പശ്ചിമബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താത്കാലിക ജീവനക്കാരി പോലീസില്‍ പരാതി നല്‍കി. രാവിലെ ജോലിസംബന്ധമായ ആവശ്യത്തിന് ഗവര്‍ണറുടെ മുറിയിലെത്തുമ്പോള്‍ അദ്ദേഹം കൈയില്‍ കയറിപ്പിടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.
ഒപ്പമുണ്ടായിരുന്ന സൂപ്പര്‍വൈസറെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവമെന്നും ജീവനക്കാരി ആരോപിച്ചു. ഏപ്രില്‍ 24-മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്. രാജ്ഭവന്‍ വളപ്പിലുള്ള ഹോസ്റ്റലില്‍ താമസക്കാരിയാണിവര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനായി സംസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ആരോപണം. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറുടെ വസതിയാണ് പ്രധാനമന്ത്രിക്ക് ആതിഥേയത്വം വഹിക്കുന്നത്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരായ ആരോപണമെന്ന് ബിജെപി ആരോപിച്ചു.
കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്നെ മോശക്കാരനാക്കി തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാം എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അവരെ ദൈവം തുണയ്ക്കട്ടെയെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. പക്ഷേ, ഇതിലൂടെ പശ്ചിമ ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ തന്റെ പോരാട്ടം തടയായാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാരോപണത്തിന് പിന്നാലെ അനുമതിയില്ലാതെ രാജ്ഭവനിലേക്ക് പോലീസ് പ്രവേശിക്കുന്നത് ഗവര്‍ണര്‍ വിലക്കുകയും ചെയ്തിട്ടുണ്ട്.
നടൻ ജയറാമിന്റെയും നടി പാര്‍വതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയും യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. ഗുരുവായൂർ അമ്പലത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.
അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്ന് തൃശൂരിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര- കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. നടൻ കാളിദാസ് ജയറാമാണ് മാളവികയുടെ സഹോദരൻ. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് ആറ് വരെ അടച്ചിടും, അവധിക്കാല ക്ലാസുകൾക്കും നിയന്ത്രണം, ജാഗ്രത നിർദേശങ്ങൾ സംസ്ഥാനത്തെ ഉയരുന്ന ചൂടും ഉഷ്ണതരംഗവും വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ അവലോകന യോഗത്തിലാണ് തീരുമാനം
ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് മെയ് ആറ് വരെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം.സംസ്ഥാനത്തെ ഉയരുന്ന ചൂടും ഉഷ്ണതരംഗവും വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ അവലോകന യോഗത്തിലാണ് തീരുമാനം.
രാവിലെ 11 മുതൽ ഉച്ചക്കുശേഷം മൂന്നുവരെ സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നും കർശന നിർദേശമുണ്ട്.മാത്രമല്ല പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.വിവിധ ജില്ലകളിലെ സാഹചര്യം ജില്ല കലക്ടർമാർ അവലോകനയോഗത്തിൽ വിശദീകരിച്ചു.
രാവിലെ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. എലിപ്പനി, ഡങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധത്തിൽ കാര്യമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ. വി. വേണു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
അവലോകനയോഗത്തിലെ ജാഗ്രതാ നിർദേശങ്ങൾ
നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യ തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.
ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.
ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടന്നുതന്നെ ചെയ്യണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങൾ/പരിപാടികൾ രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെ നിർബന്ധമായും നടത്തരുത്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് എല്ലാ പൊതുസ്ഥലങ്ങളിലും തണൽമരങ്ങൾ പിടിപ്പിച്ച് സംരക്ഷിക്കണം. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പ്രഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തിൽ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി മഴക്കാല പൂർവ ശുചീകരണം ആരംഭിക്കണം. വേനൽ മഴ ശക്തമാകുന്നതിന് മുമ്പ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കണം.
പൊതു ഇടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കരുത്. കൊതുക് നിർമ്മാർജനം വ്യാപകമായി നടത്തണം. ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഉപയോഗിക്കേണ്ട കെട്ടിടങ്ങൾ സജ്ജമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ശ്രദ്ധിക്കണം. എല്ലാ പൊഴികളും ആവശ്യമായ അളവിൽ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം. ഇത് മെയ് 25ന് മുമ്പായി പൂർത്തീകരിക്കണം.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം. മലവെള്ളപ്പാച്ചിൽ ഉണ്ടാവാൻ ഇടയുള്ള ജലാശയങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകണം.
