Latest News

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കല്‍ നടന്നെന്ന നിഗമനത്തില്‍ സി.ബി.ഐ. ഫോറന്‍സിക് തെളിവുകള്‍ വിലയിരുത്തുകയാണ് അന്വേഷണസംഘം. സിദ്ധാര്‍ഥ് മരിച്ചശേഷം ഒരു സംസ്ഥാനതല വിദ്യാര്‍ഥി നേതാവ് ക്യാമ്പസിലുണ്ടായിരുന്നുവെന്നാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ തെളിയുന്നത്. ഇതും അന്വേഷണവിധേയമാക്കും.

സിദ്ധാര്‍ഥിന്റേത് കൊലപാതകമാണോ എന്ന സംശയ ദൂരീകരണത്തിനാണ് സി.ബി.ഐ. ശ്രമിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്. രണ്ട് അധ്യാപകര്‍ കേസില്‍ പ്രതികളാകുമെന്നാണ് സൂചന. ഇതിനൊപ്പം സിദ്ധാര്‍ഥിനെതിരേ വ്യാജപരാതി കൊടുത്ത പെണ്‍കുട്ടിയുടെ മൊഴിയും പരിശോധിക്കുന്നുണ്ട്. എല്ലാം സത്യസന്ധമായി ഈ പെണ്‍കുട്ടി സി.ബി.ഐയോട് പറഞ്ഞുവെന്നാണ് സൂചന.

സിദ്ധാര്‍ഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ ശൗചാലയത്തില്‍ സി.ബി.ഐ ഡമ്മി പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലങ്ങള്‍ വിശകലനം ചെയ്തുവരികയാണ്. ഫെബ്രുവരി 18-ന് സിദ്ധാര്‍ഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയവരുടെ മൊഴിയും സി.ബി.ഐ. രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളില്‍ വൈരുധ്യമുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.

സി.ബി.ഐ. സംഘം വയനാട്ടില്‍ ക്യാമ്പുചെയ്താണ് അന്വേഷണം. കേസ് കൊച്ചി സി.ബി.ഐ. കോടതിയിലേക്കു മാറ്റാനാണ് നീക്കം. അതിനുശേഷമാവും റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികള്‍.

20 വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.ബി.ഐ. എഫ്.ഐ.ആറില്‍ കൂടുതല്‍ പ്രതികളുണ്ട്. സിദ്ധാര്‍ഥിന്റെ അച്ഛന്‍, കോളജിലെ വിദ്യാര്‍ഥികള്‍, സിദ്ധാര്‍ഥിന്റെ കുടുംബം പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ എന്നിവരുടെയെല്ലാം മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വൈകാതെ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന.

കുണ്ടറയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ആണ് സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാന്‍ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ആഘാതമേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ ഒരാള്‍പൊക്കത്തില്‍ ഘടിപ്പിച്ച കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം.

സമീപവാസിയും സുഹൃത്തുക്കളും ചേര്‍ന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കേരളപുരം സെന്‍വിന്‍സന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എം.എസ്. അര്‍ഫാന്‍. അമ്മ ഹാംലത്ത്. സഹോദരങ്ങള്‍ ആസിഫ, ആഫിറ. ഖബറടക്കം വെള്ളിയാഴ്ച.

അര്‍ഫാന്റെ മരണത്തിന് കാരണം കെഎസ്ഇബിയുടെ അശാസ്ത്രീയമായ സ്വിച്ചിങ് സംവിധാനം. തെരുവുവിളക്കുകള്‍ ഓട്ടോമാറ്റിക് ടൈമര്‍ ഉപയോഗിച്ചാണ് എല്ലായിടത്തും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി പലപ്പോഴും ചില ഭാഗങ്ങളില്‍ പഴയ രീതിയില്‍ സ്വിച്ചിങ് സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. അങ്ങനെ ചെയ്യുമ്പോഴും നിശ്ചിത ഉയരത്തില്‍ ഇന്‍സുലേറ്റു ചെയ്ത് ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ച്് സുരക്ഷ പാലിച്ച് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. കേരളപുരത്തും സംഭവിച്ചത് ഇതുതന്നെയാണ്. തെരുവുവിളക്കുകളുടെ സ്വിച്ചിങ് വയറുകള്‍ തുറസ്സായ സ്ഥലത്ത് സുരക്ഷാ സംവിധാനം പാലിക്കാതെ വെച്ചതാണ് മരണകാരണമായി പറയുന്നത്.

ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കനത്ത വ്യോമാക്രമണവുമായി ഇസ്രയേൽ. ഇറാൻ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയർബേസിലായിരുന്നു ആക്രമണം. ഇസ്‌ഫഹാൻ പ്രവിശ്യയിലെ സൈനികത്താവളത്തിനു സമീപമായി നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമമായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രത്യാക്രമണം നടത്തുന്നുവെന്ന റിപ്പോർട്ട് മധ്യപൂർവ ദേശത്ത് യുദ്ധഭീതി ശക്തമാക്കി.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ 85–ാം ജന്മദിനത്തിലാണ് ഇസ്രയേലിന്റെ തിരിച്ചടിയെന്നതു ശ്രദ്ധേയം. സൈനിക നടപടിയുമായി ഇസ്രയേൽ മുന്നോട്ടുപോവുകയാണെങ്കിൽ ‍തിരിച്ചടിക്കുമെന്ന ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം.

ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങൾ ഇസ്‌ഫഹാൻ പ്രവിശ്യയിലാണു സ്ഥിതി ചെയ്യുന്നത്. ഇവ സുരക്ഷിതമാണെന്ന് ഇറാൻ മാധ്യമമായ തസ്നീം റിപ്പോർട്ട് ചെയ്തു.

ഇറാൻ നഗരങ്ങളായ ടെഹ്റാൻ, ഇസ്‌ഫഹാൻ, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വ്യോമഗതാഗതം ആക്രമണത്തെ തുടർന്ന് നിർത്തിവച്ചു. ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 10.30 വരെ വിമാന സർവീസുകൾ നിർത്തിവച്ചതായി ഇൻഫർമേഷൻ ഡെസ്ക് അറിയിച്ചു. ടെഹ്റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിട്ടു. എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

അതിനിടെ, ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ യുഎസ് സൈന്യം പങ്കാളികളല്ലെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാനെതിരെ ആക്രമണം നടത്തുന്ന കാര്യം ഇസ്രയേൽ യുഎസിനെ അറിയിച്ചിരുന്നതായാണു വിവരം.

ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയ വാർത്തയോട് ഇസ്രയേൽ സൈന്യം പ്രതികരിച്ചില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, ‘ഇപ്പോൾ ഒന്നും പറയാനില്ല’ എന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. ആണവ കേന്ദ്രമായിരുന്നില്ല ഇസ്രയേലിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടുണ്ട്. ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസി ഇസ്രയേൽ ആക്രമിച്ച് ഒരു ജനറൽ ഉൾപ്പെടെ 7 ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിനു തിരിച്ചടിയായി ശനിയാഴ്ച മുന്നൂറോളം മിസൈൽ, ഡ്രോൺ ആക്രമണമാണ് ഇറാൻ നടത്തിയത്.

നാല്‍പത് ദിവസം നീണ്ട പ്രചാരണത്തിന് ശേഷം 102 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. 17 സംസ്ഥാനങ്ങള്‍, നാല് കേന്ദ്രഭരണ പ്രദേശങ്ങള്‍, അരുണാചല്‍, സിക്കിം നിയമസഭകള്‍ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുക.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരി മോചിതയായി. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫാ (21)ണ് മോചിതയായത്. ഇവര്‍ കൊച്ചി വിമാനത്താവളത്തിലെത്തി. ഏപ്രില്‍ 13-നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഇസ്രായേല്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തത്.

ഇറാന്‍ സര്‍ക്കാരിന്റെയും ടെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്‍ അധികൃതരുടേയും സംയുക്ത ശ്രമഫലമായാണ് ആന്‍ ടെസ്സ ജോസഫ് തിരിച്ചെത്തിയത്. കണ്ടെയ്‌നര്‍ കപ്പലമായ എം.എസ്.സി ഏരീസിലെ സെയിലറായ ആന്‍ ടെസ, കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.

17 ഇന്ത്യാക്കാരുള്‍പ്പെടെ 25 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. മറ്റ് 16 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിക്കുന്നത് വരെ ദൗത്യം തുടരുമെന്നും കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരായിരിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. കപ്പലിലെ ഏക വനിതാജീവനക്കാരിയിയിരുന്നു ആന്‍ ടെസ

റോമി കുര്യാക്കോസ്

ലണ്ടൻ: ലോക് സഭാ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളിൽ പ്രഥമ സ്ഥാനീയരായ ഐഒസി, 2024 ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊർജ്ജിതമായ പ്രവർത്തനമാരംഭിച്ചു.

