ഷുഹൈബ് വധക്കേസില് സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന കോണ്ഗ്രസ് നേതാവ് കെ.സുധാകരന്റെ ആരോഗ്യ നില മോശമായി. ഇതോടെ സുധാകരനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. മെഡിക്കല് സംഘത്തിന്റെ റിപ്പോര്ട്ട് ജില്ലാ മെഡിക്കല് ഓഫീസര് കലക്ടര്ക്ക് നല്കിയതോടെയാണ് അറസ്റ്റിനെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല് സുധാകരനെ അറസ്റ്റ് ചെയ്താല് സംഘര്ഷമുണ്ടാകുമെന്ന ആശങ്കയും ജില്ലാ ഭരണകൂടത്തിനുണ്ട്. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഫോണ് ചോര്ത്തുന്നതായി സുധാകരന് ആരോപിച്ചു. കൂടാതെ കോണ്ഗ്രസ് നേതാക്കളുടെയും മാധ്യമങ്ങളുടെയും ഫോണുകള് ചോര്ത്തുന്നുണ്ട്. ഇത് അന്തസ്സുള്ള പണിയല്ല. ഫോണ് ചോര്ത്തല് നീചമായ മനസുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്.
സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്ക്ക് വിലങ്ങിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും സുധാകരന് ആരോപിച്ചു. ഉപവാസ സമരം ആറാം ദിവസത്തേക്ക് കടന്നതോടെ സുധാകരന്റെ ആരോഗ്യ നില മോശമായിട്ടുണ്ട്. സോഡിയം കുറയുകയും രക്ത സമ്മര്ദ്ദം കൂടിയതായും റിപ്പോര്ട്ടില് പറയുന്നു. അതിനാല് ഏത് സമയവും പോലീസെത്തി സുധാകരനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നാണറിയുന്നത്. ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും കെ.സുധാകരനെ ഫോണില് ബന്ധപ്പെട്ടെങ്കിലും സമരത്തില് നിന്നും പിന്മാറാന് തയ്യാറല്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാല് പോലീസ് അറസ്റ്റ് ചെയ്യാന് ശ്രമിച്ചാല് തടയുമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന് പാച്ചേനി പറഞ്ഞു.
എന്നാൽ തങ്ങളുടെ സഹോദരനുവേണ്ടി സഹനസമര പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന കെ.സുധാകരനെ കാണാൻ ശുഹൈബിന്റെ സഹോദരിമാരായ ഷമീമയും, ഷർമിലയും, സുമയ്യയും എത്തി . സങ്കടം ഉള്ളിൽ ഒതുക്കാൻ ശ്ര മിച്ചെങ്കിലും അവരുടെ വേദന കണ്ണീരിന്റെ രൂപത്തിൽ അണപൊട്ടി ഒഴുകി.പിന്നാലെ സദസ്സിൽ നിന്ന് ‘ഇല്ല ഷുഹൈബ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’.. എന്ന് നൂറ് കണക്കിന് കണ്ഠനാളങ്ങിൽ നിന്നു മുദ്രാവാക്യങ്ങൾ ഉയർന്നു.
കൂടപ്പിറപ്പിന്റെ കൊലയാളികളെ നിയമത്തിന് മുൻപിലെത്തിക്കാനുള്ള പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ഞങ്ങളുടെ കുടുംബവും ഒപ്പമുണ്ടെന്ന് അവർ പറഞ്ഞു. യഥാർത്ഥ പ്രതികളെ പിടിക്കാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. സമരപ്പന്തലിൽ സത്യാഗ്രഹ സമരത്തിന്റെ ചുക്കാൻ പിടിക്കുന്ന ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയോടും സഹപ്രവർത്തകരോടും യാത്ര പറയുമ്പോഴും കണ്ണുനീർ പൊഴിച്ച് കൊണ്ടാണ് ആ സഹോദരിമാർ സത്യാഗ്രഹ സമരപന്തലിൽ നിന്നും മടങ്ങിയത്.
