സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെരുവിൽ ബിജോ മാത്യു (44)വിനെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 17നാണ് വിദ്യാർഥിനി അധ്യാപകനെതിരെ പരാതി നൽകിയത്.
എൻസിസി ക്യാമ്പ് സമയത്ത് ഉൾപ്പടെ അധ്യാപകൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നത്. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ ജിതിൻ വാസിനു മുൻപിൽ പ്രതി കീഴടങ്ങുകയായിരുന്നു.
കേസിനെ തുടർന്ന് സ്കൂൾ അധികൃതർ അധ്യാപകനെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ മരണം കൊലപാതകം. പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയും പ്രതിയും ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു.മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി.
ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. ഇയാൾ മറ്റൊരു വിവാഹം കഴിച്ചെങ്കിലും ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് മണിക്കൂര്‍ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചത്.
കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയില്‍ വിവരം പറഞ്ഞത്. എന്നാല്‍ കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദീപക് നാടുവിടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.
മാത്യൂ ചെമ്പു കണ്ടത്തിൽ
നമ്മുടെ കര്‍ത്താവീശോ മശിഹായുടെ തിരുവിലാവില്‍ സ്പര്‍ശിച്ചുകൊണ്ട് “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ” എന്ന വിശ്വാസപ്രഖ്യാപനം നടത്തിയ തോമാസ്ലീഹായെ വര്‍ണ്ണിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിന്‍റെ വീണ” എന്നറിയപ്പെടുന്ന പരിശുദ്ധ സുറിയാനി സഭയുടെ മധുരഗായകനും നാലാം നൂറ്റാണ്ടിലെ (എഡി 306-373) ദൈവശാസ്ത്രജ്ഞനും കവിയുമായിരുന്ന മാര്‍ അപ്രേം എഴുതിയ കവിത.
വിദ്വാന്‍ ഫാ ജോണ്‍ കുന്നപ്പള്ളിയുടെ വിവര്‍ത്തനത്തെ ആസ്പദമാക്കി സംക്ഷിപ്തമായി തയ്യാറാക്കിയത്.
തോമായേ, നീ
അനുഗ്രഹീതനാകുന്നു!
🔹1. തോമായേ, നീ അനുഗ്രഹീതനാകുന്നു! ശിഷ്യന്മാര്‍ക്കു പ്രിയങ്കരനായവനേ, സുകൃതങ്ങളുടെയും നന്മകളുടെയും കലവറയേ, മുഴുലോകത്തിനും ജീവന്‍ ഒഴുക്കുന്ന ഉറവിടത്തെ നിന്‍റെ കരം സ്പര്‍ശിച്ചു. ലോകത്തെ സംരക്ഷിക്കുന്ന നിധികളാല്‍ സമ്പന്നമായ ഭണ്ഡാഗാരത്തെ തൊടുവാന്‍ നിന്‍റെ സ്നേഹം ധൈര്യപ്പെട്ടു. നിന്‍റെ ഭാഗ്യം വളരെ വലുതാകുന്നു. എന്തെന്നാല്‍ അത്യുന്നത സൂര്യനെ നീ കരങ്ങളാല്‍ തൊട്ടറിഞ്ഞു.
🔹2. സ്വസഹോദരന്മാരുടെ അലങ്കാരമായ പ്രേഷിതാ, നീ അനുഗ്രഹീതനാകുന്നു! നിന്‍റെ സഹോദന്മാരുടെ അലങ്കാരമായിരിക്കുമ്പോഴും ദൈവപുത്രന്‍റെ പാര്‍ശ്വം സ്പര്‍ശിച്ചുംകൊണ്ട് നീ ഏറെ അലങ്കൃതനായി. അഗ്നിമയന്‍ തന്‍റെ ശരീരം സ്പര്‍ശിക്കാന്‍ നിനക്ക് അനുവാദം നല്‍കി, താന്‍ സ്പര്‍ശിക്കപ്പെടാന്‍ അവിടുന്നു തിരുമനസ്സായി, അവിടുന്നു ഘനീഭവിച്ചു. ലോകത്തിനു താങ്ങാനാവാത്ത നിധിയില്‍ നിന്‍റെ കരങ്ങള്‍ വയ്ക്കപ്പെട്ടു!
🔹3. വിശ്വാസത്താല്‍ സമ്പന്നനായ തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ കൂട്ടുകാരെ നീ വിശ്വസിക്കാതിരുന്നത്, അവര്‍ നുണപറയുന്നെന്നു കരുതിയല്ല, നിന്‍റെ സ്നേഹം ജ്വലിച്ചതുകൊണ്ടാണ്. കരങ്ങളാല്‍ സ്പര്‍ശിച്ചുകൊണ്ട് ആ രത്നത്തെ സമീപിക്കാന്‍ സ്നേഹം നിന്നെ പ്രേരിപ്പിച്ചു. നേരിട്ടുകണ്ട് യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനുവേണ്ടി സ്പര്‍ശനത്തില്‍ ആനന്ദിക്കാന്‍ നീ ആഗ്രഹിച്ചില്ല.
🔹4. കര്‍ത്താവ് ഉയിര്‍ത്തുവെന്നും തങ്ങള്‍ക്ക് കാണപ്പെട്ടുവെന്നും ശിഷ്യന്മാരില്‍നിന്നു ശ്രവിച്ച തോമായേ നീ അനുഗ്രഹീതനാകുന്നു! നീ സംശയിച്ചതു യഥാര്‍ത്ഥമായ സംശയത്താലല്ല, അവിടുന്നു വരുമ്പോള്‍ അവുടുത്തെ ഉത്ഥിതനായി കണ്ടു സന്തോഷിക്കാന്‍വേണ്ടി ബുദ്ധിപൂര്‍വ്വം നീ സംശയിച്ചു.
