ഒരു പുതിയ ഭൂഖണ്ഡാന്തര ദീർഘദൂര മിസൈൽ ഉൾപ്പെടെ ഉത്തര കൊറിയയുടെ സൈനിക കരുത്ത് വിളിച്ചോതുന്നതും സാങ്കേതികമായി ഏറെ മുന്നിൽനിൽക്കുന്നതുമായ ഒട്ടേറെ മിസൈലുകളും ആയുധങ്ങളും പരേഡിൽ പ്രദർശിപ്പിച്ചതായാണ് വിവരം. ഇതുവരെ കാണാത്ത തരത്തിലുള്ള മിസൈലുകളും അവതരിപ്പിച്ചതായി വിദഗ്ധരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കടലിൽനിന്നു വിക്ഷേപിക്കാവുന്ന മിസൈലുകളും പ്രദർശിപ്പിച്ചിരുന്നു. അതേസമയം, ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായക ദിനമായ ഇന്ന് അവർ ആറാം അണുപരീക്ഷണം നടത്തുമെന്ന റിപ്പോർട്ടുകൾ സജീവമാണെങ്കിലും ഇതേക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല.
പ്രതിസന്ധിക്ക് അയവില്ല; യുഎസിന് മുന്നറിയിപ്പായി പ്യോങ്യാങ്ങിൽ സൈനിക റാലി
യുഎസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് അണുപരീക്ഷണമെന്ന നിലപാടിൽ ഉത്തര കൊറിയ ഉറച്ചുനിൽക്കുന്നതോടെ, യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരുന്നു. അണു പരീക്ഷണം നടത്തുമെന്ന നിലപാട് ഉത്തര കൊറിയ ആവര്‍ത്തിച്ചതോടെ എതു നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി മുന്നറിയിപ്പു നൽകി. പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്തു ബന്ധപ്പെട്ടവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര കൊറിയയുമായി സൗഹൃദത്തിലുള്ള ഏക രാജ്യമെന്ന നിലയിൽ അവരെ അണുപരീക്ഷണത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ചൈന.
യുഎസിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളെ അവഗണിച്ചാണ് പ്യോങ്യാങ് അണുപരീക്ഷണത്തിനൊരുങ്ങുന്നത്. എന്നാല്‍, സൈനികനീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ഉത്തര കൊറിയയുടെ ഏക സഖ്യകക്ഷി കൂടിയായ ചൈന മുന്നറിയിപ്പ് നല്കി. രാഷ്ട്രശില്പി കിം ഇൽ സുങ്ങിന്റെ നൂറ്റിയഞ്ചാം ജന്മദിനമായ ശനിയാഴ്ച, ഉത്തര കൊറിയ ആറാം ആണവപരീക്ഷം നടത്തുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്ന് ആറു ലക്ഷത്തോളം ആളുകളെ ഭരണകൂടം ഒഴിപ്പിച്ചിരുന്നു.
അതേസമയം, ഏതു തരത്തിലുള്ള അടിയന്തരാവസ്ഥയും നേരിടാനുറച്ച് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. യുഎൻ ഉപരോധങ്ങൾക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മർദങ്ങൾക്കും മുന്നിൽ വഴങ്ങാതെ നിൽക്കുന്ന ഉത്തര കൊറിയയ്ക്കെതിരെ ‘സൈനിക നടപടി’ പരിഗണിക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ വ്യക്തമാക്കിയിരുന്നു. ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്നും യുഎസ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ, സൈനിക നീക്കം ആർക്കും ഗുണത്തിനാവില്ലെന്ന് നിലപാടിലാണ് ചൈന. ഉത്തര കൊറിയയ്ക്കു മേലുള്ള ഏതു നീക്കവും യുദ്ധത്തില്‍ കലാശിക്കുമെന്നും അതിനു കനത്തവില നല്‍കേണ്ടി വരുമെന്നും ബെയ്ജിങ് അഭിപ്രായപ്പെട്ടു.
സിറിയയില്‍ ബാഷര്‍ അല്‍ അസദിനെതിരെ യുഎസ് നടത്തിയ നീക്കവും, അഫ്ഗാനിസ്ഥാനിലെ കനത്ത ബോംബിങ്ങുമാണ് ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്. ഉത്തര കൊറിയയെ തൊട്ടാല്‍ യുഎസിനെ തകര്‍ത്തുകളയുമെന്ന് വ്യക്തമാക്കി ഏകാധിപതി കിം ജോങ് ഉൻ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലുള്ള 28,000 യുഎസ് സൈനികരെയും ജപ്പാനിലുള്ള യുഎസ് സൈനികതാവളങ്ങളും ദക്ഷിണ കൊറിയൻ തലസ്ഥാനവുമെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ എന്തുവിലകൊടുത്തും രംഗം തണുപ്പിക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം.