ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് രണ്ട് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി. പത്താം ക്ലാസിലെ കണക്ക്, 12-ാം ക്ലാസിവെ സാമ്പത്തികശാസ്ത്രം എന്നീ പരീക്ഷകളാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച് സിബിഎസ്ഇ അറിയിപ്പ് നല്കി.
ഈ പരീക്ഷകള്‍ വീണ്ടും നടത്താനാണ് തീരുമാനം. ഒരാഴ്ചക്കുള്ളില്‍ പുതുക്കിയ പരീക്ഷാത്തിയതി അറിയിക്കും. സിബിഎസ്ഇ വെബ്സൈറ്റില്‍ പരീക്ഷാത്തിയതി പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്.
ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ എയര്‍ ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച 62കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശിയായ രാജീവ് വസന്ത് ദാനി എന്നയാളാണ് പിടിയിലായച്. ഇയാള്‍ ലഖ്നൗ-ഡല്‍ഹി സര്‍വീസ് നടത്തുന്ന വിസ്താര വിമാനത്തിലെ എയര്‍ ഹോസ്റ്റസിനെയാണ് അപമാനിക്കാന്‍ ശ്രമിച്ചത്. യാത്ര കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ ഒന്നിലധികം തവണ എയര്‍ ഹോസ്റ്റസിനെ ഇയാള്‍ സ്പര്‍ശിക്കുകയായിരുന്നു.
സംഭവം മനപൂര്‍വ്വമാണെന്ന് മനസ്സിലാക്കിയ എയര്‍ ഹോസ്റ്റസ് ഉടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്ത് എത്തിച്ചേര്‍ന്ന പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. എയര്‍ ഹോസ്റ്റസിനെ മനപൂര്‍വ്വം ഇയാള്‍ സ്പര്‍ശിക്കുന്നത് മറ്റുള്ള യാത്രക്കാര്‍ കണ്ടതായി വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇയാളെ നോ ഫ്ളൈ ലിസ്റ്റില്‍ (എന്‍.എഫ്.എല്‍) ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതായി വിസ്താര അധികൃതര്‍ അറിയിച്ചു. പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. കഴിഞ്ഞ ശനിയാഴ്ച്ച ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള വിമാനക്കമ്പനിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ എന്‍എഫ്എല്ലില്‍ ഉള്‍പ്പെടുന്ന ആദ്യവ്യക്തി ആയേക്കും ഇയാള്‍.
കൊച്ചി കളമശേരിയില്‍ ലഹരിമാഫിയ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിന്തുടര്ന്ന് കീഴ്പ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിന്തുടര്‍ന്നതോടെ വാഹനം അമിതവേഗത്തിലോടിച്ച് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ രണ്ട് ബൈക്ക് യാത്രക്കാരെയും ഇവര്‍ ഇടിച്ചിട്ടു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇടപ്പള്ളി അൽ അമീൻ സ്കൂൾ പരിസരത്തു വച്ച് ഇവരെ പോലീസ് ആദ്യം കണ്ടത്, തുടർന്ന് പോലീസ് വാഹനം കുറുകെ ഇട്ടു ഇവരെ തടയാൻ ശ്രമിച്ചു എങ്കിലും പോലീസിനെ വെട്ടിച്ചു ഇവർ ഇടപ്പള്ളി പറവൂർ റൂട്ടിൽ ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് മേൽപാലം കയറി അണ്ടർ പാസ് വഴി മഞ്ഞുമ്മൽ ഭാഗത്തേക്ക് അമിത വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. പിറകെ ഷാഡോ പോലീസ് സംഘം രണ്ടു വാഹനങ്ങളിലായി ഇവരെ പിന്തുടർന്ന്.
