മേഘാലയ ഷില്ലോംഗിൽ ഇന്നലെ പുലർച്ചെ 3നും 4 നും ഇടയിൽ സർവ്വീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ബി.എസ്.എഫ് ജവാൻ ചേപ്പാട് കാഞ്ഞൂർ തീർത്ഥത്തിൽ മനോജ് (40)ആത്മഹത്യ ചെയ്തത് ഭാര്യ കവിത ഏല്പിച്ച നിരന്തരമായ മാനസിക പീഡനം മൂലമാണെന്ന് മാതാപിതാക്കളും സഹോദരങ്ങളും ആരോപിച്ചു. മരിയ്ക്കുന്നതിന് തൊട്ടു മുൻപ് മനോജ് സഹോദരൻ മഹേഷിനും കമാൻഡർക്കും സഹപ്രവർത്തകർക്കും താന്‍ ജീവനൊടുക്കുവാണെന്നുള്ള സന്ദേശമയച്ചിരുന്നു. വിവാഹം കഴിഞ്ഞതു മുതൽ കുടുംബവീടുമായി അടുക്കുവാനോ മാതാപിതാക്കളേയും സഹോദരങ്ങളേയും കാണുന്നതിനോ ബന്ധുക്കളുടെ പക്കൽ നിന്ന് ആഹാരം കഴിയ്ക്കുന്നതിനോ ഭാര്യ സമ്മതിച്ചിരുന്നില്ല. മാത്രവുമല്ല മനോജിനെ സംശയവുമായിരുന്നു.
മരിക്കുന്നതിന്റെ തലേ ദിവസം രാത്രി 12.30 വരെ തുടരെ തുടരെ മനോജിന് അയച്ച മെസ്സേജുകളിൽ ”നീ മരിച്ചാൽ അത്രയും നല്ലത് “, “ശവമായിട്ടാണെങ്കിലും എത്രയും പെട്ടെന്ന് നാട്ടിൽ എത്തണമെന്നും ” ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. തെളിവായി കവിതയും മനോജും പരസ്പരം അയച്ച മെസ്സേജുകൾ ഇവര്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. അവധിക്ക് നാട്ടിൽ വന്നിട്ട് കഴിഞ്ഞ ശനിയാഴ്ചയാണ് മനോജ് തിരികെ ജോലി സ്ഥലത്തേക്ക് പോയത്. പോകുന്നതിന്റെ രണ്ടു ദിവസം മുമ്പ് മനോജ് തന്റെ സഹോദരന്മാരായ മോനച്ചൻ, മഹേഷ്, സുഹൃത്ത് എന്നിവരെ നങ്ങ്യാർകുളങ്ങരയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി താൻ അനുഭവിയ്ക്കുന്ന മാനസിക സംഘർഷവും തന്റെ നിരപരാധിത്വവും വെളിപ്പെടുത്തിയിരുന്നു. അന്ന് അവർ ഏറെ പണിപ്പെട്ട് സമാധാനപ്പെടുത്തിയാണ് വീട്ടിലെത്തിച്ചത്.