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികൾ തേടാന്‍ സര്‍ക്കാര്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ നിര്‍ദേശം സര്‍ക്കാര്‍ നിരാകരിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതെ തരമില്ല എന്ന് യോഗത്തില്‍ കെഎസ്ഇബി ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാനാണ് നിര്‍ദേശം. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം.
കെഎസ്ഇബി ഉദ്യോഗസ്ഥരുമായിട്ടുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വൈദ്യുതി മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കും. മറ്റു മാര്‍ഗങ്ങള്‍ എന്തെല്ലാം എന്നു ചര്‍ച്ച ചെയ്യാനായി കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. ഇതിനു ശേഷമാകും വൈദ്യുതി പ്രതിസന്ധിയില്‍ അന്തിമ തീരുമാനമുണ്ടാകുക.
മെയ് 5 ഞായറാഴ്ച കൊടിയേറ്റത്തോടെ പെരുന്നാൾ ഔദ്യോഗികമായി ആരംഭിക്കും. പെരുന്നാളിനോട് അനുബന്ധിച്ചു ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഭിവന്ദ്യ ഡോ . തോമസ് മാർ മക്കാറിയോസ് മെമ്മോറിയൽ ക്വിസ് മത്സരം മെയ് 4 ന് ഓൺലൈൻ ആയി നടത്തപ്പെടുന്നതാണ്.
മെയ് 11 ശനിയാഴ്ച വൈകിട്ട് 6 മുതൽ സന്ധ്യാപ്രാർത്ഥന ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമനസ്സിന്റെ മുഖ്യകാർമികത്വത്തിൽ, ഗാനശുശ്രൂഷ , വചനപ്രഘോഷണം, മാർഗ്ഗംകളി, ആശീർവാദം, സ്നേഹവിരുന്ന് എന്നിവയും നടത്തപ്പെടുന്നു.
മെയ് 12 ഞായറാഴ്ച ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമനസ്സിന്റെ മുഖ്യകാർമികത്വത്തിൽ 8.30 മുതൽ പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, അതിനു ശേഷം ലണ്ടൻ നഗരത്തിലൂടെ ഭക്തി നിർഭരമായ റാസയും, തുടർന്ന് ആശീർവ്വാദവും നടത്തപ്പെടുന്നതാണ്.
അതിനെ തുടർന്ന് വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഇടവക ഗാന പ്രകാശനവും, ഇടവകയുടെ നവീകരിച്ച വെബ്സൈറ്റിന്റെ റിലീസും , വിവിധ ആത്മീയ സംഘനകളുടെ സമ്മാനദാനവും സീനിയർ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും, കൂടാതെ ലക്കി ഡിപ്പും, നേർച്ചവിളമ്പും തുടർന്ന് പെരുന്നാൾ കൊടിയിറക്കും നടത്തപ്പെടും.
ലണ്ടൻ നഗരത്തിൻറെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വിശ്വാസികൾക്ക് ഒരു ആശ്രയകേന്ദ്രമാണ്. ഇംഗ്ലണ്ടിന്റെ കാവൽപിതാവു കൂടിയായ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിൽ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഇടവക വികാരിയും ഭരണസമിതിയും ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. ബിനു പി ജോസ് (വികാരി) +44 7448 976 144
വര്ഗീസ് മത്തായി (ട്രസ്റ്റി) +44 7715 557 016
എൽദോസ് ജേക്കബ് (സെക്രട്ടറി) +44 7846 284 986
ജിഷോ ജോസഫ് (കൺവീനർ) +44 7487 671 256
പെരുന്നാൾ ആചരിക്കുന്ന ദേവാലയ വിലാസം
St. Margaret Pattens Church
Rood Lane, Eastcheap
London, EC3M 1HS
[Name] Vinod Happy Achen Bro
[Mobile] 07846 284986
സേവനം യു കെ യുടെ ബർമിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് കുടുംബ സംഗമത്തിന് മെയ് 4 ശനിയാഴ്ച രാവിലെ 10 മണിക്ക് യു കെ യിലെ. ശിവഗിരി ആശ്രമത്തിൽ ഗുരു പൂജയോട് കൂടി പരിപാടികൾക്കു തുടക്കം കുറിക്കും. സേവനം യു കെ യുടെ ഭജൻസ് ടീം ഗുരുദേവ കൃതികളെ കോർത്തിണക്കി കൊണ്ടുള്ള ഗുരുഭജൻസ്. സമൂഹപ്രാർത്ഥന തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികൾ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
സേവനം യുകെയിൽ പുതിയതായി അംഗങ്ങൾ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സേവനം യു കെ നാഷണൽ എക്സിക്യൂട്ടീവ് അംഗവും ബർമിങ്ങ്ഹാം യൂ ണിറ്റ് പ്രധിനിധിയുമായ സാജൻ കരുണാകരൻ അറിയിച്ചു.. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
സാജൻ കരുണാകരൻ : 07828851527
സജീഷ് ദാമോദരൻ : 07912178127
അപ്പച്ചൻ കണ്ണഞ്ചിറ
‘തിരുവില്ലക്കാട്ട് മന ദാമോദരൻ നമ്പൂതിരിപ്പാട്’ വിട ചൊല്ലുമ്പോൾ സ്റ്റീവനേജുകാരനെന്ന നിലയിൽ ആദ്യമായി എന്റെ മനസ്സിൽ എത്തുക മലയാളി കൂട്ടായ്മ്മയുടെ 2003 ലെ പ്രഥമ തിരുവോണം. അന്ന് 14 കുടുംബങ്ങളുമായി ചേർന്ന് ഓണം കൂടുവാൻ കഴിഞ്ഞതിന്റെ സന്തോഷാനുസ്‌മൃതി എന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും. സ്റ്റീവനേജിന്റെ മലയാളി കുടുംബ ഓണ സംഗമത്തിന് സ്നേഹ വേദിയായി അന്ന് മാറിയത് സുരേഷ് തിരുവില്ല-ലേഖയുടെ ഭവനം. തിരുവോണത്തിന് കാരണവന്മാരുടെ റോളിൽ സുരേഷിന്റെ അച്ഛൻ ദാമോദരൻ നമ്പൂതിരിപ്പാടും, അമ്മ കിള്ളിമംഗലത്ത് മന കുടുംബാംഗം ശാലിനി അന്തർജ്ജനവും. യു കെ യിൽ എത്തിയ ശേഷമുള്ള ഞങ്ങളുടെ ആദ്യ പൊന്നോണം.
ശാലിനി അമ്മയും, ലേഖയും ചേർന്നാലപിച്ച അതിസമ്പന്നമായ ഓണപ്പാട്ടുകളും, പതിറ്റാണ്ടുകളിൽ ‘സ്വദേശി’യും, പിന്നീട് ‘മുംബൈവാല’യായതിനു ശേഷവുമുള്ള പ്രവാസ തിരുവോണ നാളുകളുടെ രസകരമായ ഓർമ്മകൾ പങ്കുവെച്ച ദാമോദരൻ അച്ഛനും ആയിരുന്നു പഴയ ഓർമ്മത്താളുകൾ മറിക്കുമ്പോൾ ഏറെ അനുഭൂതിയുണർത്തുക. കുടുംബത്തിന്റെ പാചക നൈപുണ്യത്തിൽ ഓണ വിഭവങ്ങളുടെ അതുല്യ സ്വാദിന്റെ പൂർണ്ണത രുചിക്കുവാനിടയായ ഗംഭീര സദ്യ. ഓണം ഒരുക്കുകയും, ആതിഥേയത്വം വഹിക്കുകയും ചെയ്ത ‘നമ്പൂതിരിപ്പാട്’ വിട ചൊല്ലുമ്പോൾ സ്റ്റീവനേജ് മലയാളി കുടുംബ മനസ്സുകളിൽ ബാക്കിവെക്കുക ഏറെ സമ്പന്നമായ ‘ഓണ സ്മൃതി ശേഖരങ്ങൾ’ ഒപ്പം ‘സ്നേഹ കലവറകളുടെ പിതൃ സ്പർശവും’.
