ആലപ്പുഴ കഞ്ഞിക്കുഴിയില് വാഹനപരിശോധനയ്ക്കിടെ രണ്ടുയാത്രക്കാര് മരിച്ച സംഭവത്തില് കുറ്റക്കാരായ പൊലീസുകാര്ക്കെതിരെ കേസില്ല. അപകടത്തില് ഗുരുതരമായി പരുക്കേറ്റ് ചികില്സയില് കഴിയുന്ന കഞ്ഞിക്കുഴി സ്വദേശി ക്ഷേബുവിനെതിരെ മനപൂര്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയും ചെയ്തു. അപകടത്തില് ക്ഷേബുവിന്റെ ഭാര്യ മരിക്കുകയും രണ്ടു പെണ്കുട്ടികള്ക്ക് ഗുരുതരമായി പരുക്കേല്ക്കുകയും ചെയ്തിട്ടും നീതി കിട്ടുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
എഴുന്നേല്ക്കാന്പോലുമാവാത്ത വിധം കിടപ്പിലാണ് ക്ഷേബു. നട്ടെല്ലിനാണ് പരുക്ക്. മറ്റൊരു മുറിയില് കാലിനും കൈക്കും പ്ലാസ്റ്ററിട്ട് മൂത്തമകള് ഹര്ഷ. തൊട്ടടുത്ത് ഈ അവസ്ഥയില് ഇളയമകള് ശ്രീലക്ഷ്മി. ഇരുവരുടെയും കാലുകള്ക്ക് ശസ്ത്രക്രിയ നടത്തി ലോഹദണ്ഡ് ഘടിപ്പിക്കേണ്ടിവന്നു. ബൈക്കില് ഒപ്പം യാത്രചെയ്തിരുന്ന അമ്മ ഇപ്പോള് ഓര്മ്മ മാത്രമാണ്.
പക്ഷേ പൊലീസിന്റെ രേഖകളില് ഈ കുടുംബമാണ് ഇപ്പോഴും കുറ്റക്കാര്. ആപത്തുവരും വിധം, അതിവേഗതയില്, ഉദാസീനമായി ബൈക്കോടിച്ച് ക്ഷേബു രണ്ടുപേരുടെ മരണത്തിനിടയാക്കി എന്നാണ് എഫ്.ഐ.ആര്. എന്നാല് അപകടം നടന്നത് പൊലീസ് വാഹനം കുറുകെയിട്ടതുകൊണ്ടാണെന്ന് ക്ഷേബുവിന്റെ മൊഴിയിലുണ്ട്. പക്ഷേ ഇക്കാര്യം പൊലീസ് പരിഗണിച്ചതേയില്ല.
സ്പെഷ്യല് ബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്ട്ട് അടിസ്ഥാനമാക്കി ആലപ്പുഴ എസ്.പി. എസ് സുരേന്ദ്രന് നല്കിയ റിപ്പോര്ട്ടില് പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈവേ പൊലീസില് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയെ സസ്പെന്ഡ് ചെയ്തതും രണ്ട് സിപിഓമാര്ക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചതും. എന്നിട്ടും രണ്ടുപെണ്മക്കള്ക്കൊപ്പം ഗുരുതരാവസ്ഥയില് കഴിയുന്ന ഈ ഗൃഹനാഥനാണ് അന്വേഷണവഴിയില് കുറ്റക്കാരന്.
ജില്ലാപൊലീസ് മേധാവിയുടെയും ഐജിയുടെയും നടപടി തള്ളുന്നതാണ് മാരാരിക്കുളം പൊലീസിന്റെ അന്വേഷണം എന്നതാണ് വിചിത്രം.
നോ ഹോംവര്ക്ക് പോളിസി നടപ്പാക്കാനൊരുങ്ങിയ സ്കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്. സംഭവം വിവാദമായതിനെത്തുടര്ന്ന് ഹെഡ്ടീച്ചറിനെ സസ്പെന്ഡ് ചെയ്തു. ഫിലിപ്പ് മൊറാന്റ് സ്കൂള് ആന്ഡ് കോളേജ് ആണ് ഹോംവര്ക്ക് വേണ്ടെന്ന നിലപാടെടുത്ത് വിവാദത്തിലായത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഹെഡ്ടീച്ചറായ കാതറീന് ഹട്ലിയെ സസ്പെന്ഡ് ചെയ്തത്. ഫിലിപ്പ് മൊറാന്റ് സ്കൂള്, ക്ലോണ് കമ്യൂണിറ്റി സ്കൂള് ആന്ഡ് കോളേജ് എന്നിവയുടെ നടത്തിപ്പ് ചുമതലയുള്ള ത്രൈവ് പാര്ട്ണര്ഷിപ്പ് അക്കാഡമി ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ നര്ദീപ് ശര്മയെയും സസ്പെന്ഡ് ചെയ്തിട്ടുണ്ട്.

ട്രസ്റ്റിന്റെയും അതിന് കീഴിലുള്ള സ്കൂളുകളുടെയും പുതിയ ഗവേണന്സ് പരിഷ്കാരങ്ങളെക്കുറിച്ച് അടിയന്തര വിലയിരുത്തല് നടത്തണമെന്ന് ആവശ്യപ്പെട്ട് കോള്ചെസ്റ്റര് എംപി വില് ക്വിന്സും ഹാര്വിച്ച് ആന്റ് നോര്ത്ത് എസെക്സ് എംപി ബെര്നാര്ഡ് ജെന്കിനും വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഫിലിപ്പ് മൊറാന്റ് സ്കൂളില് പഠിക്കുന്ന ഞങ്ങളുടെ കുട്ടികളെ അധികൃതര് ഭീഷണിപ്പെടുത്തുന്നതായും സ്കൂള് നടപ്പിലാക്കിയ നോ ഹോംവര്ക്ക് പോളിസിയെപ്പറ്റിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കളില് നിന്ന് കഴിഞ്ഞ മാസങ്ങളില് നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നതെന്ന് എംപിമാര് കത്തില് പറയുന്നു. പരാതികളുമായി ബന്ധപ്പെട്ട കാര്യങ്ങള് സ്കൂളിന്റെയും ട്രസ്റ്റിന്റെയും ശ്രദ്ധയില് പെടുത്തിയെങ്കിലും മറുപടി പറയുന്നതില് നിന്നും ഒഴിഞ്ഞു മാറുന്ന നിലപാടാണ് അധികൃതര് സ്വീകരിച്ചത്. പരാതികളോട് മുഖം തിരിച്ചു നില്ക്കുകയാണ് സ്കൂള് അധികൃതര് ചെയ്യുന്നതെന്നും കത്തില് പറയുന്നു.

