മൈനര്‍ ശസ്ത്രക്രിയക്കായി കൊല്ലം മെഡിട്രീന ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്നാണ് ശ്രീകാര്യം ശാന്തി നഗര്‍ അശ്വതി ഭവനില്‍ ജയകുമാറിന്റെയും ഗീതയുടെയും മകനായ സൂരജ് ജയകുമാര്‍ (കിച്ചു, 27) വിന് ജീവന് നഷ്ടമായത്.ആശുപത്രിക്കാരുടെ പിഴവാണെന്ന് ഉത്തമ ബോധ്യമുള്ളതിനാല്‍ ബന്ധുക്കള്‍ ഇരവിപുരം പൊലീസില്‍ മെഡിട്രീന ആശുപത്രിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 27നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി സൂരജിനെ പ്രവേശിപ്പിച്ചത്. ഒരു മണിക്കൂര്‍ മാത്രം മതിയെന്ന് വ്യക്തമാക്കി ഓപ്പറേഷന് തിയേറ്ററില്‍ കയറ്റിയ യുവാവിനെ മണിക്കൂറുകള്‍ പിന്നിട്ടിട്ടും പുറത്തുകൊണ്ടുവരാത്തത് കണ്ടതോടെ അന്വേഷിച്ചപ്പോഴാണ് നിലമോശമായെന്ന വിവരം ലഭിക്കുന്നത്. ഓക്സിജന്‍ ലഭ്യമാകാതെ തലച്ചോറിന്റെ പ്രവര്‍ത്തനം അരമണിക്കൂര്‍ നിലച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു. എന്നാല്‍ ഈ വിവരം മറച്ചുവച്ച് ആശുപത്രിക്കാര് പിറ്റേന്നും അവിടെത്തന്നെ കിടത്തി.
സൂരജ് ശസ്ത്രക്രിയക്കിടെ ഓക്സിജന്‍ മാസ്ക് വലിച്ചൂരിയെന്നാണ് ആശുപത്രി നല്കിയ വിശദീകരണം. പിറ്റേന്നും അവിടെതന്നെ തുടരുകയും നില മെച്ചപ്പെട്ടതായി വിവരം കിട്ടാതാവുകയും ചെയ്തതോടെ ബന്ധുക്കള്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മെഡിട്രീനക്കാര്‍ അതിന് സമ്മതിച്ചില്ല. പിന്നീട് മാര്‍ച്ച് ഒന്നിന് യുവാവിനെ ബന്ധുക്കള്‍ ഇടപെട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അവിടെവച്ച് നടന്ന പരിശോധനയില്‍ ആണ് യുവാവ് ഏതാണ്ട് മസ്തിഷ്കമരണം സംഭവിച്ച അവസ്ഥയിലാണെന്നും ഹൃദയവും ശ്വാസകോശവും ഒഴികെ മറ്റൊരു അവയവവും പ്രവര്‍ത്തിക്കുന്നില്ലെന്നും വ്യക്തമായത്.
ഇവിടെയെത്തി എംആര്‍ഐ സ്കാന്‍ ഉള്‍പ്പെടെ ചെയ്തപ്പോഴാണ് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായും അരമണിക്കൂറോളം തലച്ചോറിലേക്ക് ഓക്സിജന്‍ എത്താതിരുന്നതോടെ സംഭവിച്ചതാണ് ഇതെന്നും മനസ്സിലായത്. ഹൈപ്പോതലാമസ് മാത്രമേ അപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. കിംസ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം യുവാവിനെ അന്നുതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ കോളേജില്‍ നടന്ന ശ്രമങ്ങളും വിഫലമായതോടെ ബുധനാഴ്ച രാവിലെ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് സംസ്കരിക്കും.
മുളന്തുരുത്തി: അന്ധനായ മുളന്തുരുത്തി അവിരാപ്പറമ്പില്‍ വാസുവിന് സിനിമാതാരവും എം.പി.യുമായ സുരേഷ് ഗോപിയുടെ സഹായമെത്തി. ജപ്തിഭീഷണിയിലായിരുന്ന വാസുവിന്റെ കുടുംബത്തിന്റെ കടം സുരേഷ് ഗോപി എം.പി. വീട്ടുകയായിരുന്നു. ബാങ്കില്‍ നിന്ന് 2009-ല്‍ എടുത്ത വായ്പയില്‍ ബാക്കിയുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ വെള്ളിയാഴ്ച രാവിലെ സ്റ്റേറ്റ് ബാങ്ക് വഴി സുരേഷ് ഗോപി എം.പി. മുളന്തുരുത്തി സഹകരണ ബാങ്കിലെത്തിച്ചു. വാസുവിന്റെ ദുരവസ്ഥയെ കുറിച്ച് മാധ്യമങ്ങള്‍ വഴി അറിഞ്ഞ സുരേഷ് ഗോപി സഹായം നല്‍കുകയായിരുന്നു.
വീടുനിര്‍മിക്കാന്‍ മുളന്തുരുത്തി സഹകരണ ബാങ്കില്‍ നിന്ന് മുളന്തുരുത്തി അവിരാപ്പറമ്പില്‍ വാസുവും ഭാര്യ സാവിത്രിയും ചേര്‍ന്ന് 2009-ലാണ് വായ്പയെടുത്തത്. ഭാര്യ മരിച്ചതോടെ കുടുംബത്തിനു നേരിടേണ്ടി വന്ന കടുത്ത പ്രതിസന്ധികളില്‍ വായ്പാ തിരിച്ചടവു മുടങ്ങി. കുടിശ്ശിക കുന്നുകൂടിയതോടെ അന്ധനായ വാസുവും അവിവാഹിതയായ മകളും ജപ്തിഭീഷണിയിലായി. വീട് ബാങ്കുകാരെടുക്കുമെന്ന ഭീഷണിയില്‍ മാനസിക സമ്മര്‍ദത്തിലായി കുടുംബം. മാധ്യമ വാര്‍ത്തകളിലൂടെ വാസുവിന്റെയും കുടുംബത്തിന്റെയും കരളലിയിക്കുന്ന സ്ഥിതിയറിഞ്ഞ സുരേഷ് ഗോപി എം.പി. സഹായമെത്തിക്കാന്‍ മുന്നോട്ടു വരികയായിരുന്നു.
സുരേഷ് ഗോപി പണം എത്തിച്ച് നല്‍കിയതിനെ തുടര്‍ന്ന് ബാങ്കധികൃതര്‍ വീടിന്റെയും പുരയിടത്തിന്റെയും ആധാരം വാസുവിന്റെ വീട്ടിലെത്തി തിരിച്ചുനല്‍കി. മൊത്തം കടബാധ്യത ആയിരുന്ന രണ്ടര ലക്ഷം രൂപയില്‍ അന്‍പതിനായിരം രൂപ ബാങ്കധികൃതര്‍ ഇളവ് ചെയ്തു നല്‍കുകയും ചെയ്തു. പുറത്തുനിന്നാരെങ്കിലും ചെന്നാല്‍ ബാങ്കുകാര് ജപ്തിക്കായി വന്നതാണെന്ന് ഭയപ്പെട്ടിരുന്ന കുടുംബം, വെള്ളിയാഴ്ച ബാങ്കില്‍ നിന്ന് ആധാരം തിരിച്ചുനല്‍കാനെത്തിയവരെ ആനന്ദാശ്രുക്കളോടെ മടക്കി.
ബാങ്ക് പ്രസിഡന്റ് സി.ജെ കുര്യാക്കോസ്, സെക്രട്ടറി വിജി കെ.പി, ഡയരക്ടര്‍ ബോര്‍ഡംഗം രതീഷ് കെ ദിവാകരന്, എന്നിവര്‍ ചേര്‍ന്ന് ആണ് വാസുവിനും കുടുംബത്തിനും ആധാരം തിരികെ നല്‍കിയത്. ബാങ്ക് സെക്രട്ടറിയായ വിജി കെ.പി. യുകെയില്‍ നടത്തിയിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതനാണ്. വിജി കെപി യുക്മയുടെ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് ശക്തമായ അടിത്തറയില്‍ വളര്‍ന്നു വന്ന യുക്മ യുകെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ജനകീയമായിരുന്നത്.
ചണ്ഡീഗഡ്: പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ പീഡിപ്പിച്ചു. ഡമ്മി വിദ്യാര്‍ത്ഥിയെ വെച്ച് പരീക്ഷ എഴുതാന്‍ സഹായിച്ച പ്രിന്‍സിപ്പല്‍ സ്കൂളിന് സമീപത്തെ വീട്ടില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രിന്‍സിപ്പലിനെയും ഇയാളെ സഹായിച്ച രണ്ട് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്കോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഹരിയാനയിലെ സോനിപത്തിലാണു സംഭവം. ഫിസിക്കല്‍ എഡ്യൂക്കേഷന്റെ പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പലിന്റെ അനുവാദത്തോടെ ഡമ്മി വിദ്യാര്‍ത്ഥിയെ വെച്ചു. പരീക്ഷ നടക്കുന്ന സമയത്ത് സ്കൂളിന് അടുത്തുള്ള വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി പ്രിന്‍സിപ്പല്‍ പീഡനത്തിനിരയാക്കുകയായിരുന്നു.
