Latest News

സ്‌കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ കുട്ടികളെ അവധിയെടുപ്പിക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനവ്. അകാരണ അവധിക്ക് സ്‌കൂള്‍ അധികൃതര്‍ ഈടാക്കുന്ന പിഴ കൊടുക്കാന്‍ കുട്ടികളുടെ സ്‌കൂള്‍ ബജറ്റില്‍ തുക കണ്ടെത്തുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. വീട്ടുകാരുടെ അറിവോടെ ഇത്തരം അവധികളെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ സമീപ കാലത്ത് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇഗ്ലണ്ടിലെയും വെയില്‍സിലെയും പ്രദേശിക സ്‌കുള്‍ അതോറിറ്റികള്‍ ഏതാണ്ട് 400,000 പേര്‍ക്കാണ് അകാരണ അവധിക്ക് പിഴ വിധിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ഹോളിഡേ ആഘോഷിക്കുന്നതിനായി കുട്ടികളെ കൊണ്ടുപോകുന്നതാണ് അവധിയെടുക്കലിന്റെ പ്രധാന കാരണം. വീട്ടുകാരുടെ അറിവോടെ കാരണമായി അവധിയെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

സ്‌കൂള്‍ കൗണ്‍സിലുകളുടെ വ്യത്യാസം അനുസരിച്ച് ശരാശരി പിഴ നല്‍കുന്ന കാര്യത്തില്‍ വ്യതിയാനങ്ങളുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോയുടെ സഹായത്താല്‍ ബിബിസിക്ക് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അക്കാദമിക്ക് സമയത്ത് യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന വീട്ടുകാര്‍ തങ്ങളുടെ കുട്ടിക്ക് സ്‌കൂളില്‍ ഒടുക്കേണ്ടി വരുന്ന പിഴയും ഉള്‍പ്പെടുത്തിയാണ് ബജറ്റ് നിര്‍ണയിക്കുന്നതെന്ന് കാംമ്പയിനേര്‍സ് പറയുന്നു. 60 പൗണ്ടാണ് ശരാശരി സ്‌കൂളുകള്‍ ഈടാക്കുന്ന പിഴ. ശരാശരി ശതമാനത്തിലും 5 മടങ്ങ് കൂടുതല്‍ തവണ പിഴ ഈടാക്കിയ കൗണ്‍സില്‍ ഐല്‍ ഓഫ് വൈറ്റിലേതാണ്. ഈ തീരുമാനം ജോണ്‍ പ്ലാറ്റ് എന്ന ബിസിനസുകാരനുമായിള്ള വലിയൊരു നിയമ യുദ്ധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിരുന്നു. സ്‌കൂളിന്റെ അനുവാദമില്ലാതെ ജോണ്‍ പ്ലാറ്റ് തന്റെ മകളെ ഫ്‌ളോറിഡയിലെ ഡിസ്‌നിലാന്റിലേക്ക് യാത്രയ്ക്ക് കൊണ്ടു പോയി. ഇതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ജോണ്‍ പ്ലാറ്റിന്റെ മകള്‍ക്ക് പിഴ ശിക്ഷ വിധിച്ചത്.

മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതി വരെയും എത്തിയ സ്‌കൂളും പ്ലാറ്റുമായുള്ള നിയമ യുദ്ധം ഏറെ ജനശ്രദ്ധയാകര്‍ശിച്ച നിയമ പോരാട്ടങ്ങളിലൊന്നായിരുന്നു. അര ദിവസത്തെ അനുമതിയില്ലാത്ത അവധി പോലും നിയമ വിരുദ്ധമാണെന്ന് കേസ് പരിഗണിച്ച കോടതി പ്രസ്താവിച്ചു. ഐല്‍ ഓഫ് വൈറ്റിലെ മജിസ്‌ട്രേറ്റ് കോടതി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്ന് പരമോന്നത നീതി പീഠം വിധിയെഴുതി. വെറും 60 പൗണ്ട് പിഴ അടച്ചാല്‍ തീരാവുന്ന പ്രശ്‌നത്തിന്‍ മേല്‍ പ്ലാറ്റിന് അവസാനം 2,000 പൗണ്ട് പിഴ നല്‍കേണ്ടി വന്നു. സുപ്രീം കോടതി കോടതിയുടെ വിധി നിലനിന്നിട്ടും സ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്ന സമയത്ത് അകാരണമായി അവധിയില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുവെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ചുരുങ്ങിയത് ഒരു ദിവസമെങ്കിലും അനുവാദമില്ലാതെ അവധിയെടുക്കുന്ന 2 മില്ല്യണ്‍ കുട്ടികളുണ്ടെന്നാണ് കണക്ക്.

