Latest News

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. വികസന കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ അമിത് ഷാ സി.പി.മ്മിനെ വെല്ലുവിളിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പതിമൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച അമിത് ഷാ മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതെന്നും ആരോപിച്ചു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴെല്ലാം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനരക്ഷായാത്ര മുഖ്യമന്ത്രിയെ പരിഭ്രാന്തനാക്കി. സോളാര്‍ കേസിലെ നടപടികള്‍ മന്ദഗതിയിലാക്കിയത് അതിന്റെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല. സി.പി.എം സാന്നിധ്യമുള്ള ബംഗാളിലും ത്രിപുരയിലും ഇത് തന്നെയാണ് സ്ഥിതി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാന്‍ പോകുന്നത് അഴിമതിയലും അക്രമവും മൂലമാകുമെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തിന്റെ വികസനത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനാണ് ജനരക്ഷാ യാത്ര നടത്തുന്നതെന്ന് പിണറായി വിജയന്‍ പറയുന്നു. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായത്തെക്കുറിച്ച് ഞങ്ങള്‍ പറയാം. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നതിന്റെ കാരണം പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും അമിത് ഷാ ചോദിച്ചു. ബി.ജെ.പിയെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ സാധിക്കില്ല. പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു.

കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ  അക്രമങ്ങളുണ്ടാായാല്‍ ആദ്യം പ്രതികരിക്കുന്ന കലാകാരന്മാരിലൊരാളാണ് അലന്‍സിയര്‍. സംവിധായകന്‍ കമല്‍ പാക്കിസ്ഥാനില്‍ പോകണമെന്ന് ആര്‍എസ്എസ്സുകാര്‍ പറഞ്ഞപ്പോള്‍  പ്രതികരണവുമായെത്തിയ ഈ നടന്‍ ഇത്തവണയും പതിവ് കൈവിട്ടില്ല. സിപിഎമ്മുകാരുടെ കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന ബിജെപി നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കു പ്രതിഷേധവുമായാണ് അദേഹം കണ്ണ് കെട്ടി ചവറയിലെ പോലീസ് സ്‌റ്റേഷനിലെത്തിയത്.

കണ്ണ് രണ്ടും കറുത്ത തുണി കൊണ്ട് കെട്ടിയായിരുന്നു അലന്‍സിര്‍ എത്തിയത്. എന്നാല്‍ പോലീസ് സ്‌റ്റേഷനിലെത്തിയ അലന്‍സിയറോട് താങ്കള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന് പോലീസുകാര്‍ ചോദിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അലന്‍സിയര്‍ പ്രതികരണം നടത്തിയിട്ടില്ല. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയും അലന്‍സിയര്‍ ഒറ്റയാന്‍ പ്രതിഷേധം നടത്തിയിരുന്നു. മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ അലന്‍സിയര്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചു. കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.

അതസേമയം നവമാധ്യമങ്ങളിലാകെ ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ സിപിഎം അണികള്‍ രൂക്ഷമായ പ്രതികരണമാണ് ഉയര്‍ത്തുന്നത്. ‘ഗൗജ് ഗാ’ എന്ന ഹാഷ് ടാഗുമായിട്ടാണ് പ്രചരണം.

കൊച്ചി : ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് വീണ്ടും തുടരും. ശ്രീശാന്തിന്റെ വിലക്കു റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

വിലക്കും കോടതി നടപടികളും രണ്ടായി കാണമെന്നാണ് ബിസിസിഐ കോടതിയില്‍ വാദിച്ചത്.വാതുവെയ്പുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളിലെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചത്.
അതേസമയം കോടതിയുടെ തീരുമാനം കഠിനമായിപ്പോയെന്ന് ശ്രീശാന്ത് പ്രതികരിച്ചു. തനിക്ക് മാത്രം പ്രത്യേക നിയമം ആണോ? തന്റെ അവകാശത്തിനായി ഇനിയും താന്‍ പോരാടും. എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഇത് ബാധകമല്ലെന്നും താരം ചോദിച്ചു.

ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബി.സി.സി.ഐ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നേരത്തെ കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി വിലക്ക് റദ്ദാക്കിയത്. ഈ വിധിക്കെതിരെയാണ് ബിസിസിഐ അപ്പില്‍ നല്‍കിയത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലാണ് ബിസിസിഐ അപ്പീല്‍ ഫയല്‍ ചെയ്തത്.

വിലക്ക് നീക്കിയ നടപടി നിയമപരമല്ല. 2013ല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ 2017ല്‍ മാത്രമാണ് ശ്രീശാന്ത് കോടതിയെ സമീപിക്കുന്നത്. വാതുവെയ്പ് കേസില്‍ കോടതി വെറുതെ വിട്ടതും ബിസിസിഐയുടെ അച്ചടക്ക നടപടിയും രണ്ടായി കാണേണ്ടതാണെന്നും ചൂണ്ടിക്കാണിച്ചാണ് ബിസിഐ അപ്പീല്‍ സമര്‍പ്പിച്ചത്. സമാന വസ്തുതകള്‍ ഉന്നയിച്ചുള്ള ശ്രീശാന്തിന്റെ അപ്പീല്‍ ബിസിസിഐ നേരത്തെ തള്ളിയതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013 ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു.

പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ബംഗളൂരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം കടന്നുകളഞ്ഞ മലയാള സീരിയല്‍ താരത്തെ തലശേരിയില്‍ വച്ചു കേരള കര്‍ണ്ണാടക പോലീസ് സംയുക്തമായി പിടികൂടി. ബംഗളൂരു കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നാണു 35 പവന്‍ സ്വര്‍ണ്ണം തനുജ എന്ന മലയാള സീരിയല്‍ നടി മോഷ്ടിച്ചത്. ചില മലയാള സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ഇവര്‍ ഓഗസ്റ്റിലാണു പയ്യന്നൂര്‍ സ്വദേശിനിയും കര്‍ണ്ണാടകയിലെ ആരോഗ്യവഗുപ്പ് ഉദ്യോഗസ്ഥയുമായ സ്ത്രീയുടെ വീട്ടില്‍ ജോലിക്ക് എത്തിയത്. ഒരുമാസം കൊണ്ടു വീട്ടുകാരിയുടെ വിശ്വസ്തയായി മാറിയ തനുജയെ സെപ്റ്റബംര്‍ 28 ന് കാണാതാകുകയായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ട്ടപ്പെട്ടതായി കണ്ടെത്തി. പിന്നീട് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ തനുജ നല്‍കിയത് വ്യാജ ഫോണ്‍ നമ്പറും വിലാസവുമാണ് എന്നു കണ്ടെത്തി. എന്നാല്‍ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന യുവാവുമായി തനുജയ്ക്കുണ്ടായിരുന്ന പ്രണയം കണ്ടെത്തിയ പോലീസ് യുവാവിലൂടെ ഇവര്‍ കേരളത്തിലുണ്ട് എന്ന വിവരം മനസിലാക്കി.

തുടര്‍ന്നു പ്രതിയെ അറസ്റ്റു ചെയ്യാന്‍ കേരളപോലീസ് കര്‍ണ്ണാടക പോലീസിന്റെ സഹായം തേടുകയായിരുന്നു. പോലീസ് യുവാവിനെ കൊണ്ടു തനുജയെ വിളിപ്പിച്ചപ്പോള്‍ യുവാവിനോട് വടകരയില്‍ എത്താന്‍ ഇവര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് വടകരയില്‍ എത്തിയ പോലീസിനു തനുജയെ കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണത്തില്‍ തനൂജ തലശേരി ചേറ്റംകുന്നിലും കണ്ണൂരിലും താമസിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിനിടയില്‍ യുവതിക്ക് തലശേരിയിലെ ഓട്ടോഡ്രൈവറുമായി അടുത്ത ബന്ധം ഉണ്ട് എന്ന് പോലീസ് കണ്ടെത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ പുതിയ താമസ സ്ഥലം കണ്ടെത്താനായി. തുടര്‍ന്ന് ആ വീട്ടില്‍ പോലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണു തനൂജയെ പിടികൂടിയത്. മോഷ്ടിച്ച മുതലുകള്‍ കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥപനത്തില്‍ നിന്നു കണ്ടെടുത്തു.