ബോംബെയിലെ പഴയകാല കലാ-സാഹിത്യ- സാമൂഹ്യ മേഖലകളിലെ നായകനും, ബോംബെ യോഗക്ഷേമ സഭയുടെ സ്ഥാപകനും ആയിരുന്ന ദാമോദരൻ നമ്പൂതിരിപ്പാടിന്, ബോംബെ മലയാളികൾക്കിടയിൽ എന്നും ഒരു ‘അച്ഛൻ’ പരിവേഷമായിരുന്നു ലഭിച്ചിരുന്നത്. ബന്ധങ്ങളുടെ ഊഷ്മളതയിൽ അന്ധേരിയിലെ ദീപ് ടവർ ഹൗസിങ് സൊസൈറ്റിയിൽ താമസിച്ചു വന്നിരുന്ന ദാമോദരൻ അച്ഛനെയും ‘അമ്മ ശാലിനിയെയും ബോംബെ യാത്രക്കിടയിൽ കുടുംബ സമേതം അവിടെയെത്തി കാണുവാനായി കഴിഞ്ഞതിലും അവരുടെ സ്നേഹാർദ്രമായ ആതിഥേയത്വം സ്വീകരിക്കുവാനായതിലും വ്യക്തിപരമായി ഏറെ നന്ദിയും സന്തോഷവും കടപ്പാടും ഉണ്ട്. ‘സ്റ്റീവനേജിലെ മലയാളി തറവാട്ടിലെ ‘അച്ഛനെയും അമ്മയെയും’ കാണുവാൻ സോയിമോനും കുടുംബവും ബോംബെ വസതിയിൽ അവരെ സന്ദർശിച്ചിരുന്നതായി അച്ഛൻ ഒരിക്കൽ പറഞ്ഞിരുന്നു. ധാരാളം ഫോൺ കോളുകളും ആശംസകളും അവരെ തേടി എത്താറുണ്ടായിരുന്നത്രെ. അത്ര ഗാഢമായ സ്നേഹബന്ധം ആണ് അവർ ഞങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്തിരുന്നത്.
എക്കാലത്തെയും ഏറ്റവും ആസ്വദിച്ച ഓണാഘോഷം ഏതെന്നു ചോദിച്ചാൽ പക്ഷെ പഴയ കുടുംബങ്ങൾ സംശയലേശമന്യേ പറയുക 2004 ലെ ഓണാഘോഷമാവും. ‘ദാമോദരൻ അച്ഛനും, ശാലിനി അമ്മയും’ ‘ദേഹണ്ണക്കാരായി’ സോയിമോൻറെ ഭവനത്തിൽ വെച്ച് തയ്യാറാക്കിയ ഓണ സദ്യയെ വെല്ലാൻ നാളിതുവരെ ആർക്കും സാധിച്ചിട്ടില്ല എന്നതാണ് പരമ സത്യം. ദാമോദരനച്ഛനും, ശാലിനി അമ്മയും സജീവിന്റെ വീട്ടിലിരുന്നായിരുന്നു ഓണസാധനങ്ങളുടെ ലിസ്റ്റ് അന്ന് തയ്യാറാക്കിയത്. ജോണി കല്ലടാന്തിയും, റെനിയും, ലൂട്ടൻ ബേബിയും, അനിലും അടക്കം സുഹൃത്തുക്കൾ ലിസ്റ്റനുസരിച്ച് ലൂട്ടനിൽ നിന്നും അരിയും, മസാലകളും പച്ചക്കറികളും, വലിയ പാത്രങ്ങളും, തവയും ഒക്കെയായി എത്തുമ്പോൾ, ഞുറുക്കുവാനും, കഴുകുവാനും, പാചകത്തിനുമായി എല്ലാ മലയാളികളും തന്നെ സോയിമോൻറെ ഭവനത്തിലെത്തിക്കഴിഞ്ഞിരുന്നു. കത്തിയും, കട്ടിങ് ബോർഡും, ചിരവയും, തവികളും, ചട്ടുകങ്ങളും, പാത്രങ്ങളുമായി ഏവരും സന്നിഹിതർ.
പഴയ ഓർമ്മകളിൽ തെളിയുന്നത് ജെയ്‌സൺ, മേരി, സജി പാപ്പച്ചൻ, സജു, സരോ, ബിന്ദു, ഷീജ ദീപക്, ഡെയ്സി, ബേബി ജോസഫ്, ജെസിമോൾ, ലൈസ, അനു, സുരേഷ് …അടക്കം ‘കലവറക്കാർ’. പിന്നെ അടുപ്പുകൾ ആളുന്നതോടൊപ്പം ആർഭാടമായ പാചക കലവറയുടെ പുകയും മണവും തട്ടും മുട്ടും ഒച്ചയും ചിരിയും ചട്ടുകത്തിന്റെ പരുക്കൻ സ്വരങ്ങളും….വീടിന്റെ മൂലയിൽ, കർട്ടനു പിന്നിൽ നിന്ന് ഗ്ലാസ്സുകൾ തമ്മിൽ ഉരസുന്ന ശബ്ദം ഒരു ഹരമായി ഇന്നും ചെവിപടലങ്ങളിൽ ഉണ്ട് !!