സ്കൂള് അധികാരികളിലുള്ള മാതാപിതാക്കളുടെ വിശ്വാസം നഷ്ടടപ്പെട്ടു കഴിഞ്ഞുവെന്നും പരാതികളുമായി ചിലര് പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റികളെയും റീജിയണല് സ്കൂള് കമ്മീഷണറെയും സമീപിച്ചിരുന്നു. പരീക്ഷാ കാലഘട്ടം അടുത്തുകൊണ്ടിരിക്കുന്ന സമയമാണിത്. അതുകൊണ്ടു തന്നെ വിദ്യാര്ത്ഥികളെ സഹായിക്കാനും കാര്യങ്ങളെ കൃത്യമായി നിയന്ത്രിക്കാനും കഴിവുള്ള നേതൃത്വമാണ് സ്കൂളിന് ഉള്ളതെന്ന് ഉറപ്പു വരുത്തണമെന്ന് ഡിപ്പാര്ട്ട്മെന്റ് ഓഫ് എജ്യൂക്കേഷനോട് എംപിമാര് ആവശ്യപ്പെട്ടു. വിദ്യാര്ത്ഥികള്ക്ക് ഹോം വര്ക്കുകള് നല്കുന്നത് നിര്ത്തലാക്കിയ നടപടി ഫിലിപ്പ് മൊറാന്റ് സ്കൂള് അധികൃതര് നടപ്പിലാക്കുന്നത് 2016 സെപ്റ്റബറിലാണ്. ഈ തീരുമാനം വിവാദമാകുമെന്ന് അറിയാമായിരുന്നുവെന്നും പദ്ധതി വിദ്യാര്ത്ഥികള്ക്ക് ഉപകാരപ്രദമാകുമെന്നതിനാലാണ് നടപ്പാക്കിയതെന്നും കാതറിന് ഹട്ലി പ്രതികരിച്ചു. ഈ അദ്ധ്യയനവര്ഷത്തിന്റെ തുടക്കം മുതല്തന്നെ രക്ഷിതാക്കള് സ്കൂളിന്റെ പോളിസിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
കോട്ടയം പാലായില് കാറിന് തീ പിടിച്ച് യുവാവ് മരിച്ചു. വലവൂരില് ആണ് സംഭവം. കാറില് എത്തിയ യുവാവ് കാര് റോഡരികില് ഒതുക്കിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുക ആയിരുന്നുവെന്നാണ് റിപ്പോര്ട്ടുകള്. പാലാ മുരിക്കുംപുഴ സ്വദേശി സുരേഷ് ആണ് മരിച്ചത്. ഫയര് ഫോഴ്സ് വാഹനം എത്തി തീയണച്ചപ്പോഴേക്കും കാര് പൂര്ണ്ണമായും കത്തി നശിച്ചിരുന്നു. കാറിന്റെ പിന്സീറ്റില് ഉണ്ടായിരുന്ന സുരേഷും വാഹനത്തോടൊപ്പം കത്തിയമര്ന്നു.
വീഡിയോ താഴെ
തിരുവനന്തപുരം കടയ്ക്കാവൂരില് ബൈക്ക് ഇടിച്ചിട്ട മല്സ്യവില്പനക്കാരിയെ തിരിഞ്ഞുനോക്കാതെ നാട്ടുകാര്. കടയ്ക്കാവൂര് സ്വദേശിനി ഫിലോമിന റോഡില് ചോരവാര്ന്ന് കിടന്ന പതിനഞ്ച് മിനിറ്റിനുളളില് സര്ക്കാരിന്റേതടക്കം നാല്പത് വാഹനങ്ങള് ഈ വഴി കടന്നുപോയതായി സിസിടിവി ദൃശ്യങ്ങള് തെളിയിക്കുന്നു. നൗഫലെന്ന യുവാവാണ് ഒടുവില് ഫിലോമിനയെ ആശുപത്രിയിലെത്തിച്ചത്. നിര്ത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസ് അറസ്റ്റുചെയ്തു.
കടയ്ക്കാവൂര് മേല്പ്പാലത്തിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. മല്സ്യവില്പനയ്ക്കിറങ്ങിയ ഫിലോമിനയെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂന്നുപേര് സഞ്ചരിച്ച ബൈക്ക് നിര്ത്താതെ പോയി. ഇത് കണ്ടിട്ടോ ഫിലോമിന റോഡില് ചോരയൊലിപ്പിച്ച് കിടക്കുന്നത് കണ്ടിട്ടോവഴിയാത്രക്കാരാരും തിരിഞ്ഞുനോക്കിയില്ല.
പതിനഞ്ച് മിനിട്ടിനുള്ളില് കടന്നുപോയത് സര്ക്കാരിന്റേത് അടക്കം നാല്പത് വാഹനങ്ങള്. ഒടുവില് നൗഫല് എന്ന യുവാവാണ് പൊലീസിന്റ സഹായത്തോടെ ഫിലോമിനയെ ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമല്ല. നിര്ത്താതെ പോയ ബൈക്ക് യാത്രികന് ആറ്റിങ്ങല് സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫിലോമിനയെ രക്ഷിച്ച നൗഫലിനെ പൊലീസ് ആദരിച്ചു. മൊഴി നല്കാന് പൊലീസ് സ്റ്റേഷനിലെത്തിയ ഫിലോമിന തന്നെയാണ് നൗഫലിനെ പൊന്നാടയണിയിച്ച് ആദരിച്ചത്. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാര്ത്തയാവുകയും ചെയ്തു.
വിവാദ മദ്യ വ്യവസായി വിജയ് മല്യ മൂന്നാമതും വിവാഹിതാനാകുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യന് ബാങ്കുകളില് നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം ലണ്ടനിലേക്ക് മുങ്ങിയ മല്യ അവിടെ വച്ചാണ് മൂന്നാം വിവാഹം കഴിക്കുന്നത്. 62ാം വയസ്സിൽ ഇപ്പോഴത്തെ പങ്കാളിയായ പിങ്കി ലാൽവാനിയെയാണ് വിജയ് മല്യ വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. കിംഗ്ഫിഷറിലെ എയര്ഹോസ്റ്റസ് ആയിരുന്ന സമീറ തിയാബ്ജിയെയും പിന്നീട് രേഖ മല്യയെയുമാണ് വിജയ് മല്യ വിവാഹം കഴിച്ചിരുന്നത്.