മീ ടൂ ക്യാമ്പയിന്‍ കൂടുതല്‍ കൂടുതല്‍ തുറന്നു പറച്ചിലുമായി മുമ്പോട്ടു പോയിക്കോണ്ടിരിക്കുകയാണ്. പീഡനത്തിന് ഇരയായവരുടെ മാത്രമല്ല അതിജീവിച്ചവരുടെയും തുറന്നു പറച്ചിലുകള്‍ മീ ടു ക്യാമ്പയിനെ കൂടുതല്‍ ശക്തമാകുകയാണ്. അരുണിമ ജയലക്ഷ്മി എന്ന് പെണ്‍കുട്ടിയുടെ തുറന്നു പറച്ചിലാണ് ഇത്. തനിക്കു നേരിട്ട് അതിക്രമത്തെക്കുറിച്ചും അതിനെ ധീരമായി അതീജീവിച്ചതിനെക്കുറിച്ചുമാണ് ഈ പെണ്‍കുട്ടി പറയുന്നത്. എന്നു മാത്രം എഴുതിയിട്ടിട്ടു പോകാന്‍ മനസ്സ് സമ്മതിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ നേരിട്ട, പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ച ദുരനുഭവത്തിന്റെ ഓര്‍മ്മയാണിത്. ഭയമായും വിഷാദമായും സങ്കടമായും ഇടക്കിടെയെത്തി എന്നെ ഇപ്പോഴും ഭ്രാന്തു പിടിപ്പിക്കുന്ന ദിവസങ്ങളുണ്ട് പിറകില്‍.. സംഭവിച്ചതെല്ലാം അതിന്റെ തീവ്രതയില്‍ തുറന്നു പറയാന്‍ കഴിയാതെ ഒരു പുഴുത്ത വ്രണം പോലെ മനസ്സിലിട്ടു നീറ്റി നടന്ന ഒരു പെണ്‍കുട്ടിയുണ്ട് പിറകില്‍ ..

ധീരമായ അതിജീവനത്തിന്റെ ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തലുകൾ……

uploads/news/2017/10/156603/meetoo.gif

എന്റെ ഒമ്പതാം ക്ലാസ്സ് കാലം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ ഇന്നുള്ളതിനേക്കാള്‍ കട്ടികൂടിയ കാടുണ്ടായിരു അന്ന് .. സ്‌കൂള്‍ ഗ്രൗണ്ടിനെ ചുറ്റിയുള്ള കാട്ടിലൂടെ സ്‌കൂളിലേക്ക് ചെറിയ വെട്ടുവഴികളുണ്ട്. വീട്ടില്‍ നിന്നും വൈകിയിറങ്ങിയ ഒരുദിവസം ആ വഴികളിലൊന്നിലൂടെ ഓടിയിറങ്ങുന്ന എന്നെ ഒരാള്‍ തടഞ്ഞു നിര്‍ത്തുന്നു.. വായ് പൊത്തിപ്പിടിച്ചു കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുന്നു .. എനിക്ക് ആര്‍ത്തവം ആരംഭിച്ച കാലമായിരുന്നു അത് . ശരീരത്തെ കുറിച്ചും അത് നേരിട്ടേക്കാവുന്ന അതിക്രമങ്ങളെ കുറിച്ചും വലിയ ധാരണയില്ലാത്ത പെണ്‍കുട്ടി, ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന ബോധത്തില്‍ നിന്നുകൊണ്ട് അവള്‍ക്കാവുംപോലെ ചെറുത്തു.. ഉരുണ്ടു മറിഞ്ഞു നിലത്തു വീണുപോയ എനിക്ക് മുമ്പില്‍ അയാളുടെ ഉദ്ധരിച്ച ലിംഗം കണ്ടു . പ്രണയിക്കുന്ന പുരുഷന്റെയല്ലാതുള്ള ഒരു ലിംഗം എത്രത്തോളം വലിയ വൃത്തികേടാണെന്നു ഇപ്പോഴെനിക്കറിയാം.