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർഥികളുടെ വൻ വിജയം ഉറപ്പാക്കി രാജ്യത്ത് ‘INDIA’ സഖ്യം, അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് യു കെയിലെത്തിയവരും സൈബർ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചവരെയും അണിചേർത്തുകൊണ്ട് ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘മിഷൻ 2024’ തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.

ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ ‘മിഷൻ 2024′ തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികൾ:

സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണൻ, നിസാർ അലിയാർ (കോ – കൺവീനേഴ്‌സ്)

കമ്മിറ്റി അംഗങ്ങൾ: അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തൂമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ്

രാജ്യത്തിന്റെ മതേതര – ജനാതിപത്യ സങ്കല്പം തന്നെ അപകടത്തിലായ സങ്കീർണ്ണസാഹചര്യത്തിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടർമാരായ നാട്ടിലെ ബന്ധു – മിത്രാധികളിലേക്ക് എത്തിക്കുകയും, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നുകാട്ടി, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കുന്ന തരത്തിൽ പ്രചാരണ തന്ത്രങ്ങൾ ഒരുക്കുകയാണ് . മിഷൻ 2024’ തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഐഒസി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ അറിയിച്ചു.

ഐഒസി (യു കെ) – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, ഐഒസി (യു കെ) – കേരള ചാപ്റ്റർ സീനിയർ ലീഡർ സുരജ് കൃഷ്ണൻ, കോൺഗ്രസ് പാർട്ടിയുടെ സൈബർ രംഗത്ത് സജീവ സാന്നിധ്യമായ സാം ജോസഫ്, അജി ജോർജ്, നിസാർ അലിയാർ, അരുൺ പൗലോസ്, അരുൺ പൂവത്തുമൂട്ടിൽ, വിഷ്ണു പ്രതാപ്, ജെന്നിഫർ ജോയ്, വിഷ്ണു ദാസ് എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ മികവുറ്റ പ്രവർത്തനം ഇതിനോടകം തന്നെ പ്രവാസലോകത്ത് സജീവ ചർച്ച ആയിട്ടുണ്ട്‌.

തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നിർണ്ണായക ഘട്ടത്തിലേക്കെത്തുന്ന വരും ദിവസങ്ങളിൽ, കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഗ്ലാസ്‌ഗോ: ജപ്പാനിൽ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യു കെ ക്കു ചാമ്പ്യൻ പട്ടം. ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യു കെ ക്കും, ഒപ്പം മലയാളികൾക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്. ജപ്പാനിൽ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർത്ഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിൽ നിന്നാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം ഉയർത്തിയത്.

ഇന്ത്യയിൽ നിന്നും ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് സ്കോട്ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു. അന്തരാഷ്ട്ര മത്സരത്തിൽ തന്റെ ഇഷ്‌ട ഇനമായ കരാട്ടെയിൽ വിജയക്കൊടി പാറിക്കുവാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാൻ സാധിച്ചത്, മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു. ജപ്പാൻ സന്ദർശനം ഏറെ ആസ്വദിച്ചുവെന്നും, ഏറെ മനോഹരവുമെന്നും, അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയ ദാർഢ്യം ഉള്ളവരാണെന്നും ആണ് ചാമ്പ്യന്റെ അഭിപ്രായം.

ഗ്ലാസ്‌ഗോ, കിംഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗറിക്കും, അവരുടെ 15 വയസ്സുള്ള മകൻ ലിയോണിനുമൊപ്പം കുടുംബ സമേതം താമസിക്കുന്ന ടോം തൻ്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു. അർപ്പണ മനോഭാവത്തോടെയുള്ള പരിശീലനം നടത്തി വരുന്ന ടോം, ഇനിയും ആഗോളതലത്തിൽ കരാട്ടെയിൽ അജയ്യനായി തുടരാനുള്ള കഠിനമായ പരിശീലനം തുടരുകയാണ്.

ജപ്പാനിലെ ഒകിനാവ കരാട്ടെ ഇൻ്റർനാഷണൽ സെമിനാറിൽ പങ്കെടുത്തതിന് ശേഷം 2019-ൽ ആയോധനകലയിൽ യുകെ യുടെ അംബാസഡറും, ഇൻ്റർനാഷണൽ ഷോറിൻ-റ്യൂ റൈഹോക്കൻ അസോസിയേഷൻ്റെ ചീഫ് ഇൻസ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളിലൂടെയും പുരസ്‌കാരങ്ങളിലൂടെയും യു കെ യിൽ ഏറെ പ്രശസ്തനാണ് ടോം ജേക്കബ്.

ദക്ഷിണേന്ത്യയിൽ ജനിച്ച ടോം ജേക്കബ്, ഒമ്പതാം വയസ്സിൽ ആയോധനകല അഭ്യസിച്ചു തുടങ്ങിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്തിനു പിന്നാലെയാണ് യു കെയിലേക്ക് എത്തിയത്. യു കെ യിൽ നിന്നും മാർക്കറ്റിംഗിൽ എംബിഎ വിജയകരമായി പൂർത്തിയാക്കിയ ടോം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വർഷം കഴിഞ്ഞിരിക്കുകയാണ്. 2018-ൽ തൻ്റെ അഞ്ചാമത്തെ ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ടോം കരാട്ടെയിൽ എക്സലന്റ് സർട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യു കെ യിലെ സർട്ടിഫൈഡ് ബോക്സിങ് കോച്ച് കൂടിയാണ് താരം.

ഇപ്പോൾ അച്ചടക്കം പഠിപ്പിക്കുകയും, മിക്സഡ് ആയോധന കലകൾ (എംഎംഎ), കിക്ക്ബോക്സിംഗ്, മുവായ് തായ്, യോഗ, ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. വിക്ടോറിയ ബോക്സിംഗ് ക്ലബ്ബിലെ യുവാക്കളെ ആയോധനകലകളിൽ സഹായിക്കുകയും, അതോടൊപ്പം തന്റെ കായിക ഇനത്തിൽ അന്തരാഷ്ട്ര തലത്തിൽ മത്സരിക്കുവാൻ തുടർ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വർഷം ജപ്പാനിൽ വെച്ച് നടത്തപ്പെടുന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ വീണ്ടും മാറ്റുരക്കുവാൻ ഉള്ള തായ്യാറെടുപ്പിലാണ്.

പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശചെയ്ത് ബംഗാള്‍ സര്‍ക്കാര്‍. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും പെണ്‍ സിംഹമായ സീതയ്ക്ക് തനായ എന്നുമാണ് ശുപാർശചെയ്തിരിക്കുന്ന പേരുകൾ. ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൈമാറി.

കേന്ദ്ര മൃഗശാല അതോറിറ്റി ശുപാര്‍ശ അംഗീകരിച്ചാല്‍ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍ സിംഹം ഔദ്യോഗിക രേഖകളില്‍ സൂരജ് എന്നായിരിക്കും അറിയപ്പെടുക. പെണ്‍സിംഹത്തിന്റെ പേര് തനായ എന്നുമാകും രേഖപ്പെടുത്തുക. പേര് അംഗീകരിച്ചാല്‍ ഈ സിംഹങ്ങള്‍ ജന്മംനല്‍കുന്ന സിംഹക്കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക. എന്നാല്‍, ഈ ശുപാര്‍ശ നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങള്‍ക്ക് ഡിജിറ്റല്‍ പേരുകള്‍ നല്‍കാനും അധികാരം ഉണ്ട്.

സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ ഇട്ടതിനെ കല്‍ക്കട്ട ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. വി.എച്ച്.പിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് ജഡ്ജി വിമര്‍ശനം ഉന്നയിച്ചത്. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിവാദമായ പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി അഭിപ്രായപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേരുകള്‍ ബംഗാള്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരിക്കുന്നത്.

മൃഗങ്ങളെ കൈമാറ്റംചെയ്യുന്ന പദ്ധതിപ്രകാരമാണ് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍നിന്ന് ഒരു ആണ്‍ സിംഹത്തെയും ഒരു പെണ്‍ സിംഹത്തെയും ഫെബ്രുവരി 13-ന് സിലിഗുരി സഫാരി പാര്‍ക്കിലേക്ക് മാറ്റിയത്. ആണ്‍സിംഹത്തിന് ഏഴ് വയസ്സും പെണ്‍ സിംഹത്തിന് അഞ്ചുവയസ്സുമാണ് പ്രായം. സിലിഗുരി സഫാരി പാര്‍ക്കില്‍ എത്തിയപ്പോള്‍മുതല്‍ ആണ്‍സിംഹത്തിനെ അക്ബര്‍ എന്നും പെണ്‍ സിംഹത്തിനെ സീതയെന്നുമാണ് വിളിച്ചിരുന്നത്. എന്നാല്‍, പേരിട്ടത് തങ്ങളല്ലെന്ന നിലപാടാണ് പശ്ചിമ ബംഗാള്‍ വനംവകുപ്പ് സ്വീകരിച്ചത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനെ ത്രിപുര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെയാണ് ത്രിപുര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സിലിഗുരി സഫാരി പാര്‍ക്കിലേക്ക് സിംഹങ്ങളെ കൈമാറുമ്പോള്‍ ഡെസ്പാച്ച് രജിസ്റ്ററില്‍ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരുകള്‍ രേഖപ്പെടുത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

