Latest News

നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞതിന് പിന്നാലെ പൊലീസ് സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല. രണ്ടു കേസുകളിലായി റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് സുനിയെ ഇന്ന് കോടതികളില്‍ ഹാജരാക്കേണ്ടിയിരുന്നത്.

ആദ്യം എറണാകുളം എംസിജെഎം കോടതിയിലാണ് ഹാജരാക്കിയത്. ആഗസ്റ്റ് 16ന് കേസിലെ മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്ന് നേരത്തെ തന്നെ സുനി പറഞ്ഞതിനെ തുടര്‍ന്ന് വന്‍ മാധ്യമസംഘമാണ് കാക്കനാട് ജയിലിന് മുന്നില്‍ രാവിലെ ആദ്യം എത്തിയത്.

മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പെടാതിരിക്കാന്‍ ജയിലിന് അകത്തേക്ക് വാഹനം കയറ്റിയാണ് സുനിയുമായി പൊലീസ് പുറത്തേക്ക് എത്തിയത്. തുടര്‍ന്ന് എറണാകുളം കോടതിയില്‍ എത്തിച്ചപ്പോഴാണ് മാഡം സിനിമാ നടിയാണെന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് പറയുമെന്നും സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ഇവിടെ നിന്നും പൊലീസ് സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല.

നടിയെ ആക്രമിച്ച കേസാണ് അങ്കമാലി കോടതിയുടെ പരിഗണനയിലുളളത്. സുനിയുടെ റിമാന്‍ഡ് കാലാവധി എറണാകുളം കോടതി ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. ചില നടിമാരുടെ പേരുകള്‍ സുനി പറഞ്ഞിട്ടുണ്ടെന്നും അവരുടെ പേരുകള്‍ സുനി തന്നെ വെളിപ്പെടുത്തട്ടെ എന്നുമാണ് അഭിഭാഷകനായ ആളൂര്‍ പറഞ്ഞത്. സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതായും ആളൂര്‍ പറഞ്ഞു.

മുൻ മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ മംഗളം ചാനൽ ഫോൺ കെണി വിവാദം അണിയറയിലെ ചതിക്കുഴികൾ വെളിപ്പെടുത്തി മാധ്യമ പ്രവർത്തക. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മം​ഗളം ചാനലിൽ നിന്നുണ്ടായ ചതിയുടെ കഥയുമായി മാധ്യമ പ്രവർത്തക രംഗത്തെത്തിയത്.

സംഭവം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഹണി ട്രാപ്പില്‍ ചാനല്‍ പെടുത്തിയ പെണ്‍കുട്ടി പ്രതികരിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി തന്റെ ഫേസ് ബുക്കിലൂടെയാണ് ഇപ്പോള്‍ പ്രതികരണം നടത്തിയിരിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

മംഗളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് തീരെ ആഗ്രഹിച്ചതല്ല. എന്തിനായിരുന്നു അനിയത്തിയെന്നും സഹോദരിയെന്നുമൊക്കെപ്പറഞ്ഞ് കൂടെ നിര്‍ത്തി ചതിച്ചത് ? ഒരു തെറ്റു ചെയ്താല്‍ അത് ഏറ്റെടുക്കണം. അല്ലാതെ മറ്റുളളവരുടെ തലയില്‍ വെച്ചു കെട്ടി രക്ഷപ്പെടുകയല്ല ചെയ്യേണ്ടത്. ഓ… അതെങ്ങനെയാ… ഡിജിപിയും എഡിജിപി യും ഒക്കെ സ്വന്തം പോക്കറ്റില്‍ അല്ലേ… അപ്പോള്‍ ആരുടെ തലയില്‍ വെച്ചും രക്ഷപ്പെടാമല്ലോ അല്ലേ ആര്‍ ജയചന്ദ്രാ. അന്നു നീ വന്നു കാലു പിടിച്ചില്ലായിരുന്നെങ്കില്‍ മംഗളത്തിലെ സഹപ്രവര്‍ത്തക മറ്റു ചാനലുകളില്‍ പോയി പറഞ്ഞ പോലെ എനിക്കും രക്ഷപ്പെടാമായിരുന്നു. അന്നു നീ പറഞ്ഞത് ഒന്നും സംഭവിക്കില്ല മോളേ എന്നാണ്. ഇനിയൊരാളെയും ഇങ്ങനെ ചതിക്കരുത് .ഇതല്ല മാധ്യമ പ്രവര്‍ത്തനം എന്നു നീ മനസ്സിലാക്കണം.

ഓരോ സ്ഥാപനത്തിലും ഓരോരുത്തര്‍ ജോലിക്ക് കയറുന്നത് ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടായിരിക്കും. അതൊക്കെ സ്വന്തം പദവിയും വൃത്തികെട്ട മനസ്സും ഉപയോഗിച്ച് നശിപ്പിക്കരുത്. നിനക്കും ഉള്ളത് ഒരു പെണ്‍കുട്ടിയാണ്. നാളെ അതിനെയും ചതിക്കരുത്. വൈകിയെങ്കിലും ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ലെങ്കില്‍ നീ കരുതും ഞാന്‍ നിന്നെ പേടിച്ച് ഇരിക്കുകയാണെന്ന്. ആരൊക്കെ വെറുതെ വിട്ടാലും
ദൈവത്തിന്റെ കോടതി നിന്നെ വിടില്ല.

 

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ ചുമത്തിയിരിക്കുന്നത് ക്രിമിനല്‍ കുറ്റങ്ങളാണെന്നും കേസില്‍ ഒത്തുതീര്‍പ്പിന് സാധ്യതയില്ലെന്നും പോലീസ്. ഇക്കാര്യം കോടതിയില്‍ അറിയിക്കാനൊരുങ്ങുകയാണ് പോലീസ്. കേസില്‍ പരാതിയില്ലെന്ന് പരാതി നല്‍കിയ നടി സത്യവാങ്മൂലം നല്‍കിയിരുന്നു. ബോഡി ഡബിളിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. നടിക്ക് പരാതിയില്ലെങ്കിലും കേസ് ഒത്തുതീര്‍ക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.

കേസിലെ സാമ്പത്തിക തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്നും പൊലീസ് കോടതിയെ അറിയിക്കും. കേസ് തുടര്‍ന്ന് നടത്താന്‍ താല്‍പര്യമില്ലെന്നും ഒത്തുതീര്‍പ്പ് സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിച്ചെന്നുമാണ് നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസ് പരിഗണിച്ചപ്പോള്‍ നടിയുടെ അഭിഭാഷകന്‍ എത്തിയിരുന്നില്ല. പ്രതിഭാഗം അഭിഭാഷകന്‍ വഴിയാണ് സത്യവാങ്മൂലം നല്‍കിയത്.

ഹണിബീ 2 എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നും തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ച് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്നുമായിരുന്നു നടിയുടെ പരാതി. അതു കൂടാതെ സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും പരാതിയില്‍ നടി പറഞ്ഞിരുന്നു. ജീന്‍ പോള്‍ ലാലിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നാല് പേര്‍ക്കെതിരെയാണ് കെസെടുത്തിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ അവസാന സസ്‌പെന്‍സും പൊളിയുന്നത് കാതോര്‍ത്ത് കേരളം. നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനിരിക്കെ സംഭവത്തിലെ പ്രധാനപ്രതി പള്‍സര്‍ സുനി പറയാന്‍ പോകുന്ന കേസിലെ അവശേഷിക്കുന്ന കണ്ണിയായ മാഡത്തിന്റെ പേരിനായി മാധ്യമങ്ങളും അന്വേഷണസംഘവും നാട്ടുകാരുമെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ്.

സുനിയുടെ പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും കേരളജനതയും മാധ്യമങ്ങളും നിരന്തരം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മാഡം എന്നത് സത്യമാണെന്നും അത് താന്‍ ഈ മാസം 16 ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സുനി നേരത്തേ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. വ്യാജ സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. പറഞ്ഞത് കെട്ടുകഥയല്ലെന്നും ഈ മാസം 16 ന് മുമ്പ് വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മാഡം നടി തന്നെയാണെന്നും പറഞ്ഞത്.

കേസില്‍ ഇനിയും അനേകം സ്രാവുകളുണ്ടെന്നും സുനി നേരത്തേ പറഞ്ഞിരുന്നു. ദിലീപ് അറസ്റ്റിലായപ്പോള്‍ ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ എന്നായിരുന്നു അന്ന് പ്രതികരണം. അതേസമയം കേസില്‍ അങ്ങിനെയൊരു മാഡം ഇല്ലെന്നും അന്വേഷണം വഴി തെറ്റിച്ച് നേട്ടം ഉണ്ടാക്കാനുള്ള സുനിയുടെ സൃഷ്ടിയാണ് എന്നും അന്വേഷണസംഘം ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സുനി ഇക്കാര്യം ഇന്ന് വെളിപ്പെടുത്തുമോ അത് ഏത് സിനിമാ നടിയായിരിക്കും എന്ന തരത്തിലുളള ആകാംഷ പുകഞ്ഞു കൊണ്ടിരിക്കുകയാണ്.

കൗമാരത്തെ മരണകെണിയിലേക്ക് നയിക്കുന്ന ബ്ലൂവെയിൽഗെയിം കേരളത്തിൽ വരില്ല എന്നു പരിഹസിച്ചവർ ഈ അമ്മയുടെ വാക്കുകൾ കേൾക്കാതെ പോകരുത്. ബ്ലൂ വെയ്‍ൽ എന്ന കൊലയാളിക്കളി കേരളത്തെയും നടുക്കിയിരിക്കുകയാണ് ‍. തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരന് മനോജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് അമ്മ അനു കേരളത്തിലെ പ്രമുഖ ന്യൂസ് ചാനലിനോട് പറഞ്ഞിരുന്നു. മരണത്തിന് മുമ്പ് മകനിൽ വന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായി അനു സംസാരിക്കുന്നു.

ബ്ലൂവെയിൽ ഗെയിം കളിക്കുന്നതിന് മുമ്പ് മനോജിന്റെ സ്വഭാവം എങ്ങനെയായിരുന്നു?

മനുവിനെക്കുറിച്ച് ആർക്കും ഒരു പരാതിയുമില്ലായിരുന്നു. നന്നായി പഠിക്കുന്ന, എല്ലാവരോടും അടുപ്പവും ബഹുമാനവുമുള്ള കുട്ടിയായിരുന്നു. ഞങ്ങൾക്ക് മനുവിനെക്കൂടാതെ ഒരു മകളുമുണ്ട്. മക്കളുടെ അച്ഛൻ ഗൾഫിലായതുകൊണ്ട് അവരെ തനിച്ചുവളർത്തിക്കൊണ്ടുവരുകയായിരുന്നു. ആരെക്കൊണ്ടും മോശം പറയിപ്പിക്കരുതെന്ന നിർബന്ധം ഉണ്ടായിരുന്നു. ബന്ധുക്കൾക്കും അധ്യാപകർക്കും അവനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. എന്തു ചെറിയകാര്യവും അവന് എന്നോട് പറയാറുണ്ടായിരുന്നു.

പതിനാറ് വയസുണ്ടെങ്കിലും ചെറിയ കുട്ടികളുടെ മനസായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചെറുതായി വഴക്കുപറഞ്ഞാൽ തന്നെ അവൻ കരയും. കരഞ്ഞ് പിറ്റേന്ന് പനിയൊക്കെ വരുത്തിവയ്ക്കും. അതുകൊണ്ട് ആരും അവനെ വഴക്കൊന്നും പറയാറില്ലായിരുന്നു. പറയേണ്ട ആവശ്യങ്ങളും വന്നിട്ടില്ല. പൊന്നുപോലെയാണ് വളർത്തിക്കൊണ്ടുവന്നത്.

എപ്പോഴാണ് മകനിൽ മാറ്റങ്ങൾ പ്രകടമായത്?

നവംബറിലാണ് ആദ്യമായിട്ട് അവന് എന്നോട് ബ്ലൂവെയിൽ എന്ന ഗെയിമിനെക്കുറിച്ച് പറയുന്നത്. തിമിംഗലത്തിന്റെ ഒരു കളിയുണ്ട് അമ്മേ, അത് കളിച്ച് അതിന്റെ അവസാനം ആരെയെങ്കിലും കൊല്ലേണ്ടിവരും അത് അല്ലെങ്കിൽ ആത്മഹത്യചെയ്യും എന്ന് പറഞ്ഞിരുന്നു. അന്ന് അത് ഞാൻ തമാശയായിട്ടാണ് കണ്ടത്, ഓ പിന്നെ തിമിംഗലം വന്നുപറഞ്ഞാൽ ആരേലും മരിക്കുമോ എന്ന് ചോദിച്ചു? പിന്നെയും അവന് ഈ കളിയെക്കുറിച്ച് ആവർത്തിച്ചപ്പോൾ പേടിയായി. ഇത് കളിക്കില്ലെന്ന് മുത്ത് അമ്മയുടെ കൈയിൽ തൊട്ട് സത്യം ചെയ്യണമെന്ന് പറഞ്ഞു. അവന് സത്യവും ചെയ്തു. പക്ഷെ….

പതിയെ പതിയെയാണ് മകനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. എല്ലാവരോടും അടുപ്പമുണ്ടായിരുന്ന കുട്ടി ആരോടും സംസാരിക്കാതെയായി.തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടു. എന്തെങ്കിലും ചോദിച്ചു കഴിഞ്ഞാൽ ഉടനെ അവന് പൊട്ടിത്തെറിക്കാൻ തുടങ്ങി. അവന് അവന്റേതായ ലോകത്തേക്ക് ചുരുങ്ങുകയായിരുന്നു. സ്ക്കൂളിൽ നിന്നും തിരിച്ചുവന്നാലുടൻ ഫോണും എടുത്ത് മുറിയുടെ വാതിലടയ്ക്കും, ചാർജ്ചെയ്യാൻവച്ച് പുറത്തിറങ്ങിയാലും ഇടയ്ക്ക് ഫോണിന്റെ അടുത്തേയ്ക്ക് ഓടും. രാത്രി രണ്ടുമണിക്കൊക്കെ അവന് കംപ്യൂട്ടറും ഫോണുമായി ഇരിക്കുമായിരുന്നു. ഭക്ഷണത്തോടുപോലുമുള്ള താൽപര്യം കുറഞ്ഞു. ഇടയ്ക്കവൻ മരണത്തെക്കുറിച്ച് പറയുമായിരുന്നു. ഞാൻ പോയാൽ അമ്മയ്ക്ക് വിഷമം ആകുമോ? അമ്മ അത് തരണം ചെയ്യണം, എനിക്ക് തരുന്ന സ്നേഹം കൂടി അനിയത്തിക്ക് കൊടുക്കണം എന്നൊക്കെ പറഞ്ഞു. അന്ന് ഞാൻ അവനെ വിളിച്ച് അടുത്തിരുത്തി മോൻ അങ്ങനെയൊന്നു പറയരുത്. അമ്മയെവിട്ട് പോകരുതെന്ന് നൂറുവട്ടം പറഞ്ഞു. അപ്പോഴൊന്നും മകൻ ഈ ഗെയിമിന്റെ പിടിയിലാണെന്ന് എനിക്ക് മനസിലായില്ല.

എന്തെങ്കിലും അസ്വഭാവിക പ്രവർത്തികൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നോ?

തനിയെ ഒരു സ്ഥലത്ത് പോകാൻ പോലും പേടിച്ചിരുന്ന കുട്ടി വളരെപെട്ടന്നാണ് ധൈര്യശാലിയായത്. സാഹസികതകളൊക്കെ പ്രവർത്തിക്കാൻ തുടങ്ങി. ഒരു ദിവസം കൂട്ടുകാരന്റെ കുടുംബത്തോടൊപ്പം മ്യൂസിക്ക്പ്രോഗ്രാമിന് പോകണമെന്നു പറഞ്ഞ് പോയി. പക്ഷെ അവന് അവരോടൊപ്പം പോകുന്നതിന് പകരം ശംഖുമുഖം കടപ്പുറത്ത് പോയി തനിയെ ഇരുന്നു. നേരം നന്നായി ഇരുട്ടിക്കഴിഞ്ഞാണ് തിരികെ വന്നത്. രണ്ടുദിവസം കഴിഞ്ഞപ്പോൾ അവന് എന്നോടത് പറയുകയും ചെയ്തു. ഒരു ദിവസം കൈയിൽ കോമ്പസ് കൊണ്ടുവരഞ്ഞ പാടുകണ്ടു. എന്താണെന്ന് ചോദിച്ചപ്പോൾ ഫുട്ബോൾ കളിച്ചപ്പോൾ താഴെ വീണു മുറിഞ്ഞതാണെന്ന് പറഞ്ഞു. കൂട്ടുകാരോട് വീട്ടിൽവച്ച് ഗ്ലാസ്കൊണ്ടുമുറിഞ്ഞതാണെന്നും പറഞ്ഞു. വീട്ടിൽ നിന്നു തന്നെ മുറിവുണ്ടാക്കിയിട്ട് ഫുൾകൈ ബനിയനിട്ട് പോവുകയായിരുന്നുവെന്ന് പിന്നീട് മനസിലായി. പിന്നപ്പിന്നെ കൂട്ടുകാരുടെ വീട്ടിൽ ചെന്നാലും ഒരുമൂലയ്ക്ക് ഒറ്റയ്ക്ക് മാറി ഇരിക്കാൻ തുടങ്ങി. പരീക്ഷയ്ക്കുമുമ്പ് എനിക്ക് ഇന്ത്യ മുഴുവൻ സഞ്ചരിക്കണമെന്നു പറഞ്ഞ് വാശിപിടിച്ചു. വെക്കേഷനായതോടെ അത് പറയാതെയായി. സിനിമയോടൊന്നും താൽപര്യമില്ലായിരുന്നു അവന്. പക്ഷെ മരണത്തിന് മുമ്പ് സ്ഥിരമായി ഇംഗ്ലീഷ് സിനിമകൾ കാണുമായിരുന്നു. ഞങ്ങൾ അന്ന് കളിയാക്കുകയും ചെയ്തിരുന്നു. നിനക്കെന്താടാ തമിഴും തെലുങ്കും ഒന്നും വേണ്ടേ എന്ന്.
മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് അവന് അച്ഛനോട് സെക്കൻഡ്ഷോ കാണണമെന്ന് ആവശ്യപ്പെട്ടു. വീടിനടുത്താണ് തീയറ്റർ. സിനിമ കാണാൻ താൽപര്യമില്ലാതിരുന്നതുകൊണ്ട് അവനെ അവിടെയാക്കിയിട്ട് അദ്ദേഹം തിരിച്ചുപോന്നു. മോന് സിനിമ കാണാതെ അടുത്തുള്ള സെമിത്തേരിയിൽ പോയിരുന്നു. അതിനും മുമ്പ് ഒരു ദിവസം നന്തൻകോട്ട് കൂട്ടകൊലപാതകം നടത്തിയ കേഡൽ ജെൻസൻ രാജയുടെ വീടിന്റെ മതിൽചാടി, പൊലീസിന്റെ പ്രവേശനാനുമതിയില്ലാത്ത സ്ഥലത്തും പോയി. ഇതുവന്ന് പറഞ്ഞപ്പോൾ ഞാൻ അവനെ വിലക്കിയിരുന്നു, പൊലീസ് പിടിച്ചാൽ പ്രശ്നമാണെന്നൊക്കെ ഉപദേശിച്ചു. അന്നവൻ പറഞ്ഞത് അവിടെയ നെഗറ്റീവ് എനർജിയാണോ പൊസിറ്റീവ് എനർജിയാണോ എന്ന് അറിയാനാണ് പോയതെന്നാണ്. നീന്തൽപോലും അറിയാത്ത കുട്ടി ആഴമുള്ള പുഴയിൽ എടുത്തുചാടുക വരെ ചെയ്തു.

മകന്റെ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വേണ്ടപ്പെട്ടവരുമായി പങ്കുവച്ചിരുന്നോ?

ഞാൻ എന്റെ കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ പറഞ്ഞിരുന്നു. പക്ഷെ അവരൊക്കെ കൗമാരത്തിലെ ഹോർമോൺവ്യതിയാനമാണ്, കുട്ടികൾ ഇങ്ങനെ പെരുമാറുന്നത് സ്വാഭാവികമാണ്. അതൊന്നും അത്ര കാര്യമാക്കേണ്ട എന്നു പറഞ്ഞു. ഞാനും അപ്പോൾ കരുതി ശരിയായിരിക്കും കൗമാരത്തിന്റെ പ്രശ്നങ്ങളായിരിക്കും മകന് കാണിക്കുന്നതെന്ന്. കൂട്ടൂകാർ മോന്റെ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ വേണ്ടപ്പെട്ടവരുടെ നിർദേശമനുസരിച്ചാണ് ചെയ്യുന്നതെന്നായിരുന്നു മറുപടി.

മകന്റെ മൊബൈൽഫോൺ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നില്ലേ?

മോന് പണ്ടുതൊട്ടേ സോഫ്റ്റ്‌വയറുകളെക്കുറിച്ചും പ്രോഗ്രാമുകളെക്കുറിച്ചും അറിയാമായിരുന്നു. ഞാനും ഒരു സോഫ്റ്റ്‌വയർ എൻജിനിയറാണ്. അവന് പ്രോഗ്രാമുകളെക്കുറിച്ചൊക്കെ ഞാനും പറഞ്ഞുകൊടുത്തിട്ടുണ്ട്. ഫോണും കമ്പ്യൂട്ടറും ഏഴാംക്ലാസ് മുതൽ അവന് ഉപയോഗിക്കാറുണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ നിയന്ത്രണത്തിന് പോയിരുന്നില്ല. ഇത്തരമൊരു അപകടക്കളിയിൽചെന്ന് ചാടുമെന്ന് വിചാരിച്ചിരുന്നില്ല.

എങ്ങനെയാണ് മകന്റെ മരണത്തിന് കാരണം ബ്ലൂവെയിലാണെന്ന് മനസിലാകുന്നത്?

ഈയിടെയായിട്ട് വരുന്ന വാർത്തകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി. വാർത്തകളിൽ പറയുന്ന എല്ലാപ്രവർത്തിയും എന്റെ മകൻ ചെയ്തിട്ടുണ്ടായിരുന്നു. എന്റെ മകന് ആത്മഹത്യചെയ്തതിന്റെ കാരണം എനിക്ക് അറിയണമായിരുന്നു. കുഞ്ഞിന്റെ ഫോട്ടോയും വീഡിയോയും ഒന്നും വീണ്ടും കാണാനുള്ള മാനസികാവസ്ഥ ഇല്ലാതിരുന്നിട്ടുപോലും ഞാൻ ഫോൺ പരിശോധിച്ചു. അപ്പോഴാണ് വെള്ളത്തിൽ ചാടുന്ന വീഡിയോയും ചില ഫോട്ടോസുമൊക്കെ കാണുന്നത്. അതിന് ബ്ലൂവെയിൽ കളിയുമായി സാദൃശ്യമുണ്ടായിരുന്നു. ഫോണിൽ നിന്ന് കളി അവന് ഡിലീറ്റ് ചെയ്തിരുന്നു. പാസ്‌വേർഡ് പ്രൊട്ടക്ഷനിലൂടെ ഫോൺ ലോക്ക് ചെയ്തിരിക്കുകയായിരുന്നു. സംശയം ബലപ്പെട്ടതോടെ സൈബർസെല്ലിലും പരാതിനൽകുകയായിരുന്നു. എന്റെ മകന്റെ മരണത്തിന്റെ വേദന മാറുന്നതിന് മുമ്പ് ഈ കാര്യങ്ങൾ തുറന്നുപറയുന്നത് ഇനിയുമൊരു ജീവൻ നഷ്ടപ്പെടരുതെന്നുള്ളത് കൊണ്ടാണ്.

ഒമാനില്‍ ബസ്സപകടത്തില്‍ മലയാളികളടക്കം 25 പേര്‍ക്ക് പരിക്ക്. സലാലയില്‍ നിന്ന് മസ്‌കത്തിലേക്ക് വരികയായിരുന്ന ഗള്‍ഫ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. മസ്‌കത്തില്‍ നിന്ന് 50 കിലോമീറ്ററോളം അകലെ ജിഫൈനില്‍ വെച്ച് ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് പ്രധാന റോഡില്‍ നിന്ന് കുറച്ച് അകലെയുള്ള കുന്നിലേക്ക് ഇടിച്ചു നിര്‍ത്തുകയായിരുന്നു. ബസ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മസ്‌കത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്ക് തലയ്ക്ക് സാരമായ പരിക്കുണ്ട്. ഇയാള്‍ ഖൗല ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. സലാലയില്‍ ജോലി ആവശ്യാര്‍ഥം പോയി മടങ്ങി വരികയായിരുന്നു ഇയാള്‍. അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തദാനം ചെയ്യുന്നതിനായി ആളുകള്‍ മുന്നോട്ടു വരണമെന്ന് ഒമാന്‍ ബ്ലഡ് ബാങ്ക് അറിയിച്ചു. രക്തദാനം സാധ്യമാകുന്നവര്‍ ബോഷര്‍ ബ്ലഡ് ബാങ്കില്‍ 24591255, 24594255 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് മാതാവ് രംഗത്ത്. മകന്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടി ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു മുഖ്യമന്ത്രി കൈമാറി. തനിക്കെതിരായി പി.സി.ജോര്‍ജ് എംഎല്‍എ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് ഞായറാഴ്ച കത്തയച്ചിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് ദിലീപിന്റെ അമ്മയും കത്തയച്ചതെന്നത് ശ്രദ്ധേയമാണ്.

ആലുവ സബ് ജയിലിലെത്തി ദിലീപിനെ കഴിഞ്ഞദിവസം അമ്മ സരോജം സന്ദര്‍ശിച്ചിരുന്നു. സഹോദരന്‍ അനൂപിനൊപ്പമായിരുന്നു സരോജത്തിന്റെ സന്ദര്‍ശനം. നേരത്തെ അമ്മയോടും ഭാര്യയോടും മകളോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജയില്‍വാസം നീണ്ടതോടെയാണ് അമ്മ കാണാനെത്തിയത്. നടന്‍ ദിലീപിന്റെ ആരോഗ്യം മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച നിര്‍മാതാവ് സുരേഷ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചു. ചെവിക്കുള്ളിലെ ഫ്‌ലൂയിഡ് കുറയുന്ന അവസ്ഥയാണു ദിലീപിനെന്നും തുടര്‍ച്ചയായി തലകറക്കം അനുഭവപ്പെട്ടിരിന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, നടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു പി.സി.ജോര്‍ജ് എംഎല്‍എ ചൊവ്വാഴ്ച ആവര്‍ത്തിച്ചു. നടി മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പിന്നാലെയാണു ജോര്‍ജ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. നടിയുടെ പരാതിയെ താന്‍ ഭയപ്പെടുന്നില്ല. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്നു തെളിഞ്ഞിരിക്കുകയാണ്. പള്‍സര്‍ സുനി പറയുന്നതു വിശ്വസിക്കരുത്. സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ? വനിതാ കമ്മിഷന്റെ തലപ്പത്തു യോഗ്യതയുള്ളവര്‍ വരണം. പലകുറി തോറ്റവരെയല്ല കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പിസി ജോര്‍ജ്. തനിക്കെതിരെ കത്തല്ല എന്ത് കുന്തം കൊടുത്താലും പിന്നോട്ടില്ല. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നത്. ദിലീപ് നിരപരാധിയാണെന്നും പിസി പറഞ്ഞു.

പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കേണ്ട കാര്യമില്ല. സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ. വനിതാ കമ്മീഷന്റെ തലപ്പത്തും യോഗ്യതയുളളവര്‍ വരണം. പരാതിയെ ഭയപ്പെടുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. പിസി ജോര്‍ജ് എംഎല്‍എ നടത്തിക്കൊണ്ടിരിക്കുന്ന അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ക്കെതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പിസി ജോര്‍ജിന്റെ അധിക്ഷേപങ്ങള്‍ കേസിനെ ബാധിക്കുമെന്ന് ആശങ്ക രേഖപ്പെടുത്തിയാണ് കത്ത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് കത്ത് പുറത്തുവിട്ടു.

പാലക്കാട്: ജില്ലാ കളക്ടര്‍ നല്‍കിയ വിലക്ക് മറികടന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പാലക്കാട് എയിഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തി. പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. എയിഡഡ് സ്‌കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. ആര്‍എസ്എസ് ആഭിമുഖ്യമുള്ള മാനേജ്‌മെന്റാണ് സ്‌കൂള്‍ നടത്തുന്നത്. കളക്ടര്‍ വിലക്കിയെങ്കിലും പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി അറിയിച്ചിരുന്നു.

സ്‌കൂള്‍ മാനേജ്‌മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പോലീസിന് കളക്ടര്‍ ഉത്തരവ് നല്‍കിയിരുന്നെങ്കിലും സ്വാതന്ത്ര്യദിനമായതിനാല്‍ സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ എത്തിയ ഉടന്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ എത്തി മോഹന്‍ ഭഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് മോഹന്‍ ഭാഗവതിന് എതിരെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കും.

എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കളക്ടര്‍ വിലക്കിയത്. ജനപ്രതിനിധികള്‍ക്കോ, പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്പിക്കും ആര്‍എസ്എസ് നേതൃത്വത്തിനും കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു.

അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ  പി സി ജോര്‍ജിനെതിരെ  ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചു. ജോര്‍ജിന്റെ  പ്രസ്താവനകള്‍ കേസിന്റെ വിധിയെ ബാധിക്കുമെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നുമാണ് നടിയുടെ ആവശ്യം. പി.സി.ജോര്‍ജ് അങ്ങേയറ്റം അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന

പശ്ചാത്തലത്തിലാണ് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. ആക്രമിക്കപ്പെട്ടതിന്റെ പിറ്റേനാള്‍ മുതല്‍ തിരിച്ചുവരവിനു ശ്രമിക്കുന്ന തന്നെ ക്കുറിച്ച് പി സി ജോര്‍ജ് പറഞ്ഞ വാക്കുകള്‍ ഏറെ അപമാനിക്കുന്നതാണ്. ഒരാഴ്ചയോളംവീട്ടിലടച്ചിരുന്ന സമയത്ത് സിനിമയുടെ സംവിധായകനും നിര്‍മാതാവും പ്രധാന നടനും സുഹൃത്തുക്കളും മടങ്ങിചെല്ലണമെന്നും ജോലിയില്‍ തുടരണമെന്നും നിരന്തരമായി നിര്‍ബന്ധിച്ചിരുന്നു. ഏകദേശം പത്തു ദിവസം കഴിഞ്ഞാണ് നേരത്തെ ചെയ്യാമെന്ന് ഏറ്റ ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. പി സി ജോര്‍ജിനെ പോലുള്ളവര്‍ താന്‍ എന്തു ചെയ്യണമെന്നാണ് കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹ മധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ?.

പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് രാഷ്‌ട്രീയ സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള പ്രസ്താവനകള്‍ പുറപ്പെടുവിച്ചതും നടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുന്നു. ജോര്‍ജ്ജിനെ പോലുളള ജനപ്രതിനിധികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പൊതു ബോധത്തെ കുറിച്ച് ഈ നാട്ടിലെ സ്‌ത്രീകള്‍ പേടിക്കേണ്ടതുണ്ട്.ഇതുണ്ടാക്കുന്ന പൊതുബോധം എങ്ങനെ പൊതു സമ്മതിയായി മാറുന്നുവെന്നും അതെങ്ങനെ സ്‌ത്രീത്വത്തിന് നേരെ ഉപയോഗിക്കപ്പെടുന്നുവെന്നും നടി ആശങ്കപ്പെടുന്നു.

കോടതിയുടെ മുന്നിലിരിക്കുന്ന കേസിനെ കുറിച്ച് ജനപ്രതിനിധിയടക്കമുള്ളവര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന അഭിപ്രായം കേസിന്റെ വിധിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. ആക്രമിക്കപ്പെട്ട ഒരു സ്‌ത്രീയും ഇതുപോലെ ജനമധ്യത്തില്‍ വീണ്ടും വീണ്ടും അപമാനിതയാകരുത്.. ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും മൂക്കരിയാന്‍ വന്നാല്‍ മറ്റ് പലതും അരിഞ്ഞുകളയുമെന്ന് ഒരു ജനപ്രതിനിധിയും പറയാനിടവരരുതെന്നും മുഖ്യമന്ത്രിയ്‌ക്കയച്ച കത്തില്‍ നടി  പറയുന്നു.

RECENT POSTS
Copyright © . All rights reserved