പുത്തൻവേലിക്കരയിൽ കാർ തോട്ടിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തുരുത്തൂര് കൈമാതുരുത്തി പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ മേരി (64), ഇവരുടെ മകന് മെല്ബിയുടെ ഭാര്യ ഹണി (31), ഹണിയുടെ മകന് ആരോണ് (രണ്ടര) എന്നിവരാണു മരിച്ചത്. കാര് ഓടിച്ചിരുന്ന മെൽബി അത്ഭുതകരമായി രക്ഷപ്പെട്ടു. മെല്ബി കാറിന്റെ ഗ്ലാസ് താഴ്ത്തിയാണ് പുറത്തിറങ്ങിയത്.
ശനിയാഴ്ച രാത്രി പത്തേമുക്കാലോടെ പുത്തന്വേലിക്കര ഇളന്തിക്കര – ചിറക്കല് പമ്പ്ഹൗസ് റോഡിലായിരുന്നു അപകടം. ബന്ധുവീട്ടിൽ പോയി മടങ്ങവേ ഇവർ സഞ്ചരിച്ചിരുന്ന കാർ കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. കണക്കന്കടവ് ഷട്ടര് തുറന്നതിനാല് തോട്ടിൽ ശക്തിയായ ഒഴുക്കും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. വെള്ളം നിറഞ്ഞു കിടന്നിരുന്നതിനാൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. ഈ ഭാഗത്ത് വെട്ടവും ഇല്ലായിരുന്നു. അപകടം നടന്നത് വിജനമായ സ്ഥലത്തായതിനാൽ സമീപവാസികളാരും സംഭവമറിഞ്ഞില്ല.
കാറിന്റെ മുന്ഭാഗത്തെ ഗ്ലാസ് താഴ്ത്തി പുറത്തിറങ്ങിയ മെല്ബി ഭാര്യ ഹണിയെ പുറത്തെടുത്തെങ്കിലും കരയ്ക്കു കയറ്റാനായില്ല. ഈ സമയം ഹണിയുടെ മടിയിലുണ്ടായിരുന്ന കുട്ടി തോട്ടിലൂടെ ഒഴുകിപ്പോകുകയായിരുന്നു.
കടയടച്ച ശേഷം ഇതുവഴി വന്ന സനോജ്, സിനൻ എന്നിവരാണ് തോട്ടില്നിന്നു മെല്ബിയുടെ നിലവിളി കേട്ട് സംഭവമറിയുന്നത്. തുടർന്ന് സമീപവാസികളെ ഫോണില്‍ വിവരം അറിയിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്.
മാളയില്നിന്നെത്തിയ ഫയര്ഫോഴ്സും പുത്തന്വേലിക്കര പോലീസും രാത്രി പന്ത്രണ്ടോടെ സംഭവസ്ഥലത്തെത്തി. തുടർന്ന് കാര് ജെസിബികൊണ്ട് ഉയർത്തി കരയിലെത്തിച്ചു. ഹണിയും മേരിയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം 100 മീറ്റര് അകലെനിന്നാണ് കണ്ടെത്തിയത്. നാലു പേരെയും മാഞ്ഞാലി – ചാലാക്ക മെഡിക്കല് കോളജ് ആശുപത്രിയില്‍ എത്തിച്ചു. മെല്ബിക്ക് പ്രഥമശുശ്രൂഷ നല്കി. ഇരിങ്ങാലക്കുടയില് പാത്താടന് കണ്സ്ട്രക്ഷന് കമ്പനിയില് എന്ജിനിയറാണ് മെല്ബി.
മൂന്നു പേരുടെയും മൃതദേഹം പറവൂര് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോര്ട്ടത്തിനുശേഷം തുരുത്തൂരിലെ വീട്ടില് പൊതുദര്ശനത്തിനു വച്ചശേഷം സംസ്കാരം നാലരയോടെ തുരുത്തൂര് സെന്റ് തോമസ് പള്ളി സെമിത്തേരിയില് നടത്തി.
മുംബൈയിലെ കുര്‍ള റെയില്‍വേ സ്‌റ്റേഷനില്‍ മെയ് 19നായിരുന്നു സംഭവം. ബന്ദുപില്‍ താമസിക്കുന്ന പ്രതീക്ഷ നടേകര്‍ എന്ന 19കാരി ഏഴാം പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കി പാളം മുറിച്ചു കടക്കുകയായിരുന്നു. ഇയര്‍ഫോണില്‍ സംസാരിച്ചു കൊണ്ട് പാളം മുറിച്ചു കടക്കുകയായതിനാല്‍ എതിരെ വന്ന തീവണ്ടി കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടില്ല. ഉടന്‍ തന്നെ പ്ലാറ്റ് ഫോം ലക്ഷ്യമാക്കി വേഗത്തില്‍ നീങ്ങിയെങ്കിലും കഴിയാതെ വന്നപ്പോള്‍ പരിഭ്രാന്തയായ കുട്ടി ട്രാക്കിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പാളത്തിലൂടെ ഓടിയ കുട്ടിയെ എല്ലാവരും നോക്കി നില്‍ക്കെയാണ് തീവണ്ടി ഇടിച്ചിട്ടത്. ആദ്യത്തെ ബോഗി ശരീരത്തിനു മുകളിലൂടെ കടന്നു പോയതോടെ ലോക്കോപൈലറ്റ് തീവണ്ടി നിര്‍ത്തി.
കണ്ടുനിന്നവരെല്ലാം കുട്ടി മരിച്ചെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു അപകടം. എന്നാല്‍ വണ്ടിക്കടിയില്‍ പരിക്കുകളൊന്നുമില്ലാതെ കിടക്കുന്ന കുട്ടിയെ യാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു. ഇടത്തെ കണ്ണിനടുത്തായി ചെറിയ മുറിവൊഴിച്ചാല്‍ കാര്യമായ പരിക്കുകളൊന്നുമില്ല. സ്‌റ്റേഷന്‍ പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം 30 ലക്ഷം പേരാണ് കണ്ടത്.
കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞുവീണു നാലുപേര്‍ മരിച്ചു. മരിച്ചവരിൽ ഒരു മലയാളിയും മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. മരിച്ചവര്‍: വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാറുകാരന്‍ ഹരണാദ് ബര്‍മന്‍ ബംഗാളികളായ ജോണ്‍, സപന്‍ എന്നിവര്‍ മരിച്ചു. വേങ്ങോട് സ്വദേശി സുദര്‍ശനെ (45) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്ലാറ്റ് നിര്‍മാണത്തിനായെടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞത്.
ഭീകരബന്ധം ആരോപിച്ചു ഖത്തറുമായുള്ള നയതന്ത്രബന്ധം മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഉപേക്ഷിച്ചതിനു പിന്നാലെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിലേക്കുള്ള വിമാനസർവീസുകളും റദ്ദാക്കി. അബുദാബിയിലെ എത്തിഹാദ് എയർവെയ്സ് ചൊവ്വാഴ്ച മുതൽ സർവീസ് നടത്തില്ലെന്ന് അറിയിച്ചു. ദോഹയിലേക്കും തിരിച്ചും വിമാനസർവീസ് ഉണ്ടായിരിക്കില്ല. ദിവസവും നാലോളം സര്‍വീസുകളാണ് എത്തിഹാദിന് ദോഹയില്‍ നിന്നുള്ളത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു എന്നാണ് എത്തിഹാദ് എയര്‍വേയ്സ് വ്യക്തമാക്കിയിരിക്കുന്നത്.
നാളെ പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ദുബായില്‍നിന്ന് ദോഹയിലേക്കു സര്‍വീസ് നടത്തുന്ന ഫ്ലൈ ദുബായിയും സര്‍വീസ് നിര്‍ത്തി. ഖത്തര്‍ ജിസിസി രാജ്യങ്ങളില്‍ ഒറ്റപ്പെട്ട സ്ഥിതിയാണ് ഇപ്പോള്‍. ഒരുപക്ഷേ ജിസിസിയില്‍ നിന്ന് ഖത്തറിനെ പുറത്താക്കിയേക്കാം എന്ന് പോലും അഭ്യൂഹങ്ങളുണ്ട്.
മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഒരു രാജ്യം എന്ന നിലയ്ക്ക് ഗള്‍ഫ് മേഖലയില്‍ ഖത്തറിന് ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കുക സാധ്യമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യം എങ്ങനെ ഈ പ്രതിസന്ധി മറികടക്കും എന്നത് നിര്‍ണായകമാണ്. ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചതോടെ സ്വദേശികള്‍ക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും.
ഇന്നലെ നടന്ന ഇന്ത്യാ-പാക് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്ല്യയും. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായി ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കടന്ന മല്ല്യ വെളുത്ത കോട്ടുമണിഞ്ഞ് ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിലിരുന്ന് കൂളായി മത്സരം കാണുന്ന ചിത്രങ്ങളാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ വല വിരിച്ച് കാത്തിരിക്കുകയാണെങ്കിലും അതൊന്നും കൂസാതെ ലണ്ടനില്‍ അടിപൊളി ലൈഫിലാണ് വിജയ് മല്യ ഇപ്പോഴും.
ഏറെ നാളുകള്‍ക്ക് ശേഷം പഴയ അതേ സ്റ്റൈലിലാണ് മല്യ ഇന്നലെ ഇന്ത്യാ-പാക്ക് മത്സരം കാണാന്‍ എഡ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. സ്‌റ്റേഡിയത്തില്‍ ഇരുന്ന് മല്യ കളി കാണുന്നതിന്റെയും, മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഉടമയായിരുന്ന മല്യ ഇന്നലെ കളി കാണാനെത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയായതും യാദൃശ്ചികം. സാമ്പത്തിക തട്ടിപ്പു മൂലം ബാംൂരിന്റെ ഉടമസ്ഥ സ്ഥാനം മല്യ ഒഴിയുകയായിരുന്നു.
ബിക്കാനീര്‍: ഡിജിറ്റല്‍ ഇന്ത്യയെന്നാണ് സങ്കല്‍പമെങ്കിലും മൊബൈല്‍ റേഞ്ച് കിട്ടണമെങ്കില്‍ മരത്തില്‍ കയറണം. സാധാരണക്കാര്‍ക്ക് ഇത് നിത്യസംഭവമാണെങ്കിലും കേന്ദ്ര മന്ത്രിക്ക് മറക്കാനാകാത്ത അനുഭവമായി മാറി ഇത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മെഗ്വാളിനാണ് പണി കിട്ടിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളെ വിളിച്ചറിയിക്കാന്‍ ശ്രമിച്ചപ്പോളാണ് ഫോണിന് കവറേജ് കിട്ടുന്നില്ലെന്ന് മനസിലായത്. തന്റെ മണ്ഡലമായ ബിക്കാനീറിലെ ധോലിയ ഗ്രാമത്തിലായിരുന്നു സംഭവം.
തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ ഗൗനിക്കുന്നില്ലെന്ന പരാതിയുമായി ഗ്രാമവാസികള്‍ മന്ത്രിയെ സമീപിച്ചപ്പോളായിരുന്നു സംഭവം. ഉടനെ ലാന്‍ഡ്‌ഫോണില്‍ ഉദ്യോഗസ്ഥരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും നെറ്റ് വര്‍ക്ക് പ്രശ്‌നം മൂലം കണക്ഷന്‍ ലഭിച്ചില്ല. തുടര്‍ന്ന് സ്വന്തം മൊബൈല്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. അപ്പോഴും നിരാശയായിരുന്നു ഫലം. എപ്പോഴും ഇതാണ് ഗ്രാമത്തിലെ അവസ്ഥയെന്നും മരത്തില്‍ കയറിയാല്‍ ചിലപ്പോള്‍ റേഞ്ച് കിട്ടുമെന്നും ഗ്രാമവാസികള്‍ അറിയിച്ചു. രാജ്യം ഡിജിറ്റലാക്കാന്‍ മരത്തില്‍ കയറണമെങ്കില്‍ അതിനു മന്ത്രി തയ്യാറായി.
ഒരു ഏണിയുടെ സഹായത്തോടെ മരത്തില്‍ കയറി നിന്ന് ഫോണ്‍ ചെയ്തപ്പോള്‍ റേഞ്ച് കിട്ടുകയും ചെയ്തു. ഇതിനിടയില്‍ മന്ത്രി മരത്തില്‍ കയറി ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ എത്തുകയും വൈറലാകുകയും ചെയ്തു. ,രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളിലും മൊബൈല്‍ റേഞ്ച് കിട്ടുന്നില്ലെന്നതാണ് വാസ്തവം.
#WATCH Union MoS Finance Arjun Ram Meghwal climbs a ladder to talk on the phone in Rajasthan’s Bikaner pic.twitter.com/S88cdZ5wzy
— ANI (@ANI_news) June 4, 2017
മദ്യവര്‍ജ്ജനം എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ബാറുടമകള്‍ എടുത്ത കപട തന്ത്രത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയായിരുന്നു എന്നുറപ്പാണ്. മദ്യശാലകള്‍ അനുവദിക്കുന്നതിനുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാക്കികൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മദ്യലോബികളോടുള്ള സര്‍ക്കാരിന്റെ ബന്ധം തുറന്നുകാട്ടുന്നു. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് മദ്യവില്‍പന ശാലകള്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നപ്പോള്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനസമൂഹം ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതിഷേധിച്ചു. ഇതാണ് പഞ്ചായത്തുകളുടെ അധികാരം ഇല്ലാതാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അധികാര വികേന്ദ്രീകരണത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് അവകാശപ്പെടുന്ന ഇടതു മുന്നണി മദ്യലോബിക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുന്നു.
ദേശീയപാതകളെ അങ്ങിനെയല്ലാതാക്കുന്ന വിധിയില്‍ സന്തോഷിക്കുന്ന ഒരു എക്‌സൈസ് മന്ത്രിയെയാണ് നാം കണ്ടത്. ടൂറിസം വികസനത്തിന് തടസ്സമായി നില്‍കുന്നത് മദ്യശാലകളുടെ കുറവാണ് എന്ന മന്ത്രിയുടെ പ്രസ്താവന അസത്യമാണ്. നാടാകെ നിറഞ്ഞിരിക്കുന്ന മാലിന്യവും പകര്‍ച്ചവ്യാധികളും ഗതാഗതക്കുരുക്കുകളും മറ്റുമാണ് ടൂറിസത്തെ ബാധിക്കുന്നത് എന്ന് മന്ത്രിക്കറിയാഞ്ഞിട്ടല്ല. മദ്യലോബിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ഈ നയം സര്‍ക്കാര്‍ തിരുത്തണമെന്നും കേരളത്തിലെ മദ്യലഭ്യത കുറയ്ക്കാനും ജനങ്ങളെ മദ്യപാനത്തില്‍ നിന്നും പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലോകത്ത് ഏറ്റവും കൂടുതല്‍ മക്കള്‍ക്കു ജനനം നല്‍കിയ വനിതകളുടെ കൂട്ടത്തിലാണ് ഉഗാണ്ട സ്വദേശിനിയായ മറിയം നബാറ്റന്‍സി എന്ന വനിതയുടെ സ്ഥാനം. 