Latest News

യുക്മ നഴ്സസ് ഫോറം നോർത്തുവെസ്റ്റ് റീജിയൻ ഇൻ്റർനാഷണൽ നേഴ്സസ് ഡേ സംഘടിപ്പിക്കുന്നു. യുക്മ നോർത്ത് വെസ്റ്റ് റീജിയണിലുള്ള നേഴ്സുമാർക്ക് വേണ്ടി യുക്മ നേഴ്‌സസ് ഫോറം (യു എൻ എഫ് ) നോർത്തുവെസ്റ് റീജിയണും ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനും (ലിംക) സംയുക്തമായി മെയ് പത്താം തീയതി നടത്തുന്ന ഇൻ്റർനാഷണൽ നേഴ്സസ് ഡേയിലേക്ക് എല്ലാ നേഴ്‌സുമാരേയും സ്വാഗതം ചെയ്യുന്നു.

യുകെ യിലെ മലയാളി നേഴ്സുമാർക്കുവേണ്ടി യുക്മ 2012ൽ ആരംഭിച്ച സംഘടനയാണ് യുക്മ നേഴ്‌സസ് ഫോറം. യു കെ യിലെ മലയാളി നേഴ്സുമാരുടെ ഉന്നമനത്തിനും. അവരുടെ തൊഴിൽ സംബന്ധമായ കാര്യങ്ങൾക്കും മാർഗ്ഗനിർദ്ദേശം നൽകുന്നതിനും, കൂടാതെ സെമിനാറുകൾ, പരിശീലന ക്ലാസുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവയിലൂടെ കൂടുതൽ അറിവും വൈദഗ്ദ്യവും നൽകി അവരെ ശാക്തീകരിക്കുക എന്നിവയാണ് യുക്മ നേഴ്‌സസ് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഇൻ്റർനാഷണൽ നേഴ്സസ് ഡേ ആഘോഷിക്കുന്നത്. ആരോഗ്യ പരിചരണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ ചെയ്ത സ്തുത്യർഹമായ സേവനമാണ് മഹാമാരിയെ തരണം ചെയ്യാൻ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ മേഖലയെ സഹായിച്ചത്.

എല്ലാ വർഷവും ലോക നേഴ്‌സസ് ദിനത്തിൽ നേഴ്സിംഗിൻ്റെ ഒരു പ്രത്യേക വശം ഉയർത്തിക്കാട്ടുന്നതിന് വ്യത്യസ്തമായ തീം ഉണ്ടാകാറുണ്ട്. 2025 ലെ ലോക നഴ്‌സസ് ദിനത്തിലെ തീം ആണ് “നേഴ്‌സുമാരുടെ ശാരീരികവും മാനസികവുമായ ക്ഷേമം” (Physical and Mental Wellbeing of the Nurses).

സെമിനാർ, ഡിബേറ്റ്, ഗ്രൂപ്പ് ഡിസ്കഷൻസ്, കൾച്ചറൽ പ്രോഗ്രാംസ് എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായ ആഘോഷങ്ങൾ ആണ് യുക്മ നേഴ്‌സസ് ഫോറം നോർത്തുവെസ്റ് റീജിയൺ ഇത്തവണ ഇൻ്റർനാഷണൽ നേഴ്‌സസ് ഡേ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ലിവർപൂളിലെ ഔർ ലേഡി ഓഫ് ദി അസംപ്ഷൻ പാരീഷ് സെന്ററിൽ നടക്കുന്ന നേഴ്‌സസ് ഡേ ആഘോഷങ്ങളിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കുവാൻ പറ്റുക. രാവിലെ ഒൻപതു മണിക്ക് രജിസ്ട്രേഷനോട് കൂടി ആരംഭിച്ചു വൈകിട്ടു അഞ്ചു മണിയോടെ സമാപിക്കുന്ന രീതിയിൽ ആണ് ക്രമീകരണങ്ങൾ ചെയ്തുവരുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്തു നിങ്ങളുടെ രെജിസ്ട്രേഷൻ ഇന്ന് തന്നെ ഉറപ്പാക്കുക.

വിവിധ നേഴ്സിംഗ് മേഘലകളിൽ നിന്നും പരിചയസമ്പന്നരായ സീനിയർ നഴ്സുമാർ, ട്രേഡ് യൂണിയൻ നേതാക്കൾ, നോർത്ത് വെസ്റ്റിലെ എന്‍എച്ച്എസുകളിൽ ഉന്നത സ്ഥാനം വഹിക്കുന്നവർ തുടങ്ങി പ്രഗത്ഭരായവരുടെ ക്ലാസുകൾ, നഴ്‌സസ് മാരുടേതായ കലാപരിപാടികള്‍ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ആഘോഷപരിപാടികൾ നടക്കുന്നത്. ഈ പരിപാടിയുടെ ഭാഗമാകുവാൻ മേഴ്സിസൈഡിലേയും യൂകെയിലെയും എല്ലാ നേഴ്സുമാരെയും സ്വാഗതം ചെയ്യുന്നു.

മുൻകൂട്ടി രജിസ്‌റ്റർ ചെയ്യുന്ന നഴ്സുമാർക്ക് ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
Rani Jacob – +447958311874
Reena Binu – +447944687008
Jilson Joseph – +447459052037

Venue Address:
Our Lady of the Assumption Parish Centre, Hartsbourne Ave,
Liverpool
L25 2RY
https://www.nursingtimes.net/nurse-wellbeing/international-nurses-day-2025-theme-revealed-10-01-2025/

സംസ്ഥാനത്ത് താപനില ഉയരുന്നത് കണക്കിലെടുത്ത് ഇന്നും നാളെയുമായി വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

12 ജില്ലകള്‍ക്കാണ് താപനില മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 30/03/2025 , 31/03/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തൃശൂരില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍. ഞായറാഴ്ച ശവ്വാല്‍ മാസപ്പിറ കണ്ടതോടെ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍(ഈദുല്‍ ഫിത്തര്‍) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

ഇത്തവണ റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍(ഈദുല്‍ ഫിത്തര്‍)ആഘോഷിക്കുന്നത്. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുള്ളതാണ് ഈദുല്‍ ഫിത്തര്‍ ആഘോഷം.

ശവ്വാല്‍ മാസപ്പിറ കാണുന്നതോടെ പള്ളികളില്‍നിന്ന് തക്ബീര്‍ ധ്വനികളുയരും. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഫിത്തര്‍ സക്കാത്ത് വിതരണവും പൂര്‍ത്തിയാക്കും. പുത്തനുടുപ്പുകള്‍ അണിഞ്ഞ് വിശ്വാസികള്‍ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുകൂടും. കുടുംബ,സുഹൃദ് ബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹം പങ്കുവെയ്ക്കാനുമുള്ള അവസരം കൂടിയാണ് ചെറിയ പെരുന്നാള്‍ ആഘോഷം. എല്ലാ വായനക്കാര്‍ക്കും മാതൃഭൂമി ഡോട്ട് കോമിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍.

എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മല്ലിക സുകുമാരൻ. ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ തന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദു:ഖമുണ്ടെന്ന്‌ മല്ലികാ സുകുമാരൻ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല, ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ലെന്നും അവർ പറഞ്ഞു. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല. തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല. പൃഥ്വിരാജിനെ ബലിയാടാക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനുപിന്നിൽ ചില ചലച്ചിത്രപ്രവർത്തകരുമുണ്ടെന്ന് സംശയിക്കുന്നുവെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. മേജർ രവിയേയും അവർ രൂക്ഷമായി വിമർശിച്ചു.

മല്ലികാ സുകുമാരൻ ഫെയ്സ്ബുക്കിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ:

‘എമ്പുരാൻ’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടിൽ ആയിരുന്നു ഞാൻ. എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്.

ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരിൽ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാൽ എന്റെ കുഞ്ഞനുജൻ ആണ്. കുട്ടിക്കാലം മുതൽ ലാലിനെ എനിക്ക് അറിയാം. എന്റെ മകനെ കുറിച്ച് എത്രയോ വേദികളിൽ മോഹൻലാൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാൽ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്. പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല, ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല.

എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്…..പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും?

മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു..”ഞാൻ തിരക്കിൽ ആണ് അമ്മേ… ലാലേട്ടൻ വന്നിട്ടുണ്ട്. ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചർച്ച ചെയ്യണം” എന്നാണ് അവൻ പറഞ്ഞത്.ഇവർ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാൻ എന്ന സിനിമയിൽ ഇല്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല. തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല.

പിന്നെ എന്തിനാണ് ഇവരുടെ കൂടെ നിൽക്കുന്നവർ എന്ന് അവകാശപ്പെടുന്ന ചിലർ, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവർ കരുതുന്നുണ്ടാകും. അവർ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ. മോഹൻലാൽ അറിയാതെ സ്ക്രിപ്റ്റിൽ പലതും എഴുതി ചേർത്തു എന്നും മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങൾ ആണ് ഇവർ നടത്തുന്നത്. പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എൻ്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാൽ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്?

പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ. അവന്റെ ഒപ്പം ഈശ്വരൻ ഉണ്ട്. ഞങ്ങൾക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ഈശ്വരൻ വെറുതെ വിടില്ല.

“അത് വേണ്ടായിരുന്നു മേജർ രവി” എന്നാണ് എനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളത്. മേജർ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആർക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ല. പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പട്ടാള ഗ്രൂപ്പുകളിൽ ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജർ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകൻ എന്ത് പിഴച്ചു?

ആരൊക്കെയോ ഉണ്ടാക്കിയ കഥകൾ ആണ് ചിലരിലൂടെ ഇപ്പോൾ പുറത്തു വരുന്നത്. പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാൻ ചില രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകർ എന്ന പേരിൽ ചിലരും ഏതാനും വാർത്താ മാധ്യമങ്ങളും മത്സരിക്കുക ആണ്. ഇതിനിടെ പൃഥ്വിരാജിനെ പിന്തുണച്ച ഒരുപാട് പേർ ഉണ്ട്. അവരെ ഞാൻ മറക്കുന്നില്ല.പാർട്ടിയുടെയോ ജാതി,മത ചിന്തയുടെയോ അടിസ്ഥാനത്തിൽ അല്ല മനുഷ്യനെ സ്നേഹിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്താണ് ഞാനും സുകുവേട്ടനും മക്കളെ വളർത്തിയത്. എല്ലാ രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലും ഉള്ളവരെ സ്നേഹ ബഹുമാനങ്ങളോടെ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ. അങ്ങനെ ഉള്ള ചിലരാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു പിന്നിൽ ചില ചലച്ചിത്ര പ്രവർത്തകരും ഉണ്ടെന്ന സംശയം ഞങ്ങൾക്ക് ഉണ്ട്. എനിക്കോ മക്കൾക്കോ രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞു അധികാരകേന്ദ്രങ്ങളിൽ നിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ എന്തെങ്കിലും സ്‌ഥാനമാനങ്ങളോ അംഗീകാരങ്ങളോ പിടിച്ചു വാങ്ങാൻ ഒരു അതിമോഹവും ഇല്ല. അങ്ങനെ എന്തെങ്കിലും സംഭവിക്കാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ വേട്ടയാടുന്നതെങ്കിൽ അവരോടാണ് ഇക്കാര്യം പറയുന്നത്.

പൃഥ്വിരാജ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവന്റെ അച്ഛൻ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്. ഞങ്ങൾ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ അല്ല. ബിജെപിയിലും കോൺഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങൾക്ക് വളരെ അടുപ്പം ഉണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇതിൽ ചില നേതാക്കൾക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങൾ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരിൽ സ്നേഹ ബഹുമാനങ്ങൾ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല. വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നിൽ മാപ്പ് പറയേണ്ടി വരും. ചെയ്യാത്ത കുറ്റങ്ങൾ ചെയ്തുവെന്ന് ആരും പറയാൻ പാടില്ല. 70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയിൽ ഞാൻ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കണം…..

ഇനി മാധ്യമ പ്രവർത്തകരോട് രണ്ട് വാക്ക് : പൃഥ്വിരാജ് സെൻസർ ബോർഡിൽ പോയി “എന്റെ പടത്തിൽ മാറ്റം വരുത്തരുതേ” എന്ന് കരഞ്ഞു പറഞ്ഞു എന്ന വിവരക്കേട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തക പറയുന്നത് കേട്ടു. സെൻസറിങ് സമയത്ത് പൃഥ്വിരാജ് അവിടെ ഉണ്ടായിരുന്നു അത്രേ. പടം സെൻസർ ചെയ്യുമ്പോൾ സംശയങ്ങൾ ഉണ്ടായാൽ തീർത്തു കൊടുക്കാൻ സംവിധായകനോ നിർമാതാവോ സ്ഥലത്ത് ഉണ്ടാകണം എന്നാണ് ചട്ടം. ഇതൊന്നും ഇവർക്ക് അറിഞ്ഞു കൂടേ? അടിക്കടി അഭിപ്രായം മാറ്റുന്ന ‘മന്ദബുദ്ധി’ ആണോ പൃഥ്വിരാജ് എന്ന് മറ്റൊരു ചാനൽ അവതാരക കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു. ആ വാക്ക് ഇങ്ങനെ പരസ്യമായി ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. ‘അടിക്കടി ചാനലിൽ നിന്ന് ചാനലിലേക്ക് ചാടിക്കളിക്കുന്ന ചില മാധ്യമ പ്രവർത്തകരെ പോലെ അഭിപ്രായം മാറ്റുന്നവൻ അല്ല പൃഥ്വിരാജ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.

വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി തടഞ്ഞ യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി ബൈപാസ് ജംങ്ഷന് സമീപത്തുവെച്ചാണ് സംഭവം. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചതിൽ പ്രകോപിതനായാണ് യുവാവ് കാർ വട്ടംവെച്ച് തടഞ്ഞത്. കഴിഞ്ഞ ദിവസം പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്ത് ശേഷം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക ഗാന്ധി.

യാത്രക്കിടെ വഴിയൊരുക്കാനായി പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചു. ഇതോടെ പ്രകോപിതനായ യൂട്യൂബർ കൂടിയായ അനീഷ് എബ്രഹാം തന്‍റെ കാർ വാഹനവ്യൂഹത്തിന് മുന്നിൽ വട്ടം വെക്കുകയായിരുന്നു. ഉടനെ തന്നെ പൊലീസ് സംഘം പുറത്തിറങ്ങി ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുത്തു.

വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു. താൻ ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ള യൂട്യൂബര്‍ ആണെന്നും തടയാന്‍ ശ്രമിക്കരുതെന്നും പറഞ്ഞ് ഇയാൾ പൊലീസിനോട് തട്ടിക്കയറി. പൊലീസ് ബലമായി ഇയാളുടെ വാഹനം കസ്റ്റഡിയിലെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതീവ സുരക്ഷയുള്ള വ്യക്തിയുടെ വാഹനവ്യൂഹത്തിനു നേരേ മനഃപൂര്‍വം ജീവന് അപകടംവരുത്തും വിധം കാര്‍ ഓടിച്ചുകയറ്റിയതിന് അനീഷിനെതിരെ പൊലീസ് കേസെടുത്തു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് പ്രിയങ്ക ഗാന്ധി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അനീഷനെ ജ്യാമത്തിൽ വിട്ടയച്ചതായും മണ്ണുത്തി പൊലീസ് അറിയിച്ചു.

