Latest News

നടിയെ കൊച്ചിയില്‍ കാറില്‍ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വീണ്ടും ചോദ്യംചെയ്യും.  ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് ചോദ്യം ചെയ്യുക. കാവ്യയെ ചോദ്യംചെയ്തതിനു പിന്നാലെ അമ്മയുടെ മൊഴിയെടുത്തിരുന്നു. കാവ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ തിരക്കിട്ട് നീക്കം നടത്തുന്നില്ല.മൊഴികള്‍ പരിശോധിച്ചിട്ട് ആവശ്യമെങ്കില്‍ പിന്നീട് വിളിപ്പിക്കും. അല്ലെങ്കില്‍ അടിയന്തരസാഹചര്യമുണ്ടാകണം.

കാക്കനാട്ടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരസ്ഥാപനം കാവ്യാ മാധവന്റെയാണെങ്കിലും ഇതു നടത്തുന്നത് ശ്യാമളയാണ്. പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന് സുനി പറഞ്ഞിരുന്നു. സുനി ഇവിടെയെത്തിയിരുന്നോ എന്ന് കണ്ടെത്താന്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ സിഡാറ്റിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ വിശദാംശം കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു.

ദിലീപും മഞ്ജു വാരിയരുമായി പിരിയുന്നതില്‍ ആക്രമിക്കപ്പെട്ട നടി ഏതെങ്കിലുംതരത്തില്‍ കാരണമായോ എന്ന് പോലീസ് കാവ്യയോട് ചോദിച്ചു. ആദ്യബന്ധം തകര്‍ന്നതും കാവ്യയുമായി പിന്നീട് വിവാഹം കഴിച്ചതുമായ കാര്യങ്ങള്‍ രണ്ടുപേരോടും ചോദിച്ചറിഞ്ഞിട്ടുണ്ട്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് എന്തെങ്കിലും തരത്തില്‍ വിരോധമുണ്ടായിരുന്നോ എന്നും ചോദിച്ചു.

ഈ നടിക്കൊപ്പം ദിലീപും കാവ്യയും വിദേശയാത്രകളില്‍ പങ്കെടുത്തതിനെക്കുറിച്ചും ചോദിച്ചു. ആക്രമിക്കപ്പെട്ട നടി എന്തെങ്കിലും വിവരങ്ങള്‍ മുന്‍ഭാര്യ മഞ്ജുവിനോട് പറഞ്ഞതായി അറിയാമോയെന്നും പോലീസ് ചോദിച്ചു. തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് ശ്യാമള സ്വീകരിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍ പറയുന്ന മാഡം കാവ്യാ മാധവന്റെ അമ്മ തന്നെയാണോയെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. നേരത്തെ സുനി നടിയെ കൊണ്ടു പോകുമെന്ന് പറഞ്ഞ തമ്മനത്തെ വില്ല ശ്യാമള മാധവന്റേതാണെന്നും പോലീസ് വ്യക്തമാക്കുന്നു.
അക്രമിച്ച് നടിയുടെ അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ച ശേഷം തൊട്ടടുത്ത ദിവസം തന്നെ വീഡിയോയുടെ ഒരു കോപ്പി ഇവര്‍ക്ക് കൈമാറി എന്നാണ് സുനില്‍ കുമാറിന്റെ മൊഴി. വീഡിയോയുടെ മൂന്നു കോപ്പികളാണ് ആലപ്പുഴയിലെ സുഹൃത്തിന്റെ ലാപ്‌ടോപ്പ് ഉപയോഗിച്ച് എടുത്തത്. അതില്‍ സുനില്‍കുമാര്‍ സൂക്ഷിച്ചിരുന്നത് പൊലീസിന് ലഭിച്ചുവെന്ന് മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

ആ വീഡിയോ കണ്ടെത്താന്‍ കൂടിയാണ് കാവ്യയുടെ അമ്മയുടെ മേല്‍നോട്ടത്തിലുള്ള ലക്ഷ്യയില്‍ തെളിവെടുപ്പ് നടത്തിയത്. കാവ്യയുടെ ഉടമസ്ഥതയിലുള്ളതെങ്കിലും ശ്യാമളയാണ് ഭരിച്ചിരുന്നത്. കാവ്യയ്ക്ക് സംഭവങ്ങള്‍ അറിയാമോ എന്ന് വ്യക്തതയില്ല. നാദിര്‍ഷ പറഞ്ഞതനുസരിച്ചാണ് വീഡിയോ ശ്യാമളയെ ഏല്‍പ്പിച്ചതെന്ന് സുനില്‍കുമാര്‍ പൊലീസിനോട് പറയുന്നത്.

സുനില്‍കുമാറിന്റെ മൊഴി ആദ്യഘട്ടത്തില്‍ പൊലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ മൊഴിക്കൊത്തവിധം തെളിവുകള്‍ ലഭിച്ചതോടെയാണ് സുനിലിന്റെ മൊഴിയെ കൂടുതലായി പൊലീസ് വിശ്വാസത്തിലെടുത്തത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ കഴിയവെ കാവ്യ അമ്മയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയിലാണ് താര കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തുന്നകാര്യം പ്രചരിക്കുന്നത്. നടി നാലുമാസം ഗര്‍ഭിണിയാണെന്നാണ് ഇവരുടെ കുടുംബവൃത്തങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്ന വിവരം. അടുത്തിടെ കാവ്യയുടെ കുടുംബം ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ കാവ്യ ക്ഷേത്രത്തിനുള്ളില്‍ കടന്നിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോള്‍ ബന്ധുക്കള്‍തന്നെയാണ് ഗര്‍ഭിണിയാണെന്ന കാര്യം സൂചിപ്പിച്ചത്. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതും ഇതിനെ തുടര്‍ന്നാണെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്ത നേരത്തെ പ്രചരിച്ചപ്പോള്‍ ദിലീപ് പ്രതികരിച്ചിരുന്നു. തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപവാദ പ്രചരണമാണ് നടക്കുന്നതെന്നും താരം പറഞ്ഞു. എന്റെ ഭാര്യ ഗര്‍ഭിണിയെന്നത് ഞാന്‍ അറിഞ്ഞതു പോലും സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്. ഈ വിവരം പൊലീസിന് അറിയാമെന്നതുകൊണ്ട് വളരെ കരുതലയോടെയാണ് ചോദ്യം ചെയ്യലടക്കം നടത്തുന്നത്.

തിരുവനന്തപുരത്തെ ഏറെ ടൂറിസ്റ്റ് പ്രാധാന്യമുള്ള കോവളം കോട്ടാരം രവി പിള്ള ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള മന്ത്രിസഭാ തീരുമാനം അങ്ങേയറ്റം അഴിമതി നിറഞ്ഞതും സ്വജനപക്ഷപാതപരവും ആണെന്ന് ആം ആദ്മി പാര്‍ട്ടി. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ഭൂമിയും അതിലെ നിര്‍മ്മിതിയും ഒരു സ്വകാര്യ ഗ്രൂപ്പ് തട്ടിയെടുത്ത് മറ്റൊരാള്‍ക്ക് വിറ്റതുമായുള്ള കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. ആ കേസിന്റെ പ്രധാന വാദം അത്തരമൊരു കൈമാറ്റത്തിന് ആ ഗ്രൂപ്പിന് അവകാശമില്ല എന്നതു തന്നെയാണ് ആ വാദം നിലനില്‍ക്കുമ്പോള്‍ കൈമാറ്റം ചെയ്യപ്പെട്ട ആ ഗ്രൂപ്പിന് തന്നെ അതിന്റെ പ്രവര്‍ത്തനാധികാരം കൈമാറുക വഴി ഒരാള്‍ മോഷണം നടത്തിയാല്‍ അയാള്‍ക്കു തന്നെ മോഷണമുതല്‍ തിരിച്ചു കൊടുക്കുകകയും കേസ് തുടരുകയും ചെയ്യുന്നതു പോലെയുള്ള ഒരുവലിയ വഞ്ചനയാണ്.