കൊല്ലം: ചാത്തന്നൂരില്‍ ദമ്പതികളും മകനും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് ഇന്ന് രാവിലെ. ഇന്ന് രാവിലെ ഗള്‍ഫില്‍ നിന്നെത്തി സഹോദരിയേയും കുടുംബത്തേയും കാണാനുള്ള യാത്രയ്ക്കിടെയാണ് ഷിബുവിനേയും കുടുംബത്തേയും മരണം കവര്‍ന്നത്. ഇന്ന് പ്രാദേശിക സമയം 2:30 നോട് അടുത്താണ് അപകടം ഉണ്ടായത്. അമിതവേഗത്തില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷിബു (40) ഭാര്യ സിജി (34) മകന്‍ ആദിത്യന്‍ (11) എന്നിവര്‍ മരിച്ചത്. ഇളയ കുട്ടി ആദിഷ് ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഷിബു റാസല്‍ഖൈമയില്‍ നിന്ന് നാട്ടിലെത്തിയത്.

ആദിച്ചനെല്ലൂരില്‍ താമസിക്കുന്ന സഹോദരിയെ കാണാന്‍ പോകുന്ന വഴിക്ക് ആണ് അപകടമുണ്ടായത്. ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജങ്ഷനില്‍ വച്ച് ഷിബുവും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്ന മൂത്ത മകനേയും യാത്രയില്‍ ഒപ്പം കൂട്ടിയിരുന്നു. കൊട്ടിയത്തെ കിംസ് ആശുപത്രിയില്‍ വച്ചാണ് സിജിയും ആദിത്യനും മരിച്ചത്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് ഷിബു മരിച്ചത്.

അപകടത്തിൽ മരിച്ച ഷിബു Ras Al Khaimah Al Jazeera Port ലെ ജീവനക്കാരനാണ്. മൂത്ത മകന്റെ പരീക്ഷ കഴിഞ്ഞതോടെ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഷിബു. ഭാര്യാപിതാവും അജ്‌മാനിലാണ് ജോലിചെയ്യുന്നത്. ദുബായിലുള്ള പ്രശസ്‌തമായ ഒരു എയർലൈൻസിലാണ് ഷിബുവിന്റെ സഹോദരൻ ജോലി ചെയ്യുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോട് കൂടി ശവസംസ്‌കാരം നടക്കുമെന്നാണ് അടുത്ത ബന്ധുക്കളിൽ നിന്ന് അറിയുവാൻ കഴിയുന്നത്.

കോട്ടയം: ‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണമാവോ?’ പി.സി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വതിയുടേതാണ് ഈ ചോദ്യം. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ് തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ വിവരിച്ചതിനു പിന്നാലെയാണ് പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ…അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളൂ…’- വെള്ളിയാഴ്ച വൈകിട്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പാര്‍വതി വിവരിക്കുന്നു. ഒട്ടേറെ പേര്‍ ഇതിനു താഴെ കമന്റുകളുമായെത്തുന്നുണ്ട്.

നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് പീഡനത്തെപ്പറ്റി പരാമര്‍ശിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനമുണ്ടായെന്നാണു നിഷ വിവരിച്ചത്. എന്നാല്‍ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകള്‍ മാത്രം തരുന്നു.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും’- ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞെന്നും വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.

ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഒരു അടിസ്ഥനവുമില്ലാത്ത കെട്ടിച്ചമച്ച ആരോപണമാണിതെന്നും തനിക്കും തന്റെ മകനുനെതിരെ കെ.എം.മാണിയും ജോസ് കെ.മാണിയും നടത്തുന്ന നാണംകെട്ട കളിയുടെ ഭാഗമാണിതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ ഷോണ്‍ പാലായില്‍ മല്‍സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അവിടെയൊക്കെ പരക്കുന്നുണ്ട്. ഇതറിഞ്ഞു മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ എര്‍പ്പാടാണിത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസ്സിലാകും. ഇതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണുള്ളത്. ഷോണിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ഇവര്‍ മൂവരും കൂടി കളിച്ച നാറിയ കളിയാണ് ഈ പുസ്തകവും വിവാദവും. ഏതുവിധേനയും എന്തു വൃത്തിക്കെട്ട രീതിയിലും തന്നെയും മകനെയും ഇല്ലാതാക്കാനുള്ള അപ്പന്റെയും മോന്റെയും കളിക്കു നിഷ കൂട്ടുനില്‍ക്കുകയാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.

കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ കുട്ടികള്‍ മൊബൈലില്‍ ചിത്രീകരിച്ചിരിക്കുന്ന ആ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തലുമായി സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ രംഗത്തു വന്നിരിക്കുകയാണ്.

സെല്‍ഫിയെടുക്കുന്ന സമയത്ത് അപകടം സംഭവിക്കുന്ന വീഡിയോ തന്റെ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങളാണെന്ന് സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ പ്രമേയം വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണെന്നും വിഷയത്തിന് പ്രസക്തി ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെതെന്നും അദ്ദേഹം പറയുന്നു. ആലപ്പുഴ സ്വദേശിയായ വൃദ്ധ കിണറ്റില്‍ വീണു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ ആകാംശയിലാണ്. ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച ക്ലബ്ബ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടുമോ എന്നതാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. പോയിന്റ് നിലയില്‍ സെഞ്ചുറി അടിക്കാന്‍ സിറ്റിക്ക് കഴിയും എന്നാണ് അവരുടെ പ്രതീക്ഷ.

പെപ് ഗാഡിയോളയുടെ സംഘം ഈ സീസണില്‍ ഉജ്വല്ല ഫോമില്‍ ആണ്. 30 മത്സരം ലീഗില്‍ കഴിഞ്ഞപ്പോള്‍ 81 പോയിന്റാണ് സിറ്റിക്ക്. 26 വിജയവും, 3 സമനിലയും ഒരു തോല്‍വിയും ആണ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ പട്ടികയില്‍ ഉള്ളത്. ഇനി 8 കളികള്‍ ബാക്കി നില്‍ക്കെ 24 പോയിന്റ് വരെ നേടാന്‍ സിറ്റിക്ക് കഴിയും. അങ്ങിനെ ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബ്ബ് പോയിന്റ് പട്ടികയില്‍ 100 അടിക്കും എന്ന പ്രതീക്ഷയില്‍ ആണ് സിറ്റിസണ്‍സ്. ഇപിഎഫ് ചരിത്രത്തില്‍ 2004-05 സീസണില്‍ 95 പോയിന്റ് നേടിയ ചെല്‍സിക്കാണ് നിലവില്‍ ഏറ്റവുമധികം പോയിന്റ് നേടിയ റെക്കോഡ്. ഇപ്പോഴത്തെ ഫോമില്‍ ആ റെക്കോര്‍ഡ് സിറ്റി മറികടക്കാന്‍ ആണ് സാധ്യത. അന്ന് ചെല്‍സി 72 ഗോളുകള്‍ ആണ് ആകെ സ്‌കോര്‍ ചെയ്തത്. എന്നാല്‍ സിറ്റി ഇപ്പോള്‍ തന്നെ 85 ഗോളുകള്‍ അടിച്ചുകൂട്ടികഴിഞ്ഞു.