കുറ്റകൃത്യം നടത്തുന്നതിന് സൗകര്യമൊരുക്കിയ രണ്ട് സ്ത്രീകളും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. അതേസമയം പ്രിന്‍സിപ്പലിന് കൈക്കൂലി നല്കിയ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ തുടര്‍കഥയാവുകയാണ്. നേരത്തെ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അധ്യാപകന് അറസ്റ്റിലായിരുന്നു.
ന്യൂഡല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഡല്‍ഹിയില്‍ അധിക്ഷേപിക്കപ്പെടുകയാണെന്ന് ആരോപിച്ച് ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാന് തിരികെ വിളിച്ചു. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്ന്ന് ചിലര്‍ അസഭ്യം പറഞ്ഞുവെന്ന്ന കഴിഞ്ഞ് ദിവസം പാകിസ്ഥാന് പരാതിപ്പെട്ടിരുന്നു. വിഷയത്തില്‍ ഇന്ത്യ നടപടികളൊന്നും സ്വീകരിക്കാത്തതിനാല്‍ അഭിപ്രായ രൂപീകരണത്തിനാണ് ഹൈക്കമ്മീഷണര്‍ സൊഹെയ്ല് മഹമൂദിനെ തിരികെ വിളിച്ചതെന്നാണ് പാക് വിശദീകരണം.
ഈ വിധത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിക്കുന്നത് പതിവാണെന്നും പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പാകിസ്ഥാനില്‍ അപമാനിക്കപ്പെടുന്നത് പതിവ് സംഭവമാണ്. നയതന്ത്രപരമായാണ് തങ്ങള്‍ അതിനെ കൈകാര്യം ചെയ്യുന്നതെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്കുന്ന വിശദീകരണം.
പാകിസ്ഥാനി ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരില്‍ കുറച്ചു ദിവസങ്ങളായി ചിത്രങ്ങളും വീഡിയോകളും പാക് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു വരുന്നുണ്ട്.
ന്യൂദല്‍ഹി: അമിത് ഷായുടെ മകന് ജയ് ഷാ ദ വയറിനെതിരെ നല്കിയ അപകീര്‍ത്തി കേസില്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിനു ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം ഗണ്യമായി വര്‍ദ്ധിച്ചുവെന്ന റിപ്പോര്‍ട്ടിനെതിരെ 2017 ഒക്ടോബറിലാണ് കേസ് ഫയല്‍ ചെയ്യപ്പെടുന്നത്. റിപ്പോര്‍ട്ട് നല്കിയ രോഹിണി സിങ്, സിദ്ധാര്‍ത്ഥ് വരദരാജ്, വേണു എന്നിവര്‍ക്കെതിരെയാണ് ജയ് ഷാ കോടതിയെ സമീപിച്ചത്.
എന്നാല്‍ ദ വയറിനെതിരെ നടക്കുന്ന എല്ലാ നിയമ നടപടിക്രമങ്ങളും നിര്‍ത്തിവെക്കണമെന്ന് കേസ് പരിഗണിക്കുന്ന ഗുജറാത്ത് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നേരത്തെ തങ്ങള്‍ക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ദ വയര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷേ പരാതിയില്‍ കഴമ്പുണ്ടെന്ന് പറഞ്ഞ് കോടതി മാധ്യമ സ്ഥാപനം വിചാരണ നേരിടണമെന്ന് വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് വയര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ട ഡി.എല്‍.എഫ് അഴിമതിക്കേസ് പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകരിലൊരാളാണ് രോഹിണി സിങ്. കേസ് തള്ളണമെന്ന വയറിന്റെ ഹര്‍ജി ഏപ്രില്‍ 12ന് സുപ്രീം കോടതി പരിഗണിക്കും. നരേന്ദ്ര മോഡി അധികാരത്തിലെത്തി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്ത വയറിന്റെ വാര്‍ത്ത വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്താക്കിയ കൊച്ചി ടസ്കേഴ്സിന് ബി.സി.സി.ഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധി. ഐപിഎല്ലിലെ ഒരു സീസണ് മാത്രമാണ് കേരളാ ടീമിന് കളിക്കാന്‍ കഴിഞ്ഞത്. ബാങ്ക് ഗ്യാരണ്ടി നല്‍കിയില്ലെന്ന കാരണം ചൂണ്ടികാട്ടി ബിസിസിഐ ടീമിനെ പുറത്താക്കുകയായിരുന്നു.
