Latest News

കടയിൽ നിന്നും ഭക്ഷണം കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടര്‍ന്ന് എറണാകുളത്ത് ഹോട്ടലുടമയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. വൈറ്റില എളംകുളത്ത് ഹോട്ടൽ നടത്തുന്ന ജോൺസൺ ആണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ പ്രതീഷ് എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് കൊലപാതകം നടന്നത്. കുത്തേറ്റ ജോണ്‍സനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

കേരളാകോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ക്യാബിനറ്റ് പദവിയും തത്തുല്യ ആനുകൂല്യങ്ങളും നല്‍കിയാണ് പിള്ളയും വീണ്ടും നിയമിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച മുന്നോക്ക വികസന കോര്‍പ്പറേഷന്റെ ആദ്യ അധ്യക്ഷനും ബാലകൃഷ്ണ പിളളയായിരുന്നു.

ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് പദവി നല്‍കയതിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനടക്കമുള്ള ഇടതുമുന്നണി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കരിങ്കള്ളനാണ് പിള്ളയെന്നും അങ്ങനെയുള്ളയാള്‍ക്ക് ക്യാബിറ്റ് പദവി നല്‍കിയിരിക്കുന്നതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കള്ളന്മാരുടെ കൂട്ടുകെട്ടായിയിരിക്കുകയാണ് എന്നും വിഎസ് അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതോടെ പിള്ളയ്ക്ക് വീണ്ടും അതേ പദവി കിട്ടിയിരിക്കുകയാണ്.

‘സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റും ഗ്ലാമറസ് മിനി റിച്ചാർഡും ഒന്നിക്കുന്നു’. കഴിഞ്ഞ രണ്ട് ദിവസമായി നവമാധ്യമങ്ങളിൽ സജീവ ചർച്ചയാണ് ഈ വാർത്ത. ഒരു സിനിമാ വാരിക നൽകിയ ഈ വാർത്ത പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്തകളെല്ലാം തെറ്റാണെന്ന് സന്തോഷ് പണ്ഡിറ്റ്  ഞങ്ങളുടെ ലേഖകനോട് പറഞ്ഞു

‘തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് എനിക്കറിയില്ല. ആരാണ് മിനി റിച്ചാർഡ്. ആ കുട്ടിയെ ഞാൻ അറിയുക പോലുമില്ല’ സന്തോഷ് പണ്ഡിറ്റ്  പറഞ്ഞു. ഉരുക്കു സതീശൻ മാത്രമാണ് താൻ സംവിധാനം ചെയ്യുന്ന ചിത്രമെന്നും താനിപ്പോൾ ഉരുക്കു സതീശന്റെ സെറ്റിലാണെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. താൻ തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഉരുക്കു സതീശന് പുറമെ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയിലും താൻ അഭിനയിക്കുന്നുണ്ടെന്നും പണ്ഡിറ്റ് അറിയിച്ചു.

മമ്മൂട്ടിയോടൊപ്പം മുഴുനീള റോളിലാണ് പുലിമുരുകൻ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ രചിക്കുന്ന സിനിമയിൽ പണ്ഡിറ്റ് എത്തുന്നത്. മമ്മൂട്ടി ചിത്രത്തിനിടയിൽ ലഭിച്ച അഞ്ച് ദിവസത്തെ ഇടവേളയിലാണ് ഉരുക്കു സതീശന്റെ ജോലികൾ പുനരാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സന്തോഷ് പണ്ഡിറ്റ് തമിഴ്-ഹിന്ദി സിനിമകൾ ചെയ്യാൻ പോകുന്നു എന്ന വാർത്ത താരം നിഷേധിച്ചില്ല. ഒരു തമിഴ് സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ സ്ഥിരീകരിക്കാനുള്ള സമയമായില്ലെന്നും താരം വ്യക്തമാക്കി.

മമ്മൂട്ടിയോടൊപ്പമുള്ള സിനിമ കഴിഞ്ഞയുടൻ സന്തോഷ് പണ്ഡിറ്റും ‘ലേഡി സന്തോഷ് പണ്ഡിറ്റ്’ എന്നറിയപ്പെടുന്ന മിനി റിച്ചാർഡും ജോഡികളായി സിനിമ ചെയ്യുന്നു എന്നാണ് പ്രചരിക്കുന്ന വാർത്ത. പതിവിന് വിപരീതമായി മിനി റിച്ചാർഡ് ആയിരിക്കും സിനിമ നിർമിക്കുകയെന്നും ന്യൂയോർക്കും ബെംഗളൂരുവുമൊക്കെയാണ് പ്രധാന ലൊക്കേഷൻ എന്നുമെല്ലാം വ്യാജ വാർത്ത പറയുന്നു.

