നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) മാസ്റ്റർ ട്രെയിനർ അറസ്റ്റിൽ. ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ജാഫർ ഭീമന്റവിടയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്. ഒളിവിലായിരുന്നു ജാഫറിനെ, കണ്ണൂരിലെ വീട്ടിൽനിന്നാണ് എൻഐഎ സംഘം പിടികൂടിയത്.
പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡുകൾക്ക് ആയുധപരിശീലനം നൽകിയിരുന്നത് ജാഫറാണെന്നാണ് എൻഐഎ കണ്ടെത്തൽ. എൻഐഎ സംഘവും കേരള പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജാഫർ പിടിയിലായത്. 2047നകം കേരളത്തിൽ ഇസ്‍ലാമിക ഭരണം കൊണ്ടുവരുന്നതിനായി വിവിധയിടങ്ങളിലും വിവിധ വ്യക്തികളെ കേന്ദ്രീകരിച്ചും ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ടെന്ന കേസിലാണ് ഭീമന്റവിട ജാഫറിനെ എൻഐഎ പിടികൂടിയത്. കേസിൽ അറസ്റ്റിലാകുന്ന 59–ാമത്തെ വ്യക്തിയാണ് ജാഫർ. ആകെ 60 പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
വിവിധ സമുദായങ്ങളിലെ അംഗങ്ങളെയും നേതാക്കളെയും വധിക്കാൻ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പിഎഫ്ഐ ഹിറ്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു പരിശീലനം നൽകി എന്നതിനു തെളിവുകൾ ലഭിച്ചതായി എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ഇനി ചെലവേറും. പണമയക്കുമ്പോള്‍ ഈടാക്കുന്ന ഫീസ് 15 ശതമാനം വർധിപ്പിക്കാൻ മണി എക്സ്ചേഞ്ചുകള്‍ക്ക് അനുമതി ലഭിച്ചു.
ഓരോ ഇടപാടിനും രണ്ടര ദിർഹം വരെ അഥവാ 56 രൂപവരെ പ്രവാസികള്‍ അധികം നല്‍കേണ്ടി വരും. മണി എക്സ്ചേഞ്ചുകളില്‍ നേരിട്ടെത്തി പണമയക്കുന്നവർക്കാണ് ഫീസ് വർധന ബാധകമാവുക. എന്നാല്‍, ഇവരുടെ മൊബൈല്‍ ആപ്പ് വഴി പണമയക്കുന്നവരുടെ ഫീസ് വർധിപ്പിക്കേണ്ടതില്ല എന്നാണ് തീരുമാനം. യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് ഹൗസുകളെ പ്രതിനിധീകരിക്കുന്ന ഫോറിൻ എക്‌സ്‌ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് അഥവാ ഫെർജ് ആണ് ഇക്കാര്യം അറിയിച്ചത്.
പതിനഞ്ച് ശതമാനം ഫീസ് വർധിപ്പിക്കുമ്പോള്‍ 1000 ദിർഹമിന് മുകളില്‍ അയക്കാൻ നിലവില്‍ ഈടാക്കുന്ന 23 ദിർഹം 25.5 ദിർഹമായി ഉയരും. ആയിരം ദിർഹത്തിന് താഴെ പണമയക്കുന്നവർക്കുള്ള ഫീസ് 17.5 ദിർഹമില്‍ നിന്ന് 20 ദിർഹമായും വർധിപ്പിക്കും. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് പണമയക്കാനുള്ള ഫീസില്‍ വർധനയുണ്ടാവുന്നതെന്ന് എക്സ്ഞ്ചേ അധികൃതർ പറഞ്ഞു.
ഓണ്‍ലൈൻ വിനിമയം പ്രോല്‍സാപ്പിക്കാനാണ് എക്സ്ചേഞ്ചുകളുടെ ആപ്പില്‍ നിന്ന് പണമയക്കാൻ ഇളവ് നല്‍കുന്നത്. പണമയക്കാൻ മണി എക്സ്ചേഞ്ച് ശാഖകളെ ആശ്രയിക്കുന്ന സാധാരണക്കാരായ തൊഴിലാളികളെ ഫിസ് വർധന ബാധിക്കുക. ഇന്ത്യൻ രൂപയില്‍ കണക്കാക്കുമ്പോള്‍ 56 രൂപയോളം പണമയക്കാൻ അധികം നല്‍കണം. അഥവാ 575 രൂപയോളം ഫീസിനത്തില്‍ പ്രവാസികളില്‍ നിന്ന് ഈടാക്കും.