അന്ന് ജീവിതത്തിലാദ്യമായി ഒരു പുരുഷ ലിംഗം കണ്ട്, അതിന്റെ സ്പര്‍ശത്തെ ഭയന്ന് അറപ്പോടെ പിന്നോട്ട് മറിഞ്ഞു വീണു.. മുടിക്ക് കുത്തിപ്പിടിച്ച് അയാള്‍ എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു.. പിടിവലിക്കിടയില്‍ യൂണിഫോമിന്റെ തുന്നലുകള്‍ വിടുന്നതും പിന്നിപ്പോകുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്റെ കഴുത്തില്‍ പിടി മുറുകുകയാണ്.. അയാളുടെ കൈകള്‍ എന്റെ പാവാടയുടെ അടിയിലേക്ക് ഇഴയുകയാണ് ( ഇതു വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയില്‍ പ്രകോപനം ഉണ്ടാവുന്നെങ്കില്‍ ക്ഷമിക്കുക . എനിക്കിതു പറയാതെ വയ്യ. പറയാനുള്ള ആര്‍ജ്ജവത്തിലേക്കു ഞാനെത്തിയത് ഇപ്പോഴാണ്).

അയാളുടെ മുതുകില്‍ ദുര്‍ബലതയുടെ അങ്ങേയറ്റത്തു നിന്നുകൊണ്ടുതന്നെ ഞാന്‍ ആഞ്ഞു കടിച്ചു. ഒരു നിമിഷം അയാള്‍ പിടിവിട്ടതും ഞാനോടി … പിടഞ്ഞോടി രക്ഷപ്പെടുകയായിരുന്നു .. ശരീരം മുഴുവന്‍ നൊന്തിരുന്നു.. രക്തം പൊടിഞ്ഞിരുന്നു..

ആരോടെങ്കിലും പറയാവുന്ന ഒരു കാര്യമല്ലെന്ന് ധരിച്ച് മനസ്സിലിട്ടു കൊണ്ടുനടന്നു… ഭീകരമായ ഇന്‍സെക്യൂരിറ്റി അനുഭവിച്ച കാലം. ഉണര്‍വ്വിലും ഉറക്കത്തിലും ഞെട്ടിക്കൊണ്ടിരുന്ന ദിവസങ്ങള്‍. ചിരിയും വര്‍ത്തമാനവും മുറിഞ്ഞും മാഞ്ഞും പോയി. മനുഷ്യരെ മുഴുവന്‍ പേടിയായി. ഒറ്റക്കിരിക്കാന്‍ മാത്രം ഇഷ്ട്ടപ്പെടുന്ന കുട്ടിയായി… പത്താം ക്ലാസ്സിന്റെ കാല്‍ ഭാഗം വരയെ സ്‌കൂളില്‍ തുടരാനായുള്ളൂ. സഹപാഠികള്‍ക്കിടയില്‍ പോലും ഇരിക്കാന്‍ കഴിയാത്ത വിധത്തിലേക്ക് മാറിപ്പോയി. കൂട്ടുകാര്‍ ഇല്ലാണ്ടായി. തീര്‍ത്തും ഒറ്റയായി.. എന്റെ ക്ലാസ്സിന്റെ മുന്‍വാതില്‍ കടന്ന് എന്റെ ബെഞ്ച് വരെ കുട്ടികള്‍ക്കിടയിലൂടെ നടന്നെത്താന്‍ എനിക്ക് പറ്റുമായിരുന്നില്ല.

