Latest News

ലോകത്തെ ഏറ്റവും ധനികരായ ക്ലബുകളുടെ പട്ടിക പുറത്ത്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്‌പാനീഷ് ഭീമൻമാരായ റയൽ മാഡ്രിഡിനെ പിന്തള്ളിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 3 ബില്യൺ യൂറോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 2016-17 സീസണിൽ സ്വന്തമാക്കിയത്. പ്രമുഖ ചാർട്ടേട് അക്കൗണ്ട് കമ്പനിയായ കെപിഎംജിയാണ് ലോകത്തെ ധനികരായ ക്ലബുകളുടെ പട്ടിക പുറത്ത് വിട്ടത്.

ഇക്കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കിരീടം ഉൾപ്പെടെ മൂന്ന് ട്രോഫികളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. കമ്യൂണിറ്റി ഷീൽഡ് കപ്പും, ഇംഗ്ലീഷ് ലീഗ് കിരീടവും ചുവന്ന ചെകുത്താൻമാർ എന്ന് അറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയിരുന്നു. വിഖ്യാത പരിശീലകൻ ഹൊസെ മൗറീഞ്ഞോയാണ് യുണൈറ്റഡിന്റെ പരിശീലകൻ.

കെപിഎംജി പുറത്ത് വിട്ട പട്ടികയിൽ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തും ബാഴ്സിലോണ മൂന്നാം സ്ഥാനത്തുമാണ്. ജർമ്മൻക്ലബ് ബയേൺ മ്യൂണിക്ക് നാലാം സ്ഥാനത്തും, ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്തുമാണ്. പത്ത് ധനികരുടെ പട്ടികയിൽ 6 ക്ലബുകളും ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്.

ക്ലബുകളുടെ വരുമാനവും, സംപ്രേക്ഷണ അവകാശവും, പ്രശസ്തിയും അടിസ്ഥാനപ്പെടുത്തിയുള്ള പഠനമാണ് കെപിഎംജി നടത്തിയത്.

ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം. ആനന്ദ് എൽ.റായ് ഷാരൂഖിനെ നായകനാക്കി ചെയ്യുന്ന സിനിമയുടെ സെറ്റിലായിരുന്നു അപകടം. സീലിങ്ങിന്റെ ഒരു ഭാഗം അടർന്നുവീഴുകയായിരുന്നു. അപകടസമയത്ത് ഷാരൂഖും ഉണ്ടായിരുന്നു. പരുക്കുകളൊന്നും കൂടാതെ ഷാരൂഖ് അദ്ഭുതകരമായി രക്ഷപ്പെട്ടു. മറ്റു ചിലർക്ക് ചെറിയ പരുക്കുകൾ പറ്റിയതായി റിപ്പോർട്ടുണ്ട്.

സംഭവത്തെക്കുറിച്ച് സംവിധായകൻ റായ് ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ചെറിയൊരു അപകടമായിരുന്നെന്നും ആർക്കും ഗുരുതര പരുക്കുകളില്ലെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കുളളനായിട്ടാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിക്കുന്നത്. അനുഷ്ക ശർമ, കത്രീന കെയ്ഫ് എന്നിവരാണ് നായികമാർ. ജബ് തക് ഹേ ജാനിനുശേഷമാണ് മൂവരും ഒന്നിക്കുന്ന ചിത്രമാണിത്. അപകടത്തെതുടർന്ന് നിർത്തിവച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഈ ആഴ്ച അവസാനം വീണ്ടും തുടങ്ങിയേക്കും.

ഷാരൂഖ് ചിത്രത്തിനിടെ അപകടമുണ്ടാകുന്നത് ഇതാദ്യമായല്ല. ഡർ, റാ വൺ, ചെന്നൈ എക്സ്പ്രസ് എന്നിവ ഉൾപ്പെടെയുളള സിനിമകളുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളിൽ ഷാരൂഖിനു പരുക്കേറ്റിട്ടുണ്ട്.