ഏതോ സ്ത്രീയുടെ സന്ദേശം മൊബൈലിൽ വന്നത് സംബന്ധിച്ച് ഇവർ തമ്മിൽ പോകുന്നതിന്റെ തലേ ദിവസവും വഴക്കിട്ടിരുന്നുവെന്നും ഇതിനെ ചൊല്ലി കുറ്റപ്പെടുത്തിയുള്ള സന്ദേശവും താൻ നിരപരാധിയാണെന്നുള്ള പ്രതിസന്ദേശവും മനോജ് അയച്ചിട്ടുണ്ട്. മനോജ് അയച്ചുകൊടുത്തിരുന്ന പണത്തെച്ചൊല്ലിയും, എ.റ്റി.എം കാർഡ് കവിത കൈവശപ്പെടുത്തി വച്ചിരിയ്ക്കുന്നതിനെ ചൊല്ലിയും നിരന്തരം കലഹിക്കാറുണ്ടായിരുന്നു. ഇവർ തമ്മിലുള്ള കലഹം, കവിതയുടെ സംശയം, താൻ നിരപരാധിയാണെന്നുള്ള മനോജിന്റെ വെളിപ്പെടുത്തൽ എന്നിവ സംബന്ധിച്ച് കമാൻഡർക്കും സഹപ്രവർത്തകർക്കും മനോജ് മരിക്കുന്നതിന് മുൻപ് സന്ദേശങ്ങളയച്ചിരുന്നു. മനോജിനെ ആത്മഹത്യയിലേക്ക് നയിക്കുവാനുള്ള കാരണങ്ങൾ കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി, ഡി.ജി.പി, ബി.എസ്.എഫ് മേലധികാരികൾ എന്നിവർക്ക് പരാതി നല്കാനൊരുങ്ങുകയാണ് മാതാപിതാക്കളും സഹോദരങ്ങളും. മനോജിന്റെ മൃതദേഹം എപ്പോൾ നാട്ടിലെത്തിയ്ക്കുമെന്നുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ബൈക്ക് മിനിലോറിയിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അടൂര്‍ ഏഴംകുളം മാങ്കുളം സ്വദേശി ചാള്‍സ് , കൈതപ്പറമ്ബ് സ്വദേശി വിശാഭ് അടൂര്‍ ഏനാത്ത് സ്വദേശി വിമല്‍ എന്നിവരാണ് മരിച്ചത്. ഏഴംകുളം നെടുമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍. 16 വയസുള്ള ഇവര്‍ ഒരു ക്ലാസില്‍ പഠിക്കുന്നവരാണ്. ഞായറാഴ്ച രാത്രി 12.30 ഓടെ അടൂര്‍ വടക്കടത്ത് കാവ് എം സി റോഡില്‍ കിളിവയലില്‍ ആയിരുന്നു അപകടം. തട്ടുകടയില്‍ കയറി ഭക്ഷണം കഴിച്ച് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ വരുന്ന വഴി മിനിലോറിയില്‍ ഇടിക്കുകയായിരുന്നു’തമിഴ്നാട് മര്‍ത്താണ്ഡത്തു നിന്നും വന്ന മിനിലോറിയിലാണ് ഇടിച്ചത്. മൃതദേഹങ്ങള്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി.
പൃഥ്വിരാജ് ആരാധകര്‍ ഏറെ കൊട്ടിഘോഷിച്ച ഒരു സിനിമ പേരായിരുന്നു കര്‍ണ്ണന്‍. അതിനു കാരണവും ഉണ്ട്. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രമായിരുന്നു എന്നത് തന്നെ. ചരിത്രപ്രാധാന്യമുള്ള സിനിമകള്‍ക്ക് എന്നും മലയാള സിനിമാ മേഖലയില്‍ നല്ല പ്രാധാന്യം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ വലിയൊരു പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് സംവിധായകന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
പൃഥ്വിരാജിന് പകരം ചിയാന്‍ വിക്രമിനെ നായകനാക്കി 300 കോടിരൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ വിമല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും. എന്നാൽ മുമ്പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്മാറിയിട്ടുണ്ട്.
‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന് വേണ്ടി താന്‍ ചിട്ടപ്പെടുത്തിയ, അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രിഥ്വിരാജ് സംവിധായകന്‍ ആര്‍ എസ് വിമലിനോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെ താന്‍ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു. മികച്ച ഗായകനായി തെരഞ്ഞെടുത്ത പി ജയചന്ദ്രനെ ഒഴിവാക്കണമെന്നും പ്രിഥ്വി ആവശ്യപ്പെട്ടു എന്നാണു വിമല്‍ രമേശ് നാരായണനോട് പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസവും അകല്‍ച്ചയുമുണ്ടായിരുന്നു. അത് കര്‍ണനെയും ബാധിച്ചു എന്നാണ് വിവരം.
മലപ്പുറം കോട്ടയ്ക്കലില്‍ ട്രാന്‍സ്‍ജെന്‍ഡറിന് നേരെ ക്രൂര മര്‍ദ്ദനം. ഞായറാഴ്ച രാത്രി എട്ടുമണിക്ക് ടൗണില്‍ ഭക്ഷണം കഴിക്കാനെത്തിയ ലയക്കും സുഹൃത്തിനും നേരയാണ് മര്‍ദ്ദനം. ലയയുടെ അയല്‍വാസിയായ ഷിഹാബാണ് ഇരുവരേയും മര്‍ദ്ദിച്ചത്. തന്‍റെ വസ്ത്രധാരണത്തെക്കുറിച്ച് മോശമായി പ്രതികരിച്ച ഷിഹാബിനോട് താനൊരു ട്രാന്‍സ്‍ജെന്‍ഡറാണെന്ന് പറഞ്ഞതോടെ ഇയാള്‍ ആക്രമിക്കാന്‍ തുടങ്ങിയെന്ന് ലയ പറയുന്നു.
