പാണത്തൂര്‍ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകള്‍ സനാ ഫാത്തിമയെ കാണാതായതില്‍ ദുരൂഹതയേറുകയാണ്. തന്റെ മകള്‍ക്ക് വെള്ളം പേടിയാണെന്നും അതിനാല്‍ അവളെ കാണാതായത് വെള്ളത്തില്‍ വീണല്ലെന്നും സനയുടെ ഉപ്പ ഇബ്രാഹിം പറയുന്നു.
‘എന്റെ മകള്‍ക്ക് വെള്ളം പേടിയാണ്. അവളെ കാണാതായത് വെള്ളത്തില്‍ വീണല്ല’, ഇബ്രാഹിം പറയുന്നു. എന്നാലും തങ്ങളുടെ ഭാഗ്യക്കേടുമൂലം അങ്ങനെ സംഭവിച്ചതാണെങ്കിലോ എന്നു സ്വയം സമാധാനിച്ചു നാട്ടുകാരുടെയും പൊലീസിന്റെയും ശ്രമങ്ങളുമായി അവര്‍ സഹകരിക്കുകയാണ്.സനയ്ക്കു വെള്ളം പേടിയാണെന്ന് ഉപ്പ പറയുന്നു. സാധാരണ ഓവുചാലില്‍ വെള്ളം നിറഞ്ഞാല്‍ കുട്ടി പുറത്തേക്കിറങ്ങാറില്ല. കുട്ടി പുറത്തേക്കിറങ്ങിയപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാത്തതും അതുകൊണ്ടാണെന്നു ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ട് അസാധാരണമായ എന്തോ സംഭവിച്ചു എന്ന് തന്നെയാണ് ഇബ്രാഹിം വിശ്വസിക്കുന്നത്. തൊട്ടടുത്തുള്ള മൂന്നു വീടുകളില്‍ മാത്രമാണു സാധാരണ മകള്‍ പോകുന്നത്. കാണാതായ ഉടന്‍ ഈ വീടുകളില്‍ അന്വേഷണം നടത്തിയിരുന്നുവെന്നും ഇബ്രാഹിം പറയുന്നു.
മറ്റെങ്ങനയോ ആണ് മകളെ കാണാതായതെന്നും തങ്ങളുടെ സംശയം പൊലീസിനെ അറിയിച്ചിരുന്നതായും ഇവര്‍ പറയുന്നു. പൊലീസ് ഇത്തരത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവദിവസം പ്രദേശത്തു നാടോടികള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സംഭവ ദിവസമോ മുന്‍പുള്ള ദിവസമോ പരിചയമില്ലാത്ത ആരും വീട്ടിലെത്തിയതായി ഓര്‍ക്കുന്നില്ലെന്നും ഇബ്രാഹിം പറയുന്നു. വീട്ടിലെ മുതിര്‍ന്നവരുടെ ഒരു നിമിഷത്തെ അശ്രദ്ധയാണ് ഇവരുടെ കണ്ണുനീരായി മാറിയത്. അതേസമയം കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വ്യാജ വാട്‌സാപ്പ് സന്ദേശമയച്ചയാളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പാണത്തൂരിലെയും സമീപപ്രദേശങ്ങളിലേയും വീടുകളില്‍ തിരച്ചില്‍ നടത്തണമെന്നും സനയുടെ ഉറ്റവര്‍ ആവശ്യപ്പെടുന്നു. സന ഒഴുക്കില്‍പ്പെട്ടിരിക്കാം എന്ന അനുമാനം മാറ്റിവച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ നിലപാട്.
പ്രദേശത്തുള്ള ആരെങ്കിലും ദുരുദ്ദേശത്തോടെ കുട്ടിയെ തട്ടിയെടുത്തിട്ടുണ്ടാകാനുള്ള സാധ്യതയിലേക്ക് അവര്‍ വിരല്‍ചൂണ്ടുന്നു. സനയെക്കാണാതായി മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തി എന്ന് പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം വന്നിരുന്നു. നൗഷാദ് ഇളയമ്പാടി എന്നയാളുടെ പേരിലായിരുന്നു സന്ദേശം. കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ ഈ നമ്പറില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അല്‍പസമയം കഴിഞ്ഞ് ഇതേ നമ്പറില്‍ നിന്ന് തെറ്റായ സന്ദേശം അയച്ചതില്‍ ക്ഷമാപണവുമെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതായത്. അങ്കണവാടിയില്‍ നിന്നും ഉമ്മയോടൊപ്പമാണ് കുട്ടി വീട്ടിലെത്തിയത്. മുറ്റത്തിറങ്ങി കളിക്കുന്നതിനിടയില്‍ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനോട് ചേര്‍ന്ന് ഒരു ചെറിയ നീര്‍ച്ചാലുണ്ട്. മഴപെയ്‌തൊഴിഞ്ഞ സമയമായതിനാല്‍ നീര്‍ച്ചാലില്‍ നല്ല ഒഴുക്കുണ്ടായിരുന്നു.
