Latest News

ഇന്ത്യയില്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് നിര്‍മ്മാണ കമ്പനിയായ അസ്ട്രസെനക(AstraZeneca). യുകെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാണ കമ്പനിയായ അസ്ട്രസെനക ഇക്കാര്യം വെളിപ്പെടുത്തിയത്.

കോവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തത്. ഇത് രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി യുകെയിലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഇത് വിതരണം ചെയ്തത് പൂനെവാല സെറം ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു.

വരാനിരിക്കുന്ന വലിയ നിയമ പോരാട്ടങ്ങളുടെ തുടക്കമാവും ഈ കുറ്റസമ്മതം എന്നാണ് സൂചന. ദി ടെലിഗ്രാഫ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഷീല്‍ഡ് വാക്സിന്‍ നിരവധി കേസുകളില്‍ ഗുരുതരമായ രോഗങ്ങളോ മാരകമായ അവസ്ഥകളോ ഉണ്ടാക്കിയതായി ആരോപിച്ച് അസ്ട്രസെനക പലയിടത്തും നിയമ നടപടികള്‍ നേരിടുന്നുണ്ട്.

ആകെ 51 കേസുകളിലായി ഇരകള്‍ 10 കോടി പൗണ്ട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു. കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്ന് ചൂണ്ടിക്കാട്ടി 2021 ല്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് ഈ കേസിന് തുടക്കമിട്ടതെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇത് അംഗീകരിക്കാന്‍ കമ്പനി തയ്യാറായിരുന്നില്ല. ഇത്തരം തകരാറുകള്‍ വാക്സിന്‍ മൂലമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നായിരുന്നു കമ്പനിയുടെ അഭിഭാഷകര്‍ ഉള്‍പ്പെടെ കോടതിയെ അറിയിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം അവര്‍ ഇപ്പോള്‍ ഇത് അംഗീകരിച്ചതോടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളാണ് ആശങ്കയില്‍ ആയരിക്കുന്നത്.

വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വാക്സിന്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും കാരണമാകും എന്നായിരുന്നു കമ്പനി സമ്മതിച്ചത്. അതേസമയം അസ്ട്രസെനക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്നാണ് ആരോഗ്യ വൃത്തങ്ങള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയും മറ്റു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളും ‘കോവിഷീല്‍ഡ്’ എന്ന പേരിലാണ് ഈ വാക്സിന്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്.

കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്‌പോരില്‍ മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന പോലീസ് നിലപാടില്‍ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവര്‍എല്‍.എച്ച് യദു. പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് യദു പ്രതികരിച്ചു.

തന്നെ അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. എം.എല്‍.എ തന്റെ പിതാവിനെ വിളിക്കുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 15 ഓളം യാത്രക്കാരെ വഴിയിലിറക്കിവിട്ടു. ഒരു സാധരണക്കാരനായിരുന്നു ബസ് തടഞ്ഞതെങ്കില്‍ കേസ് എന്താകുമായിരുന്നുവെന്നും യദു ചോദിച്ചു. അധികാര ദുര്‍വിനിയോഗമാണ് അവര്‍ നടത്തിയതെന്നും യദു വിമര്‍ശിച്ചു.

മേയറുടെ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട തന്റെ സുഹൃത്തുക്കള്‍ വിളിച്ച് സൂക്ഷിക്കണമെന്ന് പറഞ്ഞു. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. ഏതെങ്കിലും തരത്തിലുള്ള തെറ്റ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ പോലീസിനെ വിളിച്ചറിയിക്കുകയല്ലേ ചെയ്യേണ്ടതെന്നും എന്നാല്‍ ഇവിടെ ഗുണ്ടായിസമാണുണ്ടായതെന്നും യദു പറഞ്ഞു.

വളരെ നാളത്തെ സ്വപ്‌നങ്ങൾ ബാക്കിവെച്ച് സ്വപ്‍ന പറന്നകന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ് പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ(24)ണ് മരിച്ചത് .

ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിലേക്കുപോയതാണ്. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. ആലപ്പുഴയിലെത്തിയപ്പോള്‍ മുതല്‍ സൂര്യ ഛര്‍ദിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായെങ്കിലും യാത്രയ്ക്കുള്ള പരിശോധനകള്‍ക്കായി സൂര്യ വിമാനത്താവളത്തിലേക്കുകയറി. അതിനിടെ കുഴഞ്ഞുവീണു. തുടര്‍ന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നു രാത്രിതന്നെ പരുമലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ബന്ധുക്കളോടു യാത്രപറയാനിറങ്ങിയപ്പോള്‍ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്തെങ്കിലും തരത്തിലുള്ള അലര്‍ജി കാരണമാണോ മരണമെന്നു വ്യക്തമല്ല.

തൃശ്ശൂർ: ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ് ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ നാഷണൽ ആർബിറ്റർ കമ്മീഷൻ അംഗം ശുഭ രാകേഷ് ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചെസ്സ് അസോസിയേഷൻ കേരള ജില്ലാ പ്രസിഡന്റ് വി. ശശീധരൻ, സംഘാടക സമിതി രക്ഷാധികാരി കെ. എം. രവീന്ദ്രൻ, വൈസ് ചെയർമാൻ ഇ.എം. വിദുരർ, ചീഫ് കോർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കൺവീനർ സാജു പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.

സതീഷ് കളത്തിൽ 7012490551

ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം.

ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയും സ്ത്രീകളും കുട്ടികളുമടക്കം കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരാണ് മരിച്ച അഞ്ച് പേരും.

ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷന്മാരും ആയിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും തൽക്ഷണം മരിച്ചു.

കാർ വെട്ടി പൊളിച്ച് ഇവരെ പുറത്തെടുക്കുന്നതും വൈകി. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മരിച്ച അഞ്ചു പേരും കാസർകോട് സ്വദേശികളാണ്.

മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ മേയറെ പ്രതിരോധത്തിലാക്കി സിസിടിവി ദൃശ്യങ്ങള്‍. ഡ്രൈവറുടെ ഭാഗത്തുനിന്ന് തെറ്റായ പ്രവൃത്തിയുണ്ടായെങ്കില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍കൂടി ഉചിതമായ നടപടി എടുക്കാമെന്നിരിക്കെ നടുറോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ വിമര്‍ശനം ഉയരുകയാണ്. മേയറുടെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യുടെയും ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ അനുചിതമാണെന്നാണ് വിലയിരുത്തല്‍.

കാര്‍ പാളയത്തുവെച്ച് ബസിന് കുറുകെ ഇട്ട് വാഹനം തടഞ്ഞുവെന്ന് സിസിടിവിയില്‍ വ്യക്തമാണ്. ബസിന്റെ ഇടതുവശത്തു കൂടി ഓവര്‍ ടേക്ക് ചെയ്ത് സീബ്ര ക്രോസിങ്ങില്‍ കൂടി ബസിന് കുറുകെ നിര്‍ത്തുകയായിരുന്നു. ഇത് പരസ്യമായ ഗതാഗത നിയമലംഘനമാണ്. സംഭവം നടക്കുമ്പോള്‍ റെഡ് സിഗ്‌നലാണെന്ന വാദത്തിനും ബലമില്ല. കാരണം വാഹനം തടഞ്ഞിട്ട സമയത്ത് മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതും സിസിടിവിയില്‍ വ്യക്തമാണ്.

