Latest News

നടി അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. സ്കൂട്ടറിൽ പോകുന്നതിനിടെ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയൽ താരം ​ഗോപിക അനിലാണ് അപകടവാർത്ത പുറത്തുവിട്ടത്. ചികിത്സാ സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് കുറിപ്പ്.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ എന്റെ സുഹൃത്ത് അരുന്ധതി നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെന്റിലേറ്ററില്‍ ജീവന് വേണ്ടി പോരാടുകയാണ് അവള്‍. ആശുപത്രിയിലെ ദിവസേനയുള്ള ചിലവ് താങ്ങാവുന്നതിനും അപ്പുറമാണ്. ഞങ്ങള്‍ക്ക് പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ നിലവിലെ ആശുപത്രി ചിലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കുടുംബത്തിന് ആശ്വാസമാകും.- ഗോപിക അനില്‍ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്.

തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്. 2018ൽ പുറത്തിറങ്ങിയ ഒറ്റക്കൊരു കാമുകൻ എന്ന സിനിമയിൽ ഷൈൻ ടോമിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആയിരം പോർകാസുകൾ ആണ് അവസാനമായി അഭിനയിച്ച ചിത്രം.

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത് ‘ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘കത്തനാരിൽ’ പ്രഭുദേവ ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ അണിയറ പ്രവർത്തകർ സഹൃദയം സ്വീകരിച്ചു. ബൈജു ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

“ഒരു മലയാള സിനിമാക്കായി പ്രഭുദേവ എത്തുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഒട്ടനവധി സിനിമകളുടെ ഭാ​ഗമായ അദ്ദേഹം നമ്മുടെ ഈ സിനിമയിൽ അഭിനയിക്കുന്നത് സന്തോഷത്തോടൊപ്പം അഭിമാനവും ആവേശവുമാണ്. 2011ൽ റിലീസ് ചെയ്ത ‘ഉറുമി’ക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം കത്തനാരാണ്. അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നത് വലിയൊരു ഭാ​ഗ്യമായ് ഞങ്ങൾ കരുതുന്നു. കത്തനാരിലൂടെ പ്രേക്ഷകർക്കായ് ഒരു ദൃശ്യവിരുന്നൊരുക്കാനുളള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമിതെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്.”ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.

അനുഷ്‌ക ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് ‘കത്തനാർ’. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ​ഗ്ലിംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പതിൽ അധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളത്തിൽ ഏപ്രിൽ 26 ന് വോട്ടെടുപ്പ്, പത്രിക സമർപ്പണം ഏപ്രിൽ 4 ന്, സൂഷ്മ പരിശോധ ഏപ്രിൽ 5 ന്,പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 8 വരെ , ഇലക്ഷൻ പെരുമാറ്റ ചട്ടം നിലവിൽ വന്നു.

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളാണ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. 97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ആകെയുള്ളത്. എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നും കമ്മിഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. 10.5 ലക്ഷം പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 1.5 കോടി പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് പ്രക്രിയയില്‍ പങ്കാളികളാകും.

പുരുഷ വോട്ടര്‍മാര്‍ 49.7 കോടിയും സ്ത്രീ വോട്ടര്‍മാര്‍ 47.1 കോടിയുമാണ്. യുവ വോട്ടര്‍മാര്‍ 19.74 കോടിയാണ് രാജ്യത്തുള്ളത്. നൂറ് വയസുള്ള 2.18 കോടി വോട്ടര്‍മാരും 1.8 കോടി വോട്ടര്‍മാരും രാജ്യത്തുണ്ട്. 48000പേരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍ നിന്നുള്ള വോട്ടര്‍മാര്‍. 82 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ 82 ലക്ഷമാണ്. 88.4ലക്ഷം ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. 55 ലക്ഷമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുള്ളത്.

85 വയസ് കഴിഞ്ഞ പൗരന്മാര്‍ക്ക് വോട്ട് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തും. ശൗചാലയും കുടിവെള്ളവും ഉറപ്പാക്കും. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വോട്ടറുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കും. ഇതിനായി മൊബൈല്‍ ആപ്പിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും. പോളിങ് ബൂത്തില്‍ ശൗചാലയവും കുടിവെള്ളവും ഉറപ്പാക്കും. ബൂത്തുകളില്‍ മികച്ച സൗകര്യം ഉറപ്പാക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കരാര്‍ ജോലിക്കാരെ നിയോഗിക്കില്ല. ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ബൂത്തുകളില്‍ കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കുമെന്നും കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഷിബു മാത്യു

സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരെ കോർത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2024-25 ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുക. ഫെബ്രുവരി 25 ന് സ്കൻതോർപ്പിലെ ഓൾഡ് ബ്രംബി യുണെറ്റഡ് ചർച്ച് ഹാളിൽ വച്ച് നടന്ന അസോസിയേഷൻ യോഗമാണ് 18 അംഗ കമ്മിറ്റിയെ ഐകകണ്ഠേന തിരഞ്ഞെടുത്തത്.

വിദ്യാ സജീഷാണ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻറ്. സോണാ ക്ളൈറ്റസ് – വൈസ് പ്രസിഡൻ്റ്, ബിനോയി ജോസഫ് – സെക്രട്ടറി, ബിനു വർഗീസ് – ജോയിൻ്റ് സെക്രട്ടറി, ലിബിൻ ജോർജ് – ട്രഷറർ സ്ഥാനങ്ങൾ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി അക്ഷയ ജോൺസൺ, ബ്ലെസൺ ടോം വർഗീസ്, ജോബിൻ ഫിലിപ്സ്, ലിജി മാത്യു, സനിക ജിമ്മി എന്നിവരെയും തെരഞ്ഞെടുത്തു. ഏലിയാസ് യോഹന്നാൻ, ഡോ. പ്രീതി മനോജ്, വിപിൻ കുമാർ വേണുഗോപാൽ എന്നിവരെ കമ്യൂണിറ്റി റെപ്രസൻ്റേറ്റീവുകൾ ആയി നാമനിർദ്ദേശം ചെയ്തു. ഹേസൽ അന്നാ അജേഷ്, ബിൽഹ ഏലിയാസ്, കരോൾ ചിൻസ് ബ്ലെസൺ, ദേവസൂര്യ സജീഷ്, ലിയാ ബിനോയി എന്നിവർ യൂത്ത് റെപ്രസൻ്റേറ്റീവുമാരായി പ്രവർത്തിക്കും.

നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിൽ സജീവമായ പ്രവർത്തനങ്ങളാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടത്തി വരുന്നത്. സ്കൻതോർപ്പ്, ഗൂൾ ഹോസ്പിറ്റലുകളിലേയ്ക്ക് നോർക്ക വഴി എൻഎച്ച്എസ് റിക്രൂട്ട് ചെയ്യുന്ന സ്റ്റാഫുകൾക്ക് വേണ്ട മാർഗനിർദ്ദേശവും പിന്തുണയും നൽകാൻ അസോസിയേഷൻ രംഗത്തുണ്ട്. നോർത്തേൺ ലിങ്കൺഷയർ ആൻഡ് ഗൂൾ എൻഎച്ച്എസ് ട്രസ്റ്റിൻ്റെ അഭ്യർത്ഥന പ്രകാരം ഇതിനായുള്ള കോർഡിനേഷന് അസോസിയേഷൻ സെക്രട്ടറി ബിനോയി ജോസഫ് നേതൃത്വം നല്കുന്നു.

ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോർത്ത് ലിങ്കൺ ഷയർ കൗൺസിലിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങളും അസോസിയേഷൻ നടത്തി വരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും കുടുംബസമേതം പങ്കെടുക്കുവാനും മലയാളികൾക്കൊപ്പം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഒത്തുചേരുവാനും അനുയോജ്യമായ സാഹചര്യമൊരുക്കിയാണ് അസോസിയേഷൻ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

നോർത്ത് ലിങ്കൺ ഷയറിലേയ്ക്ക് നിരവധി മലയാളി കുടുംബങ്ങൾ കഴിഞ്ഞ മൂന്നു വർഷമായി കുടിയേറിയിട്ടുണ്ട്. അസോസിയേഷൻ്റെ അംഗങ്ങൾക്കായി യോഗ, ബാഡ്മിൻ്റൺ, ക്രിക്കറ്റ്, ബോളിവുഡ് ഡാൻസ് ക്ലാസ്, എഡ്യൂക്കേഷൻ സെമിനാർ എന്നിവ കഴിഞ്ഞ വർഷം അസോസിയേഷൻ നടത്തിയിരുന്നു. ഹൾ, ഗെയിൻസ്ബറോ, ഗൂൾ, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചാരിറ്റി ഫണ്ട് റെയിസിംഗും അവാർഡ് നൈറ്റും നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ പ്രശംസ നേടിയിരുന്നു.

അസോസിയേഷൻ്റെ ഈസ്റ്റർ/ വിഷു/ഈദ് ആഘോഷം ഏപ്രിൽ 13 ന് നടക്കും. മെയ് 11 ന് ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.

നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നാഗ് അശ്വന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങള്‍ ബച്ചന്‍ പങ്കുവച്ചത്. ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ താന്‍ ജോലി ചെയ്തുവെന്നും ബച്ചന്‍ പറഞ്ഞു. പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, ദിഷാ പഠാണി, അന്ന ബെന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

”വീണ്ടും വൈകി. ഇന്നലെ രാത്രി ജോലിയില്‍നിന്ന് വൈകിയാണ് എത്തിയത്… കല്‍ക്കി പൂര്‍ത്തിയാകുകയാണ്. മെയ് 9-ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്‌. അടുക്കിലും ചിട്ടയിലും എല്ലാം പൂര്‍ത്തിയാക്കാനുള്ള അവസാന ശ്രമങ്ങള്‍ നടക്കുകയാണ്. അണിയറക്കാരുടെ ഈ കാഴ്ചപ്പാട് സിനിമയ്ക്ക് മികച്ച അനുഭവം നല്‍കാന്‍ സഹായകരമാകും.”-ബച്ചന്‍ കുറിച്ചു.

ബച്ചന്റെ രോഗവിവരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പലതും പ്രചരിക്കുന്നുണ്ടെങ്കിലും ഇതിനൊന്നും സ്ഥിരീകരണമില്ല. പതിവു ചെക്കപ്പുകൾക്കായാണ് ബച്ചൻ ആശുപത്രിയിൽ എത്തിയതെന്നും പറയുന്നുണ്ട്. ബച്ചന്റെ കുടുംബമോ സുഹൃത്തുക്കളോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

വർഷങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ബിരുദവിദ്യാർത്ഥിനി ജെസ്ന മരിയയുടെ തിരോധാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജിയുമായി പിതാവ്. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി കോടതി സ്വീകരിച്ചു. ഇതിനെതിരെയുള്ള മറുപടി സമർപ്പിക്കാൻ രണ്ട് ആഴ്ച സമയം സിബിഐക്ക് നൽകിയിട്ടുണ്ട്.

പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്ക് വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ഡിഗ്രിക്ക് കൂടെ പഠിച്ച ഏതോ സുഹൃത്ത് ജെസ്നയെ ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയമുണ്ടെന്നും ജെസ്നയ്ക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ പരിശോധിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ജെസ്ന കോളേജിന് പുറത്ത് എൻഎസ്എസ് ക്യാമ്പുകൾക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും സിബിഐ അന്വേഷണം പരാജയമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ജെസ്നയുടെ ഒപ്പം പഠിച്ച അഞ്ച് സുഹൃത്തുക്കളിലേക്കും അന്വേഷണം എത്തിയിട്ടില്ല. ഇക്കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതേസമയം, കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൂടാതെ ജെസ്നയുടെ തിരോധാനത്തിൽ മതതീവ്രവാദ സംഘടനയ്ക്ക് ബന്ധമില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. കേരള പൊലീസിന്റെ അന്വേഷണത്തിലും ഇക്കാര്യങ്ങൾ തന്നെയാണ് കണ്ടെത്തിയത്.

2018 മാർച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്നയെ പിന്നീടാരും കണ്ടിട്ടില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദ്ദേശപ്രകാരം 2021 ഫെബ്രുവരിയിലാണ് സിബിഐ എറ്റെടുത്തത്. തിരോധാനത്തെക്കുറിച്ച് തനിക്കറിയാമെന്ന് മോഷണക്കേസ് പ്രതി മൊഴി നൽകിയെങ്കിലും സ്ഥിരീകരണം സിബിഐ നടത്തിയിട്ടില്ല. പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജെസ്ന കൈയിൽ കരുതിയിട്ടില്ലായിരുന്നു.

വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ മൂന്നര കിലോമീറ്റർ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയെന്നുമായിരുന്നു സൂചന. ചില യാത്രക്കാരും ഇത് വ്യക്തമാക്കിയിരുന്നു. പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്തിരുന്നു. എരുമേലിയിലെ സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർ കൂടി ഒപ്പം നടക്കുന്നത് വ്യക്തമായിരുന്നെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

യുവതി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ചു. മേപ്പയ്യൂർ കീഴ്പ്പയ്യൂരില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

നന്താനത്ത് സ്വദേശിനിഅഞ്ജന(26) എന്ന യുവതിയാണ്് തീ കൊളുത്തി മരിച്ചത്. യുവതി കോഴിക്കോട് മിംസ് ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

അഞ്ജനയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയായിരുന്നു തീ കൊളുത്തി ആത്മഹത്യ ചെയ്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10:45ന് ആയിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. പരുക്കേറ്റ പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചു തുടർന്ന് ചികിത്സയിലിരിക്കെയാണ് പ്രശാന്ത് മരണപ്പെട്ടത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരിച്ചത്. ഈ ഒരാഴ്ചയ്ക്കിടെ പ്രശാന്ത് ഉൾപ്പെടെ മൂന്ന് പേരാണ് കാട്ടാനാക്രമണത്തിൽ മരിക്കുന്നത്.

റെക്സം രൂപതാ വൈദികൻ ആയിരുന്ന ബഹുമാനപെട്ട ഫാദർ ഷാജി പുന്നാട്ടിന്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 7 – ന് നാലുമണിക്ക് ഭൗതികദേഹം അടക്കം ചെയ്ത പന്ദാസഫ് ഫ്രാൻസിസ്കൻ ചർച്ചിൽ നടത്തപെടുന്നു. റെക്സം രുപതാ വൈദികരും ഷാജി അച്ചന്റെ സ്നേഹിതരായ വൈദീകരും ചേർന്ന് അർപ്പിക്കുന്ന സമൂഹ ബലിയിൽ റെക്സം രൂപതാ ബിഷപ്പ് റൈറ്റ്. റെവ പീറ്റർ ബ്രിഗ്നൽ ഷാജി അച്ഛൻ റെക്സം രൂപതക്ക് നല്കിയ സേവനങ്ങൾ അനുസ്മരിച്ചു പ്രഭാഷണം നടത്തുന്നതും അനുസ്മരണ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതുമാണ്.

പള്ളിയിൽ നടക്കുന്ന കുർബാനക്കും പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം സെമിത്തേരിയിൽ ഷാജി അച്ചന്റ കബറിടത്തിൽ ഒപ്പീസും മറ്റ് പ്രാർത്ഥനകളും നടത്ത പെടുന്നു. സെമിത്തേരിയിൽ നടക്കുന്നപ്രാർത്ഥനകൾക്ക് ശേഷം പള്ളി ഹാളിൽ ശ്രാദ്ധ പ്രാർത്ഥനകളും കോഫീ റിഫ്രഷ് മെന്റും ഉണ്ടായിരിക്കുന്നതാണ് അച്ഛന്റെ ഓർമ്മക്കായി ലഭിക്കുന്ന ഡോനേഷൻ നാട്ടിലുള്ള ചാരിറ്റിക്ക് കൈമാറുന്നതാണ്. ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ചന്റെ പ്രിയ സഹോദരി സിസ്റ്റർ ഡോക്ടർ ബെറ്റി ഏപ്രിൽ ആദ്യ വാരം യു കെ യിൽ എത്തി ചേരുന്നതാണ്.

ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ഛന്റെ എല്ലാ കുടുംബ അംഗങ്ങളെയും, സ്നേഹിതരെയും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്നേഹത്തോടെ പന്തസാഫ് ഫ്രാൻസിസ്കൻ പള്ളിയിലേക്ക് സ്വാഗതം ചെയ്യ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്.

Fr. Johson Kattiparampil CMI – 07401441108
Fr. Paul Parakattil VC – 07442012984
Benny Wrexham – 0788997129
Manoj Chacko – 07714282764

പള്ളിയുടെ വിലാസം
Vincentian Divine Retreat Centre, Phantasaph 5 Monastery Road Phantasaph.
CH8 8PN.

അഖിൽ പുതുശ്ശേരി

അവളോടൊപ്പം തന്നെയാണ്
ആ വീടും ഉണരുന്നത്
മിക്ക വീടുകൾക്കും
പെൺമണമാണെന്നും
മിക്ക പെണ്ണുങ്ങൾക്കും
അടുക്കള മണമാണെന്നും
അവളോർക്കും.

അയാളും മോളും
പോയതിന് ശേഷം
ഒറ്റയായി പോകുന്ന
തന്റെ പകലാകാശത്ത്
അവൾ നിറയെ
നക്ഷത്രങ്ങളെ കുടഞ്ഞിടും

( പകലിൽ നക്ഷത്രങ്ങൾ തിളങ്ങാറില്ല /
അവളുടെ നക്ഷത്രങ്ങൾ രാത്രിയിലും
തിളങ്ങാറില്ല )

ഒറ്റയായി ഇരിക്കുമ്പോഴൊക്കെ
അവളൊരു ശലഭമാകും
പറക്കാനായി രണ്ട്
ചിറകുകൾ തുന്നും.

അപ്പോൾ വീട് അവൾ
മാത്രമുള്ളൊരു പൂന്തോട്ടമാകും
പാത്രങ്ങൾ തുണികൾ എല്ലാം
പൂക്കളായി പരിണമിക്കും.

ആ വീട്ടിൽ നിന്ന്
അവളുടെ വീട്ടിലേക്ക്
ഒരു നീളൻ തീവണ്ടിയുണ്ട്
( അവൾക്കതിന് സ്വന്തമായി വീടുണ്ടോ?)
ബോഗികൾ നിറയെ സ്വപ്‌നങ്ങൾ
കുത്തിനിറച്ച് തീവണ്ടി
അവളെയുംകൊണ്ട്
ചൂളം വിളിച്ചോടും.

മഴ ചാറുമ്പോൾ
അവളോർക്കുന്നത്
വെയിലത്തിട്ട മല്ലിയേയും
മുളകിനെയും തുണികളെയും
കുറിച്ചാണ്

സ്വപ്‌നങ്ങളെ മറന്ന്
റിസർവേഷൻ ഇല്ലാത്ത
കിട്ടുന്ന വണ്ടിക്ക് അവൾ
തിരികെയോടും

രാത്രി തുണികളോടൊപ്പം
അവൾ മടക്കി വെക്കുന്നത്
ഓർമ്മകളെ കൂടിയാണ്

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
. 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു
ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
നിലവിൽ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ എം എ മലയാളം വിദ്യാർഥിയാണ്

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌
ജീവിതത്തിന് ഒരു അൻഡു ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ

പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ്‌ സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം

RECENT POSTS
Copyright © . All rights reserved