Latest News

അര്‍ദ്ധരാത്രി കാമുകിയുടെ സന്ദേശത്തില്‍ ഇറങ്ങിത്തിരിച്ച യുവാവ് കിണറ്റില്‍ വീണു. എറണാകുളം പുത്തന്‍കുരിശ്ശില്‍ നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്  ഇന്ത്യയിലെ തന്നെ പ്രമുഖ ന്യൂസ് ചാനലാണ് . രാത്രിയില്‍ വാട്ട്സ്ആപ്പില്‍ കാമുകി ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മകള്‍ വേണമെങ്കിലും തരാം എന്ന് കൗമരക്കാരന് സന്ദേശം അയച്ചു. രാത്രി ഒരുമണിയോട് അടുപ്പിച്ച് സന്ദേശം ലഭിച്ച കൗമരക്കാരന്‍ വീട്ടില്‍ നിന്ന് പിതാവിന്‍റെ കാറും മോഷ്ടിച്ച് വിജനമായ റോഡില്‍ ഇറങ്ങി. എന്നാല്‍ എത്തിപ്പെട്ടത് പോലീസ് ചെക്കിംഗിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പയ്യന് കയ്യില്‍ രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇടറോഡില്‍കൂടി രക്ഷപ്പെടാനായിരുന്നു പിന്നെ ശ്രമം. എന്നാല്‍ ഇത് അവസാനിച്ചത് മറ്റൊരു പോലീസ് സംഘത്തിന്‍റെ മുന്നില്‍.

ഇവിടുന്ന് റിവേഴ്സ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു. പിന്നെയും റിവേഴ്സ് എടുക്കാന്‍ നോക്കിയപ്പോള്‍ കാര്‍ ഒരു വീട്ടിന്‍റെ മതിലില്‍ ഇടിച്ചുനിന്നു. ഇതോടെ പയ്യന്‍ കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോട്. മുന്നില്‍ കണ്ട രണ്ട് മതില്‍ ചാടികടന്ന് മൂന്നാമത്തെ മതില്‍ ചാടി വീണത് ഒരു ഉപേക്ഷിക്കപ്പെട്ട കിണറ്റിലായിരുന്നു. മുന്നില്‍ മതില്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് കിണറ്റില്‍ ചാടിയത്.

ഇതേ സമയം കാര്‍ ഉപേക്ഷിക്കപ്പെട്ടത് കണ്ട പോലീസ് സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കില്‍ ഒന്നും കണ്ടില്ല. അതേ സമയം പയ്യന്‍ വീണ കിണറ്റിന് 50 അടി താഴ്ചയുണ്ടായിരുന്നു. അതേ സമയം കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വീട്ടിലെ ഉടമസ്ഥന്‍ സംഭവിച്ചത് ഒന്നും അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെ പ്രഭാത വ്യായമത്തിന് ഇറങ്ങിയ ഇയാള്‍ കിണറ്റില്‍ നിന്ന് രക്ഷിക്കാനുള്ള വിളി കേള്‍ക്കുന്നത്.

കിണറില്‍ ലൈറ്റ് അടിച്ച് നോക്കിയ ഇയാള്‍, പയ്യനെ കാണുകയും പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയും ചെയ്തു. അവര്‍ വന്ന് പയ്യനെ കരയ്ക്ക് എത്തിച്ചു. പിന്നീട് ഇയാളെ പോലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയും പയ്യനും ഒരേ സ്കൂളില്‍ പഠിച്ചതാണെന്ന് പോലീസ് പറയുന്നു. അനുവാദമില്ലാതെ മകനെ കാര്‍ എടുക്കാന്‍ അനുവദിച്ചു എന്നതിന്‍റെ പേരില്‍ മാതാപിതാക്കള്‍ക്ക് പോലീസ് പിഴചുമത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ത്തതിന് കെഎസ്ഇബിയും ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം അരങ്ങേറിയത്.