🔹5. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ വിശ്വാസം മരിച്ചവരുടെ ഉത്ഥാനത്തിന് ഒരു കണ്ണാടിയായിരുന്നു. അതുവഴി ഉത്ഥാനത്തിന്‍റെ ദിവസത്തിനായി ശരീരം സൂക്ഷിക്കപ്പെടുമെന്ന് സര്‍വ്വലോകത്തുമുള്ള ജനതകള്‍ ഗ്രഹിച്ചു! ഉത്ഥാനം നിഷേധിക്കുന്ന അവിശ്വാസികളുടെ വായ് അടയ്ക്കുവാനും അവര്‍ ലജ്ജിതരാകുവാനുമായി നിന്‍റെ കരങ്ങളാല്‍ സ്പര്‍ശിക്കപ്പെടുന്നതിന് അവിടുന്നു തന്‍റെ ശരീരം നല്‍കി.
🔹6. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ സൂര്യന്‍ നിന്‍റെ അടുക്കലേക്കു വന്നു, തന്നെത്തന്നെ നിനക്കു വെളിപ്പെടുത്തുകയും നിന്‍റെ കണ്ണുകള്‍കൊണ്ട് നീ അവിടുത്തെ കാണുകയും കരംകൊണ്ട് സ്പര്‍ശിക്കുകയും നീ ഗ്രഹിക്കുകയും ചെയ്തു. ഗബ്രിയേലിന്‍റെ ഗണങ്ങള്‍ അകലെ നില്‍ക്കുന്നു, മീഖായേലിന്‍റെ സൈന്യങ്ങള്‍ ദൂരെനിന്നു സ്തുതിപാടുന്നു, ആഗ്നേയസമൂഹങ്ങള്‍ ആരാധിക്കുന്നു, എന്നാല്‍ നീയോ, അവിടുത്തെ സ്പര്‍ശിക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്നു!
🔹7. തോമായേ നീ അനുഗ്രഹീതനാകുന്നു! സ്രാപ്പേ മാലാഖാമാര്‍ക്ക് അസൂയപ്പെടാന്‍ സാധിക്കുമായിരുന്നെങ്കില്‍ നിന്നെക്കുറിച്ച് അവര്‍ അസൂയപ്പെടുമായിരുന്നു! എന്തെന്നാല്‍ അവിടുന്ന് ആഗ്നേയനാകയാല്‍ സ്രാപ്പേന്മാര്‍ക്ക് അവിടുത്തെ സ്പര്‍ശിക്കുക സാധ്യമല്ല! സ്രാപ്പേന്മാര്‍ വിറയലോടെ കൊടില്‍കൊണ്ടു തീക്കനല്‍ സ്പര്‍ശിച്ചുവെങ്കില്‍ (ഏശയ്യ 6:6) നീയാകട്ടെ, മാംസബദ്ധമായ കരങ്ങള്‍കൊണ്ട്, ഭയരഹിതനായി അഗ്നിജ്വാലയെ സ്പര്‍ശിച്ചു!
🔹8. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ സ്രാപ്പേന്മാര്‍ തന്‍റെ ചിറകുകള്‍കൊണ്ടു (യൂദായുടെ) സിംഹത്തെ (വെളിപാട് 5:5) നിന്നില്‍നിന്നു മറച്ചില്ല, എന്തെന്നാല്‍ അവിടുന്നവര്‍ക്ക് ഗുപ്തമായിരിക്കുന്നു, അവര്‍ നിരീക്ഷിക്കാതിരിക്കത്തക്കവിധം അവിടുന്ന് അവരില്‍നിന്നു മറഞ്ഞിരിക്കുന്നു, ക്രേവേന്മാര്‍ അവിടുത്തെ സ്തുതിക്കുന്നു, സ്രാപ്പേന്മാര്‍ അവിടുത്തെ പരിശുദ്ധനെന്നു വാഴ്ത്തുന്നു, എന്നാല്‍ സ്പഷ്ടമായി കാണുകയും ഇമ്പകരമായി സ്പര്‍ശിക്കുകയും ചെയ്ത നീ ഭാഗ്യവാനാകുന്നു.
🔹9. തോമായേ നീ ഭാഗ്യവാനാകുന്നു! എന്തെന്നാല്‍ ശൂലത്താല്‍ തുറക്കപ്പെട്ട ഏകജാതന്‍റെ പാര്‍ശ്വത്തിലും പരിശുദ്ധമായ ആണിപ്പഴുതുകളിലും ലോകത്തെ സുഖപ്പെടുത്തിയ മുറിവുകളിലും നിന്‍റെ കരം വിശ്രമിച്ചു! നീ സ്നേഹിച്ചു, കരങ്ങള്‍കൊണ്ടു ഗ്രഹിച്ചു, ബോധ്യപ്പെട്ടു, ഇതെല്ലാം വിജാതിയരുടെയിടയില്‍ പ്രസംഗിക്കുകയും ചെയ്തു.
🔹10. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ പന്ത്രണ്ടു ശിഷ്യന്മാരോടൊന്നിച്ചു നിനക്കു മഹത്വത്തിന്‍റെ സിംഹാസനമുണ്ട്. ഭൂമിയില്‍ ദൈവകുമാരന്‍റെ സുവിശേഷം അറിയിക്കുന്നതില്‍ നിന്‍റെ സ്വരം ഉച്ചൈസ്തരമായിരുന്നു. അവസാനം നീ വിധിയാളനോടൊത്തു മഹനീയനായിരിക്കും. സുവിശേഷം അറിയിക്കുന്നവരുടെയിടയില്‍ നീ വിശ്രുതനായിരിക്കും. ആരുടെ അധരങ്ങള്‍ക്കാണ്, ആരുടെ നാവുകള്‍ക്കാണ് നിന്‍റെ മനോഹരമായ വ്യാപരങ്ങളെ വര്‍ണ്ണിക്കാനാവുക!