ശാലിനി ലെജു

ഒരിക്കൽ ഒരാളോട് ഒറ്റവരിയിൽ ലോകത്തെക്കുറിച്ച് എഴുതാമോ എന്ന് ചോദിച്ചു.. ഉത്തരം എഴുതുവാൻ അയാൾക്ക് അധിക സമയം വേണ്ടി വന്നില്ല.. ഒറ്റ വാക്കിൽ ആ ഉത്തരം ഇതായിരുന്നു.. ” അമ്മ “. ശരിക്കും അയാൾക്ക് ലോകം എന്നത് അമ്മ ആയിരുന്നു. അതിനു കാരണം -കണ്ട നാൾ മുതൽ
“കണ്ണുകളെ വിളക്കാക്കി.. കൈകളെ തൊട്ടിലാക്കി… രക്തത്തെ പാലാക്കി.. മാറിടം മെത്തയാക്കി…ശ്വാസത്തെ ഈണമാക്കി.. വാക്കുകൾ താരാട്ടാക്കി ” ലാളിച്ചത് അമ്മ മാത്രം ആയിരുന്നു. അങ്ങനെ എങ്കിൽ ലോകം അവന്റെ മുന്നിൽ അമ്മയല്ലാതെ മറ്റെന്താകും? തർക്ക വിഷയം അല്ലാ കേട്ടോ.. ഓരോത്തരുടെ നിലപാടുകൾ വ്യത്യസ്തമാകാം.. എങ്കിലും അമ്മക്ക് പകരം അമ്മ മാത്രം..
എത്ര മാത്രം പ്രകീർത്തിച്ചാലും അത് കുറവല്ലാത്ത ഒരു മഹത് പ്രതിഭാസം തന്നെ അല്ലെ അമ്മ. അടുത്തിടെ ഒരു സിനിമയിൽ കണ്ട ഒരു പരാമർശം ആണ്- യഥാർത്ഥ പോരാളി അമ്മ മാത്രം ആണത്രേ.. എന്നാൽ ഈ 2025, തുടക്കത്തിൽ തന്നെ, ചിറകറ്റവരായി… നിരാലംബരായി… നിസ്സഹായരായി.. ജീവിതത്തോട് വിട പറഞ്ഞ പോരാളികളായ അമ്മമാരുടെ മുഖം ആണ് എന്റെ കണ്ണിനു മുന്നിൽ തെളിഞ്ഞു വരുന്നത്. പ്രത്യേകിച്ച് ഷൈനി എന്നാ അമ്മ മാലാഖയും രണ്ടു സുന്ദരി മാലാഖ കുഞ്ഞുങ്ങളും…മനസ്സിൽ നിന്നും പോകുന്നതേ ഇല്ല. ആദ്യ കുർബാന വേളയിൽ ഉള്ളിലെ ആർത്തിരമ്പുന്ന കടൽ അടക്കിപിടിച്ചു ചുണ്ടിൽ ഇളം മന്ദഹാസം ഒളിപ്പിച്ചു നിർത്തിയ നിഷ്കളങ്കരായ രണ്ടു കുരുന്നുകളും അമ്മയും.. ആ ചിത്രം മനസ്സിൽ തിങ്ങി വരുകയാണ്…ആ അമ്മക്കിളിക്ക് കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിച്ചു തനിച്ചു പോകാൻ മനസ്സ് വന്നില്ല.
ഒരു ഷൈനി സമൂഹത്തിനു മുന്നിൽ ബാക്കി വെച്ച ചോദ്യങ്ങൾ അനേകം.. അങ്ങനെ എത്ര എത്ര പേർ.

ഒരു കൈത്താങ്ങിന്റെ ബലം കിട്ടാതെ പാതിവഴിയിൽ സ്വപ്നങ്ങൾ ബാക്കിആക്കി പോയവർ..ചിലർ ജീവിതത്തെ പേടിച്ചു ആത്മഹത്യ ചെയ്യുന്നു.. മറ്റു ചിലർ മരണത്തെ പേടിച്ചു ജീവിക്കുന്നു… രണ്ടും ഒരു പോലെ തന്നെ.

പണ്ട്, പിന്തുണക്കപ്പെടുവാൻ സാധ്യതകൾ ഇല്ലാതിരുന്ന ഭൂതകാലം നമുക്ക് മറക്കാം.. ഇന്നങ്ങനെ അല്ലല്ലോ.. എത്ര എത്ര പ്രവർത്തനങ്ങൾ ആണ് സോഷ്യൽ സർവീസ് പോലെ ഉള്ള വിഭാഗങ്ങളിൽ കരുതിയിരിക്കുന്നത്. ചിറകു തളർന്നെന്നു നമുക്ക് തോന്നുന്ന നമ്മുടെ ചുറ്റിലും ഉള്ള പ്രിയപ്പെട്ടവരെ നമുക്ക് ചേർത്തണയ്ക്കാം. അവർ നിങ്ങളുടെ അമ്മ തന്നെ ആകണം എന്ന് നിർബന്ധം ഇല്ല. നമ്മുടെ കുടുംബത്തിൽ ഉള്ളവർ, അയൽക്കാർ അങ്ങനെ നാം കണ്ടു മുട്ടുന്ന ആർക്കും ഈ അവസ്ഥകൾ ഉണ്ടാകാം. ഒരു നല്ല വാക്ക്.. നല്ല ചിരി… ഒരു സാന്ത്വനം..നൽകുന്ന ആശ്വാസം എത്രയെന്നോ? തിരിച്ചറിയാൻ ശ്രമിക്കാം.. തിരികെ ചേർക്കാം… ഒന്നും അധികം വിദൂരതയിൽ അല്ല..

മദർസ് ഡേ പോലുള്ള ദിവസങ്ങൾ നമ്മുടെ മാതൃ സ്നേഹത്തിന്റെ വ്യാപ്തിയും ആഴവും നമുക്ക് തിരിച്ചറിയുവാനും നമ്മുടെ സ്നേഹം കരുതൽ ഒക്കെ പ്രകടിപ്പിക്കുവാനും അവരെ ആദരിക്കുവാനും കിട്ടുന്ന ഒരു അവസരം ആണ്.

ലോകം നമുക്ക് ചുറ്റിലും പല രീതിയിൽ പല രൂപത്തിൽ ഭാവത്തിൽ മാറിയപ്പോഴും അന്നും ഇന്നും കേടാതെ ഒരു തരി എങ്കിലും കൂടിയതല്ലാതെ നിലനിൽക്കുന്ന ഒരേ ഒരു സ്നേഹാമൃതു അമ്മയല്ലാതെ ആരാണ്. ഓരോ അമ്മമാരെയും അത്യന്തം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ മാതൃദിനത്തിൽ നമുക്ക് ഓർക്കാം. ഈ ലോകം മുഴുവൻ എനിക്ക് എതിരായാലും എന്റെ അമ്മ എന്നെ സ്നേഹിക്കും അതിനാൽ ഞാൻ എവിടെയും തോറ്റു പോകുക ഇല്ല എന്ന് പറയണം എങ്കിൽ അമ്മ എന്നത് ജീവിതത്തിലെ വെറും ഒരു മനുഷ്യ സാന്നിധ്യം മാത്രം ആണോ? ജീവിതത്തിലെ പകരം വെയ്ക്കാനാകാത്ത ദൈവത്തിന്റെ പേരാണ് അമ്മ. ദൈവം ഭൂമിയിൽ ബാക്കി വെച്ച ജോലികളുടെ നടത്തിപ്പുകാരി അമ്മ അല്ലാതെ മാറ്റാരാണ്.

Lionardo Di carpio കുറിച്ചു.. “My mother is a walking miracle” എന്റെ അമ്മ ഒരു അത്യത്ഭുതം തന്നെ എന്ന്…ജോർജ് വാഷിങ്ടോൺ പറഞ്ഞു.. ” ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മ ആണ്. അമ്മ പഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണം “.