അതേ സമയം ഒരു സീസണിലെ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡ് ചെല്‍സിക്കാണ്. 2009-10 സീസണില്‍ 103 ഗോളുകള്‍ ചെല്‍സി നേടി. ഇതും സിറ്റിക്ക് മറികടക്കാന്‍ കഴിയുന്നതാണ്. ഒരു സീസണില്‍ 30 വിജയം എന്ന ചെല്‍സി റെക്കോഡും സിറ്റി മറികടന്നേക്കും. ഏപ്രില്‍ 7ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായും 15ന് ടോട്ടന്‍ഹാമുമായും സിറ്റിക്ക് കളികള്‍ ഉണ്ട്. ബാക്കി മത്സരങ്ങള്‍ ലീഗിലെ ദുര്‍ബലരുമായിട്ടാണ്. അതിനാല്‍ തന്നെ 100 പോയിന്റ് എന്നത് സാധ്യമാണെന്ന് പെപ്പും സംഘവും കരുതുന്നു. പ്രിമിയര്‍ ലീഗില്‍ ലിവര്‍പൂളിനോടാണ് സിറ്റി ഇത്തവണ തോറ്റത്. ബര്‍ണലി, ക്രിസ്റ്റല്‍ പാലസ് എന്നിവരുമായി സമനിലയിലും പിരിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്

അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യയുടെ ആരോപണങ്ങളില്‍ നടപടി വാരാനിരിക്കെയാണ് താരത്തിന്റെ വികാര പ്രകടനം. ഭാര്യ ഹസിന്‍ ജഹാന്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തു വന്ന സാഹചര്യത്തില്‍ ഷമിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതേ സമയം തന്റെ മകള്‍ ഐറാ ഷാമിയെ കണ്ടിട്ട് പത്ത് ദിവസമായെന്നും തന്റെ കുടുംബത്തില്‍ തനിക്കുള്ള ആത്മാഭിമാനം തകര്‍ന്നുവെന്നും ചാനലിന് അഭിമുഖത്തില്‍ കണ്ണീരോടെ ഷമി പറഞ്ഞു.

ഹസിന്‍ ജഹാന് മുന്‍ ഭര്‍ത്താവും രണ്ടും കുട്ടികളും ഉണ്ടായിരുന്ന കാര്യം തന്നില്‍ മറച്ചുവെച്ചാണ് വിവാഹം നടന്നതെന്ന് ഷമി നേരത്തെ ആരോപിച്ചിരുന്നു. ഷമിയുമായുള്ള വിവാഹത്തിന് മുന്‍പ് ഷെയ്ക് സെയ്ഫുദീനെന്നയാളുമായി ഹസിന്റെ വിവാഹം നടന്നിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ സ്വന്തം കുട്ടികളെ സഹോദരിയുടെ മക്കള്‍ എന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ഷമി ആരോപിക്കുന്നു. ഷമി ഒത്തു കളിച്ചുവെന്ന ഹസിന്റെ ആരോപണത്തെ തുടര്‍ന്ന് ബിസിസിഐയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ഷമിയുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയിരിക്കുകയാണ്. അന്വേഷണത്തില്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ കരാര്‍ പുനസ്ഥാപിക്കുമെന്നും ബിസിസിഐ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വരുന്ന ഐപിഎല്‍ സീസണില്‍ ഷമിക്ക് പങ്കെടുക്കാന്‍ നിലവിലെ സാഹചര്യം മൂലം കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷമിക്കു പുറമെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മലയാളം യു.കെ ന്യൂസ് സ്‌പെഷ്യല്‍

പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മാറ്റിയെഴുതാനുള്ള തിരക്കിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങങളായി ഇതിനുള്ള കരുക്കങ്ങള്‍ സജീവമാണെങ്കിലും അടുത്ത ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുവന്ന പ്രതികൂലമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ നീക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രതിപക്ഷത്തെ പല പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും കഴിഞ്ഞ കാലഘട്ടങ്ങളില്‍ അഴിമതിയാരോപണ വിധേയരാണ്. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോള്‍ അഴിമതിയാരോപണങ്ങള്‍ ശക്തമായി ഉന്നയിക്കുകയും പൊതുജന മധ്യത്തിലെത്തിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തിരുന്നെങ്കിലും ഭരണത്തിലെത്തിയപ്പോള്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടതിനു പകരം അഴിമതിയാരോപണ വിധേയരെ ബ്ലാക്‌മെയില്‍ ചെയ്യാനും അങ്ങനെ നിശബ്ദരാക്കാനുമാണ് ശ്രമിച്ചത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിന് ഇനിയും വളരെ കുറച്ചുകാലം മാത്രം അവശേഷിക്കുന്നതിനാല്‍ പഴയ അഴിമതിയാരോപണങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്ത് സജീവമാക്കാനും അഴിമതി ആരോപണവിധേയരായ പല പ്രമുഖ പ്രതിപക്ഷ നേതാക്കളെയും ജയിലിലാക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ഇതുവഴി കോണ്‍ഗ്രസ് സഖ്യകക്ഷികളും കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തിയ അഴിമതികള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരികയും പ്രതിപക്ഷത്തെ ശിഥിലമാക്കുമെന്നും ബിജെപി കേന്ദ്രങ്ങള്‍ കണക്കുക്കൂട്ടുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ വിനയായത് ഭരണ പരാജയങ്ങളെക്കാള്‍ ഉപരിയായി അഴിമതിയാരോപണങ്ങളായിരുന്നു.

പഴയ അഴിമതിയാരോപണങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്താല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഉപകാരപ്പെടുമെന്നും അതുവഴി ഭരണ തുടര്‍ച്ച സാധ്യമാകുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് ലാലു പ്രസാദ് യാദവ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസിന്റെ യുവ നേതാവുമായ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത് ഈ തന്ത്രത്തിന്റെ ഭാഗമായാണ്. ഐഎന്‍എക്‌സ് മീഡിയാ കേസിലാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രസ്തുത കേസില്‍ ആരോപണ വിധേയയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴികള്‍ പി. ചിദംബരത്തെ കുടുക്കാന്‍ പര്യാപ്തമാണെന്നാണ് റിപ്പോട്ടുകള്‍. അധികം താമസിയാതെ പി. ചിദംബരത്തിന്റെ അറസ്റ്റിനു സാധ്യതയുണ്ട്.

കഴിഞ്ഞ കുറേകാലമായി മോദിയും അമിത്ഷായും ചേര്‍ന്ന് രചിക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് ഇന്ത്യന്‍ രാഷ്ട്രീയം ചലിക്കുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ അഴിയെണ്ണിക്കുകയാണെങ്കില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാനും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും സാധിക്കും. കളങ്കിതമായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരത്തിലൊരു ഭീതി വിതയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിജെപിയോടുള്ള എതിര്‍പ്പ് കുറയും. കടുത്ത ദ്രാവിഡ രാഷ്ട്രീയം പയറ്റുന്ന തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ പോലും ഇത്തരത്തില്‍ ബിജെപി അനുകൂല മനോഭാവത്തിലെത്തിക്കാന്‍ മോദിക്ക് സാധിച്ചു. തമിഴ് രാഷ്ട്രീയത്തില്‍ യാതൊരു സാധ്യതയുമില്ലാത്ത ഹൈന്ദവ രാഷ്ട്രീയത്തോട് മമത കാട്ടാന്‍ പനീര്‍ ശെല്‍വം-പളനി സ്വാമി പക്ഷത്തെ പ്രേരിപ്പിച്ചത് അഴിമതി കഥകളുടെ ഭീഷണിയാണ്. വിഘടിച്ചുനിന്ന ശശികല – ദിനകരന്‍ പക്ഷത്തിന് കേന്ദ്ര ഏജന്‍സികളുടെ റെയിഡുകള്‍ ഒഴിഞ്ഞ സമയമില്ല. അഴിമതിക്കെതിരെയുള്ള യുദ്ധം ഇത്തരത്തില്‍ രാഷ്ട്രീയപ്രേരിതവും ഏകപക്ഷീയവും ആകാതിരുന്നെങ്കില്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഗുണപ്രദമായേനെ.

