മരണത്തിൻ്റെ ആഴങ്ങളിലേയ്ക്ക് എടുത്തു ചാടിയ ആ യുവാവിനെ രക്ഷിച്ചത് ദൈവത്തിൻ്റെ കൈകൾ; അതും ഒരു മലയാളി യുവാവിലൂടെ. ജീവിതത്തിന് പൂർണവിരാമമിടാൻ വേണ്ടി കരാമയിലെ ബഹുനില കെട്ടിടത്തിൻ്റെ നാലാം നിലയിലെ തൻ്റെ താമസ സ്ഥലത്തെ ജനാല വഴി ചാടിയ നേപ്പാളി യുവാവിൻ്റെ ജീവൻ രക്ഷിച്ച കൊല്ലം പത്തനാപുരം സ്വദേശി ഷെബി ഖാസിമിന് എങ്ങുനിന്നും അഭിനന്ദനപ്രവാഹം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് ആൻഡ് റെസ്ക്യു സർവീസസ് വിഭാഗത്തിലേയ്ക്ക് ഒരു ഫോൺ കോൾ വന്നു, കരാമയിൽ നേപ്പാളി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ജീവിത നൈരാശ്യം കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ എത്ര ശ്രമിച്ചിട്ടും തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കാതെ വന്നപ്പോള്‍ സഹ താമസക്കാർ ഫോൺ ചെയ്യുകയായിരുന്നു. പാരാ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഷെബി ഖാസിം അടക്കമുള്ള സംഘം ഉടൻ ബർ ദുബായിൽ നിന്ന് സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു. അഞ്ച് മിനിറ്റ് കൊണ്ട് അവിടെ എത്തപ്പെട്ടു. നാലാം നിലയിലെ യുവാവിൻ്റെ ഫ്ലാറ്റിലേയ്ക്ക് ചെന്നപ്പോൾ ജനാലയ്ക്കടുത്ത് നിൽക്കുകയായിരുന്നു 28കാരൻ. ഷെബിയെയും സംഘത്തെയും കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ അയാൾ പുറത്തേയ്ക്ക് ചാടി. ഇതു കണ്ടതും എവിടെ നിന്നോ കിട്ടിയ ഉൗർജത്താൽ ഷെബി ജനാലയ്ക്ക് നേരെ കുതിച്ചു. നേപ്പാളി യുവാവിൻ്റെ അരയോളം താഴേയ്ക്ക് പതിക്കുകയും കാലുകൾ രണ്ടും മേൽപോട്ട് നിൽക്കുകയും ചെയ്തിരുന്നു. ഷെബിക്ക് പിടികിട്ടിയത് വലത്തേ കാൽ. സർവശക്തിയുമെടുത്ത് അതിൽ മുറുകെ പിടിച്ചു. ഉടൻ സഹപ്രവർത്തകൻ മാർക് ടോറിസും ചേർന്ന് വലിച്ച് മുകളിലേയ്ക്കിട്ടു. അല്ലായിരുന്നുവെങ്കിൽ ഒരൊറ്റ നിമിഷം കൊണ്ട് അയാളുടെ ജീവൻ പൊലിയുമായിരുന്നു.
എവിടെ നിന്നാണെന്നറിയില്ല, ആ നിമിഷം മുന്നോട്ട് കുതിക്കാൻ എന്നെ ആരോ പ്രേരിപ്പിക്കുകയായിരുന്നു. അതിനെ ഞാൻ ദൈവത്തിൻ്റെ ഇടപെടലെന്ന് വിശേഷിപ്പിക്കുന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ആ കാലിൽ പിടിത്തം കിട്ടുമെന്ന്. പക്ഷേ, അയാളുടെ ഭാഗ്യമെന്നേ പറയേണ്ടൂ, പിന്നെ ദൈവഹിതമെന്നും.കാസിം പറഞ്ഞു നിർത്തുന്നു
ജീവൻ തിരിച്ചുകിട്ടിയ നേപ്പാളി യുവാവിനെ പിന്നീട് റാഷിദ് ആശുപത്രിയിലേയ്ക്ക് മാറ്റി.നാട്ടിൽ പാരാ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 30കാരൻ കഴിഞ്ഞ മൂന്ന് വർഷമായി ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് ആൻഡ് റെസ്ക്യു സർവീസസില്‍ പാരാമെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു:
മൂന്ന് വർഷത്തെ സേവനത്തിനിടയ്ക്ക് ഷെബിക്ക് ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയത് ഇതാദ്യം.
സ്വദേശികൾക്കും മലയാളികളടക്കമുള്ള വിദേശികൾക്കുമിടയിൽ ഹൃദയാഘാതമാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. അതിപ്പോൾ പ്രായവ്യത്യാസമില്ലാതെ മനുഷ്യ ജീവനുകൾ കവരുന്നു. വളരെ ചെറുപ്പക്കാർ പോലും ഹൃദയാഘാം മൂലം പിടഞ്ഞുവീണ് മരിക്കുന്നു. ജീവിത ശൈലിയിലെ പ്രശ്നങ്ങളാണ് ഇതിന് മുഖ്യ കാരണം. ജോലി സ്ഥലത്തെയും കുടുംബത്തിലെ മാനസിക സമ്മർദ്ദങ്ങൾ, ഭക്ഷണക്രമത്തിലെ പാളിച്ചകൾ, വ്യായാമത്തിൻ്റെ അഭാവം തുടങ്ങിയവ തന്നെ ഇതിന് പ്രധാന കാരണങ്ങൾ. ജീവിതം മുന്നോട്ട് നയിക്കണമെങ്കിൽ തീർച്ചയായും ഇൗ കാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് ഷെബി പറയുന്നു.
കൈരളിചാനലിനും അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ് രംഗത്ത്. പരിപാടി ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി തന്റെ വാക്കുകള്‍ ചാനല്‍ വളച്ചൊടിച്ചു. താന്‍ പോലും കാണാത്ത രംഗങ്ങള്‍ പരിപാടിയുടെ പ്രമോഷന് വേണ്ടി ഉപയോഗിച്ചുവെന്നും താരം പറയുന്നു. ഷോയുടെ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരിക്കുന്ന പോസ്റ്റും ക്ലിപ്പിംഗുകളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ളവയാണെന്നും മീര ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഈ ഷോ ചെയ്യുമ്പോള്‍ ഒരു കാര്യം താന്‍ പ്രത്യേകം പറഞ്ഞിരുന്നു. വീട്ടില്‍ എനിക്കൊരു ചെറിയ കുട്ടി ഉണ്ടെന്നും അവന്‍ എന്നെ മാത്രമല്ല, എന്റെ അഭിമുഖം നടത്തുന്ന ആളെയും അയാള്‍ അവന്റെ അമ്മയോട് എങ്ങനെ പെരുമാറുന്നുവെന്നും വിലയിരുത്തുന്നുണ്ടെന്നും താന്‍ പറഞ്ഞിരുന്നു.
താന്‍ പറഞ്ഞ വാക്കുകളല്ല സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അസ്ഥാനത്തുമാണ് ഈ ഷോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ട്രോള്‍ ക്ലിപ്പിങ്ങുകളുമൊക്കെ ഉണ്ടായിരിക്കുന്നത്. എന്നാല്‍, തനിക്ക് പൂര്‍ണമായ ആത്മവിശ്വാസവും ആത്മധൈര്യവുമുണ്ട്. കാരണം എനിക്കറിയാം, ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക. തനിക്ക് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. ചെയ്യാമെന്ന് വാക്കു കൊടുത്തത് കൊണ്ടു മാത്രമാണ് താന്‍ അത് ചെയ്തതെന്നും മീര പറയുന്നു.
ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കുവാന്‍ ഗവണ്മെന്റുകളും സെന്‍ട്രല്‍ ബാങ്കുകളും നീക്കം നടത്തിയേക്കും എന്ന ആശങ്ക പലര്‍ക്കുമുണ്ട്. പക്ഷെ അവയെല്ലാം അസ്ഥാനത്താകുമെന്നുള്ള പ്രതീക്ഷകളാണ് പല സെന്‍ട്രല്‍ ബാങ്കുകളും സ്വന്തം ക്രിപ്‌റ്റോ കറന്‍സി ഇറക്കുവാനുള്ള ശ്രമങ്ങളിലാണ് എന്ന വാര്‍ത്ത നല്‍കുന്നത്.
സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച എസ്റ്റോണിയ ആണ് ഈ രംഗത്ത് പരീക്ഷണത്തിനൊരുങ്ങുന്നത്. ലോകത്താദ്യമായാണ് ഒരു രാജ്യം ഐസിഒ (ഇനീഷ്യല്‍ കോയിന്‍ ഓഫറിംഗ്) വഴി ഔദ്യോഗിക ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കുന്നത്. എസ്റ്റ്‌കോയിന്‍സ് എന്ന പേരില്‍ എത്തുന്ന കറന്‍സി ഡിജിറ്റല്‍ നിക്ഷേപത്തിനു കരുത്തു പകരുന്നതാണ്. ബിറ്റ്‌കോയിന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറന്‍സിയായ എതേറിയത്തിന്റെ സ്ഥാപകന്‍ വിതാലിക് ബൂടെറിന്‍ ആണ് എസ്റ്റ്‌കോയിന്‍ ഐസിഒക്ക് ആവശ്യമായിട്ടുള്ള സാങ്കേതിക പിന്തുണകള്‍ നല്‍കുന്നത്.
ഇന്ത്യയിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വക്താവ് നല്‍കുന്ന സൂചന ഇന്ത്യയും ക്രിപ്‌റ്റോ കറന്‍സിയുടെ പാത പരീക്ഷിക്കും എന്ന് തന്നെയാണ്. ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ ഇന്ത്യയില്‍ നിന്നും വ്യാപകമായ നിക്ഷേപം നടക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയും ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ലോകരാജ്യങ്ങള്‍ പലതും ബിറ്റ് കൊയിനിന് പിന്നാലെ പോകുമ്പോഴും ഭാവിയുടെ കറന്‍സിയായ ബിറ്റ് കോയിന്‍ എന്താണെന്ന് പോലും മനസ്സിലാകാത്തവര്‍ ആണ് സാധാരണക്കാരില്‍ ബഹുഭൂരിപക്ഷവും. ക്രിപ്റ്റോ കറന്‍സി അഥവാ ഡിജിറ്റല്‍ മണി എന്നറിയപ്പെടുന്ന വിനിമയോപാധിയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് ബിറ്റ് കോയിന്‍. ഇത് സാധാരണ പണം പോലെ കൈ കൊണ്ട് കൈകാര്യം ചെയ്യുന്നതോ പഴ്സില്‍ കൊണ്ട് നടക്കാവുന്നതോ ആയ ഒന്നല്ല. ഈ കോയിന്‍ നിര്‍മ്മിക്കുന്നതാകട്ടെ പണം അച്ചടിക്കുന്ന രീതിയിലുമല്ല. എല്ലാം ഡിജിറ്റല്‍ ആണ്.
വലിയ പ്രോസസിംഗ് ശേഷിയുള്ള കമ്പ്യൂട്ടറുകളില്‍ അനേകം പ്രോഗ്രാമര്‍മാര്‍ ചേര്‍ന്നാണ് ബിറ്റ് കോയിന്‍ നിര്‍മ്മിക്കുന്നത്. ബിറ്റ് കോയിന്‍ ഡിജിറ്റല്‍ ലോകത്തെ പണമിടപാടുകള്‍ക്കാണ് ആദ്യം ഉപയോഗിച്ചിരുന്നത്. ക്രമേണ മറ്റ് മേഖലകളിലും മൂല്യം ഉണ്ടായതോടെ ബിറ്റ് കോയിന്‍ ഒരു മികച്ച നിക്ഷേപമാര്‍ഗ്ഗം എന്ന രീതിയിലും വളരുകയായിരുന്നു. റഷ്യയിലും മറ്റും ഇത്തരം കോയിന്‍ നിര്‍മ്മാണത്തിനായി ഒരുപാടു കംപ്യുട്ടര്‍കള്‍ ചേര്‍ന്ന ഡിജിറ്റല്‍ ഫാം തന്നെയുണ്ട്. മൈനിംഗ് എന്നാണ് ഈ പ്രക്രിയ ഡിജിറ്റല്‍ കറന്‍സി രംഗത്ത് അറിയപ്പെടുന്നത്.
