Latest News

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് സൂപ്പര്‍താരത്തിന്റെ നിര്‍ദ്ദേശമനുസരിച്ചെന്ന പുതിയ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. ഇതില്‍ ഒരാള്‍ നടനും മറ്റെയാള്‍ സംവിധായകനുമാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊച്ചിയില്‍ സുഹൃത്തിനെ കാണാനായി വരുമ്പോഴാണ് നടിക്കെതിരെ ആക്രമണം ഉണ്ടായത്. ഈ യാത്രാ വിവരങ്ങള്‍ പള്‍സര്‍ സുനിക്ക് ലഭിച്ചത് ഇതേ സംവിധായകനില്‍ നിന്നാണെന്നും സൂപ്പര്‍താരം പള്‍സര്‍ സുനിയെ വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ജയിലില്‍ വെച്ച് സഹ തടവുകാരനോടാണ് പള്‍സര്‍ സുനി ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് വിവരം. സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതിയായ ചാലക്കുടി സ്വദേശി ജിന്‍സനോടാണ് വിവരങ്ങള്‍ പങ്കുവച്ചത്. നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

ജയില്‍ അധികാരികള്‍ക്ക് വിവരം കിട്ടിയതോടെ ഈ കാര്യം അവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തു. നെടുമ്പാശ്ശേരിയില്‍ ഒരു തട്ടിപ്പുകേസുമായാണ് ജിന്‍സനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ മൊഴി ഗൗരവത്തോടെ എടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം.

റിമാന്‍ഡ് പ്രതിയായ ജിന്‍സന്റെ അതേ മുറിയിലാണ് പള്‍സര്‍ സുനിയെയും പാര്‍പ്പിച്ചിരുന്നത്. ഇവര്‍ തമ്മില്‍ നല്ല സൗഹൃദത്തിലാവുകയും ഇതെത്തുടര്‍ന്ന് സുനി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജിന്‍സനുമായി പങ്കുവയ്ക്കുകയുമായിരുന്നു. കൂടുതല്‍ തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ തുടരന്വേഷണം നടത്താനായി വിചാരണ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാനുള്ള ശ്രമത്തിലാണ് പൊലീസെന്നാണ് സൂചന. ഇതിനെല്ലാം ജയിലില്‍ വിചാരണ തടവുകാരനായ ജിന്‍സന്റെ അഭിഭാഷകന്റെ ഇടപെടലും നിര്‍ണ്ണായകമായി. സത്യം പുറത്തു വരുന്നതില്‍ ഈ അഭിഭാഷകന്റെ പങ്കും വലുതാണ്.

പള്‍സര്‍ സുനി ജിന്‍സനോട് സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മിമിക്രി താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയുടെ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ബ്ലാക്ക്മെയിലിങ് ആണോ ലക്ഷ്യമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിര്‍ണായക വിവരങ്ങള്‍ പൊലീസിനോട് പങ്കുവെച്ച ജിന്‍സനും സംശയത്തിന്റെ നിഴലിലാണ്. പള്‍സര്‍ സുനിയും ജിന്‍സനും ചേര്‍ന്ന് പ്രമുഖരില്‍ നിന്നും പണം തട്ടാനുള്ള ഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണോ പുതിയ നീക്കമെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഫെബ്രുവരി 17നായിരുന്നു തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴി പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും സംഘം മൊബൈലില്‍ പകര്‍ത്തി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നെങ്കിലും അത് തള്ളിക്കളയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ ജയിലിലെ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഈ കേസില്‍ നിര്‍ണായക വഴിത്തിരിവ് ആയിരിക്കുന്നത്.

തന്നെ പീഡനത്തിന് ഇരയാക്കിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട യുവതിയോട് തന്നോടൊപ്പം ലൈംഗീകബന്ധത്തിലേര്‍പ്പെടണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലെ റാംപൂരിലെ ഗഞ്ച് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് യുവതിയുടെ ആരോപണം.

തന്നെ പീഡിപ്പിച്ചവര്‍ സമൂഹത്തില്‍ സ്വതന്ത്രമായി നടക്കുന്നുവെന്നും, തന്റെ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയതെന്ന് യുവതി പറയുന്നു. പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ ആദ്യം തനിക്കൊപ്പം ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം.

