Latest News

തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ വീണ്ടും തെരഞ്ഞെടുത്തു. ഏകകണ്ഠമായാരുന്നു തെരഞ്ഞെടുപ്പ്. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലാതായെന്ന് കോടിയേരി പറഞ്ഞു. പാര്‍ട്ടിയില്‍ ഇന്നൊരു അഭിപ്രായമേയുള്ളുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മണ്ഡലം നിലനിര്‍ത്തുമെന്ന് കോടിയേരി പറഞ്ഞു. മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി യെച്ചൂരി നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെയല്ല. കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് കേന്ദ്രകമ്മറ്റി തീരുമാനം. അതാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. കേരള കോണ്‍ഗ്രസുമായി ചേരാന്‍ സി.പി.എം തീരുമാനിച്ചിട്ടില്ല. ശുഹൈബ് വധക്കേസില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ഒന്‍പത് പേരെ ഒഴിവാക്കി. സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ എണ്ണം 87 ആയി നിലനിര്‍ത്തി. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് എന്നിവരാണ് പുതിയതായി സംസ്ഥാന കമ്മറ്റിയില്‍ എത്തിയ ജില്ലാ സെക്രട്ടറിമാര്‍. മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍, സി.എച്ച്. കുഞ്ഞമ്പു, ഗിരിജ സുരേന്ദ്രന്‍, കെ. സോമപ്രസാദ്, കെ.വി. രാമകൃഷ്ണന്‍, ആര്‍. നാസര്‍ എന്നിവരാണ് മറ്റ് പുതുമുഖങ്ങള്‍. സി.പി.എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ സംസ്ഥാന കമ്മറ്റിയില്‍ തിരിച്ചെത്തി.

സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

 

തിരുവനന്തപുരം: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബക്ക് പേജിലൂടെയാണ് അകാലത്തില്‍ മരണമടഞ്ഞ ശ്രീദേവിക്ക് അനുശോചനം രേഖപ്പെടുത്തിയത്. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

വ്യത്യസ്ത ഭാഷകളില്‍ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും പിണറായി പറഞ്ഞു. ഇന്നലെ രാത്രി 1.30 ഓടെയാണ് ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ദുബായില്‍ വെച്ചായിരുന്നു മരണം. ബോളിവുഡ് താരം മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു.

ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ തീരാ നഷ്ടമാണ് ശ്രീദേവിയുടെ മരണമെന്ന് പ്രമുഖര്‍ പ്രതികരിച്ചു.

ബീഹാര്‍ മുസഫര്‍പൂര്‍ ജില്ലയില്‍ ഒമ്പത് കുട്ടികളുടെ മരണത്തിന് കാരണമായ കാര്‍ ബിജെപി നേതാവിന്റെതെന്ന് ആരോപണം. ശനിയാഴ്ച വൈകുന്നേരമാണ് ദേശീയ പാത മുറിച്ച്കടക്കുവാന്‍ കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബൊലേറോ കാര്‍ പാഞ്ഞുകയറിയത്.

അപകടത്തിന് കാരണമായ വാഹനം സിതാമര്‍ഹി ജില്ലയിലെ ബിജെപി നേതാവ് മനോജ് ബൈതയുടെതാണെന്ന് പൊലീസ് പറഞ്ഞു. അപകടമുണ്ടായപ്പോള്‍ മനോജ് വാഹനത്തിലുണ്ടായിരുന്നുവെന്നും കുട്ടികളെ ഇടിച്ചിട്ടയുടന്‍ ഡ്രൈവര്‍ക്കൊപ്പം ഇയാളും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നാട്ടുകാര്‍ ആദ്യമെ ആരോപിച്ചിരുന്നു. നേതാവും ഡ്രൈവറും ഇപ്പോള്‍ ഒളിവിലാണ്. അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഒരാളെ പോലും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സര്‍ക്കാറിനെ കുറ്റപ്പെടുത്തി. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ ബി.ജെ.പിയുടെ ബോര്‍ഡ് ഉണ്ടായിരുന്നെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിന് പിന്നാലെ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയും അധ്യാപകരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.അപകടത്തില്‍ 24 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിന് മുമ്പ് അതിനുള്ള കാരണങ്ങള്‍ കണ്ടെത്താനുള്ള തിരക്കിലാണ് സോഷ്യല്‍ മീഡിയയും ആരാധകരും.
മകളായ ജാന്‍വിയുടെ ആദ്യ സിനിമ റിലീസാകാന്‍ പോകുന്നതിന്റെ മാനസിക സമ്മര്‍ദ്ദം മുതല്‍ അടുത്തിടെ മുഖത്തും ചുണ്ടിലുമായി വരുത്തിയ മാറ്റം വരെ ശ്രീദേവിയുടെ മരണത്തിലേക്കു നയിച്ച കാരണമായി പലരും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി നടത്തിയ ശസ്ത്രക്രിയകളാണ് ശ്രീദേവിയെ അകാലമരണത്തിലേക്കു നയിച്ചതെന്ന് പലരുടെയും അഭിപ്രായം. ബോളിവുഡിലേക്കുള്ള യാത്ര തുടങ്ങിയ അന്നു മുതല്‍ക്കേ ശ്രീദേവി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.

കൊഴുപ്പ് വലിച്ചു കളയുന്നതിനു ശസ്ത്രക്രിയകള്‍ നിരവധി പ്രാവശ്യം താരം ചെയ്തിരുന്നുവെന്നാണ് സൂചന. അതുപോലെ സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയകള്‍, ത്വക്കിന്റെ ഭംഗി നിലനിര്‍ത്തുന്നതിനുള്ള ലേസര്‍ ചികിത്സകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ ശ്രീദേവി ചെയ്തിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരം ശസ്ത്രക്രിയകള്‍ ശരീരത്തിനു വലിയ തരത്തിലുള്ള സമ്മര്‍ദ്ദമാണ് നല്‍കിയതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചെയെന്നുമാണ് ചിലര്‍ വ്യക്തമാക്കുന്നത്.

അമ്പത്തിനാലു വയസേ ശ്രീദേവിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ അവര്‍ക്ക് ഒരു നാല്‍പ്പതുകാരിയുടെ ലുക്ക് ആവശ്യമായിരുന്നു. സമൂഹം അതാണ് ആവശ്യപ്പെട്ടതും. അത് അവര്‍ക്കു നല്‍കിയ സമ്മര്‍ദ്ദവും ചെറുതല്ല. ശരീരഭാരം എപ്പോഴും കുറച്ചു നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതയായിരുന്നു. ഇക്കാര്യം പരമമായ സത്യമാണ്. ബോളിവുഡിന്റെ ഫാഷന്‍ ഐക്കണായി നിലനില്‍ക്കാനും അതിനേക്കാളുപരി എപ്പോഴും സുന്ദരിയായിരിക്കുകയെന്ന സ്വന്തം നിലപാട് നിലനിര്‍ത്തുന്നതിനുമായി ശ്രീദേവി ഇക്കാലയളവിനിടയില്‍ വിദേശ രാജ്യങ്ങളിലടക്കം നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.’ സിനിമയിലെ ഒരു പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റാണിത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളി ആരോഗ്യകാരത്തില്‍ താന്‍ അതീവശ്രദ്ധാലുവാണെന്നും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ നാലു ദിവസം ടെന്നിസ് കളിക്കാറുണ്ടെന്നും ഫാസ്റ്റ് ഫുഡ്, മധുരവും കൊഴുപ്പും നിറഞ്ഞ ആഹാരവസ്തുക്കള്‍ എന്നിവയൊന്നും ഉപയോഗിക്കാറില്ലെന്നും നടി അടുത്തിടെ നല്‍കിയ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു.

Read more… വിവാഹ പാർട്ടിയിൽ പാട്ടിനൊപ്പം  മനോഹരമായി നൃത്തം ചെയ്യുന്ന ശ്രീദേവി…. മരണം കള്ളനെപ്പോലെ കടന്നു വന്നപ്പോൾ ശ്രീദേവിയുടെ ഡാൻസിന് അവസാനമായി

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ മരണത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. മധുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ മൂന്നു മുസ്ലീം പേരുകള്‍ എടുത്തു പറഞ്ഞ സെവാഗിന്റെ ട്വീറ്റ് വിവാദമായിരുന്നു. സേവാഗ് മനപ്പൂര്‍വം വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ഇതിനെതിരെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡയയില്‍ വിമര്‍ശനം ഉന്നയിച്ചു.

‘ഒരു കിലോ അരിയാണ് മധു മോഷ്ടിച്ചത്, എന്നാല്‍ ഇതിന്റെ പേരില്‍ ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ പാവപ്പെട്ട ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. സംസ്‌കാര സമ്പന്നമായ സമൂഹത്തിനിത് അപമാനകരമാണ്’ എന്നാണ് സേവാഗ് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ സെവാഗ് മാപ്പ് പറഞ്ഞ് ട്വീറ്റ് ചെയ്യുകയായിരുന്നു. 13 പ്രതികളുള്ള മധുവിന്റെ കൊലപാതക കേസില്‍ മുസ്ലിം പേരുകള്‍ മാത്രമാണ് സെവാഗ് ട്വീറ്റ് ചെയ്തത്. മധുവിന്റെ മരണത്തില്‍ മനപൂര്‍വ്വം മതം കലര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സെവാഗിന്റെ ട്വീറ്റെന്ന് നവ മാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചു.

‘തെറ്റ് അംഗീകരിക്കാതിരിക്കുന്നത് രണ്ടാമത്തെ തെറ്റാണ്, അപൂര്‍ണമായ വിവരമായിരുന്നതിനാല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ പേരുകള്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു. അതില്‍ ആത്മാര്‍ഥമായ ക്ഷമാപണം നടത്തുന്നു. ആ ട്വീറ്റ് വര്‍ഗീയമായിരുന്നില്ല.. എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണ്. അവിടെ സമാധാനമുണ്ടാവട്ടെയെന്ന് സെവാഗ് പിന്നീട് പോസ്റ്റ് ചെയ്തു.

ഷുഹൈബ് വധക്കേസില്‍ സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ ആരോഗ്യ നില മോശമായി. ഇതോടെ സുധാകരനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കലക്ടര്‍ക്ക് നല്‍കിയതോടെയാണ് അറസ്റ്റിനെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ സുധാകരനെ അറസ്റ്റ് ചെയ്താല്‍ സംഘര്‍ഷമുണ്ടാകുമെന്ന ആശങ്കയും ജില്ലാ ഭരണകൂടത്തിനുണ്ട്. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി സുധാകരന്‍ ആരോപിച്ചു. കൂടാതെ കോണ്‍ഗ്രസ് നേതാക്കളുടെയും മാധ്യമങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുണ്ട്. ഇത് അന്തസ്സുള്ള പണിയല്ല. ഫോണ്‍ ചോര്‍ത്തല്‍ നീചമായ മനസുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്.

സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിലങ്ങിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും സുധാകരന്‍ ആരോപിച്ചു. ഉപവാസ സമരം ആറാം ദിവസത്തേക്ക് കടന്നതോടെ സുധാകരന്റെ ആരോഗ്യ നില മോശമായിട്ടുണ്ട്. സോഡിയം കുറയുകയും രക്ത സമ്മര്‍ദ്ദം കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ഏത് സമയവും പോലീസെത്തി സുധാകരനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നാണറിയുന്നത്. ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും കെ.സുധാകരനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സമരത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

എന്നാൽ തങ്ങളുടെ സഹോദരനുവേണ്ടി സഹനസമര പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന കെ.സുധാകരനെ കാണാൻ ശുഹൈബിന്റെ സഹോദരിമാരായ ഷമീമയും, ഷർമിലയും, സുമയ്യയും എത്തി . സങ്കടം ഉള്ളിൽ ഒതുക്കാൻ ശ്ര മിച്ചെങ്കിലും അവരുടെ വേദന കണ്ണീരിന്റെ രൂപത്തിൽ അണപൊട്ടി ഒഴുകി.പിന്നാലെ സദസ്സിൽ നിന്ന് ‘ഇല്ല ഷുഹൈബ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’.. എന്ന് നൂറ് കണക്കിന് കണ്ഠനാളങ്ങിൽ നിന്നു മുദ്രാവാക്യങ്ങൾ ഉയർന്നു.

കൂടപ്പിറപ്പിന്റെ കൊലയാളികളെ നിയമത്തിന് മുൻപിലെത്തിക്കാനുള്ള പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ഞങ്ങളുടെ കുടുംബവും ഒപ്പമുണ്ടെന്ന് അവർ പറഞ്ഞു. യഥാർത്ഥ പ്രതികളെ പിടിക്കാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. സമരപ്പന്തലിൽ സത്യാഗ്രഹ സമരത്തിന്റെ ചുക്കാൻ പിടിക്കുന്ന ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയോടും സഹപ്രവർത്തകരോടും യാത്ര പറയുമ്പോഴും കണ്ണുനീർ പൊഴിച്ച് കൊണ്ടാണ് ആ സഹോദരിമാർ സത്യാഗ്രഹ സമരപന്തലിൽ നിന്നും മടങ്ങിയത്.

അതേസമയം ഷുഹൈബിന്റെ മാതാപിതാക്കളും കോണ്‍ഗ്രസും സര്‍ക്കാര്‍ മുമ്പാകെ ആവശ്യപ്പെട്ട സിബി.ഐ. ആന്വേഷണമെന്ന ആവശ്യത്തില്‍ തീരുമാനം നീളുകയാണ്. രണ്ടു ദിവസം കൂടി ഞങ്ങള്‍ കാത്തിരിക്കും. എന്നിട്ടും സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ നിയമ നടപടികളും ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് പാച്ചേനി പറഞ്ഞു. അറസ്റ്റിലായ എം വി ആകാശും രജിന്‍രാജും പോലീസിന് നല്‍കിയ മൊഴി പ്രകാരം മറ്റുള്ള പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അക്രമത്തില്‍ സി പി എം ലോക്കല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശവുമുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളതായി സൂചനയുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ ഇനിയും ഉണ്ടെന്നിരിക്കെ അവര്‍ രക്ഷപ്പെടുകയോ രക്ഷപ്പെടാനുള്ള സാഹചര്യം നിലനില്‍ക്കുകയോ ചെയ്യുന്നുണ്ട്. അതിനാലാണ് അന്വേഷണം സിബിഐ.യെക്കൊണ്ട് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് പാച്ചേനി പറഞ്ഞു.

ഷുഹൈബ് കൊലക്കേസിലെ ഗൂഢാലോചനക്കാരെയും ബോംബെറിഞ്ഞവരെയും അവരുപയോഗിച്ച വാഹനവും ആയുധങ്ങളും സംബന്ധിച്ച ഒരു വിവരവും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ പിന്നീടൊരു നീക്കവും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടക്കുന്ന ഉപവാസ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡി.സി.സി. പ്രിസഡന്റ് പറഞ്ഞു.

യുവ കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബസഹായ ഫണ്ടിലേക്ക് ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വക സംഭാവന നൂറു രൂപ. തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി ടൗണില്‍ ബക്കറ്റ് പരിവിലൂടെ സംഭാവന സ്വീകരിക്കുന്നതിനിടയിലാണ് ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ചേരി രവീന്ദ്രനും പങ്കാളിയായത്.

തില്ലങ്കേരി ടൗണിലെ ഹോട്ടലിനുമുന്നില്‍ നില്ക്കുകയായിരുന്നു ആകാശിന്റെ അച്ഛന്‍. പിരിവ് സംഘം മുന്നിലെത്തിയതോടെ കീശയില്‍നിന്ന് 100 രൂപയെടുത്ത് ഇത് എന്റെവക എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇട്ടു. തില്ലങ്കേരി പഞ്ചായത്തിലെ ഏക കോണ്‍ഗ്രസ് അംഗം യു.സി.നാരായണന്‍ തന്റെ ഓണറേറിയമായ ഏഴായിരം രൂപ കുടുംബസഹായ നിധിയിലേക്ക് സംഭാവന നല്‍കി.

ശ്രീദേവി അവസാനമായി പങ്കെടുത്ത ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ചലച്ചിത്രതാരം ശ്രീദേവി (54) അന്തരിച്ചു. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്.  റാസല്‍ഖൈമയില്‍ നടന്ന വിവാഹ സല്‍ക്കാര ചടങ്ങില്‍ നിന്നും രാത്രിയായതോടെ ബന്ധുക്കളില്‍ പലരും പിരിഞ്ഞു പോയിരുന്നു. പലരും ഇന്ത്യയിലേക്കും തിരിച്ചു. എന്നാല്‍ ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ബന്ധുക്കളുമായി സന്തോഷം പങ്കിട്ട് അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് മോഹിത് വര്‍മയുടെ വിവാഹ്തതില്‍ പങ്കെടുക്കാനായി ശ്രീദേവി റാസല്‍ഖൈമയില്‍ എത്തിയത്. മോഹിതിന്റെ വിവാഹ ശേഷം ബോണി കപൂറും മകള്‍ ഖുഷിയും ഇന്ത്യയിലേക്ക് തിരിച്ചു പോന്നിരുന്നു. എന്നാല്‍ ശ്രീദേവി അവിടെ തന്നെ ചിലവഴിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ബോണി കപൂര്‍ മകള്‍ക്കൊപ്പം റാസല്‍ഖൈമയിലേക്ക് തിരിച്ചു ചെല്ലുകയായിരുന്നു.

ബന്ധുക്കള്‍ക്കൊപ്പം ഭര്‍ത്താവും മകളും എത്തിയതോടെ ആ നല്ല ദിവസം സന്തോഷമാക്കുന്നതിനിടെയാണ് ശ്രീദേവിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതും കുഴഞ്ഞ് വീഴുന്നതും. ഉടന്‍ തന്നെ വിവാഹ സല്‍ക്കാരം നടന്ന വേദിക്ക് സമീപത്തുള്ള ആശുപത്രിയിലേക്ക് താരത്തെ എത്തിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്ബേ മരണം സംഭവിച്ചിരുന്നു. രാത്രി 11.30ഓടെയായിരുന്നു ശ്രീദേവിയുടെ മരണം.

നാലാം വയസ്സില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്ത് ചുവടുവെക്കുന്നത്. തുടര്‍ന്ന് ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പട്ട ശ്രീദേവി അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും രാജേശ്വരിയുടേയും മകളാണ്. 1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവിയെ 2013 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.

മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ വര്‍ഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം. ജാഹ്നവി, ഖുഷി എന്നിവരാണ് മക്കള്‍.

അടുത്ത 50 വര്‍ഷത്തിനിടയില്‍ ഇന്ത്യക്ക് 300 ന്യൂക്ലിയര്‍ റിയാക്ടറുകള്‍ ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയുടെ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ന്യൂക്ലിയര്‍ റിയാക്ടറുകളുടെ സുരക്ഷയും അവ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന വാദങ്ങള്‍. റിയാക്ടറുകളുടെ സുരക്ഷയും അവ നിലനിര്‍ത്തുന്നതിനാവിശ്യമായ വര്‍ദ്ധിച്ച ചെലവുകളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമെല്ലാം ന്യൂക്ലിയര്‍ എനര്‍ജിയെ നിര്‍ത്തേണ്ട ആവശ്യകതയുണ്ടോയെന്ന ചോദ്യമുയര്‍ത്തുന്നുണ്ട്. ന്യൂക്ലിയര്‍ എനര്‍ജി ഉത്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. 2018 ജനുവരി വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യ ആകെ 331 ജിഗാവാട്ട് വൈദ്യൂതി ഉത്പാദനം നടത്തിയതായി കാണാന്‍ കഴിയും. ഇതില്‍ 66 ശതമാനം വൈദ്യൂതിയും തെര്‍മല്‍ എനര്‍ജിയാണ് 13.6 ശതമാനം ഹൈഡ്രോഇലക്ട്രിക് പവറാണ് 18ശതമാനം സോളാര്‍ തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന വൈദ്യൂതിയാണ്. ഇതില്‍ വെറും 2 ശതമാനം മാത്രമാണ് ന്യൂക്ലിയര്‍ എനര്‍ജിയില്‍ നിന്നും ലഭിക്കുന്ന വൈദ്യൂതിയുള്ളു.

 

മൊത്തം ആഭ്യന്തര വൈദ്യൂത ഉത്പാദനത്തിന്റെ 40 ശതമാനത്തോളം വ്യാവസായിക ആവശ്യങ്ങള്‍ക്കായിട്ടാണ് ചെലവഴിക്കുന്നത്. 18 ശതമാനത്തോളം കാര്‍ഷിക ഉപയോഗത്തിനായും 24 ശതമാനം ഗാര്‍ഹിക ഉപയോഗത്തിനായും ചെലവഴിക്കപ്പെടുന്നു. കൂടാതെ റെയില്‍വേ മറ്റു ആവശ്യങ്ങള്‍ക്കായും ഒരു ചെറിയ ശതമാനം വൈദ്യുതി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ പ്രതിശീര്‍ഷ വൈദ്യത ഉപയോഗം മണിക്കൂറില്‍ ഏകദേശം 1,122കിലോവാട്ട് ആണ്. ഇന്ത്യയിലെ ഏതാണ്ട് 240 മില്ല്യണ്‍ ജനങ്ങള്‍ക്ക് ഇപ്പോഴും വൈദ്യൂതി ഒരു വിദൂര സ്വപ്‌നമാണ്. അമേരിക്കയുടെ പ്രതീശീര്‍ഷ വൈദ്യുത ഉപയോഗം മണിക്കൂറില്‍ 12,000കിലോവാട്ടാണ്. ഇന്ത്യയുടെ വൈദ്യൂത ഉപയോഗവുമായി വലിയ അന്തരം സൂക്ഷിക്കുന്ന കണക്കാണിത്. ചൈനയുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ മണിക്കൂറില്‍ 4,310 കിലോവാട്ടാണെന്ന് കാണാം. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിനവരുടെ പ്രതിശീര്‍ഷ വൈദ്യൂതി ഉപയോഗം മണിക്കൂറില്‍ ഏകദേശം 6,500 കിലോവാട്ടോളം വരും.

സാമ്പത്തിക വളര്‍ച്ചയ്ക്ക് അനാവാര്യമായ ഘടകങ്ങളിലൊന്നാണ് ആവശ്യാനുശ്രുതമുള്ള എനര്‍ജി ലഭ്യമാകുകയെന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ വീടുകളില്‍ വളരെ ശോചനീയമായ അവസ്ഥയാണ് വൈദ്യീതികരണത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നത്. വരും കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ വികസനത്തിന് കൂടുതല്‍ എനര്‍ജി ആവശ്യമുണ്ട്. ന്യൂക്ലിയര്‍ എനര്‍ജി ആവശ്യമുണ്ടോയെന്ന ചര്‍ച്ചകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ എനര്‍ജി ആവശ്യങ്ങള്‍ പരിഹരിക്കാന്‍ റിയാക്ടറുകള്‍ സ്ഥാപിക്കേണ്ടതായി ഉണ്ട്. അടുത്ത 50 വര്‍ഷത്തിനിടയില്‍ ഏതാണ്ട് 300 ന്യൂക്ലിയര്‍ റിയാക്ടറുകള്‍ രാജ്യത്തിന് ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ എല്ലാ പ്രതികളും അറസ്റ്റില്‍. 16 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് പാലക്കാട് എസ്പി അറിയിച്ചു. പ്രതികളെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. മധുവിനെ കാട്ടിക്കൊടുത്ത വനം ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതലനടപടിയുണ്ടാകും.

മരണം ക്രൂരപീഡനത്തിലൂടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്

അട്ടപ്പാടിയില്‍ മധുവിനെ തല്ലിക്കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. തലയില്‍ ഇടിച്ചപ്പോഴുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. വാരിയെല്ല് തകര്‍ന്നിട്ടുണ്ട്. അറസ്റ്റിലായ പതിനൊന്നു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.

ആദിവാസി യുവാവ് മധുവിന്റെ മരണകാരണം തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മര്‍ദ്ദനമേറ്റ് വാരിയെല്ല് തകര്‍ന്നു. ദേഹാമസകലം മര്‍ദ്ദനമേറ്റതായും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മധുവിനെ കൊന്നതാണെന്ന് വ്യക്തമായതോടെ പൊലീസ് പ്രധാനപ്പെട്ട വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. കൊലക്കുറ്റം, പട്ടികവര്‍ഗ പീഢന നിരോധന നിയമം, വനത്തിലേക്ക് അതിക്രമിച്ചു കയറല്‍ തുടങ്ങി ഏഴു വകുപ്പുകള്‍ ചുമത്തി. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഐ.ടി. ആക്ടും പ്രതികള്‍ക്കെതിരെ ചുമത്തി. നാലു പ്രതികളെക്കൂടി ഇനി കിട്ടാനുണ്ടെന്ന് ഐ.ജി: എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു.

മധുവിനെ ആക്രമിക്കുമ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ കാഴ്ചക്കാരായെന്ന ബന്ധുക്കളുടെ ആരോപണം പരിശോധിക്കുമെന്നും ഐ.ജി. പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം മൂന്നു മണിക്കൂര്‍ നീണ്ടു. പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രേഖാമൂലം വിശദമായി മൂന്നു ദിവസത്തിനകം പൊലീസിന് കൈമാറും.

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ച സംഭവത്തിൽ വനപാലകർക്കു പങ്കുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നു മന്ത്രി കെ. രാജു. വനത്തിലെ ഗുഹയിലുള്ള മധുവിന്റെ താമസസ്ഥലം നാട്ടുകാർക്കു കാണിച്ചുകൊടുത്തതും അവരെ വനത്തിൽ കയറ്റിവിട്ടതും വനപാലകരാണെന്ന വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി

RECENT POSTS
Copyright © . All rights reserved