അപകര്‍ഷതയും ഭയവും വിഷാദവും. ആ കൊല്ലത്തെ SSLC പരീക്ഷ എഴുതിയില്ല . ഡിപ്രഷന്റെ ഏറ്റവും മാരകമായ ഒരു വേര്‍ഷന്‍ അനുഭവിച്ചുകൊണ്ട് വീട്ടിലെ ഒരു മുറിക്കുള്ളിലായിരുന്നു ഞാന്‍ .
പിന്നീട് നിരന്തരമായ കൗണ്‍സിലിംഗുകള്‍.. മരുന്നുകള്‍ .. എന്നെ മറികടന്നു പോകുന്നവരില്‍ ആ മനുഷ്യന്റെ മുഖം മാത്രം തിരഞ്ഞുകൊണ്ടേയിരുന്നു.
കോളേജ് കാലം അവസാനിക്കും വരെയും വലിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. സഭാകമ്പവും ആള്‍ക്കൂട്ടത്തോടുള്ള ഭയവും ഒരു മാറാ വ്യാധിപോലെ ഈയടുത്ത കാലം വരെയും എനിക്കൊപ്പം ഉണ്ടായിരുന്നു.

പിജി ചെയ്യാന്‍ വീണ്ടും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ എത്തിയപ്പോള്‍ ആ പഴയ വഴികളിലൂടെ ഞാന്‍ നടന്നുകൊണ്ടിരുന്നു . ഇപ്പോഴും ഞാന്‍ തിരഞ്ഞെടുക്കാറ് ആ വഴിയാണ്. ആ വഴിയില്‍ അയാളെ വെട്ടിനുറുക്കുന്ന ചിലപ്പോള്‍ വെടിവെച്ചു വീഴ്ത്തുന്ന എന്നെ ഇതിനകം എത്രയോ തവണ ഞാന്‍ കണ്ടിരിക്കുന്നു …

ഭ്രാന്തിന്റെയും വിഷാദത്തിന്റെയും ചുഴികള്‍ എന്നില്‍ തുടങ്ങിവെച്ച അജ്ഞാതാ.., എന്റെ കൗമാര ദശയുടെ പുള്ളിച്ചിറകുകള്‍ അരിഞ്ഞുകളഞ്ഞവനെ.., ഞാനിന്നു ആ പഴയ പെണ്‍കുട്ടിയല്ല. നിന്നെയെനിക്ക് കാണുകയും വേണ്ട . പകയല്ല , പകരം പുച്ഛമാണ്. ഇനി ഭയപ്പെടുകയുമില്ല. നീയെന്നില്‍ കുത്തിനിറച്ച പേടിയും അപകര്‍ഷതയുമെല്ലാം ഞാന്‍ എന്നോട് തന്നെ പടവെട്ടി തൂത്തെറിഞ്ഞിരിക്കുന്നു.. വേദനയുടെ കാലത്ത് എന്നെ വിടാതെ ചേര്‍ത്ത് നിര്‍ത്തിയ ചുരുക്കം പേരുണ്ട് .. അച്ഛന്‍ , അമ്മ , ചേച്ചി , ബാലകൃഷ്ണന്‍ ഡോക്ടര്‍, എന്റെ സഭാകമ്പം പൊടിക്കൈ മരുന്ന് തന്നു മാറ്റിയ രാജന്‍ ഡോക്ടര്‍ … സ്‌നേഹത്തിന്റെ ആ കൈകള്‍ക്കു ഒരു നൂറുമ്മകള്‍ .. ❤️❤️

ഗണേഷ് കുമാര്‍ എംഎല്‍എയുമായി സരിതയ്ക്ക് അടുത്ത ബന്ധമെന്നും ടീം സോളാറിന്റെ ഉടമ ഗണേഷ് കുമാറാണെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞതിന് പിന്നാലെ അതിനെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി സരിത എസ്. നായര്‍. താനും ഗണേഷുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സരിത പറയുന്നത്. 2005ല്‍ തുടങ്ങിയ റിലേഷനാണ്. ഞങ്ങള്‍ തമ്മില്‍ വ്യവസായത്തിന്റെ പേരിലോ ബിസിനസ്സിന്റെ പേരിലോ സംസാരിക്കേണ്ട ബന്ധമല്ലായിരുന്നു. ഞാന്‍ എന്റെ സമ്മതത്തോടെ ഒരാളെ ഇഷ്ടപ്പെട്ടു പോയി. അതിന്റെ പിന്നാമ്പുറം പോയിട്ട്, അയാള്‍ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുത്തിട്ടു ശരിയായ രീതിയാണോ? എന്റെ സമ്മതത്തോടു കൂടി സഹകരിച്ച് ജീവിച്ചതാണ്. അതുകൊണ്ട് തന്നെ തിരിച്ചു പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ വിവാഹം കഴിച്ചതില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ട്. ഞാന്‍ ജയിലാലായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വിവാഹം കഴിക്കാമെന്ന ഏകദേശ ധാരണയിലാണ് മുമ്പോട്ട് പോയത്. ഞാന്‍ എന്റെ അറിവോടു കൂടി സമ്മതത്തോട് കൂടി മറ്റൊന്നുമില്ലാതെ സ്‌നേഹിച്ചതാണ്. മറ്റൊള്ളവര്‍ പ്രോജക്ട് ചെയ്ത് തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചിട്ടില്ല. വേറൊരാള്‍ക്ക് കൊടുക്കുന്നതൊന്നുമില്ല. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഗണേശിനെതിരെ പരാതി കൊടുക്കാന്‍ ഇഷ്ടവുമില്ല. ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഹാപ്പിനസ് ഉണ്ട്. ഒരുപാട് അപമാനം സഹിച്ചിട്ടുണ്ട്. അതിന് വെളിച്ചം കിട്ടെയന്ന തോന്നല്‍ എനിക്കുണ്ട്. എന്നാല്‍ വലുതായി പ്രകടിപ്പിക്കുന്നുമില്ല. അന്വേഷണവുമായി സഹകരിക്കും. അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ വന്നാല്‍ ഉറച്ചു നില്‍ക്കും. എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനും നേടാനുമില്ല. നഷ്ടപ്പെടാനില്ലെന്നതാണ് യഥാര്‍ത്ഥ്യം. ഒരുപാട് അനുഭവിച്ചു. കേരളത്തില്‍ ഒരു ജോലി പോലും ഇനികിട്ടില്ലെന്ന തിരിച്ചറിവുണ്ടെന്നും സരിത പറഞ്ഞു. തമിഴ്‌നാട്ടിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. എല്ലാ ബാധ്യതകളും ഉണ്ട്. ആരും സഹായിക്കാനുമില്ല. എല്ലാവരും കല്ലെറിയാന്‍ നടക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ ചിരിച്ചു കാണിക്കുന്നവരെല്ലാം കല്ലെറിയാന്‍ നടക്കുന്നവരാണെന്നും സിരത പറഞ്ഞു. ഗുജറാത്തിലെ സോളാര്‍ കമ്പിനിയുടെ ചെന്നൈയിലെ ഓഫീസിലാണ്  താന്‍ ജോലി ചെയ്യുന്നതെന്നും സരിത  വിശദീകരിച്ചു. നേരത്തെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണത്തില്‍ ഗണേശ് ഉറച്ചു നില്‍ക്കുന്നതായി സരിത പറഞ്ഞിരുന്നു. തന്നെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ബെന്നി ബെഹന്നാന്‍ ശ്രമിച്ചെന്നും ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഗണേശുമായുള്ള ബന്ധത്തിലും വ്യക്തത വരുത്തുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയാറാക്കി. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും.