മേയറും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന കാറോടിച്ചയാള്‍ ഗതാഗത നിയമം ലംഘിച്ചുവെന്ന് വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഡ്രൈവര്‍ക്കെതിരായ ആരോപണങ്ങള്‍ മേയര്‍ കടുപ്പിച്ചത്. മേയറും എംഎല്‍എ കൂടിയായ ഭര്‍ത്താവും സഞ്ചരിച്ച കാര്‍ നടുറോഡില്‍ പൊതുഗതാഗതം തടസ്സപ്പെടുത്തിയെന്ന വിഷയമായി മാറിയതോടെ ആര്യ ആരോപണം കടുപ്പിക്കുകയായിരുന്നു. ഡ്രൈവറുടെ പ്രവൃത്തി ഗതാഗത നിയമലംഘനത്തിലുപരി സ്ത്രീയ്‌ക്കെതിരായ വിഷയമായി ആര്യാ രാജേന്ദ്രന്‍ പുതിയ മാനം നല്‍കി. ഇതിനൊപ്പം ഡ്രൈവര്‍ ലഹരി ഉപയോഗിച്ചുവെന്നും ഇയാള്‍ക്കെതിരെ മുമ്പും മോശം ഡ്രൈവിങ്ങിന്റെ പേരില്‍ കേസുകളുണ്ടെന്നും മേയര്‍ പറഞ്ഞിരുന്നു. എന്നാല്‍, മെഡിക്കല്‍ പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണം തള്ളിപ്പോയി. മറ്റ് കേസുകള്‍ ഉണ്ടെങ്കിലും മേയറും സംഘവും കാണിച്ച നിയമലംഘനങ്ങള്‍ക്ക് സാധൂകരണമില്ല.

വിഷയത്തില്‍ ഡ്രൈവര്‍ എച്ച്.എല്‍. യദുവിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുമില്ല. അതിനിടെ, ഇയാളെ ഇന്ന് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുമുണ്ട്. സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമായിരുന്നില്ല തര്‍ക്കത്തിനു കാരണമെന്ന് മേയര്‍ ആവര്‍ത്തിക്കുന്നു. പ്ലാമ്മൂട് വച്ച് ബസ് ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്ത സമയത്ത് പിന്‍ സീറ്റില്‍ ഇരുന്ന സഹോദരഭാര്യയെ നോക്കി ലൈംഗിക ചേഷ്ട കാണിച്ചു. ഇതു ചോദിക്കാന്‍ വേണ്ടിയാണു കാര്‍ പിറകേ വിട്ടത്. സ്ത്രീകള്‍ക്കെതിരെ പൊതുസ്ഥലത്ത് ഇത്തരത്തില്‍ അപമര്യാദ പാടില്ലെന്നതിനാല്‍ ഡ്രൈവര്‍ക്കെതിരെ നിയമ നടപടി തുടരുമെന്നും മേയര്‍ വ്യക്തമാക്കുന്നു.

അതേസമയം, വിഷയത്തില്‍ ബസിലെ യാത്രക്കാരുടെ മൊഴി കെ.എസ്.ആര്‍.ടി.സി എടുത്തിട്ടുണ്ട്. ഡ്രൈവറിന് അനുകൂലമായാണ് യാത്രക്കാരുടെ മൊഴിയെന്നാണ് സൂചന. ബസില്‍നിന്ന് എംഎല്‍എ യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം യാത്രക്കാരും ശരിവെച്ചിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരായ ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ലണ്ടൻ .: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി. മത്സരങ്ങൾ തത്സമയം ബിബിസി ടെലികാസ്റ്റ് ചെയ്യും. ഇംഗ്ലണ്ടിലെ വോൾവർഹാംപ്റ്റണിൽ ഏപ്രിൽ 19 ന് മത്സരം തുടക്കം കുറിച്ചു. ഈ സീസണിൽ 9 ടീമുകളാണ് മാറ്റുരയ്ക്കുന്നത് .

അതിൽ മലയാളികളുടെ സ്വന്തം ടീമായ നോട്ടിംഗ്ഹാം റോയൽസും മത്സരിക്കുന്നു.. ഈ സീസണിൽ ആൺകുട്ടികളുടെ മാത്രമല്ലാതെ നമ്മുടെ കേരള പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടീം ഇറക്കാൻ പറ്റിയതിൽ ടീം നോട്ടിംഗ്ഹാം റോയൽസ് സന്തുഷ്ടരാണ്. ഇതിൽ ശക്തരായ മാഞ്ചസ്റ്റർ, വോൾവർഹാംപ്ടൺ എന്നീ ടീമുകൾക്കെതിരെ വമ്പൻ ജയത്തോടെ നോട്ടിങ്ഹാം റോയൽസിന്റെ ഗേൾസ് ടീം ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരങ്ങൾ മെയ് 19 ന് ബർമിംഗ്ഹാംമിൽ വച്ച് നടക്കും.