ഒരാഴ്ച മുന്‍പ് പയ്യനെ പെണ്‍കുട്ടിയുടെ വീട്ടിന് അടുത്തുനിന്ന് പെണ്‍കുട്ടിയുടെ പിതാവ് പിടികൂടിയിരുന്നു. ഇത് ഇരു കുടുംബങ്ങളും തമ്മിലുള്ള വഴക്കായിരുന്നു. അതിന് പിന്നാലെ പയ്യനെ മുത്തച്ഛന്‍റെ വീട്ടിലേക്ക് മാതാപിതാക്കള്‍ മാറ്റി. പോലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടില്ല. ഇരു കുടുംബങ്ങളെയും പോലീസ് താക്കീത് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് വീഴ്ച വരുത്തിയെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചത്. നിലവില്‍ ഐഎംജി ഡയറക്ടറാണ്.

ഡിസംബര്‍ 9ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന പരിപാടിയിലാണ് സര്‍ക്കാരിനെതിരെ ജേക്കബ് തോമസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പണക്കാരുടെ മക്കളാണ് കടലില്‍ പോയിരുന്നതെങ്കില്‍ സര്‍ക്കാരിന്റെ പ്രതികരണം ഇതാകുമായിരുന്നില്ലെന്നായിരുന്ന ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ ജേക്കബ് തോമസിന്റെ വിമര്‍ശനം. അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതി വിരുദ്ധരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് തുറന്നടിച്ചിരുന്നു.

ഈ ആരോപണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് ഒരു ഉദ്യോഗസ്ഥന്‍ ഈ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും വിശദീകരിക്കപ്പെടുന്നു. ഇതേത്തുടര്‍ന്ന് അഖിലേന്ത്യാ സര്‍വീസ് നിയമം അനുസരിച്ച് നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

മറയൂര്‍: മകന്‍ ഇതര സമുദായത്തില്‍പ്പെട്ട യുവതിയെ പ്രണയവിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഊരുവിലക്കു വരുമെന്നു പേടിച്ചു നാടുവിട്ടോടിയ മാതാപിതാക്കളും സഹോദരിയും ജീവനൊടുക്കി. മറയൂര്‍ കീഴാന്തൂര്‍ സ്വദേശി ടി.സി.മുരുകന്‍ (50), ഭാര്യ മുത്തുലക്ഷ്മി (45), മകള്‍ ഭാനുപ്രിയ (19) എന്നിവരെ തമിഴ്‌നാട് ഉദുമല്‍പേട്ട എസ്‌വി പുരം റെയില്‍വേ ട്രാക്കിനു സമീപമുള്ള പൊന്തക്കാട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയില്‍ കണ്ടെത്തി.

മുരുകന്റെയും മുത്തുലക്ഷ്മിയുടെയും മകന്‍ പാണ്ടിരാജ് തമിഴ്‌നാട്ടിലെ മറ്റൊരു സമുദായക്കാരിയായ യുവതിയെ കഴിഞ്ഞ ശനിയാഴ്ച വിവാഹം ചെയ്തിരുന്നു. ഇതര സമുദായത്തില്‍പ്പെട്ടവരെ വിവാഹം ചെയ്താല്‍ ഊരുവിലക്കുന്ന സമ്പ്രദായമുള്ള പ്രദേശമാണ് ഇവര്‍ താമസിക്കുന്ന അഞ്ചുനാട് ഗ്രാമത്തിലെ കീഴാന്തൂര്‍ പ്രദേശം. മകന്റെ വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നു മാതാപിതാക്കള്‍ ഉദുമല്‍പേട്ടയിലെത്തി അവിടെ ബിരുദ വിദ്യാര്‍ഥിനിയായ ഭാനുമതിയെ ഹോസ്റ്റലില്‍നിന്നു കൂട്ടിക്കൊണ്ടുപോയതായി പൊലീസ് പറയുന്നു.

മറയൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജി.അജയ്കുമാറിന്റെ നേതൃത്വത്തില്‍ ഉദുമല്‍പേട്ടയില്‍ അന്വേഷിച്ചപ്പോള്‍ മുരുകന്റെ മൊബൈല്‍ ഫോണ്‍ പഴനിക്കു സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ സ്വിച്ച്ഓഫ് ചെയ്യപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് ഇന്നലെ രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടുവര്‍ഷം മുന്‍പ് ഉദുമല്‍പേട്ടയിലെ കോളജില്‍ എംകോമിനു പഠിക്കുന്നതിനിടയിലാണു പാണ്ടിരാജ് തമിഴ്‌നാട് മഠത്തുകുളം സ്വദേശിനിയുമായി പ്രണയത്തിലായത്. പാണ്ടിരാജിനു കൊച്ചിയില്‍ ജോലി കിട്ടിയപ്പോള്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉദുമല്‍പേട്ടയിലെ വൈദ്യുതശ്മശാനത്തില്‍ സംസ്‌കരിക്കും.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിമാരായ മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ എന്നിവര്‍ നല്‍കിയ മൊഴി പുറത്ത്. ദിലീപും കാവ്യാ മാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നതായാണ് മഞ്ജുവിന്റെ മൊഴി. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധം ആയിരുന്നില്ലെന്ന് നടന്‍ സിദ്ദിഖ് മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് ഇടപെട്ട് ആക്രമിക്കപ്പെട്ട നടിയെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയതായി തനിക്ക് അറിയാമെന്ന് സിദ്ദിഖ് മൊഴി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ ഇടപെടല്‍ മൂലം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം താന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ആരുമായും ഇന്ററാക്ട് ചെയ്തിരുന്നില്ല. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. കാവ്യയും ദിലീപും തമ്മിലുള്ള മെസേജുകള്‍ ദിലീപിന്റെ ഫോണില്‍ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും നടിമാരുമായ സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ്, ഭാവന എന്നിവരുമായി ഷെയര്‍ ചെയ്യുകയും ചെയ്തു. അതേതുടര്‍ന്ന് ഭാവന അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞുമഞ്ജു പറയുന്നു.

ദിലീപും കാവ്യാ മാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. ഇതേതുടര്‍ന്ന് വീട്ടല്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് ഭാവനയോട് ദേഷ്യമുണ്ടായി. ദിലീപും കാവ്യയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഗായിക റിമി ടോമിക്കും അറിയാമായിരുന്നെന്ന് മഞ്ജു തന്റെ മൊഴിയില്‍ പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചു. റിമിയും ഇക്കാര്യം തന്നോട് പറഞ്ഞതായി മഞ്ജു പറഞ്ഞു.

മഞ്ജുവിന്റെ മൊഴിയുടെ പൂര്‍ണരൂപം:

ഞാന്‍ 21062017 തീയതി പൊലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോള്‍ വായിച്ച് കേട്ടത്. ആ മൊഴിയില്‍ ഞാന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം ഞാന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്.

ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഞാന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ആരുമായി ഞാന്‍ interatct ചെയ്തിരുന്നില്ല. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ ദിലീപേട്ടന്റെ ഫോണില്‍ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ഭാവന എന്നിവരുമായി ഷെയര്‍ ചെയ്യുകയും ചെയ്തു. അതിനെ തുടര്‍ന്ന ഭാവന അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് ഭാവന പറഞ്ഞത്.

ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് ഭാവനയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ ദാസും കൂടി ഭാവനയുടെ വീട്ടില്‍ പോയിരുന്നു. ഭാവനയുടെ വീട്ടില്‍ വെച്ച് അവളുടെ അച്ഛന്‍ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് ഭാവന എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നു.

സംയുക്താ വര്‍മ്മയുടെ മൊഴി:

ഞാന്‍ ഫിലിം ആര്‍ട്ടിസ്റ്റ്. 15 വര്‍ഷമായി ഞാന്‍ അഭിനയരംഗത്തുനിന്നും മാറി നില്‍ക്കുകയാണ്. ഞാനും ഫിലിം ആര്‍ട്ടിസ്റ്റുകളായ ഭാവന, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുമായി വളരെ അടുത്ത സുഹൃദ്ബന്ധമാണ്. ഭാവന തൃശൂരില്‍ ആയതിനാലും എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാലും ഞാനും ഭാവനയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്.

ഉദ്ദേശം നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മഞ്ജുവിനോട് പറഞ്ഞ് സമാധാനിപ്പിച്ച.

മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ഭാവനയുടെ വീട്ടിലേക്ക് പോയി. ഭാവനയുടെ അച്ഛനും അമ്മയും ഭാവനയുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഭാവനയുടെ അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് ഭാവനയ്ക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നു ഭാവന പറഞ്ഞത്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മൊഴിയിലും ദിലീപിനെതിരെ പരാമര്‍ശം. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടല്‍ മൂലം നടിക്ക് സിനിമയില്‍ അവസരം നഷ്ടപ്പെട്ടതായി എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി തന്നെക്കുറിച്ച് പലരോടും മോശമായി സംസാരിക്കുന്നുവെന്ന് കാവ്യ പരാതി പറഞ്ഞത് പ്രകാരം അമ്മയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വച്ച് നടിയെ താക്കീത് ചെയ്തിരുന്നതായും സിദ്ദിഖ് മൊഴി നല്‍കി. ദിലീപിനെതിരെ പരാമര്‍ശങ്ങള്‍ അടങ്ങുന്ന മൊഴിയാണ് ഗായിക റിമി ടോമിയും നല്‍കിയത്. ദിലീപും കാവ്യയും തന്നെ ബന്ധമുള്ള വിവരം നേരത്തെ അറിയാമെന്ന് വ്യക്തമാക്കുന്നതാണ് റിമിയുടെ മൊഴി. റിപ്പോര്‍ട്ടര്‍ ടിവിയാണ് താരങ്ങളുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. നേരത്തെ മഞ്ജുവിന്റെയും സംയുക്താ വര്‍മ്മയുടേയും മൊഴി പുറത്ത് വന്നിരുന്നു.

റിമിയുടെ മൊഴിയുടെ പൂര്‍ണരൂപം:

ഞാന്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി ഗായികയാണ്. ഇതുവരെ ഇരുന്നൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്. (അക്രമിക്കപ്പെട്ട നടി) അഭിനയിച്ച ഹണിബീ 2 എന്ന ചിത്രത്തിലാണ് അവസാനം പാടിയത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ഞാന്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ കുഞ്ഞിരാമായണം, അഞ്ച് സുന്ദരികള്‍, കാര്യസ്ഥന്‍ എന്നീ സിനിമകളില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ഞാന്‍ ഏഷ്യാനെറ്റിലും മഴവില്‍ മനോരമയിലും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. 2002ല്‍ മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഞാന്‍ ദിലീപിനെ പരിചയപ്പെടുന്നത്. ആ വര്‍ഷം തന്നെ മീശമാധവന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ ദിലീപേട്ടനും കാവ്യാ മാധവനും ഒപ്പം യൂറോപ്യന്‍ ട്രിപ്പ് പോയിട്ടുണ്ട്. 2004ല്‍ യുഎഇയില്‍ ദിലീപ് ഷോയിലും ഞാന്‍ പങ്കെടുത്തു. 2010ല്‍ ദിലീപേട്ടന്‍, കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.

അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്‌റൂമില്‍ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി.

2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വര്‍മയും ഗീതു മോഹന്‍ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്‍ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അവര്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവര്‍ത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

2013ലെ അമ്മ ഷോയുടെ റിഹേഴ്‌സല്‍ നടക്കുന്നതിനിടയില്‍ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരുന്നു സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ മഞ്ജു ചേച്ചി അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എനിക്ക് ദിലീപുമായി പണമിടപാടുകള്‍ ഒന്നുംതന്നെയില്ല. ഞങ്ങള്‍ ഒരുമിച്ച് വീടോ മറ്റ് സ്വത്തുക്കളോ വാങ്ങിക്കുകയോ വില്‍ക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച വിവരം ഞാന്‍ അറിയുന്നത് ടിവിയില്‍ വാര്‍ത്ത കണ്ടിട്ടാണ്. 1822017 രാവിലെ ഒമ്പത് മണിയോടെ ഞാന്‍ കാവ്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത ആദ്യമായി കേട്ടതിന്റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തില്‍ തോന്നിയില്ല. അതെന്താണെന്ന് ഞാന്‍ ചിന്തിക്കുകയും ചെയ്തിരുന്നു.

സിദ്ദിഖിന്റെ മൊഴിയുടെ പൂര്‍ണ്ണരൂപം

ഞാന്‍ 1987 മുതല്‍ മലയാളസിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ഞാന്‍ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ട്.
2017 ഫെബ്രുവരി 13 ാം തീയതി രാവിലെ എന്റെ ഫോണില്‍ ഞാന്‍ നോക്കിയപ്പോള്‍ നിര്‍മാതാവ് ആന്റോ ജോസഫിന്റെ നമ്പറില്‍ നിന്നും രാത്രി സമയം ധാരാളം മിസ്ഡ് കോള്‍ കണ്ടിരുന്നു.