നടി ആക്രമിക്കപ്പെട്ട് എട്ടു മാസം തികയുന്ന ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മജിസ്‌ട്രേട്ട് അവധിയായതിനാല്‍ ദിവസം മാറ്റുകയായിരുന്നു. നിയമവിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, കോടതി മുന്‍പാകെ നല്‍കിയ രഹസ്യ മൊഴികള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യ ത്തെളിവുകള്‍ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമര്‍പ്പിക്കുന്നത്. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണു സൂചന. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളകളില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ നേരിട്ടു സമര്‍പ്പിച്ചിരുന്ന വിവരങ്ങളാണിത്.

കേസിന്റെ പ്രാധാന്യവും പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും ഡിജിപി സമര്‍പ്പിക്കും.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് സോഷ്യൽ മീഡിയയിൽ ട്രോൾ. ഇതിലിപ്പോ എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ കുമ്മനത്തെ അല്ല കുമ്മനത്തിന്റെ ജനരക്ഷാ യാത്രയെ ആണ് ട്രോളന്മാർ ആഘോഷിക്കുന്നത്. കാറ്റിനെപ്പോലും വെല്ലുന്ന വേഗത്തിലാണത്രെ കുമ്മനത്തിന്റെ യാത്ര.  വേഗത്തിന്റെ രാജാവ് ഉസൈൻ ബോൾട്ടിനെ വരെ തോൽപ്പിക്കും കുമ്മനം എന്ന് ചിലർ. സൂപ്പർഫാസ്റ്റിനെക്കാളും വേഗത്തിലാണ് യാത്രയെന്നുമുണ്ട് ട്രോളുകൾ. നാല് ദിവസം എടുത്ത് കണ്ണൂര് പിന്നിട്ട യാത്ര ഏതാനും ദിവസങ്ങൾ കൊണ്ട് പത്തനംതിട്ട പിന്നിട്ടതാണ് ട്രോളന്മാര്‍ക്ക് വിരുന്നായത്. കാണാം ജനരക്ഷാ സ്പെഷൽ ട്രോൾ.

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപിയാണെന്ന് കണക്കുകള്‍. 2015-16 വര്‍ഷത്തില്‍ 894 കോടിയുടെ ആസ്തിയാണ് ബിജെപി പ്രഖ്യാപിച്ചത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 25 കോടിയുടെ കടബാധ്യതയുള്ളതായും ബിജെപി വിവരം നല്‍കി.

ഏഴ് ദേശീയ പാര്‍ട്ടികളാണ് ഇന്ത്യയിലുള്ളത്. കോണ്‍ഗ്രസ് ഈ കാലയളവില്‍ പ്രഖ്യാപിച്ച സ്വത്ത് 759 കോടി രൂപയുടെതാണ്. 329 കോടിയുടെ കടബാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് വെളിപ്പെടുത്തി. 2004-05 മുതല്‍ പാര്‍ട്ടികള്‍ നല്‍കിയ ആസ്തിവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്.

2014ല്‍ ബിജെപി അധികാരത്തില്‍ എത്തുന്നതിനു മുമ്പ് വരെ കോണ്‍ഗ്രസ് ആയിരുന്നു ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി. അധികാരത്തിലേറി രണ്ട് മാസത്തിനുള്ളില്‍ ബിജെപിയുടെ സ്വത്ത് വര്‍ദ്ധിച്ചുവെന്നാണ് വെളിവാക്കപ്പെടുന്നത്.