പ്രതികളുടെ വാഹനം കളമശേരിയിൽ വച്ച് ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുകയുണ്ടായി. തുടർന്ന് ഓടിക്കൂടി നാട്ടുകാരുടെ ഇടയിൽ നിന്നും ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ഇതിനിടയിൽ കൈയിൽ ഉണ്ടായിരുന്ന കഞ്ചാവ് പായ്ക്കറ്റുകൾ വലിച്ചെറിഞ്ഞു തെളിവ് നശിപ്പിക്കാൻ ഇവർ നടത്തിയ ശ്രമവും പൊളിഞ്ഞു. ഒടുവിൽ പോലീസ് എത്തി ഇരുവരെയും വാഹനങ്ങളിൽനിന്നും പിടിച്ചിറക്കി. അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതിനിടയിൽ വീണ്ടും രക്ഷപ്പെട്ടു പോകാൻ ശ്രമിച്ച ഇവരെ ബലപ്രയോഗത്തിലൂടെ ആണ് കിഴ്പ്പെടുത്തിയത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടില്ല. പരിശോധനയും ചോദ്യം ചെയ്യലിനും ശേഷം കൂടുതൽ വിവരങ്ങൾ പുറത്തു വിടാം എന്ന് പോലീസ് പറഞ്ഞു
സിഡ്നി: പന്തില്‍ കൃത്രിമം കാണിക്കാന്‍ കൂട്ടുനിന്ന കുറ്റത്തിന് ഓസീസ് മുന്‍ നായകന് സ്റ്റീവ് സ്മിത്തിനും ഉപനായകനായിരുന്ന ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും വിലക്കിയിട്ടുണ്ട്.
ഇതോടെ മൂന്ന് പേര്‍ക്കും തുടങ്ങാനിരിക്കുന്ന ഐപിഎല്‍ സീസണും നഷ്ടമാകുമെന്നാണ് കരുതുന്നത്. നേരത്തെ വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെയും സ്മിത്ത് രാജസ്ഥാന് റോയല്‍സിന്റെയും നായകസ്ഥാനം രാജിവെച്ചിരുന്നു. ഓസീസ് ക്രിക്കറ്റ് ബോര്‍ഡിനെ നാണം കെടുത്തുന്ന നടപടിയാണ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിക്കുക വഴി ചെയ്തതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
നേരത്തെ സ്മിത്തിനെ ഐ.സി.സി ഒരു മത്സരത്തില്‍ നിന്നും വിലക്കുകയും മാച്ച് ഫീയുടെ 100 ശതമാനം പിഴയും വിധിച്ചിരുന്നു. ബാന്‍ക്രോഫ്റ്റിന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും ഐ.സി.സി വിധിച്ചിരുന്നു. ഇതിനു പുറമെയാണ് പുതിയ നടപടി. നായകനും ഉപനായകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് സംഭവത്തില്‍ പങ്കുളളതെന്നാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇവര്‍ക്കെതിരെയാണ് വിലക്കുമായി ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നതും.
ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് ആരോപണം ഗൗരവമുള്ളതെന്ന് സുപ്രീം കോടതി. അന്വേഷണത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്നും ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് കിട്ടിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ കോടതി നീക്കിയില്ല.
അന്വേഷണം വേണമെന്ന നിലപാടിന് ഒപ്പമാണു സുപ്രീംകോടതിയെന്നും ബെഞ്ച് പറഞ്ഞു. ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് നേരത്തേ സ്റ്റേ ചെയ്തിരുന്നു. പോലീസിനും കോടതിക്കും ഹര്‍ജിക്കാരനായ ചേര്‍ത്തല സ്വദേഷി ഷൈന്‍ വര്‍ഗീസ് ഒരേ ദിവസം തന്നെയാണ് പരാതി നല്‍കിയതെന്നും ഇത് നിയമ സംവിധാനങ്ങളുടെ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ എന്തെങ്കിലും നടപടികളെടുക്കാന്‍ പൊലീസിനു സമയം ലഭിക്കുന്നതിനു മുന്‍പുതന്നെ കോടതിയുടെ ഇടപെടലുണ്ടായെന്നായിരുന്നു ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരി, വൈദികരായ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്, ജോഷി പുതുവ, ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാനായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
പന്തിൽ കൃതിമം കാട്ടിയ സംഭവത്തിനു പിന്നിലെ പ്രധാനിയെന്ന് ആരോപിക്കപ്പെടുന്ന ഡേവിഡ് വാർണര്‍ക്കെതിരെയും ഓസീസ് ടീം ക്യാംപിലും പ്രതിഷേധം കത്തിയതായി റിപ്പോര്‍ട്ടുകള്‍. ടീം താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ഡേവിഡ് വാര്‍ണറും ചില താരങ്ങളും കയ്യാങ്കളി നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫോക്സ് സ്പോർട്സ് ഓസ്ട്രേലിയയുടെ റിപ്പോർട്ട് അനുസരിച്ച് കേപ്ടൗണിലെ ടീം ബാറിൽ നിന്ന് മദ്യപിച്ച ശേഷം സഹതാരങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. കയ്യാങ്കളിയുടെ വക്കിൽ എത്തിയതോടെയാണ് താരത്തോട് ഹോട്ടൽ വിട്ടു പുറത്തു പോകുവാൻ സഹതാരങ്ങൾ ആവശ്യപ്പെട്ടത്. വിവാദത്തിൽ തന്നെ മാത്രം വേട്ടയാടുന്നതിൽ വാർണർ അസ്വസ്ഥനായിരുന്നുവെന്നും സഹതാരങ്ങളോട് ക്ഷുഭിതനായാണ് പെരുമാറിയതെന്നും ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ട് അനുസരിച്ച് വാർണർ തന്നെയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തു പോയത്.
കയ്യാങ്കളി ഒഴിവാക്കാൻ വാർണറെ ടീം ഹോട്ടലിൽ നിന്ന് പുറത്താക്കണമെന്ന് ഇന്നലെ തന്നെ താരങ്ങൾ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. പന്തിൽ കൃതിമം കാട്ടാനുളള തീരുമാനത്തെ കുറിച്ച് അറിവില്ലാതിരുന്ന ജൂനിയർ താരങ്ങളാണ് വാർണർക്കെതിരെ തിരിഞ്ഞത്. ടീമംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് വാർണറെ പുറത്താക്കിയെന്നും വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കയ്യാങ്കളി വിവരം പുറത്തുവന്നത്. ടീം ഹോട്ടലിൽ ഒറ്റയ്ക്കിരുന്ന വാർണറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്തൊരു തലയെടുപ്പമുളള താരമായിരുന്നു ഡേവിഡ് വാർണർ..! . ഏത് പ്രതിസന്ധി ഘട്ടത്തിലും നെഞ്ചുറപ്പോടെ തലയുയുർത്തി ക്രിസിൽ നിൽക്കുന്ന വാർണര്‍ക്കെതിരെ പന്തെറിയാൻ ഏത് ബൗളറും ഒന്ന് മടിക്കും. ആതമവിശ്വാസത്തിന്റെ അവസാന വാക്കായിരുന്നു ആ മനുഷ്യന്. ഒടുവില്‍ വാര്‍ണറും അയാൾ തലതാഴ്ത്തി മടങ്ങിരിക്കുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിക്കറ്റ് ആരാധകരുടെയും നെഞ്ചില്‍ ചവിട്ടിയാണ് പടിയിറക്കം. പന്തുചുരുണ്ടൽ വിവാദത്തിന്റെ സൂത്രധാരൻ വാർണറാണെന്നായിരുന്നു വാർത്തകൾ. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണ റിപ്പോർട്ട് വാർണർ കുറ്റക്കാരനാണെന്ന് ഉറപ്പിച്ചു. പന്ത് ചുരണ്ടിയതില് ക്യാപ്റ്റനടക്കം മൂന്നുപേര്‍ക്ക് മാത്രം പങ്കെന്നായിരുന്നു അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. പങ്കുണ്ടെന്ന് തെളിഞ്ഞ മൂന്ന് താരങ്ങളെയും ഓസ്ട്രേലിയയ്ക്ക് തരിച്ചയക്കാൻ മാനേജ്മെന്റ് തീരുമാനിക്കുകയും ചെയ്തു.
പന്തുചുരണ്ടൽ വിവാദത്തെത്തുടർന്ന് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ സണ്‍റൈസേഴ്സ് നായകസ്ഥാനം ഒഴിഞ്ഞു. നേരത്തെ ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. പന്തുചുരണ്ടലിൽ ഉൾപ്പെട്ട മൂന്നു പേര്‍ക്കുമെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അല്പസമയത്തിനകം പ്രഖ്യാപിക്കും.
നാണം കെട്ട പന്തു ചുരണ്ടൽ; ഓസ്ട്രേലിയ വിവാദത്തിൽപ്പെട്ടതിങ്ങനെ
ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചുലച്ച വാർത്തയാണ് ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഉയർന്ന പന്ത് ചുരണ്ടല്‍ വിവാദം. മുതിർന്ന താരങ്ങളായ ക്യാപ്റ്റൻ സറ്റീവ് സ്മിത്തും. ഓപ്പണിങ്ങ് ബാറ്റ്സ്മാൻ കാമറൂൺ ബാൻക്രോഫ്റ്റും ടീമിലുള്ളവരുടെ പിന്തുണയുണ്ടെന്ന് വെളിപ്പെടുത്തിയത് ആഘാതത്തിന്റെ ആക്കം കൂട്ടി.
