Latest News

അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യയുടെ ആരോപണങ്ങളില്‍ നടപടി വാരാനിരിക്കെയാണ് താരത്തിന്റെ വികാര പ്രകടനം. ഭാര്യ ഹസിന്‍ ജഹാന്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തു വന്ന സാഹചര്യത്തില്‍ ഷമിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതേ സമയം തന്റെ മകള്‍ ഐറാ ഷാമിയെ കണ്ടിട്ട് പത്ത് ദിവസമായെന്നും തന്റെ കുടുംബത്തില്‍ തനിക്കുള്ള ആത്മാഭിമാനം തകര്‍ന്നുവെന്നും ചാനലിന് അഭിമുഖത്തില്‍ കണ്ണീരോടെ ഷമി പറഞ്ഞു.

ഹസിന്‍ ജഹാന് മുന്‍ ഭര്‍ത്താവും രണ്ടും കുട്ടികളും ഉണ്ടായിരുന്ന കാര്യം തന്നില്‍ മറച്ചുവെച്ചാണ് വിവാഹം നടന്നതെന്ന് ഷമി നേരത്തെ ആരോപിച്ചിരുന്നു. ഷമിയുമായുള്ള വിവാഹത്തിന് മുന്‍പ് ഷെയ്ക് സെയ്ഫുദീനെന്നയാളുമായി ഹസിന്റെ വിവാഹം നടന്നിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ സ്വന്തം കുട്ടികളെ സഹോദരിയുടെ മക്കള്‍ എന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ഷമി ആരോപിക്കുന്നു. ഷമി ഒത്തു കളിച്ചുവെന്ന ഹസിന്റെ ആരോപണത്തെ തുടര്‍ന്ന് ബിസിസിഐയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ഷമിയുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയിരിക്കുകയാണ്. അന്വേഷണത്തില്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ കരാര്‍ പുനസ്ഥാപിക്കുമെന്നും ബിസിസിഐ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വരുന്ന ഐപിഎല്‍ സീസണില്‍ ഷമിക്ക് പങ്കെടുക്കാന്‍ നിലവിലെ സാഹചര്യം മൂലം കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷമിക്കു പുറമെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മലയാളം യു.കെ ന്യൂസ് സ്‌പെഷ്യല്‍

പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മാറ്റിയെഴുതാനുള്ള തിരക്കിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങങളായി ഇതിനുള്ള കരുക്കങ്ങള്‍ സജീവമാണെങ്കിലും അടുത്ത ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുവന്ന പ്രതികൂലമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ നീക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രതിപക്ഷത്തെ പല പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും കഴിഞ്ഞ കാലഘട്ടങ്ങളില്‍ അഴിമതിയാരോപണ വിധേയരാണ്. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോള്‍ അഴിമതിയാരോപണങ്ങള്‍ ശക്തമായി ഉന്നയിക്കുകയും പൊതുജന മധ്യത്തിലെത്തിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തിരുന്നെങ്കിലും ഭരണത്തിലെത്തിയപ്പോള്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടതിനു പകരം അഴിമതിയാരോപണ വിധേയരെ ബ്ലാക്‌മെയില്‍ ചെയ്യാനും അങ്ങനെ നിശബ്ദരാക്കാനുമാണ് ശ്രമിച്ചത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിന് ഇനിയും വളരെ കുറച്ചുകാലം മാത്രം അവശേഷിക്കുന്നതിനാല്‍ പഴയ അഴിമതിയാരോപണങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്ത് സജീവമാക്കാനും അഴിമതി ആരോപണവിധേയരായ പല പ്രമുഖ പ്രതിപക്ഷ നേതാക്കളെയും ജയിലിലാക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ഇതുവഴി കോണ്‍ഗ്രസ് സഖ്യകക്ഷികളും കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തിയ അഴിമതികള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരികയും പ്രതിപക്ഷത്തെ ശിഥിലമാക്കുമെന്നും ബിജെപി കേന്ദ്രങ്ങള്‍ കണക്കുക്കൂട്ടുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ വിനയായത് ഭരണ പരാജയങ്ങളെക്കാള്‍ ഉപരിയായി അഴിമതിയാരോപണങ്ങളായിരുന്നു.

പഴയ അഴിമതിയാരോപണങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്താല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഉപകാരപ്പെടുമെന്നും അതുവഴി ഭരണ തുടര്‍ച്ച സാധ്യമാകുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് ലാലു പ്രസാദ് യാദവ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസിന്റെ യുവ നേതാവുമായ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത് ഈ തന്ത്രത്തിന്റെ ഭാഗമായാണ്. ഐഎന്‍എക്‌സ് മീഡിയാ കേസിലാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രസ്തുത കേസില്‍ ആരോപണ വിധേയയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴികള്‍ പി. ചിദംബരത്തെ കുടുക്കാന്‍ പര്യാപ്തമാണെന്നാണ് റിപ്പോട്ടുകള്‍. അധികം താമസിയാതെ പി. ചിദംബരത്തിന്റെ അറസ്റ്റിനു സാധ്യതയുണ്ട്.

കഴിഞ്ഞ കുറേകാലമായി മോദിയും അമിത്ഷായും ചേര്‍ന്ന് രചിക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് ഇന്ത്യന്‍ രാഷ്ട്രീയം ചലിക്കുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ അഴിയെണ്ണിക്കുകയാണെങ്കില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാനും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും സാധിക്കും. കളങ്കിതമായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരത്തിലൊരു ഭീതി വിതയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിജെപിയോടുള്ള എതിര്‍പ്പ് കുറയും. കടുത്ത ദ്രാവിഡ രാഷ്ട്രീയം പയറ്റുന്ന തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ പോലും ഇത്തരത്തില്‍ ബിജെപി അനുകൂല മനോഭാവത്തിലെത്തിക്കാന്‍ മോദിക്ക് സാധിച്ചു. തമിഴ് രാഷ്ട്രീയത്തില്‍ യാതൊരു സാധ്യതയുമില്ലാത്ത ഹൈന്ദവ രാഷ്ട്രീയത്തോട് മമത കാട്ടാന്‍ പനീര്‍ ശെല്‍വം-പളനി സ്വാമി പക്ഷത്തെ പ്രേരിപ്പിച്ചത് അഴിമതി കഥകളുടെ ഭീഷണിയാണ്. വിഘടിച്ചുനിന്ന ശശികല – ദിനകരന്‍ പക്ഷത്തിന് കേന്ദ്ര ഏജന്‍സികളുടെ റെയിഡുകള്‍ ഒഴിഞ്ഞ സമയമില്ല. അഴിമതിക്കെതിരെയുള്ള യുദ്ധം ഇത്തരത്തില്‍ രാഷ്ട്രീയപ്രേരിതവും ഏകപക്ഷീയവും ആകാതിരുന്നെങ്കില്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഗുണപ്രദമായേനെ.

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശ്വാസം നല്‍കുന്ന വിധിയുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഭൂമി അഴിമതി കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയ പോലീസ് നടപടിയെ നേരത്തെ സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ജസ്റ്റിസ് കെമാല്‍ പാഷയുടെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചിരിക്കുന്നത്. ഇതോടെ മാര്‍ ആലഞ്ചേരിക്കെതിരായ കേസെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പോലീസ് പിന്‍മാറും. കേസെടുക്കാന്‍ താമസിച്ചതിന് ഡിജിപി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പുതിയ സ്റ്റേ നിലവില്‍ വരുന്നതോടെ വിശദീകരണം നല്‍കുന്ന നടപടിയില്‍ നിന്നും ഡിജിപി മോചിതനായേക്കും. ആലഞ്ചേരിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കുറ്റകരമായ ഗൂഢാലോചനക്ക് സെക്ഷന്‍ 120 ബി പ്രകാരവും വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് ആലഞ്ചേരിക്കെതിരെ കേസെടുത്തിരിന്നത്. സഭ 27.15 കോടി രൂപ വിലയിട്ടിരുന്ന ഭൂമി 13.51 ആലഞ്ചേരിയുടെ നേതൃത്വത്തില്‍ വിറ്റുവെന്നാണ് പരാതി. കുറഞ്ഞ വിലയ്ക്ക് സ്ഥലം വിറ്റത് സഭയ്ക്ക് വലിയ നഷ്ടം വരുത്തിയെന്നും പരാതിയില്‍ പറയുന്നു. ഷൈന്‍ വര്‍ഗീസ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്.

