അറ്റ്‌ലസ് രാമചന്ദ്രന്‍റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു. 18 മാസത്തെ ജയില്‍വാസത്തിന് ശേഷം കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തു തീര്‍പ്പിനു തയ്യാറായതോടെയാണ് രാമചന്ദ്രന്‍റെ മോചനം സാധ്യമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള ബാങ്കുകളോട് കടങ്ങള്‍ വീട്ടാനുള്ള സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുപറഞ്ഞുകൊണ്ട് രാമചന്ദന്‍റെ കുടംബം മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി.നിലവിൽ ഒരു ബാങ്കുമായുള്ള കേസിൽ മൂന്ന് കൊല്ലത്തേക്കാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. മറ്റ് കേസുകൾ യുഎഇയിലെ കോടതിയുടെ പരിഗണനയിൽ ഇരിക്കയാണ്. ഈ സമയം തന്നെയാണ് കേസുകളെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ ശ്രമം നടത്തിയത്. ഇതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ 40 വർഷത്തിലേറെ ജയിലിൽ കഴിയേണ്ട അവസ്ഥ ഉണ്ടായിരുന്നു. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലിൽ കിടക്കാൻ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം. ഇതിനുള്ള നീക്കങ്ങൾ മലയാളികൾ സജീവമാക്കുമ്പോൾ പ്രതീക്ഷയുടെ മറ്റൊരു സൂചന കൂടിയെത്തുന്നു.
അറ്റ്ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെതുടര്‍ന്ന് ദുബായിലെ റിഫ, ബര്‍ദുബായി, നായിഫ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് 2015 ഓഗസ്റ്റ് 23ന് രാമചന്ദ്രനെ പോലീസ് അറസ്റ്റുചെയതത്. സെക്യൂരിറ്റി ചെക്ക് മടങ്ങിയതിന്‍റെ പേരില്‍ ഒരു ബാങ്ക് നല്‍കിയ കേസിലായിരുന്നു അറസ്റ്റിലായെങ്കിലും പിന്നീട് വായ്പയെടുത്ത മറ്റു ബാങ്കുകള്‍ കൂടി പരാതിയുമായെത്തി. ഇതില്‍ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിനു തയ്യാറായതോടെയാണ് 18മാസമായി ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നത്.
ഇനി രണ്ടു ബാങ്കുകള്‍ കൂടി സഹകരിച്ചാല്‍ ജയില്‍ മോചനം എളുപ്പത്തിലാകും. ഇതിന് കടങ്ങള്‍ വീട്ടാനുള്ള സമയം അനുവദിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നു പറഞ്ഞുകൊണ്ട് സംസ്ഥാനസര്‍ക്കാരിനുനല്‍കിയ അപേക്ഷയില്‍ ഉടന്‍ അനുകൂല സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍.
ജയലളിതയുടെ മരണശേഷം മകനാണെന്ന അവകാശവാദവുമായി ഒരു യുവാവ് രംഗത്തെത്തി. താന്‍ ജയലളിതയുടെ മകനാണെന്നും ജയലളിതയെ ചിലര്‍ കൊലപ്പെടുത്തിയതാണെന്നും കാണിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത് ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയാണ്.
താന്‍ ജയലളിതയുടെ ഏക മകനാണെന്നും ജയലളിതയുടെ സുഹൃത്ത് വനിതാമണിയുടെ വീട്ടിലാണ് തന്നെ എടുത്തുവളര്‍ത്തിയ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതെന്നും കൃഷ്ണമൂർത്തി പറയുന്നു. താൻ 2016 സെപ്തംബര്‍ 14ന് പോയസ് ഗാര്‍ഡനിലെ വീട്ടില്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നതായും ഇയാള്‍ അവകാശപ്പെടുന്നു. നാലു ദിവസം ജയളിതയോടൊപ്പം താന്‍ താമസിച്ചിരുന്നു. ലോകത്തിനു മുന്നില്‍ താന്‍ മകനാണെന്ന കാര്യം വെളിപ്പെടുത്താന്‍ ജയലളിത തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ജയലളിതയും ശശികലയും തമ്മില്‍ വാക്കേറ്റം നടക്കുകയും ശശികല ജയലളിതയെ തള്ളി താഴെയിടുകയും ചെയ്തു. പടികള്‍ക്കു മുകളില്‍നിന്ന് താഴെവീണാണ് ജയലളിതയ്ക്ക് പരിക്കേറ്റതെന്നും ഇയാള്‍ പറയുന്നു.
ഈ കാര്യങ്ങള്‍ പേടി മൂലമാണ് താന്‍ മുന്‍പ് പുറത്തു പറയാതിരുന്നത്. എന്നാല്‍ പിന്നീട് താന്‍ ധൈര്യം സംഭരിക്കുകയും സത്യം വെളിപ്പെടുത്താന്‍ തയ്യാറാവുകയുമായിരുന്നു. ജയലളിതയുടെ ഏക മകനായ താനാണ് അവരുടെ സ്വത്തുവകകളുടെയെല്ലാം അവകാശിയെന്നും ഇയാള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷ്ണമൂര്‍ത്തി സാമൂഹ്യപ്രവര്‍ത്തകര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
കൊച്ചിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മിഷേൽ ഷാജി കാണാതാകും മുമ്പ് കേസിൽ അറസ്റ്റിലായ ക്രോണിന്‍ അലക്സാണ്ടര്‍ ബേബിയുടെ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തി. മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്ഡ് ആകുന്നതിനു മുമ്പായിരുന്നു സംഭാഷണം. ക്രോണിന്റെ അമ്മയുടെ എസ്എംഎസ് മിഷേലിന്റെ ഫോണിലേക്ക് വരികയും മിഷേല്‍ തിരികെ വിളിക്കുകയുമായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് അമ്മയെ ചോദ്യം ചെയ്തു. താന്‍ വിളിച്ചിട്ട് മിഷേല്‍ ഫോണെടുക്കുന്നില്ലെന്നും വിളിച്ചു നോക്കാന്‍ ക്രോണിന്‍ ആവശ്യപ്പെട്ടതിനു തുടര്‍ന്നാണ് താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നുമാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
അതിനിടെ സംഭവത്തിൽ സെന്‍ട്രല്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ അബ്ദുൽ ജലീലിനെ സസ്പെൻഡ് ചെയ്തു. മിഷേലിനെ കാണാതായെന്ന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതിനാണ് സസ്പെൻഷൻ നടപടി. സെന്‍ട്രല്‍ എസ്ഐ എസ്. വിജയശങ്കറിനെതിരെ അച്ചടക്ക നടപടിക്കും കമ്മിഷണര്‍ നിർദേശം നൽകിയിട്ടുണ്ട്. പോലീസ് കൃത്യസമയത്ത് ഇടപെടൽ നടത്തിയിരുന്നെങ്കിൽ മകൾ നഷ്ടമാകില്ലായിരുന്നെന്ന് ആരോപണവുമായി മിഷേലിന്റെ മാതാപിതാക്കൾ നേരത്തെ രംഗത്ത് വന്നിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുക്കാൻ പോലീസ് വൈകിപ്പിച്ചെന്നായിരുന്നു ആരോപണം.
മിഷേലിന്റെ മരണം സംബന്ധിച്ച കേസന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് നിലവിലെ അന്വേഷണ സംഘം. മിഷേലുമായി അടുപ്പത്തിലായിരുന്ന ക്രോണിൻ ആണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നതാണ് പോലീസ് കരുതുന്നത്. എന്നാൽ കാണാതായ ശേഷം മിഷേൽ എവിടെയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്നുമുള്ള കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ പോലീസിന് ഇതേവരെയും സാധിച്ചിട്ടില്ല.
അറസ്റ്റിലായ ക്രോണിന്‍ മിഷേലിന്റെ ബന്ധുവാണെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇയാൾ ബന്ധുവല്ലെന്നും മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കാനാവുന്നതല്ലെന്നും മിഷേലിന്റെ പിതാവ് ഷാജി കഴിഞ്ഞ ദിവസം പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്. അതേസമയം ക്രോണിന്‍ അലക്സാണ്ടര്‍ ബേബിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ഒരു പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന റണ്‍ബേബി റണ്‍ എന്ന പരിപാടിയുടെ പ്രൊമോഷന്‍ വീഡിയോയുടെ പ്രത്യേകത പരിപാടിയുടെ അവതാരികയായ രഞ്ജിനി ഹരിദാസും അതിഥിയായെത്തിയ സീരിയല്‍ താരം രേഖയും തമ്മിലുള്ള വഴക്കായിരുന്നു. വളരെപ്പെട്ടെന്നു തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. പരിപാടിയുടെ പ്രോമോ വീഡിയോ കണ്ടു അടി കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ ഒടുവില്‍ മണ്ടന്മാര്‍ ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ .
താന്‍ സീരിയല്‍ കാണാറില്ലെന്നു പറഞ്ഞ രഞ്ജിനി സീരിയല്‍ താരങ്ങളെപ്പറ്റി മോശമായിപ്പറഞ്ഞതോടെയാണ് രേഖയുടെ നിയന്ത്രണം വിട്ടത്.പ്രൊമോഷന്‍ വീഡിയോ കണ്ട് ഞെട്ടിയ പ്രേക്ഷകര്‍ പരിപാടിയുടെ എപ്പിസോഡിനായി ഞായറാഴ്ച രാത്രി വരെ കാത്തിരുന്നു. പക്ഷേ അവസാനം പ്രേക്ഷകര്‍ മണ്ടന്മാരായി .കാരണം വിഡിയോയില്‍ കാണിച്ചത് പരിപാടിയുടെ റേറ്റിങ് കൂട്ടാനുള്ള തന്ത്രം മാത്രമായിരുന്നു.
ചാനല്‍ ഷോയ്ക്കിടെ വഴക്കുണ്ടാക്കി അതിഥി താരങ്ങളായ പ്രമുഖ നടിമാര്‍ ഇറങ്ങി പോകുന്ന പല സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ സംഭവിച്ചതാണ് ഇവിടെയും എന്ന് കരുതിയാണ് പ്രൊമോഷന്‍ വീഡിയോ കണ്ട പ്രേക്ഷകര്‍ ഞായറാഴ്ച വരെ കാത്തിരുന്നത്. എന്നാല്‍ അടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ ഇളിഭ്യരായി എന്നു പറഞ്ഞാല്‍ മതിയല്ലോ. രഞ്ജിനിയും രേഖയും തമ്മില്‍ നടന്നത് യഥാര്‍ഥ അടിയായിരുന്നില്ലെന്നും ഒരു റേറ്റിംഗ് തന്ത്രം മാത്രമായിരുന്നെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതോടെ കബളിപ്പിക്കപ്പെട്ടതിന്റെ കലിപ്പ് പ്രോമോഷന്‍ വീഡിയോയുടെ കീഴില്‍ തെറിയഭിഷേകം നടത്തി തീര്‍ക്കുകയാണ് പ്രേക്ഷകര്‍.
നടി ജയസുധയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ നിതിന്‍ കപൂറിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. മുംബയില്‍ തന്റെ ഓഫീസില്‍ വച്ച് നിതിന്‍ കപൂര്‍ ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അമ്പത്തിയെട്ടുകാരനായ നിതിന്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വെളിവായിട്ടില്ല. രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം 1985ലാണ് നിതിനും ജയസുധയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ടു മക്കളുമുണ്ട്. ബോളിവുഡ് നടന്‍ ജിതേന്ദ്രയുടെ ബന്ധുവാണ് നിതിന്‍ കപൂര്‍.
മിഷേല്‍ ഷാജിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ക്രോണിനെക്കുറിച്ച് മിഷേലിന്റെ സഹപാഠിയുടെ മൊഴി പുറത്ത്. നിരന്തരം ശല്യം ചെയ്തിരുന്ന ക്രോണിനില്‍ നിന്നും രക്ഷപ്പെടാനായി മിഷേല്‍ പഠനം ചെന്നൈയിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നതായും മിഷേലിന്റെ സഹപാഠി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ ഇക്കാര്യം അറിഞ്ഞ ക്രോണിന്‍ അതിന് സമ്മതിക്കാതെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്നും സഹപാഠി പറഞ്ഞു. ജീവിക്കാന്‍ അനുവദിക്കില്ലെന്നും പ്രതി ഭീഷണിപ്പെടുത്തിയെന്ന മിഷേലിന്റെ സഹപാഠിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സംഭവം ആത്മഹത്യയാണെന്നും നിരന്തര മാനസിക പീഡനം മിഷേലിനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു എന്നുമാണ് അന്വേഷണസംഘം പറയുന്നത്.
നേരത്തേ കോട്ടയത്ത് എന്‍ട്രന്‍സ് പരിശീലനത്തിന് പഠിച്ചുകൊണ്ടിരിക്കെ മിഷേലുമായി അടുത്ത മറ്റൊരു യുവാവിനെയും ക്രോണിന്‍ ഇങ്ങിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സഹപാഠിയുടെ മൊഴിയിലുണ്ട്. കലൂരില്‍ ഒരു ചായക്കടയ്ക്ക് സമീപം വച്ച് ക്രോണിന്‍ മിഷേലിനെ തല്ലിയിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കി. അതേസമയം സംഭവത്തില്‍ പൊലീസ് കാട്ടിയ നിഷ്‌ക്രിയത്വത്തിനെതിരെ മിഷേലിന്റെ പിതാവ് ഷാജി രംഗത്തെത്തി. മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് സ്ഥിരീകരണം കുടുംബം തള്ളി. കുടുംബാംഗങ്ങള്‍ ഇന്ന് അന്വേഷണ സംഘത്തെ കാണുന്നുണ്ട്. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആത്മഹത്യയെങ്കില്‍ കാരണം പൊലീസ് വ്യക്തമാക്കണം. സംഭവത്തിന് തൊട്ടു മുമ്പ് വരെ മിഷേല്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പിറവം സ്വദേശി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെക്കുറിച്ച് അറിയില്ലെന്നും മിഷേലിന്റെ കുടുംബം പറയുന്നു.സംഭവത്തില്‍ ക്രോണിനെക്കുറിച്ച് മകള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. കേസില്‍ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസ് ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. പുതിയ അന്വേഷണ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും പിതാവ് ഷാജി പറഞ്ഞു. സംഭവത്തിലെ ദുരൂഹതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിറവത്ത് പുരോഗമിക്കുകയാണ്.
സിഎ വിദ്യാർഥിനി മിഷേൽ ഷാജി വർഗീസിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന നിലപാടിലുറച്ച് പോലീസ്. പെണ്‍കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് ആത്മഹത്യ സ്ഥിരീകരിക്കുന്നത്. ഈ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് ജീവനൊടുക്കലിനു കാരണമെന്നാണു പോലീസ് നിലപാട്.
പിറവം സ്വദേശിയായ യുവാവിനെ ഛത്തീസ്ഗഡിൽനിന്നു വിളിച്ചു വരുത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. മാർച്ച് അഞ്ചിന് വൈകുന്നേരം മിഷേലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതിനുമുന്പ് അവസാനമായി വന്ന കോൾ ഈ യുവാവിന്‍റെയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഇയാളെ ചോദ്യം ചെയ്തത്.മിഷേലുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടെന്നു യുവാവ് ചോദ്യം ചെയ്യലിൽ മൊഴി നൽകി. താൻ ചില തീരുമാനങ്ങളെടുത്തെന്നും അത് എന്താണെന്നു തിങ്കളാഴ്ച അറിയാമെന്ന് മിഷേൽ പറഞ്ഞിരുന്നതായും യുവാവ് പറഞ്ഞു. നാലാം തിയതി മിഷേലിന്‍റെ ഫോണിലേക്ക് യുവാവ് 57 സന്ദേശങ്ങൾ അയച്ചതായി പോലീസ് കണ്ടെത്തി. നാലു തവണ വിളിക്കുകയും ചെയ്തു. അഞ്ചാം തീയതി യുവാവ് മിഷേലിന് 32 എസ്എംഎസുകൾ അയച്ചതായും പോലീസ് കണ്ടെത്തി. പോലീസ് ചോദ്യം ചെയ്ത യുവാവ് മിഷേലിന്‍റെ അകന്ന ബന്ധുവാണെന്നു പോലീസ് സ്ഥിരീകരിച്ചു. യുവാവിനെതിരേ ആത്മഹത്യാ പ്രേരണ കേസ് ചുമത്താനും പോലീസ് ആലോചിക്കുന്നുണ്ട്.
ഈ മാസം അഞ്ചിനാണ് പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർഥിനിയായ മിഷേലിനെ കാണാതാവുന്നത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽനിന്നു കലൂർ പള്ളിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും, പിറ്റേദിവസം വൈകുന്നേരം കായലിൽനിന്നു മൃതദേഹം ലഭിക്കുകയായിരുന്നു. കായലിൽനിന്നു മിഷേലിന്‍റെ മൃതദേഹം കണ്ടെത്തുന്പോൾ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. 24 മണിക്കൂറോളം വെള്ളത്തിൽ കിടന്നിരുന്നെങ്കിൽ മൃതദേഹത്തിൽ മീൻ കൊത്തുകയും, ആത്മഹത്യയാണെങ്കിൽ വയറ്റിൽ വെള്ളം കയറുകയും ചെയ്യുമായിരുന്നെന്നാണ് വിദഗ്ധർ പറയുന്നത്. മിഷേലിന്‍റെ മുഖത്ത് നഖങ്ങൾ കൊണ്ട് ഉണ്ടായതുപോലുള്ള മുറിവുകളുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഡൽഹിയിലെ പാണ്ഡവ് നഗറിൽ 28കാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. രണ്ട് കുട്ടികളുടെ അമ്മയായ നേപ്പാളി യുവതിയെയാണ് അഞ്ചംഗ സംഘം അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ബലാത്സംഗം ചെയ്തത്. പീഡനത്തിനിടെ യുവതി അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അർദ്ധനഗ്നയായി റോഡിൽ കിടക്കുകയായിരുന്ന യുവതിയെ പോലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ബാൽക്കണിയിൽ നിന്നും ചാടിയതിനെ തുടർന്ന് യുവതിയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികളെ തിരിച്ചറിയുകയും ഇവരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
രാവിലെ 5.30 നായിരുന്നു സംഭവം. കോള്‍ സെന്റർ ജീവനക്കാരായ നവീന്‍ കുമാര്‍, പ്രതീക് കുമാര്‍, വികാസ് മെഹ്‌റ, സര്‍വ്ജീത്, ലക്ഷ്യ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാൽ തങ്ങളിൽ നിന്നും പണം വാങ്ങിയാണ് യുവതി അപാർട്ട്മെന്റിൽ വന്നതെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. എന്നാല്‍ തന്നെ കാമുകന്‍ പാര്‍ട്ടിയ്ക്ക് എന്ന് വിശ്വസിപ്പിച്ചു കൊണ്ട് വന്നു കൂട്ടുകാരുമായി ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത് .അതേസമയം യുവതി വേശ്യയാണെങ്കിൽ പിന്നെ എന്തിനാണ് ബാൽക്കണിയിൽ നിന്നും ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ചാടിയതെന്ന കാര്യം സംഭവത്തിൽ ദുരൂഹതയുണർത്തുന്നു.
സി.എ വിദ്യാര്‍ഥിനി കായലില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലൂര്‍ പള്ളിയില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ രണ്ടുപേര്‍ പിന്തുടരുന്ന തരത്തില്‍ സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതിനിടെ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി മുങ്ങിമരിച്ചതാണെന്നാണ് പറയുന്നത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞു. ‘‘പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരിച്ചതാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഞങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ വിശ്വസിക്കുന്നില്ല’’ എന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാല്‍, ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനാല്‍ പോസ്റ്റ്മോര്‍ട്ടം എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറയും പെണ്‍കുട്ടി ഗോശ്രീ പാലത്തിലൂടെ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ട ആളുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ആത്മഹത്യയാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പൊലീസ് നിഗമനം. അതേസമയം, പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് സൂചന. പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫാകുന്നതിനുമുമ്പ് അവസാനം വിളിച്ചത് ഇയാളാണ്. മരണത്തിന് ഒരാഴ്ച മുമ്പ് തന്നെ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്തതായി പെണ്‍കുട്ടി വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കലൂര്‍ പള്ളിയില്‍നിന്ന് പെണ്‍കുട്ടിയെ പിന്തുടര്‍ന്നത് ഇവരാകാനും സാധ്യതയുണ്ട്. ഇവരെ കണ്ടപ്പോള്‍ പെണ്‍കുട്ടി എതിര്‍ദിശയിലേക്ക് നടന്നുപോകുന്നത് പെണ്‍കുട്ടിക്ക് ഇവരെ നേരത്തേ അറിയാമെന്നതിന് തെളിവാണ്. കായലില്‍ 24 മണിക്കൂറിലേറെ കിടന്നിട്ടും മൃതദേഹം ജീര്‍ണിക്കാതിരുന്നതാണ് സംശയം ജനിപ്പിക്കുന്ന പ്രധാനഘടകം.
സംവിധായകന്‍ ദീപന്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. പുതിയമുഖം, ഡോള്‍ഫിന്‍ ബാര്‍, ഹീറോ, ഡി കമ്പനി-ഗ്യാങ്‌സ് ഓഫ് വടക്കുംനാഥന്‍, സിം, ലീഡര്‍ എന്നിവയടക്കം ഏഴുചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എ.കെ സാജന്റെ തിരക്കഥയില്‍ ജയറാമിനെ നായകനാക്കി ഒരുക്കിയ സത്യ എന്ന ചിത്രം അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനുണ്ട്. ഇതിന്റെ റിലീസിങ് തിരക്കുകള്‍ക്കിടയിലാണ് വൃക്കരോഗത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടുന്നത്.
നാളെ സ്വദേശമായ തിരുവനന്തപുരത്താണ് ദീപന്റെ ശവസംസ്‌കാര ചടങ്ങുകള്‍. ഷാജി കൈലാസ് ഉള്‍പ്പെടെയുളള നിരവധി സംവിധായകരുടെ അസിസ്റ്റന്റ് ആയിട്ടാണ് ദീപന്‍ സിനിമയിലേക്ക് എത്തുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ പുതിയമുഖവും, ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.