121 റൺസെടുത്ത് ലീഡിൽ നിൽക്കുന്ന ദക്ഷിണാഫ്രിക്കയെ എങ്ങനെയും തകർക്കുക എന്നതായിരുന്നു ലക്ഷ്യം. ക്യാപ്റ്റനെന്ന നിലയിൽ സ്റ്റീവ് സ്മിത്തും അദ്ദേഹത്തിന്റെ ഭാഷയിൽ ടീമിലെ ‘ലീഡർഷിപ് ഗ്രൂപ്പും’ ചേർന്നാണ് കൃത്രിമം കാട്ടാമെന്ന് തീരുമാനിച്ചത്. ടീമിലെ മുതിർന്ന താരങ്ങൾ ഉൾപ്പെട്ട ‘ലീഡർഷിപ് ഗ്രൂപ്പ്’ എന്നല്ലാതെ ആരൊക്കെയാണ് അതിലെ അംഗങ്ങൾ എന്ന് സ്മിത്ത് വെളിപ്പെടുത്തിയില്ല. പന്തു ചുരണ്ടി റിവേഴ്സ് സ്വിങ് കണ്ടെത്താനായിരുന്നു ശ്രമം.
ഓസ്ട്രേലിയൻ ടീമിലെ അത്ര ശ്രദ്ധിക്കപ്പെടുന്ന താരമല്ലാത്ത കാമറൂൺ ബാൻക്രോഫ്റ്റിനെയാണ് സാൻഡ്പേപ്പറുപയോഗിച്ച് പന്തുചുരുണ്ടാനുള്ള ദൗത്യം ഏൽപ്പിച്ചത്. കാമറാക്കണ്ണുകൾ ബാൻക്രോഫ്റ്റിനെ ശ്രദ്ധിക്കില്ല എന്ന ചിന്തിയിലായിരുന്നു ഈ നീക്കം. പന്ത് കൈയിൽ കിട്ടിയപ്പോഴൊക്കെ ബാൻക്രോഫ്റ്റ് ചുരണ്ടൽ തകൃതിയാക്കി. പക്ഷെ പണിപാളിയത് അവിചാരിതമായാണ്. അസാധാരണമായ രീതിയിൽ ബാൻക്രോഫ്റ്റ് ‘എന്തോ’ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ടിവി ക്യാമറാമാൻമാർ ഈ ദൃശ്യം മൊത്തം പകർത്തി. പിന്നീട് സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ ഇതു വ്യക്തമായി പ്രദർശിപ്പിച്ചു. പന്തു ചുരണ്ടാൻ ഉപയോഗിച്ച സാൻഡ് പേപ്പർ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ബാന്‍ക്രോഫ്റ്റും സ്ക്രീനിൽ തെളിഞ്ഞു. ബാൻക്രോഫ്റ്റ് പന്തു ചുരണ്ടുന്നതിന്റെ വിദൂര ദൃശ്യവും ക്ലോസ് അപ്പും സ്ക്രീനിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടതോടെ സംഭവം അംപയർമാരും ശ്രദ്ധിച്ചു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്ട്ടിന്. നടി മഞ്ജുവാര്യരും സംവിധായകന് ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് ദിലീപിനെ ചതിക്കുകയായിരുന്നുവെന്ന് മാര്ട്ടിന് മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ ഗൂഢാലോചനയില്‍ നടി രമ്യാ നമ്പീശനും ലാലിനും പങ്കുണ്ടെന്നും മാര്ട്ടിന് പറഞ്ഞു. കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോടാണ് മാര്ട്ടിന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ദിലീപിനെ ചതിച്ചതിന് പ്രതിഫലമായി മഞ്ജുവിന് മുംബൈയില്‍ ഫ്ളാറ്റും ഒടിയന് സിനിമയില്‍ ചാന്‍സും കിട്ടിയെന്നും മാര്ട്ടിന് പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയായ മാര്‍ട്ടിനാണ് ആക്രമണം നടന്ന ദിവസം നടിയുടെ വാഹനം ഓടിച്ചിരുന്നത്. നേരത്തെ കോടതി ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയാണ് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്.
അതേസമയം നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തെളിവുകള്‍ ആവശ്യപ്പെട്ട് നടന് ദിലീപ് അങ്കമാലി കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. നേരത്തെ നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി തെളിവുകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയുടെ വാദത്തിനിടെ ദൃശ്യങ്ങള്‍ എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചിരുന്നു.
