ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ‘ സ്‌നേഹ സംഗീത രാവ് ‘ മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍ ഒരുക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.
ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സംഗീത സംവിധാകനും ഗായകനുമായ പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലാണ് ‘ സ്‌നേഹ സംഗീത രാവ്’ സ്റ്റേജ് ഷോ എത്തുന്നത്
ബ്രിസ്‌റ്റോളില്‍ ആദ്യ ഷോ പന്ത്രണ്ടരയ്ക്കും രണ്ടാമത്തെ ഷോ അഞ്ചരയ്ക്കുമാണ്. ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായി. അടുത്ത ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്.
വെള്ളി ,ശനി ദിവസങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുണ്ട്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിനായി 50 ശതമാനം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകള്‍ക്കായി സൈറ്റ് സന്ദര്‍ശിക്കുക
വ്യത്യസ്ത ഗാനാലാപന രീതി കൊണ്ടും വേദിയെ കീഴടക്കുന്ന വാചാലത കൊണ്ടും ശ്രദ്ധേയയായ ടോപ് സിങ്ങര്‍ ഫെയിം മേഘ്‌നക്കുട്ടിക്കൊപ്പം (മേഘ്‌ന സുമേഷ്) യുവഗായകനും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി ലിബിന്‍ സ്‌കറിയ, പ്രശസ്ത പാട്ടുകാരി ക്രിസ്റ്റകല, വിവിധ ഭാഷകളില്‍ ഗാനങ്ങളുമായി ചാര്‍ലി മുട്ടത്ത്, കീബോര്‍ഡിസ്റ്റ് ബിജു കൈതാരം തുടങ്ങിയവരും വേദിയിലെത്തുന്നു.
നൈസ് കലാഭവന്‍ ഒരുക്കുന്ന ഡാന്‍സ് പ്രോഗ്രാമും വേദിയില്‍ ആവേശം തീര്‍ക്കുമെന്നുറപ്പാണ്.
രണ്ട് ഷോകള്‍ക്കും ഫുഡ് കൗണ്ടറുകള്‍ ഉണ്ടായിരിക്കും.
ഇസ്രയേലിന്‍ നാഥനായി വാഴും… ഗാനം കൊണ്ട് മനസു കീഴടക്കിയ പീറ്റര്‍ ചേരാനല്ലൂരും ടീമും മികച്ച ഒരു ഷോ സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ബ്രിസ്റ്റോളില്‍ സ്‌നേഹ സംഗീത രാവ് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.
സ്‌റ്റേജ് പ്രോഗ്രാം വിവരങ്ങള്‍ക്കായി
സിജി സെബാസ്റ്റിയന്‍ ; 07734303945
ക്ലമന്‍സ് ; 07949499454
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തീരദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാനും കടലിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ രാവിലെ 02.30 മുതൽ ഞായറാഴ്ച രാത്രി 11.30 വരെ അതിതീവ്രമായ തിരമാലകളും ശക്തിയേറിയ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാൻ നിർദ്ദേശമുണ്ട്
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം
2. മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
4. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.
മുൻ കാമുകിയുടെ വീട്ടിലേക്ക് യുവാവയച്ച പാർസലിലെ ബോംബ് പൊട്ടിത്തെറിച്ച് യുവതിയുടെ ഭർത്താവിനും മകൾക്കും ദാരുണാന്ത്യം. ജീതുഭായ് ഹീരാഭായ് വഞ്ജരയും (32), മകൾ ഭൂമികയുമാണ് (12) കൊല്ലപ്പെട്ടത്. ഗുജറാത്തിലെ വദാലിയിൽ വ്യാഴാഴ്ചയാണ് സംഭവം.
ജയന്തിഭായ് ബാലുസിംഗ് വഞ്ജര (31) എന്ന വ്യക്തിയാണ് വീട്ടിലേക്ക് പാഴ്‌സലയച്ചതെന്ന് പോലീസ് അറിയിച്ചു. പാഴ്‌സലിലുണ്ടായിരുന്ന ടേപ്പ് റെക്കോർഡററിന് സമാനമായിരുന്നു ഇലക്ട്രോണിക് ഉപകരണം പ്ലഗ് ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ജീതുഭായ് കൊല്ലപ്പെട്ടു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഭൂമികയുടെ മരണം.