തുടര്‍ന്ന് ഞാന്‍ പുലര്‍ച്ചെ 06.30 മണിയോടെ തിരിച്ച് വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ സംവിധായകന്‍ ലാലിന് കൊടുക്കുകയും ലാല്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോല്‍ ലാലിന്റെ കുടുംബാംഗങ്ങളും ലാലും നടി ആക്രമിക്കപ്പെട്ടതിന്റെ വിവരങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്ന് പോയതിന് ശേഷം ലാലിന്റെ വീട്ടില്‍ നിന്നും ഞാന്‍ മടങ്ങി. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ഞാനും ദിലീപും ഒരുമിച്ചാണ് പോയത്.

യാത്രാമധ്യേ കാറിലിരുന്ന് താന്‍ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും എന്നോട് പറഞ്ഞു. ദിലീപും നടിയും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും മറ്റും മൂലമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. 2013ല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയില്‍ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓര്‍ഗനൈസര്‍ ആയിരുന്നു.

റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് ആക്രമിക്കപ്പെട്ട നടി കാവ്യയെ കുറിച്ച് മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങള്‍ ഉണ്ടാക്കുന്നതെന്നും മേലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു. ദിലീപും നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല.

ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഇക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കുഞ്ചാക്കോ ബോബന്റെ മൊഴി. ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ നിന്നും പിന്മാറാന്‍ ദിലീപ് ആവശ്യപ്പെട്ടതായി നടന്‍ കുഞ്ചാക്കോ ബോബന്‍ പോലീസിന് മൊഴി നല്‍കി. റിപ്പോര്‍ട്ടര്‍ ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്.

വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിച്ച ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു. നായികാ പ്രാധാന്യമുള്ള സിനിമയായിരുന്നിട്ടും മഞ്ജുവിന്റെ ഭര്‍ത്താവിന്റെ റോള്‍ അവതരിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന്‍ തയാറായതും അതേ സമയം അഭിനന്ദനം നേടിയിരുന്നു. എന്നാല്‍ ഈ ചിത്രം കമ്മിറ്റ് ചെയ്ത അവസരത്തില്‍ ദിലീപ് വിളിച്ച് ചിത്രത്തില്‍ നിന്നും പിന്മാറണമെന്ന് അര്‍ത്ഥത്തില്‍ സംസാരിച്ചുവെന്നാണ് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുന്നത്.

റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ട കുഞ്ചാക്കോ ബോബന്റെ മൊഴിയുടെ പൂര്‍ണ്ണരൂപം

ഞാന്‍ കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമാ നടനാണ്. സിനിമ നിര്‍മാണവും ചെയ്യുന്നുണ്ട്. നടന്‍ ദിലീപ് എന്റെ സുഹൃത്താണ് ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടെയും തലപ്പത്തുള്ള ആളുമാണ്. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറര്‍ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. നടന്‍ ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍യു എന്ന സിനിമയില്‍ ഞാനായിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനായ സിനിമയിലാണ് മഞ്ജു വാര്യര്‍ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്. അത് എന്തോ കാരണത്താല്‍ നടന്നില്ല. ആ സിനിമ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസാണ്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ഞാന്‍ അതില്‍ അഭിപ്രായം ഒന്നും പറയാറില്ല.

ആ സിനിമ ഞാന്‍ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല. അതിന് മറുപടിയായി ദിലീപിനോട് ഞാന്‍ ഡേറ്റ് കൊടുത്തത് റോഷന്‍ ആന്‍ഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ അഭിനയിക്കരുത് എന്ന് നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ എത്തിക്‌സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാന്‍ മാറാം. പക്ഷെ നിങ്ങള്‍ ആവശ്യപ്പെടണം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ദിലീപ് ആവശ്യപ്പെടാന്‍ തയ്യാറായില്ല.