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശ്വാസം നല്‍കുന്ന വിധിയുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഭൂമി അഴിമതി കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയ പോലീസ് നടപടിയെ നേരത്തെ സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ജസ്റ്റിസ് കെമാല്‍ പാഷയുടെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചിരിക്കുന്നത്. ഇതോടെ മാര്‍ ആലഞ്ചേരിക്കെതിരായ കേസെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പോലീസ് പിന്‍മാറും. കേസെടുക്കാന്‍ താമസിച്ചതിന് ഡിജിപി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പുതിയ സ്റ്റേ നിലവില്‍ വരുന്നതോടെ വിശദീകരണം നല്‍കുന്ന നടപടിയില്‍ നിന്നും ഡിജിപി മോചിതനായേക്കും. ആലഞ്ചേരിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കുറ്റകരമായ ഗൂഢാലോചനക്ക് സെക്ഷന്‍ 120 ബി പ്രകാരവും വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് ആലഞ്ചേരിക്കെതിരെ കേസെടുത്തിരിന്നത്. സഭ 27.15 കോടി രൂപ വിലയിട്ടിരുന്ന ഭൂമി 13.51 ആലഞ്ചേരിയുടെ നേതൃത്വത്തില്‍ വിറ്റുവെന്നാണ് പരാതി. കുറഞ്ഞ വിലയ്ക്ക് സ്ഥലം വിറ്റത് സഭയ്ക്ക് വലിയ നഷ്ടം വരുത്തിയെന്നും പരാതിയില്‍ പറയുന്നു. ഷൈന്‍ വര്‍ഗീസ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്.

പറന്നുയരാന്‍ തയ്യാറെടുത്ത എമിറേറ്റ്‌സ് വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ തെന്നിവീണ ജീവനക്കാരി കൊല്ലപ്പെട്ടു. വിമാനം പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപകടം ഉണ്ടായിരിക്കുന്നത്. തുറന്നിട്ടിരുന്ന എമര്‍ജന്‍സി വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ക്യാബിന്‍ ജീവനക്കാരിയാണ് അപകടത്തില്‍പ്പെട്ടത്. ഉഗാണ്ടയിലെ എന്റെബ്ബെ വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സംഭവം. അപകടം നടന്നയുടന്‍ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്തത്തില്‍ കുളിച്ച് വിമാനത്തിന് കീഴെ വീണു കിടക്കുന്ന ജീവനക്കാരിയുടെ ചിത്രം പുറത്തു വന്നിട്ടുണ്ട്. ഇകെ729 വിമാനത്തിലെ ജീവനക്കാരിയാണ് അപകടം സംഭവിച്ചത്. വീഴ്ച്ചയില്‍ കാലുകള്‍ സാരമായ പരിക്കേല്‍ക്കുകയും അപകട സമയത്ത് അവരുടെ കൈവശമുണ്ടായിരുന്ന കുപ്പി പൊട്ടി ശരീരത്തില്‍ മുറിവേല്‍ക്കുകയും ചെയ്തതായി ദൃസാക്ഷികള്‍ പറയുന്നു.

ജീവനക്കാരിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി ഉഗാണ്ട സിവില്‍ ഏവിയേഷന്‍ അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ജീവനക്കാരി എങ്ങനെയാണ് വീണതെന്ന് കൂടുതല്‍ അന്വേഷണത്തിലൂടെയെ വ്യക്തമാകുകയുള്ളു.

ട്രെയിനില്‍ വെച്ച് ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവന വിവാദമാകുന്നു. നിഷ പറഞ്ഞ ആള്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിനെതിരെ പിസി ജോര്‍ജ് രംഗത്തെത്തി.