2011ൽ കിങ്ഫിഷർ എയർലൈൻസില് എയർഹോസ്റ്റസായി ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് പിങ്കിയും മല്യയും തമ്മിൽ അടുക്കുന്നത്. പൊതുചടങ്ങുകളിൽ എല്ലാം വിജയ് മല്യയോടോപ്പം പിങ്കി ലാൽവാനിയും ഉണ്ടായിരുന്നു. ഇതോടെെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു തുടങ്ങിയത്.

വിജയ് മല്യയുടെ അമ്മയ്ക്കൊപ്പവും പിങ്കിയെ കാണാൻ തുടങ്ങിയതോടെ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി. പിങ്കി കിംഗ്ഫിഷറിന്റെ പരസ്യത്തില് അഭിനയിച്ചിട്ടുണ്ട്. വിജയ് സാമ്പത്തികമായി തകർന്നപ്പോഴും നെടുംതൂണായി കൂടെനിന്നു പിന്തുണച്ചിരുന്നു പിങ്കി. അടുത്തിടെയാണ് ഇരുവരും ഒന്നിച്ചുള്ള മൂന്നാം വാർഷികം ആഘോഷിച്ചത്. ഇന്ത്യയിലെ 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പെസഹായും ഈസ്റ്ററുമൊക്കെ പ്രമാണിച്ച് ആണ്ടുകുമ്പസാരത്തിന് അവധി നല്കാതെ താനെങ്ങനെ കുമ്പസാരിക്കുമെന്ന് നിയമസഭയില് പിസി ജോര്ജ് എംഎല്എ. തനിക്ക് കുമ്പസാരിക്കാനായി നിയമസഭയ്ക്ക് തന്നെ അവധി നല്കണമെന്നാവശ്യപ്പെട്ട പിസി ജോര്ജിന്റെ പ്രസ്താവനയാണ് ചര്ച്ചയായത്. ഭരണ പ്രതിപക്ഷ അംഗങ്ങള് വിഷയം ഏറ്റെടുത്തതോടെ രണ്ടുമിനിറ്റു പോലും കുമ്പസാരിക്കേണ്ട പാപമില്ല തനിക്കെന്നായി പിസി ജോര്ജ്. ധനകാര്യ ബില് അവതരണത്തിന്റെ ഭേദഗതി നിര്ദേശങ്ങള് ചര്ച്ചചെയ്യുന്നതിനിടെയാണ് പൂഞ്ഞാര് എംഎല്എ കുമ്പസാരിക്കാനായുള്ള അവധി ആവശ്യവുമായി എത്തിയത്. ‘നാളെയാണ് ആണ്ടു കുമ്പസാരം..അതുകഴിഞ്ഞ് കുമ്പസാരിക്കാന് പറ്റില്ല. നാളെ നിയമസഭ വെച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഞാന് നാളെയെങ്ങനെ ആണ്ടു കുമ്പസാരം നടത്തും. അപ്പോ എന്നെ പാപത്തിലേക്ക് പറഞ്ഞു വിടാമോ’ എന്നായിരുന്നു സഭയോടുള്ള പിസിയുടെ ചോദ്യം.
ഇതോടെ ഒരോ സാമാജികരും ഇതില് അഭിപ്രായവുമായി എത്തി. ആദ്യ മറുപടിയുമായെത്തിയത് മുന് മന്ത്രി അടൂര് പ്രകാശാണ്. ഇത്രയും നാള് ചെയ്ത പാപങ്ങള് എല്ലാം എറ്റു പറയേണ്ടതായി വരുമെന്നും അതിനുള്ള ചാന്സാണ് പിസി ചോദിച്ചതെന്നും ആയി അടൂര് പ്രകാശ്. സാധാരണ ആളുകള്ക്ക് കുമ്പസാരിക്കാന് ഒരു ദിവസം മതി.. പക്ഷേ പിസി ജോര്ജിന് ഒരു ദിവസം മതിയാകില്ലെന്ന് ആര് രാജേഷും കുമ്പസാരം കേള്ക്കുന്ന അച്ചന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിറ്റയം ഗോപകുമാറും ചോദിച്ചു. തന്റെ നാട്ടില് വന്ന് കഴിഞ്ഞ ദിവസം ചെയ്ത പാപത്തിന് പിസി ഇന്നലെ തന്നെ കുമ്പസാരിച്ചുവെന്നായിരുന്നു തളിപറമ്പ് എംഎല്എ ജെയിംസ് മാത്യുവിന്റെ കമന്റ്.
എന്നാല് ഈ പരിഹാസങ്ങളെല്ലാം നേരിട്ട് കൊച്ചുങ്ങളാണ് നിങ്ങളൊക്കെയെന്നും അതിനാല് ക്ഷമിച്ചുവെന്നും ഒരു മിനിട്ട് മതി തനിക്ക് കുമ്പസാരിക്കാനെന്നും പറഞ്ഞ് പിസി തന്നെ ചര്ച്ച അവസാനിപ്പിക്കുകയായിരുന്നു.
അംഗീകാരമില്ലാത്ത സ്കൂളുകള് അടുത്ത അധ്യയനവര്ഷം അടച്ചുപൂട്ടില്ലെന്ന് സര്ക്കാര്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്നു സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള് നല്കിയ ഹര്ജിയിലാണ് സര്ക്കാര് നിലപാട് അറിയിച്ചിരിക്കുന്നത്. അംഗീകാരമില്ലാത്ത 1500 സ്കൂളുകള് അടച്ചുപൂട്ടാനാണ് നേരത്തെ നോട്ടീസ് നല്കിയിരുന്നത്. ഇതിനെതിരെ മൂന്നുവര്ഷത്തെ സാവകാശം തങ്ങള്ക്ക് നല്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്ജി പരിഗണിച്ച കോടതി സര്ക്കാരിനോട് മൂന്നു മാസത്തിനകം എതിര് സത്യവാങ്മൂലം നല്കാനും ഇന്ന് ആവശ്യപ്പെട്ടു. ഹര്ജിയില് ഉത്തരവ് ഉണ്ടാവുന്നത് വരെ സ്കൂളുകള് അടച്ചുപൂട്ടരുതെന്നും കോടതി പറഞ്ഞു.
അംഗീകാരമില്ലാല്ലാത്ത സ്കൂളുകള്ക്ക് അടുത്ത വര്ഷം മുതല് പ്രവര്ത്തിക്കാന് പാടില്ലെന്ന് കാണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നല്കിയത്. ഈ സ്കൂളുകളിലെ വിദ്യാര്ത്ഥികളിലെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാനും വിദ്യാഭ്യാസ വകുപ്പ് നിര്ദ്ദേശിച്ചിരുന്നു. സ്കൂളുകള് പൂട്ടുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും നിയമസഭയില് പറഞ്ഞിരുന്നു.
സുര്യാ കിരണ്
ന്യൂഡല്ഹി : അടുത്ത 5 വര്ഷത്തേയ്ക്ക് എല് ഡി എഫ് തെരഞ്ഞെടുത്ത രാജ്യസഭാ എം പിയാണ് എം പി വീരേന്ദ്രകുമാർ . പേരിൽ തന്നെ എം പി എന്ന സ്ഥാനം ലഭിച്ച ഭാഗ്യവാന് . മരണം വരെ എംപിയായി തന്നെ ജീവിക്കാന് ജനിച്ച എം പി വീരേന്ദ്രകുമാർ. എഴുന്നേറ്റ് നടക്കാന് വയ്യ , എന്നാലും എം പിയായി തന്നെ വീണ്ടും രാജ്യസഭയിലേയ്ക്ക് . ലക്ഷ്യം ജനസേവനം . തെരഞ്ഞെടുത്ത് വിടുന്നത് പ്രത്യേയശാസ്ത്രത്തില് നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകാത്ത സി പി എം എന്ന തൊഴിലാളി വര്ഗ്ഗ പാര്ട്ടി . വീരേന്ദ്രകുമാർ വിഭാഗത്തെ ഒരു കാലത്തും എൽ ഡി എഫിൽ എടുക്കില്ല എന്ന് ആണയിട്ട് പറഞ്ഞ ” കടക്ക് പുറത്ത് ” പിണറായിയുടെ കേരള കമ്മ്യൂണിസ്റ്റ് പാര്ട്ടി .
ഒന്ന് എഴുന്നേറ്റ് നില്ക്കണമെങ്കില് രണ്ട് പേരുടെ സഹായം ആവശ്യമുള്ള , 82 വയസ്സുള്ള വൃദ്ധനായ ഈ കോടീശ്വരനെ മാത്രമേ ഈ പ്രത്യേയശാസ്ത്ര പാര്ട്ടിക്ക് സ്ഥാനാര്ത്ഥിയായി കിട്ടിയുമുള്ളൂ . ആരെങ്കിലും ഇതിനെ വിമര്ശിച്ചാല് കമൂണിസ്റ്റ് വിരോധം എന്ന പേരില് ആ വിമര്ശനങ്ങള്ക്ക് മറുപടി നല്കി രക്ഷപെടുകയും ചെയ്യും . എന്തിലും വലുത് പാര്ട്ടിയാണ് എന്ന് ചിന്തിക്കുന്ന ന്യായീകരണ തൊഴിലാളികളായ അണികള് ഉള്ളപ്പോള് സി പി എമ്മിലെ മുതലാളിമാര് എന്തിന് ഭയപ്പെടണം . എല് എഡി എഫ് രാഷ്ട്രീയത്തില് കാര്യശേഷിയുള്ള ലക്ഷക്കണക്കിന് യുവാക്കളും മധ്യവയസ്കരും ഉള്ള നാട്ടില് നിന്നാണ് 82 വയസ്സുള്ള ഈ കോടീശ്വരനെ തന്നെ എം പി യായി തെരഞ്ഞെടുത്ത് വിട്ടത് എന്നോര്ക്കണം.
ഇനിയും വീരേന്ദ്രകുമാര് എന്ന വൃദ്ധനായ ഈ ജനസേവകന് എം പി യായ രീതി ഒന്ന് കാണുക . എല് ടി എഫിനെ തെറി പറഞ്ഞ് യു ഡി എഫില് എത്തിയ വീരന് രാജ്യസഭ എം പിസ്ഥാനവും , മകനായ ശ്രേയസ് കുമാറിന് സ്ഥാനാര്ത്ഥിത്വവും നേടിയെടുത്തിരുന്നു . തന്റെ പേരിലുള്ള സ്വത്ത് കേസ്സില് നിന്ന് രക്ഷപെടാന് ഇനിയും എല് ഡി എഫില് നില്ക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയ വീരന് വീണ്ടും എല് ഡി എഫിലേയ്ക്ക് ചേക്കേറാനുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു . എല് ഡി എഫിലെ എല്ലാ ഘടകകക്ഷികളുടെയും , മഹാഭൂരിപക്ഷം അണികളുടെയും എതിര്പ്പ് അവഗണിച്ച് , കേരള കമ്മൂണിസ്റ്റ് പാര്ട്ടിയുടെ മൊതലാളി പിണറായി വിജയന് വീരേന്ദ്രകുമാറിന് എല് ഡി എഫിലെയ്ക്ക് രാജകീയ സ്വീകരണം നല്കി . കഴിഞ്ഞ കാലങ്ങളില് താന് വീരനെതിരെ വിളിച്ച എല്ലാ പരനാറി പ്രയോഗങ്ങളും മറന്ന് വീരനെ വീണ്ടും എല് ഡി എഫിന്റെ എം പിയാക്കാന് തീരുമാനിച്ചു .
