ന്യൂഡല്‍ഹി: കള്ളിനെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്ന് കേരള സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. നിയമം ഭേദഗതി ചെയ്താല്‍ ദേശീയ പാതയില്‍ നിന്ന് നിശ്ചിത ദൂരത്ത് മാത്രമോ മദ്യശാലകള്‍ സ്ഥാപിക്കാവൂ എന്ന ഉത്തരവില്‍ നിന്ന് ഇളവു ലഭിക്കും.
കള്ളു ഷാപ്പുകള്‍ തമ്മിലുള്ള ദൂരമെത്രയെന്ന് ഫെബ്രുവരി 16നകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, കളളുഷാപ്പുകള്‍ മാറ്റാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
വിഴിഞ്ഞം: കല്ല്യാണത്തിന് മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ വരന്‍ മുങ്ങി. എന്തുചെയ്യണമെന്ന് പകച്ചു നിന്ന വധുവിന്റെ വീട്ടുകാര്‍ക്ക് മുന്നില്‍ രക്ഷകനായി അനീഷ് എന്ന ചെറുപ്പക്കാരന്‍. മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ ദിലീപിന്റെ കല്യാണം പോലെയായിരുന്നു അനീഷിന്റെയും വിവാഹം. വിഴിഞ്ഞത്തെ പെരിങ്ങമല ശ്രീനാരായണ ജയന്തി വിവാഹ മണ്ഡപത്തിലായിരുന്നു സിനിമയെ വെല്ലുന്ന കല്ല്യാണം നടന്നത്.
താലികെട്ടിന് ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വരന്‍ മുങ്ങിയ വിവരം വധു ബിജിമോളും വീട്ടുകാരും അറിയുന്നത്. കല്ല്യാണം കൂടാനെത്തിയവരുടെ മുന്നില്‍ വെച്ച് നാണം കെടാന്‍ തയ്യാറാവാതിരുന്ന ബിജിമോളുടെ ബന്ധുക്കള്‍ കല്ല്യാണ പന്തലില്‍ നിന്ന് തന്നെ വേറെ വരനെ കണ്ടെത്തി. ബിജിമോളുടെ ബന്ധുകൂടിയായ അനീഷാണ് അപ്രതീക്ഷിത വരനാകേണ്ടിവന്നത്. വിവാഹം ഗംഭീരമാക്കുന്ന പണികളില്‍ ഏര്‍പ്പെട്ടിരുന്ന അനീഷിനോട് ബന്ധുക്കള്‍ വരന്‍ മുങ്ങിയ വിവരം അറിയിക്കുകയായിരുന്നു. അനീഷിന് വരനാകാന്‍ കഴിയുമോയെന്ന് ആരാഞ്ഞ ബന്ധുക്കളോട് തയ്യാറെന്ന് അനീഷ്. വധുവായ ബിജിമോളും കൂടി സമ്മതം മൂളിയതോടെയാണ് സിനിമാ സ്‌റ്റൈല്‍ വിവാഹം നടന്നത്.
ബിജിമോളും അനീഷും സമ്മതം അറിയിച്ചതോടെ കല്യാണം മുടങ്ങിയ വീട് വീണ്ടും ആഘോഷത്തിലേക്ക് തിരിച്ചു വന്നു. അപ്രതീക്ഷിത വിവാഹത്തിന്റെ ഷോക്കിലാണ് ബിജിമോളും അനീഷും. വലിയൊരു ട്വിസ്റ്റുമായി ജീവിതമാരംഭിക്കുന്ന അനീഷിനും ബിജിമോള്‍ക്കും നിരവധി ആശംസകളാണ് സോഷ്യല്‍ മീഡയകളില്‍ വന്നുകൊണ്ടിരിക്കുന്നത്.
സൈക്കിളപകടത്തില്‍ പരിക്കേറ്റ എട്ട് വയസുകാരന്റെ ജീവനെടുത്ത് മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ. അമേരിക്കയിലെ ഒറിഗണ്‍ സ്വദേശിയായ എട്ട് വയസുകാരന്‍ ലിയാമിനാണ് ദാരുണാന്ത്യം. വാരാന്ത്യം രക്ഷിതാക്കളോടൊപ്പം ആഘോഷിക്കാനിറങ്ങിയ എട്ട് വയസുകാരന് ലിയാമിന് സൈക്കിള്‍ അപകടത്തില്‍ പെട്ട് കാലൊടിഞ്ഞിരുന്നു. ചികില്‍സ പുരോഗമിക്കുന്നതിനിടെയാണ് മുറിവുകള്‍ക്ക് സമീപം ചെറിയ രീതിയില്‍ തടിപ്പ് ശ്രദ്ധയില്‍പെട്ടത്. മുറിവിന് സമീപം കാണുന്ന സാധാരണ കാണുന്ന തടിപ്പ് മാത്രമായി കണ്ട് ഡോക്ടര്‍മാര്‍ അത് അവഗണിക്കുകയും ചെയ്തു.
എന്നാല്‍ മുറിവില്‍ വേദന അസഹ്യമായതോടെയാണ് തടിപ്പിന്റെ കാരണത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ തുടങ്ങിയത്. വിശദമായ പരിശോധനയിലാണ് കുട്ടിയെ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ആക്രമിച്ചെന്ന് തിരിച്ചറിയുന്നത്. നെക്ട്രോലൈസിങ് ഫാസിറ്റീസ് എന്നാണ് ഈ രോഗാവസ്ഥയക്ക് പറയുന്ന പേര്. തക്ക സമയത്ത് തിരിച്ചറിഞ്ഞില്ലെങ്കില്‍ മരണം ഉറപ്പാണ് എന്നതാണ് ഈ അസുഖത്തിന്റെ പ്രത്യേകത.
ലിയാമിന്റെ ജീവന്‍ രക്ഷിക്കാന്‍ മുറിവിന് സമീപമുള്ള കോശങ്ങളും പേശികളും നീക്കം ചെയ്തുവെങ്കിലും അണുബാധ ചെറുക്കാനായില്ല. വിവിധ ആശുപത്രികളിലായി നാല് വിദ്ഗ്ധ സര്‍ജറികള്‍ ലിയാമിന് നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ലിയാമിന്റെ കാലിലെ പേശികളും കോശങ്ങളും ബാക്ടീരിയയുടെ ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍ പെട്ട കുട്ടിയുടെ ശരീരത്തില്‍ ബാക്ടീരിയ എങ്ങനെ എത്തി എന്ന കാരണം തേടുകയാണ് ലിയാമിനെ പരിശോധിച്ച ഡോക്ടര്‍മാരും രക്ഷിതാക്കളും. മുറിവിന് സമീപം കാണുന്ന തടിപ്പാണ് ഈ ബാക്ടീരിയ ബാധയുടെ പ്രഥമ ലക്ഷണം. അതികഠിനമായ വേദനയും പനിയും ഛര്‍ദ്ദിയുമാണ് രോഗബാധയുടെ മറ്റ് ലക്ഷണങ്ങള്‍.
കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ട സാമ്പത്തിക വെട്ടിപ്പ് കേസില്‍ നിലപാട് മയപ്പെടുത്തിയ പ്രതിപക്ഷത്തെ പാരാമര്‍ശിച്ചാണ് കെ സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക വെട്ടിപ്പ് കേസ് അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയസഭയില്‍ പറഞ്ഞിരുന്നു.
ബിനോയ് കോടിയേരി പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും അതിന്റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയില്‍ ഒട്ടകപ്പക്ഷിനയമാണ് അവര്‍ കാണിച്ചത്. ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്;
കൊച്ചി: തത്കാൽ സംവിധാനത്തിൽ പാസ്പോർട്ടുകൾക്ക് അപേക്ഷിക്കാനുള്ള വ്യവസ്ഥകളിൽ ഇളവുകൾ വരുത്തി. പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവ മുമ്പ് നിർബന്ധമായിരുന്നു. ഇവയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. അതേസമയം ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. റേഷൻ കാർഡ് ഇനിമുതൽ ആധികാരിക രേഖയായി പരിഗണിക്കും.
18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് നൽകിയാൽ മതിയാകും. പുതുക്കിയ നിയമമനുസരിച്ച് ആധാർ കാർഡിനൊപ്പം ഏതെങ്കിലും രണ്ട് തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ മതി. ജനന സര്‍ട്ടിഫിക്കേറ്റ്, റേഷന്‍ കാര്‍ഡ് എന്നിവ ഇതിനായി പരിഗണിക്കും. ആധാർ ഇല്ലാത്തവർക്ക് അതിനായി അപേക്ഷിച്ച ശേഷം നമ്പർ നൽകിയാൽ മതിയാകും.
പാൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവ ഇല്ലാത്തവർക്ക് മുമ്പ് തത്കാൽ പാസ്പോർട്ടുകൽ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പുതിയ നിബന്ധനകൾ ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. 15 വര്‍ഷമായി ബിനോയ് കോടിയേരി വിദേശത്താണ്. ആരോപണത്തില്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണം ദുരുദ്ദേശ്യപരമാണെന്നും പിണറായി പറഞ്ഞു.
സര്‍ക്കാരിനെ സംബന്ധിച്ച് ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ല. സര്‍ക്കാരിന് മുന്നില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലാളിത്യത്തിന്റെ പേര് പറയുന്നവരുടെ മക്കളാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് വായ്പയിനത്തില്‍ 13 കോടി രൂപ കൈപ്പറ്റി ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം.
ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7കോടി രൂപയും (45 ലക്ഷം ദിര്‍ഹവും) ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും (3,13,200 ദിര്‍ഹം) തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്. കാര്‍ വാങ്ങിക്കാനായി എടുത്ത തുക കുറച്ച് കാലം തിരിച്ചടച്ചിരുന്നെങ്കിലും പിന്നീട് അടവ് നിര്‍ത്തിയെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.
ബിനോയ് കോടിയേരിക്ക് വേണ്ടി അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ കമ്പനി അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായും പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷവും പണം തിരിച്ചടവുമായി ബന്ധപ്പെട്ട നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം.
ബിനോയ് കോടിയേരി പ്രതിയായ ദുബായിലെ തട്ടിപ്പു കേസില്‍ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ബിനോയ് കോടിയേരിക്ക് അക്കൗണ്ട് ഉണ്ടായിരുന്നത് പാക്കിസ്താനില്‍ നിന്നുള്ള ബാങ്കാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനാണ് ആദ്യം ഈ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളും ഇത്തരത്തിലൊരു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യക്കാരാരും തന്നെ നിലവില്‍ പാക്കിസ്താന്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കാറില്ല. ഇത് വലിയ സംശയങ്ങള്‍ക്കാണ് ഇപ്പോള്‍ കളമൊരുക്കിയിരിക്കുന്നത്. എന്നാല്‍ ബിനോയ്ക്കെതിരായ പരാതി ചോര്‍ന്നതിനു പിന്നില്‍ സി.പി.എം കേന്ദ്രനേതൃത്വമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. യുഎഇയിലെ ജാസ് ടൂറിസം കമ്ബനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍മര്‍സൂക്കി അയച്ച പരാതി കേന്ദ്ര നേതൃത്വത്തിന്റെ പക്കല്‍ എത്തുകയും അതു പോളിറ്റ് ബ്യൂറോയുടെ മുന്നില്‍ വയ്ക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കത്തിലെ വിവരങ്ങള്‍ ചോര്‍ന്നത്.
ഏകദേശം 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണു കത്തിലുള്ളത്. ബിനോയ്ക്കെതിരേ യുഎഇയില്‍ കേസുകള്‍ നിലവിലുണ്ടെന്നും അല്‍ മര്‍സൂക്കി ഇന്നലെ അവിടെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. തനിക്കെതിരേ യുഎഇയില്‍ കേസുകളൊന്നും ഇല്ലെന്നാണു ബിനോയി പറഞ്ഞത്.
പ്രായപൂര്‍ത്തിയായ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് അച്ഛനെതിരേ പാര്‍ട്ടി എന്തിനു നടപടിയെടുക്കണം എന്ന നിലപാടാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിലെ ചിലര്‍ സ്വീകരിച്ചത്. ഇതൊക്കെ ആരോപണങ്ങളല്ലേ എന്നു ചോദിച്ച സീതാറാം യെച്ചൂരി സി.പി.എം കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ പരാതി ലഭിക്കുകയോ ഏതെങ്കിലും തരത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കു പാര്‍ട്ടി നേതൃത്വം ഇടപെടുകയോ ചെയ്തിട്ടില്ലെന്നു പറഞ്ഞു.
തിരുവനന്തപുരം: യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് കേരളത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു.
എംബസികളില്‍ സമര്‍പ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന,മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ആഭ്യന്തര വകുപ്പില്‍ നിലവില്‍ വന്നത്. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിന്റെ കാലതാമസം ഒഴിവാക്കാനാണ് നടപടി.
ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചി കോര്‍പ്പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അതാതു ദിവസങ്ങളില്‍ തന്നെ സാക്ഷ്യപ്പെടുത്തി നല്‍കാനാകുമെന്ന് ആഭ്യന്തര (അറ്റസ്റ്റേഷന്‍) വകുപ്പ് അറിയിച്ചു.
പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ആദിക്ക് ആശംസകളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ തന്റെ ബാല്യകാല സുഹൃത്തായ പ്രണവിന് ആശംസകളറിയിച്ചിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി നാളെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പ്രണവിന്റെ ആദ്യ സിനിമയെന്ന നിലയ്ക്ക് വലിയ പ്രേക്ഷക പ്രതീക്ഷകളോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
കുഞ്ഞുന്നാളിലും പിന്നീട് സ്‌കൂള്‍ കാലഘട്ടത്തിലും നമ്മള്‍ക്കിടയില്‍ നല്ല ബന്ധം നിലനിന്നിരുന്നു. വളര്‍ച്ചയിലേക്കുള്ള നിന്റെ പ്രയാണത്തിലും ആഘോഷങ്ങളിലും ഞാനും പങ്കുചേരുന്നു. നിന്റെ വിജയത്തിലേക്കുള്ള ഓരോ ചവിട്ടു പടിയിലും ആത്മാര്‍ഥമായ പ്രാര്‍ഥനയോടെ ഞാനും കൂടെയുണ്ട്, ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. റിലീസിനൊരുങ്ങുന്ന ചിത്രത്തിനൊപ്പം നിന്റെ മാതാപിതാക്കള്‍ എത്രത്തോളം ആകാംക്ഷാഭരിതരാണെന്ന് എനിക്കറിയാം അവര്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നും തന്നെയില്ല; കാരണം നീ ജനിച്ചതേ ഒരു സൂപ്പര്‍ സ്റ്റാറാവാനെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ദുല്‍ഖര്‍ തന്റെ കുറിപ്പില്‍ പറയുന്നു.
തന്റെ കുറിപ്പില്‍ പ്രണവിന്റെ അപ്പുവെന്ന വിളിപ്പേരാണ് ദുല്‍ഖര്‍ ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും വാനോളം പ്രതീക്ഷയുമായി ആദി നാളെയെത്തും.
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്കെതിരായി ദുബായില്‍ ഉയര്‍ന്ന തട്ടിപ്പ് കേസ് പുറത്ത് വന്നതിന് പിന്നില്‍ പ്രതികാര നടപടിയാണോയെന്നത് കേരള നേതൃത്വത്തില്‍ സജീവ ചര്‍ച്ചാവിഷയമാവുന്നു. സി.പി.എം കേന്ദ്ര നേതൃത്വത്തിലെ ഉന്നതനായ നേതാവിന്റെ പ്രതികാരമാണോ ഇതെന്നാണ് സംസ്ഥാന നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്.
ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കണമെന്ന പ്രമേയം കേന്ദ്ര കമ്മിറ്റി തള്ളി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ വാര്‍ത്ത വന്നതാണ് നേതാക്കളില്‍ സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ബന്ധത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തതും കേരള ഘടകമാണെന്നതും ശ്രദ്ധേയമാണ്. സംഭവത്തെ കുറിച്ച് പാര്‍ട്ടിയുടെ എല്ലാ തലത്തിലും വിശദമായ കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞു.
ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് എന്ന കമ്പനിയുടെ പേരില്‍ 13 കോടി രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈട്വായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയ് കോടിയേരിയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാക്കിയെന്നാണ് കമ്പനി പരാതിയില്‍ പറയുന്നത്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപ തിരിച്ചു കിട്ടാനുള്ളതെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.
പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പോളിറ്റ്ബ്യൂറോയെ കമ്പനി. എന്നാല്‍, പി.ബിയുടെ മുന്നില്‍ ഒരു പരാതിയും എത്തിയിട്ടില്ലെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞത്. പരാതിയില്ലെന്ന് യെച്ചൂരി പറയുന്നുണ്ടെങ്കിലും ആരോപണം സത്യമാണെന്ന് രഹസ്യമായെങ്കിലും നേതാക്കള്‍ സ്ഥിരീകരിക്കുന്നുണ്ട്. കമ്പനി പരാതിയുമായി പി.ബിയെ നേരിട്ട് സമീപിച്ചതില്‍ കേന്ദ്ര നേതൃത്വത്തിലെ പല നേതാക്കളും അസ്വസ്ഥരാണ്.
കോടിയേരിക്കു നേരെ ഉയര്‍ന്ന ആരോപണം ഗൗരവമായി തന്നെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്. സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നതിനാല്‍ നേതാക്കള്‍ കരുതലോടെയാണ് നീങ്ങുന്നത്. നിയമസഭയില്‍ ആയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ആരും തന്നെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബന്ധു നിയമന വിവാദത്തില്‍ ഇ.പി.ജയരാജനെതിരെ നടപടി എടുത്ത പാര്‍ട്ടി ഇക്കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്നതും ശ്രദ്ധേയമാണ്.
ബിനോയ് കോടിയേരി കോടതിയില്‍ ഹാജരാകുകയോ പണം തിരികെ നല്‍കണമെന്നോ വേണമെന്നാണ് കമ്പനിയുടെ നിലപാട്. അല്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചാലുള്ള പ്രശ്നങ്ങളും പാര്‍ട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്.