പറന്നുയരാന്‍ തയ്യാറെടുത്ത എമിറേറ്റ്‌സ് വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ തെന്നിവീണ ജീവനക്കാരി കൊല്ലപ്പെട്ടു. വിമാനം പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപകടം ഉണ്ടായിരിക്കുന്നത്. തുറന്നിട്ടിരുന്ന എമര്‍ജന്‍സി വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ക്യാബിന്‍ ജീവനക്കാരിയാണ് അപകടത്തില്‍പ്പെട്ടത്. ഉഗാണ്ടയിലെ എന്റെബ്ബെ വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സംഭവം. അപകടം നടന്നയുടന്‍ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്തത്തില്‍ കുളിച്ച് വിമാനത്തിന് കീഴെ വീണു കിടക്കുന്ന ജീവനക്കാരിയുടെ ചിത്രം പുറത്തു വന്നിട്ടുണ്ട്. ഇകെ729 വിമാനത്തിലെ ജീവനക്കാരിയാണ് അപകടം സംഭവിച്ചത്. വീഴ്ച്ചയില്‍ കാലുകള്‍ സാരമായ പരിക്കേല്‍ക്കുകയും അപകട സമയത്ത് അവരുടെ കൈവശമുണ്ടായിരുന്ന കുപ്പി പൊട്ടി ശരീരത്തില്‍ മുറിവേല്‍ക്കുകയും ചെയ്തതായി ദൃസാക്ഷികള്‍ പറയുന്നു.

ജീവനക്കാരിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി ഉഗാണ്ട സിവില്‍ ഏവിയേഷന്‍ അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ജീവനക്കാരി എങ്ങനെയാണ് വീണതെന്ന് കൂടുതല്‍ അന്വേഷണത്തിലൂടെയെ വ്യക്തമാകുകയുള്ളു.

ട്രെയിനില്‍ വെച്ച് ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവന വിവാദമാകുന്നു. നിഷ പറഞ്ഞ ആള്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിനെതിരെ പിസി ജോര്‍ജ് രംഗത്തെത്തി.

പുസ്തകം ഇറക്കുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണ് ഇതൊക്കെയെന്നാണ് പിസി ജോര്‍ജ് പറയുന്നത്. നിഷ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോള്‍ അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കും, അതിലും വലിയ പബ്ലിസിറ്റി പുസ്തകത്തിന് വേറെ വേണോ എന്നും പി സി ജോര്‍ജ് ചോദിക്കുന്നു.

ഒരു എംപി അല്ലേ ജോസ് കെ മാണി. അപ്പോള്‍ അയാളുടെ ഭാര്യയോട് ആരെങ്കിലും പൊതു സ്ഥലത്ത് വെച്ച് മോശമായി പെരുമാറുമോ, അങ്ങനെ ഏതവനെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒരു എംപി വിചാരിച്ചാല്‍ നിസ്സാരമായി അവനെ പിടിക്കരുതോ എന്നും പിസി ചോദിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ആര് വിശ്വസിക്കുമെന്നും പിസി ചോദിക്കുന്നു. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശസ്തി നേടിയാണോ പൊതുരംഗത്ത് വരേണ്ടതെന്നും പിസി ചോദിക്കുന്നു. നിഷയുടെ രാഷ്ട്രീയ മോഹമാണ് ഇതിനെല്ലാം പിന്നിലെന്നും പിസി പറയുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കാനാണ് നിഷയുടെ പരിപാടിയെന്നും അതിന്റെ ഭാഗമാണ് ഈ പുസ്തകവും ആരോപണവുമെന്നും പിസി ജോര്‍ജ് പറയുന്നു. സത്യം പറഞ്ഞാല്‍ രണ്ട് ദിസം മുന്‍പ് ദയാവധത്തിനെ കുറിച്ച് കോടതിയുടെ ഒരു വിധി വന്നപ്പോള്‍ മുതല്‍ മാണിയെക്കുറിച്ചാണ് ചിന്ത. പാലായില്‍ മത്സരിക്കാന്‍ പലരും ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ മാണിയുടെ മേല്‍ ഒരു കണ്ണുള്ളത് നന്നായിരിക്കുെമന്നും പിസി ജോര്‍ജ് പറയുന്നു. മാണിയെ അപായപ്പെടുത്താന്‍ പോലും മടിക്കാത്തവരാണ് ഇവരെന്നും ജോര്‍ജ് പറയുന്നു.സത്യം പറഞ്ഞാല്‍ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും പാടില്ലാത്തതാണ് പിന്നെ വെറുതെ പ്രശസ്തിക്ക് വേണ്ടി ഇതൊക്കെ പറയുന്നതിനോട് വേറെന്ത് പറയാനാണെന്നും ജോര്‍ജ് ചോദിക്കുന്നു.