സര്‍ക്കാരിന്, മന്ത്രിസഭക്ക് പൊതു ആസ്തികള്‍ എങ്ങിനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട് എന്നത് തത്വത്തില്‍ ശരിയാണ് പക്ഷെ ഇങ്ങനെ വിട്ടു കൊടുക്കുമ്പോള്‍ അതാര്‍ക്ക് വിട്ടുകൊടുക്കണം, എന്തുകൊണ്ട് അവര്‍ക്ക് വിട്ടുകൊടുക്കണം, എന്താണ് അതിന്റെ മാനദണ്ഡം എന്ന് പറയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇത് ആര്‍.പി ഗ്രൂപ്പിന് തന്നെ വിട്ടു കൊടുക്കേണ്ടതാണോ അതോ ഇതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വാടകയ്ക്ക് ആണെങ്കിലും പണയത്തിനാണെങ്കിലും മറ്റാരെങ്കിലും എടുക്കാന്‍ തയ്യാറുണ്ടോ എന്ന് പരിശോധിച്ചോ എന്ന പ്രധാനപ്പെട്ട ചോദ്യം മുമ്പിലുണ്ട്. ആ ചോദ്യം പരിഗണിക്കാതെ ആര്‍.പി. ഗ്രൂപ്പിന് കൊടുക്കുന്നതിനു പിന്നില്‍, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഉണ്ട് എന്ന് ആരോപിച്ചാല്‍, ആരെയും കുറ്റം പറയാന്‍ ആവില്ലെന്ന് മാത്രമല്ല, സാഹചര്യ തെളിവുകള്‍, അത്തരം പക്ഷപാത നയങ്ങള്‍ ഉണ്ട് എന്നതിനെ, സാധൂകരിക്കുന്നും ഉണ്ട്. രവി പിള്ള ഗ്രൂപിന്റെ, ഈ ഹോട്ടല്‍ അടങ്ങുന്ന കമ്പനിയുടെ, വൈസ് ചെയര്‍മാന്‍ സ്ഥാനം അലങ്കരിക്കുന്നത്, കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ, സംസ്ഥാന സെക്രട്ടറിയുടെ മകനാണ് എന്നത് ഒരു ആകസ്മികതയായി നമുക്ക് കാണാന്‍ ആവില്ല. അദേഹത്തിന് ആ പദവിയില്‍ ഇരിക്കാന്‍ എന്ത് യോഗ്യത ഉണ്ട് എന്നു ചോദിക്കുന്നില്ല.

എന്തായാലും അങ്ങനെ ഇരിക്കുന്ന ഒരു സ്ഥാപനത്തിന്, ഇത് കൈമാറുന്നു എന്നത്, ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത ഉള്ള ഒന്നാണ്, അതു പോലെ തന്നെ മുഖ്യമന്ത്രിയുടെ മകള്‍ക്ക്, ഇതേ ഗ്രൂപ്പിന്റെ കീഴില്‍ ഉള്ള മറ്റൊരു സോഫ്‌റ്റ്വെയര്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (CEO) ആയി ജോലി നല്‍കിയിരിക്കുന്നു എന്നതും സംശയത്തെ വര്‍ധിപ്പിക്കുന്നു. ഇതിനെതിരായി, സി. പി. ഐ. ഉം, സി. പി. എം. നേതാവ് വി. എസ് അച്യുതാനന്ദനും, വളരെ ശക്തമായ നിലപാട് മുമ്പ് എടുത്തിരുന്നു.
ഇന്നത്തെ മന്ത്രി സഭാ യോഗത്തില്‍ റവന്യു മന്ത്രി അടക്കം, സി.പി.ഐ യുടെ മന്ത്രിമാര്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. പങ്കെടുക്കാതിരിന്നുകൊണ്ട് ഇത്തരം ഒരു തെറ്റായ നടപടിക്ക് അനുമതി നല്‍കുക വഴി സി.പി.ഐ യും ഈ കുറ്റത്തില്‍ പങ്കാളിയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