അതേസമയം ഷുഹൈബിന്റെ മാതാപിതാക്കളും കോണ്ഗ്രസും സര്ക്കാര് മുമ്പാകെ ആവശ്യപ്പെട്ട സിബി.ഐ. ആന്വേഷണമെന്ന ആവശ്യത്തില് തീരുമാനം നീളുകയാണ്. രണ്ടു ദിവസം കൂടി ഞങ്ങള് കാത്തിരിക്കും. എന്നിട്ടും സര്ക്കാര് തീരുമാനമുണ്ടായില്ലെങ്കില് നിയമ നടപടികളും ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് പാച്ചേനി പറഞ്ഞു. അറസ്റ്റിലായ എം വി ആകാശും രജിന്രാജും പോലീസിന് നല്കിയ മൊഴി പ്രകാരം മറ്റുള്ള പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാന് കഴിഞ്ഞിട്ടില്ല. അക്രമത്തില് സി പി എം ലോക്കല് സെക്രട്ടറിയുടെ നിര്ദ്ദേശവുമുണ്ടെന്ന് പ്രതികള് മൊഴി നല്കിയിട്ടുള്ളതായി സൂചനയുണ്ട്. യഥാര്ത്ഥ പ്രതികള് ഇനിയും ഉണ്ടെന്നിരിക്കെ അവര് രക്ഷപ്പെടുകയോ രക്ഷപ്പെടാനുള്ള സാഹചര്യം നിലനില്ക്കുകയോ ചെയ്യുന്നുണ്ട്. അതിനാലാണ് അന്വേഷണം സിബിഐ.യെക്കൊണ്ട് നടത്തണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെടുന്നതെന്ന് പാച്ചേനി പറഞ്ഞു.
ഷുഹൈബ് കൊലക്കേസിലെ ഗൂഢാലോചനക്കാരെയും ബോംബെറിഞ്ഞവരെയും അവരുപയോഗിച്ച വാഹനവും ആയുധങ്ങളും സംബന്ധിച്ച ഒരു വിവരവും പോലീസ് അന്വേഷണത്തില് വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും ഏത് ഏജന്സിയെക്കൊണ്ടും അന്വേഷിക്കാമെന്ന് ഉറപ്പ് നല്കിയിരുന്നു. എന്നാല് അക്കാര്യത്തില് പിന്നീടൊരു നീക്കവും സര്ക്കാര് ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ കണ്ണൂര് കലക്ടറേറ്റിന് മുന്നില് നടക്കുന്ന ഉപവാസ സമരം കൂടുതല് ശക്തിപ്പെടുത്തുമെന്ന് ഡി.സി.സി. പ്രിസഡന്റ് പറഞ്ഞു.
യുവ കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന് ശേഷം കോണ്ഗ്രസിന്റെ നേതൃത്വത്തില് നടക്കുന്ന കുടുംബസഹായ ഫണ്ടിലേക്ക് ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വക സംഭാവന നൂറു രൂപ. തില്ലങ്കേരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് തില്ലങ്കേരി ടൗണില് ബക്കറ്റ് പരിവിലൂടെ സംഭാവന സ്വീകരിക്കുന്നതിനിടയിലാണ് ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ചേരി രവീന്ദ്രനും പങ്കാളിയായത്.
തില്ലങ്കേരി ടൗണിലെ ഹോട്ടലിനുമുന്നില് നില്ക്കുകയായിരുന്നു ആകാശിന്റെ അച്ഛന്. പിരിവ് സംഘം മുന്നിലെത്തിയതോടെ കീശയില്നിന്ന് 100 രൂപയെടുത്ത് ഇത് എന്റെവക എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇട്ടു. തില്ലങ്കേരി പഞ്ചായത്തിലെ ഏക കോണ്ഗ്രസ് അംഗം യു.സി.നാരായണന് തന്റെ ഓണറേറിയമായ ഏഴായിരം രൂപ കുടുംബസഹായ നിധിയിലേക്ക് സംഭാവന നല്കി.
ശ്രീദേവി അവസാനമായി പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങള് പുറത്ത്. ചലച്ചിത്രതാരം ശ്രീദേവി (54) അന്തരിച്ചു. ബോളിവുഡ് നടന് മോഹിത് മര്വയുടെ വിവാഹത്തില് പങ്കെടുക്കാനായി ദുബായിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. റാസല്ഖൈമയില് നടന്ന വിവാഹ സല്ക്കാര ചടങ്ങില് നിന്നും രാത്രിയായതോടെ ബന്ധുക്കളില് പലരും പിരിഞ്ഞു പോയിരുന്നു. പലരും ഇന്ത്യയിലേക്കും തിരിച്ചു. എന്നാല് ശ്രീദേവിയും ഭര്ത്താവ് ബോണി കപൂറും മകള് ഖുഷിയും ബന്ധുക്കളുമായി സന്തോഷം പങ്കിട്ട് അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് മോഹിത് വര്മയുടെ വിവാഹ്തതില് പങ്കെടുക്കാനായി ശ്രീദേവി റാസല്ഖൈമയില് എത്തിയത്. മോഹിതിന്റെ വിവാഹ ശേഷം ബോണി കപൂറും മകള് ഖുഷിയും ഇന്ത്യയിലേക്ക് തിരിച്ചു പോന്നിരുന്നു. എന്നാല് ശ്രീദേവി അവിടെ തന്നെ ചിലവഴിക്കുകയായിരുന്നു. എന്നാല് ഇന്നലെ ഭാര്യയ്ക്ക് സര്പ്രൈസ് നല്കാന് ബോണി കപൂര് മകള്ക്കൊപ്പം റാസല്ഖൈമയിലേക്ക് തിരിച്ചു ചെല്ലുകയായിരുന്നു.
ബന്ധുക്കള്ക്കൊപ്പം ഭര്ത്താവും മകളും എത്തിയതോടെ ആ നല്ല ദിവസം സന്തോഷമാക്കുന്നതിനിടെയാണ് ശ്രീദേവിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതും കുഴഞ്ഞ് വീഴുന്നതും. ഉടന് തന്നെ വിവാഹ സല്ക്കാരം നടന്ന വേദിക്ക് സമീപത്തുള്ള ആശുപത്രിയിലേക്ക് താരത്തെ എത്തിച്ചു. എന്നാല് ഡോക്ടര്മാര്ക്ക് എന്തെങ്കിലും ചെയ്യാന് കഴിയുന്നതിന് മുമ്ബേ മരണം സംഭവിച്ചിരുന്നു. രാത്രി 11.30ഓടെയായിരുന്നു ശ്രീദേവിയുടെ മരണം.
നാലാം വയസ്സില് തുണൈവന് എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്ത് ചുവടുവെക്കുന്നത്. തുടര്ന്ന് ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്ഡ് ലഭിച്ചു. ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്സ്റ്റാര് എന്നാണ് അറിയപ്പട്ട ശ്രീദേവി അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും രാജേശ്വരിയുടേയും മകളാണ്. 1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയില് ജനിച്ച ശ്രീദേവിയെ 2013 ല് രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. 1981 ല് മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സര്ക്കാരിന്റെ പുരസ്കാരം ലഭിച്ചു.
മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്, മൂന്നാം പിറ, മിസ്റ്റര് ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്ത്തിയ വാനമ്പാടിയുടെ മകന്, സത്യവാന് സാവിത്രി, ദേവരാഗം ഉള്പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില് അഭിനയിച്ചു. ഈ വര്ഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം. ജാഹ്നവി, ഖുഷി എന്നിവരാണ് മക്കള്.
അടുത്ത 50 വര്ഷത്തിനിടയില് ഇന്ത്യക്ക് 300 ന്യൂക്ലിയര് റിയാക്ടറുകള് ആവശ്യമായി വരുമെന്ന് റിപ്പോര്ട്ട്. നിലവില് ഇന്ത്യയുടെ ന്യൂക്ലിയര് റിയാക്ടറുകള് വര്ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്ച്ചകളാണ് നടക്കുന്നത്. ന്യൂക്ലിയര് റിയാക്ടറുകളുടെ സുരക്ഷയും അവ ഉയര്ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ചര്ച്ചകളില് ഉയര്ന്നു കേള്ക്കുന്ന പ്രധാന വാദങ്ങള്. റിയാക്ടറുകളുടെ സുരക്ഷയും അവ നിലനിര്ത്തുന്നതിനാവിശ്യമായ വര്ദ്ധിച്ച ചെലവുകളും പാരിസ്ഥിതിക പ്രശ്നങ്ങളുമെല്ലാം ന്യൂക്ലിയര് എനര്ജിയെ നിര്ത്തേണ്ട ആവശ്യകതയുണ്ടോയെന്ന ചോദ്യമുയര്ത്തുന്നുണ്ട്. ന്യൂക്ലിയര് എനര്ജി ഉത്പാദനം വന്തോതില് വര്ദ്ധിപ്പിക്കാന് കഴിയും. 2018 ജനുവരി വരെയുള്ള കണക്കുകള് പരിശോധിച്ചാല് ഇന്ത്യ ആകെ 331 ജിഗാവാട്ട് വൈദ്യൂതി ഉത്പാദനം നടത്തിയതായി കാണാന് കഴിയും. ഇതില് 66 ശതമാനം വൈദ്യൂതിയും തെര്മല് എനര്ജിയാണ് 13.6 ശതമാനം ഹൈഡ്രോഇലക്ട്രിക് പവറാണ് 18ശതമാനം സോളാര് തുടങ്ങിയവയില് നിന്നും ലഭിക്കുന്ന വൈദ്യൂതിയാണ്. ഇതില് വെറും 2 ശതമാനം മാത്രമാണ് ന്യൂക്ലിയര് എനര്ജിയില് നിന്നും ലഭിക്കുന്ന വൈദ്യൂതിയുള്ളു.

മൊത്തം ആഭ്യന്തര വൈദ്യൂത ഉത്പാദനത്തിന്റെ 40 ശതമാനത്തോളം വ്യാവസായിക ആവശ്യങ്ങള്ക്കായിട്ടാണ് ചെലവഴിക്കുന്നത്. 18 ശതമാനത്തോളം കാര്ഷിക ഉപയോഗത്തിനായും 24 ശതമാനം ഗാര്ഹിക ഉപയോഗത്തിനായും ചെലവഴിക്കപ്പെടുന്നു. കൂടാതെ റെയില്വേ മറ്റു ആവശ്യങ്ങള്ക്കായും ഒരു ചെറിയ ശതമാനം വൈദ്യുതി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ പ്രതിശീര്ഷ വൈദ്യത ഉപയോഗം മണിക്കൂറില് ഏകദേശം 1,122കിലോവാട്ട് ആണ്. ഇന്ത്യയിലെ ഏതാണ്ട് 240 മില്ല്യണ് ജനങ്ങള്ക്ക് ഇപ്പോഴും വൈദ്യൂതി ഒരു വിദൂര സ്വപ്നമാണ്. അമേരിക്കയുടെ പ്രതീശീര്ഷ വൈദ്യുത ഉപയോഗം മണിക്കൂറില് 12,000കിലോവാട്ടാണ്. ഇന്ത്യയുടെ വൈദ്യൂത ഉപയോഗവുമായി വലിയ അന്തരം സൂക്ഷിക്കുന്ന കണക്കാണിത്. ചൈനയുടെ കണക്ക് പരിശോധിക്കുകയാണെങ്കില് മണിക്കൂറില് 4,310 കിലോവാട്ടാണെന്ന് കാണാം. ബ്രിട്ടന്, ഫ്രാന്സ്, ജര്മ്മനി എന്നിനവരുടെ പ്രതിശീര്ഷ വൈദ്യൂതി ഉപയോഗം മണിക്കൂറില് ഏകദേശം 6,500 കിലോവാട്ടോളം വരും.

സാമ്പത്തിക വളര്ച്ചയ്ക്ക് അനാവാര്യമായ ഘടകങ്ങളിലൊന്നാണ് ആവശ്യാനുശ്രുതമുള്ള എനര്ജി ലഭ്യമാകുകയെന്നത്. ഇന്ത്യന് ഗ്രാമങ്ങളിലെ വീടുകളില് വളരെ ശോചനീയമായ അവസ്ഥയാണ് വൈദ്യീതികരണത്തിന്റെ കാര്യത്തില് നിലനില്ക്കുന്നത്. വരും കാലഘട്ടങ്ങളില് ഇന്ത്യയുടെ വികസനത്തിന് കൂടുതല് എനര്ജി ആവശ്യമുണ്ട്. ന്യൂക്ലിയര് എനര്ജി ആവശ്യമുണ്ടോയെന്ന ചര്ച്ചകള് നിലനില്ക്കുമ്പോള് തന്നെ രാജ്യത്തിന്റെ എനര്ജി ആവശ്യങ്ങള് പരിഹരിക്കാന് റിയാക്ടറുകള് സ്ഥാപിക്കേണ്ടതായി ഉണ്ട്. അടുത്ത 50 വര്ഷത്തിനിടയില് ഏതാണ്ട് 300 ന്യൂക്ലിയര് റിയാക്ടറുകള് രാജ്യത്തിന് ആവശ്യമായി വരുമെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്.
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ എല്ലാ പ്രതികളും അറസ്റ്റില്. 16 പ്രതികള്ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് പാലക്കാട് എസ്പി അറിയിച്ചു. പ്രതികളെ നാളെ രാവിലെ കോടതിയില് ഹാജരാക്കും. മധുവിനെ കാട്ടിക്കൊടുത്ത വനം ഉദ്യോഗസ്ഥര്ക്കെതിരെയും വകുപ്പുതലനടപടിയുണ്ടാകും.
മരണം ക്രൂരപീഡനത്തിലൂടെ പോസ്റ്റ്മോര്ട്ടം റിപ്പോർട്ട്
അട്ടപ്പാടിയില് മധുവിനെ തല്ലിക്കൊന്നതാണെന്ന് പോസ്റ്റ്മോര്ട്ടത്തില് വ്യക്തമായി. തലയില് ഇടിച്ചപ്പോഴുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. വാരിയെല്ല് തകര്ന്നിട്ടുണ്ട്. അറസ്റ്റിലായ പതിനൊന്നു പ്രതികള്ക്കെതിരെ കൊലക്കുറ്റം ചുമത്തി.
ആദിവാസി യുവാവ് മധുവിന്റെ മരണകാരണം തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണെന്ന് തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് നടത്തിയ പോസ്റ്റ്മോര്ട്ടത്തില് വ്യക്തമായി. മര്ദ്ദനമേറ്റ് വാരിയെല്ല് തകര്ന്നു. ദേഹാമസകലം മര്ദ്ദനമേറ്റതായും പോസ്റ്റ്മോര്ട്ടത്തില് വ്യക്തമായി. മധുവിനെ കൊന്നതാണെന്ന് വ്യക്തമായതോടെ പൊലീസ് പ്രധാനപ്പെട്ട വകുപ്പുകള് പ്രതികള്ക്കെതിരെ ചുമത്തി. കൊലക്കുറ്റം, പട്ടികവര്ഗ പീഢന നിരോധന നിയമം, വനത്തിലേക്ക് അതിക്രമിച്ചു കയറല് തുടങ്ങി ഏഴു വകുപ്പുകള് ചുമത്തി. ആക്രമിക്കുന്ന ദൃശ്യങ്ങള് പ്രചരിപ്പിച്ചത് ഐ.ടി. ആക്ടും പ്രതികള്ക്കെതിരെ ചുമത്തി. നാലു പ്രതികളെക്കൂടി ഇനി കിട്ടാനുണ്ടെന്ന് ഐ.ജി: എം.ആര്.അജിത്കുമാര് പറഞ്ഞു.