എന്റെ ഹൃദയത്തിൽ തീവണ്ടി പോലെ ഇരച്ചിറങ്ങിയ കൽപറ്റ നാരായണൻ സാറിന്റെ കുറച്ചു വരികൾ പറഞ്ഞോട്ടെ…

” അമ്മ മരിച്ചപ്പോൾ എനിക്ക് ആശ്വാസം ആയി.. ഇനി എനിക്ക് അത്താഴ പഷ്ണി കിടക്കാം, ആരും സ്വൈര്യം കെടുത്തത്തില്ല. ഇനി എനിക്ക് ഉണങ്ങി പാറുന്നത് വരെ തല തുവർത്തണ്ട, ആരും വിരലിതർത്തി നോക്കില്ല.. ഇനി എനിക്ക് കിണറിന്റെ ആൾ മറയിലൂരുന്നു ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം.. പാഞ്ഞടുക്കുന്ന ഒരു നിലവിളി എന്നെ ഞെട്ടിച്ചുണർത്തില്ല. ഇനി എനിക്ക് സന്ധ്യ സമയത്ത് പുറത്തിറങ്ങാൻ ടോർച്ച് എടുക്കണ്ട. ഇനി എനിക്ക് എത്തിയേടത്ത് ഉറങ്ങാം. ഞാൻ എത്തിയാൽ മാത്രം കെടുന്ന വിളക്കുള്ള വീട് ഇന്നലെ കെട്ടു.. തന്റെ കുറ്റമാണ് താൻ അനുഭവിച്ചതത്രയും എന്ന ഗർഭകാല ചിന്തയിൽ നിന്ന് അമ്മ ഇന്ന് മുക്തയായി..”
ഈ വരികളിലൂടെ ഞാൻ വീണ്ടും വീണ്ടും കടന്നു പോയി.. എത്ര ആഴത്തിൽ ആണ് അമ്മയെ ഒരു കവി വരച്ചു കാട്ടുന്നത്.. എന്റെ കണ്ണിൽ നിന്ന് ഊർന്നു വീണ കണ്ണീരിനെ മറക്കാൻ എനിക്ക് ഒരു തൂവാലയെ കൂട്ട് പിടിക്കാതെ നിവർത്തി ഇല്ലായിരുന്നു…ഇന്നും തോരാതെ പെയ്യുന്ന സ്നേഹമഴയെ ഞാൻ നിന്നെ അമ്മ എന്നല്ലാതെ മറ്റെന്തു പേർ വിളിപ്പൂ..

ശാലിനി ലെജു: സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ ബാൻഡ് 6 നേഴ്‌സായി ജോലി ചെയ്യുന്നു. ഭർത്താവ് ലെജു സ്കറിയ. മക്കൾ : ജുവൽ ലെജു, ജോഷ് ലെജു.

മെട്രിസ് ഫിലിപ്പ്

യേശുനാഥന്റെ പീഡാനുഭ കാലം, കുരിശിലേക്കുള്ള ഒരു സഞ്ചാരം കൂടിയാണ്. നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാണ്, എന്ന് പറഞ്ഞുകൊണ്ട്, പുൽകുടിലിൽ ജനിച്ചു തുടങ്ങിയ ജീവിതം ഗാഗുൽത്താവരെ നീണ്ടു നിന്നു. മനുഷ്യർക്ക്, സ്നേഹം പകർന്നു നൽകുകയും, സ്‌നേഹിക്കാൻ പഠിപ്പിക്കുകയും ആയിരുന്നു യേശു ജീവിതകാലം മുഴുവൻ ചെയ്തത്. നിങ്ങൾ പരസ്പരം സ്‌നേഹിക്കുക, എന്നാണ് യേശു അരുളി ചെയ്തത്.
കച്ചവടക്കാരെയും ചൂതു കളിക്കാരെയും, തന്റെ പിതാവിന്റെ ആലയത്തിൽ നിന്നും ചാട്ടവാറുകൊണ്ട് ആട്ടി ഓടിച്ച യേശു, അവസാനം, ചാട്ടവാറിന്റെ അടിയേറ്റ്, മൂന്നു തവണ കുരിശു കൊണ്ട് നിലത്തു വീഴുക ആയിരുന്നു.

ആധുനിക ലോകത്തിൽ, നമ്മളൊക്കെ, കുരിശിൽ മുറിവേറ്റ് കിടക്കുന്ന യേശുവിന്റെ മുഖത്തേക്ക് നോക്കാറുണ്ടോ? നമ്മൾ ബലി അർപ്പിക്കുന്ന, ബഹു. വൈദികൻ, ഏതു വശത്തേക്കാണ് നിൽക്കുന്നത് എന്ന് നോക്കി, അതിലെ പാകപിഴകൾ കണ്ട്, പള്ളിക്കുള്ളിൽ പരസ്പരം അടിവെക്കുകയും, തിരുവോസ്തി എറിഞ്ഞു കളയുകയും ചെയ്തു കൊണ്ട്, യേശുവിനെ ഒന്ന് കൂടി കുരിശിൽ തറക്കുകയാണ്.

എന്തിനാണ് ദൈവാലയത്തിന്റ, പുറത്തായി, ഹാനാൻ വെള്ളം വെക്കുന്നത്. ദൈവാലയം പരിശുദ്ധമാണ്. ഉള്ളിലേക്കു പ്രവേശിക്കുന്നതിന് മുന്നേ, ആ പരിശുദ്ധ വെള്ളത്തിൽ തൊട്ട്,കുരിശു വരച്ചു കൊണ്ട്, തങ്ങളിലെ പാപങ്ങൾ എല്ലാം കഴുകി കളഞ്ഞു കൊണ്ട് വേണം അകത്തേക്ക് പ്രവേശിക്കാൻ. വി. കുർബാനക്ക്, ശേഷം തിരിച്ചു പള്ളിയിൽ നിന്നും പോകുമ്പോൾ, തിരിച്ച് ഹാനാം വെള്ളം തൊടരുത്. ദൈവാലയത്തിൽ നിന്നും ലഭിച്ച അരുപിക്കൊണ്ട് വീട്ടിലേക്ക് പോകുക. ഇനി അവിടെ വെള്ളം ഇല്ലെങ്കിൽ, ദൈവാലയത്തിന്റെ വാതിലിന്റെ, കട്ടളയിൽ തൊട്ട് കുരിശ് വരച്ചു കൊണ്ട് അകത്തേക്ക് പ്രവേശിക്കാം. ഈ നോമ്പ് കാലം, അനുതാപത്തിന്റെയും സ്നേഹത്തിന്റെയും ദിവസങ്ങൾ ആക്കാം. പരസ്പരം സ്നേഹിക്കാം, സഹായിക്കാം. നന്ദിയുള്ള ഹൃദയം ഉള്ളവർ ആവാം. ഒരു സ്നേഹ പുഞ്ചിരി നൽകാം. ദൈവം അനുഗ്രഹിക്കട്ടെ.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗലിലിയിലെ നസ്രത് എന്നി മൂന്ന് പുസ്തകങ്ങൾ, എഴുതിയ മെട്രിസ് ഫിലിപ്പ്. ഉഴവൂർ കോളേജിൽ നിന്നും B. Com ബിരുദം നേടി. MG യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ PG പഠനതിന് ശേഷം ഉഴവൂർ കോളേജിൽ, ലൈബ്രേറിയനായി ജോലി ചെയ്തു. തുടർന്ന്, വിവാഹത്തിന് ശേഷം, കഴിഞ്ഞ 19 വർഷമായി സിംഗപ്പൂരിൽ താമസിക്കുന്നു. വിവിധ മാധ്യമങ്ങളിൽ, ലേഖനങ്ങൾ സ്ഥിരമായി എഴുതുന്നുണ്ട്. സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ്, കേരള പ്രവാസി അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ മജു മെട്രിസ്. മക്കൾ, മീഖായേൽ, നഥാനിയേൽ, ഗബ്രിയേൽ..

[email protected]
+6597526403
Singapore

ശാലു വിപിൻ

ഇന്ന് മാതൃദിനം. ഒരു ആയുസിൻ്റെ വിലപ്പെട്ട സമയങ്ങളിൽ ഏറെയും തൻ്റെ മക്കളുടെ നല്ല ഭാവിക്കായി സമർപ്പിക്കുന്ന നമ്മുടെ അമ്മമാരുടെ ദിനം.

1908 ൽ അന്ന ജാർവിസ് എന്ന വനിത ആണ് ‘മദേഴ്സ് ഡേ’ എന്ന ആശയം മുന്നോട്ട് വച്ചത്. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ ദിനം വ്യത്യസ്തമായ രീതികളിൽ ആചരിക്കുന്നു. എന്നാൽ അടിസ്ഥാനപരമായി ഈ ദിനത്തിൻ്റെ ആവശ്യം, നമ്മുടെ അമ്മമാരെ ആദരിക്കാനും അവരോട് നന്ദി പ്രകാശിപ്പിക്കാനും ആണെന്ന് പറയാം.

‘അമ്മ’… ലോകത്തിലെ ഏറ്റവും മധുരവും സ്നേഹവും വാത്സല്യവും ഏറിയ വാക്ക്. ഈ ഭൂമിയിലെ ഏറ്റവും ശുദ്ധവും വിശാലവും ആയ സ്നേഹമാണ് ‘അമ്മ’. ഒരു കുഞ്ഞു ജീവൻ തൻ്റെ ഉള്ളിൽ വളരുന്നുണ്ടെന്നു തിരിച്ചറിയുന്ന നിമിഷം തന്നെ ഒരു സ്ത്രീ അമ്മയായി മാറും. ഏറെ ശ്രദ്ധയോടെ, ആ കുഞ്ഞു ജീവനെ പരിപാലിച്ചു തൻ്റെ ഗർഭപാത്രത്തിൽ അവൾ ചുമക്കും. മരണ വേദന എന്നറിഞ്ഞാലും ഉള്ളിൽ ഒത്തിരി ഭയങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റി വച്ച് അവൾ ആ കുഞ്ഞിന് ജന്മം നല്കും, മുലയൂട്ടി വളർത്തും. അങ്ങനെ അവൾ ഒരു പുതു തലമുറയെ വാർത്തെടുക്കും.

അതെ, പകരം വെക്കാൻ കഴിയാത്ത ഒരു ‘ജോബ് റോൾ’ തന്നെയാണ് അമ്മയുടേത്. ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അമ്മയുടെ ഉത്തരവാദിത്വങ്ങൾ തുടങ്ങുകയായി. സ്നേഹിച്ചു ലാളിച്ച് തെറ്റ് കണ്ടാൽ ശാസിച്ച് ആ കുഞ്ഞിനെ ഒരു നന്മയുടെ മനുഷ്യനായി വളർത്തിയെടുക്കുന്നതിൽ അമ്മയുടെ പങ്ക് ചെറുതല്ല.

അമ്മയുടെ കരുണയും പ്രാർത്ഥനകളും അതുല്യമായ അനുഗ്രഹങ്ങളും ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും നമ്മെ പിന്തുടരുന്നു. ‘വാട്ട് ഈസ് നെക്സ്റ്റ് ?’ എന്ന് ചിന്തിച്ചു പകച്ചു നിന്നു പോയ ജീവിതത്തിലെ പല അപ്രതീക്ഷിത നിമിഷങ്ങളിലും എനിക്ക് പ്രചോദനം നല്കുകയും ശരിയായ വഴിയിൽ മുൻപോട്ട് പോകാനുള്ള ധൈര്യവും ആത്മവിശ്വാസവും പകർന്നതും അമ്മയുടെ മുഖമാണ്. ആ സ്നേഹം, കാരുണ്യം, അതിശയകരമായ ദീർഘവീക്ഷണം ഇവ മൂന്നും എൻ്റെ ജീവിതത്തിൻ്റെ പ്രധാന ഭാഗം ആണ്.

അമ്മയെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും ഒന്നും ഒരു പ്രത്യേക ദിനം നമ്മൾ മക്കൾക്ക് ആവശ്യം ഇല്ലെന്നാകിലും ഈ ഒരു ദിവസം അവരെ ആദരിക്കാനായി നമുക്ക് ഉപയോഗിക്കാം. നമ്മുടെ അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഈ തിരക്കേറിയ ജീവിതത്തിലെ ഏതാനും കുറച്ച് സമയം നമുക്ക് മാറ്റി വയ്ക്കാം. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ.

ശാലു വിപിൻ : നോർത്തേൺ ലിങ്കൺഷയർ ആൻഡ് ഗൂൾ എൻ എച്ച്എസ് ട്രസ്റ്റിലെ നേഴ്സായി ജോലി ചെയ്യുന്നു. കുടുംബസമേതം സ്കൻതോർപ്പിൽ താമസിക്കുന്നു.

ഫാ. ഹാപ്പി ജേക്കബ്ബ്

പുരോഗമന വാദവും സോഷ്യലിസവും, സഹോദരത്വവും സമത്വവും കേൾക്കുവാനും ഉപദേശിപ്പാനും പഠിപ്പിപ്പാനും പറ്റിയ വിഷയങ്ങളാണ്. ഇതെല്ലാം കാലാകാലങ്ങളായി നാം കേട്ട് പരിചയിച്ചിട്ടുള്ളതുമാണ്. എന്നാൽ ഈ മേഖലകളിൽ ജീവിതപരിചയം ഉണ്ടോ എന്ന് ആരോടെങ്കിലും ചോദിച്ചാൽ പല ആചാര്യന്മാരുടെ പഠിപ്പിക്കലുകൾ അല്ലാതെ സ്വജീവിതത്തിൽ എടുത്തു കാണിക്കുവാൻ എന്താണ് ഉള്ളത്. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന അറിയാത്തവരും ചൊല്ലാത്തവരുമായി ആരാണ് ഉള്ളത്. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചത് പോലെ ഞങ്ങളുടെ കടങ്ങളേയും ക്ഷമിക്കണമേ എന്ന് പ്രാർത്ഥിക്കുവാൻ എങ്ങനെ കഴിയുന്നു എന്ന് വിചാരിച്ച് അധൈര്യപ്പെടേണ്ട. ധൈര്യത്തോടെ അർത്ഥമറിഞ്ഞ് പൂർണ്ണമായി സമർപ്പിച്ച് പ്രാർത്ഥിക്കണം. നമ്മെപ്പോലെ ദൈവ ആശ്രയത്തോടെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ, എന്നാൽ ആ കർത്തൃ മുഖത്തേക്ക് ഒന്ന് നോക്കുവാൻ കഴിയാതിരുന്ന ഒരു സ്ത്രീക്ക് എങ്ങനെ സൗഖ്യം ലഭിച്ചു എന്ന ചിന്ത ഇന്ന് ധ്യാനത്തോടെ ഓർക്കാം. വി. ലൂക്കോസ് 13 :10- 17

1 . അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിക്കുക

ഈ സ്ത്രീ ആരെന്നോ എവിടെനിന്നോ വന്നതോ എന്നല്ല പ്രസക്തി . അവൾ ദേവാലയത്തിന്റെ ഉള്ളിൽ ആയിരുന്നു. ശാരീരികമായും, സാമൂഹികപരമായും, ആത്മീക പരമായും ഒറ്റപ്പെട്ടു കഴിയേണ്ടി വന്നവൾ ലക്ഷ്യം സൗഖ്യം തന്നെ ആയിരിക്കണം. അതുവരെയും ഇന്നും ചിന്തിക്കുന്ന പോലെ പൈശാചികതയുടെ ശക്തിയിൽ കീഴ്പ്പെട്ട് ശിരസ്സ് കുനിഞ്ഞ് പോയ ഒരു വ്യക്തി തന്നെ ബാധിച്ചിരിക്കുന്ന ബന്ധനവും അടിമത്വവും പൊട്ടിച്ചെറിയുവാൻ പാട് പെട്ടിട്ടുണ്ടാവാം. കഴിയാതെ വന്നപ്പോൾ നിരാശപ്പെട്ടിട്ടുണ്ടാവാം. എന്നാൽ നമ്മെപ്പോലെ ഓടി ഒളിക്കുവാനോ സ്വന്തേഷ്ടമായി അന്യതപ്പെട്ടു പോകാനോ അവൾ ആഗ്രഹിച്ചില്ല. ഒന്ന് അപേക്ഷിക്കാനോ അവൾക്കു വേണ്ടി മാധ്യസ്ഥം പറയുവാനോ ആരെയും കണ്ടതുമില്ല. എന്നാൽ രക്ഷകൻ അവളെ കണ്ടിരിക്കുന്നു. നമ്മെ ബാധിച്ചിരിക്കുന്ന തെറ്റും പാപങ്ങളും മാത്രമല്ല നാം പാലിക്കുന്ന പല ജീവിതചര്യകളും നമ്മെ അടിമകളാക്കി വച്ചിരിക്കുകയാണ്. നോമ്പിന്റെ നാളുകളിൽ കുമ്പസാരിക്കണം എന്ന് പിതാക്കന്മാർ പഠിപ്പിക്കുന്നതും ഇത് കാരണമാണ്. അനുതാപത്തോടെ കടന്നുവരുന്ന ഓരോരുത്തർക്കും ബന്ധനങ്ങൾ അഴിച്ച്, കെട്ടുകൾ മാറ്റി, സ്വാതന്ത്ര്യത്തോടെ ദൈവ മുഖത്തേക്ക് നോക്കുവാനും പിതാവേ എന്ന് അഭിസംബോധന ചെയ്യുവാനും പുത്രത്വത്തിന്റെ ആത്മാവിനെ നമുക്കായി ഒരുക്കിയിരിക്കുന്നു. കത്തൃ സാമിപ്യത്തിൽ അവളെ വിളിച്ച് അവൾക്ക് സൗഖ്യം കൊടുക്കുന്നു. അവൾ നിവർന്ന് നിന്ന് ദൈവ മുഖം ദർശിച്ചത് പോലെ നമ്മെ അടിമപ്പെടുത്തിയ എല്ലാ തിന്മകളെയും കത്തൃ കൃപയാല്‍ പൊട്ടിച്ചെറിയണം.