വസ്ത്രങ്ങള്‍ വലിച്ചുകീറുകയും നീയൊരു ട്രാന്‍സ്‍ജെന്‍ഡറാണെങ്കില്‍ ലിംഗം കാണിക്കാനും ഇയാള്‍ ആവശ്യപ്പെട്ടതായി ലയ പറയുന്നു. അയല്‍ക്കാരനായ ഷിഹാബുദ്ദീന്‍ ഇതാദ്യമായല്ല തന്നെ ആക്രമിക്കുന്നതെന്നും ലയ വെളിപ്പെടുത്തി. കറിയെടുത്ത് തലയില്‍ ഒഴിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഇതിന് മുമ്പ് ചെയ്തിട്ടുണ്ട്.
ആണായിട്ട് ജീവിക്കാന്‍ പറ്റുമെങ്കില്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതിയെന്നും അല്ലെങ്കില്‍ ഇവിടം വിട്ട് പോകണമെന്നും ആവശ്യപ്പെട്ട് ഷിഹാബുദ്ദീന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ലയ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഷിഹാബുദ്ദീന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ഇതിന് വിസമ്മതിച്ചത് ഇയാളെ പ്രകോപിച്ചതായും ലയ പറയുന്നു.
നടു റോഡില്‍ വെച്ച് ആക്രമിക്കപ്പെട്ട താന്‍ ഒരു ഓട്ടോയില്‍ കയറി പൊലീസ് സ്റ്റേഷനിലേക്ക് പോയെന്നും എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് ഓട്ടോക്കാരനെ ഷിഹാബുദ്ദീന്‍ ഭീഷണിപ്പെടുത്തിയതായും ലയ പറയുന്നു. ഷിഹാബുദ്ദീനെതിരെ ഇതിന് മുന്‍പ് രണ്ടു പ്രാവശ്യം കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ലയ പരാതി നല്‍കിയിരുന്നു.
വെള്ള പേപ്പറില്‍ പരാതി എഴുതി വാങ്ങുകയും ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായിട്ടില്ല. ഇന്നലെത്തെ ആക്രമണത്തെ തുടര്‍ന്ന് ലയ വീണ്ടും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. പൊലീസുകാരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമായിരുന്നു എന്നും ലയ കൂട്ടിച്ചേര്‍ത്തു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റാണ്
യുവതിയുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. പെണ്‍കുട്ടിയുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് പോലീസ്. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ താരത്തിനെതിരായി തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും സൂചനയുണ്ട്. പീഡന ശ്രമത്തെ കുറിച്ച് പരാതി നല്‍കിയിരിക്കുന്നതിനാല്‍ ഈ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യാനാണ് സാധ്യത.
എന്നാല്‍ യുവതി കള്ളം പറയുകയാണെന്നും, പണം തന്നില്ലെങ്കില്‍ യുവതി കള്ളക്കേസില്‍ കുടുക്കമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഇക്കാര്യം കാണിച്ച് താരം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കേസില്‍ ഉണ്ണി മുകുന്ദനാണ് ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയുമാണ്.