ചന്ദ്രനഗറിൽ സീഡ് ഫാം ക്വാട്ടേഴ്സിൽ വീട് കുത്തിത്തുറന്ന് നാലുപവൻ സ്വർണവും 6,000 രൂപയും കവർന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി 35 വർഷത്തിനുശേഷം പിടിയിൽ. എടപ്പള്ളി കണ്ടങ്ങാകുളം സ്വദേശിയായ നസീറിനെയാണ് (55) എറണാകുളത്തുനിന്ന് കസബ പോലീസ് അറസ്റ്റുചെയ്തത്. 1989-ലാണ് മോഷണം നടന്നത്.
കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിലധികം ഭവനഭേദനക്കേസിലെ പ്രതിയാണ് നസീറെന്ന് പോലീസ് പറഞ്ഞു. ആളില്ലാത്ത വീടുകൾ നോക്കിവെച്ച് രാത്രിയിലും പകൽസമയത്തും മോഷണം നടത്തിയിട്ടുണ്ട്.
പാലക്കാട് കസബ പോലീസ് പഴയ കേസുകളിൽ പിടികിട്ടാപുള്ളികളെ പിടികൂടുന്നതിനായി പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നു. അതിനോടനുബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് നസീർ പിടിയിലായത്.
പാലക്കാട് കസബ സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്, സീനിയർ പോലീസ് ഓഫീസർമാരായ ആർ. രാജീദ്. എസ്. ജയപ്രകാശ്, സെന്തിൾകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട്ടെ പടക്കപ്പുരയിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
പടക്കപ്പുരയിൽ രാവിലെ 10.30ഓടെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്നും ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
സമീപത്തെ വീടുകളടക്കം നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. ചില്ലുകളും വാതിലുകളും ജനലുകളും തകർന്നു. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. അരകിലോമീറ്റർ അകലെ വരെ കെട്ടിടാവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു. രണ്ടു കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ ആഘാതമുണ്ടായെന്ന് പ്രദേശവാസികൾ പറഞ്ഞു. തൃപ്പൂണിത്തുറ – വൈക്കം റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.
പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. അനുമതിയില്ലാതെയാണ് പടക്കപ്പുര പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ജില്ല കലക്ടർ, ഹൈബി ഈഡൻ അടക്കമുള്ളവർ സ്ഥലത്തെത്തി
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും. തിങ്കളാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 2024-ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായിരുന്നു.
2019-ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴികാടന്‍ ജയിച്ചത്. അന്ന് ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍.വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ തോല്‍പിച്ചത്.
സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരേയൊരു പേര് മാത്രമേ ഉയര്‍ന്നിരുന്നുള്ളൂവെന്ന് യോഗശേഷം ജോസ് കെ.മാണി പറഞ്ഞു.
1991 മുതല്‍ 2011 വരെ നാലു തവണ ഏറ്റുമാനൂരില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട് തോമസ് ചാഴികാടന്‍. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്ക് ശേഷം 2011-ല്‍ സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. 2016-ലെ തിരഞ്ഞെടുപ്പിലും കുറുപ്പിനോട് വീണ്ടും തോല്‍വി ഏറ്റുവാങ്ങിയ അദ്ദേഹം പിന്നീട് 2019-ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്.
1991-ലെ തിരഞ്ഞെടുപ്പിലൂടെ അപ്രതീക്ഷിതമായിട്ടാണ് തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരന്‍ ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ് തോമസ് ചാഴികാടന്‍ രാഷ്ട്രീയരംഗത്തേക്കെത്തിയത്.
