബ്യ കരാറുണ്ടാക്കിയിരിക്കുന്നത്. ടൈഫൂണ്‍ യുദ്ധ വിമാനങ്ങളാണ് പ്രധാനമായും സൗദിക്ക് കൈമാറുക. ഈ വിഭാഗത്തില്‍പ്പെട്ട 48 യുദ്ധവിമാനങ്ങള്‍ കൈമാറാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക കരാര്‍ സൗദിയും ബ്രിട്ടനും ഒപ്പുവച്ചു. സൗദി അറേബ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ബ്രിട്ടനില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്. ഇതെല്ലാം അവഗണിച്ചാണ് പുതിയ കരാര്‍ ഒരുങ്ങിയിരിക്കുന്നത്. ബ്രിട്ടനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുതിയ യുദ്ധവിമാന കരാര്‍.

സൗദിയും ബ്രിട്ടനും കോടികളുടെ ആയുധ കരാര്‍ നടത്തുന്നതിന് ഏറെ കാലമായി ചര്‍ച്ച നടക്കുന്നുണ്ട്. അതിനിടെയാണ് പുതിയ യുദ്ധവിമാന കൈമാറ്റ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ബിഎഇ കരാര്‍ സംബന്ധിച്ച് പ്രസ്താവന ഇറക്കി. തങ്ങള്‍ക്ക് ഏറ്റവും മൂല്യമുള്ള പങ്കാളിയാണ് സൗദി അറേബ്യയെന്നും അവരുമായുള്ള ഇടപാടുകള്‍ക്ക് തങ്ങള്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യ സൈന്യത്തെ ആധുനിക വല്‍ക്കരിക്കുമ്പോള്‍ എല്ലാവിധ സഹായവും തങ്ങള്‍ നല്‍കും. വിഷന്‍ 2030ന്റെ ഭാഗമായി ഇനിയും ആയുധ കരാര്‍ നിലവില്‍ വരുമെന്നും കമ്പനി സൂചിപ്പിച്ചു.

സൗദിയുമായി കരാര്‍ ഒപ്പുവച്ചു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ബിഎഇയുടെ ഓഹരിയില്‍ വന്‍ മുന്നേറ്റമുണ്ടായി. കമ്പനി ഓഹരികള്‍ 2.7 ശതമാനം കുതിച്ചുയര്‍ന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബ്രിട്ടന്‍ സന്ദര്‍ശനത്തിലാണ്. അദ്ദേഹത്തിന്റെ പര്യടനം അവസാനിക്കാനിരിക്കെയാണ് കരാറില്‍ ഒപ്പുവച്ചത്. സൗദി കിരീടവകാശി ബ്രിട്ടനില്‍ എത്തിയ വേളയില്‍ ചിലര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സൗദി യമനില്‍ നടത്തുന്ന യുദ്ധം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാല്‍ ഈ പ്രതിഷേധം ബ്രിട്ടീഷ് ഭരണകൂടം ചെവികൊണ്ടില്ല എന്ന് വേണം കരുതാന്‍. യമന്‍ വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായുള്ള ചര്‍ച്ചയില്‍ വിഷയമായിരുന്നു. ഇന്നുവരെ സൈനികര്‍ക്ക് ലഭ്യമായതില്‍ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനമാണ് ടൈഫൂണ്‍. യൂറോപ്പിലെ സൈനികര്‍ ഏറ്റവും കൂടുതല്‍ ഈ വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനമാണ് ഉപയോഗിക്കുന്നത്. യൂറോപ്പില്‍ മാത്രം 500 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വളരെ പെട്ടെന്ന് ഉയര്‍ന്നുപറക്കാനും ആക്രമണം നടത്താനും സാധിക്കുമെന്നാണ് ടൈഫൂണ്‍ യുദ്ധവിമാനങ്ങളുടെ പ്രത്യേകത. ബിഎഇ സിസ്റ്റത്തില്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ മാത്രം 5000ത്തോളം എന്‍ഞ്ചിനിയര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ, കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ്, ബ്രിട്ടീഷ് രാജകുമാരി എന്നിവരുമായും ബിന്‍ സല്‍മാന്‍ ചര്‍ച്ച നടത്തി. 6500 കോടി പൗണ്ടിന്റെ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കാന്‍ സൗദിയും ബ്രിട്ടനും ധാരണയായിട്ടുണ്ട്. വിഷന്‍ 2030ന്റെ ഭാഗമായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കരാര്‍ ഒപ്പുവയ്ക്കുക. യുദ്ധവിമാനം കൈമാറുന്നതിന് പ്രാഥമിക കരാറാണ് ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്നത്. അന്തിമ കരാര്‍ ഒപ്പുവച്ചാല്‍ മാത്രമേ വിമാനങ്ങളുടെ കൈമാറ്റം നടക്കൂ. എന്നാല്‍ ഇനി അന്തിമ കരാര്‍ ഒപ്പുവയ്ക്കുന്നതിന് തടസമുണ്ടാകില്ലെന്നാണ് നിരീക്ഷകര്‍ നല്‍കുന്ന വിവരം. അന്തിമ കരാര്‍ ഏത് സമയവും ഒപ്പുവയ്ക്കാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ ജനകീയ ഭക്ഷണശാലയില്‍ നിന്ന് കഞ്ഞി കുടിച്ചതിനു ശേഷം വര്‍ഗീയത പറഞ്ഞ് പോസ്റ്റിട്ട ഹിന്ദു ഹൈല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന് മറുപടിയുമായി സ്നേഹജാലകം പ്രവര്‍ത്തകന്‍ ജയന്‍ തോമസ്. പ്രതീഷിന് കഞ്ഞി വിളമ്പിയത് ഞാനാണെന്നും താനേതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ലെന്നും ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതീഷ് സിപിഎമ്മിന്റെ ജനകീയ ഭക്ഷണ ശാലയിലെത്തി കഞ്ഞി കുടിച്ചത്. ശേഷം ‘നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി തന്നെന്നും ഭക്ഷണശാലയിലെ മറ്റു ഹിന്ദു സഖാക്കളെയും പരിചയപ്പെട്ടെന്നും പ്രതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വര്‍ഗീയത പടര്‍ത്തുന്ന പ്രതീഷിനെപ്പോലുള്ളവര്‍ നാടിനെ കൊല്ലുന്ന വിഷവിത്തുകളാണെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം രേഖപ്പെടുത്തി. ‘പ്രിയ ചങ്ങാതി ജനകീയ ഭക്ഷണശാലയില്‍ അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണ്. ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ല. നിറഞ്ഞ സഹിഷ്ണുതയോടെ ആര്യസംസ്‌കൃതിയെയടക്കം ഇവിടേയ്ക്ക് കടന്നു വന്ന എല്ലാ ബഹുസ്വരതകളെയും സംഗീതമായി ആസ്വദിക്കുന്ന ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്നതിലും വിരോധമില്ലെന്ന് ജയന്‍ പ്രതീഷിന് മറുപടി എഴുതി.