കുട്ടി ഒഴുക്കില്‍പ്പെട്ടു എന്നാണ് ആദ്യം കരുതിയത്. നീര്‍ച്ചാലിനോട് ചേര്‍ന്ന് കുട്ടിയുടെ കുട കണ്ടെത്തിയതും സംശയം ബലപ്പെടുത്തി. ഒരു കിലോമീറ്റര്‍ അകലെ പുഴയിലാണ് ഈ നീര്‍ച്ചാല്‍ ചേരുന്നത്. റോഡിനോട് ചേര്‍ന്ന് പൈപ്പിലൂടെയാണ് നീര്‍ച്ചാലിലെ വെള്ളം കടന്ന് പോകുന്നത്. പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പൈപ്പ് പൊട്ടിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപപ്രദേശങ്ങളിലെ വീടുകളില്‍ പരിശോധന നടത്തണമെന്ന ആവശ്യം അന്വേഷണ സംഘം പരിഗണിച്ചില്ലെന്ന് പരാതിയുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തില്‍ കുടുംബം തൃപ്തരല്ല. ദിവസങ്ങള്‍ പിന്നിടുന്തോറും സനയുടെ തിരോധാനത്തിലെ ദുരൂഹതയും ഏറുകയാണ്.
യുവജന ക്ഷേമ ബോര്‍ഡ് അദ്ധ്യക്ഷ ചിന്ത ജെറോം സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം. ആറ്റിങ്ങല്‍ കല്ലമ്പലത്തുവെച്ച് ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ട വാഹനത്തിനു നേരെ യുവാവ് കത്തി കൊണ്ട് വന്ന് വാഹനം കേടു വരുത്തുകയായിരുന്നു.
വാഹനത്തിന്റെ ബോണറ്റും ബംബറുമാണ് കേടു വരുത്തിയത്. അക്രമം നടത്തിയ വിശാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു മുമ്പും ഇയാള്‍ സമാനമായ ആക്രമങ്ങള്‍ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
നടിയെ ഉപദ്രവിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. അഭിഭാഷകന്‍ ബി. രാമന്‍ പിള്ള മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സിനിമയിലെ പ്രബലരായ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയനേതാക്കളെയും ഇവര്‍ സ്വാധീനിച്ചുവെന്നും ദിലീപിന്റെ ജാമ്യാപേക്ഷയിലുളളതായി പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു. പ്രതി പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല. കേസ് അന്വേഷണവുമായി സഹകരിച്ചു. ഷൂട്ടിങ് പൂർത്തിയായതും വരാനിരിക്കുന്നതുമായ ചിത്രങ്ങൾ പ്രതിസന്ധിയിലാണെന്നും 50 കോടിയോളം രൂപ ഇതിനായി മുടക്കിയെന്നും ദിലീപിന്റെ ജാമ്യാപേക്ഷയിലുണ്ടെന്നും ചാൻൽ റിപ്പോർട്ട് ചെയ്തു.
ദിലീപ് രണ്ടാം തവണയാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാൽ ഇത് ഹൈക്കോടതി തളളുകയായിരുന്നു. ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തുടരന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ ഒരു മാസമായി ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിലീപ്. ജൂലൈ 10 നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഐഎഡിഎംകെ പാർട്ടി ലയനത്തിനുള്ള സാധ്യതകൾ ശക്തമായി. ജയലളിതയുടെ തോഴി ശശികലയുടെ അനന്തിരവൻ ടി.ടി.വി.ദിനകരൻ പാർട്ടിയിൽ സ്വാധീനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇത്.