550 കോടി രൂപ നഷ്ടപരിഹാരമായി ബി.സി.സി.ഐ ടീം ഉടമകള്‍ക്ക് നല്‍കണമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. 2015ല്‍ കോച്ചി ടീമിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ആര്.സി. ലഹോട്ടി അധ്യക്ഷനായ ആര്‍ബ്രിട്രേഷന്‍ പാനല്‍ വിധിച്ചിരുന്നു. എന്നാല്‍ പണം നല്കാന് ബിസിസിഐ തയ്യാറായില്ല. തുടര്‍ന്ന് കേസില്‍ നഷ്ടപരിഹാരം നല്കാന് കഴിയില്ലെന്ന് കാണിച്ച് ബിസിസിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി.
നേരത്തെ കൊച്ചി ടീമിനെ നിലനിര്‍ത്തണമെന്ന് ബി.സി.സി.ഐ ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറാണ് ടീമിനെ പുറത്താക്കാനുള്ള കടുത്ത തീരുമാനം കൈകൊണ്ടത്. നേരത്തെ 550 കോടി രൂപക്കൊപ്പം 18 ശതമാനം പലിശയും ചേര്‍ത്ത് 850 കോടി വേണമെന്നായിരുന്നു കൊച്ചി ടസ്കേഴ്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നത്.
മംഗളൂരു: ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. ഒരു രാഷ്ട്രീയ കക്ഷിയിലും അംഗത്വം ഇല്ലെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മംഗളൂരു പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്.
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചവരില്‍ പ്രധാനിയാണ് പ്രകാശ് രാജ്. ”ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങില്ല. എന്നാല്‍, വര്‍ഗീയത പടര്‍ത്തി രാജ്യത്തിനുതന്നെ അപകടമാകുന്ന കക്ഷിക്കെതിരെ പ്രചാരണം നടത്തും.” അദ്ദേഹം മംഗുളൂരുവില്‍ പറഞ്ഞു.
ഒരു ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാല്‍ 10 മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരണമെന്ന് പറയുന്ന യോഗി ആദിത്യനാഥിനെയും ദളിതരെ നായകളോട് ഉപമിക്കുന്ന കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയെയും നേതാക്കളായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി-സിനിമാസ് തീയേറ്റര്‍ ഭൂമി കയ്യേറിയല്ല നിര്‍മിച്ചതെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ഭൂമി കയ്യേറ്റത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഭൂമി കയ്യേറ്റം നടന്നിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
ദിലീപ്, തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ് ജയ എന്നിവരെ എതിര് കക്ഷികളാക്കി പൊതുപ്രവര്ത്തകന് പി.ഡി. ജോസഫ് നല്കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. തീയേറ്റര്‍ സമുച്ചയം നിര്‍മിക്കാന്‍ പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നും അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍ തീയേറ്ററിനു സമീപമുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ചാലക്കുടി ഡി സിനിമാസിന്റെ കൈവശമുള്ളതെന്നും ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയില്ലെന്നുമുള്ള ജില്ല സര്‍വേയറുടെ റിപ്പോര്‍ട്ട് പകര്‍ത്തിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഹര്ജിക്കാരന് ആരോപിക്കുന്നത്.
സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്നായിരുന്നു ആരോപണം.
തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് കോടികള്‍ സമ്പാദിച്ച തമിഴ് റോക്കേഴ്സ് പ്രധാന അഡ്മിന് ഉള്‍പ്പെടെയുള്ളവരെ ആന്റി പൈറസി സെല്‍ അറസ്റ്റു ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി (24) കൂട്ടാളികളായ സുരേഷ് (24), ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു(24), ഡി വി ഡി റോക്കേഴ്സ് ഉമടകളായ തിരുനെല്‍വേലി സ്വദേശികള്‍ ജോണ്സണ്(30), മരിയ ജോണ്‍ (22) തുടങ്ങിയവരാണ് പിടിയിലായത്. തമിഴ് റോക്കേഴ്സ്. ടി എന്‍ റോക്കേഴ്സ് ,ഡി വി ഡി റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍ വരുന്ന പരസ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ വലയിലാക്കാന്‍ കഴിഞ്ഞത്. വിവിധ സിനിമകള്‍ പകര്‍ത്തി ടോറന്റ് സൈറ്റ് ആയ തമിള്‍ റോക്കേഴ്സ്.ഇന്‍, തമിള്റോക്കേഴ്സ്.എസി, തമിള്റോക്കേഴ്സ്,എംഇ തുടങ്ങി പത്തൊമ്പത് ഡൊമൈനുകളില്‍ സിനിമകള്‍ അപ്ലോഡ് ചെയ്ത് ലക്ഷങ്ങളുടെ വരുമാനം സമ്പാദിച്ചു വരുകയായിരുന്നു.
പുതിയ മലയാള സിനിമകള്‍ ഉള്‍പ്പെടെ ഹിറ്റ് സിനിമകള്‍ വ്യാജമായി പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും ജനങ്ങള്‍ സന്ദര്‍ശിക്കുന്നത് അനുസരിച്ച് വിവിധ അഡ്വെര്‍ടൈസിങ് ഏജന്‍സി മുഖേന ഇവരുടെ അക്കൗണ്ടിലേയ്ക്ക തുക ലഭിക്കുകയും ചെയ്യും. ഉദ്ദേശം ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷംരൂപ വരെയാണ് മാസവരുമാനം.ഒരു ഡോമൈന് ഏതെങ്കിലും രീതിയില്‍ ബ്ലോക്ക് ആയാല്‍ ഉടന്‍ തന്നെ മറ്റൊരു ഡോമൈനില്‍ സിനിമകള്‍ അപ്ലോഡ് ചെയ്യുന്നതിനുവേണ്ടി നിരവധി ഡോമൈനുകള്‍ ശേഖരിച്ചാണ് കുറ്റകൃത്യം നടത്തുന്നത്. തമിഴ് റോക്കേഴ്സ് ഉടമയായ കാര്‍ത്തിയുടേയും മറ്റും അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കോടിയിലധികം രൂപയുടെ വരുമാനം സിനിമാപൈറസി മുഖേന സമ്പാദിച്ചിട്ടുണ്ട്. ഡിവിഡി റോക്കേഴ്സ് ഉടമ 2015-16 കാലഘട്ടത്തില്‍ അരക്കോടി രൂപയും ടി എന്‍ റോക്കേഴ്സ് ഉടമ 2016-17 കാലഘട്ടത്തില്‍ 75 ലക്ഷം രൂപയും സിനിമാപൈറസി മുഖേന സമ്പാദിച്ചിട്ടുണ്ട്. ഇവരുടെ മറ്റ് അക്കൗണ്ടുകള്‍ സാമ്പത്തിക ശ്രോതസ്സുകള്‍ എന്നിവ പരിശോധിച്ചു വരികയാണ്.
പൈറസി നടത്താന്‍ ഉപയോഗിച്ച ലാപ്ടോപ്പ്, ഹാര്‍ഡ് ഡിസ്ക്, മൊബൈല്‍ഫോണ്‍ തുടങ്ങിയ ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. കമ്പ്യൂട്ടറില്‍ ശരിയായ ഐപി മറച്ചുവെച്ച് വ്യാജ ഐപി ഉപയോഗിച്ചാണ് പൈറസി നടത്തിയിരുന്നത്. അതിനാല്‍ ഇവ പരിശോധിക്കുമ്പോള്‍ വിദേശങ്ങളിലാണ് ഇവരുടെ വിലാസങ്ങള്‍ കാണിച്ചിരുന്നത്. തമിഴ്നാട് വില്ലുപുരം കേന്ദ്രമാക്കി കാര്‍ത്തിയുടെ വീടാണ് തമിഴ്റോക്കേഴ്സിന്റെ പ്രവര്‍ത്തനകേന്ദ്രം. ഇത് കൂടാതെ വലിയ പൈറസി മാഫിയതന്നെ ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയുമാണ്.
ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് ബി.കെ പ്രശാന്തന് കാണിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. രാഗേഷ് കുമാര്‍.വി, ഡിക്റ്റടീവ് ഇന്‍സ്പെക്ടര്‍ പി എസ് രാകേഷ്, ഡിറ്റക്ടീവ് സബ് ഇന്‍സ്പെക്ടര്‍മാരായ രൂപേഷ് കുമാര്‍.ജെ.ആര്, സുരേന്ദ്രന് ആചാരി, ജയരാജ്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സനല്‍കുമാര്‍, സുനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹാത്തിം, സജി, സന്ദീപ്, സ്റ്റെര്‍ലിന്‍ രാജ് , ബെന്നി, അജയന്, അദീന്‍അശോക്, സുബീഷ്, ആദര്‍ശ്, സ്റ്റാന്‍ലി ജോണ്‍, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈൻ തട്ടിപ്പ് കേസിൽ പ്രതിയായ നൈജീരിയൻ യുവതിയെ ബംഗളുരൂവിൽ നിന്നു മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ബെല്ലോ പമിലെറിൻ ഡെബോറ (23)യാണ് പിടിയിലായത്. മലപ്പുറം പോലീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്കയച്ചു.
കഴിഞ്ഞ ജനുവരിയിൽ ഓണ്‍ലൈൻ വെബ്സൈറ്റ് മുഖേന നടന്ന ഇടപാടിൽ പരാതിക്കാരന്റെ പണം പ്രതി തട്ടിയെടുത്തെന്നാണ് കേസ്. പരസ്യ വെബ്സൈറ്റിൽ തന്റെ ഇലക്ട്രോണിക് ഉപകരണം വിൽക്കാൻ പരസ്യം ചെയ്ത പരാതിക്കാരനെ അമേരിക്കയിൽ നിന്നെന്ന മട്ടിൽ ഓണ്‍ലൈനിൽ ബന്ധപ്പെട്ടാണു യുവതി പണം തട്ടിയത്. ഇലക്ട്രോണിക്സ് ഉപകരണം തന്റെ വിലാസത്തിൽ അയച്ചുകൊടുത്താൽ പണം അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യാമെന്നു വിശ്വസിപ്പിക്കുകയായിരുന്നു. ഉപകരണം അയച്ചുകൊടുത്തെങ്കിലും പണം നൽകിയില്ല. പിന്നീട് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഇന്റർനാഷണൽ ട്രാൻസ്ഫർ ചാർജ് എന്ന പേരിൽ ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പുതിയ തരത്തിലുള്ള ഓണ്‍ലൈൻ തട്ടിപ്പാണ് യുവതി ഉൾപ്പെട്ട സംഘം നടത്തുന്നതെന്നു പോലീസ് കണ്ടെത്തി. വിവിധ ഓണ്‍ലൈൻ പരസ്യ വെബ്സൈറ്റുകൾ നിരന്തരം നിരീക്ഷിക്കുന്ന പ്രതികൾ വിവിധ സാധനങ്ങൾ വാങ്ങാനെന്ന മട്ടിൽ വ്യാജമായി തയാറാക്കിയ നമ്പറുകൾ മുഖേന വാട്ട്സാപ്പ് മുതലായ മെസേജിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ആളുകളെ ബന്ധപ്പെടുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട്, ഇവർ നൽകുന്ന വിലാസത്തിലേക്ക് സാധനം അയച്ചു കൊടുക്കാൻ പറയുകയും കൊറിയർ ചെയ്ത ശേഷം പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്നു തെറ്റിദ്ധരിപ്പിക്കുകയുംചെയ്യും.
ഇതു വിശ്വസിച്ചു വിൽക്കേണ്ട സാധനം അയച്ചു കൊടുക്കുന്ന ആളുകളോട് വില്പനയ്ക്കുശേഷം പണം ഉടമയ്ക്ക് എത്തിക്കുന്നതിനുള്ള വിവിധ ചാർജുകളെന്ന പേരിൽ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേതെന്നു തോന്നുന്ന ഫോണ്‍ നമ്പരുകളാണ് പ്രതികൾ തട്ടിപ്പിന് ഉപയോഗിക്കുന്നത്. ബംഗളൂരു കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശ പ്രകാരം മലപ്പുറം എസ്ഐ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ, എസ്ഐ ടി. അബ്ദുൾ റഷീദ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കൽ മുഹമ്മദ് ഷാക്കിർ, എൻ.എം. അബ്ദുള്ള ബാബു, വനിതാ സിപിഒമാരായ ശാലിനി, ശ്യാമ എന്നിവരടങ്ങിയ സംഘമാണ് ബംഗളൂരൂവിൽ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.