ജയന്റെ മറുപടി ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അങ്ങയുടെ ജാതിയേതാണെന്ന് ഞങ്ങള്‍ ആരാഞ്ഞിരുന്നില്ലെന്നും വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍ നാം തകര്‍ക്കണ്ടേയെന്നും ജയന്‍ തോമസ് പറയുന്നു. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവിന് തക്ക മറുപടിയാണ് ജയന്‍ നല്‍കിയിട്ടുള്ളതെന്ന് നവമാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു.

ജയന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പ്രിയ ചങ്ങാതി
ജനകീയ ഭക്ഷണശാലയില്‍
അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക്
കഞ്ഞി വിളമ്പി തന്നത് ഞാനാണ്

ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന
ഹിന്ദുവല്ല…
നിറഞ്ഞ സഹിഷ്ണുതയോടെ
ആര്യസംസ്‌കൃതിയെയടക്കം
ഇവിടേയ്ക്ക് കടന്നു വന്ന
എല്ലാ ബഹുസ്വരതകളെയും
സംഗീതമായി ആസ്വദിക്കുന്ന
ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കില്‍
അങ്ങനെ വിളിക്കപ്പെടുന്നതിലും
വിരോധമില്ല…

ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍
അങ്ങയുടെ ജാതിയേതാണെന്ന്
ഞങ്ങള്‍ ആരാഞ്ഞതുമില്ല
വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും
ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍
നാം തകര്‍ക്കണ്ടേ ചങ്ങാതി..

ഏതായാലും
ഈ ജനകീയ ഭക്ഷണശാലയില്‍ വന്നതിനും
എആ യില്‍ കുറിച്ചതിനും നന്ദി

ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ല
ഒരു മനുഷ്യരുടെയും
രക്തം വീഴാത്താ കാലത്തിനെ
കാംക്ഷിക്കുന്ന
ഒരു സ്നേഹജാലകം പ്രവര്‍ത്തകന്‍

 

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയായ എന്‍.വി കിരണിനാണ് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കിരണിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും കാലിനും കുത്തേറ്റ കിരണിന്റെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതി കൈവന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നു പുലര്‍ച്ചെ നാലു മണിക്ക് തൃച്ചംബരം ഡ്രീം പാലസിനു സമീപത്തുവെച്ചാണ് 19 കാരനായ കിരണ്‍ ആക്രമിക്കപ്പെടുന്നത്. ഇയാളെ ആക്രമിക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍ ബിജെപി അനുകൂലികളാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ നാല് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. പതിനഞ്ചംഗ സംഘമാണ് കിരണിനെ കുത്തിയെതെന്നും മുഴുവന്‍ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായ കിരണിനെ ആക്രമിച്ചതിന് പിന്നില്‍ രാഷ്ട്രീയ വൈര്യാഗ്യമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോ ഓപ്പറേറ്റീവ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള കിരണ്‍ എസ്എഫ്‌ഐയുടെ വളര്‍ന്നു വരുന്ന നേതാക്കളില്‍ ഒരാളാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.

RECENT POSTS
Copyright © . All rights reserved