മധുവിനെ ആക്രമിക്കുമ്പോള് വനംവകുപ്പ് ജീവനക്കാര് കാഴ്ചക്കാരായെന്ന ബന്ധുക്കളുടെ ആരോപണം പരിശോധിക്കുമെന്നും ഐ.ജി. പറഞ്ഞു. തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് പോസ്റ്റ്മോര്ട്ടം മൂന്നു മണിക്കൂര് നീണ്ടു. പൂര്ണമായും വീഡിയോയില് ചിത്രീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് രേഖാമൂലം വിശദമായി മൂന്നു ദിവസത്തിനകം പൊലീസിന് കൈമാറും.
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ച സംഭവത്തിൽ വനപാലകർക്കു പങ്കുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നു മന്ത്രി കെ. രാജു. വനത്തിലെ ഗുഹയിലുള്ള മധുവിന്റെ താമസസ്ഥലം നാട്ടുകാർക്കു കാണിച്ചുകൊടുത്തതും അവരെ വനത്തിൽ കയറ്റിവിട്ടതും വനപാലകരാണെന്ന വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി
സൈനികനായ ഭര്ത്താവിന് അന്ത്യോപചാരമേകാന് സൈനികയായ ഭാര്യയെത്തിയത് യൂണിഫോമില്. പിറന്ന് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും മാറോടണച്ചുകൊണ്ടാണ് ഭാര്യ മേജര് കൗമുദ് ദോഗ്ര എത്തിയത്. അസമിലേക്ക് പോയ വിങ് കമാന്ഡര് ദുഷ്യന്ത് മജൗലിയില് ഫെബ്രുവരി 15നുണ്ടായ വിമാനാപകടത്തില് കൊല്ലപ്പെടുകയായിരുന്നു.

മകളെ കാണാന് ഉടന് എത്തുമെന്ന് ഭാര്യയ്ക്ക് സന്ദേശമയച്ചിട്ടാണ് ദുഷ്യന്ത് അസമിലേക്ക് പോകുന്നത്. പിന്നീട് കൗമുദ് കേള്ക്കുന്നത് ഭര്ത്താവിന്റെ മരണവാര്ത്തയായിരുന്നു. മകള് ജനിച്ചയുടന് പ്രിയപ്പെട്ടവന്റെ വേര്പാട് താങ്ങാവുന്നതിലും അധികമായിരുന്നു. എങ്കിലും ഒരു സൈനിക ഉദ്യോഗസ്ഥയുടെ മനോധൈര്യം കൈമോശം മേജര് കൗമുദ് സംസ്കാരച്ചടങ്ങില് എത്തുകയായിരുന്നു.

കുഞ്ഞിനെയും മാറോടണച്ച് നടന്നു വരുന്ന കൗമുദിന്റെ ചിത്രം ട്വിറ്ററിലൂടെയാണ് പുറത്തുവന്നത്. സൈനിക ബഹുമതികളോടെയുള്ള ചടങ്ങില് പ്രിയന് അവസാന സല്യൂട്ട് നല്കി ആത്മധൈര്യത്തിന്റെ മികച്ച ഉദാഹരണമായി മാറുകയായിരുന്നു ഇവര്.
സ്വന്തം ലേഖകന്
കാബൂള് : അഫ്ഗാനിസ്ഥാനിലെ സൈനീക പോസ്റ്റിന് നേരെ താലിബാന് ഭീകരരുടെ ആക്രമണം. താലിബാന് നടത്തിയ അക്രമണത്തില് 22 സൈനീകര് കൊല്ലപ്പെട്ടു. രണ്ട് പേര്ക്ക് ഗുരുതരമായി പരുക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ തലസ്ഥാന നഗരിയില് നടന്ന ചാവേര് ആക്രമണത്തില് ഒരാള് കൊല്ലപ്പെടുകയും ആറുപേര്ക്ക് പരുക്കേല്ക്കുകയും ചെയ്തു.
