ഇന്നലെ നടന്ന ഇന്ത്യാ-പാക് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്ല്യയും. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായി ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കടന്ന മല്ല്യ വെളുത്ത കോട്ടുമണിഞ്ഞ് ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിലിരുന്ന് കൂളായി മത്സരം കാണുന്ന ചിത്രങ്ങളാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ വല വിരിച്ച് കാത്തിരിക്കുകയാണെങ്കിലും അതൊന്നും കൂസാതെ ലണ്ടനില്‍ അടിപൊളി ലൈഫിലാണ് വിജയ് മല്യ ഇപ്പോഴും.
ഏറെ നാളുകള്‍ക്ക് ശേഷം പഴയ അതേ സ്റ്റൈലിലാണ് മല്യ ഇന്നലെ ഇന്ത്യാ-പാക്ക് മത്സരം കാണാന്‍ എഡ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. സ്‌റ്റേഡിയത്തില്‍ ഇരുന്ന് മല്യ കളി കാണുന്നതിന്റെയും, മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഉടമയായിരുന്ന മല്യ ഇന്നലെ കളി കാണാനെത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയായതും യാദൃശ്ചികം. സാമ്പത്തിക തട്ടിപ്പു മൂലം ബാംൂരിന്റെ ഉടമസ്ഥ സ്ഥാനം മല്യ ഒഴിയുകയായിരുന്നു.
ബിക്കാനീര്‍: ഡിജിറ്റല്‍ ഇന്ത്യയെന്നാണ് സങ്കല്‍പമെങ്കിലും മൊബൈല്‍ റേഞ്ച് കിട്ടണമെങ്കില്‍ മരത്തില്‍ കയറണം. സാധാരണക്കാര്‍ക്ക് ഇത് നിത്യസംഭവമാണെങ്കിലും കേന്ദ്ര മന്ത്രിക്ക് മറക്കാനാകാത്ത അനുഭവമായി മാറി ഇത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മെഗ്വാളിനാണ് പണി കിട്ടിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളെ വിളിച്ചറിയിക്കാന്‍ ശ്രമിച്ചപ്പോളാണ് ഫോണിന് കവറേജ് കിട്ടുന്നില്ലെന്ന് മനസിലായത്. തന്റെ മണ്ഡലമായ ബിക്കാനീറിലെ ധോലിയ ഗ്രാമത്തിലായിരുന്നു സംഭവം.
തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ ഗൗനിക്കുന്നില്ലെന്ന പരാതിയുമായി ഗ്രാമവാസികള്‍ മന്ത്രിയെ സമീപിച്ചപ്പോളായിരുന്നു സംഭവം. ഉടനെ ലാന്‍ഡ്‌ഫോണില്‍ ഉദ്യോഗസ്ഥരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും നെറ്റ് വര്‍ക്ക് പ്രശ്‌നം മൂലം കണക്ഷന്‍ ലഭിച്ചില്ല. തുടര്‍ന്ന് സ്വന്തം മൊബൈല്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. അപ്പോഴും നിരാശയായിരുന്നു ഫലം. എപ്പോഴും ഇതാണ് ഗ്രാമത്തിലെ അവസ്ഥയെന്നും മരത്തില്‍ കയറിയാല്‍ ചിലപ്പോള്‍ റേഞ്ച് കിട്ടുമെന്നും ഗ്രാമവാസികള്‍ അറിയിച്ചു. രാജ്യം ഡിജിറ്റലാക്കാന്‍ മരത്തില്‍ കയറണമെങ്കില്‍ അതിനു മന്ത്രി തയ്യാറായി.
ഒരു ഏണിയുടെ സഹായത്തോടെ മരത്തില്‍ കയറി നിന്ന് ഫോണ്‍ ചെയ്തപ്പോള്‍ റേഞ്ച് കിട്ടുകയും ചെയ്തു. ഇതിനിടയില്‍ മന്ത്രി മരത്തില്‍ കയറി ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ എത്തുകയും വൈറലാകുകയും ചെയ്തു. ,രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളിലും മൊബൈല്‍ റേഞ്ച് കിട്ടുന്നില്ലെന്നതാണ് വാസ്തവം.