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം ഗോഡ്സെ തന്നെയെന്ന് സുപ്രീം കോടതി. ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. ഗാന്ധിവധത്തില്‍ ദുരൂഹതയില്ല. അതുകൊണ്ടുതന്നെ ഹര്‍ജി തള്ളുകയാണെന്ന് ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എല്‍. നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗാന്ധിയെ വെടിവെച്ചു കൊന്നത് ഗോഡ്സെ തന്നെയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. ഗോഡ്സെയെക്കൂടാതെ മറ്റൊരാളും വെടിയുതിര്‍ത്തെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ വാദത്തിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. കൊലപാതകം ചെയ്തയാളെ തിരിച്ചറിയുകയും അയാള്‍ക്കുള്ള ശിക്ഷ നല്‍കുകയും ചെയ്തു. ഇനി കേസ് പുനരന്വേഷിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതേക്കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ അറിയാമെന്നും ജനങ്ങളുടെ മനസില്‍ സംശയമുണ്ടാക്കുകയാണ് ഹര്ജിക്കാരന് ചെയ്യുന്നതെന്നും കോടതി പറഞ്ഞു. അഭിനവ് ഭാരത് എന്ന ട്രസ്റ്റിന്റെ ഉടമ പങ്കജ് ഫഡ്നിസ് എന്നയാളാണ് ഹര്‍ജി നല്‍കിയത്. കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് അമിക്കസ്ക്യൂറിയായ അമനേന്ദ്ര സിംഗ് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ അറിയിച്ചിരുന്നു.
നാഥുറാം ഗോഡ്സെ തന്നെയാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ വിദേശ ഏജന്‍സികള്‍ക്ക് പങ്കുള്ളതായി തെളിവില്ലെന്നും അമിക്കസ്ക്യൂരി കോടതിയയെ അറിയിച്ചു. ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെന്നും നാലാമത്തേത് ഗോഡ്സെയുടെ തോക്കില്‍ നിന്നല്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വെട്ടിലായ മുന്‍ ഓസീസ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ടീമിന്റെ നായക സ്ഥാനം രാജിവെച്ചു. സീസണില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിന്റെ നായകനായിരുന്ന വാര്‍ണര്‍. വിവാദത്തില്‍ കുടുങ്ങി ഓസീസ് നായകന് സ്മിത്തും ഐപിഎല്‍ ടീമിന്റെ നായക സ്ഥാനം രാജിവെച്ചിരുന്നു.
വിവാദം വലിയ പ്രത്യാഘാതങ്ങളാണ് ഓസിസ് ടീമില്‍ സൃഷ്ടിച്ചിരിക്കുന്നത്. പന്ത് ചുരുണ്ടലിന് പിന്നിലെ സൂത്രധാരന്‍ ഡേവിഡ് വാര്‍ണറാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിവാദം ശക്തമായതോടെ വാര്‍ണര്‍ ടീമംഗങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും ടീമംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും കലഹം വ്യാപിച്ചെന്നും വാര്‍ത്തയുണ്ട്.
പ്രതിച്ഛായ നഷ്ട്ടപ്പെട്ട വാര്‍ണറുമായുള്ള കരാറുകള്‍ താരത്തിന്റെ മുഖ്യ സ്പോണ്‍സറായ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്സ് നിര്‍മാതാക്കള്‍ എല്‍ജി റദ്ദാക്കിയിരുന്നു. താരങ്ങളെ ഒരു വര്‍ഷത്തേക്ക് വിലക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ക്ക് ഐസിസി മുതിരുമെന്നാണ് വാര്‍ത്തകള്‍.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേ കാല് ലക്ഷത്തോളം കുട്ടികളെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍. ഡി.കെ മുരളിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രി ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ജാതി-മതങ്ങള്‍ സമൂഹത്തില്‍ നിന്ന് ഇല്ലാതാകുന്നത് പ്രതീക്ഷയുണ്ടാക്കുന്നതായി സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ പ്രതികരിച്ചു
9,209 സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 1,24,147 കുട്ടികളാണ് ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജാതി-മത കോളങ്ങള്‍ പൂരിപ്പിക്കാത്തവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

2017-18 അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നുമുതല്‍ പത്തുവരെ പഠിക്കുന്ന കുട്ടികളില്‍ ജാതി, മതം എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ 1,23,630 കുട്ടികളും ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാം വര്‍ഷം 239 കുട്ടികളും പ്രവേശനം നേടി. അതേസമയം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജാതി മതം എന്നിവക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ ആര്‍ക്കും പ്രവേശനം നല്‍കിയിട്ടില്ല.