ഓണാഘോഷത്തിന് ഒരു ‘ടെംപ്ളേറ്റ്’ തന്നെ നൽകിയതും അച്ഛൻ നമ്പൂതിരിപ്പാടും, അമ്മ ശാലിനി അന്തർജ്ജനവുമാണ്. അന്നത്തെ ആകാര സാമ്യതയോ, കുടവയറോ (?) എന്ത് കൊണ്ടോ എന്നറിയില്ല മഹാബലിയാകാൻ നിയോഗം കിട്ടിയത് എനിക്ക്. ഓണാഘോഷത്തിലെ ‘കൈകൊട്ടിക്കളി’ പിന്നീട് പുതുതലമുറ പേരുമാറ്റിയ ‘തിരുവാതിര’ എന്ന തിരുവോണ നാളിലെ സംഘ നൃത്തത്തിനെ പരിചപ്പെടുത്തുന്നതും, സ്ത്രീകളെ വിളിച്ചു കൂട്ടി പരിശീലനം നൽകുന്നതും, വേദിയിൽ എത്തിച്ചു യവനികക്കു പിന്നിൽ നിർദ്ദേശവുമായി നിൽക്കുന്ന ‘ടീച്ചറമ്മ’ ആയി ശാലിനി അന്തർജ്ജനം. കുട്ടികളുടെയും, വനിതകളുടെയും രണ്ടു ഗ്രൂപ്പുകളായി ടീമുകളെ അണിനിരത്തി ഒരുക്കുക ടീച്ചറമ്മ തന്നെ. പരിശീലനമോ, ദേഹണ്ണമോ എന്തായാലും അച്ഛൻ നേരിട്ട് നിർദ്ദേശം നല്കുകയില്ലെങ്കിലും ‘ഫൈനൽ അപ്രൂവൽ’ അവിടുത്തെ തീരുമാനത്തിലാവും. അമ്മക്കറിയാം അച്ഛന്റെ മനസ്സും ഇംഗിതവും.
സെന്റ് നിക്കോളാസ് ഹാളിൽ ഒന്നുചേർന്നാഘോഷിച്ച പൊന്നോണവും, എക്കാലത്തെയും ഏറ്റവും സ്വാദിഷ്ടമായ ഓണസദ്യയും രുചിച്ചവർക്കു തറവാട്ടു കാരണവരായ പാചകക്കാരനെ വിസ്മരിക്കാനാവില്ലല്ലോ. ഓണ സദ്യയുടെ ‘ആദ്യാന്തം’ നേതൃത്വം നൽകി ഒരുക്കുന്ന ‘രുചിക്കൂട്ട്’ സുരേഷിന്റെ മാതാപിതാക്കളുടെ വിരലുകളിൽ അത്രയേറെ ഭദ്രമായിരുന്നു.
ഡെൽറ്റാമോൾ, ആൻ സൂസൻ, തേജൻ, ടിയാന, അഷ്‌ലിൻ അടക്കം അന്നത്തെ കുട്ടികൾ അരങ്ങു വാണ ആഘോഷത്തിൽ അന്ന് നെടുനായകത്വം വഹിച്ച് നിൽക്കുക ആദരണീയനായ എൽദോസ് കൗങ്ങുംപള്ളി അച്ചൻ. അക്കാലത്തു മലയാളികൾക്കിടയിൽ ആത്മീയ-സാമൂഹ്യ നേതൃത്വം നൽകുക മിക്കവാറും എൽദോസച്ചനാവും. ‘ടെക്നിക്കൽ ഗുട്ടൻസ്’ വശമായിട്ടുള്ള സജീവാണ് അന്നത്തെ ആഘോഷത്തിനും പിന്നീട് അടുത്തടുത്ത വേളകളിലും ശബ്ദവും വെളിച്ചവും നൽകിപ്പോന്നിരുന്നത്. അക്കാലത്ത് ഓണപ്പൂക്കളം ഒരുക്കുക അമ്മയുടെ അവകാശമോ, കടമയോ ആയിരുന്നുവെന്നാണ് തോന്നൽ. ലേഖ ഒപ്പം ഉണ്ടാവും. പിന്നെ വർഷങ്ങളോളം ലേഖയും ആര്യയും ഉമയും ആ പാത പിന്തുടർന്നു.
ഓണനാളുകൾക്കിടയിൽ തന്നെയാവും മിക്കവാറും ദാമോദരൻ അച്ഛനും , അമ്മ ശാലിനിയും ബോംബെയിൽ നിന്ന് സുരേഷിന്റെ ഭവനത്തിലെത്തുക. പല സന്ദർശനങ്ങളിലും ബോംബയിൽ നിന്ന് ആവശ്യപ്പെടുന്ന തിരുവോണത്തിനായുള്ള സാധനങ്ങളും സമാഹരിച്ചു വരുകയാവും അവരുടെ പതിവ്. പലപ്പോഴും സ്വന്തം സാധനങ്ങൾ മാറ്റി വെച്ച് വരേണ്ടി വരുന്ന സ്നേഹമയിയായ ‘ദാമോദരനച്ഛനെ’ അക്കാലത്തെ മലയാളി കുടുംബങ്ങൾ തങ്ങളുടെ ഹൃദയദളങ്ങളിൽ ചേർത്തു വെച്ചിരുന്നതിൽ അത്ഭുതത്തിനു കാരണമില്ല.
2004 ലെ ഓണാഘോഷ വേളയിൽ ജേക്കബ് കീഴങ്ങാട്ട് പറഞ്ഞ വാക്ക് ഇന്നും ഓർമ്മയിലുണ്ട്. ‘ദാമോദരൻ അച്ഛനും ‘അമ്മ ശാലിനിയും സുരേഷിന്റേതെന്ന പോലെ തന്നെ സ്റ്റീവനേജ് മലയാളികളുടെ തറവാട്ട് കാരണവന്മാർ കൂടിയാണ്’ ആ അധികാരവും അവകാശവും ആണ് അവരെ ഏവരുടെയും നാവിൻ തുമ്പത്ത് എത്തുന്ന ‘അച്ഛനും അമ്മയും’ എന്ന വിളിപ്പേര്.
മലയാളികൾക്കിടയിൽ പക്ഷെ മിക്കവാറും എല്ലാവരും തന്നെ ലേഖയുടെ മാതാപിതാക്കളാണിവർ എന്നാണു ഇന്നും കരുതുന്നത്. അത്രമാത്രം ലേഖയോടൊപ്പമാവും കൂടുതൽ ഇഴുകി ചേർന്നു കാണുകയും, അവരുടെ താൽപ്പര്യം നടത്തിക്കൊടുക്കുന്നതും ദർശിക്കാറ്.
തിരുവോണ ഭക്തിഗാനം ആലപിക്കുവാൻ ലേഖക്കും, മക്കൾക്കും നാളിതുവരെ അവകാശം നല്കിപ്പോരുന്ന ‘അസ്സോസ്സിയേഷൻ നയം’ തന്നെ അവരോടുള്ള ആദരവും അംഗീകാരവുമാവാം. യശ്ശശരീരനായ പ്രശസ്ത സിനിമ-സീരിയൽ നടൻ ജീ കെ പിള്ള, യു കെ സന്ദർശനത്തിനെത്തിയപ്പോൾ, അദ്ദേഹത്തിന് സ്റ്റീവനേജിൽ ആദരമായി ഷാൾ അണിയിക്കുവാൻ ഒരിക്കൽ നിയുക്തനായത് സ്റ്റീവനേജിന്റെ കാരണവരായ ദാമോദരൻ അച്ഛനാണ്.
ദാമോദരൻ അച്ഛന്റെ ദേഹ വിയോഗത്തിൽ സ്റ്റീവനേജ് മലയാളികളുടെ ഹൃദയംഗമമായ ആദരാഞ്ജലികളും അനുശോചനവും പ്രാർത്ഥനകളും. വേർപ്പാടിന്റെ വിഷമാവസ്ഥയിൽ ആയിരിക്കുന്ന ‘അമ്മ ശാലിനിക്കും, സുരേഷ്-ലേഖാ കുടുംബത്തിനും സാന്ത്വനത്തിന്റെയും, സമാധാനത്തിന്റെയും, ശക്തിയുടെയും കൃപകൾ ദൈവം ചൊരിയട്ടെ. സ്റ്റീവനേജിന്റെ മലയാളി കൂട്ടായ്മ്മകളിലും അവരുടെ ‘ഖൽബിലും’ ഓരോ ഓണാഘോഷത്തിലും ദാമോദരനച്ചന്റെ അദൃശ്യമായ അനുഗ്രഹ സാന്നിദ്ധ്യം എന്നും ഉണ്ടാട്ടെ. പ്രാർത്ഥനാനിറവിൽ നന്ദിപൂർവ്വം നിത്യശാന്തി നേരുന്നു.