ഒരു ഘട്ടത്തിൽ അലസിപ്പിരിഞ്ഞ എടപ്പാടി പളനിസ്വാമി-ഒ.പനീർശെൽവം വിഭാഗങ്ങളുടെ ചർച്ചയാണ് വീണ്ടും സജീവമായിരിക്കുന്നത്. പാർട്ടിയിൽ ശശികലയും ടിടിവി ദിനകരനും സ്വാധീനം ചെലുത്താൻ നടത്തുന്ന ശ്രമങ്ങളെ ദുർബലപ്പെടുത്താനാണ് ഇരുപക്ഷവും ഒന്നിക്കുന്നതെന്നാണ് വിലയിരുത്തൽ.
ശശികലയുടെ ജനറൽ സെക്രട്ടറി സ്ഥാനം താൽക്കാലികമാണെന്ന് വ്യക്തമാക്കി അണ്ണാ ഡിഎംകെ (അമ്മ) പക്ഷം പ്രമേയം പാസാക്കിയിട്ടുണ്ട്. ദിനകരന്റെ തീരുമാനങ്ങൾ പാർട്ടിയുടേതല്ലെന്നും പുതിയ ഭാരവാഹികളുമായി പാർട്ടിക്കു ബന്ധമില്ലെന്നും പ്രമേയത്തിൽ പറയുന്നു. ഇതോടെ ദിനകരന്റെ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നു.
ഇതിന് പിന്നാലെയാണ് പളനിസ്വാമി-പനീർശെൽവം പക്ഷങ്ങളുടെ ലയനസാധ്യത വീണ്ടും സജീവമായതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. അടുത്ത ആഴ്ച ലയന പ്രഖ്യാപനം നടത്താനും ഇതിനായി രണ്ടു നേതാക്കളും യോജിച്ച് ചർച്ച നടത്താനും തീരുമാനിച്ചതായാണ് വിവരം.
പനീർശെൽവത്തിന് പാർട്ടി ജനറൽ സെക്രട്ടറി പദവും ഉപമുഖ്യമന്ത്രി പദവും നൽകാനും പളനിസ്വാമി മുഖ്യമന്ത്രിയായി തുടരാനുമാണ് തീരുമാനം. പനീർശെൽവം പക്ഷത്തെ രണ്ട് പേർക്ക് മന്ത്രിസഭയിൽ ഇടം നൽകും. ഇതിനായി നിലവിലെ രണ്ട് മന്ത്രിമാരെ ഒഴിവാക്കും.
തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരിടവേളയ്ക്ക് ശേഷം ടിടിവി ദിനകരനാണ് കരുനീക്കങ്ങളുമായി മുന്നോട്ട് വന്നത്. 45 പേർക്ക് എഐഎഡിഎംകെ വിഭാഗത്തിൽ നേതൃപദവി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ദിനകരൻ പക്ഷത്തിന്റെ നീക്കം. ഇത് പളനിസ്വാമി പക്ഷത്തിന് കടുത്ത അതൃപ്തി സൃഷ്ടിച്ചിരുന്നു.
വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭൂമിയെന്നും കൊല നിലമെന്നും കേരളത്തിനെതിരെ ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നതിനിടെ രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍ പുറത്ത്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഉത്തര്‍ പ്രദേശിനാണ് ഒന്നാം സ്ഥാനം. യോഗി ആദിത്യനാഥിന്റെ നേതത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയ്ക്കാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം.
ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 വര്‍ഷത്തിലെ ആദ്യത്തെ 5 മാസങ്ങളിലെ കണക്കാണ് ഇത്. ഇക്കാലയളവില്‍ രാജ്യത്ത് 300 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. ഉത്തര്‍പ്രദേശില്‍ മാത്രം 60 എണ്ണം നടന്നു. കര്‍ണാടകയില്‍ 36 എണ്ണമാണ് ഉണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വര്‍ഗീയ സംഘര്‍ഷം കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മധ്യപ്രദേശ്(29), രാജസ്ഥാന്‍(27), ബീഹാര്‍(23), ഗൂജറാത്ത്(20) മഹാരാഷ്ട്ര(20) എന്നിങ്ങനെയാണ് വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍. എന്നാല്‍ ലോക്സഭ കര്‍ണാടകയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട കണക്കുകളില്‍ സംശയുമുണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ജി.പരമേശ്വര പറഞ്ഞു. കര്‍ണാടകയെ രണ്ടാം സ്ഥാനത്ത് നിര്‍ത്താന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്നും ജി പരമേശ്വര ആരോപിച്ചു. പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ എവിടെയുമില്ലാത്ത കേരളം സംഘര്‍ഷ മേഖലയാണെന്നാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ പറയുന്നത്.
വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാന താല്‍പര്യത്തിന് അനുഗുണമായി തിരുത്താനും കരാറിലെ അഴിമതിയ്ക്ക് ഉത്തരവാദികളായരെ അഴിമതി നിരോധന നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും വേണ്ട ശുപാര്‍ശ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള നിയമസഭാ സമിതി ചെയര്‍മാന്‍ സി. ദിവാകരന്‍ എം എല്‍ എ യ്ക്ക് നിവേദനം നല്‍കി. മുന്‍ സി.എ.ജി സീനിയര്‍ ഓഡിറ്റര്‍ തുളസീധരന്‍ പിള്ള, മെല്‍വിന്‍ വിനോദ്, സാജു ഗോപിദാസ്, സൂസന്‍ ജോര്‍ജ്, അഡ്വ സോമനാഥന്‍, സുമല്‍ രാജ് എന്നിവര്‍ പങ്കെടുത്തു.
വിഴിഞ്ഞം പദ്ധതി വഴി കേരളത്തിന്റെ തീരവും, സമ്പത്തും, കടലും അദാനിക്ക് തീറെഴുതി കൊടുത്തിരിക്കുന്നു എന്ന പൊതു അഭിപ്രായം തന്നെയാണ് കേരളത്തില്‍ എല്ലാവര്‍ക്കും ഉള്ളത്. മറ്റൊരു അഭിപ്രായം തങ്ങള്‍ക്കും ഇല്ല എന്ന സൂചനയാണ് ഇതു നല്‍കിയപ്പോള്‍ ചെയര്‍മാന്‍ നല്‍കിയത്. തീര്‍ച്ചയായും ഈ റിപ്പോര്‍ട്ട് വളരെ ഗൌരവത്തില്‍ പരിശോധിച്ച് കൃത്യമായ നടപടികള്‍ സ്വീകരിക്കും എന്ന് തന്നെയാണ് സഭ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയത്. സമതിയിലെ മറ്റു അംഗങ്ങള്‍ക്കും ഇതിന്റെ കോപ്പി ആം ആദ്മി പാര്‍ട്ടി കൈമാറി.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കും .സുനിൽകുമാർ (പൾസർ സുനി) ഒന്നാം പ്രതിയായി തുടരും. നടൻ ദിലീപിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം തയാറാക്കുക .
സുനിൽകുമാറിനു ക്വട്ടേഷൻ നൽകിയതും ഗൂഢാലോചനയിൽ പങ്കാളിയായതിനുമാണു ദിലീപിനെ രണ്ടാം പ്രതിയാക്കുന്നത്. അതീവ ഗൗരവ സ്വഭാവമുള്ള കേസുകളിൽ പ്രതിയെ 90 ദിവസം വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ സൂക്ഷിച്ച് അന്വേഷണം നടത്താൻ പൊലീസിനു നിയമപരമായി അവകാശമുണ്ട്.ദിലീപ് അറസ്റ്റിലായി ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ അന്വേഷണത്തിൽ വലിയ മുന്നേറ്റമാണു പൊലീസുണ്ടാക്കിയത്.
കേസിലെ നിർണായക തൊണ്ടിമുതലായ മൊബൈൽ ഫോൺ നശിപ്പിച്ചതായി കുറ്റസമ്മത മൊഴി നൽകിയ രണ്ട് അഭിഭാഷകരിൽ ആരെങ്കിലും കേസിലെ മാപ്പുസാക്ഷിയായേക്കാം. കേസിൽ കൂടുതൽ പ്രതികളുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. രണ്ട് അറസ്റ്റുകൾ കൂടി ഉണ്ടാവുമെന്ന സൂചനയുമുണ്ട്.