ഇരട്ടക്കൊലപാതക കേസിലെ പ്രതി മോബിന്‍ രണ്ടു കൊലപാതകങ്ങളും നടപ്പിലാക്കിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. വൈരാഗ്യത്തിന്‍റെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്താന്‍ തയാറായ മോബിന് കൂട്ടുനിന്നതാകട്ടെ ഉറ്റസുഹൃത്തും. ഗൂഢാലോചനക്കെല്ലാം ചുക്കാന്‍ പിടിച്ച മോബിന്‍റെ നിര്‍ദേശപ്രകാരം, എല്ലാത്തിനും കൂട്ടുനിന്ന ലിന്‍റോയെ കൊലപ്പെടുത്തിയതും സംശയത്തിന്‍റെ പേരില്‍ മാത്രം. തെളിവുനശിപ്പിക്കാന്‍ ദൃശ്യം സിനിമ പതിനേഴ് പ്രാവിശ്യമാണ് പ്രതി കണ്ടതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. സിനിമ കഥയെ പോലും വെല്ലുന്ന കൊലപാതക ആസൂത്രണത്തിന്‍റെ കഥ വിവരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍
അടുത്തകാലത്തെങ്ങും ഇത്രയും ബുദ്ധിമാനായ കുറ്റവാളിയെ കണ്ടിട്ടില്ലെന്ന് പൊലീസ് തുറന്നു സമ്മതിക്കുന്നു. കൊലപാതകകത്തിലെ പ്രതിയിലേക്ക് നീളുന്ന ഒാരോ നീക്കങ്ങളും വിദഗ്ദമായി പൊളിക്കാന്‍ മോബിന് കഴിഞ്ഞു. കറകളഞ്ഞകുറ്റവാളിയായി മോബിന്‍ മാറിയതും കൊലപാതകം നടത്തിപ്പിലെ ആസൂത്രണം കൊണ്ടും ഗുഢാലോചന കൊണ്ടുമാണ്. സിനിമ കഥയെപോലും വെല്ലുന്ന കഥകളാണ് അന്വേഷണഉദ്യോഗസ്ഥന്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തുന്നത്.
കൊലപാതകത്തിന് ശേഷം മോബിന്‍റെ ഒാരോ നീക്കങ്ങളും വളരെ ശ്രദ്ധയോടെയായിരുന്നു. പൊലീസ് തന്നിലേക്ക് എത്താതിരിക്കാന്‍ എല്ലാമുന്നൊരുക്കങ്ങളും മോബിന്‍ നടത്തി. എല്ലാകേസുകളില്‍ പൊലീസിന് പിടിവള്ളിയാകാവുന്ന ഫോണ്‍ പോലും കൃത്യമായി ഉപയോഗിക്കാന്‍ മോബിന്‍ ശ്രദ്ധിച്ചിരുന്നു. നേരിട്ടുള്ള ഫോണ്‍ കോളുകള്‍ ഒഴിവാക്കി. നെറ്റ് കോളുകളില്‍ മാത്രം ആശ്രയിച്ചു. സംശയം തോന്നാവുന്ന സാഹചര്യങ്ങളിലെല്ലാം ഫോണ്‍ സ്വിച്ച് ഒാഫ് ചെയ്തു.
മധുവിന്‍റെ കൊലപാതകത്തിലെ പൊലീസ് സംശയം താനാണെന്ന് മനസിലാക്കിയ മോബിന്‍ അതിനുള്ള മുന്നൊരുക്കങ്ങളും നടത്തി. പൊലീസിനെ പ്രതിരോധത്തിലാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.പക്ഷേ എന്തിനും കൂടെ നിന്ന് ലിന്‍റോ പൊലീസിന് വഴിപ്പെടുമെന്ന സംശയം മോബിനെ ആശങ്കയിലാക്കി. ആ തെളിവും നശിപ്പിക്കാനായിരുന്നു വിദഗ്ദമായി നടത്തിയ കൊലപാതകം. ഒരു ഘട്ടത്തിലും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തവിധം ആസൂത്രിതമായ നീക്കങ്ങള്‍.പക്ഷേ ചില സ്ഥലങ്ങളില്‍ മോബിന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. പൊലീസിന്‍റെ കുറ്റാന്വേഷണവഴികളില്‍ കൊടുംകുറ്റവാളിക്ക് അടിതെറ്റി
പഴുതടച്ച കുറ്റപത്രമാണ് പൊലീസ് തയാറാക്കുന്നത്. അരുംകൊലപാതകങ്ങള്‍ നടത്തി പ്രതി ഒരിക്കലും നിയമത്തിന്‍റെ മുന്നില്‍ നിന്ന് രക്ഷപെടരുത്. പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പൊലീസ് ശ്രമം. പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തല്‍ ദുഷ്കരമായിരുന്നു. അതുകൊണ്ടുതന്നെ പൊലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. എല്ലാതെളിവുകളും കണ്ടെത്തി പ്രതിയെ പൂട്ടാന്‍.