പങ്കെടുക്കുന്ന ടീമുകളുടെ ലിസ്റ്റ്:ബർമിംഗ്ഹാം ബുൾസ് നോട്ടിംഗ്ഹാം റോയൽസ് ഗ്ലാസ്ഗോ യൂണികോൺസ് വോൾവർഹാംപ്ടൺ വോൾവ്സ് മാഞ്ചസ്റ്റർ റൈഡേഴ്സ് എഡിൻബർഗ് ഈഗിൾസ് കവൻട്രി ചാർജേഴ്‌സ് സാൻഡ്വെൽ കിങ്‌സ് വാൽസാൽ ഹണ്ടേഴ്സ്.


കെയ്റോ ഫിനാൻഷ്യൽ സർവീസ്, ഫസ്റ്റ് കോൾ , ദി ടിഫിൻ ബോക്സ്, ഐഡിയൽ സോളിസിറ്റേഴ്സ്, ന്യുമെറോ യൂനോ മെഡിക്കൽ റിക്രൂട്ട്മെൻറ് , ഒട്ട കൊമ്പൻ വാട്ട് എന്നിവരാണ് സ്പോൺസർമാർ.

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി നേഴ്‌സുമാരുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് അയക്കും. ഏഴുമണിയോടെ മൃതദേഹങ്ങൾ കൊച്ചി, തിരുവനന്തപുരം വിമാനതാവളങ്ങളിൽ എത്തും. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിനി മാജിതാ രതീഷ്, കൊല്ലം കൊട്ടിയം സ്വദേശിനി ഷർജ ഇല്യാസ് എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. ഇരുവരുടെയും ഭർത്താക്കന്മാർ വിവരം അറിഞ്ഞു ഒമാനിൽ എത്തിയിരുന്നു. ഒമാനിൽ ഉണ്ടായിരുന്ന മാജിതായുടെ അമ്മയും മൂന്നു വയസുള്ള ആൺകുട്ടിയും നാട്ടിലേക്ക് തിരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ നിസ്‌വ ആശുപത്രിയിൽ കഴിയുന്ന ഷേർളി ജാസ്മിൻ, മാലു മാത്യു എന്നിവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞതായി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന നിസ്‌വ കെഎംസിസി പ്രവർത്തകർ അറിയിച്ചു.

അവധി ദിവസമായിട്ടും സമയബന്ധിതമായി ഇടപെട്ട് വളരെ വേഗത്തിൽ തന്നെ ഭൗതികശരീരം നാട്ടിലേക്ക് എത്തിക്കാൻ മുൻകൈയെടുത്ത പല സംഘടനകൾക്കൊപ്പം പ്രത്യേകിച്ച് നിസ്‌വ ഇന്ത്യൻ അസോസിയേഷനും, നിസ്‌വ കെ.എം.സി.സി പ്രവർത്തകർക്കും, നേതാക്കൾക്കും നിസ്‌വ ഇന്ത്യൻ അസോസിയേഷൻ അഭിനന്ദനങ്ങൾ അറിയിച്ചു.

മരണപ്പെട്ട രണ്ട് സഹോദരിമാരുടെ ഭർത്താക്കൻമാർക്കുള്ള വിമാന ടിക്കറ്റ് കെ.എം.സി.സിയും ബന്ധുക്കൾക്ക്‌ രണ്ട് ടിക്കറ്റ് കൈരളിയും ഒപ്പം പോകുന്നവർക്കുള്ള രണ്ട് ടിക്കറ്റ് നഴ്സസ് കൂട്ടായ്മയും നൽകി.