അമേരിക്ക അഫ്ഗാനിസ്ഥാന് പിന്തുണ നല്കി നടത്തിയ വ്യോമാക്രമണത്തെ തുടര്ന്നാണ് താലിബാന് ആക്രമണം ശക്തമാക്കിയത്. പടിഞ്ഞാറന് പ്രവിശ്യയായ ഫറഹ് മേഖലയിലെ സൈനീക പോസ്റ്റിലാണ് ഭീകരര് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ആക്രമികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈനീക വക്താവ് ദവ്ലത് വാസ്രി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
സ്വന്തം ലേഖകന്
കൊച്ചി : ഇന്ത്യന് സൂപ്പര് ലീഗില് സിനിമാതാരങ്ങള്ക്ക് ലഭിക്കുന്ന പരിഗണനകള് അനാവശ്യമാണെന്ന് ആരാധകര്. ഇന്ത്യന് ഫുട്ബോള് ഇതിഹാസം ഐ എം വിജയന് കഴിഞ്ഞ തവണത്തെ ഫൈനല് കളിയില് ഗ്യാലറിയില് സാധാരണക്കാര്ക്കൊപ്പമായിരുന്നു ടിക്കറ്റ് നല്കിയത്. ഇത് ഏറെ വിവാദങ്ങള്ക്ക് വഴിതെളിയിച്ചിരുന്നു. സമാനമായ പ്രതിഷേധമാണ് ഈ വര്ഷവും ഉള്ളത്. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കെതിരെ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തിയ സിനിമാതാരങ്ങള്ക്ക് വിഐപി പരിഗണന നല്കിയതാണ് ഇപ്പോള് വിവാദമായിരിക്കുന്നത്.
ഒരു അഡാറ് ലൌവിലൂടെ പ്രശസ്തയായ പ്രിയ വാര്യര് മുതല് ജയസൂര്യവരെ വിവിഐപി പവലിയനില് സ്ഥാനം പിടിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന് ടെന്ഡുല്ക്കറും കളി കാണാന് എത്തിയിരുന്നു. ഒരു സിനിമയിലെ ഗാനരംഗത്തിലെ ചെറിയൊരു ഭാഗം അഭിനയിച്ച താരങ്ങള്ക്ക് പോലും വിവിഐപി ടിക്കറ്റ് നല്കിയ ഐ എസ് എല് അധികൃതര് മലയാളി ഫുട്ബോള് ഇതിഹാസങ്ങള്ക്ക് ഇതുവരെ അര്ഹിച്ച ആദരം പോലും നല്കിയിട്ടില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
മലയാളി ഫുട്ബോള് ഇതിഹാസങ്ങളായ ഐഎം വിജയനും , ജോപോള് അഞ്ചേരിയും , ആസിഫ് സഹീറും , ഷറഫലിയും ഉള്പ്പെടെ നിരവധി മുന് താരങ്ങളെ ഐ എസ് എല് അധികൃതര് പരിഗണിക്കാത്തതില് ശക്തമായ പ്രതിഷേധമാണ് ആരാധകര് പ്രകടിപ്പിക്കുന്നത്. മത്സരത്തില് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയതോടെ പ്ലേഓഫ് പ്രതീക്ഷകള് ഏതാണ്ട് അവസാനിച്ചു. 17 മത്സരങ്ങള് പൂര്ത്തിയായപ്പോള് കേരള ബ്ലാസ്റ്റേഴ്സിന് 25 പോയിന്റാണുള്ളത്. ബെംഗളൂരു എഫ്സിയുമായുള്ള അവസാന മത്സരത്തില് ജയിച്ചാലും 28 പോയിന്റ് മാത്രമാണ് നേടാനാവുക. അതേസമയം 17 മത്സരങ്ങളില് നിന്ന് 29 പോയിന്റുള്ള ചെന്നൈയിന് എഫ്സി പ്ലേ ഓഫ് എകദേശം ഉറപ്പിച്ചു.
തിരുവനന്തപുരം: അട്ടപ്പാടിയില് മോഷണക്കുറ്റം ആരോപിച്ച് ആള്ക്കൂട്ടം മര്ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്ക്കാര് ധനസഹായം പ്രഖ്യാപിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. തുക എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് ചീഫ് സെക്രട്ടറിക്ക് നിര്ദേശം നല്കിയതായി പിണറായി വിജയന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
അതിനിടെ അക്രമി സംഘത്തിലുണ്ടായിരുന്ന മുക്കാലി പാക്കുളത്തെ വ്യാപാരി കെ. ഹുസൈന്, കരീം എന്നിവരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. മറ്റു അഞ്ച് പേരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില് കൂടുതല് അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്ട്ട്. സംഭവത്തില് 15 ഓളം ആളുകള് ഉള്പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. തൃശൂര് ഐജിയുടെ നേതൃത്വത്തിലാണ് ഇപ്പോള് അന്വേഷണം പുരോഗമിക്കുന്നത്.
കുറ്റവാളികളെ മുഴുവന് അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റ്മോര്ട്ടം ചെയ്യാന് അനുവദിക്കില്ലെന്ന നിലപാടുമായി ആദിവാസി സംഘടനകളും മധുവിന്റെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു. സബ് കളക്ടറുടെ നേതൃത്വത്തില് നടന്ന ചര്ച്ചക്കൊടുവിലാണ് മൃതദേഹം പോസ്റ്റ്മോര്ട്ടം ചെയ്യാനായി തൃശൂര് മെഡിക്കല് കോളെജിലേക്ക് മാറ്റിയത്. നിരവധി ആദിവാസി സംഘടനകള് മധുവിന്റെ കൊലപാതകത്തില് പ്രതിഷേധിച്ച് ഇന്നലെ അട്ടപ്പാടിയില് പ്രകടനം നടത്തി. അഗളി ആനക്കട്ടി റോഡ് വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില് ഉപരോധിച്ചിരുന്നു.
ന്യൂഡല്ഹി: ചൈനയിലേക്ക് കയറ്റി അയക്കുന്നതിനായി പതഞ്ജലി കൊണ്ടുവന്ന രക്തചന്ദനം റവന്യൂ ഇന്റലിജന്സ് പിടിച്ചെടുത്തു. 50 ടണ്ണിലേറെ വരുന്ന രക്തചന്ദത്തടികളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്സും കസ്റ്റംസും ചേര്ന്ന് പിടികൂടിയത്. തടികള് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബാബ രാംദേവ് ഹൈക്കോടതിയെ സമീപിച്ചു.
ഗ്രേഡ് സി വിഭാഗത്തില് പെട്ട രക്തചന്ദനം കടത്താനുള്ള അനുമതിയാണ് പതഞ്ജലിയ്ക്കുള്ളത്. എന്നാല് ചൈനയിലേക്ക് കയറ്റുമതി ചെയ്യാനായി ഗ്രേഡ് എ, ബി വിഭാഗത്തില് പെട്ട ചന്ദനത്തടികള് ഉള്പ്പെടെയാണ് പതഞ്ജലി കൊണ്ടുവന്നത്. പതഞ്ജലിയിലെ ജീവനക്കാരന്റെ പാസ്പോര്ട്ടും മറ്റു രേഖകളും ഇതിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം തങ്ങള് നിയമപരമായാണ് ചന്ദനം കയറ്റുമതി ചെയ്യുന്നതെന്ന അവകാശവാദവുമായി പതഞ്ജലി രംഗത്തെത്തി. ആന്ധ്രാപ്രദേശ് ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്പ്പറേഷനില് നിന്നാണ് കയറ്റുമതിയ്ക്കായി രക്തചന്ദനത്തടികള് വാങ്ങിയതെന്ന് പതഞ്ജലി പറയുന്നു. തടികള് വിട്ടുനല്കാന് ഡിആര്ഐക്ക് നിര്ദേശം നല്കണമെന്നാണ് രാംദേവ് ഹര്ജിയില് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില് ഏപ്രില് 18-ന് വാദം കേള്ക്കും.