തിരുവനന്തപുരം: പോലീസിന്റെ ക്രമസമാധാനപാലനവും നിരീക്ഷണവും ഇനി ഉന്നത ഉദ്യോഗസ്ഥര്‍ക്കു തത്സമയം വീക്ഷിക്കാം. തല്‍ക്ഷണം ഇടപെട്ടു നിര്‍ദേശവും നല്‍കാം. യൂണിഫോമില്‍ അത്യാധുനിക നിരീക്ഷണക്യാമറകള്‍ ഘടിപ്പിക്കുകയാണ്. ഇതോടെ, പട്രോളിങ്ങും അനുബന്ധപ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോലീസിനെ സുതാര്യമാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതിക്കു പോലീസ് ആസ്ഥാനത്ത് തുടക്കമായി. ഉദ്യോഗസ്ഥര്‍ക്ക് ക്യാമറകള്‍ െകെമാറി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം തന്നെ പദ്ധതി സംസ്ഥാനത്തു നടപ്പാക്കുമെന്നു അദ്ദേഹം പറഞ്ഞു. ബ്രോഡ്കാസ്റ്റിങ് സംവിധാനമുള്ള ക്യാമറകളാണ് പോലീസ് ഉപയോഗിക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് എന്ന മിനിരത്ന കമ്പനിയാണ് ഇവ നിര്‍മിച്ചത്. തല്‍സമയ ദൃശ്യങ്ങളാണു ഇതിന്റെ സവിഷേത. 4 ജി സിം ഉപയോഗിച്ച് ക്യാമറാദൃശൃങ്ങളും ശബ്ദവും ജി.എസ്.എം. സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയയ്ക്കാം. ക്രമസമാധാനപാലനവേളയില്‍ ജില്ലാ പോലീസ് മേധാവി, റേഞ്ച് ഐജി, എഡി ജി.പി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് ഈ ദൃശ്യങ്ങള്‍ കാണാനും നിര്‍ദേശം നല്‍കാനും സാധിക്കും.

സീനിയര്‍ ഓഫീസര്‍ക്ക് ക്യാമറ ഘടിപ്പിച്ച പോലീസ് ഓഫീസറോടും തിരിച്ചും പുഷ് ടു ടാക് സംവിധാനം വഴി സംസാരിക്കാനാവും. ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനും കഴിയും. ഇവയ്ക്കുപുറമേ, 64 ജിബി മെമ്മറിയുള്ള ക്യാമറകളില്‍ ഓഡിയോ വീഡിയോ റെക്കോഡിങ് സൗകര്യമുള്‍പ്പെടെ മറ്റു സാധാരണ ക്യാമറകളിലുള്ള സംവിധാനങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോഡിങ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയും. എ.ഡി.ജി.പി: ആനന്ദകൃഷ്ണന്‍, ഐ.ജിമാരായ മനോജ് എബ്രഹാം, ദിനേന്ദ്ര കശ്യപ്, സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.