വനിതാ കമ്മീഷനെതിരെ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. കമ്മീഷന് നേരെ വിരട്ടല്‍ വേണ്ടെന്ന് തുറന്നടിച്ച ജോസഫൈന്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ പദവി മറന്നുള്ളതാണെന്നും പറഞ്ഞു. പ്രോസിക്യൂഷന്‍ നടപടികള്‍ക്കുള്ള കമ്മീഷന്റെ അധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കി.
കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ചു എന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചതിനു പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കമ്മീഷനെ പരിഹസിച്ച് പി.സി. ജോര്‍ജ് സംസാരിച്ചത്. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ ജോര്‍ജ് തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ എന്നും പരിഹസിച്ചിരുന്നു.
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കാൻ നിർദേശം നൽകിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും നടിക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിന് പരുക്കേല്‍പിക്കുന്നതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നീക്കം. പി.സി.ജോർജിന്റെ മൊഴിയെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തും നൽകും.
പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് വനിതാ കമ്മീഷന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചു ലീഗല്‍ ഓഫീസര്‍ വനിതാ കമ്മീഷന് നിയമോപദേശം നല്‍കിയത്. ‘ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പരാതി. ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയത്. ദിലീപ് നിരപരാധി’യെന്നുമാണ് പി.സി ജോര്‍ജ് പറഞ്ഞത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പിസി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുമെന്ന് പറഞ്ഞിരുന്നു. തെളിവുകളുമായി ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. കൂടാതെ, ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.
ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്ന് പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണ്. കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.
കൊല്ലം: കൊല്ലത്ത് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മുരുകന്‍ മരിക്കാന്‍ കാരണം തമിഴനാണെന്ന് അറിഞ്ഞതിനാലെന്ന് വെളിപ്പെടുത്തല്‍. മുരുകനെ ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ രാഹുല്‍ ആണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തമിഴനാണെന്ന് അറിഞ്ഞതിനാലാണ് കൊല്ലം മെഡിസിറ്റി അധികൃര്‍ വെന്റിലേറ്റര്‍ നിഷേധിച്ചത്. പോര്‍ട്ടബിള്‍ വെന്റിലേറ്റുണ്ടായിട്ടും നല്‍കിയില്ലെന്നും രാഹുല്‍ പറഞ്ഞു.
മുരുകന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നിട്ടും ആശുപത്രികള്‍ അത് നിഷേധിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സൗകര്യം ഉറപ്പുവരുത്താനാകുമോ എന്ന് വിളിച്ച് ഉറപ്പിച്ചതിന് ശേഷമാണ് അവിടേക്ക് കൊണ്ടു പോയത്. പക്ഷെ മെഡിക്കല്‍ കോളേജിലെത്തി കാര്യങ്ങള്‍ തിരക്കിയ ശേഷം വെന്റിലേറ്റര്‍ ഇല്ലെന്നാണ് മെഡിക്കല്‍ കോളെജ് അധികൃതര്‍ അറിയിച്ചതെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ പറഞ്ഞു. മഡിസിറ്റിയില്‍ എത്തിച്ച മുരുകനെ ആംബുലന്‍സില്‍ എത്തി പരിശോധിച്ചത് ഡോ.ബിലാല്‍ ആയിരുന്നു. വന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലെന്ന് അറിയിച്ചത് ആശുപത്രി അധികൃതരാണ്. നഴ്സിംഗ് അസിസ്റ്റന്റിനും ഇക്കാര്യമറിയാമെന്നും മരുകന് കൂട്ടിരിപ്പുകാര്‍ വേണമെന്ന് താന്‍ ആവശ്യപ്പെട്ടില്ലെന്നും ഡോ.ബിലാല്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഉത്തർപ്രദേശ് സർക്കാരിന് കീഴിലെ ഗോരഖ്പൂർ ബാബ രാഘവ് ദാസ് ആശുപത്രിയിൽ അഞ്ച് ദിവസത്തിനിടെ മരിച്ചത് 60 ലേറെ കുട്ടികൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ച് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇത്രയും കുട്ടികൾ കൊല്ലപ്പെട്ട വിവരങ്ങൾ പുറത്തെത്തിയത്.
ആശുപത്രിയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആഗസ്ത് ഏഴ് മുതൽ വിവിധ വാർഡുകളിലായി 60 ലേറെ കുട്ടികൾ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആഗസ് 7 ന് ഒൻപത് പേരാണ് മരിച്ചത്. ഇതിൽ നാല് കുട്ടികൾ നവജാത ശിശുക്കളായിരുന്നു. രണ്ട് പേർ അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രവും(എഇഎസ്) മൂന്ന് പേർ നോൺ എഇഎസും റിപ്പോർട്ട് ചെയ്തു.
ആഗസ്ത് എട്ടിന് മരണ സംഖ്യ 12 ആയി ഉയർന്നു. ഏഴ് നവജാത ശിശുക്കളുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3 കുട്ടികൾക്ക് എഇഎസ് ബാധയും 2 കുട്ടികൾക്ക് നോൺ എഇഎസ് ബാധയും കണ്ടെത്തി.
ആഗസ്ത് 9 ന് ഒൻപത് കുട്ടികളും ആഗസ്ത് 10 ന് 23 കുട്ടികളും മരിച്ചു. ആഗസ്ത് 11 ന് 7 കുട്ടികളാണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഇതുവരെ മൂന്ന് കുട്ടികൾ കൂടി മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണ സംഖ്യ 63 ആയി ഉയർന്നു.
ഓക്സിജൻ ലഭ്യമല്ലാതിരുന്നതും അണുബാധയുമാണ് മരണത്തിന് കാരണമായി ആദ്യം ഉയർന്നുവന്ന ആരോപണം. എന്നാൽ കുട്ടികളുടെ വാർഡിൽ ഓക്സിജൻ ഇല്ലായിരുന്നുവെന്ന വാദം ആശുപത്രി അധികൃതർ തള്ളി. പലവിധ കാരണങ്ങൾ കൊണ്ടാണ് കുട്ടികൾ മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ദിവസം മുൻപും ഇവിടെയെത്തിയിരുന്നതായാണ് ലഭിക്കുന്ന വിവരം.
പത്ത് കിടക്കകളുള്ള തീവ്ര പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനവും നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനവുമാണ് യോഗി ആദിത്യനാഥ് നിർവ്വഹിച്ചത്. ജാപ്പാനീസ് എൻസൈഫിലിറ്റി വൈറസ് ബാധയും അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രവും(എഇഎസ്) രേഖപ്പെടുത്തിയ കുട്ടികളെ പ്രവേശിപ്പിച്ച വാർഡ് ഇദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു.
ഓക്സിജൻ ലഭ്യമല്ലാതിരുന്നതാണ് മരണ കാരണമെന്ന വാദം സംസ്ഥാന സർക്കാരും തള്ളി. ഇതുവരെ മരിച്ചതിൽ 34 കുട്ടികളും നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞവരായിരുന്നു.
കേരളത്തിലെ കായല്‍-കോള്‍ നിലങ്ങളില്‍ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ നടത്തുന്ന ജൈവ പ്രാധാന്യമുള്ള പൊക്കാളി കൃഷിക്ക് ഭീഷണിയായി പറവൂര്‍ എഴിക്കരയില്‍ ഓഷ്യനേറിയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി ഓഗസ്റ്റ് 10ന് വൈകീട്ട് 4.30 ന് ചാത്തനാട് കുഴപ്പനത്ത് പ്രതിഷേധ യോഗവും സെമിനാറും സംഘടിപ്പിച്ചു. ഒരു വശത്ത് ഹരിത കേരള പദ്ധതിക്കായി കോടികള്‍ ചിലവിടുമ്പോള്‍, ചാത്തനാട് കുഴുപ്പനം ആക്കപ്പാടം പൊക്കാളി പാടശേഖരങ്ങളില്‍ സ്വകാര്യ കമ്പനി ഓഷ്യനേറിയം നിര്‍മ്മിക്കാനുള്ള നീക്കത്തെ സര്‍ക്കാര്‍ അനുവദിച്ചു കൊടുക്കുകയാണെന്ന് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
കേരളത്തിന്റെ ജലം, ഭക്ഷണം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും. ഇവ സംരക്ഷിക്കുന്നതിന് വേണ്ടി 2008 ല്‍ സംസ്ഥാനത്തു ഒരു നിയമം പാസാക്കിയെങ്കിലും ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാത്തതു മൂലം ഇതുവരെ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. മാറി മാറി വരുന്ന സര്‍ക്കാരുകളിലും അവയെ നയിക്കുന്ന രാഷ്ട്രീയ കക്ഷികളിലും ഭൂമാഫിയകള്‍ക്കുള്ള സ്വാധീനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പഴുതുപയോഗിച്ചു അധികൃതര്‍ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്.
പ്രൊഫ: കെ അരവിന്ദാക്ഷന്‍, എം എന്‍ പിയെര്സന്‍, സി ആര്‍ നീലകണ്ഠന്‍, ഡോ: മന്‍സൂര്‍ ഹസ്സന്‍. മോഹനന്‍ പറവൂര്‍ എന്നിവര്‍ സംസാരിച്ചു. കര്ഷകനു നീതി, ജനങ്ങള്‍ക്ക് ഭക്ഷണം, സ്വാശ്രയകേരളം എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ പലഭാഗങ്ങളിലായി നടത്തുന്ന കര്‍ഷകസ്വരാജ് പരിപാടികളുടെ സംസ്ഥാനതല ഉത്ഘാടനം ശ്രീ ഡോ: അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ചോദ്യം ചെയ്യയിലെ വെറും നാലേനാലു ചോദ്യങ്ങളാണ്. എന്നാല്‍ നാലാമത്തെ ചോദ്യം എന്താണെന്ന് മാത്രം പുറത്ത് വന്നിരുന്നില്ല.
പ്രമുഖ വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലും ബെഹ്‌റയോട് ഇതേ ചോദ്യം ഉയര്‍ന്നു.ദിലീപിനോടുള്ള നാലാമത്തെ ചോദ്യം എന്തായിരുന്നെന്ന് ചോദിച്ച ചോദ്യകര്‍ത്താവിനുള്ള മറുപടി ബെഹ്‌റ ഒരു ചിരിയില്‍ ഒതുക്കി. പിന്നാലെ ഇന്റര്‍വ്യൂ ഈസ് ഓവര്‍ എന്ന് അദ്ദേഹം പറയുകയും ചെയ്തു.
ചോദ്യം ചെയ്യലിലൂടെ കുറ്റാരോപിതനെ കുടുക്കുന്ന രീതികളും അദ്ദേഹം വിശദീകരിച്ചു. സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയില്‍ എടുത്താല്‍ പലതരം ചോദ്യം ചെയ്യല്‍ രീതികളുണ്ട്. അതിലൂടെ മൊഴിയിലെ വ്യത്യാസം കണ്ടുപിടിക്കാന്‍ സാധിക്കും. ഒരൊറ്റ വ്യത്യാസം കണ്ടുപിടിച്ചാല്‍ അതില്‍ പിടിച്ച് മുന്നോട്ട് പോകാനാകുമെന്നും പോലീസ് മേധാവി പറഞ്ഞു.
കുറ്റാരോപിതന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുകളിലേക്ക് നോക്കാതിരിക്കുക, കണ്ണടയ്ക്കുക, പ്രത്യേകതരം നോട്ടങ്ങള്‍ നോക്കുക, ഉമിനീരിറക്കുന്ന രീതി തുടങ്ങി സൂഷ്മമായ ചലനങ്ങളെല്ലാം നിരീക്ഷിച്ചാണ് പോലീസ് കുറ്റാരോപിതനെ കുടുക്കുന്നത്. തനിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ കാണാറുണ്ടെന്നും അതിലെ ഹ്യൂമര്‍ ആസ്വദിക്കാറുണ്ടെന്നും ബെഹ്‌റ പറഞ്ഞു.
ന്യൂസ് 18 ചാനലിനെ വിവാദത്തിലാക്കിയ വനിതാ മാധ്യമ പ്രവര്‍ത്തക ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ചാനല്‍ മേധാവിയടക്കം നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ന്യൂസ് 18കേരളം എഡിറ്റര്‍ രാജീവ് ദേവരാജ്, മാധ്യമപ്രവര്‍ത്തകരായ ലല്ലു ശശിധരന്‍, സി.എന്‍. പ്രകാശ്, ദിലീപ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യപ്രേരണ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.
സ്ഥാപനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യുവതിയടക്കം 17 പേര്‍ക്ക് സ്ഥാപനം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്നാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.
കഴക്കൂട്ടം സി.ഐ അജയ്കുമാറിനാണ് അന്വേഷണച്ചുമതല. അതേസമയം സ്ഥാപനത്തിലെ കൂട്ട പിരിച്ചുവിടലിനെതിരെ കൂടുതല്‍ ജീവനക്കാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസുപോലും നല്‍കാതെ പിരിച്ചുവിട്ടെന്നാണ് പരാതി.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗോരഖ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് 30 കുട്ടികള്‍ മരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് സംഭവമുണ്ടായത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ അഞ്ച് ദിവസത്തിനിടെ 30 കുട്ടികള്‍ അടക്കം 60 പേര്‍ മരിച്ചെന്നാണ് വിവരം.
ഓക്സിജന്‍ വിതരണ സംവിധാനം തകരാറിലായതാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ നല്‍കിയിരുന്ന കമ്പനിക്ക് 67 ലക്ഷം രൂപ കുടിശിക നല്‍കാനുണ്ടായിരുന്നുവെന്നും പണം നല്‍കിയില്ലെങ്കില്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തുമെന്ന് ഇവര്‍ നല്‍കിയ നോട്ടീസ് അധികൃതര്‍ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
എന്നാല്‍ ഓക്സിജന്‍ ലഭ്യതക്കുറവല്ല മരണത്തിന് കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. വിവിധ രോഗങ്ങള്‍ മൂലമാണ് ഇന്നലെ ഏഴുപേര്‍ മരിച്ചതെന്ന് ആശുപത്രി അറിയിക്കുന്നു. ഓക്സിജന്‍ വിതരണത്തില്‍ തടസമൊന്നും ഉണ്ടായിട്ടില്ലെന്നും ഗോരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്താലവിശദീകരിച്ചു. പുതിയ ഐസിയു വാര്‍ഡുകളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയില്‍ എത്തി രണ്ടുദിവസത്തിന് ശേഷമാണ് പിഞ്ചുകുട്ടികളടക്കം മരിക്കുന്നത്.
അപകടകരമായി പ്രചരിച്ചു കൊണ്ടിരുന്നു ഓണ്‍ലൈന്‍ ഇന്‍ട്രാക്ടീവ് ഗെയിമായ മറിയം നിരോധിക്കണം എന്ന് ആവശ്യപെട്ടു യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ സോഷില്‍ മീഡിയ വിദഗ്ധര്‍.
മറിയം, കളിക്കുന്നയാളുടെ മാനസികനില തകരറിലാക്കുമെന്നു വിദഗ്ധര്‍ പറയുന്നു. ഇതു കൂടാതെ കളിക്കു മുമ്പ് വ്യക്തികളുടെ വിവരങ്ങളും പുറത്തു വിടണം. ഇത് സ്വകാര്യതയേ ബാധിക്കും എന്ന ആശങ്കയും ഉയര്‍ത്തുന്നു. ഈ ഗെയിം ഉപയോഗിക്കുന്നവര്‍ ഒരു തരം സാങ്കല്‍പ്പിക ലോകത്ത് എത്തിപ്പെടുകയും ആമ്രകണകാരികളാകുകയും ചെയ്യുന്നു.
ഇത് ഗള്‍ഫ് രാജ്യങ്ങളിലാണു കൂടുതല്‍ പ്രചാരം. യുവജനങ്ങളെ അപകടത്തിലാക്കുന്ന എല്ലാം ഇതില്‍ ഉണ്ട് എന്നു പറയുന്നു. കറുത്ത പശ്ചാത്തലത്തില്‍ നില്‍ക്കുന്ന വെള്ളത്തലമുടിയുള്ള പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന രീതിയിലയാണു കളി പുരോഗമിക്കുന്നത്. ഒരു പ്രത്യേക ഘട്ടത്തില്‍ എത്തുമ്പോള്‍ പെണ്‍കുട്ടി ഇനി 24 മണിക്കൂര്‍ കാത്തിരിക്കാനുള്ള അറിയിപ്പു നല്‍കുന്നു. ഇതോടെ കളിക്കുന്നയാള്‍ ഇതിന് അടമയാകുന്നു എന്നും പറയുന്നു. നാലു ലക്ഷം പേരാണ് ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്യ്തിരിക്കുന്നത്.
ആഹാരം നിയന്ത്രിച്ചിട്ടും 13 വയസുകാരിയുടെ വണ്ണം ദിവസം തോറും കൂടി വരുന്നത് കണ്ട് വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനകള്‍ നടത്തിയ ശേഷം ഡോക്ടർ ആ ഞെട്ടിപ്പിക്കുന്ന വിവരം വീട്ടുകാരോട് പറഞ്ഞു.
പെൺകുട്ടി 27 ആഴ്ച ഗർഭിണിയാണെന്ന്. ഗര്‍ഭിണിയാക്കിയത് ആരാണ് എന്നു സംബന്ധിച്ച് പോലീസിനും ആശുപത്രി അധികൃതര്‍ക്കും മൊഴി നല്‍കാന്‍ കുട്ടി തയ്യാറായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പെണ്‍കുട്ടിയെ ഒരു അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യകാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്‌ച ഗര്‍ഭഛിദ്രം നടത്തുന്നതിനായി സുപ്രീംകോടതിയെ ഒരു പത്തുവയസുകാരിയുടെ കുടുംബം സമീപിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ മറ്റൊരു വാർത്തയും പുറത്ത് വന്നിരിക്കുന്നത്.
യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപും പൊലീസും പറയുന്നതു ശരിയാണെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിൻറെ വിശദീകരണം പരസ്യമായി ഇപ്പോൾ പറയാനാകില്ല.കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാൽ അതു കോടതിയലക്ഷ്യമാകും. അതേസമയം സംഭവം വിശദമാക്കി പൊലീസ് ഉടൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും.
കേസുമായി ബന്ധപ്പെട്ട് സുനിൽ കുമാർ(പൾസർ സുനി) ജയിലിൽ നിന്നു തനിക്കു കത്തയച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്റയെ ഫോണിലൂടെയും വാട്സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടു ദിവസം കഴിഞ്ഞു രേഖാമൂലം പരാതി നൽകിയെന്നുമാണു ദിലീപ് കോടതിയെ അറിയിച്ചത്. എന്നാൽ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണു പരാതിപ്പെട്ടത് എന്നായിരുന്നു പൊലീസിന്റെ വാദം. ഇതേക്കുറിച്ച് മനോരമ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപ് സംഭവവുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളിൽ നിന്നു പരാതി ലഭിച്ചാൽ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളിൽ സംശയം തോന്നിയാൽ പലതും കൂടുതൽ അന്വേഷിക്കേണ്ടി വരും. അതും പൊലീസ് ചെയ്തിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നു ബെഹ്റ വ്യക്തമാക്കി.