പ്രവാസി മലയാളി സണ്ണി വർക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബൽ ശൃംഖലയിൽപ്പെട്ട കിങ്ഡം സ്കൂളിൽ സ്കൂളിൽ നടന്ന വെടിവയ്പിൽ രണ്ട് അധ്യാപകർ മരിച്ചു. വിദ്യാർഥികൾക്ക് ആർക്കും പരുക്കില്ല.

മുന്‍ അധ്യാപകനായ അക്രമി സ്കൂളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇയാൾ ഇറാഖ് സ്വദേശിയാണെന്ന് കരുതുന്നു. സൗദി സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. റമസാൻ പ്രമാണിച്ച് സ്കൂളിൽ അധ്യയനം നടന്നിരുന്നില്ല. സ്കൂളിൽ നിന്ന് 12 മൈൽ മാത്രം അകലെയാണ് അമേരിക്കൻ എംബസി. സൗദി– ഇൻ്റർനാഷനൽ കരിക്കുലം പിന്തുടരുന്ന സ്കൂളിൽ പള്ളി, ക്ലിനിക്ക്, ഒാഡിറ്റോറിയം, ലൈബ്രറി എന്നിവയുമുണ്ട്. അൽ വലീദ് ബിൻ തലാൽ രാജകുമാരൻ്റെ ഉടമസ്ഥതയിലുള്ളതാണ് കിങ്ഡം ഹോൾഡിങ്സ് കമ്പനി. സംഭവ സ്ഥലത്ത് നിന്ന് മാറി നിൽക്കാൻ സൗദി സുരക്ഷാ വിഭാഗം ജനങ്ങളോട് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയും സ്പെയിനും തമ്മില്‍ ഏഴു കരാറുകളില്‍ ഒപ്പിട്ടു. വ്യോമയാനം, ആരോഗ്യം, സൈബര്‍ സുരക്ഷ, എന്നിവയിലടക്കം ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കി. യൂറോപ്യന്‍ പര്യടനത്തിനിടെ സ്പെയിന്‍ പ്രസിഡന്റ് മരിയാനോ റജോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു കരാറുകള്‍ ഒപ്പുവച്ചത്. നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസാ ചട്ടങ്ങളില്‍ ഇളവുവരുത്തുന്നതിലും കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുമുള്ള ഉടമ്പടികളില്‍ ഇരുവരും ഒപ്പുവച്ചു. സ്പാനിഷ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അനുയോജ്യസാഹചര്യമാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1988നു ശേഷം ആദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി സ്പെയിന്‍ സന്ദര്‍ശിക്കുന്നത്.

യുവ എഞ്ചിനിയര്‍ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് വെടിയേറ്റു മരിച്ചു. സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ എഞ്ചിനീയറായ അഞ്ജലിയെയാണ് നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റിന് പുറത്തെ പാര്‍ട്ടിംഗ് ഏരിയയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജലിയുടെ ശരീരത്തില്‍ ഒന്നിലധികം വെടിയേറ്റിട്ടുണ്ട്.

Image result for PRIVATE MOBILE COMPANY ENGINEER DEATH IN NOIDA

ഇന്ന് പുലര്‍ച്ചെ അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് താമസക്കാരാണ് അഞ്ജലിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് റൂംമേറ്റ് എത്തി കൊല്ലപ്പെട്ടത് അഞ്ജലിയാണെന്ന് തിരിച്ചറിയുകയായിരുന്നു. അഞ്ജലിയെ പിന്തുടര്‍ന്ന് എത്തിയ ഒരു യുവാവ് വെടിയുതിര്‍ക്കുന്നത് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹരിയാന സ്വദേശിനിയായ അഞ്ജലി കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോലി കിട്ടി നോയിഡയില്‍ എത്തിയത്. മകളെ അറിയുന്നവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് അഞ്ജലിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങാനെത്തിയ  മമ്മൂട്ടിയെ സംഘാടകര്‍ അപമാനിച്ച സംഭവത്തില്‍ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു.  ഹൈദരബാദില്‍ വച്ച് നടന്ന 63ാം ഫിലിം ഫെയര്‍ പുരസ്‌കാര ദാന ചടങ്ങിനിടെയാണ് മമ്മൂട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നടന്നത്.

നോമ്പ് കാലമാണെന്നും നോമ്പ് നോറ്റിരിക്കുന്നതിനാല്‍ തന്നെ നേരത്തെ വിടുന്ന തരത്തില്‍ അവാര്‍ഡ്‌ ദാനം പ്ലാന്‍ ചെയ്യണമെന്നും മമ്മൂട്ടി സംഘാടകരോട് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ഈ അപേക്ഷ സംഘാടകര്‍ അംഗീകരിക്കുകയും ചെയ്തു. താരത്തെ നോമ്പ് തുറയുടെ സമയത്തിനു മുന്പ് വിടാമെന്നും ഉറപ്പുനല്‍കിയിരുന്നു. പക്ഷെ അവാര്‍ഡ്‌ ദാന പരിപാടിയില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

സംഘാടകര്‍ നേരത്തെ എഴുതി തയ്യാറാക്കിയ ക്രമത്തിലാണ് താരങ്ങളെ അവാര്‍ഡ് നല്‍കാനായി വിളിച്ചത്. മമ്മൂട്ടിയുടെ പേര് അവസാനമായിരുന്നു ഉണ്ടായിരുന്നത്. അവാര്‍ഡ്‌ വാങ്ങേണ്ട സമയമായപ്പോഴേക്കും നോമ്പ് തുറക്കേണ്ട സമയം കഴിഞ്ഞു പോയിരുന്നു. വേദിയിലും സദസ്സിലുമായി ഉണ്ടായിരുന്ന പ്രമുഖ താരങ്ങളെല്ലാം അപ്പോഴേക്കും അവാര്‍ഡ്‌ ഏറ്റുവാങ്ങി പോയിരുന്നു. നോമ്പ് കാലമായതിനാല്‍ ആരാധകരും നേരത്തെ സ്ഥലം വിട്ടു. അവസാനം ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ നിന്നാണ് താരം പുരസ്‌കാരം ഏറ്റു വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കാന്‍ പഞ്ചായത്തിന്റെ അനുമതി വേണമെന്ന നിയമം സര്‍ക്കാര്‍ എടുത്തുകളയുന്നു. ഇതിനായി പഞ്ചായത്തീരാജ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മദ്യശാലകള്‍ ആരംഭിക്കാന്‍ പഞ്ചായത്തുകളുടെ എന്‍ഒസി നിര്‍ബന്ധമാക്കുന്ന നിയമഭേദഗതി കൊണ്ടുവന്നത്.

സുപ്രിം കോടതി വിധിയെ തുടര്‍ന്ന് പൂട്ടിയ ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം പലസ്ഥലങ്ങളിലും പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് സാധിച്ചിരുന്നില്ല. പലസ്ഥലങ്ങളിലും പഞ്ചായത്തുകള്‍ അനുമതിയും നല്‍കിയില്ല. ഇത് സംസ്ഥാന സര്‍ക്കാരിന് ചെറുതല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

മദ്യശാലകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ബിവ്‌റിജസ് കോര്‍പ്പറേഷന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്തുകളുടെ എന്‍ഒസി നിര്‍ബന്ധമാക്കുന്ന നിയമം എടുത്തുകളയാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ദേശീയ പാതയോരങ്ങളിലെ പൂട്ടിയ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അരൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കുറ്റിപ്പുറം ദേശീയപാതയിലെ നാല്‍പ്പതോളം മദ്യശാലകള്‍ തുറക്കും.

അരൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കുറ്റിപ്പുറം പാതകളുടെ ദേശീയപദവി എടുത്തുകളഞ്ഞ 2014 ലെ ദേശീയപാതാ അതോറിറ്റിയുടെ വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

മോസ്‌കോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച റഷ്യന്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ഒരു ജീവനക്കാരന്റെ സമയോജിത ഇടപെടലിലാണ് വന്‍ ദുരന്തം ഒഴിവായത്. വിമാനത്തിന്റെ പൈലറ്റ് സംഭവം ഉടൻ പൊലീസിൽ അറിയിക്കുകയും വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് പിടികൂടുകയുമായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രികരെ പരിഭ്രാന്തിയിലാക്കിയതിന് 50,000 രൂപ പിഴ വിധിച്ചു. എന്നാല്‍ ഇയാള്‍ എന്തിനാണ് യാത്രയ്ക്കിടയില്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നതിനു വ്യക്തമായ മറുപടി കോടതിയിലും പറഞ്ഞില്ല.

ലാന്‍ഡിങ്ങിനിടെ ബ്രേക്ക് സംവിധാനം കേടായ ഇന്തോനേഷ്യന്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. 146 യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം. ആഭ്യന്തര സര്‍വീസ് നടത്തുന്ന ശ്രിവിജയാ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഗതാഗത മന്ത്രാലയ വക്താവ് ജെ.അദ്രാവിദ ബരാത പറഞ്ഞു. വിമാനത്തില്‍നിന്ന് യാത്രക്കാരെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന്  മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. അപകടത്തില്‍പ്പെട്ട വിമാനം സ്ഥലത്തുനിന്നു മാറ്റിയശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

കശാപ്പ് നിരോധനത്തിൽ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് കേരള ഹൈക്കോടതി. കാലികളെ കശാപ്പിനായി കന്നുകാലി ചന്തകളിൽ വിൽ‌ക്കുന്നതാണ് കേന്ദ്രം നിരോധിച്ചതെന്നും ഒരാൾക്കു തന്റെ വീട്ടിലുള്ള കന്നുകാലികളെ കശാപ്പിനായി വിൽക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. കന്നുകാലികളെ വില്‍ക്കരുത്, കൊല്ലരുത് എന്ന് ഉത്തരവില്‍ പറയുന്നില്ല. കന്നുകാലി വിൽപ്പന വഴിവക്കില്‍ നിന്നോ വീട്ടില്‍ നിന്നോ നടത്താം. അതിനു ചന്തയില്‍ പോവേണ്ടതില്ലല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതോടെ പരാതിക്കാരന്‍ ഹരജി പിന്‍വലിച്ചു.

ചട്ടങ്ങൾ വായിച്ചുനോക്കാതെയാണ് പലരും ഇക്കാര്യത്തിൽ പ്രതിഷേധം നടത്തുന്നതെന്നും നിരോധനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതായും കോടതി പറഞ്ഞു. കശാപ്പ് നിരോധന വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന മന്ത്രിസഭായോ​ഗം തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ നിലപാട് പുറത്തുവരുന്നത്.

കഴിഞ്ഞദിവസം യൂത്ത് കോൺ​ഗ്രസ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി ജി സജി നൽകിയ ഹർജി പരിഗണിച്ച കോടതി കേന്ദ്രത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സംസ്ഥാന പരിധിയിൽ വരുന്ന വിഷയത്തിൽ കേന്ദ്രം ഇടപെടുകയാണെന്ന് ഹരജിയിന്മേൽ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണെന്നും കേന്ദ്രത്തിന്റെ നിലപാടിൽ വിയോജിപ്പ് അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.

കോടതിയുടെ നിരീക്ഷണം കേന്ദ്രത്തിനു അനൂകൂലമായ സാഹചര്യത്തിൽ സുപ്രീംകോടതി ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കും എന്നാണ് കേരളം ആശങ്കയോടെ കാത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോ​ഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ തീരുമാനം കൈക്കൊള്ളാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗവും വിളിച്ചിട്ടുണ്ട്. നിരോധത്തിനെതിരേ എന്തൊക്കെ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് നാളത്തെ യോഗം ചര്‍ച്ച ചെയ്യും.

Copyright © . All rights reserved