പിന്നെയും ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. പുള്ളിയുടെ സംസാരത്തില്‍ നിന്നും ഞാന്‍ സ്വയം പിന്‍മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീര്‍ച്ചയാണ്. കസിന്‍സ് എന്ന സിനിമയില്‍ നിന്നും നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.

കൗമാരക്കാരന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത് കാരണം പെരുവഴിയിലായി ഒരു കുടുംബം. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തിലാണ് പരാതിയുമായി വീട്ടമ്മ എത്തിയത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം, സമപ്രായക്കാരെ പോലെ പ്ലസ്ടു പരീക്ഷ ജയിച്ചപ്പോള്‍ ബൈക്ക് വേണമെന്നായിരുന്നു കൗമാക്കാരന്റെ ആവശ്യം, എന്നാല്‍ രോഗബാധിതനായ ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിപണിക്കാരിയായ അമ്മയ്ക്ക് ബൈക്ക് വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല. പകരം സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി.

സംഭവം :പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ നിന്നും…..

സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന ഹോംനഴ്‌സുമായി സമൂഹമാധ്യമത്തിലൂടെ മകന്‍ ചങ്ങാത്തത്തിലായി. 42 വയസ്സുള്ള ഹോംനഴ്‌സ്, കൗമാരക്കാരന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ നിക്ഷേപിച്ചു. നാട്ടിലെത്തിയ സ്ത്രീ 17കാരനുമായി ബംഗളൂരുവിനു കടന്നു. ആറുമാസം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ ഹോംനഴ്‌സിനൊപ്പം താമസിച്ചു. പിന്നീട് ഇരുവരും പിരിഞ്ഞു. സ്ത്രീ തുക തിരികെ ആവശ്യപ്പെട്ടു. തുക നല്‍കാന്‍ കഴിയാതെ പയ്യന്‍ തിരികെ വീട്ടിലെത്തി.

പണം മടക്കി നല്‍കുന്നില്ലെന്ന് കാണിച്ച് ഹോംനേഴ്‌സ് കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കി. അതോടെ 18 വയസ്സു പൂര്‍ത്തിയായ ഇയാള്‍ മൂന്നുമാസം ജയിലിലുമായി. ആകെയുണ്ടായിരുന്ന അഞ്ചുസെന്റ് സ്ഥലവും വീടും പണയപ്പെടുത്തി അമ്മ, മകനെ ജാമ്യത്തിലിറക്കി. ചിലരുടെ സഹായത്തോടെ മകന് വിദേശത്തു ജോലിയും തരപ്പെടുത്തി.

എന്നാല്‍, ഇപ്പോള്‍ 19 വയസ്സുള്ള യുവാവിന്റെ പേരില്‍ നടപടിയെടുക്കണമെന്നും 43,000 രൂപയും അതിന്റെ പലിശയും മടക്കി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹോംനഴ്‌സ് കമ്മിഷന് മുന്നിലെത്തിയത്.

മകന്റെ പ്രായം മാത്രമുള്ള, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വഴിവിട്ട ജീവിതത്തിനു പ്രേരിപ്പിക്കുകയും പിന്നീട് ക്രിമിനല്‍ കേസില്‍പ്പെടുത്തുകയും ചെയ്ത സ്ത്രീയുടെ നടപടി ഹീനവും നിന്ദ്യവുമാണെന്ന് കമ്മിഷന്‍ വിലയിരുത്തി. ഇത്തരത്തിലുള്ള സ്ത്രീകള്‍ സമൂഹത്തിന് അപമാനവും ഭീഷണിയുമാണെന്നും നിരീക്ഷിച്ചു. തിരിച്ചറിവെത്തുന്നതിനു മുമ്പ് കുട്ടികള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിനല്‍കുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങളെന്നും നിരീക്ഷിച്ചു.

തുക മടക്കി നല്‍കണമെന്ന ഇവരുടെ ആവശ്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കോടതിയിലുള്ള കേസിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാമെന്നും കമ്മിഷന്‍ അറിയിച്ചു.