യുവതി പൊലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം നിഷേധിച്ചതോടെ യുവതി പീഡനത്തിന് ഇരയായ കേസിലെ അന്വേഷണം ഉദ്യോഗസ്ഥന്‍ അവസാനിപ്പിച്ചു. വീണ്ടും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നിലെത്തിയ യുവതി സംഭാഷണമെല്ലാം റെക്കോര്‍ഡ് ചെയ്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു.  സംഭവം വിവാദമായതോടെ ആരോപണവിധേയനായ എസ്‌ഐക്കെതിരെ എസ്പി അന്വേഷണം പ്രഖ്യാപിച്ചു. ഫെബ്രുവരി 12നായിരുന്നു രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ ഒരാളെ യുവതിക്ക് നേരത്തെ അറിയുന്നതായിരുന്നിട്ടും, പ്രതികള്‍ക്കെതിരെ ഒരു നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറായില്ല.  തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

പുതുവൈപ്പിലെ ജനകീയസമരവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം കേരളത്തിലെ പോലീസ് നടത്തിയ നരനായാട്ടിനെ ഒന്നു അപലപിക്കാന്‍ പോലും ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ലെന്ന് ആംആദ്മി പാര്‍ട്ടി. ഭരണമുന്നിണിയിലെ കക്ഷിനേതാക്കളും, പല കക്ഷികളും, സി.പി.ഐ.എമ്മിന്റെ തന്നെ നേതാക്കളടക്കം കേരളീയ പൊതുസമൂഹം മുഴുവന്‍ ഹീനമായ അക്രമണം എന്നു വിശേഷിപ്പിച്ച ആ സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പോലീസ് ഭാഷ്യം അതുപോല്‍ അംഗീകരിക്കാനാണ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമൊക്കെ തയ്യാറാവുന്നത് എന്നതില്‍ നിന്നു തന്നെ ജനകീയ സമരങ്ങളോടുള്ള ഈ സര്‍ക്കാരിന്റെ സമീപനം വ്യക്തമാകുന്നുവെന്നും ആംആദ്മി പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തില്‍ വളര്‍ന്നു വരുന്ന ഒട്ടനവധി ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്തി തങ്ങളുടെ സ്ഥാപിത കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നന്ദിഗ്രാം, സിംഗൂര്‍ മാതൃക കേരളത്തിലും ആവര്‍ത്തിക്കാനുള്ള ശ്രമം ഒരിക്കലും അംഗീകരിച്ചു കൊടുക്കാനാവില്ല. അതുകൊണ്ട് തന്നെ ഇതിനെതിരായി ശക്തമായ ജനാധിപത്യ പ്രക്ഷോഭം ഉയര്‍ന്നു വരികയാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ 22ന് രാവിലെ 10 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ നിന്നും ഐ.ജി ഓഫീസിലേക്ക് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിക്കുന്നതായി പാര്‍ട്ടി അറിയിച്ചു. മാര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടിയുടെ വോളന്റിയര്‍മ്മാരും പങ്കെടുക്കുന്നതാണ്. ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാവരും അണിചേരണമെന്ന് ആം ആദ്മി പാര്‍ട്ടി അഭ്യര്‍ത്ഥിക്കുന്നു

ഭക്ഷണക്ഷാമം നേരിടുന്ന കെനിയയ്ക്ക് സഹായവുമായി ചൈന. ഒരു ലക്ഷം ഭക്ഷണപ്പൊതികളാണ് ചൈന കെനിയയ്ക്കു നൽകിയത്. ഭക്ഷ്യക്ഷാമം നേരിടുന്ന ജനങ്ങളുടെ അവസ്ഥ കരളലിയിക്കുന്നതാണെന്ന് കെനിയയിലെ ചൈനീസ് അംബാസഡർ ലിയൂ ക്സിയാൻഫ പറഞ്ഞു.

പ്രതികൂല കാലാവസ്ഥയേത്തുടർന്നാണ് കെനിയ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലമർന്നത്. എന്നാൽ കെനിയൻ ജനത ഭക്ഷണത്തിനായി ഇനി അലയേണ്ടി വരില്ല. ചൈനയിലെ ജനങ്ങൾ ഇവർക്കൊപ്പമുണ്ട്. മുൻപും ചൈനയിലുള്ളവർ കെനിയയ്ക്ക് സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്- ലിയൂ വ്യക്തമാക്കി.