പെരുമ്പാവൂർ ജിഷ വധക്കേസിൽ കുറ്റപത്രം തയാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ തന്നെയാണ് ഈ കേസിലും കുറ്റപത്രം തയാറാക്കുന്നത്. പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതോടെയാണു പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. കേസിന്റെ ആദ്യഘട്ടം മുതൽ കേട്ടിരുന്ന ‘മാഡം’ എന്ന കഥാപാത്രത്തെ കണ്ടെത്താൻ ഈ ഘട്ടത്തിൽ ശ്രമിച്ചു സമയം നഷ്ടപ്പെടുത്തേണ്ടെന്നാണു പൊലീസിനു ലഭിച്ച നിർദേശം.അതേസമയം, മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാലും അഞ്ചും പ്രതികളും മഴുവന്നൂർ സ്വദേശികളുമായ അബിൻ കുര്യാക്കോസ്, ബിബിൻ പോൾ എന്നിവരാണു ജാമ്യത്തിനെത്തിയത്.
യുവ നടി ആക്രമിക്കപ്പെട്ട കേസിൽ നടന്‍ ദിലീപ് അറസ്റ്റിലാകുകായും കൂടുതല്‍ പേര്‍ പിടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിൽ ഇപ്പോൾ ഇതാ നടന്‍ ജയസൂര്യക്കും കുരുക്കുകള്‍ വീഴുന്നു.
ജയസൂര്യയുമായി ബന്ധപ്പെട്ട കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണിപ്പോള്‍. സപ്തംബര്‍ 16ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇനി മലയാള സിനിമാ മേഖലയില്‍ നിന്നു എന്തൊക്കെ ഉഡായിപ്പുകളുടെ വാര്‍ത്ത വരും എന്ന് കാത്തിരുന്നു കാണാം. ജയസൂര്യ കുടുങ്ങിയത് ദിലീപ് കുടുങ്ങിയ നടി ആക്രമിക്കപ്പെട്ട കേസല്ല വിഷയം. ഭൂമി കൈയേറ്റമാണ്. ജയസൂര്യ കായല്‍ കൈയേറി നിര്‍മാണം നടത്തിയെന്നാണ് കേസ്. കോടതി ഇപ്പോള്‍ നടപടിക്ക് ഒരുങ്ങുകയാണ്.കടവന്ത്രയിലാണ് ജയസൂര്യ കായല്‍ കൈയേറിയെന്ന ആരോപണമുള്ള സ്ഥലം. ഇത് സംബന്ധിച്ച് അന്വഷണം നടന്നിരുന്നു. പക്ഷേ കേസ് എവിടെയും എത്തിയില്ല.
എന്നാൽ പരാതിക്കാരന്‍ വീണ്ടും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. കളമശേരി സ്വദേശി പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് പരാതിക്കാരന്‍. ഒന്നര വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ജയസൂര്യയുടെ സ്ഥലം റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് പരിശോധിച്ചിരുന്നു.
കേസില്‍ തുടര്‍നടപടികള്‍ ഇല്ലാതിരിക്കാന്‍ കാരണം എന്താണെന്നാണ് കോടതിക്ക് അറിയേണ്ടത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാനാണ് എറണാകുളം വിജിലന്‍സ് യൂണിറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം 16ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ജയസൂര്യയുടെ കേസിനാസ്പദമായ സംഭവം ഇങ്ങനെ, എറണാകുളം കടവന്ത്രയില്‍ കായല്‍ കൈയേറി വീടും ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചുവെന്നാണ് ഗിരീഷിന്റെ പരാതി. തുടര്‍ന്ന് വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരം ഭൂമി അളന്നു തിട്ടപ്പെടുത്തിയിരുന്നു.
ആദ്യം കൊച്ചി കോര്‍പറേഷനിലും സമാനമായ പരാതി സമര്‍പ്പിക്കപ്പെട്ടിരുന്നു. പിന്നീടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കേസില്‍ ഇടപെട്ടത്. അഞ്ചു പേരെ പ്രതി ചേര്‍ത്താണ് പരാതി സമര്‍പ്പിച്ചിരുന്നത്. കൊച്ചി കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി ആര്‍ രാജു, മുന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എന്‍എം ജോര്‍ജ്, എ നിസാര്‍, താലൂക്ക് സര്‍വേയര്‍ രാജീവ് ജോസഫ്, ജയസൂര്യ എന്നിവരായിരുന്നു പ്രതികൾ . പ്രഥമ ദൃഷ്ട്യാ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോടതി മൂന്ന് പേര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2013 ഓഗസ്റ്റിലാണ് കൊച്ചി കോര്‍പറേഷനില്‍ ജയസൂര്യയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതി ആദ്യം ലഭിക്കുന്നത്.
2014ല്‍ കയ്യേറ്റം പൊളിച്ചുനീക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പൊളിക്കാന്‍ നടന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭൂമി അളക്കാന്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ടവരെയെല്ലാം നടന്‍ സ്വാധീനിച്ചു തുടര്‍നടപടികള്‍ മരവിപ്പിച്ചുവെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. പക്ഷേ പ്രസ്തുത കേസിൽ നാളിതുവരെ കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഇപ്പോള്‍ വീണ്ടും കോടതിയെ സമീപ്പിച്ചിരിക്കുന്നത്.
അന്തരിച്ച എന്‍.സി.പി സംസ്ഥാനാധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ.ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരിയാണെന്ന ആരോപണം ശക്തിപ്പെടുന്നു. ഉഴവൂര്‍ വിജയന്‍ മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് സുല്‍ഫിക്കര്‍ ഉഴവൂരിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
ഇതിന് തൊട്ടുമുമ്പ് മറ്റൊരു എന്‍.സി.പി നേതാവിനോട് സുല്‍ഫിക്കര്‍ കൊലവിളി നടത്തുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഒരു സ്വകാര്യ ചാനലാണ് സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത്. ഉഴവൂരിന്റെ മരണം സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിയില്‍ നിന്നും തന്നെ ആവശ്യമുയരുന്നതിനിടെയാണ് ഇത് പുറത്ത് വന്നിരിക്കുന്നത്. ഉഴവൂര്‍ വിജയന്റെ മരണത്തിന് രണ്ട് ദിവസം മുമ്പാണ് സുല്‍ഫിക്കര്‍ ഉഴവൂരിനെ വിളിച്ച് ഭീഷണി മുഴക്കിയത്.
ഇതിന് പിന്നാലെയാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുവീണതെന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരി പറയുന്നു. അവന് അടിയും കൊടുക്കും. മുണ്ടും വലിക്കും വേണമെങ്കില്‍ കൊല്ലും. ഒരു കോടിയോ രണ്ട് കോടിയോ മുടക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവനാണ് ഞാന്‍. ഉഴവൂര്‍ വിജയന്‍ രാജിവെയ്ക്കണം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് അത് ആവശ്യപ്പെടും. എന്നിങ്ങനെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത ഫോണ്‍ സംഭാഷണം.
സുല്‍ഫിക്കര്‍ മയൂരിയടക്കം പാര്‍ട്ടിയിലെ പല നേതാക്കളില്‍ നിന്നും ഉഴവൂര്‍ വിജയന് സമര്‍ദമുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കടുത്ത മാനസിക സംഘര്‍ഷമുണ്ടായിരുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. കായംകുളം സ്വദേശിയായ എന്‍.സി.പി നേതാവ് മുജീബ് റഹ്മാന്‍ എന്ന വ്യക്തിയോടായിരുന്നു ഉഴവൂര്‍ വിജയനെതിരെ സുല്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയത്. പുറത്ത് വിട്ട സംഭാഷണം നടന്നതായി മുജീബ് റഹ്മാനും സമ്മതിച്ചു.
കടപ്പാട് മാതൃഭൂമി ന്യൂസ് ചാനൽ …..
ജയിലില്‍ കഴിയുന്ന അച്ഛനൊപ്പം രക്ഷാ ബന്ധന്‍ ആഘോഷിക്കാനെത്തിയ ചെറിയ കുട്ടികളുടെ മുഖത്ത് ജയില്‍ അധികൃതര്‍ സീല്‍ പതിപ്പിച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് മനുഷ്യത്വരഹിതമായ ഈ പ്രവര്‍ത്തി നടന്നത്. സംഭവം വന്‍ വിവാദമായതോടെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടു.
ജയിലിനകത്തേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചത്.
MP: Bhopal Central Jail officials stamped seal on faces of two minors who came to visit their imprisoned father. Probe ordered (07.08.2017) pic.twitter.com/UcvP86WSeO
— ANI (@ANI) August 9, 2017