ജപ്പാന്‍കാരനായ സതോഷി നകോമോട്ടോയാണ് ബിറ്റ് കൊയിനിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എന്നാല്‍ ഇത് ഒരു വ്യക്തിയല്ല ഒരു കൂട്ടം ആളുകള്‍ ആണ് എന്നും ഒരഭിപ്രായമുണ്ട്.
തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സിനിമാ നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യ. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന അശോക് കുമാറിന്റെ ആത്മഹത്യയുടെ കാരണക്കാരന്‍ അന്‍പുചെഴിയാനെന്ന പലിശക്കാരനാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
സിനിമാ നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുന്ന അന്‍പുചെഴിയാനാണ് തന്റെ മരണത്തിനുത്തരവാദി എന്ന് സൂചിപ്പിക്കുന്നതായിരുന്നു അശോക് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ്.
തമിഴ് സിനിമാ രംഗത്തെ പ്രമുഖര്‍ തന്നെ ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണണെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിനിടയിലാണ് വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി മലയാളി താരം കൂടിയായ ഷംന കാസിം രംഗത്തെത്തിയത്. ട്വിറ്ററില്‍ അശോക് കുമാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷംനയുടെ പ്രതികരണം.
‘അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക.അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം’ ഇങ്ങനെയാണ് ഷംന ട്വിറ്ററില്‍ കുറിച്ചത്.
He left this world,only thing we can do is to give biggest punishment for that Basturd #AnbuCheziyan .. let’s hold our hands together for it pic.twitter.com/XDFUXVZLsA
— Poorna (@shamna_kasim) November 24, 2017
എന്നാല്‍ അന്‍പുചെഴിയാന്‍ നല്ലവനാണെന്ന പ്രസ്താവനയുമായി ദേവയാനിയും ഭര്‍ത്താവ് രാജ്കുമാറും രംഗത്തെത്തിയിട്ടുണ്ട്.
പൊട്ടകിണറ്റില്‍ വീണ കുട്ടിയാന രക്ഷപ്പെടുന്നതും കാത്ത് മണിക്കൂറുകളോളം തമ്പടിച്ച് ആനക്കൂട്ടം.നാട് കാണാനിറങ്ങിയ ആനക്കൂട്ടത്തിൽ കുട്ടികുറുമ്പൻ പൊട്ടകിണറ്റിലൽ അകപ്പെട്ടത്. പുലരുവോളം ആനകൂട്ടം പൊട്ടകിണറിനു ചുറ്റും കാവലിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് വന്നപ്പോൾ തനിയെ മാറികൊടുത്തു ഒടുവിൽ വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനകുട്ടിയെ രക്ഷപ്പെടുത്തിയപ്പോള്‍ നന്ദി പ്രകടിപ്പിച്ച് കാട്ടാനക്കൂട്ടം. കോതമംഗലം ഉരുളന്‍ത്തണ്ണിയില്‍ നിന്നുള്ള അപൂര്‍വ്വ സ്‌നേഹ കാഴ്ച കാണാം.
കൊച്ചി: ദിലീപിനെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയതായി കുറ്റപത്രം ആരോപിക്കുന്നു. കൊച്ചിയില്‍ വെച്ച് നടന്ന അമ്മ താരനിശക്കിടെയാണ് സംഭവമെന്നാണ് പരാമര്‍ശം. ഇത് ശ്രദ്ധയില്‍പ്പെട്ട സിദ്ദിഖ് ദിലീപിനെ താക്കീത് ചെയ്തതായും കുറ്റപത്രം പറയുന്നു.
ദിലീപും കാവ്യയുമായി ബന്ധമുണ്ടെന്ന് താരനിശക്കിടെ നടി പലരോടും പറഞ്ഞിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് ദിലീപ് ഭീഷണിപ്പെടുത്തിയതെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. നടിയെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനാണ് നഗ്ന വീഡിയോ ചിത്രീകരിച്ചതെന്നും പരാമര്‍ശമുണ്ട്.
നടിയുടെ സഹോദരനാണ് ദിലീപിന്റെ പങ്കിനേക്കുറിച്ച് ആദ്യം സൂചന നല്‍കിയത്. പള്‍സര്‍ സുനി കത്തയച്ചതോടെ ദിലീപിന്റെ പങ്ക് വ്യക്തമായെന്നും കുറ്റപത്രം വ്ിശദമാക്കുന്നു. എട്ടാം പ്രതിയായ ദിലീപിനെതിരെ കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി പത്തോളം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ജനാധിപത്യത്തില്‍ പ്രകടനങ്ങള്‍ നടത്താനുള്ള അവകാശം മറ്റുള്ളവരുടെ മനുഷ്യാവകാശ ലംഘനമായി മാറരുതെന്ന് ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞത് ദിവസം കോട്ടയത്തുണ്ടായ അതീവ ദു:ഖകരമായ സംഭവം അതിനു ഉദാഹരണമാണ്. എല്ലാ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടേതായ ശക്തി പ്രകടനങ്ങള്‍ നടത്തുമ്പോള്‍ അത് ഗതാഗത തടസ്സത്തിനും അതുവഴി മനുഷ്യ ജീവന്റെ തന്നെ നഷ്ടത്തിനും കാരണമാകുന്നു എന്ന സത്യം തിരിച്ചറിയാന്‍ കഴിയാത്ത സംഘടനകളും അതിന്റെ നേതാക്കളും ജനാധിപത്യത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ മറ്റു മനുഷ്യരുടെ ജീവിയ്ക്കാനുള്ള അവകാശം ലംഘിച്ചു എന്ന കാരണത്താല്‍ ഈ സംഘടനയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നു.
ഒരു ജനാധിപത്യ സമൂഹത്തിന് യോജിച്ച കാര്യങ്ങളല്ല കഴിഞ്ഞ ദിവസം കോട്ടയത്ത് സംഭവിച്ചത്. ഗതാഗത തടസ്സം ഒഴിവാക്കാന്‍ ശ്രമിയ്ക്കാതിരിക്കുകയും അതു വഴി ആ കുഞ്ഞു കുട്ടിയുടെ ജീവന്‍ സംരക്ഷിയ്ക്കാന്‍ കഴിയാതെ ഇരിക്കുകയും ചെയ്ത ട്രാഫിക് പോലീസ് അധികാരികളും ഇതില്‍ കുറ്റക്കാരാണെന്ന് ആം ആദ്മി പാര്‍ട്ടി കാണുന്നു. അവര്‍ക്കെതിരേ നടപടിയുണ്ടാവേണ്ടതുണ്ട്. ജനങ്ങള്‍ ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോള്‍ അവരെ തല്ലിയോടിക്കാനും, അവര്‍ക്കെതിരേ മര്‍ദ്ദം അഴിച്ചു വിടാനും, ജയിലിലടയ്ക്കാനും വലിയ താല്‍പര്യം കാണിയ്ക്കുന്ന പോലീസ് സംവിധാനം ഇത്തരം മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടി ഇടപെടുന്നില്ല എന്നത് അപമാനകരമാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പൗരാവകാശങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും മുന്‍ഗണന നല്‍കണം എന്നു വിശ്വസിയ്ക്കുന്ന ആം ആദ്മി പാര്‍ട്ടി പൊതുഗതാഗതത്തെയോ ജനജീവിതത്തെയോ ബാധിയ്ക്കുന്ന തരത്തിലുള്ള ഹര്‍ത്താലുകള്‍ പ്രകടനങ്ങള്‍ എന്നിവയുടെ ഭാഗമാകില്ല എന്നു പ്രഖ്യാപിയ്ക്കുന്നു. ഇതുവരെ തുടര്‍ന്നു വന്ന രീതിയിലുള്ള പാതയോരം ചേര്‍ന്നുള്ള ഒറ്റവരി പ്രകടനങ്ങളും ഹര്‍ത്താല്‍, ബന്ദ് എന്നിവയോടുള്ള നിഷേധ നിലപാടുകള്‍ എന്നിവയില്‍ അടിയുറച്ച് നില്‍ക്കുന്നതുമാണെന്ന് അറിയിച്ചു കൊള്ളുന്നു. പൊതുജീവിത്തെ ബാധിയ്ക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
നവംബര്‍ 26ന് ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികം ദില്ലിയിലെ രാംലീലാ മൈതാനിയില്‍ അതിഗംഭീര റാലിയോടെ നടക്കുകയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുമുള്ള ആം ആദ്മി വാളന്റിയര്‍മാര്‍ അവിടെ ഒത്തു കൂടുന്നു. കാര്‍ഷിക യുവജന സമ്മേളനമായാണ് നടത്തുന്നത്. കേരളത്തില്‍ നിന്ന് 200ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്നു. കേരളത്തിലെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നായി ഇതിനുള്ള പ്രവര്‍ത്തകര്‍ ദില്ലിയില്‍ എത്തിചേര്‍ന്നിട്ടുണ്ട്.
കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധി തുറന്നു കാട്ടുന്ന പ്രകടനവും, കേരളത്തിന്റെ തനത് കലാ സാസ്‌കാരിക മുദ്രാവാക്യങ്ങളും ഉന്നയിച്ചു കൊണ്ടുള്ള പരിപാടികളും റാലിയില്‍ അവതരിപ്പിക്കുന്നു.
നവംബര്‍ 26 ന് രാംലീലാ മൈതാനിയില്‍ നടക്കുന്ന റാലിയില്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ അടക്കമുള്ള അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കുന്നു. കേരളത്തില്‍ നിന്ന് സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍, സംസ്ഥാന സെക്രട്ടറി പോള്‍ തോമസ്, വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ നിരീക്ഷകരും, പ്രാദേശിക പ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് എത്തിചേര്‍ന്നിരിക്കുന്നത്.
കോട്ടയം നഗരത്തില്‍ എസ്ഡിപിഐയുടെ വാഹന പ്രചാരണ ജാഥ മൂലമുണ്ടായ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് പിഞ്ചുബാലിക മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. പരുന്തുംപാറ നടുവിലേപ്പറമ്പില്‍ റിന്റു – റിനു ദമ്പതികളുടെ മകള്‍ ഐലിനാണ്(5) മരിച്ചത്.
ഗുളിക തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെയും കൊണ്ട് അമ്മ റിനുവും സഹോദരി സജിനയും ഇവരുടെ അമ്മ സജിയും ചേര്‍ന്ന് കോട്ടയം എംസി റോഡിലേക്ക് ഓടി. വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ഒന്നും നിര്‍ത്തിയില്ല. അതുവഴി വന്ന അബ്ദുള്‍ സലാം കാര്‍ നിര്‍ത്തി കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. കോട്ടയം നഗരത്തില്‍ റോഡുപണി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. നഗരത്തിലൂടെ വാഹന പ്രചാരണ ജാഥ കൂടി കടന്നു പോകുന്നതിനാല്‍ ഗതാഗത തടസ്സം ഇരട്ടിയായി.
ചിങ്ങവനത്തു നിന്നും കുട്ടിയുമായി കോട്ടയം നഗരത്തിലേക്ക് വാഹനമോടിക്കുന്നതിനിടെ കോടിമത പാലത്തില്‍ കുരുക്കില്‍പ്പെട്ടു. തുടര്‍ന്ന് ഇടവഴിയിലൂടെ കാര്‍ ഓടിച്ചെങ്കിലും കുട്ടിയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റിയില്ലെന്ന് അബ്ദുള്‍ സലാം പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 21ാം തീയതി വൈകുന്നേരം തങ്ങളുടെ സംസ്ഥാന വാഹന പ്രചരണ ജാഥ കോട്ടയത്ത് കൂടി കടന്നുപോയതായി എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഹസീബ് സമ്മതിച്ചിട്ടുണ്ട്.