37 വയസ്സിനുള്ളില്‍ 38 കുഞ്ഞുങ്ങളെയാണ് മറിയം പ്രസവിച്ചത്. ഇതിൽ പത്തുപേർ പെൺകുട്ടികളും 28 പേർ ആൺകുട്ടികളുമാണ്. മൂത്തയാളുടെ പ്രായം 23 എങ്കിൽ ഏറ്റവും ഇളയതിന് നാല് മാസം മാത്രം. ആറ് പ്രസവം കഴിഞ്ഞപ്പോൾ കുട്ടികളുടെ എണ്ണം പതിനെട്ടായി. ആദ്യത്തെ പ്രസവം നടന്നത് പതിമൂന്നാമത്തെ വയസ്സിൽ ഇരട്ട കുട്ടികളുമായാണ്. ഹൈപ്പര്‍ ഓവുലേഷന്‍ എന്ന പ്രത്യേക ശാരീരിക അവസ്ഥയുടെ ഭാഗമായാണ് മറിയം 38 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതിന്റെ ഫലമായി ആറു ജോഡി ഇരട്ടക്കുട്ടികളും നാലു സെറ്റ് ട്രിപ്‌ലെറ്റുകളും (ഒറ്റ പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ ) മൂന്നു മൂന്നുസെറ്റ് ക്വാട്രിപ്പിളുകളും (ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ ) രണ്ട് ഒറ്റ കുഞ്ഞുങ്ങളുമാണ് മറിയയ്ക്ക് ജനിച്ചത്.
പലവിധത്തിലുള്ള ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും അതൊന്നും തന്നെ ഫലപ്രദമായില്ല എന്നാണ് മറിയം പറയുന്നത്. 38 കുഞ്ഞുങ്ങള്‍ ഉള്ളത് ഒരു അനുഗ്രഹമായാണ് താന്‍ കാണുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. 12 വയസുള്ളപ്പോഴായിരുന്നു മറിയത്തിന്റെ വിവാഹം. കൂട്ടുകുടുംബത്തെ ഓർമ്മപ്പെടുത്തുന്ന ‘കൂടുമ്പോൾ ഇമ്പമുള്ള കുടുംബം’ തന്നെ…
വിവാഹ വേദിയില്‍ നൃത്തം ചെയ്ത പ്രതിശ്രുത വരന്‍ വിവാഹത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് കുഴഞ്ഞു വീണു മരിച്ചു. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ് സംഭവം. ശശികാന്ത് പാണ്ഡെ (25) ആണ് മരിച്ചത്. വിവാഹ വേദിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്ത പാണ്ഡെ ഉടന്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
വേദിയില്‍ കുഴഞ്ഞു വീണ പാണ്ഡെയെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് വിവാഹ വേദിയില്‍ വച്ച് ശശികാന്ത് മരിച്ചത്.
അന്നേ ദിവസം തന്നെ ശശികാന്തിന്റെ കസിന്‍ ജിതേന്ദ്ര സിംഗ് (33) വെടിയേറ്റ് മരിച്ചു. വിവാഹ ആഘോഷത്തിന്റെ ഭാഗമായി വച്ച വെടികൊണ്ടാണ് ജിതേന്ദ്ര മരിച്ചത്. ബീഹാറിലെ ഗൊണാലിയ തോലയിലാണ് ഈ സംഭവം നടന്നത്. വെടിവയ്പ്പിനെ എതിര്‍ത്ത ജിതേന്ദ്രയ്ക്ക് വെടിയേക്കുകയായിരുന്നു.
വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മൂന്ന് യുവാക്കള്‍ മദ്യലഹരിയില്‍ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ജിതേന്ദ്ര ഇതിനെ എതിര്‍ത്തുവെങ്കിലും യുവാക്കള്‍ വെടി വയ്ക്കുകയും വെടിയേറ്റ് തത്ക്ഷണം മരിക്കുകയും ചെയ്തു. വെടിവച്ച യുവാക്കളെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി പോലീസിലേല്‍പ്പിച്ചു