കഴിഞ്ഞ ദിവസം പള്ളി പെയിന്റിങ്ങിനിടയില് പാത്രിയാര്ക്കാ ചിഹ്നം മറച്ചത് സംഘര്ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പോലീസ് ഇടപെട്ട് പൂര്വസ്ഥിതിയിലാക്കിയതോടെയാണു പ്രശ്നത്തിനു പരിഹാരമായത്. ഓര്ത്തഡോക്സ് വികാരിക്കെതിരേ യാക്കോബായ വിഭാഗത്തി ലെ സ്ത്രീകള് ചൂലുമായി പ്രതിഷേധിക്കാനെത്തിയിരുന്നു. പോലീസ് എത്തിയാണു വികാരിയെ പുറത്തെത്തിച്ചത്. ബൈക്കില് വീട്ടിലേക്കു പോകുന്നതിനിടെ വെണ്ണിക്കുളത്തുവച്ച് വികാരിക്കുനേരെ കൈയേറ്റം നടന്നതിനുപിന്നില് യാക്കോബായ വിഭാഗമാണെന്ന് ഓര്ത്തഡോക്സ് വിഭാഗം ആരോപിച്ചിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള തര്ക്കം സംഘര്ഷത്തിലെത്തി. വൈദികനുനേരെയുണ്ടായ കൈയേറ്റത്തില് ഓര്ത്തഡോക്സ് വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ ഇന്നലെ കാതോലിക്കാ ബാവയാണു പള്ളിയില് കുര്ബാനയര്പ്പിച്ചത്.
കുര്ബാനക്കുശേഷം ഓര്ത്തഡോക്സ് വിഭാഗം പള്ളിയുടെ മുഖവാരത്തെ പാത്രിയാര്ക്കാ ചിഹ്നം വീണ്ടും നീക്കിയെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. യാക്കോബായ വിഭാഗത്തിലെ മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര് ഈവാനിയോസ്, മാത്യൂസ് മോര് അന്തിമോസ്, ഏലിയാസ് മോര് യൂലിയോസ്, സഭാ ട്രസ്റ്റി തമ്പു ജോര്ജ് തുകലന് എന്നിവരും പള്ളിയുടെ ഗേറ്റിനു മുന്നിലെത്തി. പാത്രിയാര്ക്കാ ചിഹ്നം പൂര്വ സ്ഥിതിയിലാക്കാതെ പിരിഞ്ഞുപോവില്ലെന്ന് യാക്കോബായ വിഭാഗം സ്ഥലത്തെത്തിയ പോലീസിനോട് പറഞ്ഞു.
യാക്കോബായ വിഭാഗം വിശ്വാസികള് പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ കാതോലിക്കാ ബാവക്കു മടങ്ങിപ്പോകാന് കഴിഞ്ഞില്ല. മൂവാറ്റുപുഴ ആര്.ഡി.ഒ: എ. ഷാജഹാന്, മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോന്, പുത്തന്കുരിശ് സി.ഐ. എ.എല്. യേശുദാസ് എന്നിവര് യാക്കോബായ വിഭാഗവുമായി ചര്ച്ച നടത്തി പാത്രിയാര്ക്കാ ചിഹ്നം പൂര്വ സ്ഥിതിയിലാക്കാന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് കൊടുത്തു. ഇതിനുശേഷം യാക്കോബായ മെത്രാപ്പോലീത്തമാര് സമീപത്തെ ചാപ്പലിലേക്ക് മടങ്ങി.
ഇതിനുശേഷം കാതോലിക്കാ ബാവക്ക് മടങ്ങിപ്പോകാന് പോലീസ് സംരക്ഷണം നല്കാന് തയാറായെങ്കിലും യാക്കോബായ വിശ്വാസികളെ റോഡരികില്നിന്നു പൂര്ണമായും മാറ്റിയാല് മാത്രമേ പോകാന് കഴിയുകയുള്ളുവെന്ന നിലപാട് സ്വീകരിച്ചതോടെയാണ് സംഘര്ഷാവസ്ഥ നീണ്ടുപോയത്. ഓര്ത്തഡോക്സ് വിഭാഗം പള്ളി കോമ്പൗണ്ടിലും, യാക്കോബായ വിഭാഗം റോഡിലും മുദ്രാവാക്യം വിളിച്ച് നിലയുറപ്പിച്ചു.
ഒടുവില് വൈകിട്ട് അഞ്ചരയോടെയാണു കനത്ത പോലീസ് സംരക്ഷണത്തില് ബാവയും ഡോ. തോമസ് മാര് അത്താനാസിയോസ് മെത്രാപ്പോലീത്തയുള്പ്പടെയുള്ളവര് മടങ്ങിയത്. ഇതിനുശേഷം പള്ളി കോമ്പൗണ്ടില്നിന്നും യാക്കോബായ വിശ്വാസികള്ക്കു നേരെ കല്ലേറ് ഉണ്ടായെന്ന പരാതിയുണ്ടായി. സംഘര്ഷാവസ്ഥ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നിര്ദേശാനുസരണം ആര്.ഡി.ഒയുടെ സാന്നിധ്യത്തില് പള്ളി പൂട്ടിയത്.
തര്ക്കത്തിനു കാരണം വിശ്വാസ ധ്വംസനം: യാക്കോബായ സഭ
കൊച്ചി: വരിക്കോലി സെന്റ് മേരീസ് പള്ളിയിലുണ്ടായ തര്ക്കങ്ങള്ക്കു കാരണം ഓര്ത്തഡോക്സ് സഭാ നേതൃത്വത്തെ വഴിതെറ്റിക്കാന് ശ്രമിക്കുന്ന ചിലരാണെന്നു യാക്കോബായ സുറിയാനി സഭാ ട്രസ്റ്റി തമ്പു ജോര്ജ് തുകലന്.
തങ്ങളുടെ വിശ്വാസാചാരങ്ങള് പാലിക്കാത്ത വൈദികരെ ഇടവകക്കാര് സ്വീകരിക്കില്ലെന്ന യാഥാര്ഥ്യം അംഗീകരിക്കാന് ഇനിയെങ്കിലും ഓര്ത്തഡോക്സ് നേതൃത്വം തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.