 

മനുഷ്യന്‍ മൃഗമായി മാറുന്നതോ അല്ലെങ്കില്‍ മൃഗത്തേക്കാള്‍ അധപതിക്കുന്നതോ ഒരു പുതിയ വാര്‍ത്തയല്ലെങ്കിലും കാണുന്നവരുടെ കണ്ണുനിറയുന്ന രീതിയില്‍ ചില മനുഷ്യര്‍ പെരുമാറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ലവ് ജിഹാദ് ആരോപിച്ച് ഒരു മനുഷ്യനെ ജീവനോടെ വെട്ടിക്കൊന്ന് തീവച്ച കുറ്റവാളിയുടെ അതേ മനോനിലയുള്ള മനുഷ്യനാണ് ഇത്തരത്തിലൊരു പ്രകടനം നടത്തുന്നതെന്ന് വ്യക്തം.

ഒരു കുരങ്ങിനെ കെട്ടിത്തൂക്കിയിട്ട് അടിക്കുന്നതാണ് പ്രചരിക്കുന്ന ഒരു വീഡിയോയിലുള്ളത്. തലകീഴായി തൂക്കി ബെല്‍റ്റിനാണ് അടി. ഓരോ അടിക്കും കുരങ്ങ് പിടയുന്നു. അടിക്കുന്ന ആളും വീഡിയോ ചിത്രീകരിക്കുന്ന ആളും കൂടാതെ മറ്റൊരാള്‍ കൂടി ക്രൂരതയില്‍ പങ്കാളിയാകുന്നുണ്ട്.

ഇതേ കുരങ്ങിനെ നിലത്ത് കിടത്തി അടിക്കുന്നതാണ് രണ്ടാം വീഡിയോ. വടികൊണ്ടാണ് അടി. വീഡിയോയുടെ അവസാന ഭാഗത്ത് ഇയാളുടെ വടി ഒടിഞ്ഞുപോകുന്നത് കാണാം. രണ്ട് കാലുകളും ഒടിഞ്ഞുപോയതിനാല്‍ കുരങ്ങിന് ഓടിപ്പോകാന്‍ സാധിക്കുന്നില്ല. നിരങ്ങി നീങ്ങാന്‍ കുരങ്ങ് വിഫല ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നു. ഓരോ അടിക്കും ഈ മിണ്ടാപ്രാണി കരയുന്ന ശബ്ദം വീഡിയോയില്‍ വ്യക്തമാണ്.

വന്യ മൃഗങ്ങളോടുള്ള ക്രൂരത ഗുരുതരമായ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ വീഡിയോ പരമാവധി പ്രചരിപ്പിച്ച് അക്രമിയെ പിടികൂടാന്‍ സഹായിക്കുക എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ ചെയ്യുന്നത്. കണ്ണില്ലാത്ത ക്രൂരത പ്രവര്‍ത്തിക്കുന്ന കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

ഇന്നലെ രാത്രി പത്തരയോടെയാണ് സി.എസ്.ഐ സഭയ്ക്ക് കീഴില്‍ വരുന്ന എച്ച്‌.എം.എസ് ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച മതപരിവര്‍ത്തനം ആരോപിച്ച്‌ ഈ പള്ളിയിലെ പുരോഹിതന്‍ ലോറന്‍സിന് പള്ളിയ്ക്ക് സമീപം വച്ച്‌ മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാത്രിയിലെ ആക്രമണം. ‘നീ മതപരിവര്‍ത്തനം നടത്തും അല്ലേടാ ‘ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനമെന്ന് പുരോഹിതന്‍ ലോറന്‍സ് നെയ്യാര്‍ഡാം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പുരോഹിതന്‍ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു

പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ. പെണ്‍കുട്ടികള്‍ റോഡില്‍ വച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉത്തര്‍ പ്രദേശിലെ മഥൂരയിലെ മദോറ ഗ്രാമപഞ്ചായത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് തടയാനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാനും ഈ നിയന്ത്രണത്തിന് കഴിയുമെന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ വിലയിരുത്തല്‍.

വിചിത്രമായ പല ഉത്തരുവുകള്‍ക്കൊണ്ടും നിയന്ത്രണങ്ങള്‍ക്കൊണ്ടും കുപ്രസിദ്ധമാണ് ഉത്തര്‍ പ്രദേശിലെ മിക്ക പഞ്ചായത്തുക്കളും. ഇവയെല്ലാം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ്.

RECENT POSTS
Copyright © . All rights reserved