ഇത്തരത്തില്‍ ചുമതലയുള്ള ആളുകള്‍ തന്റെ ചുമതല ചെയ്യാതിരിക്കുന്നതും കുറ്റം തന്നെ ആണ്. അതുകൊണ്ട് സി.പി.ഐ ക്ക് ഈ രക്തത്തില്‍ പങ്കില്ല എന്ന് പറയാന്‍ ആവില്ല. ഈ സാഹചര്യത്തില്‍ കോവളം കൊട്ടാരം കൈമാറുക എന്ന ഏറെ അഴിമതി നിറഞ്ഞ ഒരു തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. അങ്ങനെ പിന്‍വാങ്ങിയില്ല എങ്കില്‍ അതിനെതിരെ, കേരളവ്യാപകമായ പ്രതിഷേധം, ഉയരും. ഇത്രയും തരം താഴ്ന്ന നിലവാരത്തിലേക്ക് ഒരു ഇടതു പക്ഷ മന്ത്രിസഭ താഴാന്‍ പാടില്ല. നഗ്നമായ നിയമ ലംഘനവും പക്ഷപാതവും ഇതില്‍ പ്രകടമാണ്, എന്ന് ആര്‍ക്കും മനസിലാകും. ഇതിനെതിരെ ആം ആദ്മി പാര്‍ടി ശക്തിയായി പ്രധിഷേധിക്കുന്നു.

കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകൡ നടന്‍ ദിലീപിനെതിരെ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതായി കണ്ടെത്തി. അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി 21 ഏക്കര്‍ ഭൂമി ദിലീപ് കൈവശമാക്കിയിട്ടുണ്ട്. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നിയമം അനുസരിച്ച് ഒരാള്‍ക്ക് 15 ഏക്കര്‍ ഭൂമി മാത്രമാണ് കൈവശം വെക്കാന്‍ കഴിയുക.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. അഞ്ച് ജില്ലാ കളക്ടര്‍മാര്‍ക്കാണ് അന്വേഷണത്തിനുള്ള ചുമതല. ഇന്ന് വൈകിട്ട് 5 മണിക്കു മുമ്പായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. നിയമലംഘനം ബോധ്യപ്പെട്ടാല്‍ അധികം വരുന്ന 6 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടും. ചാലക്കുടിയിലെ ഡി സിനിമാസിനു വേണ്ടി കയ്യേറ്റം നടത്തിയെന്ന പരാതിക്കു പിന്നാലെ കുമരകം, എറണാകുളം എന്നിവിടങ്ങളിലും കയ്യേറ്റം നടത്തിയതായി പരാതികള്‍ വന്നിരുന്നു.

കുമരകം വില്ലേജിലെ 12-ാം ബ്ലോക്കിലെ 190ആം സര്‍വേ നമ്പരില്‍ പുറമ്പോക്ക് ഭൂമിയാണ് ദിലീപ് കയ്യേറി മറിച്ചു വിറ്റെന്നാണ് ആരോപണം ഉയര്‍ന്നത്. ഭൂമികയ്യേറ്റം തടയാന്‍ എത്തിയവരെ ദിലീപ് ഗുണ്ടകളെ വിട്ടു വിരട്ടിയെന്നും പരാതിയുണ്ട്. ഈ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള

എടത്വാ :കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും വഞ്ചിപ്പാട്ടിനാലും ആര്‍പ്പുവിളികളാലും മുഖരിതമായ അന്തരീക്ഷത്തില്‍ ജനസാഗരം സാക്ഷിയാക്കി ‘ഷോട്ട് പുളിക്കത്ര’ നീരണിഞ്ഞു. നവതി നിറവില്‍ നടന്ന നീരണിയല്‍ ചടങ്ങില്‍ പ്രദേശവാസികള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ജനങ്ങള്‍ എത്തി ചേര്‍ന്നത് ഉത്സവ ലഹരി പകര്‍ന്നു. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ ഒരേ വിഭാഗത്തില്‍ കളിവള്ളങ്ങള്‍ നിര്‍മിച്ച് ചരിത്രം ഇതോട്ടുകൂടി പുളിക്കത്ര തറവാട് സ്വന്തമാക്കി.

നീരണിയല്‍ ചടങ്ങിന് മുന്നോടിയായി നടന്ന കൂദാശ ചടങ്ങുകള്‍ക്ക് മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപോലീത്തയും റവ.തോമസ് മാത്യു സമൂഹ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. പൊതു സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ നീരണിയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എടത്വാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് നവതി സ്മാരക ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഷോട്ട് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.

ഫോം മാറ്റിംങ്ങിസ് ചെയര്‍മാന്‍ കെ.ആര്‍ ഭഗീരഥന്‍ ആദ്യ തുഴച്ചില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രതിഭാ പുരസ്‌ക്കാരം ബിജു പാലത്തിങ്കല്‍ വിതരണം ചെയ്തു. കമാന്‍ഡര്‍ ജയ് ചാക്കോ ഇലഞ്ഞിക്കല്‍ ഏറ്റവും മുതിര്‍ന്ന തുഴച്ചില്‍ക്കാരെ ആദരിച്ചു. ആര്‍പ്പൂക്കര ബോട്ട് ക്ലബ് ക്യാപ്റ്റന്‍ കെ.സി.ലാല്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. പുതിയ ഷോട്ട് പുളിക്കത്രയുടെ ശില്‍പി സാബു നാരായണന്‍ ആചാരിയ്ക്ക് മോളി ജോണ്‍ പുളിക്കത്ര ഉപഹാരം നല്കി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമള രാജന്‍, ദീപാ ഗോപകുമാര്‍, കേരള റേസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഉമ്മന്‍ മാത്യു, നെഹ്‌റു ട്രോഫി ബോട്ട് റേസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ എസ്.എന്‍.ഇക്ബാല്‍, ബെറ്റി ജോസഫ്, എം.മുഹമ്മദ് വാരിക്കാട്, ജയിംസ് ചുങ്കത്തില്‍, ജോസഫ് ഇളംകുളം എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ജിനോ മണക്കളം സ്വാഗതവും ജോര്‍ജ് ചുമ്മാര്‍ പുളിക്കത്ര കൃതജ്ഞതയും പ്രകാശിപ്പിച്ചു.

നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. എടത്വാ പള്ളി വികാരി റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് പ്രസിഡന്റ് കോശി കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍ ആശാംപറമ്പില്‍ പൗര സ്വീകരണം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയിന്‍ മാത്യൂ, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റജി പി. വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മാലിപ്പുരയില്‍ വള്ളസദ്യയും നടന്നു.

2016 ഓഗസ്റ്റ് 18ന് സാബു നാരായണന്‍ ആചാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തല്‍ കര്‍മ്മം നടത്തിയത്. ഇപ്പോള്‍ നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേകാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്.50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റത്തുഴക്കാരും ഉള്‍പെടെ 60 പേര്‍ക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. ആഞ്ഞിലിത്തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്. ജോര്‍ജ് ചുമ്മാറിന്റെ ഏക മകനായ 6 വയസ്സുള്ള ആദം പുളിക്കത്രയാണ് ‘ഷോട്ട്’ ക്യാപ്റ്റന്‍.