#WATCH Union MoS Finance Arjun Ram Meghwal climbs a ladder to talk on the phone in Rajasthan’s Bikaner pic.twitter.com/S88cdZ5wzy
— ANI (@ANI_news) June 4, 2017
മദ്യവര്‍ജ്ജനം എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ബാറുടമകള്‍ എടുത്ത കപട തന്ത്രത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയായിരുന്നു എന്നുറപ്പാണ്. മദ്യശാലകള്‍ അനുവദിക്കുന്നതിനുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാക്കികൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മദ്യലോബികളോടുള്ള സര്‍ക്കാരിന്റെ ബന്ധം തുറന്നുകാട്ടുന്നു. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് മദ്യവില്‍പന ശാലകള്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നപ്പോള്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനസമൂഹം ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതിഷേധിച്ചു. ഇതാണ് പഞ്ചായത്തുകളുടെ അധികാരം ഇല്ലാതാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അധികാര വികേന്ദ്രീകരണത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് അവകാശപ്പെടുന്ന ഇടതു മുന്നണി മദ്യലോബിക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുന്നു.
ദേശീയപാതകളെ അങ്ങിനെയല്ലാതാക്കുന്ന വിധിയില്‍ സന്തോഷിക്കുന്ന ഒരു എക്‌സൈസ് മന്ത്രിയെയാണ് നാം കണ്ടത്. ടൂറിസം വികസനത്തിന് തടസ്സമായി നില്‍കുന്നത് മദ്യശാലകളുടെ കുറവാണ് എന്ന മന്ത്രിയുടെ പ്രസ്താവന അസത്യമാണ്. നാടാകെ നിറഞ്ഞിരിക്കുന്ന മാലിന്യവും പകര്‍ച്ചവ്യാധികളും ഗതാഗതക്കുരുക്കുകളും മറ്റുമാണ് ടൂറിസത്തെ ബാധിക്കുന്നത് എന്ന് മന്ത്രിക്കറിയാഞ്ഞിട്ടല്ല. മദ്യലോബിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ഈ നയം സര്‍ക്കാര്‍ തിരുത്തണമെന്നും കേരളത്തിലെ മദ്യലഭ്യത കുറയ്ക്കാനും ജനങ്ങളെ മദ്യപാനത്തില്‍ നിന്നും പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലോകത്ത് ഏറ്റവും കൂടുതല്‍ മക്കള്‍ക്കു ജനനം നല്‍കിയ വനിതകളുടെ കൂട്ടത്തിലാണ് ഉഗാണ്ട സ്വദേശിനിയായ മറിയം നബാറ്റന്‍സി എന്ന വനിതയുടെ സ്ഥാനം. 37 വയസ്സിനുള്ളില്‍ 38 കുഞ്ഞുങ്ങളെയാണ് മറിയം പ്രസവിച്ചത്. ഇതിൽ പത്തുപേർ പെൺകുട്ടികളും 28 പേർ ആൺകുട്ടികളുമാണ്. മൂത്തയാളുടെ പ്രായം 23 എങ്കിൽ ഏറ്റവും ഇളയതിന് നാല് മാസം മാത്രം. ആറ് പ്രസവം കഴിഞ്ഞപ്പോൾ കുട്ടികളുടെ എണ്ണം പതിനെട്ടായി. ആദ്യത്തെ പ്രസവം നടന്നത് പതിമൂന്നാമത്തെ വയസ്സിൽ ഇരട്ട കുട്ടികളുമായാണ്. ഹൈപ്പര്‍ ഓവുലേഷന്‍ എന്ന പ്രത്യേക ശാരീരിക അവസ്ഥയുടെ ഭാഗമായാണ് മറിയം 38 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതിന്റെ ഫലമായി ആറു ജോഡി ഇരട്ടക്കുട്ടികളും നാലു സെറ്റ് ട്രിപ്‌ലെറ്റുകളും (ഒറ്റ പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ ) മൂന്നു മൂന്നുസെറ്റ് ക്വാട്രിപ്പിളുകളും (ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ ) രണ്ട് ഒറ്റ കുഞ്ഞുങ്ങളുമാണ് മറിയയ്ക്ക് ജനിച്ചത്.
പലവിധത്തിലുള്ള ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും അതൊന്നും തന്നെ ഫലപ്രദമായില്ല എന്നാണ് മറിയം പറയുന്നത്. 38 കുഞ്ഞുങ്ങള്‍ ഉള്ളത് ഒരു അനുഗ്രഹമായാണ് താന്‍ കാണുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. 12 വയസുള്ളപ്പോഴായിരുന്നു മറിയത്തിന്റെ വിവാഹം. കൂട്ടുകുടുംബത്തെ ഓർമ്മപ്പെടുത്തുന്ന ‘കൂടുമ്പോൾ ഇമ്പമുള്ള കുടുംബം’ തന്നെ…
വിവാഹ വേദിയില്‍ നൃത്തം ചെയ്ത പ്രതിശ്രുത വരന്‍ വിവാഹത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് കുഴഞ്ഞു വീണു മരിച്ചു. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ് സംഭവം. ശശികാന്ത് പാണ്ഡെ (25) ആണ് മരിച്ചത്. വിവാഹ വേദിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്ത പാണ്ഡെ ഉടന്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
വേദിയില്‍ കുഴഞ്ഞു വീണ പാണ്ഡെയെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് വിവാഹ വേദിയില്‍ വച്ച് ശശികാന്ത് മരിച്ചത്.
അന്നേ ദിവസം തന്നെ ശശികാന്തിന്റെ കസിന്‍ ജിതേന്ദ്ര സിംഗ് (33) വെടിയേറ്റ് മരിച്ചു. വിവാഹ ആഘോഷത്തിന്റെ ഭാഗമായി വച്ച വെടികൊണ്ടാണ് ജിതേന്ദ്ര മരിച്ചത്. ബീഹാറിലെ ഗൊണാലിയ തോലയിലാണ് ഈ സംഭവം നടന്നത്. വെടിവയ്പ്പിനെ എതിര്‍ത്ത ജിതേന്ദ്രയ്ക്ക് വെടിയേക്കുകയായിരുന്നു.
വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മൂന്ന് യുവാക്കള്‍ മദ്യലഹരിയില്‍ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ജിതേന്ദ്ര ഇതിനെ എതിര്‍ത്തുവെങ്കിലും യുവാക്കള്‍ വെടി വയ്ക്കുകയും വെടിയേറ്റ് തത്ക്ഷണം മരിക്കുകയും ചെയ്തു. വെടിവച്ച യുവാക്കളെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി പോലീസിലേല്‍പ്പിച്ചു
ജനറല്‍ ആശുപത്രിയിലെ രണ്ട് ഓപ്പറേഷന്‍ തിയറ്ററുകളും അടച്ചിട്ടിട്ട് ഒരാഴ്ച. ശുചിമുറിയിൽ നിന്നുള്ള മലിന ജലം ചോർന്നിറങ്ങിയുണ്ടായ അണുബാധയെ തുടർന്നാണ് തിയറ്ററുകളും അടച്ചിട്ടത്. പ്രസവ ശസ്ത്രക്രിയ അടക്കമുള്ള അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമുള്ള രോഗികളെ മെഡിക്കൽ കോളജിലേക്കു മാറ്റി.
മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് തിയറ്ററുകള്‍ അടച്ചിട്ടത്. ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അണുബാധ ഭീഷണിയെത്തുടർന്നു ജനറൽ ആശുപത്രിയിലെ തിയറ്റർ അടച്ചിടുന്നത്. മേജർ ഓപ്പറേഷൻ തിയറ്ററിനു പുറമേ കുടുംബാസൂത്രണ വിഭാഗത്തോട് അനുബന്ധിച്ചുള്ള തിയറ്ററുമാണ് ജനറൽ ആശുപത്രിയിലുള്ളത്. ഇരു തിയറ്ററുകളിലും ഈർപ്പവും അണുബാധയും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ 30 മുതലാണ് തിയറ്ററുകൾ അടച്ചത്. തിയറ്ററിനുള്ളിലെ ശീതീകരണ സംവിധാനവും പ്രവർത്തനം നിലച്ചിരിക്കയാണ്. ദിവസവും സിസേറിയനുൾപ്പടെ നിരവധി ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയിരുന്നത്. പ്രധാന തിയേറ്ററിനു സമീപമുള്ള രണ്ടാം വാർഡ് നവീകരിച്ചെങ്കിലും ഉദ്ഘാടനം കഴിയാത്തതിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ആകെ ആറ് പേ വാർഡുള്ളതിൽ നല്ലൊരു ശതമാനവും ഒഴിഞ്ഞു കിടക്കയാണ്. ആശുപത്രിയുടെ ലേബർ റൂമിൽ അടിസ്ഥാന സൗകര്യങ്ങളുമില്ല. മിക്ക വാർഡുകളിലും വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ രോഗികള്‍ക്ക് മറ്റ് ആശുപത്രികളിലേക്ക് മാറേണ്ട സ്ഥിതിയിലാണ്.
സ്വച്ഛ്ഭാരതിന്റെ ഭാഗമായി മാലിന്യമുക്ത പുഴയെന്ന ലക്ഷ്യത്തോടെ സരയൂ നദീ തീരത്തെത്തിയ ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി എംപി പ്രിയങ്ക സിംഗ് റാവത്താണ് വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശ് ജലവിഭവ വകുപ്പ് മന്ത്രി ധരപാല്‍ സിംഗും പ്രിയങ്ക സിംഗ് റാവത്തിനൊപ്പം ഉണ്ടായിരുന്നു. മാലിന്യമുക്ത പുഴയെന്ന ഉദ്ദേശത്തോടെ സരയൂ നദിയിലുള്ള മാലിന്യങ്ങള്‍ കാണാനും പുഴ പരിശോധിക്കാനും എത്തിയതായിരുന്നു ഇവര്‍. കുപ്പി വലിച്ചെറിഞ്ഞ ശേഷം ഇവര്‍ പുഴയെ എങ്ങനെ സംരക്ഷിക്കണമെന്നതിനെ കുറിച്ച് ഒരു പ്രസംഗവും നടത്തി.
അതേസമയം, പുഴയില്‍ കുപ്പി വലിച്ചെറിഞ്ഞ ആരോപണങ്ങളെ അവര്‍ നിഷേധിച്ചു. എന്നാല്‍, എഎന്‍ഐ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഈ കാര്യം വളരെ വ്യക്തമാണ്. ബോട്ടില്‍ നില്‍ക്കുന്ന എംപി വെള്ളം കുടിച്ചശേഷമുള്ള കാലിക്കുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞത്. ബിജെപി മന്ത്രിയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
നാഗ്പൂരില്‍ കായംകുളം സ്വദേശി നിതിന്‍ നായരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭാര്യ പാലക്കാട് സ്വദേശി ശ്രുതി (സ്വാതി) റിമാന്‍ഡില്‍. അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിലായ ശേഷമാണ് സ്വാതിയെ റിമാന്‍ഡ് ചെയ്തത്. നിതിന്‍ നായരുടെ മരണത്തിന് ശേഷം ഒളിവില്‍ പോയ ഇവര്‍ വ്യാഴാഴ്ച നാഗ്പുരിലെ ബജാജ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് നിതിനും സ്വാതിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ സ്വാതി പിന്നീട് നിതിനുമായി പ്രണയത്തിലാവുകയായിരുന്നു. ശ്രുതിയുടേത് രണ്ടാം വിവാഹമായതിനാല്‍ നിതിന്റെ വീട്ടുകാരുടെ എതിര്‍പ്പിനെ അതിജീവിച്ചാണ് വിവാഹം നടത്തിയത്. നിതിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
ഏപ്രില്‍ 29നാണ് നിതിന്‍ കൊല്ലപ്പെട്ടത്. കസേരയില്‍ നിന്ന് മറിഞ്ഞുവീണ് തലയിടിച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു ശ്രുതി മൊഴി നല്‍കിയത്. എന്നാല്‍ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സ്വാതിയും കുടുംബവും ഒളിവില്‍ പോകുകയായിരുന്നു.
പോലീസ് അന്വേഷണം ശക്തമാക്കിയപ്പോഴാണ് സ്വാതി കീഴടങ്ങിയത്. മണിക്കൂറുകള്‍ ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തിന്റെ കാരണം സ്വാതി വെളിപ്പെടുത്തിയിട്ടില്ലെന്നാണ് നാഗ്പൂര്‍ പോലീസ് നല്‍കുന്ന വിവരം.
ലണ്ടൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടൽ അടച്ചു. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് ഹോട്ടൽ അടച്ചതെന്നാണ് റിപ്പോർട്ട്. ഹോട്ടലിന് സമീപത്തെ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ശനിയാഴ്ച രാത്രിയാണ് ലണ്ടൻ ബ്രിഡ്ജിൽ വാൻ ഇടിച്ച് കയറ്റി ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ഭീകരരെ ലണ്ടൻ പൊലീസ് വധിച്ചതായും റിപ്പോർട്ടകളുണ്ട്.