തെലുങ്കാനയില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള സ്‌കൂളിന് നേരെ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം. എംസിബിഎസ് സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ ലക്‌സെട്ടിപ്പെട്ടില്‍ പ്രവര്‍ത്തിക്കുന്ന ബെസ്ഡ് മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് നേരെയാണ് തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ വന്‍ ആക്രമണമുണ്ടായത്.

സ്‌കൂളില്‍ ധരിക്കേണ്ട പതിവ് യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്ന കുട്ടികളോട് കാരണം തിരക്കിയതാണ് ആക്രമണത്തിന് പിന്നിലെ കാരണം. ‘ഹനുമാന്‍ സ്വാമീസ്’ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു അക്രമം.

ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ മദര്‍ തെരേസയുടെ രൂപം ഉള്‍പ്പെടെയുള്ളവ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദ്ദിക്കുകയും ചെയ്തു. കൂടാതെ അക്രമികള്‍ സ്‌കൂളിന്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് റൂമിന്റെ ജനാലകളും ഗേറ്റും സെക്യൂരിറ്റി റൂമും അടിച്ചു തകര്‍ത്തു.

സ്‌കൂളില്‍ യൂണിഫോമില്ലാതെ കുറച്ചു കുട്ടികള്‍ വന്നതിനെപ്പറ്റി തിരക്കിയപ്പോള്‍ മതപരമായ കാര്യങ്ങളാലാണ് എന്നായിരുന്നു മറുപടിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മാതാപിതാക്കളെ ഫോണില്‍ വിളിക്കാനും ഇതു ധരിക്കേണ്ടത് മതപരമായ ആവശ്യമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞാല്‍ ധരിക്കാമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

എന്നാല്‍ അവര്‍ ഫോണ്‍ വിളിക്കാന്‍ തയാറായില്ലെന്നും സമാധാനപരമായാണ് കുട്ടികള്‍ പോയതെന്നും സ്‌കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി. പിന്നാലെ ഇന്നലെ രാവിലെ തീവ്ര ഹിന്ദുത്വ വാദികള്‍ ഒരുമിച്ചെത്തുകയായിരുന്നു. ജയ് ശ്രീറാം വിളികളോടെ എത്തിയ പത്തോളം പേരുടെ എണ്ണം പതിയെ ഇരട്ടിച്ചു. കൂട്ടത്തോടെ ആക്രോശവുമായി എത്തിയ ഹിന്ദുത്വ വാദികള്‍ ആക്രമണം അഴിച്ചു വിടുകയായിരിന്നു.

പോലീസ് എത്തിയിട്ടും അക്രമ ആഹ്വാനവും ആക്രോശവുമായി തീവ്ര ഹിന്ദുത്വ വാദികള്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയായിരുന്നു. അക്രമത്തിന്റെ വീഡിയോ തീവ്ര ഹിന്ദുത്വ വാദികള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. രാത്രിയിലും ആക്രമിക്കുമെന്ന ഭീഷണി ‘ഹനുമാന്‍ സ്വാമീസ്’ സംഘടന മുഴക്കിയിരുന്നു.

നിലവില്‍ സിആര്‍പിഎഫിന്റെ പത്തു പേര്‍ അടങ്ങുന്ന സംഘം സ്‌കൂളിന് കാവല്‍ നില്‍ക്കുന്നുണ്ട്. രാജ്യത്ത് തീവ്ര ഹിന്ദുത്വ വാദികള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് തെലുങ്കാനയിലെ മദര്‍ തെരേസ സ്‌കൂളിന് നേരെ ഇന്നലെയുണ്ടായ ആക്രമണം. 2008 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്.

വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ ( 68) കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കൾ: മാനസ, മിമിഷ

RECENT POSTS
Copyright © . All rights reserved