സ്ഫോടനം നടക്കുമ്പോൾ ജീത്തുവിന്റെ ഭാര്യ സ്ഥലത്തില്ലായിരുന്നു. തന്റെ മുൻ കാമുകിയുമായുള്ള ജീത്തുവിന്റെ വിവാഹത്തിലുണ്ടായ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബോംബ് നിർമിക്കാനുള്ള സാമഗ്രികൾ തേടി ജയന്തിഭായ് രാജസ്ഥാനിൽ പോയിരുന്നു. പ്ലഗ് ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ബോംബിലെ ജെലാറ്റിൽ സ്റ്റിക്കുകളും ഡിറ്റണേറ്ററും പൊട്ടിത്തെറിക്കുകയായിരുന്നെന്നും അധികൃതർ വ്യക്തമാക്കി.
ഓട്ടോറിക്ഷയിലായിരുന്നു വീട്ടിലേക്ക് പാഴ്‌സലെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഓട്ടോഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളുടെ മൊഴിയിലൂടെയാണ് ജയന്തി ഭായിലേക്കെത്തിയത്. തുടർന്ന്, സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജീത്തുഭായുടെ ഒൻപതും പത്തും വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കും സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി അഹമദാബാദിലേക്ക് മാറ്റിയിട്ടുണ്ട്.
അടൂര്‍ കടമ്പനാട് എട്ട് വയസുകാരിയുടെ മരണം ഷിഗല്ല ബാധിച്ചെന്ന് സംശയം. കടമ്പനാട് സ്വദേശിനി അവന്തികയാണ് ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വയറിളക്കവും ഛര്‍ദ്ദിയുമായി അടൂര്‍ ജനറര്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം ഷിഗല്ലയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറയുന്നു. കുട്ടിയുടെ സംസ്‌കാരം കഴിഞ്ഞു.
ഷിഗല്ലയെന്ന സംശയത്തില്‍ ആരോഗ്യ വിഭാഗം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പരിശോധനക്കായി സമീപത്തെ കിണറുകളില്‍ നിന്നും വെള്ളം ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധനകള്‍ക്ക് ശേഷം മരണകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
പിറന്നുവീണ് മൂന്നുമണിക്കൂര്‍ തികഞ്ഞിട്ടുണ്ടായിരുന്നില്ല ആ പിഞ്ചുകുഞ്ഞിന്. പൊക്കിള്‍ക്കൊടി പോലുമുണ്ടായിരുന്നെന്ന് പറയുന്നു, കണ്ടു നിന്നവര്‍. പക്ഷേ കണ്ണ് തുറന്ന് ഈ ലോകത്തെ കാണുന്നതിന് മുന്‍പേ ആ കുഞ്ഞ് റോഡിലേക്ക് വലിച്ചെറിയപ്പെട്ടു. അവന്റെ പിഞ്ചുമേനി റോഡിലേക്ക് വീണ ആഘാതത്തില്‍ ചിതറിത്തെറിച്ചുപോയി.
വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചുമണിയോടെ ശുചിമുറിയില്‍ പിറന്നുവീണപ്പോള്‍ അവന് ഒന്നുകരയാനെങ്കിലും കഴിഞ്ഞിട്ടുണ്ടാവുമോയെന്നാണ് കൊച്ചിയിലെ നടുക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പോലീസും നാട്ടുകാരും ഒരുപോലെ ചോദിക്കുന്നത്. കേരളം നടുങ്ങിയ, ഇനിയൊരിക്കലും കേള്‍ക്കരുതേ എന്നാഗ്രഹിക്കുന്ന അതിദാരുണ കൊലപാതകമായിരുന്നു കൊച്ചിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്നത്.
രാവിലെ എട്ടരയോടെ ഫ്‌ലാറ്റിന് സമീപത്തെ റോഡിലൂടെ പോയ ഒരു വാഹനത്തിന്റെ ഡ്രൈവറാണ് കുറിയര്‍ കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
കുഞ്ഞിന്റെ കഴുത്തില്‍ ഒരു തുണിചുറ്റിയിരിക്കുന്നു. അനക്കമറ്റ ശരീരം ചിതറിത്തെറിച്ചിരിക്കുന്നു. കണ്ടവരാരും മറക്കില്ല ആ രംഗം. എത്രയോ ഉയരത്തില്‍നിന്നാണ് മാലിന്യക്കെട്ടുപോലെ ഒരു ജീവന്‍ റോഡിലേക്ക് വീണ് ഇല്ലാതായത്. റോഡില്‍ വീണപ്പോഴാണോ അതോ ശുചിമുറിയില്‍ പിറന്നുവീണപ്പോഴാണോ കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് പറായാനായിട്ടില്ല. എന്നാലും അമ്മയാണ് ആ കുഞ്ഞിന്റെ ജീവനെടുത്തതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അത് അവര്‍ സമ്മതിച്ചെങ്കിലും പീഡനത്തിന് ഇരയായ അതിജീവിതയാണ് യുവതിയെന്നും പോലീസ് പറയുന്നു. നടന്നത് കൊടും ക്രൂരതയെങ്കിലും ചെയ്യിച്ചത് പേടിയോ നിസ്സഹായതയോ എന്നുപറയാനാവാത്ത അവസ്ഥ.
ബെംഗളൂരുവില്‍ എം.ബി.എ. വിദ്യാര്‍ഥിനിയായിരുന്നു അതിജീവിതയെന്നാണ് പോലീസും ജനപ്രതിനിധികളും നല്‍കുന്ന വിവരം. ഇവിടെനിന്ന് രണ്ടോ മൂന്നോ മാസമേ ആയിട്ടുള്ളൂ നാട്ടിലേക്കെത്തിയിട്ടെന്നാണ് സ്ഥലത്തെ കൗണ്‍സിലര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ പറയുന്നത്. ഗര്‍ഭിണിയാണെന്നറിഞ്ഞ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നതാണോ, അതല്ല പഠനം പൂര്‍ത്തിയാക്കി വന്നതാണോയെന്നത് സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്.
സി.സി.ടി.വി. ദൃശ്യങ്ങളുണ്ടായിരുന്നുവെങ്കിലും ആദ്യ ഘട്ടത്തില്‍ ഏത് ഫ്ളാറ്റില്‍ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ടായിരുന്നില്ല. കുഞ്ഞിനെ പുറത്തേക്കെറിയാന്‍ ഉപയോഗിച്ച കുറിയര്‍ കവറാണ് പോലീസിന് സഹായകമായത്. ആമസോണ്‍ കവറില്‍ രേഖപ്പെടുത്തിയ ബാര്‍കോഡ് ട്രാക്ക് ചെയ്ത് പോലീസ് മുന്നോട്ടുപോയതോടെ അതിജീവിതയിലേക്ക് പെട്ടെന്നെത്താന്‍ കഴിഞ്ഞു.
യുവതി അതിജീവിതയാണെന്ന് അറിഞ്ഞതോടെ നവജാതശിശുവിന്റെ കൊലപാതകത്തിനപ്പുറം പീഡനക്കേസ് കൂടി അന്വേഷിക്കേണ്ട വിധത്തില്‍ അന്വേഷണ വഴി സങ്കീര്‍ണമാവുകയും ചെയ്തു. സ്വന്തം മകള്‍ ഗര്‍ഭിണിയാണെന്ന് അറിയാതെ പോയ രക്ഷാകര്‍ത്താക്കളുടെ നിസ്സഹായവസ്ഥയും ഇന്ന് പോലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. വസ്ത്രധാരണത്തിലൂടേയും മറ്റും ഒരു പരിധിവരെ ഗര്‍ഭാവസ്ഥയെ പ്രത്യക്ഷത്തില്‍ മറച്ചുവെയ്ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അച്ഛനും അമ്മയും മകളും മാത്രമുള്ള വീട്ടില്‍ അത് എത്രത്തോളം പ്രായോഗികമാകും എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഗര്‍ഭാവസ്ഥയെ എത്രത്തോളം മറച്ചുവെക്കാന്‍ ശ്രമിച്ചാലും ശാരീരികമായ മാറ്റങ്ങള്‍ ഏറ്റവും കുറഞ്ഞത് രക്ഷിതാക്കള്‍ക്കെങ്കിലും മനസ്സിലാവേണ്ടതാണെന്ന് പറയുന്നു ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും. അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് അറിയാമായിരുന്നില്ലെന്ന രക്ഷിതാക്കളുടെ വാദത്തെ പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടുമില്ല.
കൊച്ചിയില്‍ സ്വന്തമായി മറ്റൊരു വീടുള്ള കുടുംബം വര്‍ഷങ്ങളായി സംഭവം നടന്ന ഫ്ളാറ്റിലും താമസിക്കുന്നുണ്ട്. ബിസിനസ് ആവശ്യത്തിനായി പിതാവ് എറണാകുളത്തേക്ക് പോവുമ്പോള്‍ അമ്മയും മകളും മാത്രമായിരിക്കും വീട്ടിലുണ്ടാവുകയെന്നും നാട്ടുകാര്‍ പറയുന്നു. പീഡനത്തിനപ്പുറം കുട്ടിയുടെ സൗഹൃദങ്ങള്‍, ബെംഗളൂരുവിലെ മറ്റ് ബന്ധങ്ങള്‍, ഏതെങ്കിലും തരത്തില്‍ ലഹരിയുടെയോ മറ്റോ കെണിയില്‍പെട്ടോ ഇങ്ങനെ പലവിധ വിഷയങ്ങളാണ് പോലീസിന് മുന്നിലുള്ളത്.
