ഷെയർട്രേഡിങ് വഴി പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടി നേട്ടമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വിയ്യൂർ സ്വദേശിയിൽനിന്ന് പലതവണയായി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളെ തൃശ്ശൂർ സിറ്റി പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണംസംഘം അറസ്റ്റുചെയ്തു. മലപ്പുറം ഒളകര കാവുങ്ങൽവീട്ടിൽ കെ. മുഹമ്മദ് ഫൈസൽ (26), വേങ്ങര ചേറൂർ കരുമ്പൻവീട്ടിൽ ഖാദർ ഷെരീഫ് (37) എന്നിവരാണ് പിടിയിലായത്. ഒരു വിദ്യാർഥിനിയുടെ അക്കൗണ്ടാണ് ഇവർ തട്ടിപ്പിനുപയോഗിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം. സി.ഐ.എൻ.വി. എന്ന കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്നു പറഞ്ഞ് വിയ്യൂർ സ്വദേശിയെ ഫോണിൽ വിളിച്ച് ഷെയർട്രേഡിങ്ങിനെക്കുറിച്ച് സംസാരിക്കുകയും ഓൺലൈൻ വഴി ക്ളാസെടുത്ത് വിശ്വാസ്യത നേടുകയും ചെയ്തു. അഞ്ചിരട്ടി നേട്ടമുണ്ടാക്കാമെന്ന് ഉറപ്പുനൽകി വിവിധ ഘട്ടങ്ങളിലായി 1,24,80,000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.
തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ വിയ്യൂർ സ്വദേശി സിറ്റി സൈബർക്രൈം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പരിചയത്തിലുള്ള വിദ്യാർഥിനിയുടെ അക്കൗണ്ടിലേക്കാണ് പണമയച്ചതെന്ന് കണ്ടെത്തി. വിദ്യാർഥികളുടെ അക്കൗണ്ട് സൈബർത്തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നത് നേരത്തേയും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെ ബോധവത്കരണവും നടത്തിയിരുന്നു.
സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജയപ്രദീപ്, കെ.എസ്. സന്തോഷ്, സുധീപ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജെസി ചെറിയാൻ, സിവിൽ പോലീസ് ഓഫീസർ സച്ചിൻദേവ് എന്നിവരും ഉണ്ടായിരുന്നു.
ഇറാനില്‍ കനത്ത വ്യോമാക്രമണവുമായി ഇസ്രയേല്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉള്‍പ്പെടെ ശനിയാഴ്ച പുലര്‍ച്ചെ ഉഗ്രസ്‌ഫോടനങ്ങള്‍ ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
സ്‌ഫോടനത്തില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. അതേസമയം ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നത് തങ്ങളുടെ അവകാശവും കടമയുമാണെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇരുന്നൂറിലേറെ മിസൈലുകളാണ് ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തത്. ലോകത്തിലെ മറ്റേത് പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനും ഉണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന്ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ സൈനിക കേന്ദ്രങ്ങളിലുള്ള ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് ഇസ്രയേല്‍ ഇക്കാര്യം വൈറ്റ് ഹൗസിനെ അറിയിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനെ ദ്രോഹിച്ചതിന് ശത്രുക്കള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വ്യോമാക്രമണം.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് ഭീകരര്‍ നടത്തിയ കൂട്ടക്കുരുതിയ്ക്ക് ശേഷമാണ് പശ്ചിമേഷ്യയില്‍ യുദ്ധത്തിന് തുടക്കമായത്. ഹമാസ് ആക്രമണത്തിനെതിരായ ഇസ്രയേല്‍ പ്രത്യാക്രമണം പലസ്തീനില്‍ കൂട്ടക്കുരുതിക്കിടയാക്കിയിരുന്നു. അടുത്തിടെ ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാന്‍ ഇസ്രായേലിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
തനിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമെന്ന് എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസ്. ഇതുമായി ബന്ധപ്പെട്ടുവന്ന ആരോപണങ്ങളും വാര്‍ത്തകളുമെല്ലാം അടിസ്ഥാനരഹിതമാണെന്നും താന്‍ മന്ത്രിയാകുമെന്ന ഘട്ടം വന്നപ്പോഴാണ് ഇത്തരം ആരോപണം വരുന്നതെന്നും ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണവെ തോമസ് കെ. തോമസ് വ്യക്തമാക്കി.