വെപ്പ് വള്ളങ്ങളില്‍ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്പി. 1952 ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളായ പുളിക്കത്ര. ചെറുവള്ളങ്ങളുടെ ജല രാജാവ് ആയ ‘ഷോട്ട് ‘ തിരുത്താന്‍ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്രഖലയില്‍ ചോദ്യം ചെയ്യപെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്.

എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും കൊണ്ട് വീണ്ടും ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാന്‍ തയ്യാറാടെറുക്കുകയാണ് മാലിയില്‍ പുളിക്കത്ര തറവാട്. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും കളി വള്ളം നിര്‍മ്മിച്ചതെന്ന് ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയില്‍ നിന്ന് പൊലീസ് ഫോണിൽ വിളിച്ച് മൊഴിയെടുത്തത് അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള തന്ത്രമെന്ന് റിപ്പോര്‍ട്ട്. അറസ്‌റ്റിലാകുന്നതിന് മുമ്പ് നിരവധി താരങ്ങള്‍ ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

യുവനടി ആക്രമിക്കപ്പെട്ട ദിവസവും അതിനു ശേഷവും പല താരങ്ങളും ദിലീപുമായി ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ശബ്ദ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് പൊലീസ് റിമിയെ ഫോണിൽ വിളിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ആണ് തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതെന്ന് റിമി ടോമി വ്യക്തമാക്കി. ദിലീപുമായുളള സൗഹൃദം, സംഭവത്തിനുശേഷം കാവ്യയുമായി സംസാരിച്ചത്, വിദേശ താരനിശകള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ഫോണില്‍ ആരാഞ്ഞത്. റിമിയുടെ മൊഴിയില്‍ പൊരുത്തക്കേട് ഉള്ളതിനാല്‍, റിമി ടോമിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ നീതിക്കായി വാദിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ സമ്മര്‍ദ്ദത്തിലാകുന്ന റിപ്പോര്‍ട്ട് . ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും ദിലീപും തമ്മില്‍ കോടികളുടെ ഇടപാടുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് എംഎല്‍എയെ വെട്ടിലാക്കുന്നത്. ഒരു പ്രമുഖ ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയ പ്രമുഖനായിരുന്നു പിസി ജോര്‍ജ്ജ്. തുടര്‍ന്ന് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോളും അതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്. അതിന് ശേഷം പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും ദിലീപിന് പിന്തുണയുമായി എത്തിയിരുന്നു. ഷോണ്‍ ജോര്‍ജ്ജിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നതെന്നും രണ്ട് പേരേയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ്  റിപ്പോര്‍ട്ടില്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ്ജിനേയും ചോദ്യം ചെയ്‌തേക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനേയും പരിഹസിച്ചുകൊണ്ടായിരുന്നു അന്ന് പിസി ജോര്‍ജ്ജ് രംഗത്ത് വന്നത്. ആരോപണം ഉയര്‍ത്തി തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും അത്തരത്തില്‍ വിരളാന്‍ വേറെ ആളെ നോക്കണമെന്നുമായിരുന്നു അന്ന് ജോര്‍ജ്ജ് പറഞ്ഞിരുന്നത്.

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ സിപിഎം അക്രമം. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെ 6 കാറുകള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച അര്‍ധരാത്രി ഒന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവ സമയം ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്ഐ അടക്കം 5 പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്.

ആക്രമണത്തിന് പിന്നില്‍ ഡിെൈവഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി. ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്ന് ബിജെപി ആരോപിച്ചു. ഇവരുടെ ദൃശ്യങ്ങള്‍ സിസിക്യാമറയില്‍ പതിച്ചിട്ടുണ്ട്്. അക്രമികള്‍ വന്ന ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച സിവില്‍ പോലീസുകാരന്റെ ബിനുവിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്.

