ഓടുന്ന ബസിൽ ഇരുന്ന് തലപുറത്തിട്ട കുട്ടിക്ക് ദാരുണാന്ത്യം. റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് കുട്ടിയുടെ തലയറ്റു. കണ്ണൂർ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് സംഭവം. ഗൂഡല്ലൂര് നിന്ന് ആറളം ഫാമിലേക്ക് വരികയായിരുന്ന സിബി (13) ആണ് മരിച്ചത്. ആറളം ഫാമിൽ ജോലി ചെയ്യുന്ന നെല്ലിശേരി ജയറാമിന്റെ മകനാണ് സിബി.
അമ്മയോടൊപ്പം കെ എസ് ആർ ടി സി ബസിൽ വരുന്നതിനിടയിൽ ഛർദിക്കുവാൻ തല പുറത്തേക്കിട്ടപ്പോഴാണ് അപകടം സംഭവിച്ചത് എന്ന് കരുതുന്നു. ഇടത് വശത്തിരുന്ന കുട്ടിയുടെ തല ഉടലിൽ നിന്ന് വേർപെട്ട് റോഡിന്റെ മറുവശത്തെ കനാലിൽ വീണ നിലയിലാണ്. കേളകം പൊലീസ് സ്ഥലത്തത്തിയിട്ടുണ്ട്.
റേഡിയോ ജോക്കി മരിച്ച നിലയില്‍. ഹൈദ്രാബാദ് ബൊല്ലാറാമിലെ സൈനിക ക്വാട്ടേഴ്സില്‍ സന്ധ്യ സിംഗിന്‍റെ (30) മൃതദേഹം കണ്ടെത്തി.
കരസേനയില്‍ മേജറാണ് സന്ധ്യയുടെ ഭര്‍ത്താവ് വിശാല്‍ വൈഭവ്. ഒരു വര്‍ഷം മുന്പാണ് ഗാസിയാബാദുകാരിയായ സന്ധ്യ സിംഗിനെ വിശാല്‍ വിവാഹം കഴിച്ചത്.
സ്ത്രീധന പീഡനം നടന്നിരുന്നതായി സന്ധ്യയുടെ ബന്ധുക്കള്‍ ആരോപിച്ചു. ക്വാട്ടഴ്സില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ വിശാലാണ് മൃതദേഹം കണ്ടത്. ഇയാള്‍ പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസ് കേസെടുത്തു. സന്ധ്യയുടെ സഹോദരി സ്ത്രീധന പീഢനം ആരോപിച്ച് വിശാലിനെതിരെ കേസ് നല്‍കിയിട്ടുണ്ട്.
ചോദ്യം ചെയ്യാൻ വിളിപ്പിച്ച മേജർ വിശാൽ നെഞ്ചുവേദന അനുഭവപ്പെടുകയും ആർമി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയുകയും ചെയ്തു
അണ്ണാഡിഎംകെയില്‍ മന്നാര്‍ഗുഡി മാഫിയ ഭരണത്തിന് അന്ത്യമായെന്ന് സൂചിപ്പിച്ച് പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ‘ജനറല്‍ സെക്രട്ടറിയായ’ ശശികലയുടെ ബാന്നറുകളും പോസ്റ്ററുകളും നീക്കം ചെയ്തു. ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പളനിസാമി പക്ഷം പറഞ്ഞിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിരുന്നില്ല. നടപടി രേഖാമൂലം വേണമെന്ന് പനീര്‍ശെല്‍വം ലയനചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാഡിഎംകെ ഔദ്യോഗിക വിഭാഗമായ അമ്മ വിഭാഗം പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ശശികലയുടെ ബാന്നറുകളും പോസ്റ്ററുകളും നീക്കം ചെയ്തത്.

നടപടി സ്വാഗതം ചെയ്ത് പനീര്‍ശെല്‍വം പക്ഷം രംഗത്തെത്തി. അണ്ണാഡിഎംകെ ഒന്നിക്കാനുള്ള ശ്രമങ്ങളില്‍ ഇത് പോസിറ്റീവ് ആയ നീക്കമാണെന്ന് പനീര്‍ശെല്‍വം വിഭാഗത്തിന്റെ മീഡിയ കോര്‍ഡിനേറ്ററായ കെ സ്വാമിനാഥന്‍ പറഞ്ഞു. പനീര്‍ശെല്‍വം ക്യാമ്പ് ലയന ചര്‍ച്ച തുടരാന്‍ മുന്നോട്ട് വെച്ച രണ്ട് ആവശ്യങ്ങളില്‍ പ്രധാനം ഒന്ന് ശശികലയേയും കുടുംബത്തേയും പുറത്താക്കണമെന്നും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ്. ഇതില്‍ ആദ്യത്തെ കാര്യത്തില്‍ കൂടുതല്‍ മുന്നോട്ട് പോകാനാണ് പളനിസാമി പക്ഷം ഓരോ നിമിഷവും ശ്രദ്ധിക്കുന്നത്.
ഒപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാവ് മധുസൂദനന്‍ ഉടനടി ബാന്നറുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉടനടി പളനിസാമി പക്ഷം അണ്ണാഡിഎംകെ ആസ്ഥാനത്തെ പോസ്റ്ററുകളും ബാന്നറുകളും നീക്കിയത്.
എഐഎഡിഎംകെ(അമ്മ) നേതാവായിരുന്ന ടിടിവി ദിനതകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടില ചിഹ്നത്തിന് വേണ്ടി ഇലക്ഷന്‍ കമ്മീഷനെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലാണ് വികെ ശശികലയുടെ മരുമകനായ ദിനകരനെ അറസ്റ്റ് ചെയ്തത്. നാല് ദിവസങ്ങളായി ദിനകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. ദിനകരന്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദിനരനോടൊപ്പം സുഹൃത്ത് മല്ലികാര്‍ജുനെയും പൊലീസ് അറസ്റ്റ് ചെയ്തു. എഐഡിഎംകെയില്‍ പിളര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് ശശികലയുടെ മരുമകനായ ദിനകരന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്നത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അറസ്റ്റും കൂടിയായതോടെ ലയന സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തു.
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജിച്ച സീരിയലുകളിലൊന്നാണ് ചന്ദനമഴ. ഏറെനാളായി ബാര്‍ക്ക് റേറ്റിംഗില്‍ മുന്‍നിരയില്‍ തുടരുന്ന ചന്ദനമഴയില്‍ നിന്ന് പക്ഷേ ഇപ്പോള്‍ നല്ല വാര്‍ത്തകളല്ല കേള്‍ക്കുന്നത്. സീരിയയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേഘ്‌ന വിന്‍സെന്റിനെ അണിയറക്കാര്‍ ഒഴിവാക്കിയെന്ന് ചില സിനിമ ഓണ്‍ലൈന്‍ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹതാരങ്ങളോട് മേഘ്‌നയുടെ പെരുമാറ്റമാണത്രേ ഇത്തരത്തില്‍ നായികയെ മാറ്റാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്.
സെറ്റില്‍ വളരെ അഹങ്കാരത്തോടെയും തലക്കനത്തോടെയുമാണ് മേഘ്‌ന പെരുമാറുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന താരങ്ങളോട് പോലും മര്യാദയോടെ പെരുമാറാറില്ലത്രെ. ചന്ദനമഴയുടെ തമിഴ് സീരിയലിലും മേഘ്‌ന തന്നെയാണ് നായിക. ഇതേ പെരുമാറ്റ രീതിയെ തുടര്‍ന്ന് തമിഴ് ചന്ദനമഴയില്‍ നിന്നാണ് ആദ്യം ഒഴിവാക്കിയത്. ഇപ്പോള്‍ മലയാളത്തില്‍ നിന്നും പുറത്താക്കിയത്രെ.
നായികയാണ് എന്ന അഹങ്കാരത്തോടെയാണ് സെറ്റില്‍ എല്ലാവരോടും പെരുമാറുന്നത്. ഇപ്പോള്‍ വിവാഹം ഉറപ്പിയ്ക്കുക കൂടെ ചെയ്തപ്പോള്‍ തലക്കനം കൂടി എന്നാണ് കേട്ടത്. എന്നാല്‍ അഹങ്കാരവും തലക്കനവുമൊന്നുമല്ല, വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് മേഘ്‌നയെ സീരിയലില്‍ നിന്ന് ഒഴിവാക്കുന്നത് എന്നും കേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഈ മാസം 30നാണ് മേഘ്‌നയുടെ വിവാഹം. വിവാഹ ശേഷം അഭിനയ നിര്‍ത്തുക എന്നത് മേഘ്‌നയുടെ തന്നെ തീരുമാനമാണത്രെ. സിനിമ സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോണ്‍ ടോണിയാണ് വരന്‍. വിവാഹനിശ്ചയചടങ്ങുകള്‍ നടന്ന വിവരം മേഘ്‌ന തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇടക്കൊച്ചി സ്വദേശിയാണ് മേഘ്‌ന.
റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സിലെ ഹീറോയും വില്ലനും ആരെന്ന് വെളിപ്പെടുത്തി ഐപിഎല്‍ 10ാം സീസണിലെ ഏറ്റവും വിലയേറിയ താരം ബെന്‍ സ്റ്റോക്ക്. ധോണി ബോളിവുഡിലെ ഹീറോ ആകുമ്പോള്‍ സ്റ്റീവ് സ്മിത്ത് വില്ലനാകുമെന്നാണ് സ്‌റ്റോക്ക് പറയുന്നത്. ഗള്‍ഫ് ഓയില്‍ ഇന്ത്യ നടത്തിയ ചോദ്യോത്തര പരുപാടിയിലാണ് സ്റ്റോക്ക് രസകരമായ ഈ ഉത്തരം നല്‍കിയത്.
മഹേന്ദ്ര സിംഗ് ധോണിയും അജിന്‍ക്യ രഹാനയും സ്‌റ്റോക്കും പങ്കെടുത്തതായിരുന്നു ഈ തമാശ ചോദ്യോത്തര പരുപാടി. സംഘാടകര്‍ നല്‍കുന്ന ചോദ്യത്തിന് മുന്നിലെ ടേബിളിലെ താരങ്ങളുടെ ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് മൂവരും ഉത്തരങ്ങള്‍ നല്‍കിയത്.
രഹസ്യം സൂക്ഷിക്കാന്‍ കഴിയുന്ന സഹതാരം ആരെന്ന ചോദ്യത്തിന് രഹാന ധോണിയുടെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ഫാഫ് ഡുപ്ലെസിസിന്റേയും ധോണി സ്വന്തം പേര് തന്നെയും പറയുന്നു. അതെസമയം രഹസ്യം സൂക്ഷിക്കാന്‍ ഒട്ടു കഴിവില്ലാത്ത താരം ആരെന്ന ചോദ്യത്തിന് അശോക് ദിണ്ടയുടെ പേരാണ് മൂവരും ഒരേപോലെ പറയുന്നത്.
ഏത് താരത്തോടാണ് കുസൃതി കാണിക്കാന്‍ മടിക്കുന്നത് എന്ന ചോദ്യത്തിന് രഹാന ഡുപ്ലെസിസിന്റെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ധോണിയുടെയും പേര് പറയുന്നു. അതെസമയം ധോണി ഇക്കാര്യത്തില്‍ ഉത്തരം പറയാന്‍ തയ്യാറായില്ല.
ടേബിളില്‍ ഒരു ബിരിയാണി വെച്ച് കുളിക്കാന്‍ പോയാല്‍ ആരാണ് അത് കട്ടെടുത്ത് തിന്നാന്‍ സാധ്യത എന്ന ചോദ്യത്തിന് രഹാന ദിണ്ടയുടെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ഡാന്‍ ക്രിസ്റ്റിയന്റെ പേരാണ് പറയുന്നത്. ഇത്തരത്തിലുളള നിരവധി ചോദ്യത്തിന് ഒടുവിലാണ് പൂണെ ടീമിന്റെ ബോളിവുഡ് ഹീറോ ആരെന്നും വില്ലനാരെന്നും സ്‌റ്റോക്ക് വെളിപ്പെടുത്തിയത്. ആ വീഡിയോ കാണുക
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായുളള മത്സരത്തിന്റെ ആദ്യ പകുതിയ്ക്ക് ശേഷം കൊല്‍ക്കത്തന്‍ ക്യാമ്പിലുണ്ടായത് നാടകീയ സംഭവങ്ങളാണെന്ന് വെളിപ്പെടുത്തല്‍. കൊല്‍ക്കത്തന്‍ നായകന്‍ ഗൗതം ഗംഭീര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ തന്റെ കോളത്തിലായിരുന്നു കൊല്‍ക്കത്തന്‍ നായകന്റെ തുറന്ന് പറച്ചില്‍.
ആദ്യ ഇന്നിംഗ്‌സില്‍ കുറഞ്ഞ സ്‌കോറിന് പുറത്തായതിന് പിന്നാലെ താന്‍ കൊല്‍ക്കത്തന്‍ ടീമംഗങ്ങളെ വിളിച്ചുകൂട്ടിയെന്നും മത്സരത്തില്‍ ഇനിയാര്‍രെങ്കിലും വീഴ്ച്ച വരുത്തിയാല്‍ ഇത് അവരുടെ അവസാന മത്സരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗംഭീര്‍ പറയുന്നു. ഇതോടെ ആശങ്കയിലായ കൊല്‍ക്കത്തന്‍ താരങ്ങള്‍ തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുത്ത് കളിച്ചെന്നും അതിന്റെ ഫലമാണ് ബംഗളൂരു കേവലം 49 റണ്‍സിന് പുറത്തായതിന് പിന്നിലെന്നും ഗംഭീര്‍

ഞങ്ങളുടെ ഇന്നിംഗ്‌സ് അവസാനിച്ച ശേഷം എല്ലാ ടീമംഗങ്ങളേയും ഞാന്‍ വിളിച്ച് കൂട്ടി, എനിക്ക് എന്റെ ടീം പോരാട്ടവീര്യം കാത്തുസൂക്ഷിക്കണമെന്നും വിജയിക്കണമെന്നുമുളള വലിയ ആഗ്രഹമുണ്ടായിരുന്നു, ഞാനവരോട് പറഞ്ഞു, ആരെങ്കിലും ഒരവസരം നഷ്ടപ്പെടുത്തിയാല്‍ കൊല്‍ക്കത്തന്‍ ടീമില്‍ അവന്റെ അവസാനമായിരിക്കും, ഏറ്റവും ചുരുങ്ങിയത് എന്റെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ അവര്‍ ഇനി കളിക്കില്ല, ആ മത്സരത്തില്‍ ഞങ്ങള്‍ ശരിക്കും രണ്ട് കൊല്‍ക്കത്തന്‍ ടീമാണ് കളിച്ചത്, ആദ്യ പകുതി ഞങ്ങള്‍ അലസമായി ബാറ്റ് ചെയ്തപ്പോഴും മറ്റേ പകുതി ഞങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയും
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 132 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. തുടര്‍ന്ന് ഗെയ്‌ലും കോഹ്ലും ഡിവില്ലേഴ്‌സുമടങ്ങിയ ബംഗളൂരു ടീം 49 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഒന്‍പത് റണ്‍സെടുത്ത കേദര്‍ ജാദേവ് ആണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്കായി നഥാന്‍ കോള്‍ട്ടറും ക്രിസ് വോഗ്‌സും, കോളിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ അവാർഡ് കൊടുത്തതു കഷ്ടമായിപ്പോയി എന്നു പറയുന്നവരോട് താരത്തിന്റെ അപേക്ഷ: വേണമെങ്കിൽ പുരസ്കാരം തിരിച്ചെടുത്തോളൂ!
‘റസ്തം’ സിനിമയിലെ അഭിനയത്തിനാണ് അക്ഷയ് ഇക്കൊല്ലത്തെ മികച്ച നടനായത്. പുരസ്കാരത്തിന് അക്ഷയിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഉചിതമായില്ലെന്നു പറഞ്ഞായിരുന്നു പല കോണുകളിൽനിന്നു വിമർശനമുയർന്നത്.ജൂറി മെമ്പർ ആയ പ്രിയദർശന്റെ അടുത്ത സുഹൃത്തായതുകൊണ്ടാണ് അക്ഷയ്ക്ക് അവാർഡ് കിട്ടിയത് എന്നതായിരുന്നു പ്രധാന ആരോപണം
ദേശീയ അവാർഡ് പ്രഖ്യാപിക്കുമ്പോഴെല്ലാം പലരും വിമർശനവുമായി എത്തുന്നതു പതിവാണെന്നും എല്ലാ വർഷവും വിവാദമുണ്ടെന്നും അക്ഷയ് പറഞ്ഞു.
മൂവീ സ്റ്റണ്ട് ആർട്ടിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണു വിവാദം കേട്ടു മടുത്തെന്നും വിമർശനമുള്ളവർ പുരസ്കാരം തിരിച്ചെടുക്കണമെന്നും താരം പറഞ്ഞത്. സിനിമയിലെ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതി അക്ഷയ് മുൻകയ്യെടുത്തു രൂപീകരിച്ചിട്ടുണ്ട്.
ഓടിച്ചു പഠിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അമ്മയ്ക്കും രക്ഷപ്പെടുത്താൻ ചാടിയ മകനും പരുക്ക്. കൂവപ്പടി മാവേലിപ്പടി പാറപ്പുറം ജോസിന്റെ ഭാര്യ ലിസി (47), മകൻ അരുൺ (21) എന്നിവർക്കാണു പരുക്കേറ്റത്. അഗ്നിരക്ഷാനിലയം ജീവനക്കാരെത്തി ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സാരമായി പരുക്കേറ്റ ലിസി തീവ്രപരിചരണ വിഭാഗത്തിലാണ്. രാവിലെ 9.30നായിരുന്നു സംഭവം. ലിസി സ്കൂട്ടർ ഓടിക്കാൻ പഠിക്കാനായി സ്റ്റാർട്ടാക്കിയ ഉടൻ നിയന്ത്രണം വിട്ട് അതിവേഗത്തിൽ കിണറ്റിലേക്കു പതിക്കുകയായിരുന്നു. 30 അടി ആഴമുള്ള കിണറ്റില്‍ വെള്ളം കുറവായിരുന്നു.
കിണറിനു ചുറ്റും സിമന്റ് ബ്ലോക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും സിമന്റിട്ട് ഉറപ്പിച്ചിരുന്നില്ല. സ്കൂട്ടര്‍ ഇടിച്ചയുടൻ സിമന്റ് ബ്ലോക്കുകൾ തകർന്നതാണു കിണറ്റിലേക്കു വീഴാൻ കാരണം. അമ്മയെ രക്ഷപ്പെടുത്താൻ പിന്നാലെ അരുണും ചാടുകയായിരുന്നു. സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരെയും കരയ്ക്കു കയറ്റാൻ കഴിഞ്ഞില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ ഫയർമാൻമാരായ ഉണ്ണികൃഷ്ണൻ, ഹാഷിം എന്നിവരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ഗഫൂർ, അനീഷ്, ഗോപകുമാർ രഞ്ജിത്, രമണൻ, കെ.വി. ജോണി, ആൽബർട്ട് പിൻഹിറോ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ത്രികോണമല്‍സരം നടന്ന ഡല്‍ഹി മുൻസിപ്പൽ കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേക്ക്. മൂന്നു കോർപറേഷനുകളിലും ബിജെപി അധികാരമുറപ്പിച്ചു. 182 സീറ്റുകളിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്. 40 സീറ്റുകളുമായി ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്താണ്.
എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നു. 270 വാർഡുകളിൽ 200 ലേറെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. വടക്കൻ ഡല്‍ഹി, തെക്കൻ ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി എന്നീ മൂന്ന് മുനിസിപ്പാലിറ്റികളിലായി 270 സീറ്റുകളുടെ ഫലമാണ് ഇന്നറിയുക. ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 5.58 ശതമാനം പേരാണ് വിധിയെഴുതിയത്.
അതിനിട, ബിജെപിയുടെ മുന്നേറ്റത്തിനെതിരെ എഎപി രംഗത്തെത്തി. ഡൽഹിയിൽ മോദി തരംഗമല്ല, വോട്ടിങ് യന്ത്രത്തിന്റെ തരംഗമാണെന്ന് ഡൽഹി ഗ്രാമവികസന മന്ത്രി ഗോപാൽ റായ് ആരോപിച്ചു. അതേസമയം, ഡൽഹിയിൽ എഎപി സർക്കാർ അധികാരം ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജനങ്ങൾ ആം ആദ്മി പാർട്ടിയെ തിരസ്കരിച്ചു. വികസനം കൊണ്ടുവരാൻ ബിജെപിക്കേ കഴിയൂവെന്നാണ് ജനം വിധി എഴുതിയതെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു.
ബിജെപിക്ക് അനുകൂലമാണ് ജനവിധിയെങ്കിൽ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകൾക്കെതിരെ പുതിയ രാഷ്ട്രീയ നീക്കം കൊണ്ടുവരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ മുന്നേറ്റത്തിലൂടെ വളർന്നുവന്ന ആം ആദ്മി പാർട്ടി രാജ്യവ്യാപക പ്രക്ഷോഭത്തിന് മടിക്കില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. അതേസമയം, എക്സിറ്റ് പോൾ പ്രവചനം പോലെ മൂന്നു കോർപറേഷനുകളും ബിജെപി നിലനിർത്തിയാൽ ഡൽഹി സർക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമിച്ചേക്കും. രണ്ടാം സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
2012 ലെ തിരഞ്ഞെടുപ്പില്‍ 272 ല്‍ 138 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.
നിരാഹാരമിരിക്കുന്ന പെമ്പിളൈ ഒരുമൈ നേതാക്കളുടെ ജീവന്‍ രക്ഷിക്കുക. സ്ത്രീകളോടും തൊഴിലാളികളോടും ഉദ്യോഗസ്ഥരോടും വളരെ ഹീനമായ ഭാഷയില്‍ സംസാരിച്ച എം.എം മണി എന്ന മന്ത്രി ആ സ്ഥാനത്ത് തുടരുന്നതില്‍ മാത്രമല്ല അദ്ദേഹത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരുടെ ഉള്ളവരുടെ പിന്തുണ ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍. കേരളത്തിന്റെ സാംസ്‌കാരിക നിലവാരം തകര്‍ക്കുന്ന ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു.
മന്ത്രി ഇവിടെ വന്നു മാപ്പ് പറയണം. ഭൂമിക്കു വേണ്ടി അവകാശം ഉന്നയിച്ച തോട്ടം തൊഴിലാളികളോട് ഇത്ര ഹീനമായ ഭാഷയില്‍ സംസാരിച്ച മന്ത്രിക്കെതിരേ മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ നേതാക്കള്‍ ഗോമതിയും കൗസല്യയും നിരാഹാരസമരത്തിലാണ്. ആ സമരത്തിനു അനുഭാവവുമായി ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ശ്രീ. സി. ആര്‍ നീലകണ്ഠന്‍ നിരാഹാര സമരത്തില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഈ സമരത്തിന് വലിയ തോതിലുള്ള പിന്തുണ സമൂഹത്തിലുണ്ടാവേണ്ടതുണ്ട്. ഈ സമരം വിജയിപ്പിക്കുന്നതിന് കേരളത്തിന്റെ മുഴുവന്‍ പിന്തുണയും ആര്‍ജ്ജിക്കുന്നതിന് ആം ആദ്മി പാര്‍ട്ടി അതിന്റെ പ്രചരണരീതികള്‍ മുഴുവന്‍ ഉപയോഗിക്കുകയാണ്.
എല്ലാ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുകയും, മൂന്നാറില്‍ നടക്കുന്ന സമരത്തിന് പിന്തുണ അറിയിക്കുന്നതിന് ആവശ്യമായ മറ്റു പ്രചരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നതാണ്. ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്ന ഏറ്റവും മിതമായ ആവശ്യങ്ങള്‍. മന്ത്രി മണി പരസ്യമായി മൂന്നാറിലെത്തി മാപ്പു പറയണം. മന്ത്രി മണിയെ പിണറായി വിജയന്‍ പുറത്താക്കണം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി ഓരോ തൊഴിലാളിക്കും ഒരേക്കര്‍ കൃഷി ഭൂമി നല്‍കണം. അനധികൃതമായ മൂന്നാറിലെ കയ്യേറ്റങ്ങള്‍ മുഴുവന്‍ ഒഴിപ്പിക്കണം. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ മണിയെ പോലെയുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും നടത്തുന്ന ആക്രോശങ്ങള്‍ മേലില്‍ ഉണ്ടാവരുത് എന്നീ ആവശ്യങ്ങളും എഎപി ഉന്നയിച്ചു.
മന്ത്രി മണിക്കെതിരേ സ്ത്രീകളെ അപമാനിച്ചതിനും ദളിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തിയതിനും കേസെടുക്കണം. മൂന്നാറിലെ സി.ഐ രാജേശ്വരിയേയും കുമാരനടക്കമുള്ള പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതിന് സ്ത്രീകള്‍ക്കെതിരായ അതിക്രമം, ദളിതര്‍ക്കെതിരായുള്ള അതിക്രമം എന്നിവ സംബന്ധിച്ചുള്ള നിയമമനുസരിച്ച് കേസുകള്‍ എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കേരളീയ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും ആം ആദ്മി പാര്‍ട്ടി നടത്തുന്നതാണെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.