“ആരോപണത്തിനു പിന്നില്‍ ആന്റണി രാജുവാണെന്നും അദ്ദേഹത്തിന് തന്നോട് എന്തിനാണ് വ്യക്തിവൈരാഗ്യമെന്ന് അറിയില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. പാര്‍ട്ടിയുടെ കമ്മിറ്റികൂടി ഐകകണ്ഠ്യേന ഒരു തീരുമാനമെടുത്തു. ആ തീരുമാനം പുറത്തുവന്നപ്പോഴാണ് ഈ ആരോപണം വരുന്നത്. ഇതില്‍ ഗൂഢാലോചനയുണ്ട്.
100 കോടിയെന്നൊക്കെയുള്ള വലിയൊരു കാര്യം നിയമസഭാ ലോബിയിലാണോ ചര്‍ച്ച ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. എംഎല്‍എമാരും അവരുടെ അതിഥികളും സെക്രട്ടറിമാരുമടക്കം പലരും കയറിയിറങ്ങുന്ന നിയമസഭയുടെ ലോബിയില്‍ ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും ചര്‍ച്ച ചെയ്യുമോ”. കോവൂര്‍ കുഞ്ഞുമോന്റെ മറുപടി മതി എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കാനെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോഴ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ആന്റണി രാജു തോമസ് ചാണ്ടിയേയും ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ആരോപിച്ചു. കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ് ഈ ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ തോമസ് കെ. തോമസ് വാഗ്ദാനം ചെയ്‌തെന്നായിരുന്നു അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണം. മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എം.എല്‍.എയുമായ ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചിരുന്നു.
ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഒക്ടോബർ 26 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
കൂടാതെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്രയും ഒക്ടോബർ 26 വരെ നിരോധിച്ചു.
ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. 2012ൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഒരു കേസ് ആണ് മോഹൻദാസ് വധക്കേസ്. പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മോഹൻദാസിനെ ഭാര്യയും കാമുകനും ചേർന്നു ഗൂഢാലോചന നടത്തി കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോമം മണപ്പിച്ചു ബോധംകെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്. പിന്നീട് കൊല്ലപ്പെട്ട മോഹൻദാസിന്റെ ബൈക്ക് ആളില്ലാതെ കണ്ടെയ്നർ റോഡിന്റെ അരികിൽ ഇരിക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെയ്നർ റോഡിന്റെ സമീപത്തുള്ള കുറ്റികാട്ടിൽ നിന്നുമാണ് മൃതുദേഹം കണ്ടെത്തുന്നത്.
നോർത്ത് പറവൂർ അഡിഷണൽ സെഷൻസ് കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അപ്പീൽ പരിഗണിച്ച ഹൈക്കോടതി നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു എന്ന് വിലയിരുത്തി. കേസിലെ തെളിവുകളും കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും കുറ്റം ചെയ്തത് പ്രതികൾ തന്നെയാണ് എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.പ്രതികൾക്ക് വേണ്ടി അഡ്വ. എം. വിവേക്,അഡ്വ.പി. എ. അയൂബ്ഖാൻ എന്നിവർ ഹാജരായി.
അനേകം മലയാള കലാസാഹിത്യ പ്രതിഭകളാല്‍ സമ്പന്നമായ യു.കെയില്‍ വീണ്ടുമൊരു എഴുത്തുകാരുടെ സംഗമം ‘മലയാളോത്സവം 2024’ എന്നപേരില്‍ കേരളപ്പിറവിയാഘോഷത്തോടൊപ്പം ഇക്കൊല്ലം നവംബറിലെ ആദ്യ ശനിയും ഞായറും ദിനങ്ങളില്‍ ലണ്ടനിലുള്ള കേരള ഹൗസില്‍ വെച്ച് അരങ്ങേറുകയാണ്..
യു.കെയിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ (MAUK )’ യുടെ ആസ്ഥാനമായ ലണ്ടനിലെ ‘കേരളാഹൗസി’ല്‍വച്ചു 2017 ല്‍ നടത്തുകയുണ്ടായി. അതേത്തുടര്‍ന്നു 2019 ല്‍ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാര്‍ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങള്‍ യു.കെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു.
വീണ്ടും 2024 നവംബര്‍ 2, 3 തീയതികളിലായി ലണ്ടനിലെ ‘കേരളാഹൗസി’ല്‍ ‘മലയാളോത്സവം 2024’ എന്ന പേരില്‍ വേദി ഒരുങ്ങുകയാണ് . കഥോത്സവം, കവിതോത്സവം, പുസ്തക പ്രദര്‍ശനം, പുസ്തക വില്പന, കവിതാലാപനം, രചനാ മത്സങ്ങള്‍, കലാ പ്രദര്‍ശനം എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു. ആദ്യ ദിനത്തില്‍ , ചിത്ര/ശില്പ കലാ പ്രദര്‍ശനവും രണ്ടാം ദിനത്തിൽ സമ്മേളനങ്ങളും ഉണ്ടായിരിക്കും.
ഇതോടൊപ്പം ‘എഴുത്തച്ഛന്‍ ഗ്രന്ഥശാല’യുടെ ഔപചാരികമായ ഉത്ഘാടനവും അന്നേദിവസം നടത്തപ്പെടും !എഴുത്തുകാര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്താനും, വില്പന നടത്താനും സൗകര്യമുണ്ടായിരിക്കും.
മലയാളി കലാപ്രവര്‍ത്തകര്‍ സൃഷ്ടിച്ച ചിത്രങ്ങളും, ശില്പങ്ങളും, ഒപ്പം ബ്രിട്ടനിലെ സിനിമാ പ്രേമികള്‍ അണിയിച്ചൊരുക്കിയ സിനിമകളുടെ പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും.
നിങ്ങളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിക്കുക.അന്വേഷണങ്ങള്‍ക്ക്, പ്രിയവ്രതന്‍ (07812059822) മുരളീമുകുന്ദന്‍ (07930134340) ശ്രീജിത്ത് ശ്രീധരന്‍ (07960212334).
www.mauk.org. www.coffeeandpoetry.org.
ഈ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ക്കായി തുടങ്ങിയിട്ടുള്ള ‘വാട്ട്‌സാപ്പ് ഗ്രൂപ്പി’ല്‍ അണിചേരുവാന്‍ എല്ലാ കലാസാഹിത്യ കുതുകികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
Join the WhatsApp group https://chat.whatsapp.com/G2kPYI7HKGd3RuvX1CdZ7x
Inviting volunteers to the Organising committee. Inviting sponsorship from community spirited businesses
ബിച്ച് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍; 24 കാരനായ ബി മഹേന്ദ്രന്‍ നായരെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയാണ് പരാതിക്കാരി. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവര്‍ത്തകയാണ് ചികിത്സിച്ചിരുന്നത്. ഇവര്‍ തിരക്കിലായതിനാല്‍ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രന്‍ ചികിത്സ നല്‍കാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇക്കാര്യം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകയോട് പെണ്‍കുട്ടി തുറന്നു പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആരോപണവിധേയനെതിരേ കേസെടുത്തത്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചു.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നവീന്‍ ബാബു ചെയ്തത് നിയമപരമായ നടപടികള്‍ മാത്രമാണ്. എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ല. ഫയല്‍ വൈകിപ്പിച്ചുവെന്ന ആരോപണം തെറ്റാണ്. ആറ് ദിവസം മാത്രമാണ് പ്രസ്തുത ഫയല്‍ നവീന്‍ ബാബുവിന്റെ പക്കലുണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എഡിഎമ്മിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ല. പരിശോധനകള്‍ നടത്തിയാണ് നവീന്‍ ബാബു മുന്നോട്ടുപോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ വൈകിപ്പിച്ചു, കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരേ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍.
കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് ആരംഭിക്കാന്‍ എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്ന് സ്ഥലം ലീസിനെടുത്ത ടി.വി. പ്രശാന്തന്‍ ആരോപിച്ചിരുന്നു. നവീന്‍ബാബുവിന് കൈക്കൂലി കൊടുത്തെന്ന് പോലീസിനും പ്രശാന്തന്‍ മൊഴി നല്‍കി. സ്വര്‍ണം പണയംവെച്ചാണ് കൈക്കൂലിപ്പണം നല്‍കിയത്, പണയം വെച്ചതിന്റെ രേഖകളും പ്രശാന്തന്‍ ഹാജരാക്കിയിരുന്നു. ആറാംതീയതി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സിലെത്തി കണ്ടു. അവിടെ വെച്ചാണ് കൈക്കൂലി നല്‍കിയത്. പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നുമാണ് പ്രശാന്തന്‍ പോലീസിനെ അറിയിച്ചത്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന പേരിലുള്ള പരാതി വ്യാജമാണെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ല മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഒക്ടോബര്‍ 29ന് വിധി പറയും. നവീന്‍ ബാബുവിനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമര്‍ശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയില്‍ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വന്‍ വാദിച്ചത്. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയാണ്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന വ്യക്തിയാണ് തുടങ്ങിയ വാദങ്ങളും കോടതിയില്‍ നിരത്തിയിരുന്നു.
സ്കോട്ട് ലൻഡ് : യുണൈറ്റഡ് സ്കോട്ട് ലൻഡ് മലയാളി അസോസിയേഷൻ്റെ നേത്രത്വത്തിൽ ഇദം പ്രഥമായി നടത്തപ്പെടുന്ന ഓൾ സ്കോട്ട് ലൻഡ് മലയാളി ഫുട്ബോൾ മത്സരം നവംബർ 2ാം തീയതി ശനിയാഴ്ച ലിവിംഗ്സ്റ്റണിനടുത്ത് ബാത്ത്ഗേറ്റിലുള്ള വിൻച് ബർഗ്ഗ് സ്പോർട്സ് ക്ലബ്ബിന്റെ 3G പിച്ചിലാണ് കാൽപന്തുകളിയുടെ മലയാളി മാമാങ്കം നടത്തപ്പെടുന്നത്.
സ്കോട്ട് ലൻഡിൽ ഇതാദ്യമായാണ് മലയാളി ടീമുകൾക്ക് വേണ്ടി നാഷണൻ ലെവലിൽ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുസ്മ ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഔദ്യോഗിക പ്രഖ്യാപനം സോക്ഷ്യൽ മീഡിയായിൽ പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കുള്ളിൽ 9 ടീമുകളാണ് ഇതുവരെ മത്സരത്തിനായി സമീപിച്ചിട്ടുള്ളത്. ഇനിയും മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഒക്ടോബർ 25നകം സംഘാടകരെ ബന്ധപെടേണ്ടതാണ്. യുസ്മ സ്പോർട്സ് കോർഡിനേറ്റർ അനൂജ് ഫ്രാൻസിസ്, നോബിൻ പെരുംപള്ളിയുമാണ് യുസ്മ ഫുട്ബോൾ 2024ൻ്റെ മത്സരങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
വിശ്വാസത്തിൻറെ സുവിശേഷം കലകളിലൂടെ പ്രഘോഷിച്ചുകൊണ്ട് ബിർമിഹാം റീജിയണൽ ബൈബിൾ കലോത്സവത്തിന് തിരശ്ശീല വീണു. ഒക്ടോബർ 19-ാം തീയതി ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെൻഡിലെ നടന്ന ബൈബിൾ കലോത്സവത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് 500 ഓളം മത്സരാർത്ഥികളാണ് പങ്കെടുത്തത്.

ബർമിംഗ്ഹാം റീജൺ ബൈബിൾ കലോത്സവത്തിൽ സെൻറ് ബെനഡിക് മിഷൻ 253 പോയിൻ്റോടു കൂടി ഒന്നാം സമ്മാനത്തിന് അർഹരായി. 243 പോയൻ്റോടു കൂടി സ്റ്റോക്ക് ഓൺ ട്രെൻഡ് ഔവർ ലേഡി ഓഫ് പെർപ്പച്വൽ ഹെൽപ്പ് മിഷൻ രണ്ടാം സ്ഥാനത്തിന് അർഹരായി. ക്രൂവിലെ സെന്റ് മേരീസ് മിഷനാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് .

ഓരോ മത്സര ഇനങ്ങളും സുഗമമായി നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. വിവിധ പള്ളികളിലെ സൺഡേ സ്കൂൾ അധ്യാപകർ കൈകാരന്മാർ, കമ്മറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ള കമ്മറ്റികൾ ബൈബിൾ കലോത്സവ വിജയത്തിനായി സുത്യർഹമായ സേവനമാണ് നടത്തിയത്. ബർമിംഗ്ഹാം റീജൺ ബൈബിൾ കലോത്സവത്തിലെ വിജയികൾ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ദേശീയ ബൈബിൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.