ഗ്ലാസ്ഗോ: ഒരുമയുടേയും, സ്നേഹത്തിന്റേയും തേരിലേറി കലയുടെ നൂപുരധ്വനി മുഴക്കി ഒരു പതിറ്റാണ്ടിന്റെ അജയ്യ കാഹളത്തോടെ മുന്നേറുന്ന കലാകേരളം ഗ്ലാസ്ഗോ ഒരു പിടി മിന്നും പ്രതിഭകളെ അണിനിരത്തിയാണ് ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംഘടനയെ പുതിയ തലങ്ങളിലേക്കെത്തിക്കാൻ ആത്മാർത്ഥത നിറഞ്ഞ ഉറച്ച കാൽവയ്പുകളോടെ ശ്രീ സെബാസ്റ്റ്യൻ കാട്ടടി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അളവറ്റ പിന്തുണയും, അകമഴിഞ്ഞ മനസ്സുമായി വൈസ് പ്രസിഡന്റായി സെലിൻ തോമസ് തിരഞ്ഞെടുക്കപ്പെട്ടു.
സാമൂഹ്യ- സന്നദ്ധ പ്രവർത്തന മേഖലകളിൽ നിപുണത തെളിയിച്ച സോജോ ആൻ്റണി സെക്രട്ടറിയായപ്പോൾ, സൗമ്യതയുടെയും സഹൃദത്തിൻ്റെയും മുഖമായ ഷൈനി ജയൻ ജോയിൻ്റ് സെക്രട്ടറിയായി , പരിചയസമ്പന്നതയുടെ മികവോടെ കലർപ്പില്ലാത്ത കൈപുണ്യവും കലവറയോളം സ്നേഹവും കൈമുതലാക്കിയ ശ്രീ.ഷൈജൻ ജോസഫ് ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കലാകേരളത്തിൻ്റെ തുടക്കം മുതൽ പലകമ്മറ്റി കളിലായി പ്രാവീണ്യം തെളിയിച്ച ശ്രീ രഞ്ജിത്ത് കോയിപ്പള്ളി ആണ് ജോയിൻറ് ട്രഷറർ. കൃത്യവും പക്വവുമായ കാര്യക്ഷമതയും, പ്രവർത്തിപരിചയവും, ഊർജ്വസ്വലതയും കൈമുതലാക്കിയ പുതിയ കമ്മറ്റി അംഗങ്ങൾ കൈകോർക്കുമ്പോൾ കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം കലാകേരളത്തിന് പുതു ചൈതന്യം നിറയ്ക്കാൻ , ഗ്ലാസ്‌ഗോ മലയാളികളുടെ കലാ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ അനുദിനം മുഴങ്ങുന്ന ശബ്ദമായി കലാകേരളം പുതിയ മാനങ്ങൾ കൈവരിക്കും.
മെയ് 12ന് നടത്തുന്ന നഴ്സസ് ദിനാഘോഷത്തോടുകൂടി കലാകേരളത്തിൻ്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരി തെളിയുകയായി. ഒരു ചെറിയ കൂട്ടായ്മ തീർത്ത വലിയ വിജയങ്ങളുടെ ഉൾക്കരുത്ത് എല്ലാ അംഗങ്ങളുടേയും നിസ്വാർത്ഥമായ സ്നേഹത്തിന്റേയും സഹകരണത്തിന്റേയും പ്രതിഫലനമാണെന്ന ഉറച്ച വിശ്വാസത്തോടെ അതിരില്ലാത്ത വിശ്വവിശാലതയുടെ ചിറകിലേറി കലാകേരളമെന്ന നേരിൻ്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് ഇനിയുമിനിയും കലാകേരളം മുന്നോട്ട് …
തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യ കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂർണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1973ൽ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു അത്. തന്നെ ചെസ്സ് കളിക്കാൻ പ്രാപ്തനാക്കിയ വ്യക്തിയായിരുന്നു കളപ്പുരയ്ക്കൽ വാസു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ അന്നാ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞുവെന്നും എൻ. ആർ. പറഞ്ഞു.
ടൂർണമെന്റിൽ, റേറ്റഡ് വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി അനെക്സ് കാഞ്ഞിരവില്ല ചാംപ്യനായി. ഒന്നര ഗ്രാം ഗോൾഡ് കോയിനും കളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ ട്രോഫിയുമാണ് അവാർഡ്. രണ്ടാം സ്ഥാനം മലപ്പുറം സ്വദേശി ബാല ഗണേശൻ കരസ്ഥമാക്കി. അൺറേറ്റഡ് വിഭാഗത്തിൽ തൃശ്ശൂർ സ്വദേശി സവാദ് ഷംസുദ്ദീൻ ചാംപ്യനായി.