ലക്ഷക്കണക്കിന് അണികളും , കോടികള് ആസ്തിയുമുള്ള നേതാവാണ് വീരന് , അതുകൊണ്ട് തന്നെ ആ വീരന് എല് ഡി എഫില് എത്തിയാല് നമ്മുടെ പ്രത്യേയശാസ്ത്ര പാര്ട്ടിക്ക് കേരളത്തില് വന് വളര്ച്ചയുണ്ടാക്കും എന്നാണ് സഖാവ് ന്യായീകരണ തൊഴിലാളികള്ക്കായി നല്കിയ വിശദീകരണം . അങ്ങനെ വീരന് യു ഡി എഫില് നിന്ന് ലഭിച്ച എം പി സ്ഥാനം രാജിവയ്ക്കുന്നു , വീട്ടിൽ വന്ന് മറ്റൊരു കുപ്പായം എടുത്തിട്ട് എല് ഡി എഫിന്റെ വക എം പിയായി വീണ്ടും രാജ്യസഭയിലേയ്ക്ക് യാത്രയാവുന്നു . അങ്ങനെ രണ്ടു മുതലാളിമാരും കൂടി പുതിയൊരു പ്രത്യേയശാസ്ത്രത്തിന് തുടക്കവും കുറിച്ചു . എത്ര മനോഹരമായ ആചാരങ്ങള് . എത്രധികം കഷ്ടപ്പെട്ടിട്ടാണ് 82 വയസ്സുള്ള ഈ വൃദ്ധന് തന്റെ ജനങ്ങള്ക്ക് വേണ്ടി മുന്നണികള് മാറി മാറി മരണംവരെ ജനസേവനം നടത്തുന്നതെന്ന് നിങ്ങള് തിരിച്ചറിയണം .
പ്രാസംഗികന് , എഴുത്തുകാരന് , പത്ര പ്രവര്ത്തകന് , കോടീശ്വരന് അങ്ങനെ വിശേഷണങ്ങള് ഒരുപാടുണ്ട് വീരേന്ദ്ര കുമാറിന് . ജനതാദള് യുണൈറ്റഡ് കേരള ഘടകത്തിന്റെ പ്രസിഡണ്ടും പാര്ട്ടിയുടെ സര്വ്വസ്വാധീനവും കാല്കീഴിലാക്കിയ രാഷ്ട്രീയ തന്ത്രശാലിയും . എഴുത്തും , പ്രസംഗങ്ങളും ഒക്കെ കേട്ടാൽ ആരും ഒന്ന് സലൂട്ട് ചെയ്തുപോകും . അത്രയ്ക്ക് മനോഹരമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള് . ഇപ്പോള് 82 വയസ്സില് , ശാരീരിക അസ്വസ്ഥതകള് മൂലം സ്വകാര്യ ചടങ്ങുകളില് നിന്ന് പോലും അദ്ദേഹം വിട്ട് നില്ക്കാറാണ് പതിവ്. പാര്ട്ടിയില് മത്സരിക്കാന് കഴിവുള്ള നേതാക്കള് ഇല്ലാഞ്ഞിട്ടോ , പുതിയൊരു സ്ഥാനാര്ത്ഥിയെ പ്രവര്ത്തകര് ആഗ്രഹിക്കാത്തതോ അല്ല കാരണം . മറിച്ച് എം. പി എന്ന പദവിയും , അത് നല്കുന്ന അധികാരത്തിന്റെ ലഹരിയും ഈ പ്രായത്തിലും അദ്ദേഹം ആസ്വദിച്ച് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
ഇതെല്ലാം ഓരോ പാര്ട്ടിയുടെയും രാഷ്ട്രീയ താല്പര്യങ്ങള് അല്ലേ ?, നിങ്ങള് എന്തിനാണ് ചര്ച്ച ചെയ്യുന്നത് എന്ന് ചോദിച്ചാല് , അല്ല . ഇവിടെ നിങ്ങള് ഉത്തരം നല്കേണ്ട ചില ചോദ്യങ്ങള് പൊതുജനത്തിന് വേണ്ടി നിങ്ങളോട് ചോദിക്കേണ്ടി വരും . അതില് ഏറ്റവും പ്രധാനം , കോടീശ്വരനായിട്ടും വാര്ദ്ധക്യത്തിന്റെ അവശതകള് അനുഭവിച്ചു കഴിയുന്ന വീരന്റെ ചികിത്സയും മറ്റ് ആനുകൂല്യങ്ങളുമെല്ലാം പൊതുജനങ്ങളുടെ നികുതി പണം കൊണ്ടല്ലേ നടക്കുന്നത് എന്നതാണ് . വാര്ദ്ധക്യം ഒരിക്കലും ഒരു കുറവായിട്ട് കാണുന്നതല്ല മറിച്ച് ജനപ്രതിനിധിയായിരിക്കുമ്പോള് ജനങ്ങള്ക്ക് ആ വ്യക്തിയില് നിന്നും ലഭിക്കേണ്ട മുഴുവന് പ്രവര്ത്തനങ്ങള്ക്കും ആരോഗ്യവും ഒരു പ്രധാന ഘടകമല്ലെ?. എം പി സ്ഥാനം രാജി വച്ച് വീരേന്ദ്ര കുമാര് എല് ഡി എഫിലേക്ക് ചേക്കാറാനൊരുങ്ങുന്നു എന്ന് വാര്ത്തകളില് നിറഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു എം പി ഉണ്ടായിരുന്നോ എന്ന് ട്രോളര്മാര് പോലും ചോദിച്ചത്. എം പി എന്ന നിലയില് നാടിന് വേണ്ടി അദ്ദേഹം എന്ത് ചെയ്തു എന്ന് ചിന്തിക്കുമ്പോഴാണ് അതിലെ നര്മ്മം ഏറെ പ്രസക്തമാവുന്നത്.
ആദ്യം എം പിയായിരുന്നപ്പോള് രാജ്യസഭയില് വീരേന്ദ്രകുമാറിന്റെ ഹാജര് നില 55 ശതമാനം മാത്രമായിരുന്നു . ഈ ഒരു ഉദാഹരണം മാത്രം മതി നമ്മുടെ എംപി അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തില് എത്രത്തോളം തല്പരനായിരുന്നുവെന്ന് മനസിലാക്കാന്. ഉത്തരവാദിത്വപ്പെട്ട ജനപ്രധിനിധികള് രാഷ്ട്രീയത്തിലെ തങ്ങളുടെ കാലാവധി എന്നത് മരണംവരെയാണ് എന്ന നിര്ബന്ധബുദ്ധി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിവും പ്രാപ്തിയുമുള്ള യുവരക്തങ്ങള് ഇത്തരം സ്ഥാനത്തേക്ക് എത്തിയെങ്കില് മാത്രമേ ജനാധിപത്യം കൊണ്ട് സാധാരണക്കാര്ക്ക് പ്രയോജനം ലഭിക്കു.
പ്രത്യശാസ്ത്ര ചര്ച്ചകള് ഒരു വഴിക്കും , പ്രവര്ത്തി മറ്റൊരു വഴിക്കും കൊണ്ടു പോകുന്ന പാര്ട്ടിയുടെ നേതാവാണ് സഖാവ് സീതാറാം യെച്ചൂരിയെങ്കിലും , ഇന്ത്യന് പാര്ലമെന്റിനകത്ത് പൊതുജനം കാണാന് ആഗ്രഹിക്കുന്ന മുഖങ്ങളിലൊന്നാണ് സീതാറാം യെച്ചൂരി. അദ്ദേഹത്തിന് പോലും പിണറായിയുടെ കേരള കമ്മ്യൂണിസ്റ്റ് പാര്ട്ടിയെ നിയന്ത്രിക്കാന് പറ്റാത്ത രീതിയിലേക്ക് ഈ പാര്ട്ടി അധപതിച്ചിരിക്കുന്നു എന്നാണ് സമീപകാല സി പി എം രാഷ്ട്രീയം വ്യക്തമാക്കുന്നത്. കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന വീരന്ദ്രകുമാറിനെ എല് ഡി എഫിലേയ്ക്ക് ആനയിക്കുന്നതിലെ ആദര്ശ രാഷ്ട്രീയം എന്താണെന്ന് ഒരു സി പി എമ്മുകാരന് പോലും മനസ്സിലാകുന്നില്ല . സി പി എം മുതലാളിമാരുടെ ഈ കപടരാഷ്ട്രീയം തന്നെയല്ലേ ഇന്നത്തെ ഇടതുപക്ഷ തകര്ച്ചയുടെ പ്രധാന കാരണവും.
സ്വന്തം പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവച്ച യോഗ്യതയുള്ള അനേകം സഖാക്കൾ ഉണ്ടായിട്ടും , എന്ത് വില കൊടുത്തും എണീറ്റ് നിൽക്കാൻ ശേഷിയില്ലാത്ത ഇത്തരം വീരന്മാരുടെ പാർലമെന്റിറി മോഹത്തെ ഇന്നത്തെ മൊതലാളി സഖാക്കള് സാധിച്ച് കൊടുത്തിരിക്കും . ഇത് അല്ലേ ഇന്നത്തെ മൊതലാളി വര്ഗ്ഗ ഇടത്പക്ഷത്തിന്റെ പ്രത്യേയശാസ്ത്രവും . അതുകൊണ്ട് തന്നെയല്ലേ ഇന്നത്തെ ഇടതനും , വലതനും , ബി ജെ പിയുമെല്ലാം വെറും കുട്ടുകൃഷിക്കാരായ കച്ചവടക്കാരാണെന്ന് ജനം വിശ്വസിക്കുന്നതും .
വണ്ടിത്താവളം ക്ഷേത്രത്തില് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില് പൊള്ളലേറ്റ കുട്ടി മരിച്ചു. അപകടത്തില് 90 ശതമാനം പൊള്ളലേറ്റ പാലക്കാട് സ്വദേശിയായ കെവിന് (7) ആണ് മരിച്ചത്. തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലായിരുന്നു. വണ്ടിത്താവളം അലയാറില് മാരിയമ്മന് കോവിലിലെ പൂജയ്ക്കിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില് പത്തുപേര്ക്ക് പരിക്കേറ്റിരുന്നു. ഉത്സവത്തോട് അനുബന്ധിച്ച് തയാറാക്കിയ പടക്കപ്പുരയിലേക്ക് കുട്ടികള് കത്തിച്ച ഓലപ്പടക്കം വീണാണ് അപകടമുണ്ടായത്. പടക്കപ്പുര കത്തിയമര്ന്നു.
2018 മാര്ച്ച് 08 ടിവിയില് ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിക്കുന്നു, ‘മികച്ച നടന് ഇന്ദ്രന്സ്. ചിത്രം ആളൊരുക്കം.
കഥയുടെ ഫ്ളാഷ് ബാക്ക് ഇങ്ങനെ …
ഇന്ദ്രന്സിന്റെ തിരുവനന്തപുരത്തെ വീട് ആര്പ്പുവിളികളിലേക്കമര്ന്നു. ഒന്നുംമിണ്ടാതെ നിറഞ്ഞ ചിരിയോടെ ജേതാവ് അതേ കസേരയില്തുടര്ന്നു. അഭിനന്ദനമറിയിക്കാന് ആളുകളുടെ ഒഴുക്കായിരുന്നു പിന്നീട്. ഫോണ് നിര്ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. രാത്രി പിന്നിടുമ്പോഴും അത് തുടര്ന്നു. ഇതിനിടയില് ഒരു ഫോണ് കോള് ഇന്ദ്രന്സിനെ പെട്ടെന്ന് നിശബ്ദനാക്കി. അങ്ങേത്തലയ്ക്കല്നിന്നുള്ള വാക്കുകള് തലയാട്ടി കേട്ടു. പിന്നെ മൗനം വെടിഞ്ഞു… ‘അയ്യോ, എന്നോട് മാപ്പൊന്നും പറയല്ലേ. എനിക്കത് മനസ്സിലാകും. അതിലൊന്നും വിഷമമില്ല. എന്നോട് മാപ്പ് പറയരുത്..’ ഇന്ദ്രന്സിന്റെ വാക്കുകള് മുറിഞ്ഞു. അംഗീകാരത്തിന്റെ ചവിട്ടുപടിയില് ആഹ്ലാദത്തോടെനിന്ന നടനോട് ആരാണ് മാപ്പ് പറഞ്ഞത് ? ഇന്ദ്രന്സിനോട് അയാള് ചെയ്ത തെറ്റ് എന്തായിരിക്കും ? ചോദ്യങ്ങളുടെ ഉത്തരംതേടിയുള്ള യാത്ര അവസാനിച്ചത് അനിശ്ചിതത്വങ്ങള് വേട്ടയാടിയ ഒരു സിനിമയുടെ ലൊക്കേഷനിലാണ്. അതെ, ദിലീപിന്റെ ‘കമ്മാരസംഭവം’ എന്ന സിനിമയുടെ ഗോവയിലെ ലൊക്കേഷനില് ! ഇന്ദ്രന്സിനോട് മാപ്പുപറഞ്ഞത് ഷഫീര് സേഠ് ആണ്. അയാളാണ് ‘കമ്മാരസംഭവ’ത്തിന്റെ പ്രൊഡക്ഷന് കണ്ട്രോളര്. മാപ്പ് പറയാനെന്തായിരുന്നു കാരണം ?