മൂന്നു ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഓഫീസിനു നേരെ അക്രമികള്‍ കല്ലെറിയുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ആക്രണമുണ്ടാകുന്നത്. നേരത്തെ കുമ്മനം കാര്യാലയത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ബോംബാക്രമണം ഉണ്ടയത്. എന്നാല്‍ കുറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഓഫീസിലെത്തിയ അദ്ദേഹം ഈ സമയം ഫയലുകള്‍ പരിശോധിക്കുന്നുണ്ടായിരുന്നു.

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യാമാധവനെ ചോദ്യം ചെയ്തതറിഞ്ഞ് ദിലീപ് കടുത്ത ടെന്‍ഷനിലെന്ന് റിപ്പോര്‍ട്ടുകള്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചിലരില്‍ നിന്നാണ് കാവ്യയെയും അമ്മ ശ്യാമളെയും ചോദ്യം ചെയ്ത വിവരം ദിലീപ് അറിഞ്ഞത്.

ഇവരെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകളും പരന്നിരുന്നു. ഇതോടെ ദിലീപ് ആകെ തളര്‍ന്നെന്നും ഭയത്തോടെ കാവ്യയെ അറസ്റ്റ് ചെയ്യുമോയെന്ന് ചോദിച്ചു എന്നുമാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. ഉറക്കം നഷ്ടപ്പെട്ട താരം ഭക്ഷണം കൃത്യമായി കഴിക്കുന്നില്ലെന്നും ജയില്‍ അധികൃതരെ ഉദ്ദരിച്ചുകൊണ്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപ് അനുഭവിക്കുന്ന അമിത മാനസിക സംഘര്‍ഷം ജയില്‍ വാര്‍ഡന്‍മാര്‍ ജയില്‍ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും തുടര്‍ന്ന് മധ്യമേഖലാ ഡിഐജി ദിലീപിനെ ഉടന്‍ കൗണ്‍സിലിംഗിന് വിധേയനാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ പറയുന്നു. വെള്ളിയാഴ്ച ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ദിലീപിന് ജയിലില്‍ എല്ലാവിധ സഹായവും കിട്ടുന്നു എന്നത് പത്രങ്ങളില്‍ വന്ന വാര്‍ത്ത മാത്രമാണെന്ന് ജയില്‍ എഡിജിപി ശ്രീലേഖ ഐപിഎസ്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്, എഡിജിപി കോഴിക്കോട് പറഞ്ഞു. കോഴിക്കോട് സബ് ജയില്‍ സന്ദര്‍ശിക്കുകയായിരുന്നു അവര്‍.

അതേസമയം ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്  പ്രത്യേക ഭക്ഷണവും വി ഐ പി പരിഗണനയും   നല്‍കുന്നുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. മോഷണ കേസ് പ്രതിയായ സഹതടവുകാരനെ സഹായിയായി നല്‍കിയെന്നായിരുന്നു ആരോപണം.  ജയില്‍ ജീവനക്കാര്‍ക്കായി പ്രത്യേകം തയാറാക്കുന്ന ഭക്ഷണമാണ് താരത്തിന് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.  ദിലീപിന്റെ പാത്രങ്ങള്‍ കഴുകുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും സഹതടവുകാരന്റെ സഹായം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ്  തടവുകാര്‍ ഭക്ഷണം കഴിച്ചതിന് ശേഷമോ കുളിച്ചതിന് ശേഷമോ ആണ്  ദിലീപ് സെല്ലിന് പുറത്തിറങ്ങാറുള്ളത്.  എന്നാല്‍  ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് സഹായികളെ  നല്‍കാറുള്ളത്.

ദിലിപിന് വി ഐ പി  സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. സുരക്ഷാ ഭീഷണി ഉള്ളതിനാലാണ് മറ്റ് തടവുകാര്‍ക്കൊപ്പം കുളിക്കാനോ ഭക്ഷണം കഴിക്കാനോ അനുവദിക്കാത്തത്.  സെല്ലുകളില്‍ ഒരുമിച്ച് കഴിയുന്നവര്‍ സഹായിക്കുന്നത് പതിവാണെന്നും അധികൃതര്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved