മസ്‌കറ്റ്: തടവുപുള്ളികള്‍ക്ക് പങ്കാളിയുമായി സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാന്‍ ജയിലില്‍ സൗകര്യമൊരുക്കണമെന്ന് മസ്‌ക്കറ്റ് കോടതി. ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി. തടവുകാര്‍ക്ക് പങ്കാളിയെ മൂന്ന് മാസത്തിലൊരിക്കല്‍ ഇത്തരത്തില്‍ സന്ദര്‍ശിക്കാം. സന്ദര്‍ശ സ്ഥലം ജയില്‍ അധികൃതര്‍ ഒരുക്കി നല്‍കണം. കൂടിക്കാഴ്ച്ച നടക്കുന്ന സ്ഥലത്തിന് വേണ്ട സ്വകാര്യത ഉറപ്പു വരുത്തണമെന്നും ഇതിന്റെ ചുമലത ജയില്‍ അധികൃതര്‍ക്കായിരിക്കുമെന്നും കോടതി വിധിയില്‍ പറയുന്നു.

പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും അനുകൂലമായ വിധികള്‍ ഉണ്ടായിരുന്നില്ല. തടവുകാര്‍ക്ക് ഇണയെ കാണാനും സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കാനുമുള്ള അവകാശമുണ്ടെന്ന് മസ്‌കറ്റ് കോടതി ചൂണ്ടികാണിച്ചു. മസ്‌കറ്റിലെ ഒരു പ്രദേശിക പത്രമാണ് വിധിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് കൂടിക്കാഴ്ച്ച നടക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബറിലാണ് തടവു പുള്ളിയായ പങ്കാളിയുമായി സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കാന്‍ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. മസ്‌കറ്റിലെ തന്നെ രണ്ട് ജയിലുകളിലായിട്ടായിരിക്കും പങ്കാളിയുമായി തടവു പുള്ളിക്ക് സ്വകാര്യ കൂടിക്കാഴ്ച്ച നടത്താന്‍ സൗകര്യമൊരുക്കുക.