സീറോ മലബാർ സാലിസ്ബറി ചർച്ചിന്റെ വാർഷികധ്യാനം ശനി ,ഞായർ എന്നീ ദിവസവങ്ങളിൽ ബിഷപ്‌ഡൗണിലുള്ള ഹോളീ റെഡീമെർ ചർച്ചിൽ നടത്തപ്പെട്ടു.ശനിയാഴ്ച്ച വിശുദ്ധ കുർബാനയോടെ ആരംഭിച്ചു ധ്യാനം നയിച്ചത് സിസ്റ്റർ ആൻ മരിയ SH ആണ്.
ഞായറാഴ്ച്ച രാവിലെ ആരംഭിച്ച ധ്യാനം ആരാധനയോടും വിശുദ്ധ കുർബാനയോടും കൂടി അവസാനിച്ചു.കുട്ടികൾ ഉൾപ്പെടെ ഒട്ടനവധിപ്പേർ വലിയ നോമ്പിന് മുന്നോടിയായി നടന്ന ഈ വാർഷികധ്യാനത്തിൽ സംബന്ധിച്ചു.ഈ വലിയ നോമ്പുകാലത്ത് പ്രത്യേകിച്ച് കുട്ടികളെ ദൈവഭയത്തിലും കുടുംബ പ്രാർഥനകളിൽ കൂടുതൽ ഉത്സാഹമുള്ളവരാക്കി വളർത്താൻ സിസ്റ്റർ ആൻ മരിയയും ഫാദർ തോമസ് പാറേക്കണ്ടത്തിലും പ്രത്യേകം ഓർമ്മപ്പെടുത്തി.
ധ്യാനത്തിലും അതിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിലും രാജേഷ് ടോം,പ്രിൻസ് മാത്യു,ജ്യോതി മെൽബിൻ എന്നിവരുടെ ഗാനാലാപനം ധ്യാനത്തെയും വിശുദ്ധ കുർബാനയെയും കൂടുതൽ ഭക്‌തിസാന്ദ്രമാക്കി.ഈ ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച പള്ളി കമ്മറ്റി അംഗങ്ങൾക്ക് ഫാദർ തോമസ് പാറേക്കണ്ടത്തിൽ പ്രത്യേകം നന്ദി പറഞ്ഞു.
യുകെയിലെ മാഞ്ചസ്റ്റർ കേന്ദ്രീകരിച്ച് കഴിഞ്ഞ പത്തൊൻപത് വർഷമായി കർമ്മനിരതമായി പ്രവർത്തിച്ച് വരുന്ന ട്രാഫോർഡ് മലയാളി അസോസിയേഷൻ (TMA) 2024 പ്രവർത്തനവർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു.
ജോർജ് തോമസ്(പ്രസിഡൻറ്),സ്റ്റാൻലി ജോൺ(സെക്രട്ടറി),ആദർശ് സോമൻ(ട്രഷറർ),ഗ്രെയിസൺ കുര്യാക്കോസ് (വൈസ് പ്രസിഡൻറ്),ബിബിൻ ബേബി(ജോയിൻറ് സെക്രട്ടറി) എന്നി പദവികളിലേക്കും ഡാലിയ ഡോണി,റ്റൈബി കുര്യാക്കോസ്,റോഷ്ണി സജിൻ,സരിക ശ്രീകാന്ത് എന്നിവരെ പ്രാഗ്രാം കോർഡിനേറ്റേഴ്സ് ആയിട്ടും ക്രിസ് കുര്യാക്കോസ്,അലിന സ്റ്റാൻലി എന്നിവരെ യൂത്ത് കോർഡിനേറ്റേഴ്സ് ആയിട്ടുമാണ് തെരെഞ്ഞടുത്തത്.
കഴിഞ്ഞ പത്തൊൻപത് വർഷങ്ങളിലായി യുകെയിൽ പ്രവർത്തിക്കുന്ന മികച്ച സംഘടനകൾക്കായി ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ നേടിയെടുത്തിട്ടുള്ള TMA ഈ വർഷവും അംഗങ്ങൾക്കായി കലാ സാംസ്കാരിക മേഖലകളിൽ നിരവധി നൂതന പരിപാടികൾ ആസൂത്രണം ചെയ്തതായി പ്രസിഡൻറ് ജോർജ് തോമസ് അറിയിച്ചു.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ വാർത്തകൾ കൃത്യമായി മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു വരുന്നതിനു ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞങ്ങളുടെ പുതിയ ഷോർട്ട് ഫിലിമിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും യുകെ ടെൽഫോഡിൽ വെച്ച് നടന്നു, വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയാണ് ഡെസ്പരാഡോസ് ഫിലിം കമ്പനി. യുട്യൂബിൽ വൻവിജയമായി മാറിയ ‘ദി നൈറ്റ്’ ന് ശേഷം ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ഷോർട്ട് ഫിലിം ‘യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ ന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും യുകെയിലെ ടെൽഫോഡിൽ വെച്ച് നടന്നു.
ജിഷ്ണു വെട്ടിയാർ കഥയും തിരക്കഥയും തയ്യാറാക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ.
എഡിറ്റിങ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, വസ്ത്രാലങ്കാരം ചിപ്പി മോഹൻ, ആർട്ട് മാത്തുക്കുട്ടി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് , ഷൈൻ അഗസ്റ്റിൻ, അനുരാജ് പെരുമ്പിള്ളി.
സഹനിർമ്മാതാവ് രമ്യ രഞ്ജിത്ത് ആദ്യ ഷോട്ടിന് ക്ലാപ്പ് നൽകി. ക്യാമറ സ്വിച്ച് ഓൺ നിർവഹിച്ചത് ശ്രീജ കണ്ണൻ.
ഹാസ്യത്തിന് പ്രാധാന്യം നൽകി പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ ടോം ജോസഫ്, ജിഷ്ണു വെട്ടിയാർ, ഡിസ്‌ന പോൾ, ശിൽപ ജിഷ്ണു, ജോർജ് ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. വരുന്ന വിഷുവിന് ചിത്രം യുട്യൂബിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കൊച്ചിയിലെ ബാർ ഹോട്ടലില്‍ വെടിവയ്പ്പ്. രണ്ടു പേർക്ക് പരിക്കേറ്റു. ബാർ ജീവനക്കാരായ സിജിൻ, അഖില്‍ എന്നിവർക്കാണ് പരുക്കേറ്റത്.സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് പരിക്ക്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിലവില്‍ ഇരുവരും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കത്രിക്കടവ് എടശ്ശേരി ബാറില്‍ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മദ്യപിക്കാനെത്തിയവരും ബാർ ജീവനക്കാരും തമ്മില്‍ സംഘർഷമുണ്ടാകുകയായിരുന്നു.മദ്യം നല്‍കുന്നത് സംബന്ധിച്ച തർക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.
നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. എയർ പിസ്റ്റല്‍ ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തിയത്. ബാർ മാനേജരെ ആദ്യം മർദ്ദിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വെടിവയ്പ്പിലേക്ക് എത്തിയത്. ആക്രമണത്തിന് പിന്നാലെ പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞതായാണ് വിവരം. സംഭവത്തില്‍ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
വയനാട്ടില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്ന് തുടരുമെന്ന് വനംവകുപ്പ്. ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയുടെ സിഗ്നല്‍ ലഭിക്കുന്നതനുസരിച്ച് രാവിലെ തന്നെ ദൗത്യം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയതോടെ ഞായറാഴ്ച ദൗത്യം താത്കാലികമായി നിര്‍ത്തിയതിനെതിരെയുള്ള പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചു.
വനംവകുപ്പിന്റെ 13 ടീമും പോലീസിന്റെ അഞ്ച് ടീമുമാണ് പട്രോളിങ് നടത്തുന്നത്. ഒരു സംഘം ആനയെ നിരീക്ഷിക്കും. പ്രദേശത്ത് മൂടല്‍മഞ്ഞുള്ള കാലാവസ്ഥായാണെന്ന് ചൂണ്ടിക്കാട്ടിയ സി.സി.എഫ്. കെ.എസ്. ദീപ രാവിലെ അഞ്ചരയോടെ ദൗത്യം പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. നഗരസഭയിലെ കുറുക്കന്‍ മൂല (12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലാണ് അവധി.