മരിച്ച സഹോദരിമാരുടെ ബന്ധുക്കളെയും ഇപ്പോഴും ഹോസ്പിറ്റലിൽ തുടരുന്ന രണ്ടു സഹോദരിമാരെയും പ്രവർത്തകർ എത്തി സമാശ്വാസിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

അവധി ദിവസങ്ങൾ ആയിട്ടും ഇതിന് വേണ്ടി ഒരുമയോടെ മുന്നിട്ടിറങ്ങി പ്രവർത്തിച്ച എല്ലാവർക്കും, എല്ലാവിധ സഹായങ്ങളും ചെയ്ത നിസ്‌വ ഹോസ്പിറ്റലിലെ ഒമാനി സ്റ്റാഫ്‌കൾക്കും, ആർ.ഓ.പി സ്റ്റാഫ്‌കൾക്കും നിസ്‌വ ഇന്ത്യൻ അസോസിയേഷൻ ഒരായിരം നന്ദി അറിയിച്ചു.

ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മേയ് രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര ഉത്തരവിട്ടു. സ്വകാര്യ ട്യൂഷൻ സെൻഡറുകൾ, സ്കൂളുകളിലെ അഡീഷണൽ ക്ലാസുകൾ, സമ്മർ ക്യാമ്പുകൾ എന്നിവയ്ക്കെല്ലാം വിലക്കുണ്ട്. മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികൾക്ക് ഉത്തരവ് ബാധകമല്ല.

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മേയ് മൂന്നുവരെ പാലക്കാട് ജില്ലയിൽ താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊല്ലം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 – 5°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയ ക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദേശം നൽകി. ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തര യോഗംചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും.

ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ ദൈനംദിന പരിശോധന നടത്തും. സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. അത് മേയ് 15 വരെ നീട്ടും. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും.

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകളിൽ കർശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള, സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽനിന്ന് ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേരളത്തില്‍ കൂടുതല്‍ വോട്ട് നേടുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ലെന്നും രാഷ്ട്രീയക്കാരനല്ലാത്തതിന്റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും ന്യൂനപക്ഷം മതിയെന്ന സ്ഥിതിയായിരുന്നു. ന്യൂനപക്ഷ പ്രീണനത്തിന് മൂന്ന് മുന്നണികളും പരസ്പരം മത്സരിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയോട് മത്സരിക്കേണ്ട എന്നാണ് താന്‍ പറഞ്ഞത്. തുഷാറിന് ഈഴവ വോട്ടുകള്‍ മുഴുവനായി കിട്ടാന്‍ ഒരു സാധ്യതയുമില്ല. മുന്നണി നിര്‍ദേശം പാലിച്ചാണ് തുഷാര്‍ മത്സരത്തിന് ഇറങ്ങിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും വെള്ളപ്പള്ളി വ്യക്തമാക്കി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ മത്സരമാണ്. ആരുടെയെങ്കിലും വാക്കുംകേട്ട് ഫലം പ്രവചിക്കാനില്ല. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ട് മേടിച്ചാല്‍ അതിന്റെ ഗുണം ആരിഫിന് ലഭിക്കും. കുറഞ്ഞ വോട്ട് ശോഭ മേടിച്ചാല്‍ അതിന്റെ ഗുണം വേണുഗോപാലിന് കിട്ടും. മുന്‍പ് ബിജെപി നേടിയതിനേക്കാള്‍ വോട്ട് ശോഭാ സുരേന്ദ്രന് കിട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൂടാതെ ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ രണ്ടടി പിന്നോട്ടാണെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. അത്ര ശക്തമായി നിലപാട് ഒന്നും പറഞ്ഞിട്ടില്ല. അതിന് കാരണം റിസോര്‍ട്ട് വിവാദമായിരിക്കാം. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം കാണാറുണ്ട്. പക്ഷേ കാണുന്ന സമയവും രീതിയും പ്രധാനമാണ്. പാര്‍ട്ടിയില്‍ പറഞ്ഞിട്ടാണ് ജാവദേക്കറെ കണ്ടതെങ്കില്‍ തെറ്റില്ല. എന്നാല്‍ പാര്‍ട്ടിയില്‍ അത് പറഞ്ഞിട്ടില്ലെങ്കില്‍ അത് പാര്‍ട്ടി നയം അനുസരിച്ച് തെറ്റ് തന്നെയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved