Latest News

ഭര്‍ത്താവിന്റെ മരണവെപ്രാളം ഫോണിലൂടെ ആസ്വദിച്ച ഭാര്യയും കാമുകനും ഒടുവില്‍ പിടിയിലായി. പശ്ചിമബംഗാളിനെ ഞെട്ടിച്ച കൊലക്കേസിന്റെ അന്വേഷണം എത്തിച്ചേര്‍ന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളിലേക്കാണ്.

കൊലപാതകക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ മനുവ മജൂംദാര്‍ എന്ന 28-കാരി, തനിക്കുനേരെ അസഭ്യവര്‍ഷമൊഴുക്കിയ ജനങ്ങള്‍ക്കു മുന്നില്‍ നിര്‍വികാരയായാണ് കാണപ്പെട്ടത്. 34-കാരനായ അനുപം സിന്‍ഹയുടെ കൊലപാതക കേസില്‍ ഇവര്‍ക്കൊപ്പം കാമുകനും ഒന്നാം പ്രതിയുമായ അജിത് റോയ് എന്ന 26-കാരനെയും പോലീസ് കോടതിയില്‍ എത്തിച്ചിരുന്നു.

കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശ് സ്വദേശി അനുപമിന്റെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് മനുവയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കി. മനുവയും അജിത്തും തമ്മിലുള്ള ബന്ധം അനുപം അറിയുകയും പിന്നീട് ഇതിന്റെ പേരില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു. അവളെ വിവാഹം ചെയ്തത് തെറ്റായ തീരുമാനമായിപ്പോയി എന്ന് പലപ്പോഴും അനുപം പറഞ്ഞിരുന്നതായി സുഹൃത്തായ അഭിഷേക് ചാറ്റര്‍ജിയും പറയുന്നു. ബാരാസാത് മുനിസിപ്പാലിറ്റിയിലെ താത്ക്കാലിക
ജീവനക്കാരിയായ മനുവയും അജിത്തും കോളേജ് കാലംമുതല്‍ പരിചയക്കാരായിരുന്നു.

ട്രാവല്‍ ഏജന്‍സിയിലെ മാനേജറായിരുന്ന അനുപവുമായി ഒരു വര്‍ഷം മുമ്പാണ് മനുവയുടെ വിവാഹം നടന്നത്. മെയ് മൂന്ന്, 2017ന് അനുപമിന്റെ വസതിയില്‍ വെച്ചുതന്നെയായിരുന്നു അജിത് കൊല നടത്തിയത്. ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഞെരമ്പുകള്‍ മുറിച്ച് കൊന്നു. മരണവെപ്രാളം ഫോണിലൂടെ മനുവയെ കേള്‍പ്പിക്കാനും അയാള്‍ മറന്നില്ല.

അപാര്‍ട്ട്‌മെന്റ് കഴുകിവൃത്തിയാക്കിയ ശേഷം ഗംഗാനദിയില്‍ കുളിച്ച അജിത്, ചോരപുരണ്ട വസ്ത്രങ്ങളും അനുപമിന്റെ മൊബൈല്‍ഫോണും ഒഴുക്കിക്കളഞ്ഞു. മൃതദേഹത്തിന് സമീപം സ്വര്‍ണമോതിരം കണ്ടതാണ് പോലീസില്‍ സംശയം ഉണര്‍ത്തിയത്.  ആദ്യ വിവാഹവാര്‍ഷികത്തിന് മനുവ അനുപമിന് വാങ്ങിക്കൊടുത്ത മോതിരമായിരുന്നു അത്. ആ മോതിരം അനുപമിന്റെ വിരലില്‍ കിടക്കുന്നത് തനിക്ക് ഇഷ്ടമായിരുന്നില്ല എന്ന് ചോദ്യം ചെയ്യലില്‍ അജിത് പ്രതികരിച്ചിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്ക്ക് അഭിവാദ്യങ്ങളുമായി ഹിന്ദി ഗാനം പുറത്ത്. ജൂണ്‍ എട്ടിന് നടക്കുന്ന ബ്രിട്ടന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

തെരേസ കി സാഥ് (തെരേസയ്ക്ക് ഒപ്പം) എന്ന പേരോടെ പുറത്തെത്തിയിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 1.6 ദശലക്ഷം ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനില്‍ താമസിക്കുന്നത്.

കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്‍ഡ്യയാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഇന്ത്യാ സന്ദര്‍ശന വേളയില്‍ സാരി ധരിച്ച് അമ്പലം സന്ദര്‍ശിക്കുന്ന തെരേസയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതേ ദൃശ്യങ്ങളും വീഡിയോയില്‍  ഉപയോഗിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള തെരേസയുടെ ചിത്രങ്ങളും 2.25 ദൈര്‍ഘ്യമുള്ള പാട്ടില്‍ കാണാം. സ്ഥിരതയുള്ള സര്‍ക്കാരിനു വേണ്ടിയും സാമ്പത്തിക രംഗത്തെ കുതിപ്പിനു വേണ്ടിയും തെരേസയെ തിരഞ്ഞെടുക്കാനും ഗാനം ആവശ്യപ്പെടുന്നുമുണ്ട്.

പ്രേമിച്ചില്ലെങ്കില്‍ ചാടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മുകളില്‍ കയറി; കാല്‍ വഴുതിയ എഞ്ചിനീയര്‍ അഞ്ചാം നിലയില്‍ നിന്നും വീണു മരിച്ചു…!

ഹൈദരാബാദ്: യുവതിയുടെ പ്രണയസമ്മതം വാങ്ങാനായി കെട്ടിടത്തിന് മുകളില്‍ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവ എഞ്ചിനീയര്‍ അഞ്ചു നിലയുള്ള ബില്‍ഡിംഗിന് മുകളില്‍ നിന്നും കാല്‍ വഴുതി വീണു മരിച്ചു. തിങ്കളാഴ്ച വൈകിട്ട് മിയാപൂരില്‍ നടന്ന സംഭവത്തില്‍ 27 കാരനും വാറങ്കല്‍ സ്വദേശിയുമായ ജി ജഗദീഷാണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇയാള്‍ക്ക് സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായി ജോലി കിട്ടിയത്.

കുകട്പള്ളിയിലെ അഡ്ഡഗുട്ട സൊസൈറ്റിയില്‍ താമസിക്കുന്ന ജഗദീഷിന് മിയാപൂരിലെ ജനപ്രിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മറ്റൊരു സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായ 24 കാരിയോട് കടുത്ത പ്രണയം തോന്നിയിരുന്നെങ്കിലും പെണ്‍കുട്ടി അനുകൂലമായി ഇതുവരെ പ്രതികരിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ ഹൃദയം സ്വന്തമാക്കാന്‍ വേണ്ടി പിന്നാലെ കൂടിയ ജഗദീഷ് പല കാര്യവും പറഞ്ഞ് ഭീഷണിപ്പെടുത്തുക പതിവായിരുന്നെങ്കിലൂം പെണ്‍കുട്ടി ഗൗനിച്ചിരുന്നില്ല.

പ്രണയിക്കാന്‍ യുവതിയെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്ന ജഗദീഷ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചേരുകയും പെണ്‍കുട്ടി അഞ്ചാനിലയുടെ മുകളിലാണെന്ന് മനസ്സിലാക്കുകയും ചെയ്തു.

തുടര്‍ന്ന് അവിടെയെത്തുകയും തന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കില്‍ ചാടി മരിക്കുമെന്ന് ഭീഷണി മുഴക്കുകയും പിന്നീട് പാരപ്പെറ്റില്‍ പിടിച്ചുകൊണ്ടു നിന്ന ഇയാള്‍ തൂങ്ങിയാടാനും തുടങ്ങി. ഭയന്നുപോയ യുവതിയും കൂട്ടുകാരും വാച്ച്മാനെ വിളിക്കുകയും അയാള്‍ ഓടിയെത്തി അരികില്‍ എത്തിയതും ജഗദീഷ് വഴുതി താഴെ വീണു. വീഴ്ചയുടെ ആഘാതത്തില്‍ അപ്പോള്‍ തന്നെ യുവാവ് മരിക്കുകയും ചെയ്തു.

എറണാകുളം ജില്ലയിൽ മുസ്ലിം ഏകോപന സമിതി നടത്തുന്ന ഹ​ർത്താൽ പുരോ​ഗമിക്കുന്നു. പൊതുവെ സമാധാനപരമായാണ് ഹർത്താൽ. ചിലയിടങ്ങളിൽ വാഹനം തടയാൻ പ്രതിഷേധക്കാർ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

എറണാകുളം, പെരുമ്പാവൂർ, ആലുവ, പരവൂർ, കലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഹർത്താലനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നില്ല. ദീർഘദൂര കെഎസ്ആർടിസി ബസ്സുകളും സിറ്റി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. ചുരുക്കം ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്.

മതം മാറിയ ഹാദിയ എന്ന യുവതിയുടെ വിവാഹം റദ്ദാക്കിയ വിധിയിൽ പ്രതിഷേധിച്ചു ഇന്നലെ മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാർച്ചിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കലൂരിനടുത്ത് മണപ്പാട്ടിപ്പറമ്പില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്സ് കോളേജിനു മുന്നില്‍ പൊലീസ് തടയുകയായിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പൊട്ടിച്ചു. എന്നാല്‍ പിന്മാറാന്‍ തയാറാവാതെ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്നത് സംഘര്‍ഷത്തിന് വഴിവച്ചു. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഇതിൽ നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

 

ന്യൂഡല്‍ഹി:   സ്വിമ്മിങ് പൂളിലേക്ക് വീണ വനിതാ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ട്രെയിനിയായ ഐഎഎസ് ഓഫീസര്‍ മുങ്ങിമരിച്ചു.

ഡല്‍ഹി ബേര്‍ സരായിയിലെ ഫോറിന്‍ ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വിമ്മിങ് പൂളിലാണ് തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഹരിയാണയിലെ സോനിപ്പത്ത് സ്വദേശിയായ ആശിഷ് ദഹിയയാണ് മരിച്ചത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലേയും റവന്യു സര്‍വീസിലേയും സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആശിഷ്.

പാര്‍ട്ടി നടക്കുന്നതിനിടയില്‍ സ്വിമ്മിങ് പൂളില്‍ നീന്താന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു. ഈ സമയം കരയില്‍ നില്‍ക്കുകയായിരുന്ന ഒരു വനിതാ ഓഫീസര്‍ അബദ്ധത്തില്‍ സ്വിമ്മിങ് പൂളിലേക്ക് വീണു. ഇവരെ രക്ഷിക്കാന്‍ ആശിഷും സുഹൃത്തുക്കളും ശ്രമിച്ചു. അവരെ രക്ഷിക്കുന്നതിനിടയിലാണ് ആശിഷ് മുങ്ങിപ്പോയതെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. വനിതാ ഓഫീസറെ രക്ഷിച്ചതിന് ശേഷമാണ് ആശിഷിനെ കാണാനില്ലെന്ന് ഒപ്പമുള്ളവര്‍ മനസ്സിലാക്കിയത്.

തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് ഒഴുകുന്നനിലയില്‍ ആശിഷിനെ കാണുന്നത്. ഉടന്‍ കരയ്‌ക്കെടുത്ത് പ്രാഥമിക ചികിത്സനല്‍കിയ ശേഷം ഉടന്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

ഹരിയാനയിലെ സോനെപത്ത് സ്വദേശിയാണ് ദഹ്യ. മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ദഹ്യയുടെ കുടുംബം ആവശ്യപ്പെട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി എടുത്തു. സിസിടിവി ദൃശ്യവും പരിശോധിച്ചു. മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പറയാന്‍ കഴിയില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തമാകൂവെന്ന് പോലീസ് വ്യക്തമാക്കി.

നേരത്തെ ഐപിഎല്‍ ലഭിച്ച ദഹ്യ ഹിമാചല്‍ പ്രദേശ് ഡി.എസ്.പിയായിരുന്നു. ഐ.എസ് മോഹവുമായി വീണ്ടും പരീക്ഷയെഴുതിയ ദഹ്യ വിജയിക്കുകയും പിന്നീട് ഐഎഫ്എസ് തെരഞ്ഞെടുക്കുകയുമായിരുന്നു.

ബിനോയി പൊന്നാട്ട്

ജനങ്ങള്‍ എന്ത് ഭക്ഷിക്കണമെന്നത് അവരവരുടെ മൗലിക അവകാശമാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്നതാണ്. കന്നുകാലികളെ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാനാണെന്ന് രേഖാമൂലം തെളിവ് നല്‍കിയാലേ ചന്തയില്‍ കാലികളെ വില്‍ക്കാനും വാങ്ങാനും കഴിയൂ. ഇത് കാര്‍ഷികാവശ്യത്തിനും വീട്ടാവശ്യത്തിനും കന്നുകാലികളെ ഉപയോഗിക്കുന്ന ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്.

കര്‍ഷകരില്‍ തീരെ ചെറിയ ശതമാനത്തിന് മാത്രമേ ഇത്തരം രേഖകള്‍ ഹാജരാക്കാന്‍ പറ്റുകയുളളൂ മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീതകാലം മുതല്‍ മാംസഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് കേന്ദ്രസര്‍ക്കാര്‍ കൈ വെച്ചിരിക്കുന്നത്. മാംസകയറ്റുമതിയില്‍ ആഗോളവിപണിയില്‍ ഇന്ത്യക്ക് പ്രമുഖമായ സ്ഥാനമുണ്ട്. നിരോധനം മാംസകയറ്റുമതിയെയും അതുവഴി ഇന്ത്യക്ക് ലഭിക്കുന്ന വിദേശനാണ്യത്തെയും ബാധിക്കും.

കേരളാ മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യാ ഉള്‍പ്പെടെ ഈ രംഗത്തുളള പൊതുമേഖലാ മാംസസംസ്‌കരണ വ്യവസായങ്ങളെയും ഇത് തകര്‍ക്കും. കേരളത്തില്‍ വലിയ വിഭാഗം ജനങ്ങള്‍ മാംസാഹാരം കഴിക്കുന്നവരാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കു സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ചെന്നൈ : സംശയങ്ങൾ ബാക്കി വച്ച്, സജീവമായ ഓണ്‍ലൈന്‍ തെരച്ചിലുകള്‍ക്ക് ഒടുവില്‍ കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരിച്ചെത്തി. ഗാനം നിരാശ ബാധിച്ച അവസ്ഥയിലാണെന്നും കാണാതാകലിനുള്ള കാരണം അന്വേഷിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലശ്ശേരി സ്വദേശിയായ ഗാനം നായരെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഓഫീസിലേക്ക് കറുത്ത ഹോണ്ട സ്‌കൂട്ടറില്‍ പോയ ഗാനത്തെ പിന്നീട് കാണാതാവുകയായിരുന്നു.

എന്നാല്‍ ഓഫീസിലും തിരികെ വീട്ടിലും എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. വിഷയത്തില്‍ പോലീസ് വേണ്ടത്ര ഗൗരവത്തോടെ വിഷയത്തെ സമീപിച്ചില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. കാണാതായെന്ന് തിരിച്ചറിഞ്ഞതു മുതല്‍ ഗാനത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ആയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും അവരില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. എന്നിരുന്നാലും ഒടുക്കം താരം വീട്ടിൽ തിരിച്ചെത്തിയത് കുടുംബത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരം.

തിരുവനന്തപുരം: ബീഫ് നിരോധനത്തിനെതിരെ മാടിനെ പരസ്യമായി അറുത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കം മൂന്നുപേര്‍ക്കെതിരെ നടപടി. ഇവരുടെ കോണ്‍ഗ്രസ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു. റിജില്‍ മാക്കുറ്റിയെ കൂടാതെ ജോസി കണ്ടത്തില്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്.

ബീഫ് നിരോധനത്തെ തുടര്‍ന്ന് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ദേശീയ തലത്തില്‍ത്തന്നെ വാര്‍ത്തയാകുകയും വലിയ പ്രതിഷേധത്തിന് ഇടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തെ അപലപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ നടപടിവേണമെന്ന് എഐസിസി കെപിസിസിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കെപിസിസി നടപടി സ്വീകരിച്ചത്.

കാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ മാറ്റു കുറയ്ക്കാന്‍ കണ്ണൂരിലെ സംഭവം കാരണമായി. ഇത്‌ കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിക്കുന്നതല്ല. അതിനാലാണ് നടപടിയെടുക്കുന്നതെന്ന് എം.എം ഹസന്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനോട് വിശദീകരണം ചോദിച്ചിരുന്നതായും ഡിസിസി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി മൂന്നുപേരോടും വിശദീകരണം തേടിയേക്കും.

ബിജെപിയുടെയും സംഘപരിവാറിന്റെയും വര്‍ഗ്ഗീയ ഫാസിസം അടുക്കളയില്‍ പ്രവേശിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും ഹസന്‍ പറഞ്ഞു. നിയമസഭ വിളിച്ചുകൂട്ടി പുതിയ നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം∙ സ്വാമി ഗംഗേശാനന്ദ തീർഥപാദരുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ യുവതിക്കെതിരെ പരാതിയുമായി അമ്മയും സഹോദരനും. മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ച് യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കി. ഗംഗേശാനന്ദ നിരപരാധിയാണെന്നും യുവതിയുടെ കാമുകനാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തതാണ് അക്രമത്തിന് വഴിവെച്ചതെന്ന് കാണിച്ച് ഗംഗേശാനന്ദയുടെ അമ്മയും രണ്ടുദിവസം മുൻപ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്താൻ ഐജി മനോജ് എബ്രഹാമിന് ഡിജിപി നിർദേശം നൽകി. ഇതിനുപിന്നാലെയാണ് യുവതിയുടെ അമ്മയും സഹോദരനും ചേർന്ന് ഡിജിപിക്ക് പരാതി നൽകിയത്.

മകളുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തിരുന്നുവെന്ന് യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ വൈരാഗ്യം മൂലം യുവതിയുടെ കാമുകനാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. സ്വാമി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. സംഭവത്തിനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് അവള്‍ ഓടിക്കയറിയത്. പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച തങ്ങളോട്, സ്വാമി മകളെ മാനഭംഗപ്പെടുത്തിയെന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ടു. പ്രണയം അവസാനിപ്പിക്കണമെന്നു മകളോടു സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വിരോധത്തിലാണു സ്വാമിയെ ആക്രമിച്ചതെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.

അതേസമയം, സംഭവം നടക്കുന്ന സമയത്ത് കാമുകൻ സ്ഥലത്തില്ലായിരുന്നെന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നെന്നും അന്വേഷണ സംഘത്തിന് ബോധ്യമായി. ഈ സാഹചര്യത്തിൽ സ്വാമിയെ രക്ഷിക്കാൻ യുവതിയുടെ അമ്മ നടത്തുന്ന ബോധപൂർവ്വമായ നീക്കമാണ് നിലവിലെ പരാതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

വർഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാൻ പെൺകുട്ടി അൻപത്തിനാലുകാരനായ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു കേസുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തൽ. തുടർന്ന് കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീർഥപാദ സ്വാമിയെ (54) മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. എന്നാൽ, താൻ സ്വയം മുറിച്ചതാണെന്നാണ് ഗംഗേശാനന്ദ ആദ്യം ഡോക്ടർമാരെ അറിയിച്ചത്. പീഡനം, പോക്സോ ആക്ട് എന്നിവപ്രകാരം കേസെടുത്തതിനെ തുടർന്നു പേട്ട പൊലീസ് ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ തുടങ്ങിയ പ്രമുഖർ പെൺകുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തെ നൽകിയ വിശദീകരണമിങ്ങനെ: പെൺകുട്ടിയുടെ വീട്ടിൽ പൂജയെന്ന പേരിൽ എത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഇതിനു ശ്രമിച്ചതോടെ പെൺകുട്ടി എതിർത്തു. കൊന്നുകളയുമെന്നു ഭീഷണി മുഴക്കിയ സ്വാമി മർദിച്ചു. തുടർന്നായിരുന്നു പെൺകുട്ടി കത്തികൊണ്ടു ജനനേന്ദ്രിയം മുറിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി, പട്രോളിങ് നടത്തിയ പൊലീസ് സംഘത്തെ വിവരമറിയിച്ചു. പൊലീസാണു ശ്രീഹരിയെ ആശുപത്രിയിലെത്തിച്ചത്.

ഇപ്പോൾ 23 വയസ്സുള്ള പെൺകുട്ടിയെ 14 വയസ്സു മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായാണു മൊഴി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വനിതാ മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കത്തി കണ്ടെടുത്തു.

ലണ്ടൻ∙  മിസ് ഇംഗ്ലണ്ട് സുന്ദരിപ്പട്ടത്തിനായി മാറ്റുരയ്ക്കാന്‍ ഒരു മലയാളി പെണ്‍കുട്ടിയും ഒരുങ്ങുന്നു. മേയ് 21-ന് ലീഡ്‌സിലെ ക്യൂന്‍സ് ഹോട്ടലില്‍ നടന്ന യോര്‍ക്ക്‌ഷെയര്‍ ബ്യൂട്ടി അവാര്‍ഡില്‍ മിസ് ലീഡ്‌സായി തിരഞ്ഞെടുക്കപ്പെട്ട ഗിഫ്റ്റി ഫിലിപ്പ് എന്ന മലയാളി സുന്ദരിയാണ് ജൂണ്‍ നാലിനു നടക്കുന്ന മിസ് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പങ്കെടുക്കുന്നത്. ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി മിസ് ഇംഗ്ലണ്ട് സെമിഫൈനലില്‍ എത്തുന്നത്. പത്തനംതിട്ട, നരിയാപുരം സ്വദേശിയാണു ഗിഫ്റ്റി.

ഇനിയങ്ങോട്ട് പ്രേക്ഷകരുടെ വോട്ടുകളും ഗിഫ്റ്റിക്കു തുണയാകും. 63333 എന്ന നമ്പരിലേക്ക് MISS SEMIFINAL 23 എന്ന സന്ദേശമയച്ച് തനിക്കു വോട്ട് ചെയ്യണമെന്ന് ഗിഫ്റ്റി ഫെയ്‌സ്ബുക്കില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലീഡ്‌സ് സര്‍വകലാശാലയില്‍ ഇലക്ട്രിക്ക് എന്‍ജിനീയറിഗ് വിത്ത് നാനോടെക്‌നോളജിക്കു പഠിക്കുന്ന ഗിഫ്റ്റി പരീക്ഷയ്ക്കിടയിലാണ് സൗന്ദര്യമത്സരത്തിനിറങ്ങുന്നത്.

Copyright © . All rights reserved