തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സ് വിറ്റഴിച്ച സ്വര്‍ണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാര്‍ക്കെതിരേ സൈബര്‍ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടികളെടുക്കാന്‍ ദുബായ് പോലീസിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം നല്കി. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗപ്പെടുത്തി കല്യാണ്‍ ജൂവലേഴ്‌സിന് എതിരേയുള്ള പ്രചാരണത്തെക്കുറിച്ച് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചു. അപഖ്യാതി പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം പുരോഗമിക്കുകയാണ്.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിച്ച വ്യാജപോസ്റ്റില്‍ യുഎഇയിലെ കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകള്‍ സീല്‍ ചെയ്‌തെന്നും ഉടമയെ അറസ്റ്റ് ചെയ്‌തെന്നും പ്രചരിപ്പിച്ചിരുന്നു.
വ്യാജ വീഡിയോയും വ്യാജ വാര്‍ത്തകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കല്യാണ്‍ ജൂവലേഴ്‌സ് എല്‍എല്‍സി ദുബായ് പോലീസിന് നല്കിയ പരാതിയിലാണ് നടപടി. സൈബര്‍ക്രൈം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ദുബായ് പോലീസ് വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത മറ്റ് കുറ്റവാളികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വ്യാജവാര്‍ത്ത നിഷേധിച്ചിരുന്നു.

സോഷ്യല്‍മീഡിയയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ ദുബായ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സൂക്ഷ്മതയോടെയും ശാസ്ത്രീയമായും നടത്തിയ അന്വേഷണത്തെ അദ്ദേഹം അഭിനന്ദിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അപഖ്യാതി പ്രചാരണം നിസാരമായി തള്ളിക്കളയാനാവില്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ അന്വേഷണം തെളിവാണ്. വര്‍ഷങ്ങള്‍ക്കൊണ്ട് ഒട്ടേറെ ആളുകളുടെ കഠിനാദ്ധ്വാനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും കെട്ടിപ്പടുത്തതാണ് കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ്. ഉത്തരവാദിത്വമില്ലാത്ത ചില ആളുകള്‍ നടത്തുന്ന വ്യാജപ്രചാരണം ഈ ബ്രാന്‍ഡിന്റെ മതിപ്പ് ഇല്ലാതാക്കാനുള്ള ശ്രമമാണ്. ബ്രാന്‍ഡുമായും കമ്പനിയുമായും ചേര്‍ന്നുനില്‍ക്കുന്നവരെ വൈകാരികമായി ബാധിക്കുന്നതാണ് ഇത്തരം നടപടികള്‍. യുഎഇയിലെ നിയമസംവിധാനവും ദുബായ് പോലീസും സൈബര്‍ കുറ്റകൃത്യം തടയുന്നതിനായി കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സത്യം തെളിയിക്കാന്‍ ഇത് ഏറെ സഹായകമാണെന്ന് കല്യാണരാമന്‍ ചൂണ്ടിക്കാട്ടി.

ഇതിന് സമാനമായി കല്ല്യാണ്‍ ജൂവലേഴ്‌സിന്റെ തിരുവനന്തപുരം ഷോറൂമിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അപവാദപ്രചരണത്തിനും വ്യാജവാര്‍ത്തകള്‍ക്കുമെതിരെയും ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കല്ല്യാണ്‍ ജൂവലേഴ്‌സ് അറിയിച്ചു.