‘മീ ടൂ’ പ്രചാരണത്തില്‍ താനും പങ്കുചേരുന്നുവന്ന പറഞ്ഞു കൊണ്ടാണ് നിഷാ ജോസ് തനിക്ക് നേരിടേണ്ടി ഒരു ദുരനുഭവം വെളിപ്പെടുത്തിയത്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് ഈ തുറന്നു പറച്ചിലുണ്ടായത്. ”തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു.

ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും’ ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞു. വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചു” പുസ്തകത്തില്‍ നിഷ പറയുന്നു.

 

നിഷ നല്‍കുന്ന സൂചന വെച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രചരണം ഷോണ്‍ ജോര്‍ജ്ജിനെ ലക്ഷ്യമിട്ടായിരുന്നു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്ന് ഉദ്ദേശിച്ചത് ജഗതിയെ കാണാന്‍ ഷോണ്‍ എത്തിയതാണെന്ന വിധത്തിലാണ് വ്യാഖ്യാനം വന്നത്. ജോസ് കെ മാണിക്കെതിരെ സോളാര്‍ കേസില്‍ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയത് പി സി ജോര്‍ജ്ജായിരുന്നു. അതുകൊണ്ട് കിട്ടിയ അവസരത്തില്‍ നിഷ അവസരം മുതലെടുക്കുകയായിരുന്നു എന്നുമാണ് ആരോപണം.

അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്‌ളാറ്റ് ആദായ നികുതി വകുപ്പ് ലേലം ചെയ്യുന്നു. 45 ലക്ഷം രൂപയുടെ ആദായ നികുതി കുടിശിക ഈടാക്കാനാണ് ഫ്‌ളാറ്റ് ലേലത്തില്‍ വില്‍ക്കുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പുകാരന്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറാണ്. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ഫ്‌ളാറ്റ് ലേലത്തിന് വെയ്ക്കുന്നത്.

1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിരുന്നില്ല. അതാണ് ഇപ്പോള്‍ കുടിശിക വര്‍ദ്ധിച്ച് 45 ലക്ഷം രൂപയില്‍ എത്തിയിരിക്കുന്നത്. ഈ മാസം 26നാണ് ലേലം നടക്കുന്നത്. ഒരു കോടി 14 ലക്ഷം രൂപയാണ് ഫ്‌ളാറ്റിന് മൂല്യം നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ ഈ ഫ്‌ളാറ്റില്‍ ഒരാള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്നതാണ്. മാസം 13,000 രൂപ വാടക ഇപ്പോള്‍ ഇയാള്‍ ആദായ നികുതി വകുപ്പിനാണ് അടച്ചുകൊണ്ടിരിക്കുന്നത്. ഈ മാസവാടക കൊണ്ട് ആദായ നികുതി വകുപ്പിന് കുടിശിക നികത്താന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ലേല തുക കഴിച്ച് ബാക്കി വരുന്ന തുക എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ന്യൂഡല്‍ഹി: തന്ത്രപരമായി പ്രാധാന്യമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. അരുണാചലിലെ ടൂറ്റിംഗില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ യുദ്ധേതര വിമാനമായ സി 17 ഗ്ലോബ്മാസ്റ്റര്‍ ഇറക്കിക്കൊണ്ടാണ് ഈ ദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വ്യോമസേനാ കേന്ദ്രമാണ് ടൂറ്റിംഗ്. വന്‍മലകള്‍ക്കും ഇടുങ്ങിയ താഴ്‌വരകള്‍ക്കുമിടയിലുള്ള ഈ വ്യോമത്താവളം വിമാനങ്ങളുടെ ലാന്‍ഡിംഗിന് ഏറ്റവും വിഷമം പിടിച്ച പ്രദേശങ്ങളിലൊന്നാണ്. ചൈനയുടെ പ്രകോപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കമെന്ന് ശ്രദ്ധേയമാണ്.

