മലയാളം സിനിമയ്ക്ക് യുകെ യൂറോപ്പ് മേഖലകളില്‍ വ്യവസായ പ്രചാരണത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നതിനുള്ള ഇന്ത്യവുഡ്‌സ് ഫിലിം കാര്‍ണിവല്‍ അച്ചീവ്‌മെന്റ് അവാര്‍ഡിന് ആര്‍എഫ്ടി ഫിലിംസ് ഡയറക്ടര്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ അര്‍ഹനായി. ഇന്ത്യന്‍ സിനിമകളെ ലോകോത്തര വ്യവസായങ്ങളുമായി കോര്‍ത്തിണക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 1 മുതല്‍ 4 വരെ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഫിലിം കാര്‍ണിവലില്‍ വെച്ച് യാഷ് ചോപ്ര ഫിലിം കമ്പനി സിഇഒ അവാര്‍ഡ് സമ്മാനിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയെ യുകെ യൂറോപ്പ് മേഖലകളില്‍ വിതരണം ചെയ്യുന്നതില്‍ ആര്‍എഫ്ടി ഫിലിംസ് മുഖ്യ പങ്ക് വഹിക്കുന്നു. പുലിമുരുകന്‍, ചാര്‍ലി, ടു കണ്‍ട്രീസ്, ഉദാഹരണം സുജാത എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ യുകെ മലയാളികള്‍ക്ക് മുന്നില്‍ എത്തിച്ച് ആര്‍എഫ്ടി ഫിലിംസ് ക്രിസ്തുമസ് ന്യൂഇയര്‍ റിലീസ് ആയി ഒരുപിടി നല്ല ചിത്രങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വരും നാളുകളില്‍ മലയാള സിനിമ യുകെയില്‍ എല്ലാ സ്ഥലങ്ങളിലും എത്തിക്കുന്നതിനോടൊപ്പം യുകെയിലെ സിനിമാ അഭിനയ പ്രേമികള്‍ക്കായി മലയാള സിനിമയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി സിനിമ വര്‍ക്ക്‌ഷോപ്പ് നടത്തുന്നതിനായി ആലോചിക്കുന്നതായും അവാര്‍ഡിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ പറഞ്ഞു.

മലയാള സിനിമയെ സ്‌നേഹിക്കുന്ന യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു പൊന്‍തൂവലാണ് ഈ അവാര്‍ഡ്. മറ്റു ബിസിനസുകളോടൊപ്പം സിനിമാ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന റൊണാള്‍ഡ് തൊണ്ടിക്കല്‍ പാലാ കടപ്ലാമറ്റം സ്വദേശിയാണ്. യുകെയില്‍ ലിവര്‍പൂളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.