Latest News

കോട്ടയം ജില്ലാ പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ കേരളാ ​കോൺ​ഗ്രസ് എം അധികാരത്തിലേറിയ സംഭവത്തിൽ പാർട്ടിക്കിടയിൽ ഭിന്നത. സിപിഐഎം ബാന്ധവത്തിനെതിരെ നാനാ കോണിൽ നിന്നും എതിർപ്പുകൾ ഉയരുന്നതിനിടെ, കേരളാ കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ ജെ അ​ഗസ്തി തദ്സ്ഥാനത്തുനിന്നും രാജിവച്ചു. കൂടാതെ, പാർട്ടി വർക്കിങ് ചെയർമാൻ പി ജെ ജോസഫും പരസ്യമായി എതിർപ്പറിയിച്ചു രം​ഗത്തെത്തി.

കോൺ​ഗ്രസുമായി പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിൽ ഒപ്പിട്ടു തയ്യാറാക്കിയ ധാരണയുണ്ടായിരുന്നെന്നും എന്നാൽ പാർട്ടിയുമായി അവസാനിക്കാതെ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നുവെന്നും അ​ഗസ്തി വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി അം​ഗങ്ങൾക്കു വോട്ട് ചെയ്യാനുള്ള വിപ്പ് തയ്യാറായിരുന്നു. എന്നാൽ അവസാന നിമിഷമാണ് ഈ ധാരണ വേണ്ടെന്നു വയ്ക്കുന്നത്. ഇതിന്റെ കാരണമെന്തെന്നു തനിക്കറിയില്ലെന്നും അ​ഗസ്തി പറഞ്ഞു. അതേസമയം, പ്രസിഡന്റ് സ്ഥാനത്ത് 25 വർഷം പൂർത്തിയാക്കിയതിനാലാണ് രാജിയെന്നാണ് അ​ഗസ്തിയുടെ വാദമെങ്കിലും സിപിഐഎം സഹകരണത്തിലുള്ള എതിർപ്പു മൂലമാണെന്നാണ് സൂചന.

അതേസമയം, സിപിഐഎമ്മുമായി കൂട്ടുകൂടാനുള്ള കേരളാ കോൺ​ഗ്രസ് നീക്കത്തിൽ പാർട്ടിയിലെ പ്രബല കക്ഷിയായ ജോസഫ് വിഭാ​ഗത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് -എമ്മിന്റെ നീക്കം നിർഭാഗ്യകരമായി പോയെന്നായിരുന്നു പാർട്ടി വർക്കിങ് ചെയർമാൻ കൂടിയായ പി ജെ ജോസഫിന്റെ പ്രതികരണം.

പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾ സംബന്ധിച്ച് പാർട്ടിയിൽ ഇതുവരെ ചർച്ചയൊന്നും ഉണ്ടായിട്ടില്ല. പ്രാദേശിക തലത്തിൽ യുഡിഎഫുമായി യോജിച്ചുപോകാനായിരുന്നു ചരൽക്കുന്ന് ക്യാപിലെടുത്ത തീരുമാനമെന്നും പി ജെ ജോസഫ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാട് പാർട്ടിയിൽ ചർച്ച ചെയ്തിരുന്നില്ല. എൽഡിഎഫിൽ ചേരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടിലെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.

നേരത്തെ, മോന്‍സ് ജോസഫ് എംഎൽഎയും പാർട്ടിയുടെ നിലപാടിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കേരളാ കോൺ​ഗ്രസ് രാഷ്ട്രീയമായി വഞ്ചിച്ചെന്നു കോൺ​ഗ്രസ് പറയുന്നതിൽ തെറ്റില്ലെന്നായിരുന്നു മോൻസിന്റെ പ്രതികരണം. എംഎൽഎമാർ ഇക്കാര്യത്തിൽ തങ്ങളുടെ തീരുമാനം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നു പറഞ്ഞ മോൻസ് ജോസഫ് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാതെയാണ് സിപിഐഎമ്മിന്റെ പിന്തുണ സ്വീകരിക്കാൻ തീരുമാനം എടുത്തതെന്നും വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കങ്ങളിൽ തനിക്കും മകൻ ജോസ് കെ മാണിക്കും പങ്കില്ലെന്നായിരുന്നു ഇന്നലെ കെ എം മാണിയുടെ പ്രതികരണം. കേരളാ കോൺഗ്രസിനെ നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയും ദുർബലമായ പാർട്ടിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുകയാണ് കോട്ടയം ഡിസിസി. ഇതിൽ മനം മടുത്ത കോട്ടയം ജില്ലാപഞ്ചായത്തിലെ അംഗങ്ങൾ സ്വയം ചിന്തിച്ചെടുത്ത തീരുമാണ് ഇതെന്നും മാണി അവകാശപ്പെട്ടിരുന്നു.

‌മാണിയെ കോഴമാണിയെന്നും ബജറ്റ് കള്ളനെന്നും വിളിച്ചവരിൽ നിന്നുതന്നെ കേരളാ കോൺ​ഗ്രസ് പിന്തുണ സ്വീകരിച്ചതാണ് പാർട്ടിയം​ഗങ്ങൾക്കിടയിലും നേതാക്കൾക്കിടയിലും അതൃപ്തിയുണ്ടാക്കിയത്. മാത്രമല്ല, ബാർക്കോഴ കേസിലും ബജറ്റ് വിൽപ്പന ആരോപിച്ചും മാണിക്കെതിരെ നിരന്തരം നിയമസഭയ്ക്കകത്തും പുറത്തും വൻ പ്രക്ഷോഭങ്ങൾ നടത്തിയിരുന്ന സിപിഐഎം പഴയ നിലപാടിൽ നിന്നും പുറകോട്ടുപോയതിൽ എൽഡിഎഫിനുള്ളിലും അഭിപ്രായഭിന്നതയും വിമർശനവും രൂക്ഷ​മാണ്.

കോട്ടയം ജില്ലാ പഞ്ചായത്തിലെ സിപിഐ അം​ഗവും പാർട്ടി ജില്ലാ ഘടകവും സിപിഐഎം നീക്കത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. സിപിഐഎമ്മിന്റേത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നായിരുന്നു സിപിഐയുടെ കുറ്റപ്പെടുത്തൽ. ഇതുകൂടാതെ, സിപിഐ മുഖപ്പത്രമായ ജനയു​ഗവും സിപിഐഎമ്മിനെതിരെ ​രൂക്ഷ​ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. സിപിഐഎം അംഗങ്ങള്‍ കേരള കോണ്‍ഗ്രസിനെ വിജയിപ്പിക്കാനായി വോട്ട് ചെയ്തത് സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിയാത്ത രാഷ്ട്രീയ അധാര്‍മികതയും അവസരവാദവുമായെ വിലയിരുത്താനാവൂ എന്നായിരുന്നു ജനയു​ഗം മുഖപ്രസം​ഗത്തിലെ കൊട്ട്.

മാണി ബജറ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന പ്രതിഷേധം കേരളീയരുടെ മനസ്സില്‍ മായാത്ത ചിത്രമായി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നു മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. അത്തരമൊരു രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ ഘടകകക്ഷി തയ്യാറാവുമെന്ന് ജനാധിപത്യത്തിലും രാഷ്ട്രീയ ധാര്‍മികതയിലും വിശ്വസിക്കുന്ന കേരള ജനത സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ലെന്നും, കഴിഞ്ഞദിവസം കോട്ടയത്തു നടന്ന നീക്കങ്ങള്‍ എല്‍ഡിഎഫില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് വിശ്വസിക്കാനാവാത്ത ഇരുട്ടടിയും തികഞ്ഞ അവസരവാദപരവുമായ നീക്കവുമായേ  കാണാനാവൂയെന്നും മുഖപ്രസംഗം പറയുന്നു.

കേരളാ കോൺ​ഗ്രസിനു നൽകിയ പിന്തുണയിൽ യാതൊരു അധാർമികതയും ഇല്ലെന്നായിരുന്നു ഇന്നലെ സിപിഐഎം ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ അഭിപ്രായം. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ സംസ്ഥാന നേതൃത്വങ്ങൾ ആരും പ്രതികരിച്ചിട്ടില്ല. എന്തായാലും വരുംനിമിഷങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്കും ഭിന്നതകൾക്കും കേരളാ കോൺ​ഗ്രസ് (എം)-സിപിഐഎം സഖ്യം വഴി വയ്ക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.

തെലുങ്ക് സീരിയൽ നടൻ പ്രദീപ് കുമാർ ആത്മഹത്യ ചെയ്യുന്നതിനു മുൻപു ഭാര്യയുമായി വഴക്കിട്ടിരുന്നതായി പൊലീസ്. പ്രദീപ് ആത്മഹത്യ ചെയ്യുന്ന സമയത്ത് തൊട്ടടുത്ത മുറിയിൽ ഭാര്യ പവനി ഉണ്ടായിരുന്നു. ഭാര്യയുടെ സാരി ഉപയോഗിച്ചാണ് പ്രദീപ് തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുന്നതിനു ഏതാനും മണിക്കൂറുകൾ മുൻപ് ഭാര്യയുമായി പ്രദീപ് വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെയാണ് ഹൈദരാബാദിലെ അൽകാപുരി കോളനിയിലെ വസതിയിൽ പ്രദീപ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദീപിന്റ ഭാര്യയും സീരിയൽ നടിയുമായ പവനിയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

”പ്രദീപ് എന്തോ കാര്യം പറയുന്ന സമയത്ത് ഞാൻ മറ്റു ചില ജോലികൾ ചെയ്യുകയായിരുന്നു. ഇതദ്ദേഹത്തെ രോഷാകുലനാക്കി. ഇതേച്ചൊല്ലി ചെറിയ രീതിയിൽ വഴക്കുണ്ടായി. ഞാൻ ബാത്റൂമിൽ കയറി കതകടച്ചു. കുറേ കരഞ്ഞു. പ്രദീപ് മദ്യപിച്ചിട്ടുണ്ടായിരുന്നു. പ്രദീപിന്റെ മനസ്സ് ശരിയല്ലാത്തതിനാൽ അദ്ദേഹത്തെ ഒറ്റയ്ക്ക് വിടാമെന്നു കരുതി. ഞാൻ മറ്റൊരു മുറിയിൽ കയറുകയും ചെയ്തുവെന്നും” പവനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പുലർച്ചെ 4.30 ഓടെ പ്രദീപിനെ വിളിക്കാൻ പോയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ പ്രദീപിനെ പവനി കണ്ടത്. അതേസമയം, പവനിയുടെ സുഹൃത്ത് ശ്രാവൺ ഇവരുടെ കൂടെയാണ് താമസിച്ചിരുന്നത്. ഇതേച്ചൊല്ലി പ്രദീപ് പലപ്പോഴും പവനിയുമായി കലഹിച്ചിരുന്നതായും ഇരുവരുടെയും ചില സുഹൃത്തുക്കൾ പറഞ്ഞു.

കിളിമാനൂരില്‍ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തത് നിരന്തരമായ ലൈംഗികപീഡനത്തെതുടര്‍ന്നെന്നു റിപ്പോര്‍ട്ട്. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന  കിളിമാനൂർ പനപ്പാംകുന്ന് സ്വദേശിയായ ശ്രീറാമിനെ(20) കിളിമാനൂർ പോലീസ് അറസ്ററ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്ക് വിദ്യാർത്ഥിയാണ് ശ്രീറാം. ഏപ്രിൽ 21 നാണ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചത്. കുടുംബകലഹത്തെത്തുടർന്ന് ജീവനൊടുക്കിയെന്നായിരുന്നു പോലീസിൻെറ ആദ്യ നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥിനി നിരന്തരം ലെെംഗിക പീഡനത്തിനിരയായിരുന്നതായി പറയുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ രൂപം കൊടുത്ത പ്രത്യേക സേന ആയിരുന്നു ആന്റി റോമിയോ സ്‌ക്വാഡ്. പൂവാല ശല്യം ഇല്ലാതാക്കാനും സ്ത്രീ സുരക്ഷക്കും എന്ന പേരിലായിരുന്നു സ്‌ക്വാഡിന് രൂപം നല്‍കിയതെങ്കിലും ഫലത്തില്‍ സ്ത്രീകള്‍ക്കും കമിതാക്കള്‍ക്കും എന്തിനേറെ സഹോദരി സഹോദരന്‍മാര്‍ക്കും സ്വതന്ത്രമായി വഴി നടക്കാനുള്ള അവകാശത്തെ ഹനിക്കുകയാണ് ഇവര്‍ ചെയ്തത്. ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് കണ്ടാല്‍ തടഞ്ഞുനിര്‍ത്തുകയും അസഭ്യവര്‍ഷം നടത്തുകയും മര്‍ദിക്കുകയും ചെയ്ത് സ്വയം ന്യായാധിപന്‍മാര്‍ ചമയുകയാണ് ഇക്കൂട്ടര്‍. സ്‌ക്വാഡ് നിലവില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇക്കൂട്ടര്‍ക്കെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ ആളിക്കത്തലും കഴിഞ്ഞ ദിവസമുണ്ടായി. ആന്റി റോമിയോ സ്‌ക്വാഡുകാരുടെ ശല്യം സഹിക്കവയ്യാതിരിക്കെയാണ് യുവതിയെ നടുറോഡില്‍ ചോദ്യം ചെയ്യാന്‍ എത്തിയ ആളെ നാട്ടുകാര്‍ കൈകാര്യം ചെയ്തത്. കാവി ഷാള്‍ കഴുത്തിലിട്ട് ബൈക്കിലെത്തിയ ഇയാള്‍ യുവതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ യുവതി ചെരുപ്പൂരി അടിച്ചു. ഇതിനു പിന്നാലെ നാട്ടുകാരും ഇയാളെ കൈവച്ചു. ജാസ് ഒബ്രോയ് എന്നയാളാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.

വൈദ്യുതി കമ്പികളിലും പോസ്റ്റുകളിലും, ട്രാഫിക് ലൈറ്റുകളിലും തട്ടി വിമാനം നിരവധി വാഹനങ്ങൾക്കു മുകളിലൂടെ തകർന്നു വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്തു വന്നു. വാഷിങ്ടണിലെ മകിൽടെയോയിൽ ഇന്നലെയായിരുന്നു സംഭവം. പൈൻ ഫീൽഡ് വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന  ഒറ്റ എൻജിൻ വിമാനമാണ് എൻജിൻ തകരാറിനെ തുടർന്ന് അപകടത്തിൽ പെട്ടത്. ഈ സമയം ഇതേ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കാറിന്റെ ഡാഷ് കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. തീയും പുകയും ഉയർന്നതോടെ വാഹനത്തിനുള്ളിൽ വരെ ചൂട് അനുഭവപ്പെട്ടതായി കാർ ഡ്രൈവർമാർ പറഞ്ഞു. നിരവധി വാഹനങ്ങൾക്ക് കേടു പറ്റിയിട്ടുണ്ട്. ഇന്ധനടാങ്ക് തകർന്നതാണ് സ്ഫോടനത്തിനിടയാക്കിയത്. എന്നാൽ പൈലറ്റും സഹയാത്രികരും അപകട സ്ഥലത്തു നിന്നു നടന്നു പോകുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ല.

തെലുങ്ക് സീരിയല്‍ താരം പ്രദീപ് കുമാര്‍ (29) ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അല്‍കാപുരി കോളനിയിലെ വസതിയിലാണ് പ്രദീപിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് പ്രദീപ് കുമാറിന്റെ മൃതദേഹം കണ്ടത്.

ഭാര്യയും സുഹൃത്തുമാണ് പ്രദീപിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭാര്യയുമായി കഴിഞ്ഞ ദിവസം പ്രദീപ് കലഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്ക് കടബാധ്യത ഉണ്ടായിരുന്നുവെന്നും കുടുംബവുമായി അകല്‍ച്ചയിലായിരുന്നുവെന്നും പറയപ്പെടുന്നു. തെലുങ്ക് സീരിയല്‍ താരം പവനി റെഡ്ഡിയാണ് പ്രദീപിന്റെ ഭാര്യ. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. സപ്ത മാത്രിക, അഗ്നിപൂവുലു തുടങ്ങിയവയാണ് പ്രദീപിന്റെ പ്രധാനപ്പെട്ട സീരിയലുകള്‍. അഗ്നിപൂവുലുവില്‍ പവനി റെഡ്ഡിയും അഭിനയിച്ചിട്ടുണ്ട്. പോലീസ്, അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് കുട്ടികള്‍ എന്ന പോലെ തന്നെ കൗമാരക്കാരും, യുവാക്കളും അടിമപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. നിരവധി ഗെയിമുകള്‍ സമയം കൊല്ലിയായി പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും മനുഷ്യനെ കൊല്ലുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബ്ലൂ വെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ വരെ തുനിയുമെന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്ലൂ വെയ്ല്‍ ഗെയിം(നീലത്തിമിംഗലം) എന്നാണ് ഇതിന്റെ പേര്. കൗമാരക്കാരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് ഈ അതിഭീകര ഗെയിം.അമ്പത് ദിവസം നീണ്ടുനില്‍ക്കുന്നതാണിത്. ഏറ്റവും ഒടുവില്‍ മത്സരാര്‍ത്ഥിയെ ജീവത്യാഗത്തിന് വെല്ലുവിളിക്കുക, ഇതാണ് രീതി. നൂറിലധികം കൗമാരക്കാരാണ് ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഇരകളായി റഷ്യയില്‍ മാത്രം ജീവിതം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൗമാരക്കാരെ ആകര്‍ഷിച്ച് ഗെയിമില്‍ പങ്കാളികളാക്കി ഒടുവില്‍ ആത്മഹത്യ ചെയ്യിക്കുകയാണ് ഇവരുടെ രീതി. എന്താണ് ഇവരുട ലക്ഷ്യം എന്ന് ഇപ്പോഴും വ്യക്തമല്ല.ഏത് രാജ്യത്ത് നിന്നാണ് ബ്ലൂ വെയ്ല്‍ ഗെയിം ഓപ്പറേറ്റ് ചെയ്യുന്നത് എന്ന കാര്യത്തിലും ഇപ്പോഴും സ്ഥിരീകരണമില്ല. പക്ഷേ ഇവര്‍ ലക്ഷ്യമിടുന്നത് കൗമാരക്കാരായ കുട്ടികളെയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സീക്രട്ട് ഗ്രൂപ്പ് ആയിട്ടാണ് ഇവര്‍ പ്രത്യക്ഷപ്പെടുക. ഗ്രൂപ്പിലെ അംഗങ്ങള്‍ക്കായിട്ടാണ് മത്സരങ്ങള്‍. ഹൊറര്‍ സിനിമകളില്‍ തുടക്കം.

ഹൊറര്‍ സിനിമകള്‍ ഒറ്റയ്ക്ക് കാണാനാകുമോ എന്ന വെല്ലുവിളിയാണ് ആദ്യ ഘട്ടം. അത് പൂര്‍ത്തിയാക്കിയാല്‍ പിന്നെ ശരീരത്തില്‍ സ്വയം മുറിവേല്‍പിക്കല്ലാണ് അടുത്ത് പരിപാടി. സ്വയം മുറിവേല്‍പിച്ചാല്‍ മാത്രം പോര, അതിന്റെ ചിത്രങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും വേണം. തിമിംഗലത്തിന്റെ രൂപത്തില്‍ ശരീരത്തില്‍ മുറിവേല്‍പിച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.

അമ്പത് ദിവസങ്ങള്‍ നീളുന്ന, അമ്പത് ഘട്ടങ്ങളാണത്രെ ഇതില്‍ ഉള്ളത്. ഏറ്റവും ഒടുവില്‍ സ്വയം ജീവനെടുക്കാനായിരിക്കും വെല്ലുവിളി. അത് കേട്ട് അനേകം കുട്ടികള്‍ ഇതിനകം തന്നെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015-2016 വര്‍ഷങ്ങളില്‍ റഷ്യയില്‍ നടന്ന കുട്ടികളുടെ ആത്മഹത്യത്തില്‍ 130 എണ്ണം ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായിട്ടാണോ എന്ന സംശയം ആണ് ഇപ്പോള്‍ ഉയരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു നീലത്തിമിംഗലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം ആണ് യൂലിയ കോണ്‍സ്റ്റാന്റിനോവ എന്ന 15 കാരി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നില്‍ ബ്ലൂ വെയ്ല്‍ ഗെയിം തന്നെ ആണെന്ന് സംശയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ട്.

ഒറ്റ നോട്ടത്തില്‍ ശ്രദ്ധയില്‍ പെടുന്നതല്ല ഈ ഗെയിം എന്നതാണ് ഏറ്റവും ഭീകരം. കുട്ടികള്‍ ഈ സംഘത്തിന് കീഴ്‌പ്പെട്ടോ എന്ന കാര്യം രക്ഷിതാക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല. റഷ്യയില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും ഈ ഗൂഢവിനോദവുമായി ബ്ലൂ വെയ്‌ലിന്റെ ഇന്റര്‍നെറ്റ് ശൃംഖല പരന്നുകിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അശ്ലീല’ ചിത്രം ഷെയര്‍ ചെയ്തതിന് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. കൃഷ്ണ സന്ന തമ്മ നായിക് എന്ന ഓട്ടോഡ്രൈവറാണ് അറസ്റ്റിലായത്.

ദി ബല്‍സേ ബോയ്‌സ് എന്ന പേരില്‍ നായിക് ഒരു ഗ്രൂപ്പുണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പിലാണ് ഗ്രൂപ്പ് അംഗമായ ഗണേശ് നായിക് ചിത്രം പോസ്റ്റ് ചെയ്തത്.

ഗ്രൂപ്പിലെ മറ്റൊരു അംഗമായ മഞ്ജുനാഥാണ് മുര്‍ദേശ്വര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഐടി ആക്ട് പ്രകാരമാണ് നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ബാലകൃഷ്ണ നായിക് ഒളിവിലാണ്.

പ്രധാനമന്ത്രി മോദിക്കെതിരായ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇതാദ്യമായാണ് ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റിലാകുന്നത്.

കോണ്‍ഗ്രസ് മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്ന് കെ.എം മാണി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ തീരുമാനമെടുത്തത് അംഗങ്ങളാണ്. തനിക്കോ ജോസ് കെ. മാണിക്കോ ഇതില്‍ പങ്കില്ല. അംഗങ്ങള്‍ എടുത്ത തീരുമാനത്തെ തളളിപ്പറയില്ല. സി.പി.എമ്മിനോട് ചര്‍ച്ച നടത്തിയിട്ടില്ല. അങ്ങോട്ട് പോകുന്നുമില്ലെന്ന് കെ.എം.മാണി പറഞ്ഞു.

പാര്‍ട്ടിക്ക് ശക്തിയില്ലെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് കോട്ടയത്ത് നടപ്പാക്കിയതെന്ന് കേരള കോണ്‍ഗ്രസ്. കരാര്‍ ലംഘനത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

സിപിഎമ്മിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ അട്ടിമറിച്ച് കേരള കോണ്‍ഗ്രസ് എം. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. കോണ്‍‌ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാമെന്ന് കരാറുണ്ടാക്കിയശേഷം നാടകീയമായാണ് കേരള കോണ്‍ഗ്രസ് അട്ടിമറി നടത്തിയത്.

ഇരുപത്തിരണ്ട് അംഗങ്ങളുള്ള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സിപിഎം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് സക്കറിയാസ് കുതിരവേലി പ്രസിഡന്റാകുകയും ചെയ്തു. സിപിഎമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സിപിഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കി.

അപ്രതീക്ഷിതമായി തിരിച്ചടിയില്‍ രോഷാകുലരായ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസുമായുള്ള അവശേഷിക്കുന്ന ബന്ധവും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

കെ എം മാണി നെറികേടിന്റെ പര്യായമെന്ന് കെ.മുരളീധരന്‍. ഇന്ന് സിപിഎം പിന്തുണ തേടിയവര്‍ നാളെ മോദിയുടെ പിന്തുണ തേടും. തല്ലുന്നവരുടെ കൈ തലോടാനാണ് മാണിക്കിഷ്ടം. തോന്നുമ്പോള്‍ വന്നുപോകാനുള്ള വഴിയമ്പലമല്ല യു ഡി എഫ്. കാക്ക മലര്‍ന്ന് പറന്നാലും മാണിയും ജോസ് കെ മാണിയും ഇനി യു ഡി എഫിലുണ്ടാകില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ആംബുലൻസ് കിട്ടാത്തതിനാൽ മൂന്നുവയസ്സുകാരന്റെ മൃതദേഹം പിതാവ് സർക്കാർ ആശുപത്രിയിൽ നിന്നു വീട്ടിലെത്തിച്ചത് വഴിയാത്രക്കാരന്റെ ബൈക്കിൽ. ആനേക്കൽ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അസം സ്വദേശികളായ ദമ്പതികളുടെ മകൻ റഹിം ആണ് മുറ്റത്തു കളിച്ചുകൊണ്ടിരുന്നതിനിടെ ബൈക്കിടിച്ച് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് മൃതദേഹവുമായി പിതാവ് പുറത്തിറങ്ങിയെങ്കിലും ആംബുലൻസ് കിട്ടാതെ വന്നതോടെ ഇതുവഴി വന്ന ബൈക്ക് യാത്രികന്റെ സഹായം തേടുകയായിരുന്നു. ദൃക്‌സാക്ഷികളിൽ നിന്നുള്ള വിവരമനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മൃതദേഹം വീണ്ടും ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

സംഭവത്തിൽ ആശുപത്രി അധികൃതർക്കു വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നതോടെ വി.എസ്. ഉഗ്രപ്പയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം അപകട സ്ഥലവും ആശുപത്രിയും സന്ദർശിച്ചു. അപകടമരണം യഥാസമയം പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല, ആംബുലൻസ് സൗകര്യം ഒരുക്കിയില്ല, ആശുപത്രിയിൽ വേണ്ടത്ര സെക്യൂരിറ്റി ജീവനക്കാരെ ഏർപ്പെടുത്തിയില്ല, സിസി ക്യാമറകൾ സ്ഥാപിച്ചില്ല തുടങ്ങി ഒട്ടേറെ വീഴ്ചകൾ ആശുപത്രിക്കു സംഭവിച്ചതായും കണ്ടെത്തി.

ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും താലൂക്ക് ഹെൽത്ത് ഓഫിസർ ഡോ. ജ്ഞാനപ്രകാശിനെ സസ്പെൻഡ് ചെയ്യാൻ ജില്ലാ ഹെൽത്ത് ഓഫിസർക്കു നിർദേശം നൽകിയെന്നും വി.എസ്. ഉഗ്രപ്പ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാനുള്ള വിദഗ്ധ സമിതി അധ്യക്ഷനാണ് അദ്ദേഹം.

കുട്ടിയെ ഇടിച്ച ശേഷം നിർത്താതെ പോയ ബൈക്ക് യാത്രികനായി അന്വേഷണം തുടങ്ങിയെന്ന് ബെംഗളൂരു റൂറൽ എസ്പി അമിത് സിങ് പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന ആരോപണത്തിന് ആക്കം കൂട്ടുന്ന രണ്ടാമത്തെ സംഭവമാണിത്. തുമകൂരു കോടിഗെനഹള്ളി സർക്കാർ ആശുപത്രിയിൽ ചികിൽസയ്ക്കിടെ മരിച്ച മകളുടെ മൃതദേഹം പിതാവ് മോപ്പഡിൽ വീട്ടിലെത്തിച്ച സംഭവം രണ്ടുമാസം മുൻപാണുണ്ടായത്.

Copyright © . All rights reserved