ലാന്‍ഡിംഗിനെ ചരിത്രപരം എന്നാണ് വ്യോമസേന ട്വിറ്റര്‍ സന്ദേശത്തില്‍ വിശേഷിപ്പിച്ചത്. തന്ത്രപ്രാധാന്യമുള്ള മേഖലയില്‍ ഈ വിധത്തിലുള്ള പ്രകടനത്തെ തന്ത്രപരമായ കുതിച്ചുചാട്ടമാണെന്നും എയര്‍ഫോഴ്‌സ് വിശേഷിപ്പിക്കുന്നു. പരീക്ഷണ ലാന്‍ഡിംഗിനു ശേഷം 18 ടണ്‍ വസ്തുക്കളും സി17 വിമാനത്തില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഈ വ്യോമത്താവളത്തില്‍ എത്തിച്ചു. അരുണാചലിലെ വെസ്റ്റ് സിയാങ് ജില്ലയിലെ മെചുകയിലുള്ള അഡ്വാന്‍ഡ്‌സ് ലാന്‍ഡിംഗ് ഗ്രൗണ്ട്‌സില്‍ 2016 നവംബറില്‍ സി17 വിമാനം ലാന്‍ഡ് ചെയ്തിരുന്നു.

ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെയാണ് മെചുക വ്യോമത്താവളം. 2013 മുതല്‍ പ്രവര്‍ത്തനരഹിതമായിരുന്ന മെചുക, ആലോ, സിറോ, ടൂറ്റിംഗ്, പാസിഘട്ട്, തേസു തുടങ്ങിയ വ്യോമത്താവളങ്ങള്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 1962ലെ ചൈനാ യുദ്ധത്തില്‍ മെചുക വ്യോമത്താവളം പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷനായ ദിബ്രുഗഡില്‍ നിന്ന് രണ്ട് ദിവസം യാത്ര ചെയ്താല്‍ മാത്രമേ മെചുകയില്‍ എത്താന്‍ സാധിക്കൂ.

ഫ്ലോറിഡയില്‍ നിര്‍മ്മാണത്തിലിരുന്ന നടപ്പാലം തകര്‍ന്നുവീണു. സംഭവത്തില്‍ നാലു പേര്‍ മരിച്ചു. ഫ്ലോറിഡ ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയിലാണ് അപകടമുണ്ടായത്. എട്ട് കാറുകളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റ പത്തു പേരെ ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ആശുപത്രിയില്‍ ചികിത്സലായിരുന്ന വ്യക്തികള്‍ക്കായി പ്രാര്‍ത്ഥിക്കുയാണെന്ന് ഫ്ലോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹം, ജനനം, മരണം, യാത്രകള്‍ തുടങ്ങി എന്തുമാകട്ടെ, ബ്രിട്ടീഷുകാര്‍ക്ക് അവ ക്യാമറയില്‍ പകര്‍ത്താനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യമെന്ന് പഠനം. ഇത്തരം ജീവിതമുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുറവാണെന്ന് 2000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ നാലുപേരും ഫോട്ടോകള്‍ നന്നായെടുക്കാനുള്ള ശ്രമത്തിനിടെ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് വെളിപ്പെടുത്തി. സുഹൃത്തുക്കളുമായി രാത്രി കറങ്ങാന്‍ പോയ പലര്‍ക്കും അത്തരം യാത്രകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം ചെയ്യാവുന്ന ചിത്രങ്ങള്‍ എടുക്കാനായിരുന്നത്രേ അവര്‍ സമയം ചെലവഴിച്ചത്.

കുടുംബവുമൊത്തുള്ള അവധിക്കാല യാത്രയോ സ്വന്തം കുഞ്ഞിന്റെ ആദ്യ ചുവടുവെയ്‌പോ പോലും ക്യാമറ്ക്കു പിന്നിലായതിനാല്‍ വേണ്ടവിധം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും ചിലര്‍ പറഞ്ഞു. വധൂവരന്‍മാരുടെ ആദ്യചുംബനവും കുട്ടികള്‍ ആദ്യമായി സംസാരിച്ചതും ഫുട്‌ബോള്‍ മത്സരത്തില്‍ ആദ്യം നേടുന്ന ഗോളിന്റെ ആവേശവും പോലും ഈ വിധത്തില്‍ നഷ്ടമായിട്ടുണ്ടെന്നാണ് മറ്റു ചിലര്‍ വെളിപ്പെടുത്തിയത്. ഗ്യാലക്‌സി എസ് 9, എസ് 9 പ്ലസ് ഫോണുകളുടെ ലോഞ്ചിനോട് അനുബന്ധിച്ച് സാംസങ്ങാണ് ഈ പഠനം നടത്തിയത്.

മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും യാത്രകളിലും ഔട്ടിംഗുകളിലും മറ്റും ശരാശരി 12 ഫോട്ടോകള്‍ എടുക്കുന്നുണ്ട്. അത്തരത്തില്‍ ഫോട്ടോയെടുപ്പിന് മാത്രം കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ അത്തരം സന്ദര്‍ഭങ്ങളുടെ യഥാര്‍ത്ഥ അനുഭവം ആസ്വദിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് 43 ശതമാനം പേര്‍ അറിയിക്കുന്നു. ഫോട്ടോയെടുക്കാന്‍ പോയതിലൂടെ ആസ്വദിക്കാനുള്ള സമയം തങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് പകുതിയോളം പേര്‍ സമ്മതിച്ചു. ചിത്രമെടുത്തു കഴിഞ്ഞാല്‍ നാലിലൊന്നു പേര്‍ മാത്രമാണ് അവ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുക. പത്തില്‍ നാല് പേര്‍ അവയുടെ പ്രിന്റുകള്‍ എടുത്ത് ഫ്രെയിം ചെയ്യുകയോ ആല്‍ബങ്ങളാക്കി സൂക്ഷിക്കുകയോ ചെയ്യാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.

മറയൂര്‍ ഉടുമലൈക്കടുത്ത് പല്ലടം മന്ത്രിപാളയം ഭാഗത്ത് നിയന്ത്രണംവിട്ട കാര്‍ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ആറു യാത്രക്കാരും പരിക്കുകളോടെ രക്ഷപ്പെട്ടു. തമിഴ്‌നാട്ടില്‍, അണ്ണാ ഡി.എം.കെ യുടെ മുന്‍ മന്ത്രിയും മടത്തുകുളം എംഎല്‍എ യുമായിരുന്ന ഷണ്‍മുഖവേലുവിന്റെ മകളുടെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറയുന്നു. കിണറ്റില്‍ വെള്ളമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മുന്‍ മന്ത്രിയുടെ മകള്‍ മീനാക്ഷി ,ഭര്‍ത്താവ് മോഹന്‍രാജ്, ബന്ധുക്കളായ സുന്ദരരാജന്‍, രാധാമണി, തങ്കവേല്‍, ഒപ്പം ഡ്രൈവര്‍ മോഹന്‍രാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.

നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് ഇവരെ രക്ഷിച്ചത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. സോമന്നൂരില്‍ ബന്ധുവീട്ടില്‍ പോയി തിരികെ വരവെയാണ് അപകടം. ഡ്രൈവര്‍ മോഹന്‍രാജ് കാറില്‍ നിന്ന് ഇറങ്ങി സമീപവാസികളെ കൂട്ടിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

RECENT POSTS
Copyright © . All rights reserved