‘അല്‍പം കൂടി മുന്‍പ് ഐലിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുട്ടിയുടെ അച്ഛന്‍ റിന്റു പറഞ്ഞു’. ഐലിന്റെ മൃതദേഹം ബന്ധുക്കള്‍ എത്തിച്ചേരുന്നതിനായി ബുധനാഴ്ച മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിനു ശേഷം ഇന്നലെയാണ് സംസ്‌കരിച്ചത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ റാലി നടത്തുന്നതിനെതിരായി സമൂഹ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫിന്റെ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ ബുധനാഴ്ച കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ചതും വലിയ ഗതാഗത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന യുകെയിലെ മലയാളികള്‍ക്കായി നാളെ പോര്‍ട്സ്മൗത്തില്‍ സംഗീത വിസ്മയം വിരിയുന്നു. യുകെയിലും കേരളത്തിലും ഉള്ള പ്രഗത്ഭ ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന സംഗീത മല്‍ഹാര്‍ എന്ന സംഗീത പരിപാടി നാളെ അഞ്ച് മണി മുതല്‍ ആണ് അരങ്ങേറുന്നത്. എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഗ്രേസ് മെലഡിയോസ് മ്യൂസിക്കല്‍ ബാന്‍ഡിന്‍റെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് സംഗീത മല്‍ഹാര്‍ അണിയിച്ചൊരുക്കുന്നത്. സ്വര രാഗ ലയങ്ങള്‍ സമ്മേളിക്കുന്ന മൂന്നാമത് സംഗീത മല്‍ഹാറിനാണ് നാളെ പോര്‍ട്ട്‌ചെസ്റ്റര്‍ കമ്മ്യൂണിറ്റി സ്കൂളില്‍ തിരശ്ശീല ഉയരുന്നത്.
കേരളത്തില്‍ നിന്നും പ്രശസ്ത ഗായകരായ ജൂനിയര്‍ എ. ആര്‍. റഹ്മാന്‍ , കപ്പ ടിവിയിലൂടെ പ്രശസ്തനായ യതീന്ദ്ര ദാസ് തുടങ്ങിയവര്‍ എത്തിച്ചേരുമ്പോള്‍ യുകെയില്‍ നിന്നും അറിയപ്പെടുന്ന യുവ ഗായകരും ഗായികമാരും ഒപ്പം പങ്കു ചേരുന്നു. ലൈവ് ഓര്‍ക്കസ്ട്രയ്ക്കൊപ്പം മികച്ച ഗായകരെ അണി നിരത്തിക്കൊണ്ടുള്ള ഈ പ്രോഗ്രാം തികച്ചും സൗജന്യമായാണ് ഒരുക്കിയിട്ടുള്ളത്.
ഗ്രേസ് മെലഡിയോസിന്റെ ബാനറില്‍ യുകെയിലും വിദേശത്തും അറിയപ്പെടുന്ന പോര്‍ട്സ് മൗത്തിലെ നോബിള്‍ മാത്യുവിനും കൂട്ടുകാര്‍ക്കുമൊപ്പം സാലിസ്ബറിയിലെ ഹെവന്‍ലി വോയ്സില്‍ നിന്നും രാജേഷ് ടോംസും ടീമും മേഘ വോയ്സ് സൌത്താം പ്ടനിലെ മാല്‍ക്കോമും സംഘവും, കേരള ബീറ്റ്സ്, സിംഫണി ചിചെസ്റ്റര്‍, സ്ട്രിംഗ് ഓര്‍ക്കസ്ട്ര ലൂട്ടന്‍ എന്നിവരും ചേരുമ്പോള്‍ യുകെ മലയാളികള്‍ ഇത് വരെ കേള്‍ക്കാത്ത സംഗീത വിരുന്ന് ആണ് നാളെ നടക്കുക. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച് രാത്രി പത്ത് മണിയോടെ അവസാനിക്കുന്ന ഈ പ്രോഗ്രാമില്‍ സംഗീതത്തിന് പുറമേ മറ്റ് മനോഹര പരിപാടികളും അരങ്ങേറും. പ്രോഗ്രാം കാണാന്‍ വരുന്നവര്‍ക്ക് രുചികരമായ നാടന്‍ ഭക്ഷണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം യുകെ മീഡിയ പാര്‍ട്ണര്‍ ആയിട്ടുള്ള സംഗീത മല്‍ഹാര്‍ പ്രോഗ്രാമിലേക്ക് എല്ലാ യുകെ മലയാളികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.