കൊച്ചി: പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനലിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ തീവ്രവാദികളുടെ ഇടപെടലുണ്ടായെന്ന നിലപാടിലുറച്ച് പോലീസ്. ഇത് സംബന്ധിച്ച് ഷാഡോപോലീസിന്റെ സഹായത്തോടെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്കു കൈമാറി.മംഗലാപുരത്തുനിന്നും തൃശ്ശൂരില്‍ നിന്നുമായി എത്തിയ പത്തംഗ സംഘമാണ് സമരത്തിന്റെ ഗതി നിയന്ത്രിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇവരില്‍ രണ്ടു പേര്‍ മൂന്നാര്‍ സമരത്തിലും ഉണ്ടായിരുന്നതായി  രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സമാധാനപരമായി നടന്നു വരികയായിരുന്ന സമരത്തിന്റെ സ്വഭാവം 119-ാം ദിവസം പൊടുന്നനെ മാറിയതിന്റെ പിന്നിലും ഇവരുടെ പങ്ക് നിര്‍ണ്ണായകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുവൈപ്പ് ഉള്‍പ്പടെയുള്ള തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടെ പങ്കും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. മംഗലാപുരം സ്വദേശികളായി ആറുപേരെ പൊലീസ് ഞാറാഴ്ച വരെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതില്‍ ഏതാനം പേര്‍ മുടിയും താടിയും നീട്ടി വളര്‍ത്തിയവരാണ്. എന്നാല്‍ ഷാഡോ പൊലീസ് ഇവരോട് നേരിട്ട് സംസാരിച്ച് തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചപ്പോള്‍, രേഖകള്‍ വീട്ടിലാണെന്നും, സമരം നടക്കുന്നത് അറിഞ്ഞെത്തിയവരാണ് തങ്ങളെന്നും, പുതുവൈപ്പ് സ്വദേശികളുടെ ബന്ധുക്കളാണെന്നുമാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച വൈകിട്ടോടെ ഇവര്‍ സമരകേന്ദ്രത്തില്‍ നിന്നും അപ്രത്യക്ഷരായതോടെയാണ് സംശയമുണര്‍ന്നത്.

ഇവരില്‍ ഓരോരുത്തരെയും മൂന്ന് ഉദ്യോഗസ്ഥര്‍ വരെയാണ് നിരീക്ഷിച്ചത്. ഇവരിലൊരാളാണ് മാര്‍ച്ചിന് നേരെയുണ്ടായ കല്ലേറിന് തുടക്കമിട്ടതെന്നും സൂചനയുണ്ട്. ടെര്‍മിനല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഏറ്റവുമധികം നഷ്ടം ഉണ്ടാകുക മംഗലപുരത്ത് നിന്ന് കൊച്ചിയില്‍ ഗ്യാസ് എത്തിക്കുന്ന ടാങ്കര്‍ ലോറി ഉടമകള്‍ക്കായിരിക്കും. വര്‍ഷം കോടികളുടെ നേട്ടമാണ് ടാങ്കര്‍ ലോബിക്ക് ഇതിലൂടെ ലഭിച്ചുവരുന്നത്. എല്‍.പി.ജി ടെര്‍മിനല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഈ ഇനത്തില്‍ ലഭിക്കുന്ന വരുമാനം ടാങ്കര്‍ ലോബിക്ക് നഷ്ടമാകും.

ഇതിനാല്‍ തീവ്രവാദ സംഘടനകളുടെ പിന്നില്‍ ടാങ്കര്‍ ലോറി മാഫിയയാണോ എന്ന ന്യായമായ സംശയവുമുണരുന്നു. സമരക്കാര്‍ക്ക് ആവശ്യമായ അരിയുള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ഇവര്‍ സൗജന്യമായി എത്തിച്ച് നല്‍കിയിരുന്നു. സമര നേതാക്കളുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ച് വരുകയാണ്. എന്നാല്‍ പുറത്ത് നിന്ന എത്തിയ തീവ്ര സംഘടനകളുടെ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരുടെ കയ്യിലും മൊബൈല്‍ ഫോണ്‍ ഇല്ലെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. പത്താം തീയതിയോടെ പുതുവൈപ്പിലെത്തിയ സംഘം വീടുകള്‍ കയറി ക്യാമ്പയിന്‍ നടത്തി അനാവശ്യഭീതിയുണ്ടാക്കി. ഇതാണ് പതിനാലാം തിയതിയോടെ സമരത്തിന്റെ സ്വഭവം മാറിയത്. ഇതിനു മുമ്പ്് ഇവര്‍ ഇവിടെ എത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചു വരികയാണ്.

മറ്റൊരു കാര്യം പുതുവൈപ്പ് പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കഴിഞ്ഞ ഒരാഴ്ചക്കാലമായി ജോലിയ്‌ക്കൊന്നും പോകാതെ സമരത്തിലുണ്ട്. സര്‍ക്കാര്‍ പദ്ധതിയുമായി മുമ്പോട്ടു പോയാല്‍ ഇവിടെത്തന്നെ ജോലിയ്ക്കു കയറിപ്പറ്റാമെന്നും പലരും കണക്കുകൂട്ടുന്നു. പ്രദേശവാസികള്‍ക്ക് പദ്ധതിയില്‍ ജോലി നല്‍കണമെന്ന നിര്‍ദ്ദേശം ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന അനുരജ്ഞന ചര്‍ച്ചയില്‍ ഐ.ഒ.സി വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ ഉന്നയിക്കും. എന്നാല്‍ ഇത്തരം ആവശ്യത്തിന് വഴങ്ങേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.

പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഹൈവേകള്‍ വഴിയുള്ള ടാങ്കര്‍ ലോറികളുടെ വരവ് അമ്പത് ശതമാനം എങ്കിലും കുറയുമെന്നാണ് ഐ.ഒ.സി വ്യക്തമാക്കുന്നത്. ദിവസേന ഏകദേശം നൂറ് ബുള്ളറ്റ് ട്രക്കുകളാണ് വീതി കുറഞ്ഞ രോഡുകളിലൂടെ കടന്നുപോകുന്നത്. കൊച്ചി റിഫൈനറിയില്‍ നിന്ന് നിര്‍ദ്ദിഷ്ട എല്‍പിജി ടെര്‍മിനിലേക്കും, ഉദയംപേരൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, എന്നിവടങ്ങളിലേക്കും പൈപ്പ് വഴി ബന്ധിപ്പിച്ചാല്‍ പാതകളില്‍ക്കൂടിയുള്ള ടാങ്കര്‍ ലോറികളുടെ വരവ് ഗണ്യമായി കുറയുമെന്നും ഐഒസി അധികൃതര്‍ പറയുന്നു. ഒരു ദിവസം നിര്‍മാണം നിര്‍ത്തിവെയ്ക്കുന്നത് മൂലം ഒരു കോടി രൂപയ്ക്കടുത്ത നഷ്ടമാണ് ഐഒസിക്ക് ഉണ്ടാകുന്നത്. ആഗോള നിലവാരത്തിലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മോദി കൊച്ചിയിലെത്തുന്ന തലേ ദിവസമാണ് പുതുവൈപ്പ് സമരം സംഘര്‍ഷത്തിലെത്തിയത്. ഹൈക്കോടതിക്ക് അടുത്ത് വരെ സമരക്കാരെത്തി. ഇവരെ അതിശക്തമായി ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കൈകാര്യം ചെയ്തതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് യതീഷ് ചന്ദ്രയെ ന്യായീകരിച്ചുകൊണ്ട്് ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തുകയും ചെയ്തതോടെ സംഭവം ഇപ്പോള്‍ കത്തിപ്പടരുകയാണ്.

വാണിജ്യ നഗരിയായ ബത്ഹയിലെ ബത്​ഹ കോമേഴ്​സ്യൽ സെന്ററിന് തീപിടിച്ചപ്പോൾ എരിഞ്ഞമർന്നത് ഒരു കൂട്ടം കച്ചവടക്കാരുടെ പെരുന്നാൾ സ്വപ്നങ്ങൾ കൂടിയാണ്​​. പെരുന്നാൾ കച്ചവടത്തിനായി വലിയ തോതിൽ സ്റ്റോക് ചെയ്ത സാധനങ്ങളും പണവും കത്തി നശിച്ചു. അപ്രതീക്ഷിതമായി വന്നെത്തിയ ദുരന്തത്തിൽ തകർന്നിരിക്കുകയാണ് സ്ഥാപന ഉടമകൾ. കെട്ടിപ്പടുത്ത തങ്ങളുടെ ജീവിത സ്വപ്നങ്ങളിലേക്ക് അഗ്നി പടരുന്ന കാഴ്ച കണ്ണ് നിറയുന്നതാണ്. പെരുന്നാൾ ഒരുക്കങ്ങൾക്ക് തീ പിടിച്ചതോടെ ഇനി എങ്ങോട്ട് എന്ന ചോദ്യമാണ് കച്ചവടക്കാരുടെ മുഖത്ത്. ഇനി തുറക്കാനാകുമോ എന്ന ആശങ്കയും ചിലർ പങ്ക് വയ്ക്കുന്നുണ്ട്.

അതേസമയം, ആളപായമില്ല എന്നത് വലിയ ആശ്വാസവും നൽകുന്നുണ്ടെന്ന് സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു. കോമേഴ്​സ്യൽ സെന്ററിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നത്. ഈ ഭാഗങ്ങളിലെല്ലാം തുണിക്കടകളും ബ്ലാങ്കറ്റ്​ കടകളുമായതിനാൽ തീ വേഗം ആളിപ്പടർന്നു. ആദ്യ നിലയിലെ ചില ട്രാവൽ ഏജൻസികളിലേക്കും തീ പടർന്നു. തുടർന്ന് കെട്ടിടത്തിന് പുറത്തേക്ക് ആളുന്ന തീ നാളവും കറുത്ത പുകയും പൊങ്ങി തുടങ്ങി. ഞൊടിയിടയിൽ സിവിൽ ഡിഫൻസി​ന്റെ നേതൃത്വത്തിൽ നിരവധി അഗ്​നിശമന യൂണിറ്റുകളും പൊലീസും എത്തി തീയണക്കാൻ ശ്രമം ആരംഭിച്ചു. രാത്രി വൈകിയും തീയണക്കൽ ശ്രമം തുടർന്നു​. സെന്ററിൽ പ്രവർത്തിക്കുന്ന സ്​ഥാപനങ്ങളിലേറിയ പങ്കും തുണി, ബ്ലാങ്കറ്റ്​ കടകളായതിനാൽ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞ ബത്ഹയിൽ തീ പടരാതെ നോക്കാൻ അഗ്നിശമന സേവന അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.

തീ പിടിച്ചതിന്റെ കാരണം വ്യക്​തമായിട്ടില്ല. ബത്​ഹയിലെ വളരെ പഴക്കവുമുള്ള ഷോപ്പിങ് മാളുകളിൽ ഒന്നാണ് ബത്ഹ കൊമേഴ്​സ്യൽ സെന്റർ. രണ്ടുനിലകളിലുള്ള മാളിന്റെ താഴത്തെ നിലയിൽ തുണിക്കടൾ, ബ്ലാങ്കറ്റ്​ കടകൾ, മിഠായിക്കടകൾ, ബൂഫിയ, സ്​റ്റേഷനറി കടകൾ, ബഖാല, പെർഫ്യൂം കടകൾ, ട്രാവൽ ഏജൻസികൾ തുടങ്ങിയവയാണുള്ളത്​. നൂറിലേറെ കടകളാണ്​ ഈ നിലയിൽ പ്രവർത്തിക്കുന്നത്​. വിശാലമായ നടുത്തളത്തിൽ ബാങ്ക്​ എടിഎമ്മുമുണ്ട്​. പല ഇടനാഴികളായി പിരിഞ്ഞ ഉൾവശത്ത്​ നിരനിരയായാണ്​ കടകൾ പ്രവർത്തിക്കുന്നത്​. ഇതിൽ ഒരു ഇടനാഴിയിൽ നിന്നാണ്​ തീ ആദ്യം കണ്ടത്​. പിന്നീട്​ നിമിഷങ്ങൾക്കുള്ളിൽ മറ്റിടനാഴികളിലേക്കും കടകളിലേക്കും തീ പടരുകയായിരുന്നു. നോമ്പു തുറക്കുന്ന സമയമായതിനാൽ കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് ആളപായങ്ങളൊന്നുമുണ്ടായില്ല​. മുകളിലെ നിലയിൽ ശ്രീലങ്കൻ, മലയാളി റസ്​റ്ററന്റുകളും നിരവധി ട്രാവൽ ഏജൻസികളും കമ്പ്യൂട്ടർ, ടൈലറിങ്​ ഷോപ്പുകളുമാണുള്ളത്​.

സംഭവമുണ്ടാകു​മ്പോൾ റസ്റ്ററന്റുകളിൽ മാത്രമാണ്​ ആളുകളുണ്ടായിരുന്നത്​. ക്ലാസിക്​ റസ്റ്ററന്റിൽ നോമ്പുതുറക്കാനെത്തിയ ആളുകൾ നിറയെ ഉണ്ടായിരുന്നെങ്കിലും താഴത്തെ നിലയിൽ പുക കണ്ടതോടെ എല്ലാവരേയും വേഗം ഒഴിപ്പിക്കുകയായിരുന്നെന്നും എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങിയെന്നും റസ്റ്ററന്റ് അധികൃതർ അറിയിച്ചു. അതേസമയം, ഒന്നാം നിലയിൽ ചില ട്രാവൽ ഏജൻസികൾ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്​. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ പെരുന്നാൾ യാത്രകൾക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിനും, മറ്റും വാങ്ങി വെച്ച പാസ്പോർട്ടുകളും പണവും മറ്റ് രേഖകളുമുണ്ട്. ഇതെല്ലം എന്തായെന്നറിയാതെ കെട്ടിടത്തിന് പുറത്ത് നിൽക്കുകയാണ് സ്ഥാപന ഉടമകൾ. തീ പിടിത്തം ഉണ്ടായതോടെ കെട്ടിടത്തിനകത്തേക്ക് ആരെയും കടത്തിവിടുന്നില്ല. കെട്ടിടവും പരിസരവും സിവിൽ ഡിഫൻസിന്റെ നിയന്ത്രണത്തിലാണ്.

അതേസമയം, താഴത്തെ നിലയിൽ തീപടരാത്ത ഭാഗങ്ങളിൽ കടകളിൽ നിന്ന്​ ആളുകൾ സാധനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക്​ മാറ്റി കൊണ്ടിരിക്കുന്നുണ്ട്. രണ്ടുനിലകളിലും കൂടി 200 ഓളം സ്ഥാപനങ്ങളുള്ളതിനാൽ അനേകം പേരുടെ ഉപജീവനമാർഗങ്ങൾ കൂടിയാണ്​ പ്രതിസന്ധിയിലായത്​. മലയാളികളുടെ നിരവധി സ്​ഥാപനങ്ങളുണ്ട്​. ഇതര ഇന്ത്യൻ സംസ്​ഥാനങ്ങളിൽ നിന്നുള്ളവർ, പാക്കിസ്ഥാൻ, യമൻ, ബംഗ്ലാദേശ് ​എന്നീ രാജ്യക്കാരുടെയും സ്​ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. രണ്ടാഴ്​ച മുമ്പ്​ താഴത്തെ നിലയിലെ ഒരു കട കത്തി നശിച്ചിരുന്നു. അറ്റകുറ്റ പണികൾ പൂർത്തിയാക്കി ​അടുത്ത ദിവസം തുറക്കാനിരിക്കെയാണ്​ അടുത്ത ദുരന്തം. വർഷങ്ങൾക്ക്​ മുമ്പ് ഇതു പോലൊരു റമസാനിൽ നോമ്പുതുറക്കുന്ന സമയത്താണ്​ മലയാളികളടക്കമുള്ളവരെ ദുരിതത്തിലാഴ്​ത്തിയ ബത്​ഹ കേരള, യമനി മാർക്കറ്റുകളിലെ തീദുരന്തമുണ്ടായത്​. കഴിഞ്ഞ വർഷമാണ് ബത്ഹയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജി-മാർട്ടിന് തീ പിടിച്ചതും.

വിമാനയാത്രയിലെ ശല്യക്കാര്‍ സൂക്ഷിച്ചോ. യാത്രക്കിടയിലെ ശല്യക്കാരെ ഒതുക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അടുത്തമാസം സ്ഥിരംപട്ടിക പുറത്തിറക്കുന്നു. പട്ടികയില്‍ പേരുവന്നാല്‍ പിന്നെ നിശ്ചിത കാലത്തേക്ക് വിമാനത്തില്‍ കയറാനോ യാത്ര ചെയ്യാനോ കഴിയില്ല. ഏതൊക്കെ  അച്ചടക്കലംഘനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുമെന്നുകാട്ടി ചട്ടവും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കും.

മൂന്ന് മാസം മുതല്‍ അനിശ്ചിതകാലം വരെ വിമാനയാത്ര നിഷേധിക്കുന്ന തരത്തിലാണ് ചട്ടം രൂപപ്പെടുത്തുക. മൂന്ന് തരത്തിലാണ് കുറ്റങ്ങള്‍ നിര്‍വചിച്ചിരിക്കുന്നത്. വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ ഉള്ള മോശമായ  പെരുമാറ്റത്തിനും മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനും മൂന്ന് മാസം വിലക്ക് കിട്ടും.  ലൈംഗികചുവയോടെയുള്ള പെരുമാറ്റം, കൈയില്‍ കടന്നുപിടിക്കല്‍ തുടങ്ങിയവയാണ് രണ്ടാമത്തെ തലത്തിലുള്ള കുറ്റം.

ആറ് മാസത്തെ വിലക്കായിരിക്കും ഇതിനുള്ള ശിക്ഷ. വിമാനത്തിനുള്ളിലെ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുക, ജീവനക്കാരെ മര്‍ദ്ദിക്കുക, അവരുടെ കാബിനില്‍ തള്ളിക്കയറുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്താല്‍ രണ്ട് വര്‍ഷം മുതല്‍ അനിശ്ചിതകാലം വരെ പിന്നീട് ട്രെയിന്‍ യാത്ര കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ഇത്തരം വില്ലന്‍മാരുടെ പട്ടികയും പുറത്ത് വിടും.

ഒരോവിമാനക്കമ്പനിയും നിശ്ചയിക്കുന്ന സമിതി യോഗം ചേര്‍ന്നാണ് ഈ പട്ടിക തയ്യാറാക്കുന്നത്. ഭീഷണിയെന്ന് സുരക്ഷാ ഏജന്‍സികള്‍ വിലയിരിത്തുന്നവരും ഈ പട്ടികയിലുണ്ടാവും.

സൗദി അറേബ്യയുടെ ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി നടത്തി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിനെ സ്ഥാനത്ത് നിന്ന് നീക്കി രാജാവ് വിജ്ഞാപനം ഇറക്കി. തുടര്‍ന്ന് സൗദി അറേബ്യയുടെ സല്‍മാന്‍ രാജാവ് മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചു.

അല്‍-ഖ്വയ്ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ സൗദി അറേബ്യയിലെ വേരറുത്ത വ്യക്തിയായിരുന്നു രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന നായിഫ്. കിരീടാവകാശ സ്ഥാനത്ത്‌നിന്ന് മാറ്റപ്പെട്ടതോടെ നായിഫിന് ഭരണത്തിലുള്ള എല്ലാ അധികാരങ്ങളും നഷ്ടപ്പെട്ടു.

സൗദിയുടെ പ്രതിരോധ മന്ത്രിയായിരുന്നു 31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍. കിരീടാവകാശികളുടെ ഗണത്തില്‍ രണ്ടാമനുമായിരുന്നു സല്‍മാന്‍. എന്നാല്‍, പുതിയ പ്രഖ്യാപനത്തോടെ ചെറുപ്പക്കാരനായ സല്‍മാന്‍ സൗദിയിലെ ഏറ്റവും അധികാരമുള്ള ആളുകളില്‍ ഒരാളായി മാറി. സൗദി അറേബ്യയുടെ ഭരണത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് പുതിയ കിരീടാവകാശിയുടെ പ്രഖ്യാപനം.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് ചാലക്കുടി സ്വദേശി ജിൻസിന്‍റെ മൊഴി രേഖപ്പെടുത്താൻ ഏറാണാകുളം ചീഫ് ജുഡീഷ്യൽ മജിസേട്രേറ്റ് ഉത്തരവിട്ടത്. ഉത്തരവിന്‍റെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു.

പ്രതി സുനിൽ കുമാർ എഴുതിയതെന്ന് കരുതുന്ന ഒരു കത്ത് ഈയിടെ ജയിലിൽ നിന്നും പുറത്തെത്തിയിരുന്നു.  നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ  നടനും സംവിധായകുമായ ഒരാളുടെ പങ്ക് വിശദീകരിക്കുന്നതാണ് കത്ത്. കത്ത് പുറത്തെത്തിച്ചത് സുനിൽ കുമാറിനൊപ്പം ജയിൽ മുറിയിൽ കഴിഞ്ഞിരുന്ന ജിൻസ് ആണെന്നാണ് അനുമാനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജിൻസിന്‍റെ രഹസ്യ മൊഴിയെടുക്കാൻ പോലീസ് കോടതിയെ സമീപിച്ചത്.

ജിൻസിനെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്താനാണ് ഉത്തരവ്. മൊഴി രേഖപ്പെടുത്തിയ ശേഷം മുദ്രവെച്ച കവറിൽ കേസ് പരിഗണിക്കുന്ന കോടതിക്ക് മൊഴി കൈമാറാനും ഏറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നാല് ദിവസം മുന്‍പ് ഉത്തരവിട്ടു. ഉത്തരവി‍ന്‍റെ പകർപ്പ് അന്വഷണ സംഘത്തിനും കൈമാറി. കേസിൽ കുറ്റപത്രം നൽകിയ അന്വേഷണ സംഘം പുതിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കത്തുമായി ബന്ധപ്പെട്ട് സുനിൽകുമാറിനെയും സംഘം ചോദ്യം ചെയ്തുകഴിഞ്ഞു.

പൾസർ സുനിയുടെ മൊഴിയും മറ്റും പരിശോധിച്ചതിൽ ഗൂഢാലോചനയിൽ വ്യക്തമായ തെളിവുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. എന്നാൽ വിവാദങ്ങളിൽ പെടാൻ താൽപ്പര്യമില്ലാത്തതിനാൽ കരുതലോടെയാണ് നീക്കം. പൾസർ സുനിയെ ആവേശത്തിലാക്കി നടിയെ തട്ടിക്കൊണ്ടു വന്നതിന് പിന്നിലെ സിനിമയിലെ അണിയറക്കാർ തന്നെയെന്നത് പൊലീസിനും വ്യക്തമായി കഴിഞ്ഞു.

ബെംഗളൂരു: തടഞ്ഞു നിര്‍ത്തിയത് രാഷ്ട്രപതിയെയാണ്. അതും അകമ്പടി വാഹനങ്ങളുള്ള രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ. തടഞ്ഞു നിര്‍ത്തിയതാവട്ടെ പോലീസുകാരനും. സസ്‌പെന്‍ഷനല്ല സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ തന്നെ കാരണമായേക്കാവുന്ന സംഭവം. പക്ഷെ ബെംഗളൂരുവിലെ ട്രാഫിക് പോലീസുകാരന് ഈ കൃത്യം ചെയ്തതിന് സംസ്ഥാന പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു.

ജനപ്രതിനിധികള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ സാധാരണക്കാരുടെ സമയത്തിനും സൗകര്യത്തിനും വിലകല്‍പിക്കാതെ റോഡില്‍ തടഞ്ഞുനിര്‍ത്തുന്നതാണ് പൊതുവെ ഇന്ത്യയാകമാനം കണ്ടു വരുന്ന രീതി. അപ്പോള്‍ പിന്നെ ആ സ്ഥാനത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാണെങ്കില്‍ പറയേണ്ടതില്ലല്ലോ.

എന്നാല്‍ വാഹന വ്യൂഹം കടന്നു പോകുന്ന വഴിയിലേക്ക് കടന്നു വരുന്നത് ഒരു ആംബുലന്‍സാണെങ്കിലോ. പ്രഥമ പരിഗണന എന്താണെന്ന അങ്കലാപ്പിലാവും പോലീസുകാരന്‍. എന്നാല്‍ സംശയങ്ങളോ ആശയക്കുഴപ്പമോ ഇല്ലാതെ സന്ദര്‍ഭത്തിനനുസരിച്ച് മനസ്സാന്നിധ്യം കൈവെടിയാതെ ആ പോലീസുകാരൻ പ്രഥമ പൗരനേക്കാള്‍ പ്രഥമ പരിഗണന ആംബുലന്‍സിന് തന്നെ നല്‍കി.

രാഷ്ട്രപതി കാത്തു നില്‍ക്കട്ടെ ആംബുലന്‍സ് പോകട്ടെ എന്ന നിലപാടെടുത്തത് ബെംഗളൂരു ട്രാഫിക് പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ എംഎല്‍ നിജലിംഗപ്പയാണ്.

ജൂണ്‍ 17നാണ് സംഭവം. ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയുടെ സര്‍വീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ട്രിനിറ്റി സര്‍ക്കിളില്‍ രാഷ്ട്രപതിയുടെ വാഹനം എത്തിച്ചേരുന്നതിന് ഏതാനും നിമിഷം മുമ്പാണ് വാഹന വ്യൂഹത്തെ തടഞ്ഞു നിര്‍ത്തി അതു വഴി വന്ന ആംബുലന്‍സിന് കടന്നു പോകാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നിജലിംഗപ്പ തനിക്ക് കീഴിലുള്ള പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുകിയത്.

പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭയ് ഗോയാല്‍ നിജലിംഗപ്പയെ അഭിനന്ദിച്ച് കൊണ്ട് ട്വിറ്ററില്‍ കുറിപ്പിട്ടതോടെയാണ് സമൂഹമാധ്യമങ്ങളില്‍ വിഷയം വലിയ ചര്‍ച്ചയായത്.  ബെംഗളൂരു പോലീസ് അദ്ദേഹത്തിന് പാരിതോഷികവും പ്രഖ്യാാപിച്ചിട്ടുണ്ട്.എന്നാല്‍ ഈ പ്രവൃത്തി ഒരു വലിയ കാര്യമല്ലെന്നും ഒരു പോലീസുകാരന്‍ ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ട കാര്യമാമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

Copyright © . All rights reserved