നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ രാമലീലയ്ക്ക് തീയേറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ദിലീപ് അനുകൂലികളും മാത്രമാണ് ചിത്രം കാണാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യദിനമായ ഇന്ന് ഭൂരിഭാഗം തിയേറ്ററുകളിലും കുടുംബ പ്രേക്ഷകര്‍ എത്തിയിട്ടില്ല. കൊച്ചിയിലെ തീയേറ്ററില്‍ അണിയറ പ്രവര്‍ത്തകരും ഫാന്‍സുകാരും മാത്രമാണ് എത്തിയത്. ഫാന്‍സ് അസോസിയേഷന്‍ റിലീസിംഗ് ആഘോഷമാക്കാന്‍ ശ്രമിച്ചെങ്കിലും വലിയ ഓളമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പാലഭിഷേകമടക്കമുള്ള ആഘോഷപരിപാടികള്‍ക്ക് ഫാന്‍സുകാരും പിആര്‍ ഏജന്‍സികളും നേതൃത്വം നല്‍കി. എന്നാല്‍ തീയറ്ററുകളില്‍ ചലനമുണ്ടാക്കാന്‍ ഇതിന് സാധിച്ചില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീല സംവിധാനം ചെയ്യുന്നത്. സച്ചിയുടേതാണ് തിരക്കഥ. കേരളത്തിലെ സമകാലിക രാഷ്ട്രീയരംഗത്തെ ചുറ്റിപ്പറ്റിയാണ് കഥ. ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി ഒരു അഭിഭാഷകനാണ്. തന്റെ വക്കീല്‍ ജീവിതം ഉപേക്ഷിച്ച് നിര്‍ബന്ധിതമായ ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതാണ് കഥ. രാമലീലയിലൂടെ രാധിക ശരത് കുമാര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. പ്രയാഗ മാര്‍ട്ടിന്‍, രണ്‍ജി പണിക്കര്‍, സലിം കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍.
മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം ഇനിമുതല്‍ അമൃത ടിവിക്ക്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്നതും മറ്റു ചില പ്രോജക്റ്റുകളും ഉള്‍പ്പെടെയുള്ള ആറോളം സിനിമകളായിരിക്കും അമൃത ടിവി വാങ്ങുക. അക്കാര്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് പുറ്ത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നകാര്യം മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുമില്ല.
കഴിഞ്ഞ കാലത്തുണ്ടായ ചാനല്‍-സിനിമാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാലും ആശിര്‍വാദ് സിനിമാസും ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സിനിമാ രംഗത്തുനിന്നും വരുന്ന സൂചന. മോഹന്‍ലാല്‍ ലാല്‍സലാം എന്ന പേരില്‍ അമൃത ടിവിയില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്. ഇതു രണ്ടും കൂട്ടി വായിക്കുമ്പോള്‍ അമൃതയുമായി താരം ബിസിനസ് ബന്ധം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാന്‍.
കൊല്ലം: കുളത്തൂപ്പുഴയില്‍ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഏഴ് വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ മുതലാണ് കുട്ടിയെ കാണാതായത്. ട്യൂഷന്‍ ക്ലാസില്‍ പോയ കുട്ടി തിരികെയെത്തിയിരുന്നില്ല. നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപമുള്ള ആര്‍പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ ബന്ധുവായ രാജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കൊപ്പമാണ് കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം താന്‍ തന്നെയാണ് കൊന്നതെന്ന് രാജേഷ് പോലീസിനോട് സമ്മതിച്ചു. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് ഇയാള്‍. കുട്ടിയോടൊപ്പം ഇയാളെയും കാണാതായിരുന്നു.
കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ഏരൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇയാളുടെയും കുട്ടിയുടെയും ഫോട്ടോ സോഷ്യല്‍മീഡിയയിലടക്കം നല്‍കിയാണ് തെരച്ചില്‍ നടത്തിയത്. ഇന്നലെ രാത്രിയോടെ രാജേഷിനെ കുളത്തൂപ്പുഴയ്ക്ക് സമീപത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ ന്ിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റബര്‍ ഷെഡില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വാഷിംഗ്ടണ്‍: സെലിബ്രിറ്റികളുടെയും മോഡലുകളുടെയും നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് ശ്രദ്ധേയമായ പ്ലോബോയ് മാസികയുടെ സ്ഥാപകന്‍ ഹ്യൂ ഹെഫ്‌നര്‍ അന്തരിച്ചു. 91 വയസായിരുന്നു. പ്ലേബോയ് മാന്‍ഷന്‍ എന്നറിയപ്പെട്ടിരുന്ന ലോസ് ഏന്‍ജലസിലെ വസതിയിലായിരുന്നു ഹെഫ് എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഹെഫ്‌നറുടെ അന്ത്യം. 60 വര്‍ഷം മുമ്പാണ് ഹെഫ്‌നര്‍ പ്ലേബോയ് മാസിക ആരംഭിച്ചത്. 1926 ഏപ്രില്‍ 9നാണ് ഇദ്ദേഹം ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് രണ്ട് വര്‍ഷം സൈനികസേവനം അനുഷ്ഠിച്ചു. പിന്നീട് എസ്‌ക്വയര്‍ മാസികയില്‍ കോപ്പിറൈറ്ററായി പ്രവര്‍ത്തിച്ചിരുന്നു.
പുരുഷന്‍മാര്‍ക്കു വേണ്ടിയുള്ള വിലകൂടിയ മാസികയായി ആരംഭിച്ച പ്ലോബോയ് സ്ത്രീകളുടെ നഗ്നചിത്രങ്ങളും ആഴമേറിയ ലേഖനങ്ങളും സാഹിത്യവും അഭിമുഖങ്ങളും അടങ്ങിയവയായിരുന്നു. 1953ല്‍ പ്രസിദ്ധീകരണം ആരംഭിച്ച മാസിക കുറഞ്ഞ കാലത്തിനുള്ളില്‍ വലിയൊരു ബ്രാന്‍ഡായി മാറി. 8000 ഡോളര്‍ മൂലധനവുമായാണ് പ്ലേബോയ് പ്രസിദ്ധീകരണം ആരംഭിച്ചത്. മര്‍ലിന്‍ മണ്‍റോയുടെ നഗ്നചിത്രം പ്രസിദ്ധീകരിച്ച ഡിസംബര്‍ പതിപ്പിന് വായനക്കാരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ പതിപ്പ് മാത്രം 50,000 കോപ്പികള്‍ വിറ്റഴിഞ്ഞു.
കനത്ത ലേഖനങ്ങള്‍ക്കും കലാ, രാഷ്ട്രീയ, സിനിമാ മേഖലകളില്‍ നിന്നുള്ള പ്രമുഖരുടെ അഭിമുഖങ്ങള്‍ക്കുമൊപ്പം നഗ്നസുന്ദരികളുടെ ചിത്രങ്ങള്‍ നല്‍കിയാണ് പ്ലേബോയ് കളംപിടിച്ചത്. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിന്റെ അഭിമുഖം 1965ല്‍ മാസികയില്‍ പ്രത്യക്ഷപ്പെട്ടു. പ്രമുഖരായ സാഹിത്യകാരന്‍മാരുടെ സൃഷ്ടികളും ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. നിരവധി സിനിമകളിലും ഹെഫ്‌നര്‍ മുഖംകാട്ടിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായി ആദ്മി പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നു. അതിന്‍ പ്രകാരം 29.9.2017 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം നോര്‍ത്തിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഫീസ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപരോധിക്കും. ഉപരോധം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അഡ്വ. സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും.
ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ മറവില്‍ നടക്കുന്നതെന്നും കര്‍ശന നടപടിയെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍.
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് എന്ന സ്ഥാപനം നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച് സെബിയുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്നാണ് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ചിട്ടിഫണ്ടുകളുടെയും സ്വര്‍ണ നിക്ഷേപങ്ങളുടെയും പേരില്‍ ഉള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് പെരുകിവരികയാണ്. സെന്റ് ജോസഫ് സാധുജനസംഘം, ചാലക്കുടി കേന്ദ്രമായ ഫിനോമിനല്‍ ഗ്രൂപ്പ്, നിര്‍മ്മല്‍ ചിട്ടിഫണ്ട് മുതലായ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചുവരികയാണ്. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് വഴിമുട്ടി നില്‍ക്കുന്നത്. എന്നാല്‍, ഇതിനേക്കാളെല്ലാം ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ പേരില്‍ നടക്കുന്നതെന്നും സിഡി ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടറെന്നും വിഎസ് ചൂണ്ടികാണിക്കുന്നു.
ഇതു സംബന്ധിച്ച് താന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനും കേന്ദ്ര ധനകാര്യ ഏജന്‍സികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ, യുഡിഎഫ് സര്‍ക്കാര്‍ ഇതിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വിഎസ് പറയുന്നു. ഈ കാലയളവിലും ലക്ഷക്കണക്കിന് ആളുകള്‍ തട്ടിപ്പിന് വിധേയരായിക്കൊണ്ടിരുന്നു.
2017 ജൂണ്‍ 30ന് കൂടിയ എസ്എല്‍സിസി യോഗത്തില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് എന്ന അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപനം സ്വര്‍ണ നിക്ഷേപങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുകയുടെ മറവില്‍ ഡിപ്പോസിറ്റ് സ്‌കീമുകള്‍ നടത്തുന്നതായി സെബി റിപ്പോര്‍ട്ട് ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും സെബി അറിയിച്ചു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 998.4 കോടി രൂപ പൊതുജനങ്ങളില്‍നിന്ന് ഈ സ്ഥാപനം സ്വര്‍ണ നിക്ഷേപത്തിനുള്ള അഡ്വാന്‍സായി പിരിച്ചെടുത്തിട്ടുണ്ട്.
എന്നാല്‍ ഇതേ കാലയളവിലെ ഈ സ്ഥാപനത്തിന്റെ വിറ്റുവരവ് വെറും 66.3 കോടിയാണ്. വില്‍ക്കാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വെറും 35.26 കോടിയുടേതുമായിരുന്നു. കണക്കിലെ ഈ വലിയ അന്തരവും അതുമൂലം നിക്ഷേപകര്‍ക്ക് ഉണ്ടാകാവുന്ന ഭീമമായ നഷ്ടവും സെബി ചൂണ്ടിക്കാണിച്ചിരുന്നു. 1934ലെ ആര്‍ബിഐ ആക്റ്റിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ നിയമവിരുദ്ധ സ്ഥാപനം ഇപ്പോഴും പരസ്യങ്ങളിലൂടെ പൊതുജനങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണ്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ പ്രസ്തുത യോഗം തുടര്‍ നടപടി സ്വീകരിക്കാനുള്ള ചുമതല റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും സംസ്ഥാന പോലീസ് വകുപ്പിനെയും ഏല്‍പ്പിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് ആധികാരികമായ വിവരം ഉത്തരവാദിത്വപ്പെട്ടവരില്‍നിന്നുതന്നെ ലഭിച്ചിട്ടും ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന പോലീസ് നടപടി തീരെ ശരിയല്ലെന്നും വിഎസ് ആരോപിക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. വീഡിയോ കോൺഫറൻസിംഗ് വഴിയാകും വീണ്ടും 14 ദിവസത്തേക്കുകൂടി റിമാൻഡ് പുതുക്കുക. രാവിലെ 11ന് അങ്കമാലി കോടതിയിലാകും നടപടികൾ. ദിലീപ് സമർപ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഹർജിയിൽ അടുത്തയാഴ്ച ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും. അതേ സമയം ദിലീപ് നായകനായ രാമലീല എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും
യെമനില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലില്‍ ഒന്നര വര്‍ഷത്തിന് ശേഷം മാതൃരാജ്യത്ത് വിമാനമിറങ്ങി. റോമില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിയ അദ്ദേഹം 7.26 ന് ഡല്‍ഹിയില്‍ വിമാനമിറങ്ങി. അദ്ദേഹത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഡല്‍ഹി ബിഷപ്പും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇന്ന് അദ്ദേഹം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയശേഷം നാളെ കേരളത്തില്‍ എത്തും.
വിമാനത്താവളത്തില്‍ നിന്നും ബിഷപ്പ് ഹൗസിലേക്കാണ് അദ്ദേഹം പോകുന്നത്. അവിടെ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം പതിനൊന്നു മണിയോടെ പ്രധാനമന്ത്രിയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തും. അതിന് ശേഷമാകും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച. വൈകിട്ട് 4.30 യോടെ മാധ്യമങ്ങളെ കാണും. വത്തിക്കാനില്‍ നിന്നുള്ള പുരോഹിത സംഘവും ടോം ഉഴുന്നാലിനൊപ്പം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. വത്തിക്കാന്‍ എംബസിയുടെ വിരുന്നിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
വൈകിട്ട് ഡോണ്‍ബോസ്‌ക്കോ ഹൗസിലേക്ക് പോകുന്ന അദ്ദേഹം അവിടെ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കാളികളാകും. നാളെ ബാംഗ്‌ളൂരിലേക്കും അവിടെ നിന്നും ഒന്നാം തീയതി കേരളത്തിലേക്കും എത്തും. റോമിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സംയുക്ത ശ്രമങ്ങളില്‍ രണ്ടാഴ്ച മുമ്പാണ് ഉഴുന്നാലിനെ ഒമാന്റെ സഹായത്തോടെ മോചിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം റോമിലേക്ക് പോകുകയായിരുന്നു. കേരളത്തിലേക്ക് നേരിട്ട് പോരാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും രാജ്യത്തിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം പ്രധാനമന്ത്രിയെയും വിദേശകാര്യമന്ത്രിയെയും കാണാന്‍ തീരുമാനം എടുത്തത്.
ഒന്നരവര്‍ഷം മുമ്പ് യെമനില്‍ വെച്ചായിരുന്നു ഐഎസ് തീവ്രവാദികള്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്. യെമനില്‍ എംബസി ഇല്ലാതിരുന്നതിനാല്‍ ഇന്ത്യയ്ക്ക് മോചിപ്പിക്കല്‍ ജോലി ഏറെ ദുഷ്‌ക്കരമായിരുന്നു. ഒടുവില്‍ കേന്ദ്രത്തിന്റെയും വത്തിക്കാന്റെയും ഇടപെടലില്‍ ഒമാന്റെ സഹായത്തോടെ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ടോം ഉഴുന്നാലിനെ മോചിപ്പിക്കാനായത്. തട്ടിക്കൊണ്ടു പോകലിന് ഇരയായതിന് പിന്നാലെ കേരളത്തിലെ വിവിധ പള്ളികളില്‍ അദ്ദേഹത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു
ഗള്‍ഫില്‍ ഗാര്‍ഹിക തൊഴിലാളികളായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസമായി പരിഷ്‌കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തിന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നതാണ് പുതിയ നിയമം.
വീട്ടുജോലിക്കാര്‍, ബോട്ട്‌തൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ പരിശീലകര്‍, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍, ഗാര്‍ഡുകള്‍ തുടങ്ങി 19 തൊഴില്‍ വിഭാഗങ്ങള്‍ക്കാണ് പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. പുതിയ നിയമമനുസരിച്ച് നടപടികള്‍ പുനക്രമീകരിക്കാന്‍ ഏജന്‍സികള്‍ക്ക് ആറു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എല്ലാവിധ ചൂഷണങ്ങളും പുതിയ നിയമത്തിലൂടെ തടയാനാകും.
നിയമത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:
: ഗാര്‍ഹികത്തൊഴിലാളിയുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സ്
: ആഴ്ചയില്‍ ഒരു ദിവസം അവധി
: വര്‍ഷത്തില്‍ 30 ദിവസം ശമ്പളത്തോടുകൂടി അവധി
: പാസ്‌പോര്‍ട്ടടക്കമുള്ള വ്യക്തിഗത രേഖകള്‍ കൈവശം വെയ്ക്കാനുള്ള അവകാശം
: എട്ട് മണിക്കൂര്‍ തുടര്‍ച്ചയായതടക്കം ദിവസം 12 മണിക്കൂര്‍ വിശ്രമ സമയം
: മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
: വര്‍ഷം 30 ദിവസം മെഡിക്കല്‍ ലീവ്
: രണ്ടു വര്‍ഷം കൂടുമ്പോള്‍ വീട്ടില്‍ പോകാന്‍ വിമാന ടിക്കറ്റ്
: അനുയോജ്യമായ താമസസ്ഥലം
: തൊഴിലുടമയുടെ ചിലവില്‍ നല്ല ഭക്ഷണം
: വസ്ത്രം വാങ്ങാന്‍ ശേഷിയില്ലെങ്കില്‍ തൊഴിലുടമയുടെ ചിലവില്‍ നല്‍കണം
: ജോലിയുടെ സ്വഭാവം, ജോലിസ്ഥലം, ശമ്പളം തുടങ്ങിയ എല്ലാ കാര്യങ്ങളും സ്വന്തം രാജ്യത്ത് നിന്ന് പോരും മുന്‍പ് തൊഴിലാളിയെ അറിയിച്ചിരിക്കണം. ഇതില്‍ വീഴ്ച വന്നാല്‍ തിരിച്ചു പോകാനുള്ള അവകാശം തൊഴിലാളിക്കുണ്ട്. ഇതിനുള്ള ചിലവ് ഏജന്‍സി വഹിക്കണം.
: ആദ്യത്തെ ആറുമാസത്തെ പ്രൊബേഷന്‍ പിരിഡില്‍ തൊഴിലുടമ പിരിച്ചു വിട്ടാല്‍ പൂര്‍ണ്ണ ചിലവ് ഏജന്‍സി വഹിക്കണം.
: എല്ലാ മാസവും പത്താം തിയതിക്ക് മുന്‍പ് ശമ്പളം നല്‍കണം
: ശമ്പളത്തില്‍ നിന്ന് പണം പിടിക്കാന്‍ പാടില്ല. ഏതെങ്കിലും നാശ നഷ്ടത്തിന് പണം ഈടാക്കണമെങ്കില്‍ കോടതിയുടെ അനുമതി തേടണം.
: തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ട്രിബ്യൂണലുകളെ സമീപിക്കാം. രണ്ടാഴ്ചയ്ക്കുളളില്‍ തീരുമാനമായില്ലെങ്കില്‍ കോടതിയിലേയ്ക്ക് കേസ് മാറും. കോടതി ചിലവുകള്‍ സൗജന്യം.
: ജോലി വിടുന്നതിന് മുന്‍പ് മന്ത്രാലയത്തെ 48 മണിക്കൂറിനുള്ളില്‍ അറിയിക്കണം
: ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഏജന്‍സിയുടെ കത്ത് മന്ത്രാലയത്തെ കാണിക്കണം. എന്നാണ് നാട്ടിലേയ്ക്ക് തിരിച്ചു പോകാനാവുക എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു യാതൊരു സത്യങ്ങളും തനിക്കു അറിയില്ലെന്നും, ദിലീപിന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും നാദിര്‍ഷ തന്നോട് ഉറപ്പിച്ച് പറഞ്ഞതായി ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി, നാദിര്‍ഷ ഇതുമായി ബന്ധപ്പെട്ട് തന്നോട് മണിക്കൂറുകളോളം സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
“താന്‍ അഞ്ചു നേരം നിസ്കരിക്കുന്ന ഒരു ഇസ്ലാമാണ്, എന്‍റെ വാക്കുകള്‍ സത്യത്തിന്‍റെതാണ്, അതില്‍ കള്ളമില്ല , ജീവിതത്തില്‍ ഒരിക്കലും കള്ളം പറയാന്‍ എനിക്ക് കഴിയില്ല,” തെറ്റ് ചെയ്യാത്ത ദിലീപിനെ ഒരിക്കലും തനിക്ക് വഞ്ചിക്കാന്‍ കഴിയില്ലെന്നും നാദിര്‍ഷ തന്നോട് പറഞ്ഞിരുന്നതായി ഷോണ്‍ ജോര്‍ജ്ജ് പറയുന്നു. ഒരു ചാനലിലെ ന്യൂസ് അവറില്‍ സംസാരിക്കുമ്പോഴായിരുന്നു നാദിര്‍ഷ പങ്കുവച്ച കാര്യങ്ങളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്ജ് വിശദീകരിച്ചത്.