ബിബിസി സംപ്രേഷണം ചെയ്യുന്ന മെയ് നാലാം തിയതി കവൻട്രിയിൽ വച്ച് നടക്കുന്ന ബ്രിട്ടീഷ് കബഡി ലീഗ് ചാപ്യൻഷിപ് യുഗ്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്യുന്നതാണ്. വാർവിക്ക് & ലെമിഗ്ട്ടൻ അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോർജ്, യുഗ്മ മിഡ്‌ലാന്ഡ്സ് റീജിയണൽ ജോയിന്റ് ട്രഷറർ ലുയിസ് മേനാചേരി എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.
യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗ്, ഇംഗ്ലണ്ടിലെ വോൾവർഹാംപ്ടണിൽ ഏപ്രിൽ 19-ാം തീയതി തുടക്കം കുറിച്ചു. ഈ സീസണിൽ 9 ടീമുകളാണ് മാറ്റുരയ്ക്കുന്നത് . അതിൽ മലയാളികളുടെ സ്വന്തം ടീമായ നോട്ടിംഗ്ഹാം റോയൽസും മത്സരിക്കുന്നു എന്നുള്ളത് അഭിമാനമാണ്.
ഈ സീസണിൽ ആൺകുട്ടികളുടെ മാത്രമല്ലാതെ നമ്മുടെ കേരള പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടീം ഇറക്കാൻ പറ്റിയതിൽ ടീം നോട്ടിംഗ്ഹാം റോയൽസ് സന്തുഷ്ടരാണ്.
ലീഗ് മത്സരങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്…
Grand Prix one- – April 19,20,21 Wolverhampton
Grand Prix two – May 3,4 Coventry
Grand Prix three – May 11,12 Glasgow
Grand finals – May 18,19 Birmingham
ഇതിൽ ശക്തരായ മാഞ്ചസ്റ്റർ, വോൾവർഹാംപ്ടൺ എന്നീ ടീമുകൾക്കെതിരെ വമ്പൻ ജയത്തോടെ നോട്ടിങ്ഹാം റോയൽസ് ന്റെ ഗേൾസ് ടീം ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരങ്ങൾ മെയ് 19 ന് ബർമിംഗ്ഹാമിൽ വച്ച് നടക്കും. മത്സരങ്ങൾ തത്സമയം ബിബിസിയിൽ ടെലികാസ്റ്റ് ചെയ്യും.
പങ്കെടുക്കുന്ന ടീമുകൾ
Birmingham bulls
Nottingham Royals
Glasgow Unicorns
Wolverhampton wolves
Manchester Raiders
Edinburgh Eagles
Coventry charger’s
Sandwell kings
Walsall Hunters
മേളപൊലിമ കവന്ററിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന താളവൈവിദ്യമാർന്ന ചെണ്ടമേളവും വാർവിക്ക് & ലെമിഗ്ട്ടൻ അസോസിയേഷൻ അവതരിപ്പിക്കുന്ന മനോഹരമായ കേരള തനിമയർന്ന തിരുവാതിരയും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം തികച്ചും സൗജന്യം ആയിരിക്കുന്നതായിരിക്കും.
പശ്ചിമബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താത്കാലിക ജീവനക്കാരി പോലീസില്‍ പരാതി നല്‍കി. രാവിലെ ജോലിസംബന്ധമായ ആവശ്യത്തിന് ഗവര്‍ണറുടെ മുറിയിലെത്തുമ്പോള്‍ അദ്ദേഹം കൈയില്‍ കയറിപ്പിടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.
ഒപ്പമുണ്ടായിരുന്ന സൂപ്പര്‍വൈസറെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവമെന്നും ജീവനക്കാരി ആരോപിച്ചു. ഏപ്രില്‍ 24-മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്. രാജ്ഭവന്‍ വളപ്പിലുള്ള ഹോസ്റ്റലില്‍ താമസക്കാരിയാണിവര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനായി സംസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ആരോപണം. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറുടെ വസതിയാണ് പ്രധാനമന്ത്രിക്ക് ആതിഥേയത്വം വഹിക്കുന്നത്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരായ ആരോപണമെന്ന് ബിജെപി ആരോപിച്ചു.
കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്നെ മോശക്കാരനാക്കി തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാം എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അവരെ ദൈവം തുണയ്ക്കട്ടെയെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. പക്ഷേ, ഇതിലൂടെ പശ്ചിമ ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ തന്റെ പോരാട്ടം തടയായാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാരോപണത്തിന് പിന്നാലെ അനുമതിയില്ലാതെ രാജ്ഭവനിലേക്ക് പോലീസ് പ്രവേശിക്കുന്നത് ഗവര്‍ണര്‍ വിലക്കുകയും ചെയ്തിട്ടുണ്ട്.
നടൻ ജയറാമിന്റെയും നടി പാര്‍വതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയും യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. ഗുരുവായൂർ അമ്പലത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.
അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്ന് തൃശൂരിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര- കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. നടൻ കാളിദാസ് ജയറാമാണ് മാളവികയുടെ സഹോദരൻ. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് ആറ് വരെ അടച്ചിടും, അവധിക്കാല ക്ലാസുകൾക്കും നിയന്ത്രണം, ജാഗ്രത നിർദേശങ്ങൾ സംസ്ഥാനത്തെ ഉയരുന്ന ചൂടും ഉഷ്ണതരംഗവും വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ അവലോകന യോഗത്തിലാണ് തീരുമാനം
ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് മെയ് ആറ് വരെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം.സംസ്ഥാനത്തെ ഉയരുന്ന ചൂടും ഉഷ്ണതരംഗവും വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ അവലോകന യോഗത്തിലാണ് തീരുമാനം.
രാവിലെ 11 മുതൽ ഉച്ചക്കുശേഷം മൂന്നുവരെ സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നും കർശന നിർദേശമുണ്ട്.മാത്രമല്ല പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.വിവിധ ജില്ലകളിലെ സാഹചര്യം ജില്ല കലക്ടർമാർ അവലോകനയോഗത്തിൽ വിശദീകരിച്ചു.
രാവിലെ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. എലിപ്പനി, ഡങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധത്തിൽ കാര്യമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ. വി. വേണു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
അവലോകനയോഗത്തിലെ ജാഗ്രതാ നിർദേശങ്ങൾ
നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യ തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.
ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.
ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടന്നുതന്നെ ചെയ്യണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങൾ/പരിപാടികൾ രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെ നിർബന്ധമായും നടത്തരുത്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് എല്ലാ പൊതുസ്ഥലങ്ങളിലും തണൽമരങ്ങൾ പിടിപ്പിച്ച് സംരക്ഷിക്കണം. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പ്രഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തിൽ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി മഴക്കാല പൂർവ ശുചീകരണം ആരംഭിക്കണം. വേനൽ മഴ ശക്തമാകുന്നതിന് മുമ്പ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കണം.
പൊതു ഇടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കരുത്. കൊതുക് നിർമ്മാർജനം വ്യാപകമായി നടത്തണം. ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഉപയോഗിക്കേണ്ട കെട്ടിടങ്ങൾ സജ്ജമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ശ്രദ്ധിക്കണം. എല്ലാ പൊഴികളും ആവശ്യമായ അളവിൽ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം. ഇത് മെയ് 25ന് മുമ്പായി പൂർത്തീകരിക്കണം.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം. മലവെള്ളപ്പാച്ചിൽ ഉണ്ടാവാൻ ഇടയുള്ള ജലാശയങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകണം.
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികൾ തേടാന്‍ സര്‍ക്കാര്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ നിര്‍ദേശം സര്‍ക്കാര്‍ നിരാകരിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതെ തരമില്ല എന്ന് യോഗത്തില്‍ കെഎസ്ഇബി ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാനാണ് നിര്‍ദേശം. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം.
കെഎസ്ഇബി ഉദ്യോഗസ്ഥരുമായിട്ടുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വൈദ്യുതി മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കും. മറ്റു മാര്‍ഗങ്ങള്‍ എന്തെല്ലാം എന്നു ചര്‍ച്ച ചെയ്യാനായി കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. ഇതിനു ശേഷമാകും വൈദ്യുതി പ്രതിസന്ധിയില്‍ അന്തിമ തീരുമാനമുണ്ടാകുക.