സ്വന്തം ലേഖകന്‍

അയര്‍ലണ്ട് : നീണ്ട വേദനയ്ക്കൊടുവില്‍ സിനി ചാക്കോ ഇനി നിത്യവിശ്രമത്തിലേയ്ക്ക്. മാര്‍ച്ച് 14 രാത്രി കോര്‍ക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും ജോലി കഴിഞ്ഞു നടന്നു മടങ്ങവേ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കോട്ടയം കുറിച്ചി സ്വദേശിനി സിനി ചാക്കോ (27) ഇന്ന് ഉച്ചകഴിഞ്ഞു 12 മണിയോടെയാണ് നിര്യാതയായത്. വട്ടന്‍ചിറയിലായ പാറച്ചേരി കുടുംബാംഗമാണ്. ഒക്ടോബറിലാണ് അയര്‍ലണ്ടില്‍ സ്റ്റാഫ് നഴ്സായി സിനി എത്തിയത്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും നഴ്സിംഗില്‍ മികച്ച മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കിയ സിനി തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യവെയാണ് അയര്‍ലണ്ടില്‍ എത്തിയത്.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അബോധാവസ്ഥയില്‍ ആയിരുന്ന സിനി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതേവരെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അപകടവിവരമറിഞ്ഞു കേരളത്തില്‍ നിന്നും സിനിയുടെ മാതാപിതാക്കളും, ഗള്‍ഫിലുള്ള സഹോദരനും കോര്‍ക്കില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സിനിയ്ക്ക് വേണ്ടി കോര്‍ക്ക് യൂണിവേഴ്സിറ്റി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തുകയും കൂദാശകള്‍ നല്‍കുകയും ചെയ്തിരുന്നു.

സിനി അപകടാവസ്ഥ അതിജീവിക്കാനായുള്ള സാധ്യതയില്ലെന്ന സൂചനകള്‍ ആശുപത്രി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും പ്രാത്ഥനാപൂര്‍വം, പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തി കൊണ്ടാണ് സിനി കടന്നുപോയത്. മരണസമയത്ത് മാതാപിതാക്കളും, സഹോദരനും, ഉള്‍പ്പെടയുള്ള ബന്ധുക്കളും, കോര്‍ക്ക് ഹോളി ട്രിനിറ്റി മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ജോര്‍ജ് സക്കറിയയും അടക്കമുള്ളവര്‍ സമീപത്തുണ്ടായിരുന്നു.

സിനിയുടെ അകാലത്തിലുള്ള നിര്യാണവാര്‍ത്തയറിഞ്ഞ കോര്‍ക്ക് മലയാളി സമൂഹവും ദുഃഖത്തിലാണ്. ഒരു ഘട്ടത്തില്‍ സിനിയുടെ ജീവന്‍ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയുയര്‍ന്നിരുന്നുവെങ്കിലും വിധിയോടും, ഈശ്വരനിശ്ചയത്തോടും വിധേയപ്പെട്ടാണ് സിനി ചാക്കോ കടന്നു പോയത്.

പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും 

ഏപ്രില്‍ 14 ന് (ശനി) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 മണി വരെയും, ഏപ്രില്‍ 15 (ഞായര്‍)ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും കോര്‍ക്ക് യൂണിവേഴ്സ്റ്റിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയില്‍ സിനിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനായി ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ 15 ന് ഞായറാഴ്ച്ച

വൈകിട്ട് നാല് മണിയ്ക്ക് വില്‍ട്ടണിലെ എസ് എം എ ചര്‍ച്ചിലേയ്ക്ക് എത്തിക്കുന്ന ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടും. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമായ സിനിയുടെ സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തപ്പെടും.