പുസ്തകം ഇറക്കുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണ് ഇതൊക്കെയെന്നാണ് പിസി ജോര്‍ജ് പറയുന്നത്. നിഷ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോള്‍ അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കും, അതിലും വലിയ പബ്ലിസിറ്റി പുസ്തകത്തിന് വേറെ വേണോ എന്നും പി സി ജോര്‍ജ് ചോദിക്കുന്നു.

ഒരു എംപി അല്ലേ ജോസ് കെ മാണി. അപ്പോള്‍ അയാളുടെ ഭാര്യയോട് ആരെങ്കിലും പൊതു സ്ഥലത്ത് വെച്ച് മോശമായി പെരുമാറുമോ, അങ്ങനെ ഏതവനെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒരു എംപി വിചാരിച്ചാല്‍ നിസ്സാരമായി അവനെ പിടിക്കരുതോ എന്നും പിസി ചോദിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ആര് വിശ്വസിക്കുമെന്നും പിസി ചോദിക്കുന്നു. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശസ്തി നേടിയാണോ പൊതുരംഗത്ത് വരേണ്ടതെന്നും പിസി ചോദിക്കുന്നു. നിഷയുടെ രാഷ്ട്രീയ മോഹമാണ് ഇതിനെല്ലാം പിന്നിലെന്നും പിസി പറയുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കാനാണ് നിഷയുടെ പരിപാടിയെന്നും അതിന്റെ ഭാഗമാണ് ഈ പുസ്തകവും ആരോപണവുമെന്നും പിസി ജോര്‍ജ് പറയുന്നു. സത്യം പറഞ്ഞാല്‍ രണ്ട് ദിസം മുന്‍പ് ദയാവധത്തിനെ കുറിച്ച് കോടതിയുടെ ഒരു വിധി വന്നപ്പോള്‍ മുതല്‍ മാണിയെക്കുറിച്ചാണ് ചിന്ത. പാലായില്‍ മത്സരിക്കാന്‍ പലരും ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ മാണിയുടെ മേല്‍ ഒരു കണ്ണുള്ളത് നന്നായിരിക്കുെമന്നും പിസി ജോര്‍ജ് പറയുന്നു. മാണിയെ അപായപ്പെടുത്താന്‍ പോലും മടിക്കാത്തവരാണ് ഇവരെന്നും ജോര്‍ജ് പറയുന്നു.സത്യം പറഞ്ഞാല്‍ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും പാടില്ലാത്തതാണ് പിന്നെ വെറുതെ പ്രശസ്തിക്ക് വേണ്ടി ഇതൊക്കെ പറയുന്നതിനോട് വേറെന്ത് പറയാനാണെന്നും ജോര്‍ജ് ചോദിക്കുന്നു.

‘മീ ടൂ’ പ്രചാരണത്തില്‍ താനും പങ്കുചേരുന്നുവന്ന പറഞ്ഞു കൊണ്ടാണ് നിഷാ ജോസ് തനിക്ക് നേരിടേണ്ടി ഒരു ദുരനുഭവം വെളിപ്പെടുത്തിയത്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് ഈ തുറന്നു പറച്ചിലുണ്ടായത്. ”തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു.

ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും’ ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞു. വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചു” പുസ്തകത്തില്‍ നിഷ പറയുന്നു.

 

നിഷ നല്‍കുന്ന സൂചന വെച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രചരണം ഷോണ്‍ ജോര്‍ജ്ജിനെ ലക്ഷ്യമിട്ടായിരുന്നു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്ന് ഉദ്ദേശിച്ചത് ജഗതിയെ കാണാന്‍ ഷോണ്‍ എത്തിയതാണെന്ന വിധത്തിലാണ് വ്യാഖ്യാനം വന്നത്. ജോസ് കെ മാണിക്കെതിരെ സോളാര്‍ കേസില്‍ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയത് പി സി ജോര്‍ജ്ജായിരുന്നു. അതുകൊണ്ട് കിട്ടിയ അവസരത്തില്‍ നിഷ അവസരം മുതലെടുക്കുകയായിരുന്നു എന്നുമാണ് ആരോപണം.

Copyright © . All rights reserved