ആം ആദ്മി പാര്‍ട്ടി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്നും നെല്ല് ശേഖരിച്ചു. കീടനാശിനി രഹിത അരി ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന പരിപാടിയാണ് ഇന്ന് മുതലാംതോട് സംസ്ഥാന കണ്‍വീനര്‍ ഉദ്ഘാടനം ചെയ്തത്. ദേശീയ കര്‍ഷകസമാജം പ്രസിഡന്റ് മുതലാംതോട് മണിയില്‍ നിന്നാണ് ആദ്യ ഗഡുവായ നെല്ല് ഏറ്റുവാങ്ങിയത്. സര്‍ക്കാര്‍ നെല്ല് സംഭരണം തുടങ്ങാത്തതിനാല്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കൂടുതല്‍ വില നല്‍കി സംഭരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തുടങ്ങുകയാണ്.

ദേശീയ കര്‍ഷക സമാജവുമായി ഒത്ത് ചേര്‍ന്ന് തുടങ്ങുന്ന ഈ ഇടപെടലിന്റെ ഉദ്ഘാടനമാണ് പാലക്കാട് കരുണ മെഡിക്കല്‍ കോളേജിനടുത്തുള്ള മുതലാംതോട് വിജയ റൈസ് മില്ലിന് സമീപം നടന്നത്. കര്‍ഷക സമാജം യുവജനവിഭാഗം നേതാവ് ജയപ്രകാശില്‍ നിന്നും ഒരു കിലോ നെല്ലിന് 25 രൂപ നിരക്കില്‍ ഒരു ടണ്‍ നെല്ല് കണ്‍വീനര്‍ ഏറ്റുവാങ്ങി. ലെഡും ആര്‍സനിക്കും ടോക്‌സിക്ക് കെമിക്കലുകളും കളറുകളും നിറഞ്ഞ അരിക്കു പകരം ഈ കര്‍ഷകരില്‍ നിന്ന് നല്ല ഭക്ഷണം എന്നതാണ് പദ്ധതി.

ലോകഭക്ഷ്യദിനമായ ഇന്ന് തന്നെ കേരളത്തിന്റെ ഏറ്റവും പ്രധാന ഭക്ഷണമായ നെല്ലിന്റെ കൃഷി സംരക്ഷിക്കാന്‍ ജനകീയ ഇടപെടല്‍ നടക്കുന്നു എന്നത് വളരെ പ്രധാനമാണെന്ന് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. കര്‍ഷകന് നിലനില്‍ക്കാന്‍ കഴിയുന്ന വില നെല്ലിന് നല്‍കിയാണ് ഇത് ശേഖരിക്കുന്നത് എന്നത് സ്വാഗതാര്‍ഹമാണ്. കര്‍ഷകന്‍ നിലനിന്നാല്‍ മാത്രമേ കൃഷി നിലനില്‍ക്കൂ എന്ന് സര്‍ക്കാരും സമൂഹവും മനസ്സിലാക്കണം എന്നും മണി പറഞ്ഞു. മറ്റു കക്ഷികളും സംഘടനകളും ഇത് മത്സരബുദ്ധിയോടെ ഏറ്റെടുക്കട്ടെ എന്ന് പാര്‍ട്ടിയുടെ പാലക്കാട് പാര്‍ലമെന്റ് നിരീക്ഷകനും ഈ പരിപാടിയുടെ കണ്‍വീനറുമായ പദ്മനാഭന്‍ ഭാസ്‌ക്കരന്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്വീനര് സി ആര്‍ നീലകണ്ഠന്‍, ദേശീയ കര്‍ഷക സമാജം പ്രസിഡന്റ് മുതലംതൊട് മണി, കെ സജിത്കുമാര്‍, സുരേഷ്‌കുമാര്‍, ഉദയപ്രകാശ്, മുരളി മാസ്റ്റര്‍, ആം ആദ്മി പാര്‌ലമെന്റ് നിരീക്ഷകന്‍ പത്മനാഭന്‍ ഭാസ്‌ക്കരന്‍, സംസ്ഥാന സംഘടനാ സമിതി കണ്‍വീനര്‍ വേണുഗോപാല്‍, ജനാര്‍ദനന്‍, ദിവാകരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Copyright © . All rights reserved