🔹11. ഇരട്ടപിറന്നവനായ തോമായേ, നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ ആധ്യാത്മികസമ്പത്ത് പ്രസിദ്ധങ്ങളും നിരവധിയുമാണ്, നിന്‍റെ നാമം ശ്രേഷ്ഠരായ ശ്ലീഹന്മാരുടെയിടയില്‍ അറിയപ്പെടുന്നു, എന്‍റെ അയോഗ്യമായ അധരങ്ങളിലൂടെ നിന്നെ പ്രകീര്‍ത്തിക്കാന്‍ കൃപലഭിച്ചിരിക്കുന്നു.
🔹12. പ്രകാശമായവനെ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ ബലികളുടെ പുകയാല്‍ ഇരുണ്ടയിടങ്ങളിലേക്ക് സൂര്യന്‍ നിന്നെ അയച്ചു, മാമ്മോദീസായാല്‍ നീയവരെ കഴുകി വെണ്മയുള്ളവരാക്കി, മലിനതയെ തോമാ ധവളിമയാക്കി!
🔹13. തോമായേ നീ അനുഗ്രഹീതനാകുന്നു! സ്ലീവായില്‍നിന്നെടുത്ത സ്നേഹത്താല്‍ ഇന്ത്യയുടെ ഇരുളിമിയ പ്രകാശിപ്പിച്ച ദീപമായിരുന്നു നീ, ആ പന്ത്രണ്ടു ദീപങ്ങളിലൊന്ന് !
🔹14. തോമായേ നീ അനുഗ്രഹീതനാകുന്നു! മഹാരാജാവു നിന്നെ ഇന്ത്യയിലേക്കയച്ചു, ഇന്ത്യയെ നീ ഏകജാതന്‍റെ മണവാട്ടിയാക്കി, അവളെ വെണ്മഞ്ഞിനെയും ആട്ടിന്‍രോമത്തെയുംകാള്‍ വെണ്മയുള്ളവളാക്കി, അവള്‍ ലാവണ്യവതിയും പ്രശോഭിതയുമായ തന്‍റെ മണവാളന്‍റെയരികിലേക്കു പോകാന്‍ തക്കവിധം സൗന്ദര്യവതിയായി, നീ അനുഗ്രഹീതനാകുന്നു!
🔹15. നീ അനുഗ്രഹീതനാകുന്നു! അന്ധകാരശക്തികള്‍ അടിമയാക്കിവച്ചിരുന്ന കാവ്യമതത്തില്‍നിന്നു നീ മോചിപ്പിച്ച ആ മണവാട്ടിയില്‍ നിനക്കു വിശ്വാസമുണ്ടായിരുന്നു. അനുഗ്രഹീതമായ ക്ഷാളനത്താല്‍ അവളെ നീ വെണ്മയുള്ളവളാക്കി, സ്ലീവായാല്‍ അവള്‍ പ്രഭ വിതറുന്നവളായി!
(എഡി 232-ല്‍ തോമാസ്ലീഹായൂടെ ഭൗതികാവശിഷ്ടം എഡേസ്സയിലേക്ക് കൊണ്ടുവന്നതിനെ അനുസ്മരിച്ച് എഴുതിയ വരികള്‍).
🔹16. വണികശ്രേഷ്ഠാ, നീ ഭാഗ്യമുള്ളവനാകുന്നു! എന്തെന്നാല്‍ നിധിയില്ലാതിരുന്ന സ്ഥലത്തേക്കു നീ നിധി കൊണ്ടുവന്നു. അമൂല്യമായ രത്നം കണ്ടെത്തിയതിനു ശേഷം അതു കരസ്ഥമാക്കുവാന്‍ വേണ്ടി തനിക്കുള്ളതെല്ലാം വിറ്റ ബുദ്ധിമാനായ മനുഷ്യന്‍ നീയാകുന്നു.
🔹17. നിധിയെ സ്വീകരിച്ച, ആശീര്‍വദിക്കപ്പെട്ട നഗരീയേ (എഡേസ്സ) നിനക്കു ഭാഗ്യം! എന്തെന്നാല്‍ നീ രത്നം കണ്ടെത്തി, ഇന്ത്യയില്‍ ഇതല്ലാതെ വേറെ രത്നമുണ്ടായിരുന്നില്ല. നിന്‍റെ നിക്ഷേപാലയത്തില്‍ ഏറ്റവു വിലയുള്ള രത്നം നീ സൂക്ഷിച്ചിരിക്കുന്നു!
തന്‍റെ ആരാധകരെ സകലനന്മകളാലും നിറയ്ക്കുന്ന നല്ലവനായ ദൈവപുത്രാ നിനക്കു സ്തുതി!
എസ്. എസ്. ജയപ്രകാശ്
ജനാധിപത്യം പ്രവർത്തിക്കുന്നത് മൂന്ന് പ്രധാന ശിലകളിലാണ്.
“The will of the people, Trust in Politicians, and Strong institutions” (Guardian,2016)
അല്ലാതെ മഹദ് ഗ്രന്ഥങ്ങളായ രാമായണത്തിലോ, ബൈബിളിലോ, ഖുർആനിലോ അല്ല.
2024 ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ , മേൽ പറഞ്ഞിരിക്കുന്ന മൂന്ന് കാര്യങ്ങൾ വിലയിരുത്തുകയും ഇടത് രാഷ്ട്രീയത്തിന്റെ വർദ്ധിച്ച പ്രസക്തിയെ കുറിച്ച് യുക്തി ഭദ്രമായ വാദഗതികളുമാണ് ഈ ലേഖനം പങ്ക് വെയ്ക്കുന്നത്.
കേരളത്തിൽ മാത്രമാണ് അധികാരത്തിൽ ഉള്ളതെങ്കിലും ദേശയീയ തലത്തിൽ സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ ഒരു കനൽത്തരി പോലെ പ്രതിക്ഷേധം ഉയർത്തുന്നത് ഇടത്പക്ഷം മാത്രമാണ്.
മറുവശത്ത് കണ്ണോത്ത് കരുണാകരനും,അറയ്ക്കൽ പറമ്പലിൽ കുര്യൻ മകൻ ആന്റണിയും ചേർന്ന് കെട്ടിപ്പടുത്ത ഇന്ദിരാ കോൺഗ്രസ്, കൂട് വിട്ട് കൂട് മാറുന്ന വെറും രാഷ്ട്രീയ പൈങ്കിളികളുടെ കൂടാരം മാത്രമായി അധഃപ്പിച്ചിരിക്കുന്നു.പദ്മജ പോയി,അനിൽ ആന്റണിയും പോയി….!
കേരളത്തിലെ ജനങ്ങൾ ഈ തിരഞ്ഞടുപ്പിൽ തങ്ങളുടെ വോട്ട് അവകാശം വിവേകപൂർവ്വം ഉപയോഗിച്ചില്ല എങ്കിൽ നമുക്ക് മാത്രമല്ല ഇന്ത്യയിലെ ആകെ ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ ആദ്യ ശിലയായ “The will of the people” എന്നെന്നേയ്‌ക്കുമായി നഷ്ടപ്പെടും. കോൺഗ്രസ് ആയി ജയിക്കുന്നവർ ആവശ്യം വരുമ്പോൾ ബിജെപി ആയി മാറും എന്ന് കണക്കുകൾ വ്യക്തമാക്കി തരുന്നു.
പണത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ പേരിൽ കാല് മാറാത്ത രാഷ്ട്രീയ നേതൃത്വം നമ്മുടെ രാജ്യത്ത് ഉണ്ട് എങ്കിൽ ‘Trust in Politicians’ എന്ന ജനാധിപത്യത്തിന്റെ രണ്ടാം തൂൺ പ്രവർത്തിക്കുന്നുണ്ട് എന്ന് പറയാം. ഈ കാര്യത്തിൽ ഉദ്ധരിക്കാൻ പറ്റിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.എസ്.സുരേന്ദ്രന്റെ അഭിപ്രായമാണ്;”കേരളത്തിൽ ബിജെപിയ്ക്ക് 30 സീറ്റിൽ കൂടുതൽ കിട്ടിയാൽ ബിജെപി സർക്കാർ ഉണ്ടാക്കും”. ആരെയാണ് അദ്ദേഹം ഉന്നം വെയ്ക്കുന്നത് എന്നും,എങ്ങനെയാണ് അദ്ദേഹം സർക്കാർ ഉണ്ടാക്കാൻ പോകുന്നത് എന്ന കാര്യവും എല്ലാ മലയാളികൾക്കും വ്യക്തമായത് കൊണ്ട് കൂടുതൽ പറയേണ്ട കാര്യം ഇല്ല എന്ന് വിചാരിക്കുന്നു.
‘Trust in Politicians’ എന്ന ജനാധിപത്യത്തിന്റെ രണ്ടാം തൂൺ, ഇപ്പോൾ ഇടത് പക്ഷത്തിൽ മാത്രമായി ചുരുങ്ങി എന്നതിന് കഴിഞ്ഞ അഞ്ച് വർഷത്തെ ഇന്ത്യൻ പാർലമെന്റ് സാക്ഷിയാണ്.
രാഷ്ട്രീയ നേതൃത്വത്തിന് വിശ്വാസിത ഇല്ലാതെയാകുമ്പോളും, ജനവിരുദ്ധ നിലപാടുകൾ എടുക്കുമ്പോളും ജനത്തിന്റെ ആശാ കേന്ദ്രം ആകുന്നത് ചുവടെ പറയുന്ന സ്ഥാപനങ്ങളാണ്;
ജുഡീഷ്യറി –
തിരഞ്ഞെടുപ്പ് കമ്മീഷനുകൾ –
അഴിമതി വിരുദ്ധ ഏജൻസികൾ –
സെൻട്രൽ ബാങ്കുകളും ഫിനാൻഷ്യൽ റെഗുലേറ്ററി ബോഡികൾ –
മനുഷ്യാവകാശ കമ്മീഷനുകൾ –
സിവിൽ സർവ്വീസ് –
മീഡിയ റെഗുലേറ്ററി ബോഡികൾ-
ഇതൊക്കെയാണ് ജനാധിപത്യ വ്യവസ്ഥ നിലനിൽക്കണം എങ്കിൽ ആവശ്യമായ ശക്തവും നിഷ്പക്ഷവുമായ സ്ഥാപനങ്ങൾ.മേൽ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗീയ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേജിരിവാളിനെ ജെയിലിൽ അടച്ചത്.
ഇന്ത്യൻ പാർലമെന്റിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നത് സന്യാസിമാർ.രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് ഇന്ത്യൻ പ്രധാന മന്ത്രിയും.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏറ്റവും കൂടുതൽ പണപ്പിരിവ് നടത്തിയത് ബിജെപിയാണ്. എന്നാൽ പണപ്പിരിവ് നടത്തിയതിന്റെ പേരിൽ ജയിലിൽ ആയത് ആംആദ്മി പാർട്ടി നേതാവായ കേജിരിവാളാണ്.
സർക്കാർ ഉടമസ്ഥതയിൽ ഉള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഇലക്ട്രൽ ബോണ്ട് ആയി മേടിച്ച പണം എത്രയാണ് എന്ന് ബിജെപിയോ ബാങ്കോ വെളിപ്പെടുത്താൻ തയ്യാർ ആയില്ല.ഒടുവിൽ കോടതിയെ സമീപിച്ചപ്പോൾ തീയതി ഇല്ലാതെ രേഖകൾ സമർപ്പിച്ചു.കൂടുതൽ സമയം വേണം എന്ന് ആവശ്യപ്പെട്ടു.
ഇവിടെ രണ്ട് പ്രധാന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
ഒന്ന്,6061 കോടിയ്ക്ക് മേലെ ഉള്ള പണമിടപാടിന് ഒരു ദേശസാൽകൃത ബാങ്കിന്റെ കൈയ്യിൽ ഇപ്പോൾ രേഖയില്ല.കൂടുതൽ സമയം കൊടുത്താൽ തരപ്പെടുത്തി തരാം എന്ന് പറയുന്നു.ഓരോ ചില്ലി പൈസയ്ക്കും പലിശയും പലിശയ്ക്ക് പലിശയും കൂട്ടി ഓരോ മാസവും നോട്ടീസ് അയക്കുന്ന ബാങ്ക് ആണ് 6061കോടിയുടെ തീയതി അന്വേഷിക്കാൻ സമയം ചോദിക്കുന്നത്.
ഇലക്ട്രൽ ബോണ്ട് വകയിൽ ബിജെപിയ്ക്ക് അകെ ലഭിച്ച തുക 8251കോടിയാണ് . പാർലമെന്റിൽ ആകെ 543 സീറ്റ്.ഒരു സീറ്റിൽ പരമാവധി ചിലവാക്കാൻ കഴിയുന്ന തുക 95 ലക്ഷം രൂപ.ഇലക്ട്രൽ ബോണ്ട് വകയിൽ മാത്രം ബിജെപിയ്ക്ക് കുറഞ്ഞത് 2500 കോടി അധികമാണ്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭിക്കുന്ന വഴി കൃത്യതയോടെ കണ്ടു പിടിക്കാൻ കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കൂടുതൽ അധികാരവും ആൾ ബലവും നൽകി.ഒരുപാട് കേസുകൾ ഇഡി എടുത്തിട്ടുണ്ട്.എന്നാൽ ശിക്ഷിക്കപ്പെട്ട കേസുകൾ വെറും 5% മാത്രമാണ്.മാത്രമല്ല ഒരു കേസും ബിജെപി നേതാക്കൾക്കോ അനുഭാവികൾ ആയ വ്യവസായികൾക്കോ എതിരെ പോലും ഇ.ഡി കേസ് എടുത്തിട്ടില്ല.
ഇ.ഡി എടുത്ത 95% കേസുകളും പ്രതിപക്ഷ നേതാക്കൾക്ക് എതിരേയായിരുന്നു എന്നത് ജനാധിപത്യ വിശ്വാസികൾക്ക് ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.
മാത്രമല്ല,മേല്പരിഞ്ഞിരിക്കുന്ന സ്ഥാപനങ്ങൾ അത്രയും അതി രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമാകുന്ന കാഴ്ചകൾ നാം ദിനവും കണ്ടു കൊണ്ടിരിക്കുന്നു.പകരം നമുക്ക് ലഭിച്ചത് ഒരു അയോദ്ധ്യയും അതിൽ ദൈവത്തിന് ഇരിക്കാൻ ഒരു കൊട്ടാര സമാനമായ കെട്ടിടവുമാണ്. എന്നാൽ ഇടതുപക്ഷത്തെ തൊട്ടപ്പോൾ ഒക്കെ ഇ.ഡി ദുര്ബലമാകുന്ന കാഴ്ചയാണ് നാം ഇത് വരെ കണ്ടിട്ടുള്ളത്.
ഇടതുപക്ഷത്തിന്റെ രാഷ്‌ടീയ ബദൽ
ഇതിനോടകം തന്നെ സംഘപരിവാറിന്റെ മത രാഷ്ട്രീയത്തിനും മത രാഷ്ട്രീയ സങ്കൽപ്പത്തിനും എതിരെ I.N.D.I.A എന്ന ഒരു രാഷ്ട്രീയ ബദൽ ഇടതുപക്ഷം മുന്നോട്ട് വെച്ചിട്ടുണ്ട്.I.N.D.I.A മുന്നണിയുടെ ചാലക ശക്തി എന്ന് പറയുന്നത് സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷമാണ്.
ഈ തിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റ് എന്ന ഒരു ടാർഗെറ്റ് നിശ്ചയിച്ചിട്ടുണ്ട്.
I.N.D.I.A സഖ്യം നിലവിൽ വന്നതോടെ നേരിട്ടുള്ള ഒരു തിരഞ്ഞെടുപ്പിലൂടെ ബിജെപിയ്ക്ക് 400 സീറ്റ് പോലെയുള്ള അതിമോഹം സാധ്യമാകില്ല എന്നത് ഉറപ്പാണ്.മാത്രവുമല്ല,കേജിരിവാളിന്റെ അറസ്റ്റോട് കൂടി അയോദ്ധ്യ പോലും രാഷ്ട്രീയ ഫോക്കസിൽ നിന്നും അകന്നു പോയി.ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം എന്നത് പോലും വെല്ലുവിളി ഉയർത്തുന്ന ഒരു ലക്ഷ്യമായി മാറി.അതോടെ എല്ലാ സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് തങ്ങളുടെ ലക്ഷ്യം നേടുക എന്ന തരം താണ രീതികളിലേയ്ക്ക് ബിജെപി മാറിക്കഴിഞ്ഞു.
ഈ രാഷ്ട്രീയ കാലാവസ്ഥയിൽ ഒരു തിരുത്തൽ ശക്തിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറെ ആവശ്യമായിട്ടുള്ളത്.അത് നൽകാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്.ഇടതുപക്ഷത്തിന് എത്രത്തോളം സീറ്റ് കേരളത്തിൽ കൂടുതൽ കിട്ടുന്നുവോ ബിജെപി അത്രത്തോളം എതിർക്കപെടും എന്നതാണ് വസ്തുത.
എസ്.എസ്.ജയപ്രകാശ് (JP Marayoor) : കോട്ടയം ബസേലിയസ് കോളേജ് യൂണിയൻ ചെയർമാൻ,
എസ്.എഫ്.ഐ കോട്ടയം ഏരിയാ സെക്രട്ടറി , സിപിഎം മൂന്നാർ ഏരിയാ കമ്മറ്റിയംഗം,
സമീക്ഷ യുകെയുടെ മുൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പൊതുരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.
റ്റിജി തോമസ്
മലയാളം യുകെയുടെ അവാർഡ് നൈറ്റും ബോളിവുഡ് ഡാൻസ് മത്സരങ്ങളും അരങ്ങേറുന്നത് വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിലുള്ള വിക്ടോറിയ ഹാളിലാണ്. ഒക്ടോബർ 8-ാം തീയതി രാവിലെ തന്നെ ജോജിയോടൊപ്പം അവിടേയ്ക്ക് യാത്ര തിരിച്ചു . ജോജിയുടെ താമസ സ്ഥലമായ വെയിക്ക് ഫീൽഡിൽ നിന്ന് 28 മൈൽ ദൂരമാണ് കീത്തിലിയിലേയ്ക്ക് ഉള്ളത് . ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്.
മലയാളം യുകെ സംഘടിപ്പിക്കുന്ന 2022 -ലെ അവാർഡ് നൈറ്റിൽ പങ്കെടുക്കുകയും ചെറുകഥയ്ക്കുള്ള അവാർഡ് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് രണ്ടാഴ്ച കാലത്തോളം നീണ്ടു നിന്ന എന്റെ യുകെ സന്ദർശനത്തിന് നിമിത്തമായത്. അതോടൊപ്പം തന്നെ മറ്റ് ചില കാരണങ്ങൾ കൊണ്ടും ഈ അവാർഡ് നൈറ്റ് എനിക്ക് മറക്കാൻ പറ്റുന്നതായിരുന്നില്ല. അതിന് പ്രധാന കാരണം രണ്ടു പുസ്തകങ്ങൾ ആയിരുന്നു . എൻറെ സഹോദരൻ ജോജി തോമസ് മലയാളം യുകെയിലെഴുതിയ മാസാന്ത്യവലോകനം എന്ന പംക്തി വേറിട്ട ചിന്തകൾ എന്ന പേരിൽ പുസ്തകമാക്കിയതിന്റെ പ്രകാശന കർമ്മം ഈ ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടുകയാണ്. പ്രിയ സുഹൃത്തും പാലക്കാട് കോളേജിലെ പ്രിൻസിപ്പലുമായ ഡോ. ഐഷാ വിയുടെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പുസ്തകത്തിന്റെ യുകെയിലെ പ്രകാശന കർമ്മവും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് നടക്കുന്നുണ്ട്. ദീർഘകാലമായി മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ഓർമ്മച്ചെപ്പ് തുറന്നപ്പോൾ . പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും അനുഭവക്കുറിപ്പുകളുടെയും സമാഹാരമായ രണ്ടു പുസ്തകങ്ങൾ അവാർഡ് നൈറ്റിന്റെ വേദിയിൽ പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത് ഒരു ഓൺലൈൻ മാധ്യമം എന്ന നിലയിൽ മലയാളം യുകെയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു.
യുകെയിലെ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകളുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമായിരുന്നു ബോളിവുഡ് ഡാൻസ് മത്സരങ്ങൾ . അതോടൊപ്പം പത്രത്തിലൂടെ വായിച്ചറിഞ്ഞ യുകെയിലെ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളിലെ പലരെയും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് കണ്ടുമുട്ടാനായതും പരിചയപ്പെടാൻ സാധിച്ചതും മനസ്സിന് സന്തോഷം നൽകുന്നതായി.
അവാർഡ് നൈറ്റ് എനിക്ക് പലതുകൊണ്ടും വേറിട്ട അനുഭവമായിരുന്നു. അത് പരിചയപ്പെട്ട പലരുമായി വീണ്ടും സൗഹൃദവും സംവാദങ്ങളും നടത്താൻ സാധിച്ചതും 2022 ഒക്ടോബർ 8 -നെ വീണ്ടും വീണ്ടും ഓർമ്മിക്കുന്നതിന് കാരണമായിട്ടുണ്ട്.
മലയാളം യുകെ ന്യൂസിന്റെ ചീഫ് എഡിറ്റർ ബിൻസു ജോണിനെയും മറ്റ് ഡയറക്ടർ ബോർഡ് മെമ്പേഴ്സ് ആയ ഷിബു മാത്യു, ജോജി തോമസ്, റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, ബിജു മൂന്നാനംപള്ളി , ബിനു മാത്യു, തോമസ് ചാക്കോ എന്നിവരടങ്ങുന്ന നേതൃത്വ നിരയാണ് ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും അവാർഡ് നൈറ്റിന്റെയും ചുക്കാൻ പിടിക്കുന്നത്. ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റീവ് എഡിറ്ററുമായ ഷിബു മാത്യുവിന്റെ സ്ഥലം വെസ്റ്റ് യോർക്ക്ഷെയറിൽ ആയതു കൊണ്ട് തന്നെ അവാർഡ് നൈറ്റിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു .മാസങ്ങൾ നീണ്ട മുന്നൊരുക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേർചിത്രങ്ങളായിരുന്നു അവാർഡ് നൈറ്റിൽ കാണാൻ സാധിച്ചത് . യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ കലാകാരന്മാരും കലാകാരികളും ആയിരുന്നു ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ മാറ്റുരച്ചത്.
കേരളത്തിൽ ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തിരുന്ന എനിക്ക് അവാർഡ് നൈറ്റിൻറെ പല കാര്യങ്ങളും പുതുമ നിറഞ്ഞതായിരുന്നു. തുടക്കത്തിലെ സുരക്ഷാ മുന്നറിയിപ്പിൻറെ ഭാഗമായുള്ള അനൗൺസ്മെന്റുകൾ ഒരിക്കലും കേരളത്തിലെ ഒരു പരിപാടിയിലും കേട്ടിട്ടുണ്ടായിരുന്നില്ല. ഏതെങ്കിലും രീതിയിലുള്ള അഗ്നിബാധ ഉണ്ടായാലുള്ള ഫയർ എക്സിറ്റിനെ കുറിച്ചും ആർക്കെങ്കിലും വൈദ്യസഹായം വേണമെങ്കിൽ ആരെ സമീപിക്കണമെന്നും ടോയ്‌ലറ്റ് എവിടെയാണെന്നുമാണ് പ്രധാനമായും അറിയിപ്പുകളായി നൽകപ്പെട്ടത്. കേരളത്തിൽ ആകസ്മികമായി വിവിധ പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങളുടെ വെളിച്ചത്തിൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകൾ നൽകേണ്ടതിന്റെ ആവശ്യകത വളരെയേറെയാണ്. പൊതുസ്ഥലങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടായാൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യവും നമ്മുടെ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കുന്നത് ഉചിതമായിരിക്കും.
പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി ഡോ. അഞ്ജു ഡാനിയേൽ ആയിരുന്നു. കർമ്മം കൊണ്ട് ഡോക്ടർ ആയ അഞ്ജു ഒരു മികച്ച കലാകാരി കൂടിയാണ്. നല്ല രീതിയിൽ ഗൃഹപാഠം ചെയ്ത് സ്റ്റേജിലെത്തിയ ഡോ . അഞ്ജുവിന്റെ അവതരണം മനോഹരമായിരുന്നു.
നമ്മുടെ സംസ്കാരത്തിൻറെ പ്രതിഫലനമായി തനത് രീതിയിൽ നിലവിളക്ക് കൊളുത്തി കൊണ്ടാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത്. സ്ഥലം എംപിയായ റോബി മൂർ ലൂക്ക് മോൺസൽ കൗൺസിലർ പോൾ കുക്ക് ചീഫ് എഡിറ്റർ ബിൻസു ജോൺ എന്നിവർ തിരി തെളിച്ചാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് .
യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഇത്രയും ജന പങ്കാളിത്തം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും?
അതിനെക്കുറിച്ച് അടുത്ത ആഴ്ച്ച എഴുതാം ….
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി. യു.ഡി.എഫ്. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ച് സജി മഞ്ഞക്കടമ്പില്‍. മോന്‍സ് ജോസഫ് എം.എല്‍.എ. തന്നെ അപമാനിക്കുന്നു എന്നാരോപിച്ചാണ് രാജി സമര്‍പ്പിച്ചത്. കേരള കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി സജി പറഞ്ഞു.
പി.ജെ. ജോസഫുമായി അഭിപ്രായ ഭിന്നതയില്ല. മോന്‍സ് ജോസഫിന്റെ അഹന്തയാണ് രാജിക്കുള്ള കാരണം. പാര്‍ട്ടിയില്‍ പി.ജെ. ജോസഫിനും മുകളിലാണ് മോന്‍സ് ജോസഫെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ മറ്റ് പാര്‍ട്ടികളിലേക്ക് ഇല്ലെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.
മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പംനിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും. ഇതുസംബന്ധിച്ച് ഉടന്‍തന്നെ ഉത്തരവിറക്കും.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു. ഇതിനെതിരേ അനിത മെഡിക്കല്‍ കോളേജില്‍ നടത്തിവരുന്ന സമരം ആറാംദിവസത്തേക്ക് കടന്ന സാഹചര്യത്തിലാണ് സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അനിത പ്രതികരിച്ചു.
ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനല്‍കിയ അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് സ്ഥലംമാറ്റിയിരുന്നത്. ഇതിനെതിരേ അനിത ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവുകിട്ടി.
എന്നാല്‍, കോടതി ഉത്തരവുമായി എത്തിയിട്ടും അനിതയെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. സെക്രട്ടേറിയറ്റില്‍നിന്നുള്ള ഉത്തരവില്ലാതെ ജോലിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അനിത കരഞ്ഞുപറഞ്ഞിട്ടും അധികൃതര്‍ ചെവികൊണ്ടില്ല.
ഇതോടെയാണ് അനിത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പില്‍ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്. അനിതയ്ക്ക് പിന്തുണയുമായി ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. വെള്ളിയാഴ്ച നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി.
സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ വെള്ളിയാഴ്ച ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയെ ഇ.ഡിയും ആദായനികുതി വകുപ്പും എറണാകുളത്ത് ചോദ്യംചെയ്തതിന് സമാന്തരമായിട്ടായിരുന്നു റെയ്ഡ്. ഈ ബാങ്കിലെ ഒരു അക്കൗണ്ടില്‍ പാര്‍ട്ടി വെളിപ്പെടുത്താത്ത 3.8 കോടി ഉണ്ടെന്നാണ് ആദായനികുതി വകുപ്പിന് കിട്ടിയ വിവരം.
ഈ തുക പലതവണ അക്കൗണ്ടിലേക്ക് വരുകയും പോകുകയും ചെയ്തിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ തൃശ്ശൂര്‍ യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12-ന് ആരംഭിച്ച പരിശോധന രാത്രിവരെ തുടര്‍ന്നു. പരിശോധനാ സമയത്ത് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ പുറത്തുപോകാന്‍ ആനുവദിച്ചിരുന്നില്ല. എറണാകുളത്ത് ഇ.ഡി.യുടെ മൊഴിയെടുപ്പിന് ശേഷമായിരുന്നു ആദായനികുതി ഉദ്യോഗസ്ഥര്‍ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസില്‍നിന്ന് മൊഴി ശേഖരിച്ച് തുടങ്ങിയത്.
ഈ അക്കൗണ്ട് വിവരങ്ങള്‍ ആദായനികുതി റിട്ടേണില്‍ ഉള്‍പ്പെടാതിരുന്നതിനെക്കുറിച്ച് എം.എം. വര്‍ഗീസിന്റെ മറുപടി തൃപ്തികരമല്ലെന്ന നിലയിലാണ് സംഘം ഇന്നലെ മടങ്ങിയത്. പാര്‍ട്ടിയും പാര്‍ട്ടിയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ജില്ലാ സെക്രട്ടറിയും അക്കൗണ്ടിലെ ഇത്ര വലിയ തുക ഇതേവരെ കണക്കില്‍ കാണിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.
കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിശദമായ അന്വേഷണം നടത്തിവരികയാണ്. കരുവന്നൂരില്‍ അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ സി.പി.എമ്മിന് ഉണ്ടെന്ന് ഇ.ഡി. പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ഇ.ഡി. ആര്‍.ബി.ഐക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരുന്നു.
മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണം. മരിച്ച അശോക് ദാസിനെ ആള്‍ക്കൂട്ടം സംഘം ചേർന്ന മർദിച്ചുവെന്നാണ് കേസ്.വാളകം കവലയ്ക്ക് സമീപം രണ്ട് സ്ത്രീകള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു.
ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികില്‍ കെട്ടിയിട്ടു. പിടികൂടുമ്ബോള്‍ ഇയാളുടെ കൈകളില്‍ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു.വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.
ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചയോടെ മരിച്ചു. ആറ് പേരെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണം സ്ഥിരീകരിച്ചതോടെ മറ്റ് നാല് പേരെക്കൂടി പൊലീസ് പിടികൂടുകയായിരുന്നു.
രാമമംഗലം സ്വദേശിനികളാണ് വീട് വാടകക്കെടുത്തിരിക്കുന്നതെന്നും കൊല്ലപ്പെട്ട അശോക് ദാസിനെതിരെ ഇവർ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഉണ്ണികൃഷ്ണൻ ബാലൻ
ഇന്ത്യ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. രാജ്യത്തിൻ്റെ ഭാവി ഏതാനം ദിവസങ്ങൾക്കകം കുറിയ്ക്കപ്പെടും. രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്. ഒന്ന് മതനിരപേക്ഷ ഇന്ത്യ, രണ്ട് ഹിന്ദുരാഷ്ട്രം. ഭരണത്തുടർച്ചയാണ് സംഭവിക്കുന്നതെങ്കിൽ അതീവ അപകടകരമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങും. ന്യൂനപക്ഷത്തിന് ഇന്ത്യയില്‍ നിലനില്‍പ്പില്ലാതാകും, അവർ ചിലപ്പോള്‍ ആട്ടിയോടിക്കപ്പെടും. കഴിഞ്ഞ പത്ത് വർഷം കൊണ്ടുതന്നെ അവരുടെ അവകാശങ്ങളിലേക്ക് കടന്നുകയറ്റം ക്രമാതീതമായി കൂടിയിട്ടുണ്ട്. ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും പേരില്‍ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും കൊല്ലുന്നതും പതിവ് കാഴ്ചയാണ്. സകല ഇടങ്ങളിലും ഹിന്ദുത്വ അജണ്ട കുത്തിക്കയറ്റാനുള്ള ശ്രമങ്ങള്‍ അനുസ്യൂതം തുടരുകയാണ്. ചരിത്രം വളച്ചൊടിക്കപ്പെടുന്നു. ഭരണഘടന പോലും നോക്കുകുത്തിയാകുന്നു. എന്തിനും ഏതിനും ഭൂരിപക്ഷ ഹിന്ദുവിന്‍റെ ദയാവായ്പിനായി കാത്തിരിക്കേണ്ടിവരുന്നു. ചെറിയൊരു പ്രതിരോധം വരെ അസാധ്യമാകുന്നു. ഗോള്‍വർക്കറും സവർക്കറും വിഭാവനം ചെയ്ത രാഷ്ട്രസങ്കല്‍പ്പത്തിലേക്ക് അധികം അകലമില്ല. ആ ലക്ഷ്യത്തിലേക്ക് ആക്കം കൂട്ടുന്ന കേവലം ഒരു പ്രക്രിയ മാത്രമാണ് സംഘബന്ധുക്കള്‍ക്ക് ഈ തെരഞ്ഞെടുപ്പ്. പക്ഷേ, ജനാധിപത്യവിശ്വാസികള്‍ക്ക് അതങ്ങനെയല്ല. ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള അവസരമാണ്. ഭാരതമെന്ന ഹിന്ദുരാഷ്ട്രമോ? ഇന്ത്യയെന്ന മതനിരപേക്ഷ ജനാധിപത്യരാജ്യമോ? തെരഞ്ഞെടുപ്പ് നിർണായകമാണ്. ഓരോ വോട്ടും ചെറുത്തുനില്‍പ്പാകണം, വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് തന്നെ ഞങ്ങളിവിടെ ജീവിക്കുമെന്ന മുന്നറിയിപ്പാകണം. നീതികേടിനും വർഗീയതയ്ക്കും എതിരെ നിരന്തരം പോരാടുന്ന ഒരു പുരോഗമന ജനകീയ ജനാധിപത്യ ബദൽ ഉയർന്ന് വരേണ്ടത് ഈ കാലത്തിന്‍റെ കൂടി ആവശ്യമാണ്.
ഈ പറഞ്ഞതില്‍ അപ്പുറം നമ്മുക്ക് ചർച്ച ചെയ്യാനുണ്ട്. അതിനുള്ള വേദി ഒരുക്കുകയാണ് സമീക്ഷ യുകെ. വിദേശ മലയാളികളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെയ്ക്കാൻ വെബിനാർ സംഘടിപ്പിക്കുന്നു. ‘പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പും ജനാധിപത്യത്തിന്‍റെ ഭാവിയും’ എന്നതാണ് വിഷയം. ഈ മാസം ഏഴിന് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിപാടി (ഇന്ത്യൻ സമയം വൈകിട്ട് 6.30). മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് എംപിയും ഇടത് ചിന്തകൻ കെ ജയദേവനും മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.സമീക്ഷ നാഷണല്‍ പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതവും ട്രഷറര്‍ രാജി ഷാജി നന്ദിയും പറയും. മുഴുവൻ ജനാധിപത്യവിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.