അണ്ടർ 15 വിഭാഗത്തിൽ, തൃശ്ശൂർ കുരിയിച്ചിറ സെന്റ്. പോൾസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥി അഹാസ് ഇ.യു. ചാംപ്യനായി. റേറ്റഡ് വിഭാഗത്തിലെ രണ്ടാം സ്ഥാനത്തിനും അൺറേറ്റഡ് വിഭാഗത്തിലും അണ്ടർ 15 വിഭാഗത്തിലും ഓരോ ഗ്രാം ഗോൾഡ് കോയിനുകളാണ് അവാർഡ്. എല്ലാ ജില്ലകളിൽനിന്നും പ്രാതിനിധ്യം ലഭിച്ച ടൂർണമെന്റിൽ, റേറ്റഡ് വിഭാഗത്തിൽ 78 പേരും അൺറേറ്റഡ് വിഭാഗത്തിൽ 103 പേരും അണ്ടർ 15 വിഭാഗത്തിൽ 131 പേരും പങ്കെടുത്തു. 79 അവാർഡുകളിലായി ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽപരം രൂപയുടെ അവാർഡുകളാണ് വിതരണം ചെയ്തത്.
ഏഷ്യൻ ബോഡി ബിൽഡർ താരം ഏ. പി. ജോഷി, ടൂർണമെന്റ് രക്ഷാധികാരികളായ വി. മുരുകേഷ്, കെ. എം. രവീന്ദ്രൻ എന്നിവരും അവാർഡ് വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കോർഡിനേറ്റർ സാജു പുലിക്കോട്ടിൽ, സംഘാടക സമിതി വൈസ് ചെയർമാൻ ഇ.എം. വിദുരർ, പി. വി. സന്തോഷ്, പ്രിയങ്ക ഭട്ട്, സദു, മോഹൻദാസ് ഇടശ്ശേരി, സുബിൻ.കെ. എസ്സ്. എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്ത് മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. മരണകാരണം സൂര്യാഘാതമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ (35), പാലക്കാട് മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി. രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍. ശബരീഷ് (27), തെങ്കര സ്വദേശിനി സരോജിനി (56) എന്നിവരാണ് മരണപ്പെട്ടത്.
ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീര്‍ കളിക്കാനെത്തിയത്. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പാലക്കാട് മണ്ണാര്‍ക്കാട് എതിര്‍പ്പണം സ്വദേശി ശബരീഷിന് ഇന്ന് രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പാലക്കാട് തെങ്കര സ്വദേശിനി സരോജിനി കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവര്‍ തൊട്ടടുത്ത ക്ലിനിക്കിലും പിന്നീട് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം കണ്ണൂരിലും തൃശൂരിലും വയലുകളില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഏക്കറുകണക്കിന് ഭൂമിയണ് കത്തി നശിച്ചത്. രണ്ടിടത്തും ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. പുല്ല് വളര്‍ന്നുനില്‍ക്കുന്ന വയലുകളിലാണ് തീപിടിച്ചത്. വൈകിയും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്. നാല്‍പത് ഏക്കറിലധികം ഭൂമിയിലാണ് തീ പടര്‍ന്നുപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്‌സെത്തിയെങ്കിലും വെള്ളത്തിന്റെ ദൗര്‍ലഭ്യം തീ അണയ്ക്കുന്നതിന് തടസമാകുകയായിരുന്നു. ഇപ്പോഴും പ്രദേശത്താകെ ചുടും പുക പടര്‍ന്ന അവസ്ഥയാണ്.
തൃശൂരിലും സമാന അവസ്ഥ ആയിരുന്നു. പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. ഇവിടെയും ഉണങ്ങിയ പുല്ലായിരുന്നു മുഴുവന്‍. പ്രദേശത്താകെ പുക നിറഞ്ഞതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് മാത്രമാണ് ഇവിടേക്ക് എത്തിയിരുന്നത്. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം.
പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് രേഖപ്പെടുത്തിയത് സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയാണെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. പാലക്കാട് ഉയര്‍ന്ന താപനില സാധാരണയെക്കാള്‍ 3.7 ഡിഗ്രി സെല്‍ഷ്യസ് കൂടുതലും കോഴിക്കോട് ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 3.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ദിവസങ്ങളില്‍ ഈ ജില്ലകളിലും സമീപ ജില്ലകളിലും പ്രത്യേക ശ്രദ്ധ തുടരണം. മറ്റു ജില്ലകളിലും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെ അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.