ഹാദിയ കേസിൽ പിതാവ് അശോകന്റെ ഹർജിയിൽ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍. കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായാണ് എന്‍ഐഎ സംഘം ജയിലിലെത്തിയത്. കനകമല കേസിലെ ഒന്നാം പ്രതിയായ മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിനായി ഇവര്‍ ആരംഭിച്ച വാട്സ്‌ആപ്പ് ടെലഗ്രാം ഗ്രൂപ്പുകളില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നതായും ഐഎസ് ഏജന്റുമാരുമായി സംസാരിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തിനായി കണ്ണൂരിലെ കനകമലയില്‍ ഇവര്‍ യോഗം ചേര്‍ന്നതായാണ് കണ്ടെത്തല്‍. ഈ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഷെഫ്വാന്‍ എന്നിവരെ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ എന്‍ഐഎ സംഘം ചോദ്യം ചെയ്യും.
കൊച്ചി: വീപ്പയ്ക്കുള്ളില്‍ അടച്ച നിലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കൊച്ചി കുമ്പളത്താണ് സംഭവം. പത്ത് മാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയതെന്നാണ് വിവരം. കോണ്‍ക്രീറ്റ് കൊണ്ട് അടച്ച് കായലില്‍ തള്ളിയ നിലയിലാണ് വീപ്പ കണ്ടെത്തിയത്. കൊലപാതകമാണ് ഇതെന്ന് സംശയിക്കുന്നു.
ദുര്‍ഗന്ധവും എണ്ണപോലെയുള്ള പാടയും പുറത്തു വന്നതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് ഈ വീപ്പ ശ്രദ്ധിച്ചത്. പിന്നീട് രണ്ട് മാസത്തിനു മുമ്പ് ഡ്രഡ്ജിങ്ങിനിടെ വീപ്പ കരക്കെത്തിച്ചു. ഇതിനു ശേഷവും ദുര്‍ഗന്ധം പുറത്തു വരികയും ഉറുമ്പുകള്‍ വീപ്പയിലേക്ക് എത്തുകയും ചെയ്തതോടെയാണ് വീപ്പ പൊളിച്ച് പരിശോധിച്ചത്.
മൃതദേഹം വീപ്പക്കുള്ളിലാക്കിയ ശേഷം കോണ്‍ക്രീറ്റും ഇഷ്ടികകളും ഉപയോഗിച്ച് അടക്കുകയായിരുന്നു. നെട്ടൂരില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ മുമ്പ് കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിനൊപ്പവും സമാനമായ ഇഷ്ടികകള്‍ ഉണ്ടായിരുന്നു. ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന അഹിന്ദുക്കളെ ഒഴിവാക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ ഒരുങ്ങുന്നു. ഒഴിവാക്കാതിരിക്കാന്‍ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഹിന്ദുക്കളല്ലാത്ത ജീവനക്കാര്‍ക്ക് ദേവസ്വത്തിന്റെ നോട്ടീസ് ലഭിച്ചു. ക്ഷേത്രത്തിന്റെ വിവിധ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 44 ജീവനക്കാരെയാണ് ഒഴിവാക്കുക. തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ജീവനക്കാരെയാണ് ദേവസ്വം ജോലിയില്‍ നിന്ന് ഒഴിവാക്കുന്നത്.
പകരം ഇവര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ സമാനമായ വേതന വ്യവസ്ഥയില്‍ ജോലി നല്‍കും. ഒഴിവാക്കുന്നതില്‍ 39 പേര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുള്ളവരാണ്. ബാക്കിയുള്ളവര്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവരുമാണ്. 1989 വരെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിന് ശേഷം 2007 വരെ അനധ്യാപക തസ്തികയിലേക്ക് മാത്രമായി ഹിന്ദുക്കളല്ലാത്തവര്‍ക്ക് അപേക്ഷിക്കാമെന്ന് സ്ഥിതി വന്നു. 2007 റിക്രൂട്ട്‌മെന്റ് വ്യവസ്ഥയില്‍ ഭേദഗതി വരുത്തി മുഴുവന്‍ ജോലിയും ഹിന്ദു വിഭാഗങ്ങള്‍ക്കായി നിജപ്പെടുത്തി.
തിരുപ്പതിയിലെ പ്രതിഷ്ഠയായ ബാലാജിയോട് തന്റെ വിശ്വാസം രേഖപ്പെടുത്താത്ത ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല എന്ന വ്യവസ്ഥ അനുസരിച്ചാണ് അന്ന് ഈ ഭേദഗതി കൊണ്ടുവന്നത്. 1989 മുതല്‍ 2007 വരെയുള്ള കാലത്താണ് ഒഴുവാക്കുന്ന 44 ജീവനക്കാരും ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. ഹിന്ദുക്കളല്ലാത്ത ജീവനക്കാരെ ഒഴിവാക്കുന്നതിന് പുറമെ ക്ഷേത്ര ജീവനക്കാര്‍ മുഴുവനും തിരുനാമം എന്നറിയപ്പെടുന്ന അടയാളം നെറ്റിയില്‍ നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം.
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ടതില്‍ മടക്കിവിളിച്ച പലസ്തീന്‍ സ്ഥാനപതിയെ തിരികെ നിയമിച്ചതായി പാകിസ്താന്‍. പലസ്തീന്‍ സ്ഥാനപതി വാലിദ് അബു അലിയെ പാകിസ്താനില്‍ തന്നെ തിരികെ നിയമിച്ചതായി പാകിസ്താൻ ഉലേമ കൗൺസിൽ (പിയുസി) ചെയർമാൻ മൗലാനാ താഹിർ അഷ്റഫി അറിയിച്ചതായാണ് റിപ്പോർട്ട്. വാലിദ് അബു അലിയെ പാകിസ്താനിലേക്ക് മടക്കി അയയ്ക്കണമെന്ന് താന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനോട് ആവശ്യപ്പെട്ടിരുന്നെന്നും അഷ്‌റഫി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് അബു അലിയെ പുനര്‍നിയമിച്ച് മഹമ്മൂദ് അബ്ബാസ് ഉത്തരവിട്ടതെന്നാണ് അവകാശവാദം. ബുധനാഴ്ച വീണ്ടും വാലിദ് അബു അലി പാകിസ്താനിലെ പലസ്തീന്‍ കാര്യാലയത്തിലെത്തി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച സയീദിന്റെ റാലിയില്‍ വാലിദ് അബു അലി പങ്കെടുത്തതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് പലസ്തീന്‍ തങ്ങളുടെ പാക്ക് സ്ഥാനപതിയെ പിന്‍വലിച്ചത്. സംഭവത്തില്‍ അതീവ ഖേദം പ്രകടിപ്പിച്ച പലസ്തീന്‍, ഇന്ത്യയുടെ പ്രതികരണം വന്നു മണിക്കൂറുകള്‍ക്കകം തന്നെ സ്ഥാനപതിയെ പിന്‍വലിക്കുകയായിരുന്നു.
നേരത്തെ, ഡല്‍ഹിയില്‍ പലസ്തീന്‍ സ്ഥാനപതി അഡ്‌നാന്‍ അബു അല്‍ ഹൈജയെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് അബു അലി ഹാഫിസ് സയീദിനൊപ്പം റാലിയില്‍ പങ്കെടുത്തതിലുള്ള പ്രതിഷേധം ഇന്ത്യ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രധാനമാണെന്നും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്നും പ്രഖ്യാപിച്ച് സ്ഥാനപതിയെ പലസ്തീന്‍ പിന്‍വലിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയില്‍ പലസ്തീന്‍ സന്ദര്‍ശിക്കാനിരിക്കേയാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അലോസരമുണ്ടാക്കാതെ പലസ്തീന്റെ ത്വരിത നടപടി. ഇതിനു പിന്നാലെയാണ് സ്ഥാനപതിയെ പുനര്‍നിയമിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്തുദ്ദവ ഉള്‍പ്പെടെ ഭീകരസംഘടനകളുടെ സഖ്യമായ ‘ഡിഫന്‍സ് ഓഫ് പാകിസ്താന്‍’ ആണു റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ റാലി നടത്തിയത്. വാലിദ് അബു അലി റാലിയില്‍ പങ്കെടുത്തതിനു പുറമേ ഹാഫിസ് സയീദുമായി വേദി പങ്കിട്ടു. പ്രസംഗത്തില്‍ സയീദ് ഇന്ത്യയെ ശക്തമായി വിമര്‍ശിക്കുകയും കശ്മീര്‍, കുല്‍ഭൂഷണ്‍ ജാദവ് തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു.