യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ മെഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാക്കൊപ്പമാണ് അഭിരാമി വാടകയ്ക്കു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയിൽ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിൽനിന്നു സിറിഞ്ചും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
കൊല്ലം സ്വദേശിയായ ഡോ.പ്രതീഷ് രഘുവാണ് അഭിരാമിയുടെ ഭർത്താവ്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
നാല് മാസം മുമ്പ് മാത്രമാണ് സുഹൃത്ത് വിവാഹത്തിന് സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിൽ 26 വയസ്സുകാരിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബിരുദാനന്തര വിദ്യാർത്ഥിനി ഷഹാന ആത്മഹത്യ ചെയ്തത്
സ്റ്റോക്ക് ഓൺ ട്രെൻഡ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഈ വർഷത്തെ വിശുദ്ധ വാരാചരണ ശുശ്രൂഷകൾക്ക് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും . ഓശാന ശുശ്രൂഷകൾക്ക് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിലും തിരുമേനിയുടെ സാന്നിധ്യത്തിൽ സന്ധ്യാ നമസ്കാരവും വചനപ്രഘോഷണവും നടന്നു വരുകയാണ് .
ബുധനാഴ്ച വൈകിട്ട് 5 മണി മുതലാണ് പെസഹായുടെ ശുശ്രൂഷ ആരംഭിക്കുന്നത് . 28-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ കാലു കഴുകൽ ശുശ്രൂഷ നടത്തപ്പെടുന്നു. യുകെ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികരും ഇടവക ജനങ്ങളും പങ്കെടുക്കും . തുടർന്ന് 29-ാം തീയതി രാവിലെ 9 മണി മുതൽ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷ ആരംഭിക്കുന്നതാണ്. 30-ാം തീയതി രാവിലെ 9 മണിയ്ക്ക് ദുഃഖ ശനിയാഴ്ചയുടെ വിശുദ്ധ കുർബാന നടത്തപ്പെടുന്നു. അന്നേദിവസം വൈകിട്ട് 5 മണി മുതൽ ഉയർപ്പിന്റെ ശുശ്രൂഷ ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
റെവ. ഫാ . ടോം ജേക്കബ് (വികാരി) 07411939190
ജെയിംസ് തോമസ് ( ട്രസ്റ്റി) 07939964434
ജോർജ് മാത്യു (സെക്രട്ടറി) 07377320204
വിൽസൺ പുന്നോലിൽ
എക്സിറ്റർ: രണ്ടായിരത്തിൻ്റെ ആരംഭത്തിൽ യുകെ മലയാളിയുടെ രണ്ടാം കുടിയേറ്റം ആരംഭിക്കുന്നത് ആരോഗ്യ മേഘലയിൽ തൊഴിൽ അവസരങ്ങൾ തുറന്നു കിട്ടിയതോടെയാണ്. തുടർന്ന് അവരുടെ ഡിപ്പൻ്റൻ്റുമാരായി വന്നവരിൽ ഭൂരിഭാഗവും ആരോഗ്യ മേഘലയുമായി ബന്ധപ്പെട്ടും മറ്റു ചിലർ റോയൽ മെയിൽ, ടാക്സി, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലുമാണ് ഇംഗ്ണ്ടിലെ പ്രവാസ ജീവിതം ആരംഭിക്കുന്നത്.
എന്നാൽ, സാവധാനം മറ്റു തൊഴിൽ മേഖലകളിലേക്ക് മലയാളികൾ ചുവടു മാറുവാൻ ആരംഭിച്ചു. അങ്ങനെയുള്ള മാറ്റത്തിൽ മലയാളികൾ എത്തപ്പെട്ട ഒരു ഇടമാണ് ട്രക് ഡ്രൈവിങ്. ഒരു കാലത്ത് മലയാളികൾ മടിച്ച് നിന്ന ആ തൊഴിൽ മണ്ഡലത്തിലേക്ക് ബ്രിക്സിറ്റ്- കോവിഡാനന്തരം ധാരാളം മലയാളികൾ കടന്നു വരുന്നുണ്ട് എന്നത് നമ്മുടെ സമൂഹത്തെ സംബന്ധി അഭിമാനകരമായ കാര്യം തന്നെ. ഇംഗ്ലണ്ട് ഒരു ഉപഭോക്ത രാജ്യവും ഇവിടെ ഇറക്കുമതി ചെയ്യുന്ന പകുതിയോളം മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാവുകയും അവയുടെ മഹാഭൂരിപക്ഷവും റോഡ് മാർഗ്ഗവും ആകുമ്പോൾ രാജ്യത്തിൻ്റെ മുന്നോട്ടുള്ള യാത്രയിൽ മലയാളികൾക്കും സ്ഥാനമുണ്ട് എന്നുറപ്പ്. കാരണം അവശ്യ സേവന മേഖലയെ ഒരു ദേശത്തിനും മാറ്റി നിറുത്താവാൻ ആകില്ലല്ലോ.
മലയാളി ട്രക്ക് ഡ്രൈവന്മാർക്കായി കഴിഞ്ഞ വർഷം ബ്രിട്ടീഷ് കേരളലൈറ്റ് ട്രെക്കേഴ്സ് അസ്സോസ്സിയേഷൻ (BRIKER Truckers Association) എന്ന പേരിൽ ഒരു കൂട്ടായ്മയും നിലവിൽ വന്നു. കൂട്ടായ്മയുടെ രണ്ടാം വർഷികത്തോട് അനുബന്ധിച്ച് അസ്സോസ്സിയേഷനിലെ അറുപതിൽ പരം കുടംബാംഗങ്ങൾ കഴിഞ്ഞ വാരാന്ത്യം പീക്ക് ഡിസ്ട്രിക്ടിലെ തോര്‍ഗ്ബ്രിഡ്ജ് ഔട്ട്ഡോര്‍ സെന്ററില്‍ ഒത്തു ചേരുകയുണ്ടായി.
യുകെയില്‍ മലയാളികള്‍ തൊഴിലടിസ്ഥാനത്തില്‍ ഒത്തുകൂടിയ ആദ്യ കൂട്ടായ്മയായി ഇതിനെ വിലയിരുത്തുന്നു. ഈ മേഖലയില്‍ പത്തു വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന ഡ്രൈവേഴ്‌സിനു ആദരവു അർപ്പിച്ച ശേഷം ദീപം തെളിയിച്ചു കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഇരുപതു വര്‍ഷത്തോളം അനുഭവ സമ്പത്തുള്ള മുതിര്‍ന്ന ഡ്രൈവര്‍മാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കല്‍ പുതു തലമുറയ്ക്ക് പ്രചോദനമായി.
അതോടൊപ്പം, ഇതിലെ ബിസിനസ് മേഖലയായ ലോജിസ്റ്റിക്സിലെ സാധ്യതകളെക്കുറിച്ചും പുതുതലമുറയിലെ യുവാക്കളെ എങ്ങനെ ഇതിലേയ്ക്ക് കൊണ്ടുവരാം എന്നതിനെക്കുറിച്ചും ഭാരവാഹികളായ ബിജു തോമസ്, റോയ് തോമസ്, ജെയിന്‍ ജോസഫ്, റ്റോസി സക്കറിയ,രാജീവ് ജോണ്‍ തുടങ്ങിയവർ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ സംഘടനയെ കൂടുതല്‍ കരുത്തോടും മികവോടെ മുന്നോട്ടു കൊണ്ടുപോകുവാനായി കമ്മറ്റിയിലേക്ക് നിപ്പി ജോസഫ്, ബിജു ജോസഫ് , ജിസ്മോന്‍ മാത്യു എന്നിവരെക്കൂടി ഉള്‍പ്പെടുത്തി.
സംഗമത്തില്‍ വിവിധ കലാ-കായിക പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി പരിപാടി സംഘടിപ്പിക്കാനും കൂട്ടായ്മ്മ തീരുമാനിച്ചു.
ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻപോയ യുവതി കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴി പ്രിയ ബിനോയി (42)-ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കോട്ടയം നാഗമ്പടം മേൽപ്പാലത്തിലായിരുന്നു അപകടം.
ഭർത്താവ് ബിനോയിക്കൊപ്പം സഞ്ചരിക്കുമ്പോൾ നഗരത്തിൽനിന്ന് നാഗമ്പടം മേൽപ്പാലത്തിലേക്ക് കടക്കവേ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. ബിനോയിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ട്രാഫിക് പോലീസ് സംഘം സ്ഥലത്തെത്തിയാണ് പരിക്കേറ്റ ഇരുവരെയും വാഹനത്തിനടിയിൽനിന്ന് പുറത്തെടുത്തത്.
തുടർന്ന് 108-ആംബുലൻസിൽ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രിയോടെ മരിച്ചു. ബിനോയി പൊടി ഉത്പന്നങ്ങളുടെയും സ്പൈസസിന്റെയും മൊത്തവിൽപ്പനക്കാരനാണ്.
മക്കൾ: ഗംഗ (ഫാഷൻ ഡിസൈനർ), ഗായത്രി (പത്താം ക്ളാസ് വിദ്യാർഥിനി). മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് 25 മുതൽ 29 വരെ കൊല്ലം,തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും,
ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
വലിയഴീക്കൽ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്മെർ കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരൻ ജയേഷ് (മിലിട്ടറി). സംസ്കാരം പിന്നീട്.
ഇന്ത്യയിലും യുകെയിലും ഇത് തിരഞ്ഞെടുപ്പ് കാലമാണ്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ് യുകെ മലയാളികൾ. യുകെ മലയാളികളിൽ കൂടുന്നിടത്തെല്ലാം ചർച്ചകളായും സംവാദങ്ങളായും നാട്ടിലെ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ ചൂടുപിടിക്കുന്നതിനോടൊപ്പം മലയാളം യുകെയും എത്തുകയാണ് .
ഇന്ത്യയിലെയും യുകെയിലെയും തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകൾ വ്യക്തമാക്കുന്ന കാർട്ടൂൺ പംക്തിയുമായി മലയാളം യുകെ…
പ്രശസ്ത കാർട്ടൂണിസ്റ്റ് റോയ് സി . ജെ ആണ് നെല്ലും പതിരും കൈകാര്യം ചെയ്യുന്നത് . ഉൽപ്രേക്ഷ എന്ന പേരിൽ
റോയ് സി . ജെ മലയാളം യുകെയിൽ സ്‌ഥിരമായി മറ്റൊരു കാർട്ടൂൺ പംക്തിയും കൈകാര്യം ചെയ്യുന്നുണ്ട് .
മലയാള മാധ്യമ രംഗത്ത് സുപരിചിതനായ സി . ജെ റോയിക്ക് ആയിരുന്നു 2023 -ലെ മലയാളം യുകെയുടെ ബെസ്റ്റ് കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് .
സമീപകാലത്ത് വയനാട്ടില്‍ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദർശിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല പനച്ചിയില്‍ അജീഷ്, പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍, കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്, വകേരി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജിഷ് എന്നിവരുടെ വീടുകളിലാണ് മേജർ ആർച്ച് ബിഷപ്പ് സന്ദർശനം നടത്തിയത്.
മാർ റാഫേൽ തട്ടിൽ കടന്ന് ചെന്നപ്പോൾ കുടുംബാംഗങ്ങൾ അവരുടെ വേദന പങ്കുവച്ചു. വന്യമൃഗാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ദുഖം സീറോ മലബാർ സഭ ഏറ്റെടുക്കുന്നുവെന്ന് അദേഹം പറഞ്ഞു. പടമല പനച്ചിയിൽ അജീഷിന്റെ വീട്ടിൽ വച്ചു മേജർ ആർച്ച് ബിഷപ് മാധ്യമങ്ങളോട് സംസാരിച്ചു.
കാടിനും കാട്ട് മൃഗങ്ങൾക്കും കൊടുക്കുന്ന സംരക്ഷണത്തിനേക്കാൾ അധികമായി മനുഷ്യർക്ക് സംരക്ഷണം കൊടുക്കാൻ ബന്ധപ്പെട്ട എല്ലാ സർക്കാരുകളും ജനപ്രതിനിധികളും ഭരണാധികാരികളും തയ്യാറാകണമെന്ന് അദേഹം പറഞ്ഞു. വന്യ മൃഗങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. പ്രകൃതിക്ക് കോട്ടം തട്ടരുതെന്ന് എല്ലാവരും വാദിക്കുന്നു. അത് തെറ്റാണെന്ന് സഭ പറയുന്നില്ല. പ്രകൃതി സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് തന്നെയാണ് സഭയും സമൂഹവും ആഗ്രഹിക്കുന്നത്. എന്നാൽ പ്രകൃതി സംരക്ഷിക്കപ്പെടുന്ന അത്ര പോലും മനുഷ്യൻ സംരക്ഷിക്കപ്പെടാൻ ഇവിടെ സംവിധാനമുണ്ടാക്കാത്തത് സങ്കടകരമാണ്.
ഈ കുടുംബങ്ങളുടെ ദുഖം താൻ വന്നു അനുശോചനം പറഞ്ഞതുകൊണ്ടോ, സർക്കാർ അനുശോചനം അറിയിച്ചതുകൊണ്ടോ തീരുന്നതല്ല. സർക്കാർ സംവിധാനങ്ങൾ സാമ്പത്തിക സഹായങ്ങൾ നൽകിയാലും അത് നഷ്ടത്തിന് പകരമാവില്ല. അത് കൊണ്ട് തന്നെ ഇത്തരം ദുരനുഭവങ്ങൾ മനുഷ്യർക്ക് ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കണം. അക്രമകാരിയായ ഒരു ആന നാട് ചുറ്റാനും മനുഷ്യരെ ആക്രമിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ല എന്നും അദേഹം പറഞ്ഞു.
അക്രമകാരികളായ ആനകളെ പിടികൂടി ആന സംരക്ഷണ കേന്ദ്രങ്ങളിലേക് മാറ്റി അവിടെ പരിപാലിക്കണം. ഇത്തരം മൃഗങ്ങൾ നാട്ടിൽ വിലസുന്നത് അനുവദിക്കരുത്, അതിന് പരിഹാരം കണ്ടെത്തണം. പണം കൊടുത്തത് കൊണ്ട് ഈ കുടുംബങ്ങളുടെ നഷ്ടം ഒരിക്കലും തീരില്ല. അവർക്ക് നഷ്ടപ്പെട്ടത് തിരിച്ചു കൊടുക്കാൻ പണത്തിന് സാധിക്കില്ല. ഒരു തുക കൊടുത്തിട്ട് കുടുംബത്തിന്റെ ദുഖം ഞങ്ങൾ പരിഹരിച്ചു എന്ന് പറഞ്ഞാൽ അത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്.
പ്രായമേറിയവർക്ക് പെൻഷൻ കൊടുക്കുന്നതിനും, കുട്ടികൾക്ക് സ്കോളർഷിപ്പോടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിയമ നിർമ്മാണങ്ങൾ ഉണ്ടാകണം. നഷ്ടപ്പെട്ട ആൾക്ക് പകരമായി ഒരു പണക്കിഴി കൊടുത്താൽ തീരുന്നതല്ല ഈയൊരു പ്രശ്നമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, രൂപത പി.ആര്‍.ഒ ഫാ.ജോസ് കൊച്ചറയ്ക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സാലു എബ്രഹാം മേച്ചരില്‍ എന്നിവര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.
തീരദേശ മേഖലകളിൽ നിന്ന് ഇരുപത്തോളം യുവാക്കൾ റഷ്യൻ മനുഷ്യക്കടത്തിൽ അകപ്പെട്ടന്ന് സൂചന അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീര മേഖലകളിലെ യുവാക്കളാണ് മനുഷ്യക്കടത്തിന് ഇരയായത്. ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് യുവാക്കളെ റഷ്യയിലേക്ക് കടത്തിയത്.
സോഷ്യൽ മീഡിയ വഴി ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നിരിക്കുന്നത്.ഡൽഹിയിൽ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടും ഷാർജ വഴിയുമാണ് യുവാക്കൾ റഷ്യയിൽ എത്തിയത്.മനുഷ്യക്കടത്തിന്ഏർപ്പെട്ട യുവാക്കളെ നാട്ടിലെത്തിക്കാൻ ഇന്റർപോളുമായി ചേർന്ന് കേന്ദ്രസർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്.
മുൻപേ , അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് യുവാക്കൾ മനുഷ്യക്കടത്തിനിരയായി എന്ന വാർത്ത പുറത്ത് വന്നിരുന്നു. അതിൽ പ്രിൻസ് എന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റതായും വിവരം ലഭിച്ചിരുന്നു. പിന്നാലെ, മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരുക്ക് പറ്റിയവരിൽ ഒരു മലയാളി കൂടിയുണ്ടെന്ന വാർത്ത ഇന്നലെ പുറത്ത് വന്നു. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഡ്രോൺ ആക്രമണത്തിൽ കാലിന് പരുക്ക് പറ്റിയത്. സെക്യൂരിറ്റി ജോലിക്കയാണ് പൂവാർ സ്വദേശി ഡേവിഡ് റഷ്യയിലേക്ക് പോയിരുന്നത് . ഡൽഹിയിലെ ഒരു സ്വകാര്യ ഏജൻസി വഴിയാണ് തൊഴിൽ തരപ്പെടുത്തി റഷ്യയിലെത്തിയത്.രണ്ട് മാസത്തോളം സെക്യൂരിറ്റി ജോലി ചെയ്തു. പിന്നാലെയാണ് ഏജന്റ മാർഗം റഷ്യയിലേ കൂലിപ്പട്ടാളത്തിൽ ചേരുന്നത്. യുദ്ധത്തിനിടയിൽഡേവിഡിന് കാലിന് പരിക്കേറ്റു. പിന്നീട് അവിടെ നിന്നും രക്ഷപെട്ട് പള്ളിയിലെ അഭയാർഥി ക്യാംപിൽ രക്ഷപ്രാപിച്ചു. നിലവൻ ക്യാപിലാണ് ഡേവിസ് ഉള്ളതെന്ന് മാതാവ് അരുൾമേരി പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെ വയനാട്ടിലെ പോരാട്ടത്തിന് ചൂടേറും.
എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ, കൊല്ലത്ത് നടൻ ജി.കൃഷ്ണകുമാർ, ആലത്തൂരിൽ ടി.എൻ.സരസു എന്നിവരെയും എൻഡിഎ സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎക്കു സ്ഥാനാർഥികളായി. മൂന്നു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ പ്രചാരണം പൊടിപാറും.
ബിഡിജെഎസില്‍നിന്ന് ഏറ്റെടുത്ത വയനാട്ടിൽ ബിജെപിയുടെ സ്ഥാനാർഥി ആരാകുമെന്ന ചോദ്യം ശക്തമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും മാറ്റുരയ്ക്കുന്നുവെന്ന സവിശേഷതയാണ് വയനാടിനുള്ളത്. ഇതിലേക്ക് ദേശീയനിരയിലെ ആരെങ്കിലും ബിജെപി സ്ഥാനാർഥിയായി എത്തുമോയെന്നായിരുന്നു പ്രധാന ആകാംക്ഷ.
എ.പി.അബ്ദുല്ലക്കുട്ടി, സന്ദീപ് വാരിയര്‍, സി.കെ.ജാനു തുടങ്ങിയ പേരുകളും നേതൃത്വം പരിഗണിച്ചു. ഒടുവിലാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ പേരിലേക്ക് എത്തിച്ചേർന്നത്. വയനാട്ടിൽ സുരേന്ദ്രന്റെ സാന്നിധ്യം, തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണു പാർട്ടി കാണുന്നതെന്ന പ്രതീതി കേരളത്തിലും പുറത്തും സൃഷ്ടിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. നാലു മണ്ഡലങ്ങളിലും സ്ഥാനാർഥികളെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും ബിജെപി നേരത്തേതന്നെ പ്രചാരണം തുടങ്ങിയിരുന്നു.
ലോക്‌സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ മത്സരിച്ച സുരേന്ദ്രൻ മഞ്ചേശ്വരത്ത് 67,000 ത്തോളം വോട്ട് പിടിച്ചിരുന്നു.
കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ കെ.എസ്.രാധാകൃഷ്ണൻ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. നടൻ കൂടിയായ കൊല്ലത്തെ സ്ഥാനാർഥി കൃഷ്ണകുമാര്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. ഗവ.വിക്ടോറിയ കോളജിലെ മുൻ പ്രിൻസിപ്പലാണ് ആലത്തൂരിലെ സ്ഥാനാർഥി ടി.എൻ.സരസു.