മലയാളത്തിലെ മുന്നിര നിര്മാണക്കമ്പനിയുടെ പുതിയ ചിത്രം. വിജയം ആവര്ത്തിക്കാന് കോപ്പുകൂട്ടി ജനപ്രിയനായകന്. കഥാപാത്രത്തിന് വിവിധ ഗെറ്റപ്പുകള് ഉള്ളതിനാല് കൃത്യമായ ഇടവേളകളെടുത്ത് ഷെഡ്യൂളുകളായാണ് ചിത്രീകരണം. രണ്ടാം ഷെഡ്യൂള് മറ്റന്നാള് തുടങ്ങാനുള്ള ഒരുക്കത്തിലാണ് സംവിധായകന്. നിര്മാണച്ചുമതല ഷഫീര് സേഠിനാണ്. പ്രധാനതാരങ്ങള് ഒന്നിച്ചുവരുന്ന രംഗങ്ങളാണ് അടുത്തദിവസങ്ങളില് ചിത്രീകരിക്കേണ്ടത്. താരങ്ങളുടെ ഡേറ്റുകള് തലവേദന സൃഷ്ടിക്കുന്ന സമയം. എങ്കിലും വന്ബഡ്ജറ്റ് സിനിമയായതിനാല് എല്ലാവരും സഹകരിക്കാന് തയ്യാറായി, ഒരാള് ഒഴികെ !
ഇന്ദ്രന്സായിരുന്നു ആ നടന്. ഏതുനിമിഷം വിളിച്ചാലും പരിഭവമോ പരാതിയോ ഇല്ലാതെ എത്തുന്നയാളായതിനാലും വലിയ തിരക്കില്ല എന്ന മുന്വിധിയുള്ളതിനാലും ഷഫീര് സേഠ് ഏറ്റവും ഒടുവിലാണ് ഇന്ദ്രന്സിനെ വിളിച്ചത്.
” ക്ഷമിക്കണം. നിങ്ങള് പെട്ടെന്ന് പറഞ്ഞാല് ബുദ്ധിമുട്ടാകും. മുന്കൂട്ടിപറയാത്തതുകൊണ്ട് വരുംദിവസങ്ങള് മറ്റൊരു സിനിമയ്ക്ക് കൊടുത്തുപോയി.”
ഇന്ദ്രന്സിന്റെ വാക്കുകള്കേട്ട് ഷഫീര് ചിരിച്ചു. ഇതൊക്കെ സിനിമയില് സര്വസാധാരണമാണ്. “ആ സിനിമ ഒഴിവാക്കൂ. ഇല്ലെങ്കില് ഞങ്ങളുടെ സിനിമ കഴിഞ്ഞ് തുടങ്ങാം എന്ന് പറയൂ. താങ്കളില്ലെങ്കില് കമ്മാരസംഭവം മുടങ്ങും. പിന്നെയൊരിക്കലും മറ്റ് നടന്മാരുടെ ഡേറ്റ് ഇങ്ങനെ ഒന്നിച്ചുകിട്ടില്ല. വന്നേ പറ്റൂ”. ഷഫീര് വാക്കുകള് കടുപ്പിച്ചു. പക്ഷെ, ഇന്ദ്രന്സിന് ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. ” ഞാന് വാക്കുകൊടുത്തതാണ്. വലിയ സിനിമയായാലും ചെറിയ സിനിമയായാലും എനിക്ക് ഒരുപോലെയാണ്. നിങ്ങള്ക്ക് വേണമെങ്കില് ആ സംവിധായനോട് സംസാരിക്കാം. അയാള് സമ്മതിച്ചാല് ഞാന് വരാം.”
സ്വന്തം സിനിമ പൂര്ത്തിയാക്കുക, അതുമാത്രമായിരുന്നു ഷഫീര് സേഠിനുമുന്നില്. ഇന്ദ്രന്സിനൊപ്പം മുമ്പ് പ്രവര്ത്തിച്ചിട്ടുണ്ട്. പക്ഷെ, അതൊക്കെ മറന്ന് ഷഫീര് ഇന്ദ്രന്സിനോട് സംസാരിച്ചു. ഇന്ദ്രന്സ് നിലപാടിലുറച്ചുനിന്നു. അടുത്ത നിമിഷം ഷഫീര് ആ ചിത്രത്തിന്റെ സംവിധായകനെ ഫോണില് ബന്ധപ്പെട്ടു. ഇന്ദ്രന്സിനെ വേണമെന്ന് ആവശ്യപ്പെട്ടു. ” ചേട്ടാ, ഇത് എന്റെ ആദ്യസിനിമയാണ്. ഇപ്പോള് നടന്നില്ലെങ്കില് പിന്നീട് നടക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല. ഭാവി നശിപ്പിക്കരുത്.”

ഒന്നുംമിണ്ടാതെ ഫോണ് കട്ടുചെയ്തു. സ്വന്തം സിനിമ എന്നതിനപ്പുറം ഒന്നിനെകുറിച്ചും ഷഫീര് ചിന്തിച്ചില്ല. അതിനുവേണ്ടി ആര് ബലിയാടായാലും പ്രശ്നമില്ലെന്ന തോന്നലാണ് അയാളെ നയിച്ചുകൊണ്ടിരുന്നത്. വീണ്ടും ഇന്ദ്രന്സിനെ വിളിച്ചു. ഇന്ദ്രന്സ് നിലപാടോ ഭാഷയോ മാറാതെ പ്രതികരിച്ചു. ‘ആ സംവിധായകന് ആഗ്രഹിച്ചുചെയ്യുന്ന സിനിമയാണ്. ഞാന് പറഞ്ഞാല് അയാള് സിനിമ മാറ്റിവയ്ക്കും. പക്ഷെ, പ്രൊഡ്യൂസറെ നഷ്ടപ്പെട്ടേക്കാം. പിന്നീടൊരു പ്രൊഡ്യൂസറെ കൊടുക്കാന് നിങ്ങള്ക്ക് കഴിയുമോ ? എങ്കില് ഞാന് വരാം. ഞാനിഷ്ടപ്പെട്ടുചെയ്യുന്ന കഥാപാത്രമായതിനാല് കുറച്ച് തയ്യാറെടുപ്പുകള് വേണ്ടിവന്നിട്ടുണ്ട്. അതിന്റെ മാറ്റങ്ങള് ചിലപ്പോള് നിങ്ങളുടെ ലൊക്കേഷനിലെത്തിയാലും പ്രതിഫലിച്ചേക്കാം. അതിന്റെ പേരില് അപ്പോള് വിരോധം തോന്നരുത്. ഇനി നിങ്ങള്ക്ക് തീരുമാനിക്കാം…”
ആ വാക്കുകളൊന്നും ഷഫീര് സേഠ് കേട്ടില്ല. ഇന്ദ്രന്സിനോടുള്ള ദേഷ്യം അയാളില് പകയായി മാറുകയായിരുന്നു. കാണിച്ചുതരാം എന്ന മുന്നറിയിപ്പോടെ സംഭാഷണം അവിടെ അവസാനിച്ചു. മുന്നില് ഒറ്റ ലക്ഷ്യം മാത്രം. ആ സിനിമ മുടക്കിയായാലും സ്വന്തം സിനിമ നടത്തണം. ഷഫീര് അതിനുള്ള നീക്കങ്ങള് ആരംഭിച്ചു. ഇത്തരം ഘട്ടങ്ങളില് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകള്ക്ക് അനുകൂലമായാണ് സംഘടനകള് നിലപാട് സ്വീകരിക്കുക. അതിനാല് ഇന്ദ്രന്സിന്റെ സിനിമ മാറ്റിവയ്ക്കേണ്ടിവരുമെന്നുറപ്പാണ്. സംഘടനാച്ചുമതലയുള്ള മുതിര്ന്ന നിര്മാതാവിനെ വിളിച്ച് കാര്യങ്ങള് വിശദീകരിച്ചു. ഉടന് നടപടി എടുക്കാമെന്ന ഉറപ്പുംവാങ്ങി. ഇന്ദ്രന്സിനെ ഉള്പ്പെടുത്തി കമ്മാരസംഭവം നിശ്ചിതസമയത്ത് തുടങ്ങാമെന്ന് അപ്പോള്തന്നെ സംവിധായകനെ അറിയിച്ചു. ഷഫീറിന് അഭിമാനനിമിഷങ്ങള്. ആഹ്ലാദത്തോടെ, ജേതാവിന്റെ മനസ്സോടെ ഉള്ളില്ച്ചിരിയുമായി താമസിക്കുന്ന ഹോട്ടലിലേക്ക് ഷഫീര് സേഠ് കാറോടിച്ചു. പക്ഷെ, ആ ആനന്ദത്തിന് ആയുസ് കുറവായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഒരു വാര്ത്ത സകലസന്തോഷങ്ങള്ക്കും വിരാമമിട്ടു… ‘നടന് ദിലീപ് അറസ്റ്റില്..’. ആ വാര്ത്തയും നായകന്റെ ജയില്വാസവും ‘കമ്മാരസംഭവ’ത്തെ ഇരുട്ടിലാക്കി !

ജാമ്യത്തില് ദിലീപ് പുറത്തിറങ്ങിയതോടെ ‘കമ്മാരസംഭവം’ പുനഃരാരംഭിച്ചു. മറ്റുതാരങ്ങള്ക്കൊപ്പം ഇന്ദ്രന്സും ചിത്രീകരണത്തില് പങ്കെടുത്തു. ഇന്ദ്രന്സും ഷഫീറും മുഖാമുഖം കണ്ടു. എങ്കിലും പരസ്പരം ഒന്നും ചോദിച്ചില്ല. ഒന്നും പറഞ്ഞതുമില്ല. പക്ഷെ, ദിവസങ്ങള്ക്കിപ്പുറം ഷഫീര് സേഠ് ആ സത്യം തിരിച്ചറിഞ്ഞു…”ഞാന് മുടക്കാന് ശ്രമിച്ച ചിത്രം ‘ആളൊരുക്ക’മായിരുന്നു. സംവിധായകന് വി.സി. അഭിലാഷിനെയായിരുന്നു ഞാന് അന്ന് വിളിച്ചിരുന്നത് . ‘ആളൊരുക്കം’ ഇന്ദ്രന്സ് ചേട്ടന് മികച്ച നടനുള്ള അവാര്ഡ് നേടിക്കൊടുത്തപ്പോള് ഇല്ലാതായത് എനിക്ക് അദ്ദേഹത്തോട് തോന്നിയ പകയോ ദേഷ്യമോ മാത്രമല്ല, നമ്മള് നമ്മളെകുറിച്ച് സ്വയം കെട്ടിപ്പൊക്കുന്ന ചിലതുണ്ടല്ലോ, അതുകൂടിയാണ്. ചെയ്യുന്ന ജോലിയോട് നൂറുശതമാനം ആത്മാര്ഥത കാണിക്കുന്നയാളാണ് അദ്ദേഹം. എന്ത് കാരണത്തിന്റെ പേരിലായാലും എനിക്ക് അദ്ദേഹത്തോട് മോശമായി സംസാരിക്കേണ്ടിവന്നു. തിരികെ എന്നോട് മോശമായി ഒരുവാക്കുപോലും പറഞ്ഞതുമില്ല. ചെയ്തത് പൊറുക്കാന് പറ്റാത്ത തെറ്റാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തോട് മാപ്പിരന്നത്. കലാകാരനാണ് ഞാന്. മാപ്പുചോദിച്ചില്ലെങ്കില് ഞാന് മനുഷ്യനല്ലാതാവും.”
തുന്നിത്തഴമ്പിച്ച ഇന്ദ്രന്സിന്റെ കൈകള് സംസ്ഥാനപുരസ്കാരം ഏറ്റുവാങ്ങുമ്പോള് ‘കമ്മാരസംഭവം’ തിയറ്ററുകളില് പ്രദര്ശിപ്പിക്കുന്നുണ്ടാവും. ആ ചിത്രത്തില് ഇന്ദ്രന്സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സുരേന്ദ്രന് എന്നാണ്. ഇന്ദ്രന്സിന്റെ ജീവിതത്തിലെ യഥാര്ഥ പേര്. സിനിമയും ജീവിതവും കെട്ടുപിണഞ്ഞ സുരേന്ദ്രന്റെ യാത്ര പരിഭവങ്ങളില്ലാത്ത വീഥികളിലൂടെയാണ്. അവിടെ ശത്രുവിന് സ്ഥാനമില്ല. അതുകൊണ്ടുതന്നെ മാപ്പിന് പ്രസക്തിയുമില്ല.