തിരുവനന്തപുരത്തെ വിദേശമലയാളിയുടെ വീട്ടില്‍ നടത്തിയ കവര്‍ച്ചയില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ എന്ന ദേവീന്ദര്‍സിങ്(44) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞെന്ന് കോടതി പറഞ്ഞു. സ്ഥിരം മോഷ്ടാവായതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കണമെന്ന് പ്രോസികൃൂഷനു വേണ്ടി ഹാജരായ അഡ്വ റെക്സ് കോടതിയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഏപ്രില്‍ 22 ന് ശിക്ഷ വിധിക്കും.
പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂരാണ് ബണ്ടിചോറിനു വേണ്ടി കോടിതിയില്‍ ഹാജരായത്. തിരുവന്തപുരത്തെ വിദേശമലയാളിയായ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയതിനുശേഷമാണ് ബണ്ടി ചോര്‍ കേരളീയര്‍ക്ക് പരിചിതമാകുന്നത്. 2013 ജനുവരിയ 20 നാണ് കെ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ കയറി മിസ്തുബിഷി ഔട്ട് ലാന്‍ഡര്‍ കാറും, ഫോണും, ഡിവിഡി പ്ലേയറും സ്വര്‍ണവുമുള്‍പ്പെടെ 29 ലക്ഷം രൂപ വിലയുള്ള വസ്തുക്കള്‍ പ്രതി മോഷ്ടിച്ചത്. മോഷണ മുതലുമായി ബണ്ടി ചോര്‍ കടന്നുകളയുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം പൊലീസ് ഇയാളെ കര്‍ണാടകയില്‍ നിന്നാണ് പിടികൂടിയത്.
ഹൈടെക്ക് മോഷ്ടാവായാണ് ബണ്ടി ചോര്‍ അറിയപ്പെടുന്നത്. 300 ഓളം മോഷണകേസുകളില്‍ പ്രതിയാണ് ബണ്ടിചോര്‍. ആഡംബര വസ്തുക്കളാണ് ബണ്ടി ചോര്‍ കൂടുതലായും മോഷ്ടിച്ചിരുന്നത്. പൊലീസ് ബണ്ടിചോറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചെന്നൈ, ബാംഗ്ലൂര്‍, ചണ്ഡിഗണ്ഡ് എന്നീ നഗരങ്ങളില്‍ നിരവധി മോഷണം ബണ്ടിചോര്‍ നടത്തിയിട്ടുണ്ട്.
ജർമ്മൻ ഫുട്ബോൾ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് ടീമിന് നേരെ ആക്രണം. ഫുട്ബോള്‍ ടീം സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കിയായിരുന്നു സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരു താരത്തിന് ഗുരുതരമായി പരുക്കേറ്റു. ബൊറൂസിയയുടെ പ്രതിരോധനിര താരം മാര്‍ക് ബാര്‍ട്രക്കാണ് പരുക്കേറ്റത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാര്‍ത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനൽ മത്സരം ഇന്നത്തേക്ക് മാറ്റി.
ആരാണ് ആക്രമണം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ടീം താമസിച്ചിരുന്ന ഹോട്ടലിനു സമീപം മൂന്നു തവണ സ്ഫോടനം ഉണ്ടായി.ടീമിനെ ലക്ഷ്യം വച്ചു തന്നെയായിരുന്നു ആക്രമണമെന്നാണ് ജര്‍മന്‍ പോലീസ് പറയുന്നത്. വൈകുന്നേരം 7.15ഓടെയായിരുന്നു മൂന്നു സ്ഫോടനങ്ങളും നടന്നത്. സംഭവസ്ഥലത്തു നിന്നും ഒരു കത്ത് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, കത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
On a troubling night, Borussia Dortmund fans earned the respect of football fans everywhere with a classy gesture.https://t.co/JD31GJpG6G pic.twitter.com/KMZkUTbS5E
— BBC Sport (@BBCSport) April 12, 2017
ജുബൈൽ: നടുക്കടലില്‍ മത്സ്യ ബന്ധന ബോട്ട് മുങ്ങി രണ്ട് ഇന്ത്യക്കാർ മരിച്ചു. അപകടത്തെ തുടര്‍ന്ന്‍ ഒരാളെ കാണാതാകുകയും മറ്റൊരാൾ രക്ഷപ്പെടുകയും ചെയ്തു. അഞ്ച് ദിവസത്തെ മത്സ്യ ബന്ധനത്തിനായി ജുബൈൽ കടൽ തീരത്ത് നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ടാണ് നടുക്കടലിൽ മുങ്ങിയത്. അതിശക്തമായ കാറ്റിൽ നിയന്ത്രിക്കാൻ കഴിയാതെ ബോട്ട് മുങ്ങുകയായിരുന്നെന്ന് രക്ഷപ്പെട്ട ഈജിപ്ത് പൗരൻ പറഞ്ഞു.
തകർന്ന ബോട്ടിന്റെ മരക്കഷ്ണത്തിൽ രണ്ടുദിവസം പിടിച്ചു നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തീര സംരക്ഷണ സേനയാണ് പെട്രോളിങ്ങിനിടെ ബോട്ട് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ, സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ ഡിപ്പാർട്മെൻറിൽ വിവരമറിയിച്ചു. സംഭവസ്ഥലത്ത് കുതിച്ചെത്തിയ വിദഗ്ധ സംഘം വിവിധ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് തീവ്ര രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷപ്പെട്ടയാളിൽ നിന്നാണ് സംഭവത്തിന്റെ വിശദാംശങ്ങൾ വ്യക്തമായത്.
മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. തീര സംരക്ഷണ സേനയുടെ നേതൃത്വത്തിൽ കാണാതായ ഇന്ത്യക്കാരനായ മത്സ്യത്തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കണ്ടെടുത്ത രണ്ടു മൃതദേഹങ്ങൾ ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനത്തോളംപേര്‍ വോട്ടുരേഖപ്പെടുത്തി. മന്ദഗതിയിലാണ് വോട്ടെടുപ്പ് തുടങ്ങിയതെങ്കിലും ബൂത്തുകളിലേക്ക് കൂടുതല്‍ വോട്ടര്‍മാര്‍ എത്തിക്കൊണ്ടിരിക്കുന്നു. വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് 11 ബൂത്തുകളില്‍ വോട്ടിങ് തുടങ്ങാന്‍ വൈകി. വോട്ടിങ് യന്ത്രം മാറ്റി സ്ഥാപിച്ചശേഷമാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങിയത്. മണ്ഡലത്തിലെ പ്രമുഖരും രാവിലെ തന്നെ വോട്ടുചെയ്തു .
13.12 ലക്ഷം വോട്ടര്‍മാര്‍ക്കായി ഒരുക്കിയിരിക്കുന്നത് 1175 ബൂത്തുകളാണ്. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. വോട്ടെണ്ണല്‍ തിങ്കളാഴ്ച. പ്രമുഖര്‍ വോട്ടുചെയ്തു. പാണക്കാട് ഹൈദരലി തങ്ങള്‍ പാണക്കാട് എഎംയുപി സ്കൂളില്‍ വോട്ടുചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടിയും ഇതേ സ്കൂളില്‍ വോട്ടുരേഖപ്പെടുത്തി. ടി.കെ. ഹംസ മഞ്ചേരി മുള്ളമ്പാറഎഎംയുപി സ്കൂളില്‍ വോട്ടുരേഖപ്പെടുത്തി
യു.ഡി.എഫിന് നല്ല ഭൂരിപക്ഷമുണ്ടാകുമെന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞു. പോളിങ് ശതമാനം കുടുമെന്നും അത് ഗുണംചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 2004ലെ ഫലം ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് ടി.കെ. ഹംസ പറഞ്ഞു.
നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതിയുടെ ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ മൊഴി പുകമറയെന്ന് പൊലീസ്. തന്നെ ഒറ്റപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചെന്ന് പ്രതി കേഡല്‍ ജീൻസൺ രാജ മൊഴി നൽകി. അവഗണനയില്‍ മനംമടുത്താണ് കൊലപാതകമെന്നും അത്മഹത്യയായിരുന്നു ലക്ഷ്യമെന്നും കേഡല്‍ മൊഴി നൽകി.
നാലുപേരെയും താനാണു കൊലപ്പെടുത്തിയതെന്നു കാഡൽ ജീൻസൺ രാജ പൊലീസിനോടു ആദ്യ തന്നെ പറഞ്ഞിരുന്നു. എന്നാൽ മനസ്സിനെ ശരീരത്തിൽ നിന്നു വേർപെടുത്തുന്ന ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷണം പൊലീസ് വിശ്വസിച്ചിരുന്നില്ല. പരസ്പര വിരുദ്ധമായാണു പല ചോദ്യങ്ങൾക്കും ഉത്തരം നൽകിയത്. മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പ്രതിയുടെ മാനസിക അവസ്ഥ സാധാരണ നിലയിലല്ലെന്നാണു പൊലീസ് നിഗമനം.
കുറ്റബോധം തെല്ലുമില്ലാതെയാണു കൂട്ടക്കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം പ്രതി അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്. മനസ്സിനെ ശരീരത്തിൽ നിന്നു വേർപെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷൻ എന്ന പരീക്ഷണമാണു താൻ നടത്തിയതതെന്ന് ഒരിക്കൽ പറഞ്ഞു. എന്തിനാണു താൻ ഈ കൊലപാതകങ്ങൾ നടത്തിയതെന്നു പൊലീസിനോടു ചോദിച്ച് ഉത്തരം കണ്ടെത്താനാണു ചെന്നൈയിൽ നിന്നു തിരികെ വന്നതെന്നു മറ്റൊരിക്കൽ പറഞ്ഞു. ഇയാളുടെ ഉത്തരങ്ങളും ചോദ്യങ്ങളും അന്വേഷണ സംഘത്തെപ്പോലും ഒരുവേള ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷണ ഘട്ടത്തിലെത്തിച്ചുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരേ ദിവസമാണു കൊലപാതകങ്ങളെന്നാണു കാഡലിന്റെ മൊഴി. പക്ഷേ, വീട്ടുജോലിക്കാരിയുടെയും അയൽവാസികളുടെയും മൊഴി ഇതിനു വിരുദ്ധമാണ്.
ബുധനാഴ്ചയാണു മൂന്നുപേരെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹങ്ങൾ സ്വന്തം മുറിയിലെ കുളിമുറിയിലിട്ടു കത്തിച്ചെന്നു പ്രതി സമ്മതിച്ചു.
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നതായി ഉയര്‍ന്ന ആരോപണത്തിനു പിന്നാലെ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ ബ്രെക്‌സിറ്റ് ഹിതപരിശോധനയിലും നടന്നതായി ആശങ്ക ഉയരുന്നു. വോട്ടര്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് തകര്‍ന്നതിനു പിന്നില്‍ റഷ്യയോ ചൈനയോ ഇടപെട്ടിരിക്കാമെന്ന ആശങ്കയാണ് ഉയരുന്നത്. കോമണ്‍സ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ അഫയേഴ്‌സ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിദേശ രാജ്യങ്ങള്‍ ഹിതപരിശോധനയില്‍ ഇടപെട്ടതായുള്ള ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.
ആരാണ് ആക്രമണത്തിന് ഉത്തരവാദി എന്നത് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത്തരം ആക്രമണങ്ങള്‍ നടത്തി ജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാന്‍ ഈ രാജ്യങ്ങള്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍, ഫ്രഞ്ച് തെരഞ്ഞെടുപ്പുകളില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങളാണ് എംപിമാരുടെ ആശങ്കയ്ക്ക് അടിസ്ഥാനം. ജൂണ്‍ 7നായിരുന്നു സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വോട്ടര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി. എന്നാല്‍ സമയം അവസാനിക്കുന്നതിനു 100 മിനിറ്റ് മുമ്പ് വെബ്‌സൈറ്റ് തകര്‍ന്നതുമൂലം രജ്‌സ്‌ട്രേഷനായുള്ള സമയപരിധി വീണ്ടും നീട്ടേണ്ടി വന്നു.
അവാസന ദിവസം അഞ്ച് ലക്ഷത്തിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയതാണ് സൈറ്റ് തകരാന്‍ കാരണമെന്നായിരുന്നു അന്ന് വിശദീകരിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച പുറത്തു വിട്ട വിവരമനുസരിച്ച് സൈറ്റില്‍ കൃത്രിമമായി തിരക്ക് സൃഷ്ടിക്കാന്‍ ദോഷകരമായ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിതപരിശോധനയുടെ ഫലത്തെ അത് നേരിട്ട് സ്വാധീനിക്കുന്നില്ലെങ്കിലും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് കമ്മിറ്റി വിലയിരുത്തുന്നു.
തമിഴ്നാട്ടിലെ സേലത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു.കോട്ടയം ഏന്തയാർ സ്വദേശികളായ കൊല്ലംപറമ്പിൽ ബിനു (42) മാതാവ് വത്സമ്മ (70, സുഹൃത്ത് കൈപ്പടക്കുന്നേൽ ജോൺസൺ (21) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ്. സേലം ധർമ്മപുരിയ്ക്ക് 25 കിലോമീറ്റർ അകലെയായാണ് അപകടം ഉണ്ടായത്.
ഏന്തയാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനുവാണ് വാഹനം ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.
ബിനുവിന്റെ മാതൃസഹോദരന്റെ വീട്ടിൽപ്പോയി മടങ്ങി വരും വഴിയാണ് അപകടം. വാഹനത്തിൽ ബിനുവിന്റെ മകളടക്കം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നുവെങ്കിലും ഇവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹങ്ങൾ ധർമ്മപുരി ആശുപത്രിയിൽ.
സഞ്ജുവിന്റെ മികവില്‍ 206 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് റൈസിങ് പുണെ സൂപ്പര്‍ ജയന്റിനെ 97 റണ്‍സിന് തകര്‍ത്തു. 102 റണ്‍സെടുത്ത സഞ്ജുവിന് പുറമെ 9 പന്തില്‍ 38 റണ്‍സെടുത്ത ക്രിസ് മോറിസും ബാറ്റിങില്‍ തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെ 108 റണ്‍സിന് പുറത്തായി. 20 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പുണെയുടെ ടോപ് സ്കോററായത്. ഡല്‍ഹിക്ക് വേണ്ടി സഹീര്‍ ഖാനും അമിത് മിശ്രയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
കൃഷിമന്ത്രിയെ കാണാന്‍ പോയ ഡിജിപി: മുഹമ്മദ് യാസിന് അബദ്ധംപറ്റി. കൃഷിമന്ത്രിയെ തേടി ഡിജിപി പോയത് റവന്യുമന്ത്രിയുടെ വീട്ടിലേക്ക്. റവന്യു മന്ത്രിയെ കൃഷിമന്ത്രിയായി തെറ്റിദ്ധരിക്കുകയായിരുന്നു. ഇ. ചന്ദ്രശേഖരനോട് സുനില്‍കുമാര്‍ അല്ലേയെന്ന് ചോദിക്കുകയും ചെയ്തു. ഇത്ര പിടിയില്ലാത്തവരോ ഇന്റലിജന്‍സ് മേധാവിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പിന്നീട് മാധ്യമങ്ങളോടു പ്രതികരിച്ചു. താന്‍ വിളിച്ചിട്ടല്ല ഡിജിപി വന്നതെന്നും മന്ത്രി പറഞ്ഞു. ഡ്രൈവര്‍ക്ക് പറ്റിയ അബദ്ധമെന്ന് ഡിജിപി സംഭവത്തോടു പ്രതികരിച്ചു. ഡ്രൈവര്‍ വീട് മാറി കൊണ്ടുചെല്ലുകയായിരുന്നെന്നു മുഹമ്മദ് യാസിൻ പറഞ്ഞു.
ദുബായ്: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നിയമക്കുരുക്കിലായി ദുബായ് ജയിലിടയ്ക്കപ്പെട്ട പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു ജയില്‍ മോചിതയായി. 5 കോടിയില്‍ താഴെയുള്ള ഇടപാടുകളുടെ പേരിലായിരുന്നു മഞ്ജു ജയിലില്‍ അടക്കപ്പെട്ടത്. ഈ കേസുകള്‍ ഒത്തുതീര്‍പ്പായതോടെയാണ് മഞ്ജുവിന്റെ മോചനം സാധ്യമായത്. യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ കുടിശിക വരുത്തിയാതോടെയാണ് ബാങ്കുകള്‍ നിയമനടപടി സ്വീകരിക്കാന്‍ തുടങ്ങിയതും രാമചന്ദ്രന്‍ ജയിലിലായതും. അതിന് മുന്നേ തന്നെ ചെക്ക് മടങ്ങിയ കേസില്‍ മഞ്ജു ജയിലിലായിക്കഴിഞ്ഞിരുന്നു.
നിസാര തുകയുടെ പേരില്‍ മകള്‍ ജയിലിലായിട്ടും പിതാവ് ഇടപെടാതിരുന്നതാണ് ബാങ്കുകള്‍ രാമചന്ദ്രന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കാന്‍ കാരണമായത്. അപ്പോഴേക്കും അദ്ദേഹം കടക്കെണിയില്‍ അകപ്പെട്ടിരുന്നു. അതിലാണ് അദ്ദേഹത്തിന് മകളെ രക്ഷിക്കാന്‍ കഴിയാതിരുന്നത്. മഞ്ജുവിന്റെ ജയില്‍ മോചനം രാമചന്ദ്രന്റെ കുടുംബത്തിന് ഏറെ ആശ്വാസമായിരിക്കുകയാണ്. രാമചന്ദ്രന്റെ മോചനത്തിനായി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ വിവിധ ബാങ്കുകളുമായി ചര്‍ച്ച നടത്തി വരികയാണ്. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ അധികം താമസിക്കാതെ രാമചന്ദ്രനും ജയില്‍ മോചിതനാകുമെന്നാണ് പ്രതീക്ഷ.