Image result for mini richard image
ഒരറ്റ ആൽബം കൊണ്ട് ഏറെ ശ്രദ്ദേയയായ താരമാണ് മിനി റിച്ചാർഡ്. മിനിയുടെ ചില പ്രസ്താവനകളും ഏറെ വിവാദമായിരുന്നു. വായുവും വെള്ളവും പോലെയാണ് സെക്സ്, അത് ആസ്വാദിക്കാത്തവരെല്ലാം മണ്ടന്മാരാണ് എന്ന മിനിയുടെ പ്രസ്താവന നവമാധ്യങ്ങൾ ആഘോഷമാക്കിയിരുന്നു.

ബീഹാറിലെ റോഹ്താക്കില്‍ രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പത്ത് വയസുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് ഡോക്ടര്‍മാരുടെ അനുമതി. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട പ്രകാരം റോഹ്ത്താക്കിലെ പണ്ഡിറ്റ് ഭാഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എട്ടംഗ വിദഗ്ദ്ധ സംഘമാണ് ഗര്‍ഭച്ഛിദ്രത്തിന് അനുവാദം നല്‍കിയിരിക്കുന്നത്.

അതേസമയം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ രംഗത്തെത്തി. ഗര്‍ഭച്ഛിദ്രത്തിനായി കുട്ടി കഴിയുന്ന ആശുപത്രിയില്‍ നിന്നുമാണ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തോടോപ്പം അറസ്റ്റിലായ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടുനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ ജയിലില്‍ അടച്ചാല്‍ മറ്റ് മക്കളെ ആര് നോക്കുമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നത്. നാല് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ആദ്യ ഭര്‍ത്താവിന്റെ മരണ ശേഷം ഭര്‍ത്താവിന്റെ അനിയന്‍ ഇവരെ വിവാഹം കഴിക്കുകയായിരുന്നു. മൂത്ത പെണ്‍കുട്ടിക്ക് 15 വയസ്സുണ്ട്. രണ്ടാമത്തെ കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. മൂന്നാമത്തെ പെണ്‍കുട്ടിക്ക് ആറും ഇളയ ആണ്‍കുട്ടിക്ക് നാലും വയസ്സുണ്ട്. ഹരിയാനയിലെ തിലക് പൂര്‍ ജില്ലയില്‍ നിന്നും റോഹ്താക്കിലെത്തിയ ദമ്പതികള്‍ കൂലിപണിയെടുത്താണ് ജീവിക്കുന്നത്. 15,000 രൂപയാണ് മാസവരുമാനം.

എന്നാല്‍ പ്രസവവും ഗര്‍ഭച്ഛിദ്രവും പെണ്‍കുട്ടിക്ക് ഒരുപോലെ അപകടമാണെന്ന് പെണ്‍കുട്ടിയെ പരിശോധിക്കുന്ന ഡോ. അശോക് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 മുതല്‍ 22 മാസം വരെ ഭ്രൂണത്തിന് വളര്‍ച്ചയുണ്ടാവാനാണ് സാധ്യത എന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. 20 മാസത്തിന് ശേഷമുള്ള ഗര്‍ഭച്ഛിദ്രത്തിന് ഇന്ത്യയില്‍ അനുമതിയില്ല. 20 മുതല്‍ 24 മാസം വരെയുള്ള സമയത്തെ ഗര്‍ഭച്ഛിദ്രത്തിന് കോടതിയുടെ പ്രത്യേക അനുമതിയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും വേണം.

ഉഴുന്നുവടയ്ക്ക് ഉപ്പുപോരെന്ന് ആരോപിച്ചുണ്ടായ തർക്കത്തെ തുടർന്ന് വൈറ്റിലയിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു. വൈറ്റില ജനതയിൽ സിബിൻ ഹോട്ടൽ ഉടമ ആൽബിയെന്നു വിളിക്കുന്ന ജോൺസൺ (45) ആണ് കൊല്ലപ്പെട്ടത്.

ഇന്നു വൈകീട്ട് അഞ്ചോടെയാണ് സംഭവം. രതീഷ് എന്നയാളാണ് കുത്തിയതെന്ന് ദൃക്സാ​ക്ഷികൾ പറഞ്ഞു. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

ജോൺസണിന്റെ കടയിൽ നിന്നും രാവിലെ രതീഷ് ഉഴുന്നുവട വാങ്ങിയിരുന്നു. ഇതിന് ഉപ്പുപോരാ എന്നുപറഞ്ഞ് അപ്പോൾത്തന്നെ തർക്കവും നടന്നിരുന്നു. ഇന്നു വൈകീട്ട് വീണ്ടും ഇവിടെയെത്തിയ രതീഷ് ഉടമയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ ജോൺസൺന്റെ കഴുത്തിനു കുത്തുകയുമായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

രതീഷ് മദ്യലഹരിയിലായിരുന്നതായും കുത്തിയ ശേഷം ഇയാൾ ഓടിരക്ഷപെട്ടതായും ഇവർ പറയുന്നു. കുത്തേറ്റ ജോൺസണെ ഉടൻ തന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മങ്കൊമ്പ്: കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യുന്നതിനിടെ അപസ്മാരം വന്ന നാലുവയസ്സുള്ള കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ സമ്മാനം.

ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടര്‍ ബിനു അപ്പുക്കുട്ടന്‍, ഡ്രൈവര്‍ കെ.വി.വിനോദ്കുമാര്‍ എന്നിവര്‍ക്കാണ് മന്ത്രിയുടെ ശമ്പളത്തില്‍നിന്ന് 25,000 രൂപവീതം പാരിതോഷികം ലഭിക്കുന്നത്. ഇരുവരെയും മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പാരിതോഷികം പ്രഖ്യാപിച്ചത് അറിയിക്കുകയും ചെയ്തു.

ജീവനക്കാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. നല്ല സേവനം നല്‍കുന്നതിലൂടെ പൊതുഗതാഗതം കൂടുതല്‍ ജനകീയമാകുമെന്നും മന്ത്രി പറഞ്ഞു.

ശനിയാഴ്ച രാത്രി 10 മണിക്ക് അങ്കമാലിയില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലാണ് സംഭവം.

മൂവാറ്റുപുഴയില്‍നിന്ന് കയറിയ നാലുവയസ്സുള്ള കുഞ്ഞിന് അപസ്മാരലക്ഷണം ഉണ്ടായി. തുടര്‍ന്ന് ബസ് നേരെ ആശുപത്രിയിലെത്തുകയും ചികിത്സ ലഭ്യമാക്കുകയുമായിരുന്നു.

മക്കള്‍ക്ക്‌ വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അച്ഛനമ്മമാര്‍ തയ്യാറാണ്. എന്നാല്‍ സ്വന്തം മകള്‍ മരണത്തോട് മല്ലിടുമ്പോഴും അവളെ സഹായിക്കാനോ രക്ഷിക്കാനോ ശ്രമിക്കാത്ത ഒരു പിതാവിനെ കുറിച്ചു കേട്ടിട്ടുണ്ടോ. ഒടുവില്‍ ജീവന് വേണ്ടി ആ മകള്‍ അച്ഛനോട് അഭ്യര്‍ഥന പോലും നടത്തി. എന്നിട്ടും പിതാവിന്റെ നിസ്സഹകരണം അവളെ കൊണ്ടെത്തിച്ചത് മരണത്തിലാണ്.

ബോണ്‍മാരോ ക്യാന്‍സര്‍ ബാധിച്ച സായ് ശ്രീ എന്ന പതിമൂന്നുകാരിയാണ് തന്റെ പിതാവിനോട് കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സായ് ശ്രീയില്‍ അര്‍ബുദ ബാധ തിരിച്ചറിഞ്ഞത്. കീമോതെറാപ്പിക്ക് മാത്രം 10 ലക്ഷം രൂപയും ബോണ്‍ മാരോ മാറ്റി വയ്ക്കുന്നതിന് 30 ലക്ഷം രൂപയും ആവശ്യമായിരുന്നു. ഇതിനായി സ്ഥലം വിറ്റ് പണം കണ്ടെത്താന്‍ പെണ്‍കുട്ടിയുടെ അമ്മ സുമ സ്ഥയലം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ പിതാവ് ശിവകുമാര്‍ ഇടപെട്ട് വില്‍പ്പന തടഞ്ഞു. ടി.ഡി.പി എം.എല്‍.എ ബോണ്ട ഉമാമഹേശ്വര റാവുവിന്റെ സഹായത്തോടെയാണ് കുട്ടിയുടെ പിതാവ് സ്ഥലം വില്‍പ്പന തടഞ്ഞത്.

ഈ സാഹചര്യത്തിലാണ് തന്റെ ചികിത്സയ്ക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് വീഡിയോ പുറത്ത് വിട്ടത്. പെണ്‍കുട്ടിയുടെ പിതാവും മാതാവും വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ്. തന്റെ ഭാര്യയോടുള്ള വാശിക്കാണ് ഇയാള്‍ മകളുടെ ചികിത്സയ്ക്ക് പണം മുടക്കാന്‍ തയ്യാറാകാതിരുന്നത്. ഒടുവില്‍ പെണ്‍കുട്ടി വീഡിയോയിലൂടെ പിതാവിനോട് അഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

ഡാഡി, ഡാഡിയുടെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. എങ്കില്‍ നമ്മുടെ സ്ഥലം വില്‍ക്കാന്‍ അനുവദിക്കരുതോ. സ്ഥലം വിറ്റ് എനിക്ക് ചികിത്സ നല്‍കൂ. ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് അവര്‍ (ഡോക്ടര്‍മാര്‍) പറയുന്നത്. എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ. ഞാന്‍ സ്‌കൂളില്‍ പോയിട്ട് മാസങ്ങളായി. എനിക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കണം. ചികിത്സ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തേടെ സ്‌കൂളില്‍ പോകും. അമ്മയുടെ കയ്യില്‍ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് അപ്പയുടെ പേടിയെങ്കില്‍ അപ്പ തന്നെ എന്നെ കൊണ്ടു പോയി ചികിത്സിക്കൂ-പെണ്‍കുട്ടി പുറത്ത് വിട്ട വീഡിയോയിലെ അഭ്യര്‍ത്ഥന ഇങ്ങനെ പോകുന്നു.

സംഭവം ആന്ധ്രയിലെ ഒരു പ്രാദേശിക ചാനല്‍ വാര്‍ത്തയാക്കിയതോടെയാണ് ഫെയ്‌സ്ബുക്ക് വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. സ്വന്തം ചോരയില്‍ പിറന്ന മകളുടെ കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥനയും അയാള്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ പിതാവിന്റെ കനിവിന് കാത്ത് നില്‍ക്കാതെ സായ് ശ്രീ മെയ് 14ന് മരണത്തിന് കീഴടങ്ങി. പണമുണ്ടായിട്ടും മകളെ ചികിത്സിക്കാന്‍ തയ്യാറാകാതിരുന്ന പിതാവ് ശിവകുമാറിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പോലീസും കേസെടുത്തു.

പുരുഷവേശ്യയായുള്ള ജീവിതം ഭാര്യ പുറത്തുപറയുമോ എന്ന ഭയത്തെ തുടര്‍ന്ന് യുവാവ് ഇന്തോനേഷ്യന്‍ ഭിന്നലംഗക്കാരിയും ലൈംഗികത്തൊഴിലാളിയുമായ ഭാര്യയെ  ക്രൂരമായി കൊലപ്പെടുത്തി ഇലക്ട്രിക് സ്റ്റൗവ്വിലിട്ട് വേവിച്ചു.

ബ്രസിസ്‌ബേന്‍ ഫ്‌ളാറ്റില്‍  നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ടത് മായാങ്ക് പ്രാസെറ്റ്യോ എന്ന 27 കാരിയാണ്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് മാര്‍ക്കസ് വേള്‍കേ ആത്മഹത്യ ചെയ്തു. ഭാര്യയെ  കൊലപ്പെടുത്തിയ ശേഷം ഇയാള്‍   ശരീരം പല കഷ്ണങ്ങളാക്കി വെള്ളത്തിലിട്ടു തിളപ്പിച്ചു. ഇരുവരും തമ്മില്‍ വഴക്ക് പതിവായതോടെ തന്നെ ഉപേക്ഷിച്ചു പോയാല്‍ ലൈംഗികത്തൊഴിലായാണെന്ന വിവരം കുടുംബത്തെ അറിയിക്കുമെന്ന് പ്രസേറ്റ്യോ മാര്‍ക്കസ് വേള്‍കേയെ ഭീഷണിപ്പെടുത്തിയിരുന്നു. നേരത്തേ മാര്‍ക്കസിനെ വിസ കിട്ടാന്‍ ലൈംഗികത്തൊഴിലിലൂടെ ശേഖരിച്ച 9000 ഡോളര്‍ പ്രസേറ്റ്യോ നല്‍കിയിരുന്നു. വോള്‍ക്കേ പാചകക്കാരനായിരുന്നെങ്കിലും ഇടയ്ക്കിടെ പുരുഷവേശ്യയായി ജോലി ചെയ്തും വരുമാനം കണ്ടെത്തിയിരുന്നു

ഐഎഎസ് ഒാഫിസർ അനുരാഗ് തിവാരിയെ ഉത്തർ പ്രദേശിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് ദുരൂഹ സാഹചര്യത്തിൽ ഐഎഎസ് ഒാഫിസറുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി അനുരാഗ് ഇവിടെയുള്ള ഗസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഗസ്റ്റ് ഹൗസിനു സമീപത്തെ റോഡരികിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 2007 ബാച്ചിലെ കർണാടക കേഡറിലുള്ള ഉദ്യോഗസ്ഥനായ അനുരാഗ്, യുപിയിലെ ബഹറിച്ച് സ്വദേശിയാണ്.

വഴിയാത്രക്കാരാണ് ഒരാൾ റോഡിൽ വീണുകിടക്കുന്ന കാര്യം പൊലീസിനെ അറിയിച്ചതെന്ന് ഹസ്രത്ഗഞ്ച് ഇൻസ്പെക്ടർ എ.കെ. സാഹി അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയുമായിരുന്നു.

മൃതദേഹത്തിലുണ്ടായിരുന്ന തിരിച്ചറിയിൽ കാർഡിൽ നിന്നാണ് മരിച്ചത് ഐഎഎസ് ഒാഫിസർ അനുരാഗ് തിവാരിയാണെന്ന് തിരിച്ചറിഞ്ഞത്. പ്രാഥമിക നിരീക്ഷണത്തിൽ അനുരാഗിന്റെ കവിളിൽ പരുക്കേറ്റതിന്റെ പാടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണമെന്താണെന്ന് പറയാൻ സാധിക്കൂവെന്നും പൊലീസ് അറിയിച്ചു.

കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് ഗവണ്‍മെന്റ് ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സ്‌കൂളിലെ രണ്ടാം വര്‍ഷ എ എന്‍. എം വിദ്യാര്‍ത്ഥിനി തൊടുപുഴ പുളിമൂട്ടില്‍ ഷാജിയുടെ മകള്‍ ശ്രീക്കുട്ടി (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30ന് ആയിരുന്നു സംഭവം. അധികൃതരുടെ മാനസിക പീഡനമെന്ന് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ കുളിമുറിയില്‍ കയറിയ ശ്രീക്കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതോടെ മറ്റു കുട്ടികള്‍ വാതില്‍ തുറന്നപ്പോള്‍ ഷവര്‍ പൈപ്പില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ സഹപാഠികളും സ്‌കൂളിലെ ജീവനക്കാരിയും ചേര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീക്കുട്ടിയുടെ മരണത്തിനു കാരണം നഴ്സിങ് സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനമാണെന്നും, ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഹോസ്റ്റല്‍ മെസില്‍ ഭക്ഷണം മോശമായെന്നാരോപിച്ച് മൂന്നു മാസം മുമ്പ് ചില കുട്ടികള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അധ്യാപകര്‍ക്ക് നല്‍കി. ഇതു സംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ഏഴു കുട്ടികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയത് ശ്രീക്കുട്ടിയാണെന്ന് പറയുന്നു. ഇതോടെ കുട്ടികള്‍ക്കിടയില്‍ ചേരിതിരിവുണ്ടായതായും പറയപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് അധികൃതരുടെ ഭാഗത്തുന്നിനും മാനസിക പീഡനമുണ്ടായതായും ബന്ധുക്കള്‍ പറഞ്ഞു. അതേ സമയം ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ സംഭവം പി ടി എ യോഗം ചേര്‍ന്ന് വിശദീകരിക്കുകയും തുടര്‍ന്ന് പ്രശ്നം പരിഹരിച്ചിരുന്നതായും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് തലയോലപറമ്പ് എസ്ഐ വി എസ് സുധീഷ്‌കുമാര്‍ പറഞ്ഞു. മൃതദേഹം വൈക്കത്തു നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുകയും ചെയ്തു.

Copyright © . All rights reserved