2 . മാറ്റുരക്കപ്പെടാത്ത ദൈവസ്നേഹം .

പാപം നമ്മെ അന്ധകാരപ്പെടുത്തും. നാണവും ലജ്ജയും ഇന്ന് ആരാധനയ്ക്കും ദേവാലയത്തിലും പങ്കെടുക്കുവാൻ ആവശ്യപ്പെടുമ്പോഴാണ് . എന്നാൽ എന്ത് തിന്മ ചെയ്യുന്നതിനും, ഏത് അധമപ്രവർത്തനത്തിനും പങ്കാളി ആവുന്നതിനും ഒട്ടും ലജ്ജ ഇല്ലാത്ത കാലമാണല്ലോ ഇത്. കൊള്ളയും പിടിച്ച് പറിയും മാത്രമല്ല ഏതൊക്കെ കാര്യങ്ങളിൽ കഴിഞ്ഞ തലമുറ തലകുനിച്ചുവോ അതെല്ലാം നിർലോഭം ലജ്ജ കൂടാതെ മാനുഷിക ബലഹീനതയായും, സാഹചര്യ സമ്മർദ്ദമായും ഒക്കെ ചെയ്ത് അഭിമാനിക്കുന്നു. എന്നാൽ നോമ്പിന്റെ കാലത്ത് നമ്മുടെ ഒക്കെ ചിന്ത ഇതെല്ലാം വിട്ടൊഴിഞ്ഞ് പുതിയ സൃഷ്ടി ആകണം എന്നാണ്. ഒരു ദിവസം തീരുമാനം എടുക്കും തൊട്ടടുത്ത ദിവസം തന്നെ വ്യതിചലിക്കും. എന്നാൽ ഓർക്കുക; വിട്ടുമാറാത്തവൻ , ഏത് ഹീനാവസ്ഥയിലും തൊട്ടു സൗഖ്യമാക്കുന്നവൻ, മാറോട് ചേർക്കുന്നവൻ ഈ സ്ത്രീയേയും അനുഗ്രഹിച്ച് തൊട്ട് സൗഖ്യമാക്കുന്നു. ഇതിനപ്പുറം ഒരു സ്നേഹവും കരുതലും വേറെ എവിടെ കിട്ടും. ആ കൃപ പ്രാപിപ്പാനാണ് ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നത്. കരുണയും താഴ്മയും, ഓരോ ധർമ്മങ്ങളും ശീലിക്കുവാൻ പ്രായശ്ചിത്തത്തിലൂടെ നിർവഹിപ്പാൻ നോമ്പ് ആഹ്വാനം ചെയ്യുന്നു.

3 . ദൈവസ്നേഹത്തിന്റെ പ്രകീർത്തനം

അവൾ ക്ഷണത്തിൽ നിവർന്ന് നിന്ന് ദൈവത്തെ മഹത്വപ്പെടുത്തി എന്നത് ഏറ്റവും ശ്രദ്ധേയമായ ഒരു വാക്യമാണ്. സ്തുതിയും സ്തോത്രവും ആരാധനയും മഹത്വവും അർപ്പിപ്പാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരാണ് നാം ഓരോരുത്തരും. അതിരാവിലെ നാം കേൾക്കുന്ന കളകൂജനങ്ങളും കാറ്റിലാടുന്ന വർണ്ണ പുഷ്പങ്ങളും നമുക്ക് തരുന്ന പാഠവും ഇത് തന്നെയാണ്. എപ്പോഴൊക്കെ നമുക്ക് ദൈവകൃപയെ സ്തോത്രം ചെയ്യുവാൻ കഴിയാതെ ഇരിക്കുന്നുവോ അപ്പോഴൊക്കെ നാം ഓർക്കുക നാം ദൈവ സ്നേഹത്തിൽ നിന്ന് അകന്ന് പോയെന്ന്. ഒരു തിരിച്ച് വരവ് സാധ്യമല്ലേ. ലഭിച്ചിരിക്കുന്ന ആയുസ്സിന്റെ ഓരോ ദിനവും മഹത്വത്തോടെ ദൈവ മുൻപിൽ നമുക്ക് നിൽക്കാം. ബാധിച്ചിരിക്കുന്ന എല്ലാ ബന്ധനങ്ങളേയും വിട്ട് ദൈവ മുഖത്തേക്ക് നോക്കുവാനും സ്തോത്രമർപ്പിപ്പാനും നമ്മെ തന്നെ ദൈവ സന്നിധിയിൽ കാഴ്ച അർപ്പിപ്പാനും ഈ ചിന്ത ബലം നൽകട്ടെ.

സ്നേഹത്തോടും പ്രാർത്ഥനയോടും
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

സൂരജ് രാധാകൃഷ്ണൻ

മാതൃദിനത്തിനെതിരെ സംസാരിക്കുന്നവരെ ‘അമ്മയോട് സ്നേഹമില്ലാത്തവർ’ എന്ന് ചാപ്പകുത്തുന്നവർക്ക് മദറിങ്ങ് സൺഡേയെക്കുറിച്ചും, മാതൃദിനത്തിൻ്റെ ചരിത്രത്തെ പറ്റിയും, അന്ന ജാർവിസിനെ പറ്റിയും ഒട്ടും അറിവില്ലായിരിക്കണം. മാതൃദിനത്തിൽ കുറഞ്ഞത് ഒരു സോഷ്യൽ മീഡിയ പോസ്റ്റെങ്കിലും ഇട്ടില്ലെങ്കിൽ മോശമെന്ന് കരുതുന്ന നിഷ്കളങ്കത ചമയുന്നവർ വേറെയും. ഇങ്ങനെ മാതൃദിനം ഉറക്കെ ആഘോഷിക്കപ്പെടുമ്പോൾ തന്നെ, അമ്മയില്ലാത്തവർ, അത് ആരെന്നറിയാത്തവർ, അവരെ വെറുക്കുന്നവർ എന്നിങ്ങനെ പല തലങ്ങളിൽ ജീവിക്കുന്ന ജീവിതങ്ങളെ കുറിച്ച് വ്യാകുലപ്പെടാത്ത സമൂഹം കുറഞ്ഞത് മാതൃദിന ചരിത്രമെങ്കിലും അറിഞ്ഞിരിക്കണം.

മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് അമേരിക്കയിലും ഇന്ത്യയിലും അതുപോലെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നതെങ്കിൽ യുകെയിലും അയർലൻഡിലും അത് മാർച്ച് ഒന്ന് മുതൽ ഏപ്രിൽ നാല് വരെയുള്ള ഏതെങ്കിലും ഒരു ദിവസമാകാം. അമ്മമാരെ ആദരിക്കാൻ ഒരു ദിനം വേണമെന്ന് ആവശ്യപ്പെട്ട്, അങ്ങനെയൊന്ന് തുടങ്ങാൻ കാരണക്കാരിയായ അതേ വനിത പിന്നീട് ആ ദിനം നിർത്തലാക്കാൻ പോരാടിയതാണ് അമേരിക്കൻ മാതൃദിന ചരിത്രം. അതിന് മുന്നേ യുകെയിലെ മാതൃദിനം വന്ന വഴി അറിയാം.

പണ്ട് കാലത്ത് ജോലികൾ കൂടുതലും സമ്പന്നരുടെ വീട്ടിലും അവരുടെ സ്ഥലവും ചുറ്റിപറ്റിയായിരുന്നു. ഇവിടെ ഇംഗ്ലണ്ടിലും ധനിക പ്രഭുക്കളുടെ വീട്ടുജോലിയിലായിരുന്നു ഭൂരിഭാഗം പേരും. അവരുടെ താമസവും പ്രഭുക്കന്മാരുടെ വീട്ടിൽ തന്നെ. പതിനാറാം നൂറ്റാണ്ടിൽ അന്നത്തെ മത പുരോഹിതരുടെയൊക്കെ ഇടപെടൽ കാരണമായിരിക്കണം ഈ ജോലിക്കാർക്കൊക്കെ അവരുടെ ‘മദർ ചർച്ച്’ കളിലേക്ക് പോകാൻ ഒരു ദിവസം അനുവദിക്കപ്പെട്ടു. മാതൃ ഇടവക പള്ളിയിലേക്ക് പോകുമ്പോൾ ബന്ധുക്കളും ബാല്യകാല സുഹൃത്തുക്കളുമൊക്കെ ഒരുമിക്കുന്ന ഈ ദിവസം ജന മനസ്സുകളിൽ വലിയ ആഘോഷമായിരുന്നിരിക്കണം. ‘മദറിങ്ങ് സൺഡേ’ എന്നാണ് ഈ ദിവസത്തെ വിളിക്കുന്നത്. “മനുഷ്യാ, നീ മണ്ണാകുന്നു മണ്ണിലേക്കു തന്നെ മടങ്ങുകയും ചെയ്യും” എന്ന് ഓർമ്മപ്പെടുത്തുന്ന ‘വിഭൂതി ബുധൻ’ (Ash Wednesday) തുടങ്ങിയാൽ നാലാമത്തെ ഞായറാഴ്ചയാണ് മദറിങ്ങ് സൺഡേ ആയി അവധി കൊടുത്തിരുന്നത്. ഈസ്റ്ററുമായി ബന്ധപ്പെട്ട് കിടക്കുന്ന ദിവസമായത് കൊണ്ട് മദറിങ്ങ് സൺഡേയും ചന്ദ്ര വർഷം ആസ്പദമാക്കിയാണ്. അത് കൊണ്ട് തന്നെ ആ വർഷം ഏത് ദിവസമാണോ ഈസ്റ്റർ അതനുസരിച്ച് മദറിങ്ങ് സൺഡേ ദിവസവും മാറും. വലിയനോമ്പ് കാലമായത് കൊണ്ട് പ്രഭുക്കന്മാർക്ക് ഈ ഒരു ദിവസത്തെ അവധി കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കില്ല. പറഞ്ഞു വരുന്നത് അമ്മയുമായി ഒരു ബന്ധവും ഈ ദിവസത്തിനില്ല. മാത്രമല്ല, പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും വ്യവസായവൽക്കരണത്തിൻ്റെ ഭാഗമായി ജോലി ലഭ്യത കൂടിയതും നഗരവൽക്കരണത്തിൻ്റെയും മറ്റും പശ്ചാത്തലത്തിൽ ഈ ദിവസത്തിൻ്റെ പ്രത്യേകതയും ഇല്ലാതായി. പിന്നെ എങ്ങനെയാണ് ഈ ദിവസം വീണ്ടും ആഘോഷിക്കപെട്ട് തുടങ്ങിയത്. അത് മനസ്സിലാക്കാൻ അമേരിക്കൻ മാതൃദിന ചരിത്രം കൂടി പറയേണ്ടതുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിലെ കഥയാണ്. ആൻ റീവ്സ് ജാർവിസ് എന്ന സ്ത്രീക്ക് പതിമൂന്ന് മക്കളുണ്ടായി. ശൈശവ മരണനിരക്ക് വളരെ കൂടുതലായിരുന്ന അന്ന് ആനിൻ്റെ നാല് കുട്ടികൾക്ക് മാത്രമേ കൗമാരം കാണാൻ സാധിച്ചുള്ളൂ. മാതൃദിനം സൃഷ്ടിച്ച, പിന്നീട് അതിനെ തള്ളി പറഞ്ഞ ലോക പ്രശസ്തയായ അന്ന ജാർവിസ് ആയിരുന്നു ആ നാലുപേരിൽ ഒരാൾ .

തൻ്റെ ഒൻപത് കുട്ടികളുടെ മരണം ആനിനെ നന്നേ വിഷമിപ്പിച്ചു. അതേ സമയം, തന്നെ പോലുള്ള അമ്മമാരുടെ പ്രാധാന്യത്തെ പറ്റി ആൻ ചിന്തിച്ച് തുടങ്ങി. അങ്ങനെ അവർ അവിടെയുള്ള അമ്മമാരെയൊക്കെ ചേർത്ത് മദേഴ്സ് ഡേ വർക്ക് ക്ലബ്ബുകൾ സംഘടിപ്പിച്ചു. സമൂഹത്തിലെ അമ്മമാർക്ക് ശുചിത്വത്തിൻ്റെ പ്രധാന്യം പഠിപ്പിക്കുകയും ആരോഗ്യകരമായ ജീവിതത്തിൻ്റെ പ്രധാന്യം എന്നിങ്ങനെ ഒരു അമ്മയ്ക്ക് വേണ്ട എല്ലാ കാര്യങ്ങൾക്ക് വേണ്ടിയും ഈ ക്ലബ്ബുകൾ പ്രവർത്തിച്ചു. ആയിടെയാണ് അമേരിക്കൻ ആഭ്യന്തര യുദ്ധം തുടങ്ങുന്നത്. യുദ്ധത്തിൽ പരുക്ക് പറ്റിയ ആർക്കും മദേഴ്സ് ഡേ ക്ലബ് പക്ഷഭേദമന്യേ ശുശ്രൂഷ നൽകി. യുദ്ധം സമാപിച്ചപ്പോൾ യുദ്ധത്തിൻ്റെ മുറിവുണക്കാൻ ‘മദേഴ്സ് ഫ്രണ്ട്ഷിപ്പ് ഡേ’ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഈ സമയങ്ങളിൽ, ആൻ അമ്മമാരുടെ ത്യാഗങ്ങളെ ആദരിക്കാൻ ഒരു ദിനത്തിൻ്റെ ആവശ്യകതയെ പറ്റി സംസാരിക്കുമായിരുന്നു. അങ്ങനെയൊന്ന് യാഥാർഥ്യമാകുന്നതിന് മുന്നേ തന്നേ അവർ മരണപ്പെട്ടു. പക്ഷേ ആനിൻ്റെ മകൾ അന്ന ജാർവിസ് അമ്മമാർക്ക് വേണ്ടി ഒരു ദിവസം കൊണ്ട് വരുമെന്നു പ്രതിജ്ഞ എടുത്തു. അമേരിക്കൻ ഗവൺമെൻ്റുമായുള്ള നിരന്തര ഇടപെടലും കുറച്ച് വ്യാപാര സ്ഥാപനങ്ങളുടെ സഹായം കൊണ്ടും അന്നയുടെ ആവശ്യം അമേരിക്ക മൊത്തം അറിയുകയും അവസാനം 1914 ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ‘മദേഴ്സ് ഡേ’ ആയി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.

അന്നയുടെ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ മാതൃദിനത്തെ ഒരു വിൽപനച്ചരക്കായി മാത്രം കാണുന്നു എന്ന സത്യം അവർ മനസ്സിലാക്കി. അങ്ങനെ അവർ താൻ സൃഷ്ടിച്ച മാതൃദിനത്തിന് എതിരെ സ്വയം പോരാടാൻ തുടങ്ങി. “അച്ചടിച്ച ഗ്രീറ്റിങ് കാർഡ് എന്നത് നിങ്ങൾക്ക് വേണ്ടി ജീവിച്ച അമ്മയ്ക്ക് വേണ്ടി സ്വന്തം കൈപ്പടയിൽ എഴുതാൻ പോലും കഴിയത്താവണ്ണം നിങ്ങളെ മടിയരാക്കി” എന്നും ” അമ്മ എന്ന വികാരം മാറി മാതൃദിനത്തെ ലാഭത്തിൻ്റെ ദിനമാക്കി മാറ്റി” എന്നും തുടങ്ങി അന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും സമൂഹത്തിൻ്റെ അന്ധതയ്ക്കെതിരെയും നിരന്തരം ശബ്ദിച്ചു. തൻ്റെ ദുഖങ്ങൾക്ക് പരിഹാരമാകാതെ അന്ന ഈ ലോകത്തിൽ നിന്ന് യാത്രയായി. മാതൃദിനം ആഘോഷിക്കാൻ സമ്മതിച്ചത് തന്നെ ഗവൺമെൻ്റിനും കച്ചവടക്കാർക്കും വേണ്ടിയാണെന്നും ‘അമ്മ’ എന്നത് അവർക്കൊരു കച്ചവട വാക്ക് മാത്രമാണെന്നും മരണത്തിന് കുറേ മുന്നേ തന്നേ അന്ന മനസ്സിലാക്കിയിരുന്നിരിക്കണം.

അപ്പോഴേക്കും യുകെ യിൽ മദറിങ്ങ് സൺഡേ ഏതാണ്ട് മാഞ്ഞ് പോയിരുന്നു. ഒരു ഇംഗ്ലീഷ് യുവതി, പേര് കോൺസ്ടൻസ് പെൻസ്വിക്ക് സ്മിത്ത് . ഒരു വികാരിയുടെ മകളായിരുന്ന കോൺസ്ടൻസ് മതത്തെ ആഴത്തിൽ വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ ഒരു മതാധിഷ്ഠിത ദിവസം ആരാലും ഗൗനിക്കപ്പെടാതെ കടന്ന് പോകുന്നത് അവരെ വളരെ ആകുലപ്പെടുത്തി. അപ്പോഴാണ് അവർ അന്ന ജാർവിസിൻ്റെ മാതൃദിനം തുടങ്ങാനുള്ള പദ്ധതിയെ പറ്റി കേൾക്കുന്നത്. തൻ്റെ ആകുലതകൾ അകറ്റാനുള്ള ഊർജ്ജം കോൺസ്ടൻസ്സിന് അന്നയിൽ നിന്നും ലഭിച്ചിരിക്കണം. പിന്നീട് അവർ ആദ്യം ചെയ്തത് മദറിങ്ങ് സൺഡേ യെ കുറിച്ചുള്ള ചരിത്രവും അതിൽ മതത്തിനുള്ള പ്രാധാന്യവും ചേർത്ത് ഒരു ബുക്ക് എഴുതുകയാണ്. പിന്നീട് സ്കൂളുകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, ചർച്ച് ഓഫ് ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ചില ക്രിസ്ത്യൻ സ്ഥാപ്‌നങ്ങളിലൂടെയും മദറിങ്ങ് സൺഡേ യെ കുറിച്ച് പ്രചരണം നൽകി.

ആയിടെയാണ് ഒന്നാം ലോകമഹായുദ്ധം നടന്നത്. യുദ്ധാനന്തരം മതാഘോഷങ്ങളിൽ സന്തോഷം കണ്ടെത്തിയ ജനങ്ങൾ മദറിങ്ങ് സൺഡേയും വ്യാപകമായി ആഘോഷിച്ച് തുടങ്ങി. പക്ഷേ വൈകാതെ തന്നെ ഈ മതാഘോഷം വ്യാപാരികളുടെ കച്ചവട തന്ത്രങ്ങൾക്ക് വഴങ്ങി അമേരിക്കൻ മാതൃദിനം എന്ന പോലെ ആചരിക്കാൻ തുടങ്ങുകയായിരുന്നു. ഇന്ന് യുകെയിലും മദറിങ്ങ് സൺഡേ അമേരിക്കൻ രീതിയിൽ മാതൃദിനമായി ആഘോഷിക്കപ്പെടുന്നു . ഏതായാലും മദറിങ്ങ് സൺഡേ വ്യാപാരികളുടെ കയ്യിൽ അകപ്പെടും മുന്നേ കോൺസ്ടൻസ് ഇഹലോകവാസം വെടിഞ്ഞിരുന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ തീർച്ചയായും അന്ന ജാർവിസിനെ പോലെ കോൺസ്ടൻസും ഈ മാറ്റത്തിനെതിരെ പോരാടിയേനെ എന്ന് അനുമാനിക്കാം.

മദറിങ്ങ് സൺഡേയുടെയും മാതൃ ദിനത്തിൻ്റെയും ചരിത്രത്തിലൂടെ കണ്ണോടിച്ചപ്പോൾ മനസ്സിലാകുന്നത് ഈ ദിവസം ഒരു കച്ചവട തന്ത്രം മാത്രമാണെന്നാണ്. അത് മനസ്സിലാക്കി വേണം നമ്മൾ മാതൃദിനം ആചരിക്കാൻ.

സ്ത്രീയെ ബഹുമാനിക്കുന്നവർക്ക് മാത്രമേ അമ്മമാരെ പൂർണ്ണമായി ബഹുമാനിക്കാൻ സാധിക്കൂ. ഓർക്കുക, ഏതൊരു അമ്മയും ആദ്യം ഒരു സ്ത്രീയാണെന്നും അവർക്കും ഒരു ജീവിതമുണ്ടെന്നും. മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മയാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ, അതല്ലാ, അങ്ങനെ ഒരു അമ്മയാണ് നിങ്ങളെങ്കിൽ സ്വന്തം ജീവിതത്തിൽ ആനന്ദം കണ്ടെത്തേണ്ട സാഹചര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അമ്മയാകാത്തത് ഒരു സ്ത്രീക്ക് അപമാനമല്ല എന്നും മനസ്സിലാക്കുക. ഈ ദിനത്തിന് കാരണക്കാരായ അന്ന ജാർവിസും കോൺസ്ടൻസ് പെൻസ്വിക്ക് സ്മിത്തും, വിവാഹിതരുമല്ല,അമ്മമാരുമായില്ല. അവർക്ക് അവരുടേതായ ജീവിത ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.

മാതൃദിനത്തിൻ്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി, കച്ചവട തന്ത്രങ്ങൾക്ക് വഴങ്ങിയുള്ള പ്രഹസനങ്ങളും കാട്ടികൂട്ടലുകളും ഇല്ലാത്ത ദിനാഘോഷങ്ങളാകട്ടെ ഇനിമുതൽ. ഈ ഒരു ദിവസമെങ്കിലും ലോകം മൊത്തമുള്ള അമ്മമാർക്ക് ആത്മാർത്ഥമായ കൃതജ്ഞത രേഖപ്പെടുത്തുവാൻ വിനിയോഗിക്കുക. എല്ലാ ദിവസവും നിങ്ങളുടെ ഇഷ്ടങ്ങൾ നിറവേറ്റാൻ വെമ്പുന്ന അമ്മയ്ക്ക്, അവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ഈ ഒരു ദിവസമെങ്കിലും കരുതിക്കൂടെ? പണം കൊടുത്ത് വാങ്ങാൻ സാധിക്കാത്ത അമ്മമ്മാരുടെ സ്നേഹത്തിന് വിലയിട്ട വ്യാപാര സ്ഥാപനങ്ങളെ ഈ മാതൃദിനം മുതൽ അവഗണിക്കുക. അമ്മയോടുള്ള സ്നേഹത്തിനാകട്ടെ മുൻഗണന.

സൂരജ് രാധാകൃഷ്ണൻ : സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന സൂരജ് രാധാകൃഷ്ണൻ ഇംഗ്ലണ്ടിലെ വെയ്ക്ക് ഫീൽഡിലാണ് താമസിക്കുന്നത്.  തളിപ്പറമ്പിനടുത്ത് നടുവിൽ ആണ് കേരളത്തിൽ സൂരജ് രാധാകൃഷ്ണന്റെ സ്വദേശം.

RECENT POSTS
Copyright © . All rights reserved
➤