പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അന്തിമ തിരഞ്ഞെടുപ്പില്‍ എന്‍മാര്‍ഷെയുടെ ഇമ്മാനുവല്‍ മാക്രോണിന് വിജയം. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് പ്രചാരണ രഹസ്യങ്ങള്‍ ചോര്‍ന്നെങ്കിലും ഏവരും പ്രതീക്ഷിച്ചിരുന്ന വിജയം സ്വന്തമാക്കാന്‍ മാക്രോണിന് കഴിഞ്ഞു.  ഇതോടെ എലിസീ കൊട്ടാരത്തിലെ പ്രായം കുറഞ്ഞ പ്രസിഡന്റായി മാക്രോണ്‍ സ്ഥാനമേല്‍ക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം വ്യാഴായ്ചയുണ്ടാകും. തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 65.8 ശതമാനം വോട്ടുകള്‍ മാക്രോണ്‍ നേടി.

എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ മറീ ലിയു പെന്നിന് 34.2 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. തിരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകള്‍ വന്നപ്പോള്‍ തന്നെ ഫ്രാന്‍സില്‍ മാക്രോണ്‍ അനുയായികള്‍ ആഹ്ലാദ പ്രകടനം തുടങ്ങിയിട്ടുണ്ട്. തീവ്ര വലതുപക്ഷവും മിതവാദിപക്ഷവും തമ്മില്‍ നടന്ന തിരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്നു. ഫ്രാന്‍സിനു പുറമെ യൂറോപ്പിന്റെ കൂടി ഭാവിയില്‍ നിര്‍ണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അന്തിമവുമായ ഘട്ടം ആണ് ഇന്നു പൂര്‍ത്തിയായത്.